Monday, August 24, 2009

ഓണം പ്രമാണിച്ച് വമ്പിച്ച വിലക്കുറവ് : ബ്ലോഗ് ചന്ത

ബ്ലോഗില്‍ അനുദിനം വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ പുതിയ ബ്ലോഗ് ചന്തയിലെ വിലവിവര പട്ടിക ഇപ്രകാരമായി സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നു. ആയതിനാല്‍ കരിഞ്ചന്തക്കാരുടേയും പൂഴ്ത്തി വെപ്പുകാരുടേയും ചതിയില്‍ പെട്ടുപോകാതെ എല്ലാവരും ബ്ലൊഗ് ചന്തയില്‍ നിന്ന് തന്നെ അവശ്യസാധനങ്ങള്‍ വാങ്ങേണ്ടതാണ് എന്ന് ഇതിനാല്‍ എല്ലാ ബ്ലോഗര്‍മാരേയും അറിയിച്ച് കൊള്ളുന്നു.ഈ ഓണത്തിന് എല്ലാവരും ബ്ലോഗച്ചന്തയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങൂ, ഈ ഓണം ഞങ്ങളോടൊപ്പം ആഘോഷിക്കൂ...

സര്‍ക്കാര്‍ അംഗീകരിച്ച ബ്ലോഗ് ചന്ത വിലവിവര പട്ടിക.
സ്മൈലി :) ----------------- 5 രൂപ
കൊള്ളാം ------------------ 10 രൂപ
കിടിലന്‍ ------------------- 12 രൂപ(രണ്ട്കിടിലന്‍വാങ്ങുമ്പോള്‍ ഒരുകിടുസൌജന്യം)
നന്നായിട്ടുണ്ട് --------------- 15 രൂപ
തകര്‍ത്തു ------------------- 16 രൂപ
ഇനിയും എഴുതൂ -------------- 20 രൂപ
കൂടെയുണ്ടേ-------------------12രൂപ

ബാക്കി
പോരട്ടെ! ------------ 21.50രൂപ
അതിമനോഹരം ------------- 25 രൂപ
അതിരസകരം
--------------- 27 രൂപ
കലക്കി മോനേ -------------- 30 രൂപ
നല്ല
ചിത്രം ------------------ 25 രൂപ
പടം കൊള്ളാം --------------- 25.50
കിടിലന്‍ പടം --------------- 27 രൂപ
----------------- ‘ഒന്നിന് 2 രൂപ('ഹി' സ്റ്റോക്ക്‌ തീര്‍ന്നു)
ചിരിപ്പിച്ചു
------------------- 30 രൂപ
നമിച്ചിരിക്കുന്നു
-------------- 50 രൂപ
നൊമ്പരപ്പെടുത്തി
------------ 35 രൂപ
ആശംസകള്‍ -----------------18 രൂപ

ഓണം സ്പെഷല്‍ ഓഫറുകള്‍:-

‘ഫോളോവര്‍ ഒന്നിന് 150 രൂപമാത്രം!
അഞ്ചു
‘ഫോളോവേര്‍സിനെ‘ ഒന്നിച്ച് വാങ്ങുമ്പോള്‍ നൂറ് ‘ഫോളോവേര്‍സ്’ തികയുമ്പോള്‍ കത്തിക്കാനുള്ള മെഴുകുതിരിയും, പായസ കിറ്റും തികച്ചും സൌജന്യം.

പുതിയ പോസ്റ്റിന്റെ ലിങ്ക് മെയില്‍ അയക്കാന്‍, മെയിലൊന്നിന് 10 രൂപ മാത്രം!!

നൂറ് മെയില്‍ ഒന്നിച്ചയക്കുമ്പോള്‍ ഒരു “ഫോട്ടോ പോസ്റ്റ്”ലിങ്ക് തികച്ചും സൌജന്യമായി മെയിലില്‍ അറിയിപ്പ് നല്‍കുന്നു.

“ഓണം കമന്റ് കിറ്റ്”
1000 രൂപയടച്ച് ഒരു കമന്റ് കിറ്റ് സ്വന്തമാക്കുമ്പോള്‍ വര്‍ഷം മുഴുവനും ഇഷ്ടമുള്ള പോസ്റ്റുകളില്‍ ഒരു വര്‍ഷത്തേക്ക് കമന്റുകള്‍ സൌജന്യമായി ഇടുന്നു. കിറ്റിന്റെ കൂടെ “പുകഴ്ത്തല്‍ കമന്റ് പായ്ക്കും, ഇകഴ്ത്തല്‍ കമന്റ് പായ്ക്കും തികച്ചും ബോണസായി ലഭിക്കുന്നു.


ഈ ഓണം ബ്ലോഗ് ചന്തയോടൊപ്പം ആഘോഷിക്കൂ......
********************************************************

“അധോബ്ലോഗം“ ചന്തയില്‍ നിന്നുമുള്ള ഏറ്റവും പുതിയ ഓണം ഓഫറുകള്‍!

അനോണി കമന്റ് ഇടാന്‍ ---------------------15 രൂപ
അണോണി തെറി വിളി ----------------------50 രൂപ

ബ്ലോഗ് പൂട്ടിക്കാന്‍ ---------------------------250 രൂപ

അപര ബ്ലോഗ് നിര്‍മ്മിക്കാന്‍------------------500 രൂപ

വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കാന്‍---------------100 രൂപ

ഒരേ പോസ്റ്റില്‍ പല പേരില്‍ കമന്റ് ഇടാന്‍-----100 രൂപകമന്റ് ഒന്നിന്.

വധ ഭീഷണി കമന്റ്/ ഇ മെയില്‍---------------250 രൂപ

വിവാദ പോസ്റ്റ് ഇടാന്‍ ------------------------100 രൂപ

വിവാദ കമന്റ് ഇടാന്‍--------------------------25 രൂപ
ഗ്രൂപ്പ് ബ്ലോഗ് തകര്‍ക്കാന്‍ ---------------------500 രൂപ

‘ഫോളോവറെ’ പിന്തിരിപ്പിക്കാന്‍ --------------200 രൂപ


ഈ ഓഫറുകള്‍ ഓണക്കാലത്തേയ്ക്കു മാത്രം. പരിമിതമായ സ്റ്റോക്ക് മാത്രം!
ഈ ഓണം അധോബ്ലോഗത്തോടൊപ്പം ആഘോഷിക്കുക!!


ആവശ്യമുണ്ട്:
അധോബ്ലോഗത്തിന്റെ തിരുവനന്തപുരം വ്യാപര കേന്ദ്രത്തിലേക്ക് പരിചയ സമ്പന്നനായ സെയിത്സ്മാനെ/സെയിത്സ് ഗേളിനെ ആവശ്യമുണ്ട്. താഴെ കാണുന്ന യോഗ്യതകള്‍ ഉള്ളവര്‍ എത്രയും വേഗം ബയോഡാറ്റ സഹിതം നേരില്‍ ബന്ധപ്പെടുക.

തസ്തിക: സെയിത്സ് മാന്‍/ഗേള്‍
വയസ്സു : ആവശ്യത്തിന്.
വിദ്യഭ്യാസ യോഗ്യത : മൂന്നാം തരം പാസ്
ശമ്പള സ്കെയില്‍: ആളെ കണ്ടതിന് ശേഷം സ്കെയില്‍ വെച്ച് അളന്ന് തിട്ടപ്പെടുത്തും.
പ്രവര്‍ത്തി പരിചയം:
1. ഒരു അനോണി ബ്ലോഗില്‍ ചുരുങ്ങിയതു ഒരു വര്‍ഷത്തെ പോസ്റ്റ് ചെയ്ത പരിചയം.
2. പത്തില്‍ കുറയാത്ത കമന്റ് തെറികളിലുള്ള പരിജ്ഞാനം
3. ഇതിനു മുന്‍പ് നടത്തിയ തെറി കമന്റ്, എതെങ്കിലും ബ്ലോഗര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കേറ്റ്.
4. ഏതെങ്കിലും ബ്ലോഗ് പൂട്ടിച്ചവര്‍ക്ക് മുന്‍ ഗണന ലഭിക്കാന്‍, പൂട്ടിച്ച ബ്ലോഗിന്റെ പ്രൊഫൈല്‍ കോപ്പി അറ്റസ്റ്റ് ചെയ്തത് അപേക്ഷയോടൊപ്പം വെയ്ക്കുക.
5. വിവാദ പോസ്റ്റുകള്‍ സ്ഥിരമായി ഇടുന്ന ചുരുങ്ങിയ പക്ഷം നാലു ബ്ലോഗര്‍മാരെയെങ്കിലും ഇന്റര്‍വ്യൂ ചെയ്തതിന്റെ ബൂലോക പത്ര കട്ടിങ്സ് അപേക്ഷയോടൊപ്പം അറ്റാച്ച് ചെയ്യുക.

മുകളില്‍ പറഞ്ഞ യോഗ്യത ഉള്ളവര്‍ എത്രയും വേഗം അധോബ്ലോഗം ഒഫീസുമായി ബന്ധപ്പെടുക.
അഡ്രസ്:
പ്രസിഡന്റ്,
അധോബ്ലോഗം,
തിരുവനന്തപുരം വടക്ക്.
ഫോണ്‍: 9989547100

Saturday, August 22, 2009

താരത്തിനൊപ്പം : അയ്യപ്പ ബൈജു ഓണത്തല്ലും തേടി......


താരത്തിനൊപ്പം എന്ന ഈ പംക്തിയില്‍ ഇന്ന് ഞാന്‍ പിന്തുടരുന്നത് ഏവര്‍ക്കും പ്രിയങ്കരനായ ശ്രീ അയ്യപ്പ ബൈജു എന്ന കഥാപാത്രത്തെത്തന്നെയാണ്. ഇതില്‍ "ഠോ" എന്ന ശബ്ദം ബൈജുവിന് കിട്ടുന്ന അടിയായും, ഇനിയെങ്ങാനും "ട്ടേ" എന്ന പ്രയോഗം കണ്ടാല്‍ ബൈജു അടിക്കുന്നതായും കണക്കാക്കുമല്ലോ .

രാവിലെത്തന്നെ അടിച്ച് ഫിറ്റായി ഒരു പാട്ടും പാടി കവലയിലേക്ക് വരുന്നതില്‍നിന്നും ഈ എപ്പിസോഡ്‌ ആരംഭിക്കുന്നു.

" മാവേലി നാടു നീങ്ങീടും കാലം..
മാനുഷരെല്ലാരും പാമ്പ്‌ പോലെ..
ആമോദത്തോടെ കുടിക്കുന്നോര്‍ക്കെല്ലാം
ഓസിയാ
ല്ലാതെ മറ്റൊന്നും വേണ്ടാ.....സത്യം.."

"എടാ ബൈജുവേ ഓണമൊക്കെ ഇങ്ങെത്തിയില്ലേ ഇങ്ങനെയൊക്കെ നടന്നാ മതിയാ? നല്ല
ഓണത്തല്ലോക്കെ വാങ്ങണ്ടേ?

ബൈജു: ഇങ്ങനെ നടന്നില്ലെങ്കില്‍ നിന്റെ അപ്പന്‍ വീട്ടില്‍ വന്ന് ഓണത്തല്ല് തല്ല്വോ?

"ഠോ""ഠോ""ഠോ"

ബൈജു :ഹൂ.. ഉല്കാടണം എരമ്പി.... കൊച്ചു പയ്യനാ.... ബോ
സടക്കം തന്നു..താങ്ക്സ്..


"എന്താടാ ഇനീം വേണോ?"


ബൈജു: നോ താങ്ക്സ് , ഇനി അലവന്‍സോന്നും വേണ്ടാ...നീ വീട്ടിപ്പോടാ.. ഇല്ലെങ്കില്‍ ഞാന്‍ ഇനീം വാങ്ങിക്കും..
ഓണമായതോണ്ട് ബൈജു ക്ഷമിച്ചിരിക്കുന്നു ....ബ്ലാടി ഫൂള്‍ ഒരു ഡിസ്കൌണ്ടും ഇല്ലാത്ത അടി...
ഇതു കണ്ടു നിന്ന ഒരാള്‍ ബൈ
ജുവിനോട്,

"എടാ ബൈജു, വെറുതെ തല്ലു കൊള്ളാതെ
വീട്ടിപ്പോടാ, നീയിന്നു നല്ല ഫിറ്റാ പോയി നാളെ വാ"

ബൈജു: ഹൊ വല്യ പുള്ളിയ... മാന്യന്‍, ബൈജു ഫിറ്റ്‌! പ്ലീസ്‌ നോട്ട് ദി പോയന്റ്, ഞാന്‍ വീട്ടീ പോയാ ഇന്ന്‌ കിട്ടാനുള്ള തല്ലൊക്കെ നിന്റെ അപ്പന്‍ വന്ന് വാങ്ങ്വോ?

"ഠോ""ഠോ""ഠോ"

ബൈജു:ഹൊ കിടിലന്‍ അടി, ഒരെണ്ണം മിസ്സായില്ല...താങ്ക്സ് .... ജസ്റ്റ്‌ ഡിസംബര്‍ ദാറ്റ് ബൈജു ഈസ്‌
അണ്‍ഫിറ്റ്‌....
അപ്പോള്‍ അത് വഴി വന്ന ഒരു പെണ്‍ കുട്ടിയോട് ബൈജു ,
"പെങ്ങളെ ഒന്നു നിന്നെ..അയ്യോ പെങ്ങളല്ലേ ഈ മൊബൈലിന്റെ ബ്ലൂടൂത്തിലൂടെ ബ്ലൂവായിട്ടു കറങ്ങി നടക്കുന്നത്?

പെണ്‍കുട്ടി: ശോ ഒന്നു പതുക്കെ പറ, അതില് ശരീരം മാത്രേ എന്റെയുള്ളൂ
, ശബ്ദമൊക്കെ വേറെ ആരോ ഡബ്ബ് ചെയ്തതാ.

ബൈജു: പൂവര്‍ ഗേള്‍...പൂക്കുട്ടിയുണ്ടായിരുന്നെങ്കില്‍ അവളുടെ ശബ്ദമൊന്ന് റിക്കാര്‍ഡ്‌ ചെയ്യായിരുന്നു...
ആ പെണ്‍കുട്ടിയുടെ പിന്നാലെ വന്ന ഒരാള്‍ ബൈ
ജുവിനോട്,
" എന്താടാ അവളോടൊരു കിന്നാരം? വല്ല കമന്റടിയാണോ ?

ബൈജു: ഒരു റിക്കാര്‍ഡിംഗ് നടത്താന്‍ ഒഴിവുണ്ടാവോ എന്ന് ചോദിച്ചതാ...

"ഠോ" എന്റെ പെങ്ങളോട് അനാവശ്യം ചോദിക്കുന്നോടാ...റാസ്ക്കള്‍..

"ട്ടേ""ട്ടേ""ട്ടേ"
പെങ്ങന്മാര്‍ക്കു മൊബൈലും വാങ്ങിക്കൊടുത്തു കറങ്ങാന്‍ വിടുന്നോടാ ബ്ലാടി ഫൂള്‍..
അവനും അവന്റെ ഒരു പെങ്ങളും..പ്ലീസ്‌ നോട്ട് ദി പോയന്റ് പെങ്ങന്മാര്‍ക്കു മൊബൈല് വാങ്ങിക്കൊടുത്തു കറങ്ങാന്‍ വിട്ടാല്‍ പിന്നെ അവര്‍ ബ്ലൂടൂത്തില്‍ കിടന്നു കറങ്ങും, ജസ്റ്റ്‌ ഡിസംബര്‍ ദാറ്റ്‌ ഓക്കേ.മനസ്സിലായോടാ??
"ട്ടേ"
ഇതു കൂടി ഇരിക്കട്ടെ,
ഓണമൊക്കെയല്ലേ ഒരു ബോണസ്‌!

അപ്പൊ എല്ലാര്‍ക്കും ബൈജുവിന്റെ ഓണാശംസകള്‍ ..

ഫോട്ടോ കടപ്പാട്: ഗൂഗിള്‍

നന്ദി: പ്രശാന്ത്(അയ്യപ്പ ബൈജു)

എപ്പിസോഡ് ഡയക്ട്ടര്‍: വാഴക്കോടന്‍


Monday, August 17, 2009

എന്നെ അതിശയിപ്പിച്ച പെണ്‍കുട്ടിയ്ക്ക്!

തികച്ചും അവിചാരിതമായാണ് ഒരു രാത്രി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എനിക്ക് ചിലവിടേണ്ടി വന്നത്. വീണു കാലൊടിഞ്ഞ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട വെല്ലിമ്മയുടെ ശുശ്രൂഷയ്ക്ക് ഉമ്മാന്റെ കൂടെ ഒരു സഹായത്തിനു നിന്നതാണ് ഞാനും. വെല്ലിമ്മാടെ കാലിന്റെ എല്ലിനു പൊട്ടല്‍ ഉണ്ടെങ്കിലും ഓപ്പറേഷന്‍ ചെയ്തു ശരിയാക്കാനുള്ള ആരോഗ്യ സ്ഥിതിയായിരുന്നില്ല വെല്ലിമ്മയുടേത്. അതിനാല്‍ രണ്ടു ദിവസം ഒബ്സര്‍വ് ചെയ്തു വേണ്ടത് ചെയ്യാമെന്നാണ് ബന്ധു കൂടിയായ ഡോക്ടര്‍ ഷാജി പറഞ്ഞത്. ഈയൊരു നിമിത്തമാണ് എന്റെ ചുരുങ്ങിയ ലീവിനിടയില്‍ ഒരു ആശുപത്രി വാസം തരപ്പെട്ടത്.

ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലെ ഒരു നേര്‍ത്ത പാലത്തില്‍ നിന്ന് അങ്ങോട്ടൊ ഇങ്ങോട്ടോ എന്നറിയാതെ കിടക്കുന്ന അത്യാസന്ന നിലയിലുള്ള രോഗികള്‍, പ്രതീക്ഷയൊടെ അവരെ തന്നെ നോക്കിയിരിക്കുന്ന ഉറ്റവര്‍, സാന്ത്വനങ്ങളുമായി ഡോക്ടര്‍മാര്‍....‍. ചിലര്‍ ജീവിതത്തിലെക്കും മറ്റു ചിലര്‍ മരണത്തിലേക്കും മറ്റു ചിലര്‍ തീരാ ദുരിതത്തിലേക്കും യാത്രയാകുന്നു. എല്ലാറ്റിനും മൂക സാക്ഷിയായി ഈ അത്യാഹിത വാര്‍ഡ്.

വെല്ലിമ്മയുടെ കിടക്കയുടെ തൊട്ടടുത്ത കിടക്കയില്‍ കാഴ്ചയില്‍ ഒരു പത്ത് വയസ്സു തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയാണ് കിടക്കുന്നത്. ആ മോളുടെ കൂടെ അമ്മയാണ് കൂട്ടിന് നില്‍ക്കുന്നത്. 'രശ്മി' എന്ന് പെരുള്ള ആ കൊച്ചു കുട്ടിയുടെ ഓമനത്വമുള്ള മുഖം എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഹ്യദയത്തില്‍ ഒരു സുഷിരവുമായി പിറന്ന ആ കൊച്ചു മിടുക്കി കഴിഞ്ഞ ദിവസം രക്തം ഛര്‍ദ്ദിച്ചത് കൊണ്ടാണ് ഇപ്പോള്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. രാവിലെ റൌണ്ട്സിനു വന്ന ഡോക്ടര്‍മാര്‍ രക്താര്‍ബുദത്തിന്റെ തുടക്കമാണെന്ന് പറഞ്ഞ് കേട്ടതു മുതല്‍ ആ അമ്മ വല്ലാതെ സങ്കടപ്പെട്ട് ഇരിക്കുകയാണ്. ഒരു ഇടത്തരം കുടുംബത്തിലെ അംഗമായ ആ സ്ത്രീ രശ്മിയുടെ ചികിത്സയ്ക്കു ഒരു കുറവും വരുത്തിയിട്ടില്ല. തുച്ഛമായ ശമ്പളത്തില്‍ ജോലിയെടുക്കുന്ന രശ്മിയുടെ അച്ഛന്റെ വരുമാനത്തിലധികവും മകളുടെ ചികിത്സയ്ക്കു വേണ്ടിയാണ് അവര്‍ ചിലവാക്കുന്നത്. എന്നാല്‍ ഒര്‍ക്കാപ്പുറത്തു കിട്ടിയ ഒരു അടി പോലെയായിരുന്നു മോള്‍ക്ക് ബ്ലഡ് ക്യാന്‍സറാണ് എന്നുള്ള വാര്‍ത്ത. അതില്‍ ആ മാതാപിതാക്കള്‍ ശരിക്കും തളര്‍ന്നു പോയി.

ഞാന്‍ രശ്മിയുടെ അടുത്തു ചെന്നിരുന്നു. അവള്‍ ചെറിയൊരു മയക്കത്തിലാണ്. അഞ്ചാം വയസ്സിലെ ഹ്യദയ ശസ്ത്രക്രിയയ്ക്കു ശേഷം എല്ലാ ദുരിതങ്ങളും അവസാനിച്ചു എന്നു കരുതിയ ആ കുടുംബത്തിന് മോള്‍ക്ക് രക്താര്‍ബുദമുണ്ടെന്ന വാര്‍ത്ത സഹിക്കാവുന്നതിനുമപ്പുറമായിരുന്നു. നിലയ്ക്കാത്ത കണ്ണീര്‍ വാര്‍ത്ത് നില്‍ക്കുന്ന ആ അമ്മയെ ആശ്വാസ വാക്കുകള്‍ കൊണ്ട് സമാധാനിപ്പിക്കാന്‍ കഴിയില്ലെന്നു ഞാന്‍ മനസ്സിലാക്കി. ഏക മകളുടെ ഈ അവസ്ഥ ഏതൊരു മാതാപിതാക്കള്‍ക്കും ദു:ഖം മാത്രമേ നല്‍കാനാവൂ.മകളെക്കുറിച്ച് പറയുമ്പോള്‍ ആ അമ്മയ്ക്കു നൂറ് നാവാണ്. ക്ലാസ്സിലെ ഏറ്റവും മിടുക്കിയും എല്ലാ ടീച്ചര്‍മാരുടെയും കണ്ണിലുണ്ണിയും എല്ലാ കുട്ടികളുടെയും ഇഷ്ട കൂട്ടുകാരിയുമാണ് രശ്മിയെന്ന് ആ അമ്മയുടെ വാക്കുകളില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. അടുക്കളയില്‍ അമ്മയെ സഹായിക്കാനും അവള്‍ക്കു വലിയ ഉത്സാഹമാണെന്നും സങ്കടം ഉള്ളിലൊതുക്കിക്കൊണ്ട് ആ അമ്മ പറഞ്ഞു.

ഞാന്‍ രശ്മി ഉണരുന്നതും നോക്കി അവളുടെ കട്ടിലിനടുത്തു തന്നെ ഒരു ചെറിയ നാല്‍ക്കാലിയില്‍ ഇരുന്നു. നേരം സന്ധ്യയോടടുത്തു. കൊതുകിന്റെ ശല്യം ഏറി വന്നു. നാട്ടിലാണെങ്കില്‍ ചിക്കുന്‍ ഗുനിയയുടെ ഒരു പെരുന്നാളു തന്നെയെന്നു പറയാം.മറ്റ് ആവശ്യാനുസരണം പനികള്‍ വേറെയും. കൊതു കുത്താതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രദ്ധിച്ചു കൊണ്ടിരുന്നു. കുറെ നേരം കൈകള്‍ കൊണ്ട് ഓടിക്കും,മറ്റുചിലപ്പോള്‍ ന്യൂസ് പേപ്പര്‍ കൊണ്ട് വീശിയോടിക്കും.അങ്ങിനെയുള്ള ആ ഭഗീരയത്നം കണ്ടാണ് രശ്മി മയക്കത്തില്‍ നിന്നും ഉണര്‍ന്നത്. എന്റെ കൊതുകിനെ ഓടിക്കുന്ന പ്രയത്നം കണ്ട് അവള്‍ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ഞാന്‍ രശ്മിയുടെ അടുത്തേയ്ക്ക് തിരിഞ്ഞിരുന്നു.
“രശ്മിക്കുട്ടി ഇന്നു കുറേനേരം ഉറങ്ങിയല്ലൊ?”

“വല്ലാത്ത ക്ഷീണം തോന്നി, അതോണ്ടാ ഉറങ്ങിപ്പോയത്. ഏട്ടന്‍ ആരാ?”

“ഞാന്‍ അയല്‍വാസി, ദേ എന്റെ വെല്ലിമ്മ കിടക്കുന്നതു കണ്ടോ. ഒന്നു തെന്നി വീണതാ,എല്ല് പൊട്ടിയിട്ടുണ്ടെന്നാ ഡോക്ടര്‍ പറഞ്ഞത് ”

“പാവം വല്യമ്മ. എന്താ ഏട്ടന്റെ പേര്?

“അബ്ദുല്‍ മജീദ്”

"ഏട്ടന് ജോലിയുണ്ടോ?"

“ഞാന്‍ ഗള്‍ഫിലാ ജോലി ചെയ്യുന്നെ, ഇപ്പോള്‍ ലീവിന് നാട്ടില്‍ വന്നതാ, രണ്ടീസം കഴിഞ്ഞാല്‍ തിരിച്ചു പോകണം”

“ഗള്‍ഫിലെ അന്തരീക്ഷത്തിന് ഈര്‍പ്പം കുറവാണല്ലേ?”

പെട്ടന്നുള്ള ആ ചോദ്യത്തിന് മുന്നില്‍ ഞാന്‍ ചെറുതായൊന്നു ശങ്കിച്ചു.പിന്നെ ഗള്‍ഫിലെ ചൂട് ഓര്‍ത്ത് അതേ എന്നു തട്ടിവിട്ടു.

“നമ്മുടെ നാട്ടിലെ അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലുള്ളത് കൊണ്ടാണത്രെ ഇവിടെ രോഗങ്ങള്‍ ഇത്രയധികം പകരുന്നതും, വൈറല്‍ ഫീവര്‍, ജലദോഷം തുടങ്ങിയ  രോഗങ്ങള്‍ വളരെ എളുപ്പത്തില്‍ പകരുന്നത്”

“ഇതൊക്കെ ആരാ മോളോട് പരഞ്ഞത്?”

“എന്റെ ടീച്ചര്‍ പറഞ്ഞ് തന്നതാ, പിന്നെ ഞാന്‍ ഏതൊക്കെയൊ പുസ്തകത്തില്‍ വായിച്ചിട്ടുണ്ട്, ഇപ്പോള്‍ ശരിക്കും ഓര്‍മ്മ കിട്ടുന്നില്ല.”

“മോള്‍ ഒത്തിരി പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടോ? ആരുടെ പുസ്തകങ്ങളാ കൂടുതല്‍ ഇഷ്ടം?”

“പുസ്തകങ്ങളൊക്കെ എന്റെ ക്ലാസ് ടീച്ചര്‍ തരുന്നതാ.അതില്‍ സുഗതകുമാരിടീച്ചറുടെ കവിതകള്‍ വളരെ ഇഷ്ടാ, പിന്നെ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് മരിച്ച മാധവിക്കുട്ടിയുടെ.... അയ്യോ കമലാ സുരയ്യയുടെ കവിതകളും വളരെ വളരെ ഇഷ്ടമാ, അവര്‍ മരിച്ചപ്പോള്‍ എനിക്കു ഒത്തിരി സങ്കടം വന്നു, ഞാന്‍ അന്ന് ഒരുപാട് കരഞ്ഞു.”

കവികളേയും കവിതകളേയും ഇഷ്ടപ്പെടുന്ന ആ കുട്ടിയോട് എനിക്കു വളരെയധികം ഇഷ്ടവും ബഹുമാനവും തോന്നി.കവിതകളെക്കുറിച്ചു പറയുമ്പോള്‍ അവളുടെ കണ്ണുകളിലെ തിളക്കം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.അവളുടെ അസുഖം എത്രയും വേഗം സുഖപ്പെടാന്‍ ഞാന്‍ മനസ്സുരുകി പ്രാര്‍ത്തിച്ചു.
“മോള്‍ക്ക് പുസ്തകം വല്ലതും വേണോ വായിക്കാന്‍?”

“ഇപ്പോഴൊന്നും വേണ്ട, എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചെറുകഥാ സമാഹാരമുണ്ട്. അതു കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. എന്റെ ടീച്ചറുടെ കയ്യില്‍ ആ പുസ്തകം ഇല്ല.”

“ആരുടെ ചെറുകഥാ സമാഹാരമാ മോളേ? ഞാന്‍ നാളെത്തന്നെ ത്യശൂര്‍ക്ക് പോയി വാങ്ങിക്കൊണ്ട് വരാം എന്താ? പുസ്തകത്തിന്റെ പേര് പറ”

“ശ്ശൊ, ഇത്ര നേരം ഓര്‍ത്തിരുന്നതാ, ഇപ്പോള്‍ മറന്നു, ഈയിടെയായി വല്ലാത്ത മറവിയാ, എന്തായാലും ഞാന്‍ നാളെ ഓര്‍ത്തു പറയാം കെട്ടൊ”

അപ്പോഴാണ് അവിടേയ്ക്ക് ഡോക്ടേര്‍സ് റൌണ്ട്സിന് കടന്നു വന്നത്.
“മരുന്നൊക്കെ കഴിക്കുന്നുണ്ടല്ലൊ രശ്മിക്കുട്യേ”

“കഴിക്കുന്നുണ്ട് ഡോക്ടര്‍, ഇഞ്ചക്ഷനാ എനിക്കു പേടി.പിന്നെ തലയ്ക്കകത്തൊക്കെ വല്ലാത്ത ഒരു വേദന.ചില നേരത്ത് സഹിക്കാന്‍ പറ്റുന്നില്ല ഡോക്ടര്‍”

“ഒരു രണ്ട് ദിവസം കൂടി ക്ഷമിക്കു മോളേ, എല്ലാം സുഖാവും,മോള്‍ക്ക് പിന്നെ പഴയപോലെ ഓടിച്ചാടി നടക്കാം കേട്ടൊ”

“ബ്ലഡ് ക്യാന്‍സര്‍ വന്നാല്‍ രക്ഷപ്പെടുന്ന കാര്യം ബുദ്ധിമുട്ടാണല്ലെ ഡോക്ടര്‍?”

രശ്മിയുടെ ആ ചോദ്യത്തിനു മുന്നില്‍ ഒരു നിമിഷം എല്ലാവരും തരിച്ചു നിന്നു.ആ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.എനിക്കും വല്ലാത്ത സങ്കടം വന്നു.എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.
ഡോക്ടര്‍ രശ്മിയുടെ അടുത്തേക്ക് ചേര്‍ന്ന് നിന്നു അവളെ തലോടിക്കൊണ്ട് പറഞ്ഞു,
“ ആരാ മോളോട് ഈ കള്ളം പറഞ്ഞെ? ഡോക്ടറങ്കിളല്ലെ പറയുന്നെ, മോളുടെ എല്ലാ അസുഖവും മാറ്റിയിട്ടേ ഇവിടുന്ന് മോളെ വിടുന്നുള്ളൂ, എന്താ സന്തോഷമായില്ലെ?”

അതിന് മറുപടിയെന്നോണം അവള്‍ നിഷ്കളങ്കമായി ഒന്ന് പുഞ്ചിരിച്ചു.

ഡോക്ടര്‍മാര്‍ അവിടെ നിന്നും പോയതിനു ശേഷം ഞാന്‍ രശ്മിയുടെ അടുത്തേക്ക് ചെന്നു.ആ കുട്ടിയോട് എന്ത് പറയണം എന്ന് അറിയാതെ ഞാന്‍ ഒന്ന് പരുങ്ങി നിന്നപ്പോള്‍ ചിരിച്ചു കൊണ്ട് അവള്‍ പറഞ്ഞു,

“ഞാന്‍ മരിക്യേ ഉള്ളൂ. മരിക്കാന്‍ എനിക്കു പേടിയൊന്നുമില്ല പക്ഷെ അമ്മയ്ക്കും അച്ഛനും പിന്നെ ആരും ഇല്ലാണ്ടാവൂല്ലോ എന്നാ വിഷമം”

“മോളെന്തിനാ എപ്പൊഴും മരണത്തെപ്പറ്റി സംസാരിക്കുന്നെ? ആരാ പറഞ്ഞ് മോള്‍ മരിക്കുമെന്ന്? നമുക്ക് വേറെ വല്ലതും സംസാരിക്കാം”

“ഏട്ടന് പേടിയുണ്ടൊ മരണത്തെ? എന്നാലും കുറച്ച് കൂടിയൊക്കെ കഴിഞ്ഞിട്ട് മരിച്ചാല്‍ മതിയായിരുന്നു എന്ന് ഇപ്പോള്‍ തോന്നാറുണ്ട്”

“ഇനിയും മരണത്തെക്കുറിച്ച് മോള്‍ എന്തെങ്കിലും സംസാരിച്ചാല്‍ ഞാന്‍ പിണങ്ങും പറഞ്ഞേക്കാം”

അല്‍പ നേരം എന്തോ ആലോചിച്ചതിന് ശേഷം അവള്‍ തുടര്‍ന്നു,

“ഏട്ടന് കവിതകള്‍ ഇഷ്ടമാണോ? ഞാന്‍ എഴുതിയ ഒരു കവിത ഏട്ടനെ കാണിക്കട്ടെ?

അവള്‍ തലയണയുടെ അടിയില്‍ നിന്നും നാലായി മടക്കിയ ഒരു പേപ്പര്‍ എനിക്ക് നേരെ നീട്ടി.ഞാന്‍ ആ പേപ്പര്‍ വാങ്ങി തുറക്കാന്‍ തുടങ്ങിയതും എന്നെ ഉമ്മ വിളിച്ച് ക്യാന്റീനില്‍ നിന്നും കാപ്പി വാങ്ങാനായി പറഞ്ഞ് വിട്ടു.

ക്യാന്റീനിലേക്ക് പോകുമ്പൊഴും എന്റെ ചിന്ത മുഴുവന്‍ രശ്മിയെക്കുറിച്ചായിരുന്നു. നല്ല ബുദ്ധിസാമര്‍ത്ഥ്യം ഉള്ള കുട്ടി. ആ കുട്ടിയ്ക്ക് ഈ അസുഖം വന്നല്ലോ എന്നോര്‍ത്ത് എനിക്കൊത്തിരി ദു:ഖം തോന്നി.

തിരിച്ച് വാര്‍ഡിലേക്കു നടക്കുമ്പോള്‍ “എന്റെ പൊന്നുമോളേ....” എന്ന ഒരു കരച്ചില്‍ കേട്ടു. അതൊരിക്കലും രശ്മിയുടെ അമ്മയുടെ കരച്ചിലായിരിക്കരുതേ എന്ന് ഞാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.ഞാന്‍ വാര്‍ഡിലേക്ക് ഓടി.

ആ കാഴ്ച കണ്ട് ഒരു നിമിഷം ഞാന്‍ നിശ്ചലമായി. ഞാന്‍ ഭയപ്പെട്ടത് സംഭവിച്ചിരിക്കുന്നു. രശ്മിയുടെ കട്ടിലിന് ചുറ്റും ഡോക്ടര്‍മാര്‍ അവളെ രക്ഷിക്കാനുള്ള അവസാന ശ്രമങ്ങളും നടത്തുന്നു. എല്ലാം  വിഫലം. ഇല്ല, അവള്‍ തിരിച്ച് വന്നില്ല. പുഞ്ചിരിച്ച ഒരു മുഖത്തോട് കൂടി അവള്‍ നിത്യനിദ്രയിലേക്ക് അലിഞ്ഞ് ചേര്‍ന്നു.

വളരെ കുറച്ച് നേരത്തെ പരിചയം മാത്രമുള്ള എനിക്ക് ആ വിയോഗം വല്ലാത്ത വേദനയായിരുന്നു. ഒരു കൂടപ്പിറപ്പിനെ നഷ്ടമായ പോലെ വല്ലാത്ത വിഷമം. ആംബുലന്‍സില്‍ കേറ്റി അവളുടെ ഭൌതികദേഹം അകലങ്ങളിലേക്ക് മറയുന്നത് വരെ ഞാന്‍ നിറമിഴികളോടെ നോക്കി നിന്നു. അപ്പോഴാണ് എനിക്ക് അവള്‍ തന്ന ആ കവിത ഒര്‍മ്മ വന്നത്. ഞാന്‍ ആ പേപ്പര്‍ നിവര്‍ത്തി ആ കവിതയിലൂടെ കണ്ണോടിച്ചു,

"ഇനിയുമൊരു ജന്മം ഈ ഭൂമിയിലുണ്ടെങ്കില്‍,
എന്നമ്മ തന്‍ തങ്കക്കുടമായ് ഇനിയും പിറക്കേണം,
അച്ഛന്റെ വിരലില്‍ തൂങ്ങി നടക്കാന്‍ പഠിക്കേണം,
പൂവാലി പശുക്കിടാവിന് മുത്തങ്ങള്‍ നല്കേണം,
ചന്തത്തില്‍ മുറ്റം ചാണകം മെഴുകീട്ടു,
വട്ടത്തില്‍ ഓണപ്പൂക്കളം തീര്‍ക്കണം,
തേന്മാവിന്‍ തുഞ്ചത്ത് ഊഞ്ഞാല് കെട്ടണം,
പാട്ടുകള്‍ പാടിയിട്ടാടിത്തിമിര്‍ക്കേണം,
എന്നുടെ വ്യാഥികള്‍ അറിയുന്ന ദൈവമേ,
കൈവിടാതെന്നെ നീ കാത്തിടേണേ,
ഇനിയുമനേകം ഓണപ്പൂക്കളം തീര്‍ക്കുവാന്‍,
കൊതിയോടെ കൈകൂപ്പി കെഞ്ചിടുന്നെ......."




രശ്മിക്ക്‌ ഏതാണ്ട് ഈ കുട്ടിയുടെ ഛായയായിരുന്നു.



 


Copyright http://www.vazhakkodan.com