Saturday, December 7, 2013

സമുദായത്തിനും വേണ്ടേ സ്വന്തം പഴഞ്ചൊല്ലുകള്‍ ?

സ്വസമുദായത്തോടുള്ള സ്നേഹം മുഴുത്ത് നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ മറ്റു സമുദായക്കാര്‍ ചൊല്ലുന്ന പഴഞ്ചൊല്ലുകള്‍ക്ക് പകരമായി സമുദായ പഴഞ്ചൊല്ലുകള്‍ വേണമെന്ന് കാലങ്ങളായി പല സമുദായ സ്നേഹികളും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തി പുതിയ ചില സമുദായ പഴഞ്ചൊല്ലുകള്‍ വിപണിയിലെത്തിക്കുന്നു!ആവശ്യം വരുമ്പോഴൊക്കെ ഈ പഴഞ്ചൊല്ലുകള്‍ മാത്രം പറഞ്ഞ് സമുദായ സ്നേഹം ഊട്ടിയുറപ്പിക്കൂ!!!

കാട്ട് കോഴിക്കെന്ത് സംക്രാന്തി?
ചാത്തപ്പനെന്ത് മഹ്ഷറ!

അമ്പലത്തേക്കാല്‍ വലിയ പ്രതിഷ്ഠ!
പടച്ചോനേക്കാള്‍ ബല്യ പടപ്പുകള്‍

മിന്നുന്നതെല്ലാം പൊന്നല്ല
തലേക്കെട്ടുള്ളവരെല്ലാം മുസ്ലിയാരല്ല!

വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും, ഇല്ലെങ്കില്‍ കൊമ്പത്തും കായ്ക്കില്ല
വേണമെങ്കില്‍ ബാപ്പ സുബഹിക്കും പള്ളിക്ക് പോകും,ഇല്ലെങ്കില്‍ ജുമുഅക്കും പോകില്ല!

ഇല്ലത്തിന്ന് പോരുകേം ചെയ്തു കൊല്ലത്ത് എത്തിയതുമില്ല!
സുന്നിയില്‍ നിന്ന് പോരുകേം ചെയ്തു മുജാഹിദിലാട്ടാ എത്തിയിട്ടുമില്ല!

കാക്ക കുളിച്ചാല്‍ കൊക്കാകുമോ?
മുക്രിക്ക കുളിച്ചാല്‍ ‘ഖത്തീബാവുമോ?

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി!
പള്ളി ഏതായാലും ‘ചിലവു’ നന്നായാല്‍ മതി.

അണ്ണാന്‍ മൂത്താലും മരം കേറ്റം മറക്കുമോ?
മുസ്ല്യാര് മൂത്താലും കൈമടക്ക് മറക്കുമോ?

ഉപ്പോളം വരുമോ ഉപ്പിലിട്ടത്?
പള്ളിയോളം വരുമോ പള്ളിക്കമ്മറ്റി!


അരിയെറിഞ്ഞാല്‍ ആയിരം കാക്ക!
ബിരിയാണി വിളമ്പിയാല്‍ ആയിരം കാക്കാര്‍ 


ആന ചത്താലും ജീവിച്ചാലും പന്തീരായിരം!
മൊല്ലാക്ക മന്ത്രിച്ചൂത്യാലും വെള്ളം ഊത്യാലും പന്തീരായിരം!




ജാത്സ്യാലുള്ളത് തൂത്താല്‍ പോകുമോ?

തലേലെഴുതീത് മൊല്ലാക്ക മന്ത്രിച്ചൂത്യാ മാറുമോ?



കക്ഷത്തിലുള്ളത് വീഴാനും പാടില്ല ഉത്തരത്തിലുള്ളത് എടുക്കേം വേണം

സുന്നിയില്‍ നിന്നും മാറാനും വയ്യ മുജാഹിദിന്റെ കൂടെ നടക്കേം വേണം


എല്ലിന്‍ തുണ്ടം പോയാലെന്താ പട്ടീടെ സ്വഭാവം മനസ്സിലായല്ലൊ

ബാപ്പ നാല് കെട്ടിയാലെന്താ, നാട്ടാരുടെ സ്വഭാവം മനസ്സിലായല്ലൊ!


ചത്ത കുട്ടീടെ ജാതം നോക്കീട്ട് കാര്യല്ല!

മയ്യത്തായ പോത്തിനെ മൊല്ലാക്ക അറുത്തിട്ടും കാര്യല്ല.




തല്‍ക്കാലം ഇവിടെ നിര്‍ത്തുന്നു.ഇനിയൊരവസരത്തില്‍ തുടരും....
 


Copyright http://www.vazhakkodan.com