Saturday, September 25, 2010

ഒരു പ്രണയത്തിന്റെ ഓർമ്മയ്ക്ക്!!!

ചിലർക്ക് ഇപ്പോഴും ഒരു വിചാരമുണ്ട് ഞാൻ ഗൾഫിലേക്ക് പോയത് പണ്ട് കാലിഫോർണിയക്ക് പോയ ഒരു ചരക്കു കപ്പൽ ദുബായി കടപ്പുറം വഴി തിരിച്ചു വിട്ടപ്പോൾ  അതിൽ നിന്നും ചാടി ഗൾഫിലേക്ക് നീന്തിക്കേറിയതാണെന്ന്!അസൂയ എന്നല്ലാതെ എന്ത് പറയാനാ!  അതിലൊന്നും ഒരു സത്യവുമില്ലെന്നേ!    പണ്ടൊക്കെ ആണ്മക്കളെക്കൊണ്ട് വീട്ടുകാരും  നാട്ടുകാരും പൊറുതിമുട്ടിയിരുന്ന കാലത്ത് അവരെ സത്സ്വഭാവികളാക്കാൻ വേണ്ടി വീട്ടുകാർ പല വഴിപാടുകൾ നടത്തുകയും നേർച്ച നെയ്യത്താക്കുകയുമൊക്കെ ഒരു നാട്ടുനടപ്പായിരുന്നു. അങ്ങിനെയുള്ള ഒരു  കാലഘട്ടത്തിലാണെന്ന്  തോന്നുന്നു  കേരളത്തിൽ ഒരു സിദ്ധൻ പ്രത്യക്ഷപ്പെടുകയും ഇത്തരം ശല്യക്കാരായ ആളുകളെ നാടുകടത്താൻ “ഗൾഫ്” എന്നൊരു രാജ്യം കണ്ടെത്തിയിട്ടുണ്ട് എന്നും, അങ്ങോട്ട് കയറ്റി വിട്ടാൽ പിന്നെ കുറേ കാലത്തിനെങ്കിലും ഒരു ശല്യവുമുണ്ടാകില്ലെന്ന് അരുളുകയും ചെയ്തത്. ദൈവ ക്യപയാൽ അന്നു മുതൽ കേരളത്തിൽ നിന്നും പല ശല്യക്കാരും ഗൾഫിലേക്ക് നാടുകടത്തപ്പെടുകയും പിൽക്കാലത്ത് നന്നാവുകയും ചെയ്തു എന്നാണ് വിശ്വാസം!ആ ‘കാലമാടൻ’  സിദ്ധന്റെ ഒടുക്കത്തെ ആ അരുളപ്പാട് പ്രകാരം ഇന്നും ശല്യക്കാരായ,നാട്ടുകാർക്കും വീട്ടുകാർക്കും പേടിസ്വപ്നമായ പല വില്ലാളി വീരന്മാരും ഗൾഫിലേക്ക് നാടുകടത്തപ്പെട്ട് കൊണ്ടേയിരിക്കുന്നു, ആ സിദ്ധൻ കണ്ടെത്തിയ ‘ഗൾഫിനെ  അങ്ങേയറ്റം ശപിച്ച്കൊണ്ട്. 

ഈ വിശ്വാസം പടർന്ന് പന്തലിച്ച് വാഴക്കോട് എന്ന കൊച്ചു ഗ്രാമത്തിൽ എത്തി എന്നതിന്റെ തെളിവിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഈയുള്ളവനും ഗൾഫിൽ എത്തിയത് എന്നാണ് മറ്റൊരു പ്രബലമായ വിശ്വാസം! ഡിഗ്രി പരീക്ഷ എഴുതിത്തീർത്തതിന്റെ ക്ഷീണം മാറും മുമ്പ് തന്നെ എന്നെ ഗൾഫിലേക്ക് നാട്കടത്താൻ വീട്ടുകാർ നേർച്ച നേർന്നു. ആഗ്രഹം അറിയിച്ച് വിസ കച്ചവടം നടത്തുന്ന മഞ്ചേരി അഷറഫ് എന്നയാളെ സമീപിച്ചപ്പോൾ റൊക്കം അൻപതിനായിരം വെച്ചാൽ വിസ റെഡിയാണെന്ന് അറിയിപ്പ് കിട്ടി.പണത്തിനായി വീട്ടുകാർ നെട്ടോട്ടമോടി.എനിക്കാണെങ്കിൽ ഒരു നയാ പൈസ കടമായി ചോദിച്ചാൽ പോലും ആരും തരാനില്ലായിരുന്നു കാരണം കടം വാങ്ങിയാൽ  തിരിച്ച് കൊടുക്കുന്ന ഒരു രീതി എനിക്ക് അന്നു മുതലേ ഇല്ല. ഒന്നും മനഃപ്പൂർവ്വമായിരുന്നില്ല, സാഹചര്യങ്ങളുടെ സമ്മർദത്താൽ  ജീവിതത്തിന്റെ കഠിനമായ കരാള ഹസ്തങ്ങളിൽ പെട്ട് ഉഴലുന്ന എന്റെ കീശയിൽ എവിടുന്നാ കാശ്? തീരെ നിവ്യത്തിയില്ലാതെ വന്നപ്പോൾ ഇലക്ട്രിക് പോസ്റ്റിന്റെ അലുമിനിയം സ്റ്റേ കമ്പി മുറിച്ച് വിറ്റു എന്നൊരു ചെറിയ കാര്യം ഒഴിച്ചു നിർത്തിയാൽ നാട്ടിലെ പെൺപിള്ളാർക്കല്ലാതെ മറ്റാർക്കും ഒരു ശല്യവും ഉണ്ടാക്കാതെ ജീവിച്ച് പോരുകയായിരുന്ന എന്റെ മുന്നിൽ ഒരു ഇടിത്തീ പോലെ വിസ വന്നു വീണു.

ചിറകുകൾ അരിഞ്ഞ് പറക്കാൻ വിട്ട ഒരു കിളിയെപ്പോലെ നിസ്സഹായമായ ഒരു അവസ്ഥയിലേക്ക് വളരെ പെട്ടെന്ന്  ഞാൻ പറിച്ചെറിയപ്പെട്ടു.ഒരു ചെറിയ ഓഫീസിൽ  ചെറിയൊരു   ജോലി, അതിലും ചെറിയ ഒരു ശമ്പളം. അങ്ങിനെയായിരുന്നു തുടക്കം. ഒരു മാസം പിന്നിട്ടപ്പോൾ എന്റെ ജീവിതത്തിലെ ആദ്യത്തെ അദ്ധ്വാനത്തിന്റെ പ്രതിഫലം ശമ്പളം എന്ന പേരിൽ എന്റെ കൈകളിൽ വന്നു വീണു. സത്യത്തിൽ എന്റെ കണ്ണുകൾ നിറഞ്ഞ് പോയി. വികാരഭരിതമായ ആ ഒരു നിമിഷത്തെ ഓർത്തല്ല കണ്ണുകൾ നിറഞ്ഞത്,മറിച്ച് ഇതിലും കൂടുതൽ പൈസയാണല്ലോ നാട്ടിലെ കണാരേട്ടൻ വെറും നോക്ക് കൂലിയായി മാത്രം വാങ്ങുന്നതെന്ന സത്യം എന്നെ വല്ലാതെ തളർത്തി.എങ്കിലും പെട്ടെന്നൊരു തിരിച്ച് പോക്ക് സാധ്യമല്ലെന്ന് നാട്ടിലെ കടങ്ങളെക്കുറിച്ചോർത്തപ്പോൾ എനിക്ക് ബോധ്യമായി.അങ്ങിനെ നീണ്ട നാലു വർഷങ്ങൾക്ക് ശേഷം നാട്ടിലൊന്ന് പോയി വരാനും ഒത്താൽ ഒരു കല്യാണം കഴിക്കാനുമൊക്കെ തീരുമാനിച്ച് ഞാൻ ലീവിന് പോകാൻ തീരുമാനിച്ചു.

നാട്ടിലെത്തിയതിന്റെ പിറ്റേ ദിവസം തന്നെ കല്യാണാലോചനകൾ പലരുടേയും നേത്യത്വത്തിൽ തക്യതിയായി നടന്നു.പക്ഷേ എന്റെ ചിന്തകൾ മുഴുവൻ ഷാഹിനയെക്കുറിച്ചായിരുന്നു. തലയിൽ തട്ടമിട്ട്,  ചന്തത്തിൽ കണ്ണെഴുതി, വളരെ സൌമ്യമായി സംസാരിക്കാറുള്ള ഷാഹിന ഡിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ് ഞങ്ങളുടെ ക്ലാസിൽ വന്നത്.എനിക്കേറെ ഇഷ്ടം തോന്നിയ അവളോട് അതൊന്ന്  തുറന്ന് പറയാൻ ശ്രമിക്കാഞ്ഞത് അന്നത്തെ എന്റെ പരിതാപകരമായ അവസ്ഥ ഒന്നുകൊണ്ട് മാത്രമായിരുന്നു.അവൾക്കും എന്നെ ഏറെ ഇഷ്ടമായിരുന്നെന്ന് ഞാൻ മനസ്സിലാക്കി. ഞങ്ങളുടെ നിശബ്ദ പ്രണയം കോളേജ് അവസാനിച്ചപ്പോൾ സ്വാഭാവികമായി അസ്തമിച്ചു. പിന്നീട് ഗൾഫിൽ നിന്നും അവൾക്കൊരു കത്തയച്ചെങ്കിലും അതിന് മറുപടിയൊന്നും കിട്ടിയില്ല. അവളെക്കുറിച്ചൊന്ന് അന്വേഷിക്കാൻ മനസ്സെന്നെ വല്ലാതെ പ്രേരിപ്പിച്ചു. ഒരു പക്ഷെ ഞാൻ കത്തിൽ ആവശ്യപ്പെട്ട പോലെ എനിക്കായി അവൾ കാത്തിരിക്കുന്നുണ്ടെങ്കിലോ? എന്തായാലും അവളുടെ വീട് വരെ ഒന്ന് പോയി നേരിട്ട് അന്വേഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

രാവിലെ ഒരു പതിനൊന്ന് മണിയോടെ ഞാൻ ഷാഹിനാടെ വീട്ടിലെത്തി.വീടിന്റെ മുന്നിലെ അരവാതിലിനപ്പുറത്ത് പുറത്തേയ്ക്ക് നോക്കി നിൽക്കുകയായിരുന്നു ഷാഹിനാടെ ഉമ്മ. ഞാൻ അവരുടെ അടുത്തെത്തിയ ശേഷം അവരോട് ചോദിച്ചു,

“ഷാഹിനാടെ വീടല്ലേ ഇത്?”

"അതേ"

“ഷാഹിന ഉണ്ടോ ഇവിടെ?

"അവള് തൂറാൻ പോയിരിക്യാടാ!"

അമ്പലപ്പുഴ പാൽ‌പ്പായസം ഒരു കൊളാമ്പിയിൽ വിളമ്പി കുടിക്കാൻ തന്നപോലെ എന്റെ മുഖമൊന്നു ചുളിഞ്ഞു.ഈ തള്ളയ്ക്ക് ഇത്തിരി നല്ല ഭാഷയിൽ കക്കൂസിൽ പൊയിരിക്കയാണ് എന്ന് പറഞ്ഞൂടെ എന്ന് മനസ്സിൽ കരുതി നിൽക്കുമ്പോൾ അവർ അൽ‌പ്പം ഗൌരവത്തോടെ വീണ്ടും ചോദിച്ചു,

“എന്താ കാര്യം?”

“ഒന്നു കാണാനായിരുന്നു”

"എന്ത് അവള് തൂറണതോ?"

രാവിലെത്തന്നെ വ്യത്തിയായി ചമ്മിയതിന്റെ ജാള്യതയിൽ ഞാൻ ആ തള്ളയയേയും രാവിലെ കണികണ്ടവനേയും മനസ്സിൽ പ്രാവിക്കൊണ്ട് ഞാൻ വളരെ വിനയാന്വിതനായി ഉമ്മയോട് പറഞ്ഞു,
“ഞങ്ങൾ കോളേജിൽ ഒരുമിച്ച് പഠിച്ചതാ.ഞാൻ ഗൾഫിലായിരുന്നു.വന്നപ്പോൾ ഒന്ന് കാണാൻ വന്നതാ”

"എന്നാ ഇങ്ങോട്ട് കയറിയിരിക്ക്.എന്താ നിന്റെ പേര്?"

“മജീദ്”

"എവിടുന്നാ ഇജ്ജ് വരണത്?

“ഞാൻ വാഴക്കോട്ടിന്ന് വരുകയാ”
എന്താന്നറിയില്ല വാഴക്കോട് എന്ന് കേട്ടപ്പോൾ അവർ അൽ‌പ്പം മയപ്പെട്ടു.പക്ഷേ മട്ടും ഭാവവും കണ്ടപ്പോൾ ഒരു സിനിമയിൽ ഫിലോമിന തറവാടേതാന്ന് അന്വേഷിച്ച് കുടിക്കാൻ കൊടുക്കുന്ന സോഫ്റ്റ് ഡ്രിങ്കിൽ ജഗതിയ്ക്ക് ‘വിം’കലക്കിക്കൊടുക്കുന്ന ഒരു രംഗം ഒരു കൊള്ളിമീൻ കണക്കേ മനസ്സിലൂടെ ഒന്ന് മിന്നി.അങ്ങിനേയൊന്നും സംഭവിക്കില്ലാ എന്ന് കരുതി ഞാൻ അവരോട് വീണ്ടും ചോദിച്ചു,

“അല്ലാ ഷാഹിന താമസിക്യോ?

"എന്ത് പോഴത്തരാ ഇയ്യ് പറയണത്? കക്കൂസിലാരെങ്കിലും താമസിക്യോ? അവളടെ തൂറലും പാത്തലും കഴിഞ്ഞാ അവളിങ്ങ് വരും”

ഒരു ബൊഫോർസ് തോക്ക് കിട്ടിയിരുന്നെങ്കിൽ ഒറ്റ വെടിയ്ക്ക് ആ തള്ളയെ മയ്യത്താക്കിയേനെ എന്ന് മനസ്സിൽ കരുതിയതും അവർ അതീവ ഗൌരവത്തോടെ എന്നെ നോക്കിക്കൊണ്ട് ചോദിച്ചു,

“നീയാണോടാ ഷാഹിനാക്ക് പ്രേമലേഖനം അയച്ചത്?”

ഞാനൊന്ന് ഞെട്ടി!പടച്ചോനെ കത്ത് അയച്ചത് ഇനി ഇവർക്കാണോ കിട്ടിയിട്ടുണ്ടാവുക?പറ്റ് കൊടുക്കാതെ മുങ്ങി നടന്ന് ഒടുവിൽ കാന്റീൻ കാരന്റെ മുന്നിൽ ചെന്ന് പെട്ടപ്പോഴും ഇത്രയും ഭീകരമായ ഒരു അവസ്ഥയുണ്ടായിട്ടില്ല.പെട്ടെന്നേന്തേങ്കിലും പറഞ്ഞ് ഇവരുടെ ശ്രദ്ധ മാറ്റാൻ ഞാനൊരു ശ്രമം നടത്താൻ തീരുമാനിച്ചു.ഞാൻ അവരുടെ ചോദ്യത്തിന് ഉത്തരമൊന്നും പറയാതെ അവരോട് അങ്ങോട്ട് ഒരു ചോദ്യം ചോദിച്ചു,

“ ഷാഹിനാടെ ബാപ്പ ഇവിടില്ലേ? പുറത്തേയ്ക്കൊന്നും കണ്ടില്ല!“
അത് കേട്ടതും അവരുടെ ഭാവം മാറി,കണ്ണുകൾ നിറഞ്ഞു,പിന്നീടതൊരു പൊട്ടിക്കരച്ചിലായി.അവർ കരഞ്ഞ് കൊണ്ട് അകത്തേയ്ക്ക് പോയി.ഷാഹിനാടെ ബാപ്പ മരിച്ചിട്ടുണ്ടാകുമെന്ന് ഞാൻ മനസ്സിലാക്കി.ചോദിക്കേണ്ടിയിരുന്നില്ല എന്ന് മനസ്സിൽ തോന്നിയെങ്കിലും മകൻ മരിച്ചാലും മരുമകളുടെ കണ്ണീർ കാണാൻ പറ്റിയല്ലോ എന്നാശ്വസിക്കുന്ന പോലെ അവരുടെ ചോദ്യത്തിൽ നിന്നും രക്ഷപ്പെട്ട ആശ്വാസത്തിൽ ഞാനിരുന്നു.അൽ‌പ്പം കഴിഞ്ഞപ്പോൾ ഷാഹിന ഉമ്മറത്തേയ്ക്ക് വന്നു.

“മജീദേ, നീയായിരുന്നോ? എന്നാടാ നീ വന്നത്? നീ വല്ലാതെ തടിച്ചു ട്ടോ, എത്ര ലീവുണ്ടെടാ?”

“മൂന്ന് മാസം ലീവുണ്ട്, നീയും വല്ലാതെ തടിച്ചിട്ടുണ്ട് ട്ടോ”

“നിന്റെ പാട്ടൊക്കെ ഇപ്പോഴും ഉണ്ടോ? കോളേജ് ഡേയ്ക്ക് നീ പാടിയ ആ പാട്ട് ഞാൻ എപ്പോഴും ഓർക്കും”

“പാട്ടൊക്കെ ഗൾഫിൽ പോയതോടെ തീർന്നു. ബാത്ത് റൂമിൽ പോലും ഒന്ന് മൂളാൻ പറ്റില്ല.അപ്പോ കൊട്ടാൻ തുടങ്ങും കൂട്ടുകാർ”

“ആഹാ പ്രോത്സാഹിപ്പിക്കാൻ കൂട്ടുകാരുണ്ടായിട്ടാണോ പാട്ടൊക്കെ ഉപേക്ഷിച്ചത്?”

“കൂട്ടുകാർ കൊട്ടുന്നത് പ്രോത്സാഹിപ്പിക്കാനല്ല, ബാത്രൂമിന്ന് പെട്ടെന്ന് ഇറങ്ങാനാ,ഒരു റൂമിൽ തന്നെ എട്ടും ഒൻപതും പേരല്ലേ,എല്ലാവർക്കും ജോലിക്ക് പോകാനുള്ളതല്ലേ.അതൊക്കെ പറയുകയാണെങ്കിൽ ഒത്തിരിയുണ്ട്, അതൊക്കെ പോട്ടെ ഞാൻ നിനക്കൊരു കത്തയച്ചിരുന്നു. മറുപടിയൊന്നും കണ്ടില്ല”

“ഹും കത്തൊക്കെ കിട്ടി. നിനക്ക് അങ്ങിനെയൊരു മോഹമുണ്ടായിരുന്നെന്ന് പഠിക്കുന്ന കാലത്ത് ഒരിക്കൽ പോലും നീ പറഞ്ഞില്ലല്ലോടാ.നിന്റെ കത്ത് കിട്ടുമ്പോൾ വല്ലാതെ വൈകിപ്പോയിരുന്നു. ഉമ്മാടെ കയ്യിലാണ് കത്ത് കിട്ടിയത്,പിന്നെ ബാപ്പയറിഞ്ഞു, മേലാൽ ഒരു കത്തിടപാടും ഉണ്ടാവരുതെന്ന് സത്യം ചെയ്യിപ്പിച്ചു.അതോണ്ടാണ് നിനക്കൊരു മറുപടി പോലും അയക്കാഞ്ഞത്. പിന്നെ അപ്പോഴേക്കും കല്യാണം ഉറപ്പിച്ചിരുന്നു.വിധിച്ചതല്ലേ നടക്കൂ കൊതിച്ചത് നടക്കാറില്ലല്ലോ.ഇപ്പോൾ എല്ലാം തീർന്നു”

“നീ എന്താ എല്ലാം തീർന്നു എന്ന് പറഞ്ഞത്?”

“കല്യാണവും കഴിഞ്ഞു, ഇടവാടും തീർത്തു. ആറ് മാസം മാത്രം നീണ്ട ഒരു ദാമ്പത്യം.”

“നീ സത്യമാണോ പറയുന്നത് ഷാഹിനാ? എന്താടാ സംഭവിച്ചത്?’

“വളരെ സുമുഖനായ ഒരു ചെറുപ്പക്കാരൻ! അവൻ ഞങ്ങളെ വഞ്ചിക്കുകയായിരുന്നു.ആറ് മാസം കൊണ്ട് സ്വർണ്ണവും പണവുമൊക്കെ അവൻ ബുദ്ധിപൂർവ്വം കൈക്കലാക്കി.അവന് വേറേയും ഭാര്യമാർ ഉണ്ടായിരുന്നത്രേ. എല്ലാം അറിഞ്ഞപ്പോഴേക്കും ഞങ്ങൾക്ക് നഷ്ടപ്പെടാനുള്ളതെല്ലാം നഷ്ടപ്പെട്ടിരുന്നു”

അൽ‌പ്പ നേരം അവിടെ മൌനം തളം കെട്ടി നിന്നു. മൌനം ഭംഞ്ജിച്ച് കൊണ്ട് അകത്ത് നിന്നും അവളുടെ ഉമ്മ ഉമ്മറത്തേയ്ക്ക് വന്നുകൊണ്ട് എന്നോട് വളരെ ഗൌരവത്തിൽ ചോദിച്ചു,

“ടാ നീ ഷാഹിനാനെ പെണ്ണ് കാണാൻ വന്നതാ? നിനക്കവളെ കെട്ടിക്കൂടേടാ?”

ഞാൻ എന്ത് പറയണമെന്നറിയാതെ വിഷമിച്ചു.ഞാൻ  ഷാഹിനായെ നോക്കി.അവൾ  ദ്വേഷ്യത്തോടെ  ഉമ്മയുടെ നേർക്ക് തിരിഞ്ഞു ,

“ഉമ്മാ, അകത്തേയ്ക്ക് പോ, ആ റൂമിൽ പോയി ഇരിക്ക് ഹും പോ”

അവളുടെ ആജ്ഞ ഒരു കൊച്ചു കുട്ടിയെപ്പോലെ അവളുടെ ഉമ്മ അനുസരിച്ച് അകത്തേയ്ക്ക് പോയി. ഷാഹിന എന്നെ നോക്കി,

“സോറി ടാ,നീ ഒന്നും കാര്യമാക്കേണ്ട.എല്ലാം കൊണ്ടും പടച്ചവൻ എന്നെ പരീക്ഷിച്ച് കൊണ്ടിരിക്കയാണ്. എന്റെ ജീവിതം നശിച്ചതിന്റെ വിഷമത്തിൽ  ബാപ്പ ഏറെ ദുഃഖത്തിലായിരുന്നു. ഡൈവേർസ് കഴിഞ്ഞ് അധികം കഴിയുന്നതിന് മുമ്പ് ബാപ്പ എന്റെ കാര്യം ഓർത്ത് ഹ്യദയം തകർന്നാണ് മരിച്ചത്.ബാപ്പാടെ മരണം ഉമ്മാനെ ആകെ തളർത്തി. അതിന് ശേഷം ഉമ്മാക്ക് മാനസികമായി സുഖമില്ലാതെയായി. കുറേ ചികിത്സിച്ചു. ഒന്നും ഫലം കണ്ടില്ല. പിന്നെ സാമ്പത്തികമായി ബുദ്ധിമുട്ടായപ്പോൾ ചികിത്സയൊക്കെ നിർത്തി.ആ കഥകളൊന്നും പറഞ്ഞാൽ തീരില്ല”

“കൂടെ പഠിച്ചിരുന്നവരിൽ ആരേയും പിന്നെ കണ്ടില്ലേ?”

“ആരേയും ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി.എന്റെ വിധി ഞാൻ തന്നെയല്ലേ അനുഭവിച്ച് തീർക്കേണ്ടത്. അതൊന്നും പറഞ്ഞിട്ട് കാര്യമില്ലെടാ. സംസാരിച്ചിരുന്ന് നിനക്കൊരു ചായ പോലും തന്നില്ലല്ലോ. പാലില്ലെടാ,ഒരു  കട്ടനെടുക്കട്ടെ?

“വേണ്ട, ഞാൻ ഇറങ്ങട്ടെ ഷാഹിനാ,നിനക്ക് പണം വല്ലതും വേണോടാ?ഞാൻ കുറച്ച് പണം തരട്ടെ?”

“വേണ്ടടാ,ഒന്നും വേണ്ടാ, നിന്നെ കണ്ടത് തന്നെ മനസ്സിന് വലിയ സന്തോഷം, നീ ഇറങ്ങാൻ വരട്ടേടാ, നീ എന്റെ മോളെ കണ്ടില്ലല്ലോ? നീ ഇരിക്ക് ഞാൻ അവളെ എടുത്തിട്ട് വരാം.ഇന്ന് നേഴ്സറി ഇല്ലാത്തോണ്ട് അവൾ എഴുനേറ്റിട്ടില്ല”

അവൾ അകത്ത് പോയി രണ്ട് വയസ് പ്രായം തോന്നിക്കുന്ന ഒരു പെൺകുഞ്ഞുമായി എന്റെ മുന്നിലേക്ക് വന്നിട്ട് പറഞ്ഞു,

 “ഇതാടാ എന്റെ മോൾ, ഫാത്തിമ!“

“മോൾക്ക് കൊടുക്കാൻ ഒരു മിഠായി പോലും വാങ്ങിയില്ലല്ലോ”

“സാരമില്ല,അവൾക്കതൊന്നും ശീലമില്ല”

ആ കൊച്ചു മിടുക്കി ഉറക്കച്ചടവിൽ കണ്ണുകൾ തിരുമ്മിക്കൊണ്ട് എന്നെ നോക്കിക്കൊണ്ട്  ഷാഹിനാട് ചോദിച്ചു,“ ഉമ്മച്ചീ ഇതാണോ എന്റെ വാപ്പച്ചി?”

ആ ചോദ്യത്തിനു മുന്നിൽ ഞങ്ങളുടെ ചിരി മങ്ങി,എങ്കിലും ഒരു ക്യത്രിമ ചിരി വരുത്തിക്കൊണ്ട് ഷാഹിന, “ഇത് ഉമ്മച്ചീടെ ഫ്രന്റാ, മോൾടെ വാപ്പച്ചി ഗൾഫിലല്ലേ? മോൾടെ വാപ്പച്ചിയോട് വേഗം വരാൻ ഉമ്മച്ചി ഈ ഫ്രന്റിനോട് പറഞ്ഞിട്ടുണ്ട് ട്ടോ!മോൾടെ വാപ്പച്ചി വേഗം വരും. എന്ന് അവളെ സമാധാനിപ്പിച്ച് കൊണ്ട് അവളുടെ കവിളിൽ ഷാഹിന മെല്ലെ ചുംബിച്ചു.

ഞാൻ യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം ഷാഹിന എന്റെ അടുത്ത് വന്ന് കൊണ്ട് ചോദിച്ചു,

“നീയായത് കൊണ്ട് ചോദിക്യാ,ഗൾഫില് വല്ല അറബികളുടെ വീട്ടില് അടുക്കളപ്പണിക്കുള്ള വല്ല വിസയും തരപ്പെടുത്തിത്തരാൻ നിനക്ക് പറ്റുമോടാ?ബുദ്ധിമുട്ടാവില്ലെങ്കിൽ നിനക്കൊന്ന് ശ്രമിക്കാമോ?

അതിനുത്തരമായി ഞാനൊന്ന് മൂളി. അവളോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.ഒരു മഴ പെയ്തെങ്കിലെന്ന് ഞാൻ വല്ലാതെ ആഗ്രഹിച്ചു,കാരണം ആ മഴയത്ത് മനസ്സിലെ സങ്കടം മാറുന്നത് വരെ ഒന്ന് പൊട്ടിക്കരഞ്ഞ് നടന്നാലും എന്റെ കണ്ണുനീർ ആരും കാണില്ലല്ലോ എന്ന് സമാധാനിച്ചു.അൽ‌പ്പം കഴിഞ്ഞില്ല,എന്നെ ആശ്വസിപ്പിക്കുമാറ് ഒരു മഴത്തുള്ളി എന്റെ നെറുകിൽ വന്ന് ചുംബിച്ചു, പിന്നീടതൊരു പെരുമഴയായി മാറി. ഞാനാമഴയിൽ ഏറെ നേരം നനഞ്ഞു!മനസ്സിലെ സങ്കടം മുഴുവൻ മഴത്തുള്ളികൾ ഏറ്റ്വാങ്ങി ഭൂമിയിലേക്ക് അലിഞ്ഞ് ചേർന്നു!


Saturday, September 18, 2010

കുഞ്ഞീവിയുടെ SMS തമാശകള്‍ !!!

പ്രിയമുള്ള സുഹൃത്തുക്കളെ,

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഞാന്‍ കുഞ്ഞീവിയുമായി വീണ്ടും എത്തുകയാണ്. കുഞ്ഞീവിയേയും മകള്‍ സൂറയെയും ആരും മറന്നിട്ടില്ലല്ലോ അല്ലെ? ഇത്തവണ കുഞ്ഞീവിത്താടെ ചെറിയ ചെറിയ തമാശകളാണ് എഴുതുന്നത്. നിങ്ങള്‍ക്ക് ഇഷ്ടമാകും എന്നാണ് പ്രതീക്ഷ. ഇഷ്ടമായാലും   ഇല്ലെങ്കിലും നിങ്ങളുടെ  വിലയേറിയ  അഭിപ്രായങ്ങള്‍  അറിയിക്കുമല്ലോ. 
തുടര്‍ന്നും ഇവിടെയൊക്കെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ...
സസ്നേഹം,
വാഴക്കോടന്‍

കുഞ്ഞീവിയും റേഷന്‍ കടയും!

"അല്ല കുഞ്ഞീവിത്താതാ നിങ്ങളീ റേഷന്‍ കടയുടെ മുന്നിലെത്തിയാല്‍ ഒരു മിനിറ്റ് തലകുനിച്ച് പ്രാര്‍ത്ഥിക്കുന്നതെന്തിനാ ?"

"അത് മോനേ, ന്‍റെ ബാപ്പാന്റെ ഓപ്പറേഷന്‍ സമയത്ത്  ബോധം  കെടുത്താനുള്ള മരുന്ന്‍ തീര്‍ന്നപ്പോ അടുത്തുള്ള റേഷന്‍ കടേന്നു അരി കൊണ്ടോന്ന്‍ മണപ്പിച്ചല്ലേ  ബോധം കേടുത്തീത്! ദോഷം പറയരുതല്ലോ അതോടെ  ബാപ്പ ബോധം കെട്ടൂന്നു മാത്രല്ല അങ്ങനെ കെടന്ന് മയ്യത്തായി!ഇപ്പഴും റേഷന്‍ കട കണ്ടാല്‍ ,അപ്പൊ  ഞമ്മക്ക് ബാപ്പാനെ ഓര്‍മ്മ വരും ! അതാ !!

കുഞ്ഞീവിയും നീലത്താമാരയും !


"കുഞ്ഞീവിത്താ ക്ഷേത്രപ്പടിയില്‍ പൈസ വെച്ച് പ്രാര്‍ത്ഥിച്ചാല്‍ കുളത്തില് നീലത്താമര വിരിയും എന്നൊരു ഐതീഹ്യം ഉള്ള പോലെ ഇത്താടെ ചായക്കടയ്ക്ക് വല്ല ഐതീഹ്യവും ഉണ്ടോ?"

"പിന്നില്ലേ, ന്‍റെ ചായക്കടെന്നു ചായ കുടിച്ച് പൈസ പെട്ടീമെ വെക്കാണ്ട് കടം പറഞ്ഞാ ഓന്‍റെ തലേല് ചോന്ന താമര വിരിയും, അത്രന്നെ !"

കുഞ്ഞീവിയും നായയും !

"കുഞ്ഞീവിത്താ ഈ കൊച്ചമ്മമാരും ചില പരിഷ്കാരി പെണ്ണുങ്ങളും നായയെ വളര്‍ത്തുകയും, എവിടെ പോകുമ്പോഴും ഒപ്പം കൊണ്ട് നടക്കുകയും ചെയ്യുന്നത് പോലെ കുഞ്ഞീവിത്താക്കും ഒരു നായേനെ വളര്‍ത്തിക്കൂടെ? 

"പടച്ചോനാണേ  നായ  ഞമ്മക്ക് ഹറാമാ, അതോണ്ടല്ലേ ഞമ്മള് വീരാനിക്കാനെ നിക്കാഹ് കയിച്ചത്! ഹല്ല പിന്നെ!

കുഞ്ഞീവിയും യക്ഷിയും !

"കുഞ്ഞീവിത്താ, നിങ്ങടെ  മതത്തില് ഈ പിശാചും  യക്ഷികളൊന്നും ഇല്ലേ?" 

"പിന്നില്ലേ , ഞമ്മടെ മതത്തില് അതിന്  ജിന്നും ശെയ്ത്താനുമൊക്കെയല്ലേ പേര്!"

"അല്ല, ഇന്നുവരെ ഒരു പെണ്‍ ജിന്നിനെ ആരും കണ്ടതായി കേട്ടിട്ടില്ലല്ലോ ഇത്താ ?"

"ചിലപ്പോ നേരായിരിക്കും, കാരണം ഈ യക്ഷികളെപ്പോലെ വെള്ള സാരിയുടുത്ത് ജിന്നുകള്‍ക്ക് നടക്കാന്‍ പറ്റില്ലാല്ലോ, വല്ല വധ ഭീഷണിയും വന്നാലോ ന്ന്‍ കരുതി,   അവര് വല്ല കറുത്ത പര്‍ദ്ദയും  മക്കനയുമൊക്കെയിട്ട്   ഇരുട്ടത്ത്  നടന്നാ പിന്നെ  ആര് കാണാനാ?"

 കുഞ്ഞീവിയും സ്വര്‍ഗ്ഗവും നരകവും !

"കുഞ്ഞീവിത്താ, നിങ്ങള് മരിച്ചു പോയാല്‍  സ്വര്‍ഗ്ഗത്തില്‍ പോകാനാണോ ഇഷ്ടം അതോ നരകത്തില്‍ പോകാനാണോ ഇഷ്ടം?"

"സത്യം പറഞ്ഞാ,  സ്വര്‍ഗ്ഗത്തില്‍ പോയാല് അവിടെ കമ്പ്ലീറ്റ് വയസായ മുക്രി, മുസ്ലിയാക്കന്മാര് , മോല്ലാക്കാ തുടങ്ങീ  ടീമുകളാവും! അവരുടെ ഇടയില്‍ കിടന്ന്‍ ബോറടിക്കുന്നതിലും നല്ലത് നരകത്തില്‍ പോകുന്നതാ!ഹല്ല പിന്നെ"

കുഞ്ഞീവിയും പരസ്യവും !

"അല്ല ഇത്ത, ഇത്താടെ ചായക്കടയ്ക്ക് ഈ ജ്വല്ലറിക്കാര് പരസ്യം ചെയ്യണ പോലെ പരസ്യം കൊടുത്തൂടെ? നല്ല വരുമാനം കിട്ടും  ഇത്താ?"

"ഞാനും ഇന്‍റെ മോള് സൂറയും കൂടി നടത്തുന്ന ഈ ചായക്കട 'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്നും  പറഞ്ഞു പരസ്യം കൊടുത്താല്‍... ജനങ്ങള്‍  എന്ത് വിജാരിക്കുമെടാ ഹമുക്കേ !

കുഞ്ഞീവിയും പേറ്റന്റും  !

"കുഞ്ഞീവിത്താ, ഇത്താടെയും മോള് സൂറാടെയും 'പേറ്റന്റ്' ആ വാഴക്കോടന്  സ്വന്തമാണെന്ന്‍ പറഞ്ഞു കേട്ടത് സത്യമാണോ? നാട്ടില്‍ അങ്ങിനെ ഒരു സംസാരം ഉണ്ടേ...!"

"പ്ഫ ശേയ്താനെ ആരാണ്ടാ അത് പറഞ്ഞത്? ഇന്‍റെ കെട്യോന്‍ വീരാന്‍ മയ്യാത്തായി ന്ന്‍ ബിജാരിച്ചിട്ടു എന്ത്  തോന്യാസവും  പറയാന്നോ? അറക്കും ഞാന്‍ ഹാ!!!

Tuesday, March 2, 2010

വൈശാലി റീലോഡഡ് ! സ്കിറ്റ് !! (ഒടുക്കത്തെ ഭാഗം)

രാജാവും രാജ്ഞിയും മന്ത്രിയും ചേര്‍ന്ന്  ഋശ്യശൃംഗനെയും വൈശാലിയേയും കൊട്ടാരത്തിലേക്ക് സ്വീകരിച്ച് ആനയിക്കുന്നതില്‍ നിന്നും ഈ സ്കിറ്റ് തുടരുന്നു.

രാജാവ്: കുമാരീ നല്ല യാത്രാ ക്ഷീണമുണ്ടല്ലോ.യാത്രയ്ക്ക് വണ്ടിക്കൂലി തികഞ്ഞില്ലെ?

കുമാരി: ഡാഡീ, സാമ്പത്തിക മാന്ദ്യം മൂലം...

രാജാവ്: എന്ത് അവിടേയും മാന്ദ്യമോ? ആട്ടെ എന്നിട്ടെങ്ങിനെയെത്തി? ഐ മീന്‍ കള്ളവണ്ടി കേറിയോ?

കുമാരി: നടന്ന് മനുഷ്യന്റെ പരിപ്പിളകി! അവസാനം ഒരു ലോക്കല്‍ ആനവണ്ടി കിട്ടി ഡാഡീ.

രാജാവ്: ബൈ ദി ബൈ കുമാരീ നമ്മള്‍ മഴപെയ്യിക്കാന്‍ വേണ്ടി സെര്‍ച്ച് ചെയ്ത മുനികുമാരന്‍  തന്നെയാണോ ഈ നില്‍ക്കുന്നത്? കണ്ടിട്ട് ഒരു രാജഗുരു മോഡലാണല്ലോ! ടൂ ഓള്‍ഡ്

കുമാരി: അത് ഡാഡീ.. കുമാരന്‍ മേക്കപ്പ് സെറ്റ് എടുക്കാന്‍ മറന്നതാണ്,മാത്രമല്ല മുനി കുമാരന്റെ പല രഹസ്യങ്ങളും ഞാനീ യത്രയില്‍ കണ്ടുപിടിച്ചു ഡാഡീ...

രാജാവ്:  ഈശ്വരാ.... ഞാന്‍ എന്താണീ കേള്‍ക്കുന്നത്? കുമാരീ.... നീയും ഒരു സി.ബി ഐ ഡയറിക്കുറിപ്പായോ ? എന്റെ  എസ് എന്‍ സ്വാമീ....ഇവളെ  ഇനിയെങ്ങനെ ഞാന്‍  മറ്റൊരാളുടെ തലയില്‍ കെട്ടിവെക്കും ‍?

കുമാരീ: ഡാഡീ..ഞാനിപ്പോഴും ആരും കാണാത്ത അവാര്‍ഡ് ചിത്രം പോലെ പരിശുദ്ധയാണ് ഡാഡീ പരിശുദ്ധയാണ്. ഈ മുനികുമാരന്‍  തലയില്‍ ‘വിഗ്ഗ് ‘ വെച്ച് കൊണ്ടാണ് നടക്കുന്നതെന്ന രഹസ്യമാ ഞാന്‍  കണ്ടുപിടിച്ചത് ഡാഡീ.

രാജാവ്: ഹോ ഞാന്‍ തെറ്റിദ്ധരിച്ചു മകളേ... ഈ ഡാഡിയോട് ക്ഷമിച്ചു എന്നൊരു വാക്ക്...! മുനികുമാരാ, കൊട്ടാരത്തിലേക്ക് സ്വാഗതം.ആട്ടേ പിതാവ് ഇപ്പോഴും ഭക്തി സീരിയലുകളില്‍ അഭിനയിക്കാന്‍ പോകുന്നില്ലേ?

മുനികുമാരന്‍:  അഹങ്കാരി!

രാജാവ്: എന്ത് നോം അഹങ്കാരിയാണെന്നോ?

മുനികുമാരന്‍: അല്ല പ്രഭോ, എന്റെ അച്ഛന്‍ തിലകമുനിയുടെ കാര്യമാണ് പറഞ്ഞത്. പണ്ട് ഞാന്‍ കുളിസീന്‍ കണ്ടതിന് എന്നെ തല്ലിയോടിച്ച വിനയമഹര്‍ഷിയുടെ ‘യക്ഷി‘ പോലുള്ള ഭാര്യയുമായി അച്ഛന്‍  ഇപ്പോള്‍ ബന്ധം വെച്ചിരിക്കുന്നു!

രാജാവ്: എന്ത് ആ ദുഷ്ടനായ വിനയമഹര്‍ഷിയുടെ ശല്യം അവിടേയുമുണ്ടോ? കുമാരനറിയുമോ? വിനയമുനിയുണ്ടാക്കിയ അതിശയമരുന്ന് കഴിച്ചാണ് എന്റെ അച്ഛന്‍ തട്ടിപ്പോയത്! അതിശയമരുന്ന് കഴിച്ച് അദ്യശ്യനായെന്ന് കരുതി ലേഡീസ് ഹോസ്റ്റലില്‍ കയറിയ അച്ഛന്‍ പിന്നെ ശരീരം മൊത്തം നീര് വന്ന് വീര്‍ത്ത് അതിശയനായല്ലേ വന്നത്! അതോടെ നോം ഇവിടെനിന്നും പുറത്താക്കിയതാണ്. ആ വിനയമഹര്‍ഷിയെ കാണുന്നത് പോലും നമുക്ക് ചതുര്‍ത്ഥിയാണ്. കുമാരന്‍  തിലകമുനിയെ  വീട്ടില്‍  നിന്നും വിലക്കിയിട്ടുണ്ടാകും അല്ലെ?

മുനികുമാരന്‍:  നോ നോ അച്ഛനെ വിലക്കാന്‍ ഞാനാരാ അമ്മയോ? ഞാന്‍  വീട്ടിന്ന് തന്നെ പിടിച്ച് പുറത്താക്കി, ഐ മീന്‍ സസ്പെന്‍ഡ് ചെയ്തു എന്ന്. പിന്നെ ഒരു അമ്മാവനാണ് എന്നെ ഫലിതങ്ങള്‍ പറഞ്ഞ് വളര്‍ത്തി വലുതാക്കിയത്. പാവം അമ്മാവന്‍, ഫലിത ബിന്ദുക്കളിലെ ഫലിതങ്ങള്‍ വരെ തോറ്റുപോകുന്ന ഒടുക്കത്തെ കോമഡിയല്ലേ നേരോം കാലോം നോക്കാതെ വെച്ചലക്കുന്നത് ?

രാജാവ്: എന്ത് ഇത്രയും ഫലിതം പറയുന്ന അമ്മാവനോ? എങ്കില്‍ നമ്മെ ഒന്ന് മുഖം കാണിക്കാന്‍ പറയൂ! നോമും ഒന്ന് ആര്‍മ്മാദിക്കട്ടെ!

മുനികുമാരന്‍: വേണ്ട പ്രഭോ കൊട്ടാരം എന്നൊക്കെ പറഞ്ഞാല്‍ ഗ്രഹിണി പിടിച്ച കുട്ടികള്‍ ചക്കക്കൂട്ടാന്‍ കണ്ട പോലെയാ അമ്മാവന്.വെറുതെ വടി കൊടുത്ത് അടി വാങ്ങണ്ട!

രാജ്ഞി: പ്രഭോ നോക്കൂ.. മുനികുമാരന്‍  നല്ല ജിമ്മാണല്ലോ. കയ്യിലും കാലിലുമൊക്കെ നിറയെ ചെറിയ ചെറിയ മസിലുകള്‍ കണ്ടില്ലേ?

മുനികുമാരന്‍: അയ്യോ രാജ്ഞീ, അത് മസിലുകളല്ല. കൊച്ചി വഴി വന്നപ്പോള്‍ കൊതുക് കുത്തിയതാ.അത് തടിച്ച് വീര്‍ത്ത പാടാ. വല്ല പന്നിപ്പനിയും വരാതിരുന്നാല്‍ മതിയായിരുന്നു.

കുമാരി: മമ്മീ, ഈ മുനികുമാരന് അങ്ങ് പാണ്ട്യ രാജ്യത്ത് നല്ല പിടിപാടാണെന്ന്! വേണമെങ്കില്‍ പണ്ട്യരാജന്റെ കൊട്ടാരത്തിലെ ന്യത്തസദസ്സില്‍ പങ്കെടുപ്പിക്കാന്‍ എന്നെ പുഷ് ചെയ്ത് വിടാമെന്ന് സമ്മതിച്ചിട്ടുണ്ട്.എന്റെ ഭാഗ്യം എന്നേ പറയേണ്ടൂ. ഈ മുനികുമാരന്‍ മുന്‍പ് പുഷ് ചെയ്ത് വിട്ട പലരും ഇപ്പോള്‍ പാണ്ടിരാജ്യത്തെ സ്റ്റാറുകളാ!നയന താരങ്ങള്‍!

രാജ്ഞി: അല്ലെങ്കിലും നിന്റെ പതിനേഴാം വയസ്സില്‍ നീ പ്രശസ്തിയുടെ ഗോപുരം കയറുമെന്നും, പാണ്ട്യരാജ്യത്ത് പോലും നീ  പേറും പുകയും നേടുമെന്നും..

കുമാരി: എന്ത്?

രാജ്ഞി: അല്ലാ... പേരും പെരുമയും ഉണ്ടാകുമെന്നാ കണിയാന്‍ കവടി നിരത്തി എന്നെ നോക്കി  പറഞ്ഞത്. കണ്ടില്ലെ ഈ മുനികുമാരന്‍ പോലും കുമാരിയെ കണ്ടല്ലേ മയങ്ങി വന്നത്.

രാജാവ്: അത് പിന്നെ അങ്ങിനെയല്ലേ ഉണ്ടാവൂ റാണീ...കയ്യിലുള്ളത് ഉണ്ടയില്ലാത്ത നാ‍ടന്‍ തോക്കാണെങ്കിലും  ഇളം മാന്‍ പേടയെ വേട്ടയാടാനല്ലേ മുനികുമാരനായാലും മോഹം ഉണ്ടാവുക. ബൈ ദി ബൈ കുമാരാ നമുക്ക് വെള്ളത്തിന്റെ പരിപാടിയിലേക്ക് കടന്നാലോ?

മുനികുമാരന്‍: അങ്ങിനെയാകട്ടെ പ്രഭോ. വാറ്റടിച്ചടിച്ച് നാവിലെ തൊലി വരെ പോയി.ഇന്നെങ്കിലും ഒരു സ്കോച്ചടിക്കണം!

രാജാവ്: എന്തൂട്ട്? മുനികുമാരാ മഴ പെയ്യിച്ച് വെള്ളം ഉണ്ടാക്കുന്ന പരിപാടിയിലേക്ക് കടക്കാമെന്ന്!

മുനികുമാരന്‍: ഹോ അതായിരുന്നോ?  കഴിഞ്ഞ തവണ മഴ ന്യത്തത്തിനു വേണ്ടി  പെയ്യിച്ച മഴയുടെ കാശ് തന്നെ ആ ഫയര്‍ഫോര്‍സുകാര്‍ക്ക് കൊടുത്തിട്ടില്ല. ഇവിടെ ക്യത്യ സമയത്ത് തന്നെ വന്ന് അവര്‍ കുടുംബ പാരമ്പര്യം കാക്കും എന്ന പ്രതീക്ഷയില്‍ ഞാന്‍ യാഗം തുടങ്ങട്ടെ!ശംഭോ മഹാ ദേവാ...

മന്ത്രി:  ഋശ്യശൃംഗാ മഴ ശരിക്കും പെയ്യുമോ? കുറച്ച് റബ്ബര്‍ ഷീറ്റ് ഉണക്കാനിട്ടിരുന്നു,അതെടുക്കണോ എന്നറിയാനാ ?

മുനികുമാരന്‍: ഉവ്വോ? എവിടെയാണ് ഉണക്കാനിട്ടിരിക്കുന്നത്?

മന്ത്രി: എന്റെ വീടിന്റെ പടിഞ്ഞാറേ മൂലയിലാണ്.

മുനികുമാരന്‍: എങ്കില്‍ പേടിക്കാനില്ല. അതവിടെ കിടന്നോട്ടെ.മാത്രവുമല്ല മഴക്കൂലി കൊടുക്കാന്‍ മറ്റൊരു വഴിയില്ലാതെ ഇരിക്കുകയായിരുന്നു.ഇപ്പോള്‍ സമാധാനമായി ഹോമത്തിലേക്ക് കടക്കുകയുമാവാം.. സ്വാഹ!ആഹാ,ഹ ഹ ഹാ!
(മുനികുമാരന്‍ അതി ഭീകരമായ മന്ത്രങ്ങള്‍ ചൊല്ലുന്നു.അല്‍പ്പ സമയത്തിനു ശേഷം പുറത്ത് ശക്തിയായി മഴ പെയ്യുന്നു. എല്ലാവരും “ദും ദും ദും ദുംതുഭി നാദം നാദം നാദം” എന്ന ഗാനത്തിനൊത്ത് ന്യത്തം ചെയ്യുന്നു.എല്ലാവര്‍ക്കും സന്തോഷമാകുന്നു.രാജാവ് സന്തോഷത്തോടെ മുനികുമാരനെ ആലിംഗനം ചെയ്യുന്നു.അത് കണ്ട് സന്തോഷത്താല്‍ രാജ്ഞിയും മുനികുമാരനെ ആലിംഗനം ചെയ്യുന്നു. ഇത് കണ്ട് ക്ഷുപിതനായി രാജാവ് )
“രാജ്ഞീ...നോം എന്താണീ കാണുന്നത്?

രാജ്ഞി: ക്ഷമിക്കണം പ്രഭോ, ഒരു ചെയിഞ്ചൊക്കെ ആരാ ഇഷ്ടപ്പെടാത്തേ?

രാജാവ്: ഈ ആനന്ദ വേളയില്‍ നാം എല്ലാം മറന്നിരിക്കുന്നു.പറയൂ മുനികുമാരാ ഈ ഉപകാരത്തിന് പാരിദോഷികമായി നോം എന്താണ് തരേണ്ടത്? ചോദിക്കൂ നോം എന്തും തരാന്‍ ഒരുക്കമാണ് കുമാരാ!

മന്ത്രി: വിടുവായത്തം വേണ്ട പ്രഭോ! പണയത്തിലല്ലാത്ത ഏത് പ്രമാണമുണ്ട് നമുക്ക് കൊടുക്കാനായിട്ട്? വല്ല ആമാടപ്പെട്ടിയും കൊടുത്ത് വിട്ടേക്കാം!അതാകുമ്പോള്‍ ഇവിടെയുണ്ടല്ലോ!.

രാജാവ്: മഹാ മന്ത്രീ നമ്മുടെ കുമാരിക്ക് സമ്മതമാണെങ്കില്‍ നമുക്കവളെ കുമാരന് വിവാഹം ചെയ്ത് കൊടുക്കാം.

മുനികുമാരന്‍: പ്രഭോ അവിടന്ന് പൊറുക്കണം.

രാജാവ്: വ്യത്തികെട്ടവന്‍! തന്റെ കൂടെ ഞാന്‍ പൊറുക്കാനോ? താന്‍ അത്തരക്കാരനാണോടോ?

മുനികുമാരന്‍: പ്രഭോ ഞാന്‍ ഉദ്ദേശിച്ചത് അവിടുന്ന് മാപ്പാക്കണം എന്നാണ്.

രാജാവ്: കുമാരനെ കണ്ടപ്പഴേ തോന്നി നീ കുമാരിയുടെ മാപ്പില്‍ മാര്‍ക്ക് ചെയ്തിട്ടുണ്ടാകുമെന്ന്. സാരമില്ല നോം കുമാരിയെ മുനികുമാരന് തന്നെ ഗിഫ്റ്റായി നല്‍കുന്നതില്‍ സന്തോഷമേയുള്ളൂ.

മുനികുമാരന്‍: പ്രഭോ ഒരു കാര്യം ഉണര്‍ത്തട്ടെ. കുമാരിയോടൊപ്പം വരുമ്പോഴാണ് ഞാന്‍ ആ സത്യം മനസ്സിലാക്കിയത്!

രാജാവ്: ഈശ്വരാ....വീണ്ടും ടെസ്റ്റോ? കുമാരാ. മനസ്സിലാക്കിയ സത്യം എന്താണെന്ന് പറഞ്ഞാലും...

മുനികുമാരന്‍: എന്റെ കെമിസ്ട്രിയും കുമാരിയുടെ കെമിസ്ട്രിയും തമ്മില്‍ വര്‍ക്ക് ചെയ്യുന്നില്ല പ്രഭോ വര്‍ക്ക് ചെയ്യുന്നില്ല!

രാജാവ്: ഈശ്വരാ... നോമീ കേട്ടത് സത്യമാണോ? റാണീ നമ്മുടെ കെമിസ്ട്രി നന്നായി വര്‍ക്ക് ചെയ്യുമായിരുന്നല്ലോ ? പറയൂ റാണീ എന്താണ് മകളുടെ കാര്യത്തില്‍ സംഭവിച്ചത്?

മന്ത്രി: റാണിയുടെ കെമിസ്ട്രി വളരെ നന്നായി വര്‍ക്ക് ചെയ്യുന്നതാണല്ലോ പ്രഭോ!

രാജാവ്: മന്ത്രീ  ഞാനിത് എങ്ങിനെ സഹിക്കും.കെമിസ്ട്രി വര്‍ക്ക് ചെയ്യാത്ത ഒരു കുമാരിയെയാണോ ഞങ്ങള്‍ ഇത്രകാലം വളര്‍ത്തിയത്! ഞങ്ങളോട് ക്ഷമിക്കൂ കുമാരാ ക്ഷമിക്കൂ. കെമിസ്ട്രിയില്ലാത്തതാണെങ്കിലും എന്റെ മകളെ സ്വീകരിച്ചാലും....

മുനികുമാരന്‍: അങ്ങ് കോപിക്കില്ലെങ്കില്‍ ഞാന്‍ ഒരു സത്യം പറയാം! എന്റെ കെമിസ്ട്രി വര്‍ക്ക് ചെയ്യുന്നത് റാ‍ണിയോടൊപ്പം നില്‍ക്കുമ്പോള്‍ മാത്രമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. അതിനാല്‍ റാണിയെ എനിക്ക് സമ്മാനമായി നല്‍കിയാലും പ്രഭോ നല്‍കിയാലും!

രാജാവ്: എന്ത് ? ‘സുനാമി‘ ഇരന്ന് വാങ്ങുന്നോ കുമാരാ? എന്തായാലും ഇതോടെ കുമാരന്റെ ഫിസിക്സ് വരെ അടിച്ച് പോകും, തീര്‍ച്ച!

മുനികുമാരന്‍: പ്രഭോ അങ്ങയുടെ 17 വയസുള്ള മകളുടെ കൂടെ പോയാല്‍ അശ്ലീലമാകുമെന്ന് എന്റെ അമ്മാവന്‍ ചക്കക്കൂട്ടാന്‍ കൂട്ടുമ്പോഴൊക്കെ പറയാറുണ്ട്. എന്നാല്‍ പിന്നെ തരക്കാരോടൊത്ത് കൂടാമെന്ന് വെച്ചു. റാണീ വരൂ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളുണ്ട് വരൂ, പ്രഭോ റ്റാറ്റാ!
(മുനികുമാരന്‍ റാണിയുമായി പോകുന്നു)

മന്ത്രി: പ്രഭോ മുനികുമാരന്‍ പറഞ്ഞത് കേട്ടില്ലെ? അവന്‍ റ്റാറ്റയാണെന്ന്! റാണിയെ അവന്‍ മുഴുവനായും കയ്യേറിയെന്ന്!എന്നിട്ടും എന്താണ് അങ്ങ് ഒന്നും മിണ്ടാത്തത്!

രാജാവ്: സാരമില്ല മന്ത്രീ നമുക്ക് ഇനി ഇടയ്ക്കിടയ്ക്ക് പോയി കയ്യേറ്റം ഒഴിപ്പിച്ച് ബോര്‍ഡ് നാട്ടി വന്നാല്‍ മതിയല്ലോ?  എങ്ങിനെയുണ്ട് എന്റെ ബുദ്ധി?

മന്ത്രി: പ്രഭോ എങ്കില്‍ ഞാനും ഒരു കൊച്ചു റ്റാറ്റയാവുകയാണ്! ഈ കയ്യേറ്റം എന്തായാലും  അങ്ങ് ഒഴിപ്പിക്കരുത്.കാരണം ഈ കയ്യേറ്റ ഭൂമിയില്‍ ഞാനൊരു റിസോട്ട് പണിയാനുള്ള തറക്കല്ലിട്ടു പ്രഭോ! തറക്കല്ലിട്ടു!

രാജാവ്: മഹാമന്ത്രീ ചിത്തഭ്രമം ബാധിച്ചവനെപ്പോലെ സംസാരിക്കാതെ തെളിച്ച് പറയൂ.

മന്ത്രി: അങ്ങയുടെ മകളെ ഞാന്‍ കയ്യേറിയെന്ന്! വരൂ കുമാരീ നമുക്ക് നഗരങ്ങളില്‍ ചെന്ന് രാപാര്‍ക്കാം!വരൂ... നമുക്ക് അവിടം സ്വര്‍ഗ്ഗമാക്കാം, വരൂ കുമാരീ !

രാജാവ്: മകളേ...നീയും അച്ചടക്കം ലംഘിക്കുകയാണോ?

കുമാരി: ഡാഡീ, കയ്യേറ്റ വസ്തുവായി പോകുകയാണെങ്കിലും എന്റെ ഒറിജിനല്‍ പട്ടയമായ ഡാഡിയെ ഞാന്‍ എന്നും ഓര്‍ക്കും എന്നും ഓര്‍ക്കും. അച്ഛനു വേണ്ടി ഞാനീ ഗാനം എന്നും ഡെഡിക്കേറ്റ് ചെയ്യും!  “സൂര്യനായ് തഴുകിയുറക്കമുണര്‍ത്തുമെന്‍ അച്ഛനെയാണെനിക്കിഷ്ടം അച്ഛാ“, സത്യം! ശിവം, സുന്ദരം!  അച്ഛാ..റ്റാറ്റാ
(മന്ത്രിയും കുമാരിയും പുറത്തേക്ക് പോകുന്നു)

രാജാവ്: ഈശ്വരാ ഞാന്‍ വീണ്ടും ഒറ്റപ്പെട്ടോ??സാമ്പത്തിക മാന്ദ്യം കാരണം ആ തോഴികളെ പിരിച്ച് വിട്ട തെറ്റ് ഞാന്‍ ഇനി ഏത് രേഖകൊണ്ട് തിരുത്തും എന്റെ ദൈവമേ!...ആ.... ഇനി പറഞ്ഞിട്ടെന്താ കാര്യം! കൂടെ നിന്നവര്‍ ഇത്ര വര്‍ഗ്ഗ വഞ്ചകരായിരുന്നോ? ഹമ്മേ.... 
          (രാജഗുരു രാജാവിന്റെ സന്നിധിയിലേക്ക് കടന്ന് വരുന്നു)
“പ്രഭോ അങ്ങെന്താണ് എലിമിനേഷന്‍ റൌണ്ടില്‍ എസ് എം എസ് ഇല്ലാത്തവനെപ്പോലെ ദുഃഖിച്ച് നില്‍ക്കുന്നത്? ഇങ്ങനെ പള്ളിദുഃഖപ്പെടാന്‍  എന്തുണ്ടായി പ്രഭോ?

"പാട്ട് പാടിയാലും ന്യത്തം ചെയ്താലും എന്തിനേറെ മിമിക്രി കാണിച്ചാ വരെ എസ് എം എസ് തെണ്ടിപ്പോകും എന്ന് പറഞ്ഞ എന്റെ അച്ഛന്റെ വാക്ക് കേള്‍ക്കാഞ്ഞത് കൊണ്ട് എല്ലാവരും എന്നെ വെറുമൊരു മുഖ്യമന്ത്രിയാക്കി കടന്നു കളഞ്ഞു ഗുരോ കടന്ന് കളഞ്ഞു!

‘പ്രഭോ.ആരൊക്കെ പോയാലും അങ്ങീ സിംഹാസനത്തില്‍ നിന്നും പിടിവിടരുത്! പിന്നെ നമ്മുടെ ചെമ്പരത്തിയാര്‍ അണക്കെട്ടില്‍ വെള്ളം നിറഞ്ഞ് അത് തകരുന്ന അവസ്ഥയിലാണ്.ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ നമ്മുടെ രാജ്യം വെള്ളത്തിലാകും!”

“ഈശ്വരാ....ചുമയും വയറ്റീന്ന് പോക്കും ഒരുമിച്ച് വന്നപോലെയായല്ലോ! രാജ ഗുരുവേ ഇനി എന്താണൊരു പോം വഴി? പറഞ്ഞാലും!”

“പ്രഭോ, എന്റെ മകനെ ഈ കൊട്ടാരത്തില്‍ അപ്പോയന്റ് ചെയ്താല്‍  നല്ലൊരു  പ്രതിവിധി അവന്‍ കണ്ടെത്തും പ്രഭോ. അവന്‍ മിടുക്കനാണെന്ന് മാത്രമല്ല ഉറക്കത്തില്‍ പോലും ഇനി തെറ്റ് ചെയ്യില്ലെന്ന് സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തിട്ടുണ്ട് പ്രഭോ! തീരുമാനം പെട്ടെന്ന് വേണം ഡാം ഏത് നിമിഷവും തകരും!”

“രാജഗുരുവേ..അങ്ങെന്റെ പുക കണ്ടേ അടങ്ങൂ അല്ലേ? ഡാം പൊട്ടുന്നതിനേക്കാള്‍ വലിയ ദുരന്തമൊന്നുമല്ലല്ലോ ഗുരുവിന്റെ മകന്‍! എവിടെ വിളിക്കൂ അയാളെ,രാജ്യത്തെ രക്ഷിക്കൂ... വേഗം!“

“മോനേ..ഉണ്ണിക്കണ്ണാ..കടന്ന് വരൂ...(രാജഗുരുവിന്റെ മകന്‍ കടന്ന് വരുന്നു)

രാജാവ്: ഉണ്ണിക്കണ്ണാ, ഇന്നുമുതല്‍ നിന്നെ ഞാനിതാ പടയാളിയാക്കിയിരിക്കുന്നു. ഇനി പറയൂ എങ്ങിനെ നമ്മുടെ രാജ്യം രക്ഷിക്കാം?

ഉണ്ണി: പ്രഭോ, വെറും പടയാളിയോ? ഇത് കഴിഞ്ഞ മാസമായിരുന്നെങ്കില്‍ സ്വീകരിക്കായിരുന്നു. ഇതിപ്പോ ഇത്രേം ദിവസമായ സ്ഥിതിയ്ക്ക്...

രാജാവ്: ഈശ്വരാ.... ഫാഷന്‍ ടീവീലാണല്ലോ ‘ഭക്ത കുചേല’ടെലികാസ്റ്റ് ചെയ്യുന്നത്! ശരി എങ്കില്‍ ഉണ്ണിയെ നാം മന്ത്രിയായി നിയമിച്ചിരിക്കുന്നു.!

ഉണ്ണി: ഇത് കഴിഞ്ഞ ആഴ്ചയായിരുന്നെങ്കില്‍ സ്വീകരിക്കായിരുന്നു. ഈ അപകട ഘട്ടത്തില്‍......

രാജാവ്: എങ്കില്‍ നമ്മുടെ ജെ.സി.ബി ഡ്രൈവറാക്കിയിരിക്കുന്നു.

ഉണ്ണി: എന്തൂട്ട് പ്രഭോ?

രാജാവ്: നമ്മുടെ സേനാനായകനാക്കിയിരിക്കുന്നെന്നു! എന്താ വിശ്വാസമായില്ലെ?

ഉണ്ണി: എങ്കില്‍ ആ വാളും പരിചയും നല്‍കി അനുഗ്രഹിച്ചാലും പ്രഭോ!

രാജാവ്: ആരവിടെ, നമ്മുടെ സേനാനായകന് വാളും പരിചയും എത്തിക്കൂ.
(ഒരു ഭടന്‍ വാളും പരിചയും ഉണ്ണിക്കുട്ടനെ ഏല്‍പ്പിക്കുന്നു,ഉണ്ണിക്കുട്ടന്‍ വാള്‍ പരിശോധിച്ച് രാജാവിനെ വെട്ടി വീഴ്ത്തുന്നു)

രാജാവ്: ഈശ്വരാ....എന്റെ ചീട്ട് ഞാനായിട്ട് തന്നെ കീറി...ഹമ്മേ...എന്റെ പള്ളിമരണം ആ.........

ഉണ്ണി: ഹ ഹ ഹ ഒരു ചാന്‍സിനു വേണ്ടി നിക്കാന്‍ തുടങ്ങീട്ട് കാലമെത്രമായെന്നറിയോ? ഒടുവില്‍ ഒരു വ്യാജ വാര്‍ത്ത തന്നെ സ്യഷ്ടിക്കേണ്ടി വന്നു.ഡാം പൊളിയും പോലും.എഞ്ജിനീയര്‍ കരുണാനിധി പോലും പറയില്ല ഡാമിനു ഉറപ്പില്ലെന്ന്.പാവം രാജാവ് ഹ ഹ ഹ
(ഈ സമയം സിംഹാസനത്തില്‍ കയറിയിരിക്കുന്ന രാജഗുരു)

ഗുരു: സന്തോഷമായി മകനേ സന്തോഷമായി.ഒടുവില്‍ നീ എനിക്കീ സിംഹാസനം നേടിത്തന്നു.നീ എന്റെ പൊന്നുമോന്‍ തന്നെ!

ഉണ്ണി: ഈ മകനെ അനുഗ്രഹിക്കൂ അച്ഛാ,ഞാന്‍ പോയി കൊയ്യാനുള്ള ‘തല‘കളുടെയും ചാണ്ടികളുടേയും ലിസ്റ്റുണ്ടാക്കട്ടെ!

ഗുരു: മകനെ പോകുന്ന വഴിക്ക് നമുക്ക് നീരാട്ടിനുള്ള കുളത്തിലെ വെള്ളം ചൂടാക്കാന്‍ പറയൂ. ഇനിയൊന്ന് മുങ്ങിക്കുളിക്കണം, എന്നിട്ടാവാം കദളിക്കുലയുമായി ഗുരുവയൂര്‍ ദര്‍ശനം! ആരവിടെ? ഒന്നാം തിയതി മാത്രമുള്ള ഒരു കലണ്ടര്‍ കൊണ്ട് വരൂ.....!!! അപ്പോള്‍ എല്ലാം പറഞ്ഞ പോലെ... ജയ് ഗുരുവായൂരപ്പാ!!!
---------------------------------------------------കര്‍ട്ടന്‍-----------------------------------------------------
ശുഭം!


Tuesday, February 23, 2010

വൈശാലി റീലോഡഡ് ! ഒരു സ്കിറ്റ്!!

ചാനലുകളില്‍ മിമിക്സ് പരേഡുകളുടെ റിയാലിറ്റി ഷോകള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ നമ്മുടെ ബൂലോകത്തും വേണ്ടേ ഒരു മിമിക്സ്സ്കിറ്റ്! ആ ഒരൊറ്റ കാരണത്തിന്റെ പുറത്താണ് ഈ സ്കിറ്റ് ഇവിടെ അവതരിപ്പിക്കുന്നത്. ഋശ്യശൃംഗനെ കൊണ്ട് വന്ന് മഴപെയ്യിച്ച ആ കഥ ഒരിക്കല്‍കൂടി നര്‍മ്മത്തില്‍ അവതരിപ്പിക്കട്ടെ!ആരോഗ്യകരമായ  മുന്നറിയിപ്പ്.ഈ കഥയ്ക്ക് ഒറിജിനല്‍ കഥയുമായി  നൂല്‍ ബന്ധം പോലും ഇല്ല! അപ്പോള്‍ സ്കിറ്റ് ആരംഭിക്കുന്നു.”വൈശാലി റീലോഡഡ്” !

 ലോമപാദരാജാവിന്റെ കൊട്ടാരം.കൊട്ടാരത്തില്‍ ഋശ്യശൃംഗനെ വളച്ച് കൊണ്ട് വരുവാനുള്ള ന്യത്തം അഭ്യസിക്കുകയാണ്  വൈശാലി എന്ന രാജകുമാരി. ന്യത്തം അഭ്യസിച്ച് ബോറടിക്കുമ്പോള്‍ കുമാരി കൂട്ടുകാരികളോടൊപ്പം ഓടിത്തൊട്ട് കളി,മണ്ണപ്പം ചുട്ട് കളി എന്നിവയില്‍ മുഴുകാറുണ്ടായിരുന്നു. വൈശാലിയുടെ ഒരു ദിവസത്തിലൂടെ നമുക്ക് സ്കിറ്റിലേക്ക് കടക്കാം!

രാജകുമാരി കൂട്ടുകാരികളെ വിളിക്കുന്നതില്‍നിന്നും നമ്മുടെ സ്കിറ്റ് ആരംഭിക്കുന്നു!

“രാധേ.....സുധേ.....മീരേ........ഇവരൊക്കെ ഇന്ന് എവിടെപോയി കിടക്ക്വാ? ആരേയും കാണുന്നില്ലല്ലോ!  ടി വി കാണാമെന്ന് വെച്ചാല്‍ കേബിള്‍ ടി വി കാരന്റെ മാസവരി സംഖ്യ കൊടുക്കാത്തത് കൊണ്ട് കേബിള്‍ കട്ട് ചെയ്തു. ഹാ ഇനി വല്ല പാമ്പും കോണിയും കളിക്കാം! അല്ലാ ഡാഡിയും മമ്മിയും ഗുരു ബ്രഹ്മചാരിയുടെ മകളുടെ കല്യാണത്തിന് രാവിലെ തന്നെ കെട്ടിയെടുത്തോ?  ഈശ്വരാ,എന്തിനെനിക്ക് ഇത്രയും സന്തോഷമൊരുമിച്ച് തരുന്നു! ഞാനിന്ന് ആര്‍മ്മാദിച്ച് മരിക്കും!
(ഡാഡി മമ്മി വീട്ടിലില്ലെ എന്ന ഗാനത്തിനൊപ്പം ന്യത്തം ചെയ്യുന്നു)

(കുമാരിയുടെ ന്യത്തം കണ്ട് കൊണ്ട് അവിടേയ്ക്ക് ഡാന്‍സ് ഗുരു ഗിരിജന്‍ കടന്നു വരുന്നു)

“ഹായ് കുമാരി അസ്സലായി ഡാന്‍സ് കളിക്കുന്നുണ്ടല്ലോ? ഇപ്രാവശ്യത്തെ കൊട്ടരം വഹ  “താം തരികിട തെയ് “ റിയാലിറ്റി ഷോയിലും കുമാരിക്ക് തന്നെ ഒന്നാം സമ്മാനം!“

“അതിനു വേണ്ടിയല്ലേ ഡാന്‍സ് ഗുരുവേ എല്ലാ കൊല്ലവും ഡാഡി തന്നെ ഈ ‘താംതരികിട‘ പരിപാടി സ്പോണ്‍സര്‍ ചെയ്യുന്നത്! ഒന്നാം സമ്മാനം വേറെ ആര്‍ക്കെങ്കിലും കിട്ടിയാല്‍ ഫ്ലാറ്റ് പോയിട്ട് ഒരു സ്ലേറ്റ് വരെ വങ്ങാന്‍ ഡാഡിയുടെ കയ്യില്‍ കാശില്ലാ എന്ന് എല്ലാവരും അറിയില്ലെ ഡാന്‍സ് ഗുരോ?“

“അത് നേരാ! ഇതാകുമ്പോള്‍ സ്വന്തം അഡ്രസ്സെഴുതിയതാണെങ്കിലും , കത്ത് പോസ്റ്റ് ചെയ്തു എന്നുമായി!കത്ത് നമുക്ക് തന്നെ കിട്ടും എന്നുമായി!രാജാവിനെ സമ്മതിക്കണം!”

“നാട്ടിലെ പ്രജകളും അത് തന്നേയാ പറയുന്നത്! നാട്ടിലിത്രയധികം വരള്‍ച്ചയുണ്ടായിട്ടും ജനങ്ങള്‍ക്ക് കുടിക്കാന്‍ ഒരു തുള്ളി വെള്ളം പോലും ഇല്ലാഞ്ഞിട്ടും  ഇപ്പോഴും മുടങ്ങാതെ “വെള്ളക്കരം“  പിരിച്ചെടുക്കുന്ന രാജാവിനെ  സമ്മതിക്കണം എന്ന് അവരും പറയാറുണ്ട്!”

“വരള്‍ച്ചയുടെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തത്,കുമാരി ഋശ്യശൃംഗനെ വളച്ച് കൊണ്ട് വരാനുള്ള ‘പള്ളി ഡാന്‍സൊക്കെ പഠിച്ചോ? ഒരു പള്ളി സ്റ്റെപ് പോലും തെറ്റിക്കരുത്!”

“എങ്കില്‍ ഡാന്‍സ് ഗുരു ആ പള്ളിപ്പാട്ടൊന്ന് പാടിയാലും.... ഞാന്‍ പള്ളി ഡാന്‍സ് കളിക്കാം!”

“റെഡി വണ്‍ ടു ത്രീ സ്റ്റാര്‍ട്ട്! കാടിറങ്ങി നാടിറങ്ങി വാ വാ..  താമരക്കണ്ണാ ആടിയോടി വാ വാ.......”
(പാട്ട് കേട്ട് രാജകുമാരി ഒരു പ്രത്യേക രീതിയില്‍ തുള്ളുന്നു.അത് കണ്ട് ഡാന്‍സ് ഗുരു )
“കുമാരീ..ഞാന്‍ പഠിപ്പിച്ച പള്ളി സ്റ്റെപ്പുകള്‍  ഇതല്ലല്ലോ? ഇത് കണ്ടാല്‍ ആ ഋശ്യശൃംഗന്‍ ജീവനും കൊണ്ടോടില്ലേ?

“പുറത്ത് കടിച്ച ഉറുമ്പിനെ ഓടിക്കാനുള്ള സ്റ്റെപ്പായിരുന്നു അതെന്ന് തിരിച്ചറിയാനുള്ള പഠിപ്പെങ്കിലും ആയില്ലേ ഡാന്‍സ് ഗുരോ അങ്ങേയ്ക്ക്!കടിച്ചത് കട്ടുറുമ്പാണെന്ന് തോന്നുന്നു,കട്ടയ്ക്ക് കട്ടയ്ക്ക് കടിച്ചു!”

“ഹോ പള്ളിമേനിയില്‍ പള്ളിയുറുമ്പോ? വെറുതെ തെറ്റിദ്ധരിച്ചു!  കുമാരി ഇതാ നോക്കൂ രാജന്‍ വരുന്നുണ്ട്!

“രാജനോ? ഞാന്‍ ഈ നേരത്ത് മഹേഷിനോടാണല്ലോ വരാന്‍ പറഞ്ഞത്!”

“മഹേഷോ? കുമാരി മഹാരാജനും പരിവാരങ്ങളും വരുന്നുണ്ടെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്!”

“ഓഹോ ഡാഡിയും മമ്മിയും രാജ ഗുരുവും മന്ത്രിയുമൊക്കെയുണ്ടല്ലോ! ഇവര് അസോസിയേഷന്റെ സമ്മേളനം കഴിഞ്ഞ് വരികയാണോ? ഇനി ഈ കൊട്ടാരത്തില്‍ ഒരു ചെവി തല കേള്‍പ്പിക്കില്ല!”

രാജാവ്: കുമാരീ...വന്ദനം!

കുമാരി: ഡാഡീ തെണ്ടണം!

രാജാവ്: എന്തൂട്ട്??

കുമാരി: ക്ഷമിച്ചാലും ഡാഡീ.... ഞാന്‍ പെട്ടെന്ന് മസിനഗുഡി ടൂറിലാണെന്ന് കരുതി പറഞ്ഞതാ! മസിനഗുഡി ഭാഷയില്‍ ‘തെണ്ടണം‘ എന്ന്  പറഞ്ഞാല്‍ ‘വന്ദനം‘ എന്നാണ് അര്‍ത്ഥം!”

രാജാവു: നീയൊരു കേമി തന്നെ! രാജഗുരോ,അങ്ങ് തട്ടിപ്പോയാലും ഇനി പണ്ഡിതയായ എന്റെ മകളുടെ മേല്‍നോട്ടത്തില്‍ നമ്മുടെ രാജ്യം രക്ഷപ്പെടും!
രാജഗുരു: ശരിയാ പ്രഭോ! ബഹുഭാഷാ പാണ്ഡിത്യം നല്ലൊരു രോഗലക്ഷണമാണ്!

രാജാവ്: എന്തൂട്ട്!

രാജഗുരു: രാജ ലക്ഷണമാണെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. പിന്നെ ഈ തസ്തികയും സ്വപ്നം കണ്ട് ഞാനെന്റെ മോനെ സന്തോഷ് ബ്രഹ്മി കൊടുത്ത് വളര്‍ത്തുന്നുണ്ട്  പ്രഭോ! അവനെ ആ പോസ്റ്റിലേക്ക് റിക്രൂട്ട് ചെയ്യാതിരിക്കരുത്! അച്ഛനു ശേഷം മകന്‍ എന്നാണല്ലോ നാട്ട് നടപ്പ്!ഈ അച്ഛനെ നിരാശനാക്കരുത്!

മന്ത്രി:    രാജഗുരുവിന്റെ മകനായത് കൊണ്ട് പറയല്ല അവന് കട്ക്കാ വെള്ളം കൊടുത്താണ് വളര്‍ത്തേണ്ടത്! അവനെ പേടിച്ച് പെണ്ണുങ്ങള്‍ക്ക് വഴിനടക്കാന്‍ വയ്യാതായി എന്നാണ് കേട്ടത്!”

രാജാവു: ഓഹോ അവന്‍ എന്നെക്കാള്‍ കേമനോ? എങ്കിലവനെ എനിക്ക് ട്യൂഷനെടുക്കാന്‍ ഏര്‍പ്പാടാക്കൂ!  അല്ല എന്നെ മുഖം കാണിക്കാന്‍ ഏര്‍പ്പാടാക്കൂ!”

രാജഗുരു:  അരുത് പ്രഭോ. മുസ്ലി പവര്‍ എക്സ്ട്ര കഴിച്ച് കഴിച്ച് ഈ ലാസ്റ്റ് എപ്പിസോഡില്‍ പിറന്ന എന്റെ മകനെ ശിക്ഷിക്കരുത് പ്രഭോ! മൂന്ന് നേരം ഫുഡ് കിട്ടുന്ന ഒരു സാധാ പടയാളിയെങ്കിലും ആക്കിയാല്‍ മതി പ്രഭോ!”

രാജാവ്: ഇപ്രാവശ്യത്തേക്ക് നാം ക്ഷമിച്ചിരിക്കുന്നു ബൈ ദി ബൈ നമ്മുടെ രാജ്യം കടുത്ത വരള്‍ച്ച നേരിട്ട് കൊണ്ടിരിക്കുകയാണല്ലോ!ജനങ്ങള്‍ കുടിവെള്ളമില്ലാതെ മരിച്ച് വീണുകൊണ്ടിരിക്കുന്നു! എന്താണിതിനൊരു  പരിഹാരം മഹാമന്ത്രീ...

മന്ത്രി:   പട്ടിണികൊണ്ട് മാത്രം ജനങ്ങള്‍ മരിച്ച് വീണുകൊണ്ടിരുന്ന നമ്മുടെ നാട്ടില്‍ ഇപ്പോള്‍ കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ മരിക്കുന്നു പ്രഭോ.  എത്രയും വേഗം ഒരു പരിഹാരം കണ്ടില്ലെങ്കില്‍ ആകെ പ്രശ്നമാകും! രാജഗുരു പറഞ്ഞ പോലെ എത്രയും വേഗം ആ ഋശ്യശൃംഗനെ  നമ്മുടെ രാജ്യത്ത്  കൊണ്ടു വന്ന് മൂത്രമൊഴിപ്പിക്കണം!

രാജഗുരു:  എന്തൂട്ട്?

മന്ത്രി: ക്ഷമിക്കണം ഗുരോ മഴ പെയ്യിക്കണം എന്നാണ് 'അളിയന്‍' സോറി അടിയന്‍ ഉദ്ദേശിച്ചത്!

രാജാവ്: രാജഗുരുവേ, ആ ക്രിഷിശിങ്കന്‍ വന്നാലേ നമ്മുടെ രാജ്യത്ത് മഴ പെയ്യൂ എന്നുണ്ടോ?

മന്ത്രി: ക്രിഷിശിങ്കനല്ല പ്രഭോ ഋശ്യശൃംഗന്‍!

രാജാവു: നോമിന്ന് പള്ളിനാവ് വടിച്ചില്ല. തല്‍ക്കാലം നമുക്കവനെ ‘മുനികുമാരന്‍’ എന്ന് വിളിക്കാം!
രാജ ഗുരുവേ, ഈ  മുനിയെ വിളിക്കാന്‍ നമ്മുടെ കുമാരിയെ ഒറ്റയ്ക്ക്  അയക്കണോ? കൊട്ടാരത്തിന്  പേരുദോഷം  കേള്‍പ്പിക്കാത്ത  വേറെ ഒരു വഴിയും തെളിയുന്നില്ലേ?

രാജഗുരു: പ്രഭോ,ഞാന്‍ നോക്കിയിട്ട്,  ചന്ദ്രന്റെ കിടപ്പ് കണ്ടിട്ട് വെള്ളമുണ്ടെന്ന് തോന്നുന്നു!

മന്ത്രി:  ശരിയാ ഗുരോ, ഭടന്‍ ചന്ദ്രന്‍ വെള്ളടിച്ച് കിടക്കുകയാ! ഫുള്‍ വെള്ളാ!

രാജഗുരു: മഹാമന്ത്രീ... നമ്മെ അധിക്ഷേപിക്കുന്നോ? നമ്മുടെ കൊട്ടാരം കവി പാടിയത് മറന്നോ?
        “അംബ്ലിയാഹ അമ്മമനാഹാ താമരാഹാ കുംബിളാഹാ ആഹാ ഹഹഹാ അഹാ!സ്വാഹ!               എന്താ അര്‍ത്ഥം?

മന്ത്രി:  ആര്‍ക്കറിയാം.....ഗുരുവും വെള്ളമാണോന്ന്....?

രാജഗുരു: വളരെ ശരിയാണ് മന്ത്രീ,ചന്ദ്രനില്‍  വെള്ളമുണ്ടെന്ന് നമ്മുടെ കൊട്ടാരം കവി എന്നേ കണ്ടെത്തിയിരിക്കുന്നു!താമര വെള്ളത്തിലല്ലേ നില്‍ക്കുന്നത്? അപ്പോള്‍ താമരക്കുമ്പിളാഹാ എന്ന് പറഞ്ഞാല്‍ ചന്ദ്രനില്‍ വെള്ളമുണ്ടെന്ന്! പ്രഭോ! അത്രയും നീളമുള്ള ഒരു പൈപ്പ്  ഇട്ട് കണക്ഷന്‍ കൊടുക്കാമെങ്കില്‍ നമുക്ക് ആവശ്യത്തിനുള്ള വെള്ളം ചന്ദ്രനില്‍നിന്നും ഊറ്റാമായിരുന്നു!

മന്ത്രി: വല്ല നടക്കുന്ന കാര്യമാണോ ഗുരോ? അത്രേം നീളമുള്ള പൈപ്പുണ്ടായിരുന്നെങ്കില്‍ നമ്മള്‍ ഗള്‍ഫില്‍ നിന്നും പെട്രോള്‍ ചോര്‍ത്തി ബ്ലാക്കില്‍ വില്‍ക്കില്ല്ല്ലെ?

രാജ്ഞി: പ്രഭോ! ചന്ദ്രന്റെ കാര്യം പറഞ്ഞപ്പഴാ ഓര്‍ത്തത് ചന്ദ്രന്റെ ഭാര്യ വിളിച്ചിരുന്നു.ചന്ദ്രന്‍ ഈയിടെയായി വീട്ടിലേക്ക് വരാറില്ലെന്ന്!

രാജാവ്: മന്ത്രീ, ആ ചന്ദ്രന്റെ വീട് എവിടെയാണെന്ന് അന്വേഷിക്കൂ, നമുക്ക് ഇന്നു രാത്രി തന്നെ അവിടെ പോകാം!

രാജ്ഞി: എന്ത്?

രാജാവു: ആ ചന്ദ്രന്‍ വരാത്തതിന്റെ കാരണം അന്വേഷിക്കാന്‍ നേരിട്ട് പോകാമെന്നാ ഉദ്ദേശിച്ചത്!

രാജഗുരു: പ്രഭോ നമുക്കൊരു കുഴല്‍കിണര്‍ കൂടി കുഴിച്ചാലോ?

മന്ത്രി: ഇനിയും കിണറോ?  പൂരപ്പറമ്പില്‍ ഡൈനക്ക് കുഴി കുത്തിയ പോലെ നാട്ടില്‍ മുഴുവന്‍ കിണര്‍ കുഴിച്ചത് പോരാഞ്ഞിട്ടാണോ ഗുരോ? ഇതിലും ഭേതം ആ മുനികുമാരനെ വളച്ച് കൊണ്ട് വരുന്നതാ!

രാജാവു: ശരിയാണ്, മന്ത്രി പറയും പോലെ  നമുക്കാ മുനികുമാരനെ വളച്ച് കൊണ്ട് വരാനുള്ള  വഴികള്‍ ആലോചിക്കാം! ബൈ ദി ബൈ ആ  മുനിയെ വളക്കാനുള്ള മോഹിനിയാട്ടമൊക്കെ പഠിപ്പിച്ചോ ഡാന്‍സ് ഗുരോ?

ഡാന്‍സുഗുരു: രാജകുമാരിയെ പൊക്കിപ്പറയാന്ന് കരുതണ്ട, എന്താ മുഖത്ത് വിരിയണ ഭാവം! ‘ധിംതക’യൊക്കെ വരണ വരവു കണ്ടാല്‍...”

രാജ്ഞി: ‘ധിംതക’യൊക്കെ എങ്ങിനെ വരാണ്ടിരിക്കും ? അത് പിന്നെ അവള്‍ ആരുടേയാ മോള്‍?

മന്ത്രി: അപ്പോള്‍ കുമാരി രാജവിന്റെ മോളല്ലേ?

രാജ്ഞി: മന്ത്രീ അരമന രഹസ്യം അങ്ങാടിപ്പാട്ടല്ല! അവള്‍ എന്റെ മോളാ!ആരേയും വശീകരിക്കുന്ന എന്റെ സൌന്ദര്യമല്ലേ അവള്‍ക്ക്  കിട്ടിയിരിക്കുന്നത്.ആ മുനിയെ വളച്ച് കൊണ്ട് വരാന്‍ അത് തന്നെ ധാരാളം!

രാജാവു: വളക്കുന്ന കാര്യത്തില്‍ നിന്നെ കഴിഞ്ഞെ വേറെ ആരും ഉള്ളോ എന്ന് ഞാന്‍ അനുഭവിച്ചതല്ലേ... എന്നാലും ആ മുനികുമാരന്‍ വരാന്‍ കൂട്ടാക്കാത്ത പക്ഷം വല്ല ടിപ്സും കുമാരിക്ക് ഉപദേശിച്ച് കൊടുക്കൂ പ്രിയേ...
രാജ്ഞി:വളക്കുന്ന കാര്യത്തില്‍ അവളെന്നെക്കാള്‍ കേമിയാണ് പ്രഭോ! എന്റെ മോളെ നീയായത് കൊണ്ട് പറയല്ല! ഇനിയെങ്ങാനും നിനക്കാ മുനികുമാരനെ വളക്കാന്‍ പറ്റിയില്ലെങ്കില്‍ നീ വേറെ ആരേയും വളക്കാന്‍ നില്‍ക്കരുത്! ഞങ്ങളുടെ വിശ്വാസം തകര്‍ക്കരുത്! നിനക്കറിയോ വിശ്വാസം, അതല്ലേ എല്ലാം! 

രാജാവു: എങ്കില്‍ മഹാമന്ത്രി, യാത്രയ്ക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്യൂ,ഗുരുവേ കുമാരിക്ക് പുറപ്പെടാനുള്ള മുഹൂര്‍ത്തം നോക്കൂ!

മന്ത്രി: മുഹൂര്‍ത്തം മാത്രം പോരാ!യാത്രയ്ക്കുള്ള വണ്ടിയുടെ കാര്യത്തിലും ഒരു തീരുമാനം പറ ഗുരോ!

ഗുരു: പ്രഭോ ഞാന്‍ നോക്കിയിട്ട്,നാളെ പുലര്‍ച്ച അഞ്ചരയ്ക്കൊരു വണ്ടിയുണ്ട്, ഒരു ഉരു! അത് കാലിഫോര്‍ണിയക്ക് പോകുന്ന ഉരുവാണ്.അത് നമുക്ക് ഈ മുനിയുടെ ആശ്രമം വഴി തിരിച്ച് വിടീക്കാം! ഇനി കരയ്ക്കെങ്ങാനും ഉരു അടുപ്പിച്ചില്ലെങ്കില്‍ നീന്താനുള്ള ഒരു ജോഡി സ്വിമ്മിങ് സ്യൂട്ട് കൂടി കരുതിയാല്‍ മതി!

മന്ത്രി: പ്രഭോ എങ്കില്‍ കുമാരിക്കും തുണയായി ഞാന്‍ തന്നെ പോകാം!

രാജ്ഞി: അരുത് മന്ത്രീ അരുത്! മന്ത്രി പോയാല്‍ ഇവിടത്തെ കാര്യങ്ങള്‍ ആര് നോക്കും? അവള്‍ ഒറ്റയ്ക്ക് പൊയ്ക്കോളും!

രാജാവു: ശരിയാ മന്ത്രി പോയാല്‍ ഈ കടക്കാരുടെ മുന്നില്‍ ഒറ്റ്യ്ക്ക് പിടിച്ച് നില്‍ക്കാന്‍ പാടാ.അവള്‍ പോയി വരും,അതല്ലേ വിശ്വാസം! വിശ്വാസമാണല്ലോ എല്ലാം!

രാജഗുരു: കുമാരീ.. എല്ലാ യാത്രാ മംഗളങ്ങളും നേരുന്നു!

കുമാരി: മംഗളം മാത്രമല്ല,മനോരമയും ഫയറും,ക്രൈമുമെല്ലാം എടുത്തിട്ടുണ്ട് ഗുരോ. ഒരു വഴിക്ക് പോകുകയല്ലെ.ബോറടിക്കരുതല്ലോ!

മന്ത്രി: അല്ല പ്രഭോ നമ്മുടെ കുമാരി എങ്ങിനെ ആ ഋശ്യശൃംഗനെ തിരിച്ചറിയും? വല്ല തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടാകുമോ?

രാജാവ്: അത് ശരിയാണല്ലോ! ഒരു കളര്‍ ഫോട്ടോയെങ്കിലും ഉണ്ടായിരുന്നെങ്കില്‍...

രാജ്ഞി: അതൊന്നും വേണ്ടന്നേ.ജനിച്ചേ പിന്നെ പെണ്ണിനെ കാണാതെ ഇരിക്കുവല്ലേ.ഏത് മുനിക്ക് പിറന്നതാണെങ്കിലും പെണ്ണിനെ കണ്ടാല്‍ ആക്രാന്തം ഇല്ലാതിരിക്യോ?നീ അച്ഛനെ മനസ്സില്‍ വിചാരിച്ച് അങ്ങോട്ട് പൊക്കോളൂ.തീര്‍ച്ചയായും നിനക്ക് ആളെ തെറ്റില്ല!

രാജാവു: കുമാരീ, ഡാന്‍സ് ഗുരുവിന്റേയും, രാജ ഗുരുവിന്റേയും അനുഗ്രഹങ്ങള്‍ വാങ്ങിക്കൂ. ഇതാ ഞാനും അനുഗ്രഹിച്ചിരിക്കുന്നു. മകളേ നീ വരുന്നത് വരെ കാശില്ലാത്ത ഗജനാവു നോക്കി ഞാന്‍ പൊട്ടിക്കരയും!നീ ആ മുനിയേയും കൂട്ടി എത്രയും വേഗം വരണം.നമ്മുടെ നാട്ടില്‍ മഴ പെയ്യിക്കണം.നിനക്കതിനു കഴിയും.നിന്നെ ഞാന്‍ വിശ്വസിക്കണ്! വിശ്വാസം! അതാണല്ലോ എല്ലാം!
         (അവര്‍ എല്ലാവരും കൂടി രാജകുമാരിയെ യാത്രയാക്കുന്നു.അല്‍പ്പ സമയത്തിന് ശേഷം രാജാവും രാജ്ഞിയും തിരിച്ച്  കൊട്ടാരത്തിലേക്ക് കടന്ന് വരുന്നു.ഒരാഴ്ചയായിട്ടും മകളെ  കാണാത്ത ദുഃഖത്തിലാണ്  രാജാവും രാജ്ഞിയും! തുടര്‍ന്ന് കാണുക!)

രാജാവ്: പ്രിയേ നമ്മുടെ മകള്‍ പോയിട്ട് ഇന്നേയ്ക്ക് ഒരാഴ്ചയായി.ഇതു വരെ ഒരു വിവരവും ഇല്ലല്ലോ.അവള്‍ പണ്ട് മസിനഗുഡിയിലേക്ക് ഒളിച്ചോടിയപ്പോള്‍ പോലുംനാലു ദിവസം കഴിഞ്ഞ് വന്നു.ഇതിപ്പോള്‍ അവള്‍ വരാതിരിക്യോ?

രാജ്ഞി: അവള്‍ തിരിച്ച് വരും എന്നുള്ള വിശ്വാസം! അതല്ലേ എല്ലാം! എനിക്കുറപ്പുണ്ട് അവള്‍ അങ്ങയുടെ മകളാണെങ്കില്‍ തിരിച്ച് വന്നിരിക്കും!

രാജാവ്: ഈ സമയത്താണോ പ്രിയേ ഭാഗ്യപരീക്ഷണം നടത്തുന്നത്?

രാജ്ഞി: എങ്കില്‍ നമുക്ക് രാജഗുരുവിനെക്കൊണ്ട് പ്രശ്നം വെപ്പിച്ചാലോ?

രാജാവ്: അല്ലാതെ തന്നെ ഗുരു ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഒഴിഞ്ഞ നേരമില്ല.ഇനി വിളിച്ച് വരുത്തി പ്രശ്നങ്ങള്‍  ഉണ്ടാക്കണോ?

രാജ്ഞി: നമുക്ക് വല്ല മഷിനോട്ടക്കാരെ സമീപിച്ചാലോ പ്രഭോ?

രാജാവ്: നോ വേ, അവര്‍ നോക്കുന്ന സമയത്ത് നമ്മുടെ കുമാരിയെങ്ങാനും കുളിക്കുകയാണെങ്കിലോ മുനി കുമാരനുമൊത്ത് ഡിസ്കഷനിലോ മറ്റോ ആണെങ്കിലോ..നോനോ...

രാജ്ഞി: എങ്കില്‍ പിന്നെ അവള്‍ വരുന്നത് വരെ കാത്തിരിക്കുക തന്നെ!അവള്‍ അത്ര ബുദ്ധിയില്ലാത്തവളൊന്നുമല്ല!

രാജാവ്: അതേ അവള്‍ ഭാഗ്യവതിയാണ്,കാരണം അവള്‍ക്ക് നിന്റെ സൌന്ദര്യമാണ് കിട്ടിയതെങ്കിലും ബുദ്ധി എന്റെ കിട്ടിയത് ഭാഗ്യം!മറിച്ചായിരുന്നെങ്കില്‍......

രാജ്ഞി: വെറുതെ ഇല്ലാത്ത കാര്യങ്ങള്‍ പറയല്ലേ പ്രഭോ!നമ്മുടെ മന്ത്രി ഇങ്ങോട്ട് വരുന്നുണ്ടെന്ന് തോന്നുന്നു!

രാജാവ്: മഹാ മന്ത്രീ....വല്ല വിവരവുമുണ്ടോ?

മന്ത്രി: പ്രഭോ അങ്ങും സത്യം മനസ്സിലാക്കിയോ?

രാജാവ്: നോം കുമാരിയുടെ വല്ല വിവരവുംകിട്ടിയോ എന്നാണ് ഉദ്ദേശിച്ചത്!

മന്ത്രി : ഹോ ഞാന്‍ പേടിച്ച് പോയി! ഞാന്‍ ആ വിവരം പറയാനാണ് വന്നത് പ്രഭോ.നമ്മുടെ കുമാരി ആ ഋശ്യശൃംഗനേയും കൂട്ടി വരുന്നുണ്ടെന്ന് ഓല അയച്ചിട്ടുണ്ട്!

രാജാവ്: ശരിയാ അവള്‍ പോകുമ്പോള്‍ കൊട്ടാരത്തിന്റെ പടിഞ്ഞാറേ മൂല ചോരുന്നുണ്ടായിരുന്നു.അവിടം മേയാനുള്ള ഓലയെങ്കിലും കടം വാങ്ങാതെ കഴിഞ്ഞല്ലോ! മിടുക്കി! മഹാ മന്ത്രീ, കുമാരിയേയും മുനി കുമാരനേയും സ്വീകരിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യൂ!

മന്ത്രി : പ്രഭോ എന്തോന്നെടുത്ത് സ്വീകരണം ഒരുക്കും?

രാജാവ്: തല്‍ക്കാലം വല്ല ലോണും എടുക്ക് മന്ത്രീ!

(തുടരും)

Sunday, February 21, 2010

പരദൂഷണം ഡോട്ട് കോം!

നഗരത്തിലെ അതി പ്രശസ്തമായ “പത്രാസ് മൂല“ കോളനി. ഇവിടെ താമസിക്കുന്ന എല്ലാവരും ഡീസന്റ് ഫാമിലികളാണ്.എങ്കിലും പല്ലുകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന കീടാണു പോലെ ചില പത്രാസ് കൊച്ചമ്മമാരാണ് ഈ കോളനിയ്ക്ക് ഈ പേര് തന്നെ നേടിക്കൊടക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്. പരദൂഷണമാണ് ഇവരുടെ പ്രധാന പ്രവര്‍ത്തന മേഘല. ഏത് കാര്യത്തിലും പുതുമ ആഗ്രഹിക്കുന്ന ഇവര്‍ പരദൂഷണം പറച്ചിലിലും ഒരു പുതുമ നിലനിര്‍ത്തിപ്പോരുന്നു. അതെന്താണെന്ന് ഞാന്‍ പറയുന്നതിനേക്കാള്‍ നിങ്ങള്‍ തന്നെ നേരിട്ട് മനസ്സിലാക്കുക. നിങ്ങളെ ഞാന്‍ ‘പത്രാസ് മൂല‘ കോളനിയിലേക്ക് സ്വാഗതം ചെയ്യുന്നു.

പരദൂഷണ ക്ലബിലെ പ്രധാന അംഗങ്ങളാണ് കോളനി പ്രസിഡന്റ് ആന്‍ മേരി (മേരിപ്പെണ്ണ് പിന്നീട് ആന്‍ മേരിയായതാണ്) വനിതാ കൌണ്‍സിലര്‍ ജാന്‍.സി.റാണി (പഴയ പേര് റാണിത്തള്ളേടെ ചെറുമകള്‍ ജാനു) പിന്നെ കെ.അല്‍മ താത്ത (കുഞ്ഞലീമത്താത്ത) ഈ മൂന്ന് കഥാപാത്രങ്ങളുടെ  ഒരു ദിവസത്തിലേക്ക് നമുക്കൊന്ന് പാളി നോക്കാം.

ആന്‍:   എന്താ ജാന്‍.സി ഇന്ന് മുഖത്ത് ക്ലോസപ്പിന്റെ ഒരു ആത്മവിശ്വാസം ? പണികളൊക്കെ അതിയാന്‍ നേരത്തെ തീര്‍ത്തോ?

ജാന്‍:   ഹോ ഒന്നും പറയണ്ടന്നേ പങ്കജ കസ്തൂരി  ജീവന്‍ രക്ഷിച്ചു!

ആന്‍:പങ്കജ കസ്തൂരി ജീവന്‍ രക്ഷിക്യേ?ജീവന്‍ ടി.വി ഇപ്പോള്‍ പങ്കജ കസ്തൂരിയാണോ നടത്തുന്നെ?

ജാന്‍: അതല്ലന്നേ, അതിയാനോട് വൈകീട്ടുള്ള ഭക്ഷണം ഉണ്ടാക്കാന്‍ പറഞ്ഞപ്പോള്‍ എന്നെ കലിച്ചൊരു നോട്ടം. ഞാന്‍ കുനിച്ച് നിര്‍ത്തി കൂമ്പിനിട്ടൊരു താങ്ങാ താങ്ങി.നോക്കുമ്പോ ദേ അതിയാന്‍ ശ്വാസം കിട്ടാതെ കിടന്ന് വലിക്കുന്നു. പിന്നെ ഞാന്‍ പങ്കജ കസ്തൂരി കൊടുത്തു. ഇപ്പോള്‍ ശ്വാസം വലിക്കുന്നുണ്ട് ഈസിയായി!ബ്രീത്ത് ഈസി!

ആന്‍: ഹോ ഭാഗ്യം.ഞാന്‍ അങ്ങേര്‍ക്ക് കൊഴുത്തൊരു ഡൊമെക്സും കൊടുത്ത് ടോയ്ലെറ്റിലേക്ക് വിട്ടിട്ടുണ്ട്.ഇനി അവിടന്ന് ഇറങ്ങിയാലെ അടുത്ത പണികൊടുക്കേണ്ടുള്ളൂ.

ജാന്‍: എടീ നീയറിഞ്ഞോ ആ ജോണ്‍സേട്ടന്റെ മോളെ കെട്ടിയ പയ്യനില്ലെ എന്തൊരു ഹൈറ്റാടീ.

ആന്‍: ഓ അതോ! ആ പയ്യന്‍ ചെറുപ്പം മുതല്‍ കോമ്പ്ലാന്‍ കഴിച്ചാണത്രെ വളര്‍ന്നത്! മറ്റുള്ള കുട്ടികള്‍ ഒരിഞ്ച് വളര്‍ന്നപ്പോള്‍ കോമ്പ്ലാന്‍ കുടിച്ച ഈ പയ്യന്‍ ഒന്നര ഇഞ്ച് വെച്ചല്ലേ വളര്‍ന്നത് അതാ!

ജാന്‍: എന്നാ ഒരു കോമ്പ്ലാന്‍ ബോയിയെ കെട്ടിയാ മതിയായിരുന്നു.എല്ലാം ഒരു ഒന്നൊന്നര ഇരട്ടി അധികമുണ്ടായേനെ! ഹോ ഇനി പറഞ്ഞിട്ടെന്താ കാര്യം!  ഈ  ‘മുസ്ലി പവര്‍ എക്സ്ട്ര കൂടി‘  ഇല്ലാത്ത ഒരു അവസ്ഥ! ഹോ ഫീകരം, ആലോചിക്കാന്‍ കൂടി വയ്യ!....എടീ നിങ്ങളറിഞ്ഞോ ഗള്‍ഫിലുള്ള രാജപ്പന്റെ മോള് അറ്റ്ലസ് ജ്വല്ലറിയായീന്ന് പറഞ്ഞ് കേട്ടല്ലോ! നേരാണോടീ ?

ആന്‍: ഹും ജന കോടികളുടെ വിശ്വസ്ത സ്ഥാപനമല്ലേ അവള്‍..പിന്നെ അവളിപ്പോ മസ്കറ്റിലെ സലാലയിലും  പ്രവര്‍ത്തനം തുടങ്ങീന്നാ കേട്ടത്!

ജാന്‍: ഉവ്വേ ഇനി വല്ല ഓഫറും കൊടുക്കുന്നുണ്ടോ ആവോ ?

ആന്‍: നടുക്ക് സ്വിമ്മിങ്ങ് പൂളുള്ള കൊട്ടാരമല്ലേ നാട്ടില്‍ പണിതുയര്‍ത്തുന്നത്. ഒള്ളവനെന്നും ദൈവം വാരിക്കോരിക്കൊടുക്കും. നമുക്കെന്നും ഉജാലയുടെ പരസ്യം തന്നെ, നാലു തുള്ളി മാത്രം! അല്ലാ ഇന്ന് അല്‍മാത്താനെ കണ്ടില്ലല്ലോ! ഈയിടെയായി അവള്‍ക്ക് ഒരു ഏഷ്യാനെറ്റ് പ്ലസിന്റെ ലൈനാ.  ആഘോഷിക്യല്ലേ...ഓരോ നിമിഷവും!

ജാന്‍: എവടെ! നാല് ഞൊറി കൂടുതലിട്ടാ മുന്താണിക്ക് തുണി തികയില്ലാന്ന് പറഞ്ഞ പോലെ ആകെ നാലും മൂന്നും ഏഴ് ദിവസത്തെ ലീവിനാ മൂപ്പരു ഗള്‍ഫീന്ന് വരുന്നത്! അതാണെങ്കില്‍ സമരം തീരാന്‍  നേരോം ഇല്ല മാപ്ലക്ക് നിക്കാന്‍ ലീവൂല്യാ ന്ന് പറഞ്ഞ പോലെ അങ്ങട് തീരും. പിന്നെ അടുത്ത് തിരുവാതിര ഞാറ്റ് വേല പിറക്കണം കെട്യോന്‍ പിന്നൊരു ലീവിന് വരാനെക്കൊണ്ട്!

ആന്‍: നമുക്കെന്തായാലും കെട്യോന്മാര്‍ കൂടെയുള്ളത് കൊണ്ട്, കുളിച്ചില്ലെങ്കിലും കൌപീനം പുരപ്പുറത്ത് ഉണക്കാനിടാമെന്ന പാരമ്പര്യം ഉള്ളത് കൊണ്ടും  അത്ര പെട്ടന്നൊന്നും ചീത്തപ്പേര് കേള്‍ക്കണ്ടല്ലോ! അതന്നെ ഭാഗ്യം! ദേ അല്‍മാത്ത വരുന്നുണ്ട്!

ജാന്‍: ഇതെവിടെ പൊന്നേ നീയ്, കാണാന്‍ കിട്ടണില്ലല്ലോ?

അല്‍മ: പുയ്യാപ്ല ഉണ്ടിക്ക് വിളിക്യാന്ന് പറഞ്ഞ് കാത്തിരിക്യായിരുന്നു!

ആന്‍: എങ്ങട്ട് വിളിക്യാന്ന് ?

അല്‍മ: ഉണ്ടി ഫോണ്‍ കേട്ടിട്ടില്ലേ? ഉണ്ടിപ്പണം പോലെ ഉണ്ടി ഫോണും ഉണ്ട്!

ജാന്‍:ആ കേട്ടിട്ടുണ്ട്.അല്ല നീയെന്താ കഴുത്തിങ്ങനെ അനക്കാതെ പിടിച്ചിരിക്കുന്നത്? കഴുത്തുളുക്യാ?സ്റ്റടിവടിയായി നില്‍ക്കുന്നല്ലോ നിന്റെ കഴുത്ത്!

അല്‍മ: അതൊരു അബദ്ധം പറ്റീതാ. ഇത്തിരി നല്ല വാസനയടിച്ചോട്ടേന്ന് വെച്ചിട്ട് സ്പ്രേ എടുത്തടിച്ചതാടീ,അബദ്ധായി! സ്പ്രേ മാറിപ്പോയി! ഇനി ഇത്  ശരിയാവാന്‍ കുറച്ച് സമയം കഴിയണം!

ആന്‍: അല്ല അല്‍മാ, നിന്റെ മൂത്താപ്പാടെ മോള്‍ടെ കല്യാണംകഴിഞ്ഞിട്ട് ഒരു മാസമല്ലേ ആയുള്ളൂ  അപ്പോഴേക്കും ഡൈവേര്‍സായീന്ന് കേട്ടല്ലോ എന്താ പ്രശ്നം?

അല്‍മ: ഒന്നും  പറയണ്ടന്നേ, അവള് സന്തൂറ് സോപ്പടിച്ചു!

ആന്‍&ജാന്‍: സന്തൂര്‍ സോപ്പടിക്യേ?എങ്ങനെ?

അല്‍മ: മൂത്താപ്പാടെ മോള് ഹണി മൂണ്‍ കഴിഞ്ഞ് വരുമ്പോ ഒരു കൊച്ചു പെണ്‍കുട്ടി വന്ന് ‘മമ്മീ’ എന്നും പറഞ്ഞ് കയ്യില്‍ പിടിച്ചു. അന്വേഷിച്ച് വന്നപ്പോ അത് അവളുടെ മോള് തന്യായിരുന്നു. അതോടെ ചര്‍മ്മം കണ്ടാല്‍ പെറ്റത് അറിയുകയേ ഇല്ലാ എന്നും  പറഞ്ഞ്  കെട്യോന്‍ മൊഴി ചൊല്ലി!

ജാന്‍: ഹണിമൂണിന്റെ കാര്യം പറഞ്ഞപ്പഴാ‍ ഓര്‍ത്തത്, നമ്മടെ തെക്കേതിലെ വറീത് മാപ്ലേടെ മോള് ഹണിമൂണ്‍ കഴിഞ്ഞ് വന്ന് ‘സര്‍ഫ് എക്സല്‍ സര്‍ഫെക്സല്‍‘ എന്നാണല്ലോ പറയുന്നത് !എന്താത്?

അല്‍മ: ഒരു ഹണിമൂണിന് പോയപ്പോഴേക്കും അവള്‍ക്ക് അലക്കാന്‍ ഇത്രയ്ക്ക് ഇഷ്ടായോ?

ആന്‍:അവള്‍ സര്‍ഫ് എക്സല്‍ എന്നല്ലേ പറഞ്ഞുള്ളൂ,ഞാന്‍ കരുതി വല്ല ‘നെസ്കഫേ’ എന്നെങ്ങാനും പറഞ്ഞ് കാണുമെന്ന്!

അല്‍മ: ആ എനിക്കൊന്നും മനസ്സിലായില്ല! തെളിച്ച് പറയിന്‍

ജാന്‍: അതാ പറഞ്ഞേ സീരിയലു കാണുമ്പോ പരസ്യം മാറ്റരുത് ന്ന്! ഇനി ഇതിന്റെയൊക്കെ പരസ്യം വരുമ്പോ ശ്രദ്ധിച്ച് കാണ്!അല്ല പിന്നെ!

ആന്‍: ഇനിയിപ്പോ പരസ്യം കാണാത്ത കുറവേയുള്ളൂ.അല്ലെടി ജാന്‍സീ കഴിഞ്ഞാഴ്ച കല്യാണം കഴിഞ്ഞ ശേഖരന്‍ മൊതലാളീടെ വീട്ടിലെന്തോ പ്രശ്നമുണ്ടെന്ന്  തോന്നുന്നു.ഇന്നലെ രാത്രി ഒച്ചേം ബഹളൊക്കെ കേട്ടായിരുന്നെന്ന്!

അല്‍മ: കല്യാണം കഴിഞ്ഞ് ഒരാഴ്ച ഒച്ചീം ബഹളോക്കെ ഉണ്ടാവും ന്ന് ആര്‍ക്കാ അറിയാത്തെ? ഇത് നല്ല കൂത്ത്!

ആന്‍: അതല്ലടീ സ്വര്‍ണ്ണത്തിന്റെ എന്തോ പ്രശ്നമാ!

ജാന്‍: ആ പെങ്കൊച്ച് കാണാനൊന്നും തെറ്റില്ലല്ലോ,എന്നാലും തടി ഇത്തിരി കൂടുതലാ, പിന്നെ ആലുക്കാസ് ജ്വല്ലറിയല്ലേ എന്നൊരു സംശയം!

ആന്‍: ഹും എനിക്കും തോന്നി,ഒരു പണത്തൂക്കമൊന്നുമല്ല ഒരൊന്നൊന്നര പണത്തൂക്കമാ മുന്നില്‍!

ജാന്‍:എടീ അല്ലെങ്കിലും ആ തള്ള ഒരു ‘പെപ്സിയാ‘,ശേഖരന്‍ മൊതലാളിയാണെങ്കില്‍ ഒരു ‘കൊക്കക്കോളേം‘!

അല്‍മ: എടീ നീയെന്താ ഈ പറയണത്? തെളിച്ച് പറ!

ജാന്‍: എടീ ആ തള്ള എത്ര കിട്ടിയാലും പിന്നേയും ‘ദില്‍ മാംഗേ മോര്‍’ എന്ന് പറഞ്ഞ് കൊണ്ടിരിക്കും.മുതലാളിയാണെങ്കില്‍  ഒരു ടണ്ട!തണുപ്പന്‍! ടണ്ടാ മത് ലബ് കൊക്കൊക്കോള മനസ്സിലായോ...!

ആന്‍: ഞാന്‍ അറിഞ്ഞത്  ആ പെങ്കൊച്ചിന് കൊടുത്ത സ്വര്‍ണ്ണം 80 കൊല്ലം പഴക്കമുള്ളതാത്രേ!

ജാന്‍: പിന്നെ പ്രശ്നമുണ്ടാവാതിരിക്യോ? അന്നുണ്ടോ വല്ല 916 ഉം BIS മാര്‍ക്കും!പിന്നെ ആ പെപ്സിത്തള്ള പ്രശ്നമുണ്ടാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ!

ആന്‍:അത് നേരാ!വര്‍ത്താനം പറഞ്ഞ് നിന്ന് നേരം ഒത്തിരിയായി, എടീ ഞാന്‍ അങ്ങോട്ട് ചെല്ലട്ടെ.അതിയാന്റെ പണി കഴിഞ്ഞ് കാണും.ഉടനെ അടുത്ത പണി കൊടുത്തില്ലേല് അങ്ങേര് ഫാഷന്‍ ടി വി  കാണും!(ആന്‍ പോകുന്നു)

ജാന്‍: ഹും കെട്ട്യോനെക്കൊണ്ട് സകല പണീം ചെയ്യിക്കും എന്നാല്‍ ആ പാവത്തിന് ടി വി കാണാന്‍ സമ്മതിക്കേം ഇല്ല! അല്‍മാക്കറിയോ ഇവളു കോളേജില്‍ പഠിക്കുമ്പോ പലരുടേയും കൂടെ ഒളിച്ചോടീതാ.ഇവളുടെ ഓട്ടത്തിന് ഒളിമ്പിക്സ് സ്വര്‍ണ്ണം വരെ കിട്ടും എന്ന് അന്ന് നാട്ടുകാരൊക്കെ പറഞ്ഞതാ.അവസാനം ഈ പാവത്തിന്റെ തലയില്‍ കെട്ടി വെച്ചതാ ഇവളെ, ശവം!

അല്‍മ: ഞാനും കേട്ടിട്ടുണ്ട് കുറച്ചൊക്കെ. അല്ല ജാനേ നീ ആദ്യം കെട്ടിയ ആളെ വിട്ട് ഇയാളോടൊപ്പം ഒളിച്ചോടീത് എന്തേ? ആന്‍ പറഞ്ഞ കാരണമൊന്നും  ഞാന്‍  വിശ്വസിക്കുന്നില്ല. അതിനൊക്കെ ഇപ്പോ ഒളിച്ചോടാന്‍ നിന്നാല്‍ അതിനല്ലേ സമയം കാണൂ?

ജാന്‍: എനിക്കറിയാം ആ കൂതറ മേരി എന്നെ പറ്റി വേണ്ടാദീനം പറയുമെന്ന്! അല്‍മാക്കറിയോ എന്നെ കെട്ടിയെടുത്ത വീട്ടിലെ സകല അടുക്കളപ്പണീം ഞാന്‍ തന്നെ ചെയ്യണമെന്ന്. കൂടാതെ ഒരു ജുറാസിക്ക് അമ്മായി അമ്മയും!യൂ നോ ഒരിക്കല്‍ ഞാനവരെ ‘ജുറാസിക് തള്ള’ എന്ന് വിളിച്ചതിന് എന്തായിരുന്നു ബഹളം! പിന്നെ ഒട്ടും ആലോചിച്ചില്ല ഞാന്‍ ഇങ്ങേരുടെ കൂടെയിങ്ങ് പോന്നു.ദോഷം പറയരുതല്ലോ പുറം പണിയും അകത്തെ പണിയുമൊക്കെ  അങ്ങേര് വ്യത്തിയായി ചെയ്യും!അത് കാരണം ഞാന്‍ എന്നും ഹാപ്പി ജാമാ!

അല്‍മ: നിന്റെ ഭാഗ്യം! ഞാന്‍ ന്നാ അങ്ങട് ചെല്ലട്ടെ.അന്തിത്തൊണക്ക് കുട്യോള്‍ടെ എളാപ്പ വരാറായി.കുട്യോള് ഉറങ്ങുന്നതിന് മുന്‍പ് അവന്റെ കിടക്ക വിരിച്ചിട്ടില്ലെങ്കില്‍ ചെക്കന്‍ വാപ്പാക്ക് വേണ്ടാത്തതൊക്കെ എഴുതി അയക്കും!

ജാന്‍: എന്താ അല്‍മാത്താ ചെക്കന്‍ എഴുതി അയച്ചത്?

അല്‍മ: എന്റെ ജാന്‍സീ ആ കുരുത്തം കെട്ട ചെക്കന്‍ എഴുതിയിരിക്യാ,
“പ്രിയപ്പെട്ട ബാപ്പാ,ബാപ്പ ഇനി വരുമ്പോള്‍ എളാപ്പാക്ക് ഒരു കിടക്ക കൊണ്ട് വരണം. ഇവിടെ വേറെ കിടക്ക ഇല്ലാത്തോണ്ട് എളാപ്പ ഉമ്മാടെ മേത്താണ് കേറിക്കിടന്ന് ഉറങ്ങണത് ന്ന്!”
പോരെ പൂരം! അതെങ്ങാനും ഞാന്‍ കണ്ടില്ലായിരുന്നെങ്കില്‍.........

Saturday, February 13, 2010

വാലന്റവിട മുസ്ലിയാരുടെ ആണ്ട് നേര്‍ച്ച അഥവാ വാലന്റെന്‍സ് ഡേ!

മാന്യരെ,

വര്‍ഷം തോറും നടത്തി വരുന്ന ബഹു: വാലന്റവിട മുസ്ലിയാരുടെ ആണ്ട് നേര്‍ച്ച ഈ വര്‍ഷവും ഫിബ്രവരി 14  നു പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ തീരുമാനിച്ച വിവരം ഏവരേയും അറിയിച്ച് കൊള്ളുന്നു. അന്നേ ദിവസം പ്രേമക്കത്തെഴുതി കൊടുക്കല്‍, കാമുകീ കാമുകന്മാര്‍ ചീരനി (ഗിഫ്റ്റ്) പരസ്പരം കൈമാറല്‍, സമൂഹ വിവാഹം തുടങ്ങീ ചടങ്ങുകളും  നടത്തപ്പെടുന്നു. കൂടാതെ കുറ്റിപ്പാല ഹൈദ്രോസ്, പാലത്തറ ബീരാന്‍, പെരക്കകത്ത് കുഞ്ഞി വാപ്പു തുടങ്ങീ ഗജ വീരന്മാര്‍ അണി നിരക്കുന്ന ഗംഭീര എഴുന്നള്ളിപ്പും സുലൈമാനി ബാന്‍ഡ് സംഘത്തിന്റെ വാദ്യഘോഷവും എഴുന്നള്ളിപ്പിന് മിഴിവേകുന്നു. അന്നേ ദിവസം വൈകീട്ട് കുമാരി അമലാ ഭീഗം നടത്തുന്ന “വാലന്റവിട മുസ്ല്യാര്‍ ചരിത്രം” എന്ന സിനിമാറ്റിക്ക് കഥാപ്രസംഗവും ഉണ്ടായിരിക്കുന്നതാണ്. തദവസരത്തില്‍ എല്ലാ നല്ലവരായ കാമുകീ കാന്മുകന്മാരും ഈ പരിപാടിയില്‍ പങ്കെടുത്ത് ഇതൊരു വന്‍ വിജയമാക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

വാലന്റവിട മുസ്ലിയാരുടെ ചരിത്രം : 
കൊല്ല വര്‍ഷം ആയിരെത്തെണ്ണൂറ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വെള്ളിയാഴ്ച. അന്നാണ് വാലന്റവിട മുസ്ല്യാര്‍ അഥവാ മുസ്:വാലന്റന്‍ അറവുകാരന്‍ അന്ത്രുക്കാടെ മകള്‍ കുഞ്ഞിപ്പാത്തുവിനെ ആദ്യമായി കാണുന്നത്.അന്നൊരു ഫിബ്രവരി മാസം പതിനാലായിരുന്നു. അന്നാട്ടിലെ ഒരു മദ്രസയില്‍ കുട്ടികളെ ഓത്തിനിരുത്താന്‍ വന്നതാണ് മുസ്: വാലന്റന്‍,സുന്ദരന്‍ സുമുഖന്‍! കുഞ്ഞിപ്പാത്തുവും സൌന്ദര്യത്തിന്റെ കാര്യത്തില്‍ തികഞ്ഞ ഒരു കേമിയായിരുന്നു. അന്നാട്ടിലെ പേരു കേട്ട അറവു കാരന്റെ ‘പേരു കേട്ട’ മകള്‍ ! അതായിരുന്നു കുഞ്ഞിപ്പാത്തു. തന്റെ മുടിഞ്ഞ സൌന്ദര്യം ഒരു ശാപമായി മാറിയ കുഞ്ഞിപ്പാത്തു പുഴക്കടവില്‍ കുളിക്കാനോ അലക്കാനോ പോകുമായിരുന്നില്ല, അലക്കല്‍ മുഴുവന്‍ വീട്ടില്‍ തന്നെ അതിനു ശേഷം കുളിയും.

കുഞ്ഞിപ്പാത്തുവിന്റെ ജിന്നിന്റെ പോലുള്ള ആ സൌന്ദര്യത്തില്‍ മതി മറന്ന് അവള്‍ പോലും അറിയാതെ മുസ്:വലന്റന്‍ അവളെ പ്രേമിക്കാന്‍ തുടങ്ങി. വല്ലപ്പോഴും അന്ത്രുക്കാടെ വീട്ടില്‍ ചിലവിന് (അന്നും മുസ്ല്യാകന്മാര്‍ക്ക് ഓരോ വീടുകളില്‍ നിന്നും ഫ്രീ ഫുഡ് ആന്‍ഡ് പള്ളിയില്‍ അക്കോമഡേഷന്‍ സമ്പ്രദായം ഉണ്ടായിരുന്നു.ഇത് ‘ചിലവു’ എന്നാണ് ഇന്നും അറിയപ്പെടുന്നത്) പോകുമ്പോള്‍ വാതില്‍ പഴുതിലൂടെ ഒളിഞ്ഞ് നോക്കി കുഞ്ഞിപ്പാത്തുവിന്റെ ശരീര ഭാഗങ്ങള്‍ കാണുമായിരുന്നു. ഓരോ ചിലവു കഴിയുമ്പോഴും മുസ്:വാലന്റന്‍ ഓരോ :ബൈത്ത്’(കവിത) എഴുതുമായിരുന്നു. അപ്പോള്‍ കുഞ്ഞിപ്പാത്തുവിനെ മുഴുവന്‍ കണ്ടിരുന്നെങ്കില്‍ ഒരു ‘കണ്ട കാവ്യം‘ തന്നെ മുസ്:വാലന്റന്‍ എഴുതിയേനെ! പടച്ചോന്‍ കാത്തു. അങ്ങിനെ അന്ന് ഒരു ചിലവിനു ശേഷം എഴുതിയ ഒരു ബൈത്ത് അറബിയില്‍ എഴുതിയത് ഇപ്രകാരമായിരുന്നു, 

"അല്‍ കുഞ്ഞിപ്പാത്തുലൂ പാത്ത് കുഞ്ഞീ,
അല്‍ കുല്‍തും സായിക്കീന്‍ സായിക്കീന്‍,
 വമാ മിനല്‍ അമല ആയിക്കീന്‍,
അല്‍ അറ്റാക്ക് ലി മിന്നറ്റാക്ക്-ലീനാ!”

ചരിത്ര കാരന്മാര്‍ പിന്നീട് വളരെ പാട് പെട്ടാണ് ഇതിനൊരു അര്‍ത്ഥം കണ്ടെത്തിയത്. അവര്‍ ഈ ചരിത്ര മുഹൂര്‍ത്തത്തിന്റെ തിരു ശേഷിപ്പുകള്‍ അര്‍ത്ഥമാക്കിയത് ഇപ്രകാരമായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു!
"അല്‍ കുഞ്ഞിപ്പാത്തുലൂ പാത്ത് കുഞ്ഞീ"
മഹാനായ മുസ്:വാലന്റന്‍ കുഞ്ഞിപ്പാത്തു എന്ന സൌദര്യ ദാമത്തെ കാണുന്ന ആ ശുഭ മുഹൂര്‍ത്തമാണു കവി കൂടിയായ മുസ്ല്യാര്‍ ഇവിടെ വര്‍ണ്ണിച്ചിരിക്കുന്നത്.ചിലവിനു പോയ മുസ്ലിയാര്‍ കുഞ്ഞിപ്പാത്തുവിനെ കാണുന്നു. അതാണിവിടെ സന്ദര്‍ഭം.അതിവിടെ വളരെ സൌന്ദര്യമുള്ള വാക്കുകളിലൂടെ കവി വരച്ച് കാട്ടുന്നു.

അതിനു ശേഷം കവി പറയുന്നത് “അല്‍ കുല്‍തും സായിക്കീന്‍ സായിക്കീന്‍” എന്നാണ്, എന്താണു കവി പറയുന്നത്? അല്‍കുല്‍തും സായിക്കീന്‍ , അതായത് കുഞ്ഞിപ്പാത്തുവിനെ കണ്ട് അല്‍കുല്‍ത്തായി  ഒന്നും സാധിക്കുന്നില്ല സാധിക്കുന്നില്ല എന്ന്! അതായത് കുഞ്ഞിപ്പാത്തു എന്ന സൌദര്യ ദാമത്തിന്റെ മുടിഞ്ഞ സൌദര്യത്തില്‍ മയങ്ങി കവി അല്കു‍ല്‍ത്തായി പിന്നെ ഒന്നും സാധിക്കുന്നില്ല!അടുത്ത വരി ശ്രദ്ധിക്കൂ, “വമാ മിനല്‍ അമല ആയിക്കീന്‍”! വമാ = വരുവിന്‍, മിനല്‍ അമല ആയിക്കീന്‍, അതായത് അമലയിലേക്ക് കൊണ്ട് പോയി അവിടെ ആയിക്കീന്‍ എന്ന് പറഞ്ഞാല്‍ അവിടെ അഡ്മിറ്റ് ചെയ്യുവിന്‍ എന്ന്.അപ്പോള്‍ അമല ഇവിടെ ആശുപത്രിയാണെന്ന് നമ്മള്‍ മനസ്സിലാക്കണം!(അമല ആശുപത്രി അന്ന് മെഡിക്കല്‍ കോളേജല്ല!)

"അല്‍ അറ്റാക്ക് ലി മിന്നറ്റാക്ക്-ലീനാ!”
ഈ വരികളിലൂടെ മുസ്ലിയാരുടെ സ്നേഹ സമ്പന്നമായ ഹ്യദയമാണു വെളിവാകുന്നത്! കുഞ്ഞിപ്പാത്തുവിനെ കണ്ട് അറ്റാക്ക് വന്ന മുസ്ലിയാര്‍ ആശുപത്രിക്കിടയില്‍ വെച്ചും വളരെ സ്നേഹ നിര്‍ഭരമായി തന്റെ അടുത്ത് നില്‍ക്കുന്ന നേര്‍സിനെ സ്നേഹത്തോടെ വിളിക്കുന്നു “ലീനാ” എന്ന്.അത്രയ്ക്കും സ്നേഹ സമ്പന്നനായിരുന്നു മുസ്ലിയാര്‍! സ്നേഹ സ്വരൂപന്‍.പ്രേമിക്കുന്ന മനസ്സുകളുടെ വിശ്വ രൂപന്‍!ആധുനിക കാലത്തിന്റെ പ്രേം ചോപ്ര!ദി ഗ്രേറ്റ് വാലന്റവിട മുസ്ലിയാര്‍

ഈ സംഭവത്തിനു ശേഷമാണ് കാമുകീ കാമുകന്മാര്‍ ഇഷ്ടപ്പെട്ടവര്‍ക്ക് ബൈത്ത് (കവിത) അല്ലെങ്കില്‍ പ്രേമ ലേഖനം എഴുതിക്കൊടുക്കാന്‍ തുടങ്ങിയത്. അത് ഇന്നും തുടരുന്നു.അങ്ങിനെ മുസ്:വാലന്റന്‍ കുഞ്ഞിപ്പാത്തുവിനെ കാണുമ്പോഴൊക്കെ ബൈത്ത് എഴുതുന്ന വിവരം കുഞ്ഞിപ്പാത്തുവിന്റെ വാപ്പ അറവു അന്ത്രുക്ക അറിഞ്ഞു. അറിഞ്ഞ ഉടന്‍ അന്ത്രുക്ക ഒരു പോത്തിനെ അധികം അറുത്ത് വിറ്റു! ആ ചോര പുരണ്ട കത്തിയുമായി അന്ത്രുക്ക നേരെ മുസ്ലിയാരുടെ മദ്രസയുടെ മുന്നില്‍ ചെന്ന് അറക്കാന്‍ പിടിച്ച് പോത്തിനെപ്പോലെ  അമറി! ഈ സമയം തന്റെ കുഞ്ഞിപ്പാത്തുവിനു ചീരനിയായി(ഗിഫ്റ്റായി) കൊടുക്കാന്‍ ഒരു നാല് ഗ്ലൂക്കോസ് ബിസ്കറ്റും ഒരു കഷ്ണം അലുവാതുണ്ടും ഒരു പട്ടുറുമാലില്‍ പൊതിയുകയായിരുന്നു മുസ്ലിയാര്‍. അറവ് അന്ത്രുക്കാടെ വരവില്‍ എന്തോ പന്തികേട് തോന്നിയെങ്കിലും മദ്രസയുടെ ഉള്ളില്‍ നിന്നും പുറത്ത് കടക്കാന്‍ വേറെ വാതില്‍ ഇല്ലാത്തത് കൊണ്ടും മുസ്:വാലന്റവിടന്‍ പട്ടുറുമാലില്‍ പൊതിഞ്ഞ ചീരനിപ്പൊതിയുമായി മെല്ലെ അന്ത്രുക്കാടെ മുന്നിലേക്ക് ചെന്നു.

തന്റെ മുന്നില്‍ അറക്കാന്‍ കിടക്കുന്ന പോത്തിനെ നോക്കും പോലെ നോക്കിക്കൊണ്ട് അന്ത്രുക്ക അലറി,” കുട്ടികള്‍ക്ക് ഓത്ത് പഠിപ്പിക്കാന്‍ വന്ന മുസ്ലിയാര് എന്റെ മോള്‍ക്ക് ബൈത്ത് പഠിപ്പിക്കുന്നോ? ഇജ്ജ് ഓത്ത് പഠിപ്പിച്ചാ മതി ഇലാ ഇലുവൊന്നും പഠിപ്പിക്കണ്ട ! (ഈ ഇലു പിന്നീട് ചരിത്രകാരന്മാര്‍ ‘ഐ ലവ് യൂ’ എന്നതിന്റെ ചുരുക്കപ്പേരായിരുന്നെന്ന് രേഖപ്പെടുത്തുന്നു.അതിനു ശേഷമാണ് ILU  കാമുകീ കാമുകന്മാര്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതെന്നും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു) 
അന്ത്രുമാന്റെ കയ്യിലെ ചോരപുരണ്ട കത്തി കണ്ട് പേടിച്ച് വിറക്കുന്നുണ്ടെങ്കിലും ധൈര്യത്തോടെ മുസ്:വാലന്റന്‍ അന്ത്രുക്കാട് അപേക്ഷിച്ചു, “ ലാ കുല്‍ മിനള്ളാ മാഫി” (പടച്ചോനെയോര്‍ത്ത് എന്നെ കൊല്ലരുത്) 
പക്ഷേ ദുഷ്ടനായ രാജാവിനെപ്പോലെ അന്ത്രുക്ക മുസ്:വാലന്റവിടനെ ആഞ്ഞ് വെട്ടി തുണ്ടം തുണ്ടമാക്കി മയ്യത്താക്കി.അന്ന് ഒരു ഫിബ്രവരി മാസം പതിനാലാം തിയതിയായിരുന്നു! അതോടെ മുസ്:വാലന്റന്‍ പ്രേമത്തിനു വേണ്ടി ശഹീദായി! ഒരു പ്രേമ ശഹീദ്!,ലോകത്തില്‍ പ്രണയത്തിനു വേണ്ടി നടന്ന ആദ്യത്തെ മരണം അന്ന് സംഭവിച്ചു! മരിച്ച് വീണ മുസ്ലിയാര്‍ കുഞ്ഞിപ്പാത്തുവിനു കൊടുക്കാനുള്ള പട്ടുറുമാലില്‍ പൊതിഞ്ഞ ചീരനി ചോരയില്‍ മുങ്ങി ചുവന്ന നിറാമായി.ആ ചീരനിപ്പൊതി അനാഥമായി ആ മദ്രസയുടെ മുറ്റത്ത് കിടന്നു. തന്റെ പ്രേമ ഭാജനമായ കുഞ്ഞിപ്പാത്തുവിന് വേണ്ടി വാലന്റവിട മുസ്ലിയാര്‍ തയ്യാറാക്കിയ ചീരനി.മുസ്ലിയാര്‍ അന്ത്രുക്കാടെ വെട്ട് കൊണ്ട് പ്രേമ ശഹീദായതിന്റെ ഓര്‍മ്മയ്ക്കായാണ് പിന്നീട് വാലന്റവിട മുസ്ലിയാരുടെ ആണ്ട് നേര്‍ച്ച എല്ലാ വര്‍ഷവും ഫിബ്രവരി 14ന് ആഘോഷിക്കുന്നത്!

വാലന്റവിട മുസ്ലിയാരെ പിന്നീട് പ്രേമിക്കുന്നവര്‍ വാഴ്ത്തപ്പെട്ടവനായി ഉയര്‍ത്തുകയും പിന്നീട് മുസ്ലിയാരുടെ ശഹീദ് ദിവസമായ ഫിബ്രവരി 14 പ്രേമിക്കുന്നവര്‍ ആഘോഷിക്കുകയും,അന്ന് മുസ്ലിയാര്‍ക്ക് കുഞ്ഞിപ്പാത്തുവിനു കൊടുക്കാന്‍ കഴിയാത്ത ചീരനി ഇന്ന് ഗിഫ്റ്റ് എന്ന പേരില്‍ കൊടുക്കാനും തുടങ്ങി.ചീരനിയില്‍ ചോര പുരണ്ട ഓര്‍മ്മയ്ക്ക് പ്രേമ ഭാജനങ്ങള്‍ ഗിഫ്റ്റുകള്‍ക്കും മറ്റും ചുവപ്പ് നിറം കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച് പോരുന്നു. ഇന്നേ ദിവസം തന്നെ ഗിഫ്റ്റ് കൈമാറാനും,മുസ്ലിയാര്‍ എഴുതിയ ബൈത്തിന്റെ ഓര്‍മ്മയ്ക്കായി പ്രേമ ലേഖനങ്ങള്‍ കൈമാറാനും കമിതാക്കള്‍ തിരഞ്ഞെടുത്ത് പോരുന്നു. ആയതിനാല്‍ എല്ലാവരും വാലന്റവിട മുസ്ലിയാരുടെ ആണ്ട് നേര്‍ച്ചയുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുകയും ചീരനി കൈമാറുകയും പ്രേമ ലേഖനങ്ങള്‍ കൈമാറുകയും ചെയ്യണമെന്ന് വാലന്റവിട മുസ്ലിയാരുടെ പേരില്‍ അഭ്യര്‍ത്ഥിച്ച് കൊള്ളുന്നു.

ഈ പരിപാടി ഒരു വന്‍ വിജയമാക്കാന്‍ എല്ലാ നല്ലവരായ ജനങ്ങളോടും കമ്മറ്റി ഭാരവാഹികള്‍ വീണ്ടും വീണ്ടും അഭ്യര്‍ത്ഥിച്ച് കൊള്ളുന്നു.
എന്ന്,
പ്രസിഡന്റ്
വാലന്റവിട മുസ്ലിയാര്‍ ആണ്ട് നേര്‍ച്ച ആഘോഷക്കമ്മറ്റി!

NB: സംഭാവനകള്‍ പിരിക്കാന്‍ ഞങ്ങള്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. സംഭാവനകള്‍ എല്ലാവരും നേരിട്ട് പ്രസിഡന്റിനെ ഏല്‍പ്പിച്ച് ചീരനി കൈപറ്റേണ്ടതാകുന്നു.

Monday, February 8, 2010

വിപരീത കാലേ വിനാശ ബുദ്ധി!

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞാല്‍ പിന്നെ ഒരു ജീവ പര്യന്തം ശിക്ഷ കഴിഞ്ഞ് പുറത്ത് വരുന്നത് പോലായിരുന്നു പലര്‍ക്കും എന്ന പോലെ എനിക്കും. എന്നെക്കാള്‍ ഒരു വര്‍ഷം മുമ്പ് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ കൂട്ടുകാരായ മുത്തുവും മോനുവും ലേബര്‍ റൂമില്‍ നിന്നും കുഞ്ഞിനെ തരുന്നത് കാത്തിരിക്കുമ്പോലെ എനിക്കായി കാത്തിരുന്നു. ആ കാത്തിരിപ്പിനിടയില്‍ അവര്‍ തുടര്‍ന്ന് പഠിക്കാന്‍ തന്നെ മറന്ന് പോയി എന്ന് മുള്ളൂര്‍ക്കരയിലെ ഭഗവതി വിലാസം ഹോട്ടലീന്ന് ചൂട് ദോശ വാങ്ങിക്കൊടുക്കുമ്പോഴൊക്കെ അവര്‍ പറയാറുണ്ടായിരുന്നു. പകരമായി അവര്‍ പത്താം ക്ലാസിലെ രണ്ട് പരീക്ഷ എഴുതാത്ത കാര്യം ഞാന്‍ ആരോടും പറഞ്ഞില്ല.ഇന്നും അതൊരു രഹസ്യമായി ഞാന്‍ സൂക്ഷിക്കുന്നു.                                                      

കാര്യങ്ങളൊക്കെ തകിടം മറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. കുവൈറ്റില്‍ ‘ഗള്‍ഫ് യുദ്ധം’ വന്നപ്പോള്‍ അത് വരെ കിട്ടിക്കൊണ്ടിരുന്ന സാമ്പത്തിക സഹായങ്ങളുടെ ഉറവകള്‍ വറ്റി. കുവൈറ്റിലുള്ള എളാപ്പ തിരിച്ചു വന്നു. എന്തേങ്കിലും സഹായം ചോദിക്കാമെന്ന് വെച്ച് ചെന്നാല്‍ ദുരിതാശ്വാസം ചോദിച്ച് കേന്ദ്രത്തില്‍ ചെല്ലുന്ന കേരളം അനുഭവിച്ച് പോരുന്ന പോലെയുള്ള ഒരു അവഗണന പരക്കെ അനുഭവപ്പെട്ടിരുന്നു.അങ്ങിനെ ആനന്ദകരമായ ഒരു ജീവിതം പെട്ടെന്നൊരു പട്ടിണി മരണത്തില്‍ കലാശിക്കും എന്ന ഒരു കടുത്ത ആലോചനയില്‍ നിന്നാണ് എന്തേങ്കിലും ബിസിനെസ്സ് ചെയ്യുക എന്ന എന്റെ  ഉപദേശം അവര്‍ എന്നെപ്പോലും അമ്പരപ്പിച്ച് കൊണ്ട് അംഗീകരിച്ചത്. അപ്പോഴും ഞങ്ങളെ കുഴക്കിയ ഒരു പ്രശ്നം എന്ത് ബിസിനസ് ചെയ്യും എന്നതായിരുന്നു.ഒരു വേള കള്ളക്കടത്ത് ചെയ്താലോ എന്ന് വരെ ചിന്തിച്ചു അപ്പോഴും എന്തെടുത്ത് ‘കടത്തും‘ എന്നതായിരുന്നു അവിടേയും പ്രശ്നം.അങ്ങിനെ തീരുമാനമൊന്നും ആവാതെ കാജാ വില്‍സുകള്‍ എന്തിനോ വേണ്ടി എരിഞ്ഞു തീര്‍ന്നു.കുഞ്ഞാനിക്കാന്റെ ചായക്കടയിലെ സമോവറില്‍ വെള്ളം പിന്നേയും പിന്നേയും തിളച്ചു. ഷൊര്‍ണൂര്‍ ത്യശുര്‍ റൂട്ടില്‍ ബസ്സുകള്‍ ശരവര്‍ഷങ്ങളായി പാഞ്ഞു,ചേലക്കര റോഡിന് വികസനം ഉണ്ടായില്ലെങ്കിലും റോഡിലെ  ഗട്ടറുകള്‍  അനുദിനം വികസിച്ച് കൊണ്ടിരുന്നു. എന്നിട്ടും ഞങ്ങള്‍ക്ക് ഒരു തീരുമാനത്തിലും എത്താന്‍ കഴിഞ്ഞില്ല.

അങ്ങിനെയിരിക്കെ ഊത്രാളിക്കാവു വേലയുടെ ദിവസവും പരിപാടികളും അറിയിച്ച് കൊണ്ട് നോട്ടീസടിച്ച് പിരിവിനായി ഒരു വിഭാഗം വാഴക്കോട് വഴി വന്നത്. പൂരം കാണാന്‍ പോകുക എന്ന പതിവു പരിപാടിയില്‍ നിന്നും വ്യത്യസ്ഥമായി ആ പോക്കില്‍ നിന്നും ഒരു ബിസിനസ് തുടങ്ങാനുള്ള മൂലധനം എങ്ങിനെ കണ്ടെത്താം എന്നായി പിന്നീടുള്ള ചിന്തകള്‍. കൂട്ടത്തില്‍ എ ഇ ഐ ഒ യു പാഠം ചൊല്ലിയും തല്ലിയും പഠിച്ച ഞാന്‍ നാളെ ഇമ്മിണി ബല്യ ആളാകും എന്ന് കരുതപ്പെട്ടിരുന്നതിനാല്‍ എന്നിലുള്ള അമിത പ്രതീക്ഷയില്‍ ഞാന്‍ എന്തേങ്കിലും നല്ല ഐഡിയ പറയും എന്ന് കരുതിയ അവരെ ഞാന്‍ നിരാശപ്പെടുത്തിയില്ല. ചായക്കട, ഹല്‍വക്കച്ചവടം , സൊഡാ സര്‍വ്വത്ത് എന്തിനധികം കപ്പലണ്ടി മിഠായി വില്‍ക്കുന്ന ബിസിനസിനെ പറ്റി പ്രൊജെക്റ്റ് അവതരിപ്പിച്ചു.ഇതില്‍ നിന്നും ക്ലൂ ഒന്നും കൊടുക്കാതെ തന്നെ സോഡാ സര്‍വ്വത്ത് വിറ്റ് ബിസിനസ് മൂലധനം കണ്ടെത്താം എന്ന് തീരുമാനമായി.ലാഭം കിട്ടുന്ന പണം ബാങ്കില്‍ ഒരു അക്കൌണ്ട് ചേര്‍ന്ന് മൂലധനത്തിലേക്ക് മുതല്‍ കൂട്ടാം എന്ന് വരെ തീരുമാനിച്ചു.അതിന്റെ ഭാഗമായി തുടങ്ങാന്‍ പോകുന്ന ബിസിനസിന് നല്ലൊരു പേരിടാന്‍ തത്വത്തില്‍ ധാരണയായി.അപ്പോള്‍ തന്നെ പേരിന്റെ ചര്‍ച്ചയിലേക്ക് കടന്നു.
മോനുവാണ് ചര്‍ച്ച തുടങ്ങി വെച്ചത്,” ഞാന്‍ പറയാണെങ്കില്‍ പള്ളീലെ മുസ്ല്യാരെക്കൊണ്ട് നല്ലൊരു പേര് ഇടീക്കുന്നതല്ലെ? അതാകുമ്പോള്‍ നല്ല അര്‍ത്ഥമുള്ള പേരും ആവും”

“അതൊന്നും വേണ്ടടാ നമുക്ക് മൂന്നാളുടേയും പേരിന്റെ ആദ്യത്തെ അക്ഷരം വരുന്ന പേരിട്ടാലോ?” മുത്തു ചോദിച്ചു.

“നമ്മുടെ മൂന്നാളുടെ പേരും തുടങ്ങുന്നത് ‘എ’ എന്ന അക്ഷരത്തിലല്ലെ. എന്നാ നമുക്കു അര്‍ത്ഥവത്തായ ഒരു പേര് തന്നെ ഇടാം “ത്രീ ആസസ്” ഞാന്‍ ഒന്ന് ആക്കിക്കൊണ്ട് പറഞ്ഞു.

മോനു: ഛേ, അത് വേണ്ട ഈ ആസസ് എന്ന് പറഞ്ഞാല്‍ ഇംഗ്ലീഷില്‍ ചന്തി എന്നല്ലേ അര്‍ത്ഥം!”

“വ്യത്തികെട്ടവന്‍!” ഞാനും മുത്തുവും ഒപ്പം വിളിച്ചു, “ഇംഗ്ലീഷ് ഒരക്ഷരം അറിയില്ലെങ്കിലും സകല വ്യത്തികെട്ട അര്‍ത്ഥവും ആദ്യം പഠിച്ച് വെക്കും! കഴുത!

മോനു: അറിയുന്നതല്ലേ പറയൂ , നീ ആസിന്റെ ശരിക്കുമുള്ള അര്‍ത്ഥം എന്താന്ന് വെച്ചാല്‍ പറ!

“എടാ കഴുത കഴുത കഴുത!“

"ഹ ഹ ഹ ഇപ്പോ ശരിക്കും മനസ്സിലായി, ത്രീ ആസസ്!"

അതോടെ പേരിടീല്‍ കര്‍മ്മവും അവസാനിച്ചു.മൂലധനം ഉണ്ടാക്കിയിട്ട് പേരിട്ടാല്‍ മതി എന്ന് അവസാനം തീരുമാനത്തിലെത്തി.പിന്നീടുള്ള ചര്‍ച്ചക്കള്‍ മുഴുവന്‍ ‘സോഡാ സര്‍വ്വത്ത് മോരും വെള്ളം,നാരങ്ങാ വെള്ളം, സംഭാരം തുടങ്ങീ സാധനങ്ങള്‍ പൂരമാര്‍ക്കറ്റില്‍ വിറ്റ് ലാഭം കൊയ്യുക എന്നത് മാത്രമായിരുന്നു.വീണ്ടും കണക്ക് കൂട്ടലുകള്‍ ലാഭക്കണക്കുകള്‍ എല്ലാം ഹരിച്ചും ഗുണിച്ചും മണിച്ചും നോക്കി. എങ്ങിനെ നോക്കിയാലും കണക്ക് ലാഭത്തില്‍ ചെന്ന് അവസാനിക്കുന്നത് കൊണ്ട് വീണ്ടും വീണ്ടും ലാഭക്കണക്ക് കണ്ട് ഞങ്ങള്‍ ആത്മ നിര്‍വ്യതിയടഞ്ഞു.

സന്തോഷ ജീവിതം നയിച്ചിരുന്ന ബാച്ചിലര്‍ വിവാഹിതനാവാന്‍ തീരുമാനിച്ച പോലെ ഒരു ദുരന്തം ഞങ്ങളും വിളിച്ച് വരുത്തി.വെറുതെ അത് വഴി പോയ ‘അവറുക്ക’ എന്നയാളോട് വെറുതേ ഒരു കുശലന്വേഷണം നടത്തിയതാണ് എല്ലാറ്റിനും കാരണമായത്. ഭക്ഷണം കഴിക്കാന്‍  ഇരിക്കുന്ന നേരത്ത് എന്നും ക്യത്യമായി കക്കൂസ് കഴുകുന്ന ‘ഹാര്‍പ്പിക്കു‘മായി സില്‍മാ നടന്‍  വാതില്‍ തുറന്ന്  വരുന്ന പോലെ അവറുക്ക ഞങ്ങളുടെ ചര്‍ച്ചയിലേക്ക്  പുത്തന്‍ ഹാര്‍പ്പിക്കുമായി കടന്നു വന്നു. സുനാമിയടിച്ചവനെ പേപ്പട്ടി കടിച്ച പോലെ ഞങ്ങളുടെ പദ്ധതികളെ അവറുക്ക ആകെ അട്ടിമറിച്ചു. കൂടുതല്‍ ലാഭം കിട്ടും എന്ന് പറഞ്ഞ് ഞങ്ങളെ പ്രലോഭിപ്പിച്ചു. ഒടുവില്‍ അവറുക്ക പൂരക്കച്ചോടത്തിന്റെ നേത്യത്വം ഏറ്റെടുത്തു.ഞങ്ങള്‍ കണക്ക് കൂട്ടിയതിനേക്കാള്‍ ഇരട്ടി ലാഭം അവറുക്കാടെ  പദ്ധതിയില്‍ നിന്നും കിട്ടും എന്നത് ഞങ്ങളെ ഏറെ സന്തോഷിപ്പിച്ചു.

അവറുക്കാനെ കുറിച്ച് പറയുകയാണെങ്കില്‍,വടക്കന്‍ വീരഗാഥയിലെ ചന്തുവിന്റെ ചരിത്രം പറഞ്ഞ പോലെ  ഒത്തിരി പറയണം.കൊച്ചിയിലെ തിരക്കുള്ള ബസ്സില്‍ കയറി ഒരു മേനക ഒരു ഷേണോയി എന്ന് പറയുന്നത് കേട്ട് ഒരു അവറു എന്ന് വിളിച്ച് പറഞ്ഞവന്‍ അവറു! വയറിങ്ങ് പണിക്ക് പോയിട്ട് ബള്‍ബ് പോയന്റിലേക്ക് വയറ തികയാതെ വന്നപ്പോള്‍ വയറയ്ക്ക് പകരം ചാക്ക് നൂല് ഏച്ച് കൂട്ടി കണക്ഷന്‍ കൊടുത്തവന്‍ അവറു!ഭാരതപ്പുഴയിലെ  മുട്ടോളം വെള്ളത്തില് ‘എട്ടണ‘ പോയപ്പോള്‍ കാല്‍മുട്ട് നനയാതെ മുങ്ങിയെടുത്തവന്‍ അവറു! പള്ള വിശന്നപ്പോള്‍ അഞ്ചാറ് കോമാങ്ങ അണ്ടിയോടെ തിന്നവന്‍ അവറു! ബായക്കോട്ടെ പള്ളീന്ന് പുറത്തിറങ്ങി മേപ്പട്ട് നോക്കിയപ്പോള്‍ തടസ്സം കൂടാതെ ആകാശം കണ്ടവന്‍ അവറു! അവറുക്കാനെ കുറിച്ച് നിങ്ങള്‍ ഈ കേട്ടതെല്ലാം സത്യമാണ്  എന്നാല്‍ നുണയുമാണ്!

പതിവു പോലെ അവറുക്ക ചര്‍ച്ചയിലേക്ക് കടന്നു.”നിങ്ങളീ ഉദ്ദേശിച്ച സര്‍വ്വത്ത് കച്ചോടത്തിനും ഞാന്‍ പറഞ്ഞ ഹല്‍വ ഉണ്ടാക്കി വിക്കുന്നതിനും ഒരേ ചിലവാ. ലാഭാണെങ്കില്‍ സര്‍വ്വത്തിനേക്കാള്‍ ഇരട്ടിയും!”

“അതിന് അവറുക്ക ഹല്‍വ ഉണ്ടാക്കാനൊക്കെ അറിയുന്ന ആള് വേണ്ടെ?” ഞാന്‍ ചോദിച്ചു.

“അവറുക്കാക്ക് അറിയാത്ത ഒറ്റ പണിയേ ഈ ദുനിയാവിലുള്ളൂ, എന്താന്നറിയോ?”

അവറുക്കാടെ ആ ചോദ്യത്തിനു മുന്‍പില്‍ ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി.അവറുക്ക തുടര്‍ന്നു.

“ചന്ദ്രനിലേക്ക് വിടുന്ന റോക്കറ്റില്ലേ അത് വരെ ഞമ്മള് ഉണ്ടാക്കും പക്ഷേ അത് പറത്താനുള്ള എണ്ണ കിട്ടാത്തോണ്ട് ഞമ്മള് മെനക്കെടുന്നില്ല എന്നേയുള്ളൂ.പിന്നെയല്ലേ ഹലുവ ഉണ്ടാക്കുന്നത്?

“അല്ല അവറുക്കാ, ഹലുവ ഉണ്ടാക്കാന്‍ എന്തൊക്കെ സാധനങ്ങളാ വേണ്ടത്?”

“അങ്ങനെ ചോദിക്ക് മാനേ, ദേ ഇത്തിരി പഞ്ചാര, ഇത്തിരി മൈദ, ഇത്തിരി എണ്ണ പിന്നെ കളറ്, ഇത്രേം ഉണ്ടെങ്കില്‍ നമ്മക്ക് കെട്ട് കെട്ടായിട്ട് ഹലുവ ഉണ്ടാക്കാം  ഏത്?

ഈ ഡൈലോഗ് ഞാന്‍ ഇതിന് മുമ്പ് എവിടേയോ കേട്ടിട്ടുണ്ടല്ലോ എന്നോര്‍ത്തപ്പോഴേക്കും നാടോടിക്കാറ്റിലെ ശങ്കരാടിയുടെ ഡൈലോഗ് ഓര്‍മ്മ വന്നു, ദേ ഇത്തിരി കാടി,ഇത്തിരി കടല പ്പിണ്ണാക്ക്,ഇത്തിരി വൈക്കോല്, ഇതങ്ങട് കൊടുത്താല്‍ പാലിങ്ങനെ ശറ പറാന്ന് കറക്കാം! അതേ അതേ ഡൈലോഗ് തന്നെ!അല്ലെങ്കിലും അച്ചപ്പത്തിനും കുഴലപ്പത്തിനും ഒരേ അച്ചല്ലല്ലോ! ഞങ്ങളുടെ ഐശ്വര്യത്തിന്റെ ശബ്ദം അവറുക്കാടെ രൂപത്തില്‍ വന്നതല്ലെന്ന് ആര് കണ്ടു.അങ്ങിനെ ഊത്രാളി പൂരത്തിന് ഹലുവ ഉണ്ടാക്കി മുടിഞ്ഞ ലാഭം കൊയ്യാമെന്ന പ്രത്യാശയില്‍ ഞങ്ങള്‍ അന്നത്തേയ്ക്ക് പിരിഞ്ഞു.

ഊത്രാളിക്കവു പൂരത്തിന്റെ തലേന്ന് തന്നെ പൂരപ്പറമ്പില്‍ പോയി അനുയോജ്യമായ സ്ഥലം കണ്ടെത്തി ഷെഡ്ഡ് കെട്ടി.പിറ്റേന്ന് അതി രാവിലെത്തന്നെ അവറുക്കാടെ ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങളുമായി ഞങ്ങള്‍ അവറുക്കാനേയും കൂട്ടി പൂരപ്പറമ്പില്‍ എത്തി. അടുപ്പില്‍ വലിയൊരു ചെമ്പ് (ചരുവം) വെച്ച് അവറുക്ക ഹലുവ ഉണ്ടാക്കിത്തുടങ്ങി. ചില ഘട്ടങ്ങളില്‍ ഞങ്ങളും അവറുക്കാനെ അസിസ്റ്റ് ചെയ്തു. അടുപ്പത്തുള്ള സാധനം അടിയില്‍ കരിഞ്ഞ് പിടിക്കാതിരിക്കാന്‍ ഞങ്ങള്‍ മൂന്ന് പേരും മാറി മാറി ഇളക്കി ഊപ്പാടിളകി.അല്‍പ്പം കഴിഞ്ഞപ്പോള്‍ ഞാന്‍ അവറുക്കാട് ചോദിച്ചു, “അല്ല അവറുക്കാ, കളറ് ഇത്തിരി കുറവുണ്ടോ?”
ഇത് കേട്ടതും അവറുക്ക ചെറുതായൊന്ന് ചൂടായിക്കൊണ്ട്,
“കളറ് കുറവുണ്ടെങ്കി നമുക്ക് ‘ഉജാല’മുക്കാടാ. ഹലുവ കട്ടയാകാണ്ട് നിക്കുമ്പഴാ അവന്റെ ഒരു കളറ്”

അവറുക്കാടെ ചൂടാവലില്‍ നിന്നും എന്തോ പന്തികേടുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കി.ലാഭം മാത്രം നോക്കി ബിസിനസിന് ഇറങ്ങരുതെന്ന ഗുണപാഠം അപ്പോ തന്നെ ഞങ്ങള്‍ പഠിച്ചു.സമയം പിന്നേയും കഴിഞ്ഞു. അവറുക്ക ചരുവത്തില്‍ ഇളക്കിക്കൊണ്ടിരിക്കുകയാണ്, ഹലുവ ഉറക്കുന്നില്ല! അവറുക്ക അവസാനം ചരുവത്തില്‍ മന്ത്രിച്ചൂതി, പിന്നെ അടുപ്പില്‍ ഊതി, നോ രക്ഷ. അലുവ പായസം കണക്കെ  ഒരു കുറുക്കായി മാറി.ഞങ്ങള്‍ മസാല പടത്തില്‍ ഇപ്പോ ബിറ്റ് വരും ഇപ്പൊ ബിറ്റ് എന്ന പ്രതീക്ഷയില്‍ ഹലുവയാകുന്നതും കാത്ത് ചരുവത്തിലേക്ക് കണ്ണിമ വെട്ടാതെ നോക്കി നിന്നു.

പൂരപ്പറമ്പില്‍ ആളുകള്‍ കൂടിത്തുടങ്ങി. സമയം ഉച്ചയോടടുത്തു. അവറുക്ക പ്രതീക്ഷയോടെ ഇളക്കിക്കൊണ്ടിരിക്കുകയാണ്.പക്ഷേ ഹലുവ കട്ടയായില്ല.ഞങ്ങള്‍ അടൂര്‍ പടത്തിലെ സീന്‍ പോലെ ഇടയ്ക്കിടയ്ക്ക് ഒരക്ഷരം ഉരിയാടാതെ പരസ്പരം നോക്കിക്കൊണ്ടിരുന്നു.അവസാനം അത് സംഭവിച്ചു.ഞങ്ങളെല്ലാവരും കൂടി ചരുവം അടുപ്പില്‍ നിന്നും ഇറക്കി വെച്ചു.അവറുക്ക ഞങ്ങളെ വെട്ടിച്ച് ഓടിക്കളയുമോ എന്ന് വരെ ഞങ്ങള്‍ സംശയിച്ചു.എന്നാല്‍ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് തലയില്‍ ഒരു തോര്‍ത്തെടുത്ത് ഒരു കെട്ടും കെട്ടി അവറുക്ക ഷെഡ്ഡിന്റെ മുന്നിലേക്ക് നിന്ന് ഒരു വലിയ തവിയെടുത്ത് ചരുവത്തിലിട്ട് നീട്ടി വിളിച്ചു!
“അവിടെ കിട്ട്യാ, നല്ല ചൂടുള്ള സാധനം കഴിച്ചിട്ട് പോകാം, കടന്ന് വരൂ കടന്ന് വരൂ വളരെ സ്പെഷലായി തയ്യാറക്കിയ “ഹലുവക്കഞ്ഞി“ കുടിച്ചിട്ട് പോകാം. കടന്ന് വരൂ കടന്ന് വരൂ. പാത്രവുമായി വന്നാല്‍ പാര്‍സല്‍ തരുന്നതാണ്, അവിടെ ഹലുവക്കഞ്ഞി ഹലുവക്കഞ്ഞി ചൂടുള്ള ഹലുവക്കഞ്ഞ്യേ. വിലക്കുറവേ വിലക്കുറവേ....”

കുറിപ്പ്: ഒരു ബിസിനസ് പൊളിയാന്‍ അധികം സമയമൊന്നും വേണ്ട. എന്റെ ബലമായ സംശയം അമേരിക്ക സാമ്പത്തികമായി പൊളിയാന്‍ കാരണമായതിനു പിന്നില്‍  ഏതെങ്കിലും  അവറുസായിപ്പ് ആയിരിക്കുമെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. വിശ്വാസം! അതല്ലേ എല്ലാം!

Tuesday, February 2, 2010

കേരള മക്കള്‍ വാദസേനയുടെ വാര്‍ത്താ കുറിപ്പ്!

കേരള മക്കള്‍ വാദസേനയുടെ പ്രസിഡന്റ് അണികള്‍ക്കായി തയ്യാറാക്കിയ വാര്‍ത്താ  കുറിപ്പ്!

പ്രിയമുള്ള കേരള മക്കളെ, 

കേരള മക്കളുടെ തലതൊട്ടപ്പനായ ഞാന്‍ പറയുന്ന കാര്യങ്ങള്‍ ഇന്നു മുതല്‍ നിങ്ങള്‍ അതീവ ശ്രദ്ധയോടും തല്പരതയോടും കൂടി നടപ്പില്‍ വരുത്തണമെന്ന് പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ ഉണര്‍ത്തുന്നു. ആദ്യമായി എനിക്ക് പറയാനുള്ളത് നമ്മള്‍ ഇനി മുതല്‍ ഒരിക്കലും ഭാരതീയര്‍ എന്ന് അറിയപ്പെടാന്‍ ആഗ്രഹിക്കരുത് നമ്മള്‍ ‘കേരളീയര്‍’ എന്ന പേരില്‍ മാത്രമേ അറിയപ്പെടാന്‍ പാടുള്ളൂ. നമ്മുടെ നാട്ടില്‍ കുടിയേറിപ്പാര്‍ക്കുന്ന അന്യസംസ്ഥാനക്കാരായ ആളുകളെ നമ്മള്‍ ശുദ്ധമായ മലയാളത്തില്‍ മാത്രം തെറി വിളിച്ച് എത്രയും വേഗം നാട് കടത്തണം. ഒരിക്കല്‍ പോലും നമ്മള്‍  അവരെ തെറി വിളിക്കാനായിട്ട് പോലും അന്യഭാഷ ഉപയോഗിക്കരുത്. നമ്മള്‍ സ്വന്തം ഭാഷയില്‍ വികസിപ്പിച്ചെടുത്ത തെറികള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് പ്രത്യേകം ഉറപ്പ് വരുത്തണം.അവര്‍ നമ്മുടെ ഭാഷയില്‍ നമ്മെ തെറി വിളിക്കുന്നതും നമ്മള്‍ തടയേണ്ടതുണ്ട്.

നമ്മുടെ കൊച്ചു കേരളം നമുക്ക് മാത്രം അവകാശപ്പെട്ടതാണ്. ഇക്കാര്യം ഉന്നയിച്ച് കൊണ്ട് നമ്മള്‍ ആദ്യം സമരം ചെയ്യേണ്ടതും ഉപരോധിക്കേണ്ടതും തമിഴ് നാട്ടുകാരെയാണ്. അഹംകാരികള്‍! അവര്‍ നമ്മുടെ നാട്ടില്‍, നമ്മുടെ മണ്ണില്‍  പണിയാന്‍ പോകുന്ന ‘മുല്ലപ്പെരിയാര്‍ ഡാമിന്റെ‘ അവകാശം വേണം പോലും.ഡാമിന്റെ അവകാശം അവര്‍ക്ക് നല്‍കിയാല്‍ പിന്നെ നമ്മള്‍ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ?നമ്മള്‍ വിടുന്ന വെള്ളത്തില്‍ അന്യ സംസ്ഥാനക്കാര്‍ ഒരു ക്യഷിയും ഇറക്കണ്ട! ഇനി അവര്‍ കറന്റ് ഉല്‍പ്പാദിപ്പിച്ച് നല്‍കാമെന്നു പറയുന്നു,പറയൂ മക്കളേ നമുക്കാ ‘തമിഴന്‍ കറന്റ് ‘ വേണോ? ആ തമിഴന്‍ കറന്റ് ഉപയോഗിച്ചിട്ട് വേണോ നമ്മുടെ കുട്ടികള്‍ക്ക് പഠിക്കാന്‍? നമുക്കിവിടെ അതിരപ്പിള്ളിയിലോ മറ്റോ നമുക്കിഷ്ടം പോലെ വൈദ്യുതിനിലയം പണിത് കൂടെ? ഇനി ആരുടെ അനുവാദത്തിനായും നമ്മള്‍ കാത്ത് നില്‍ക്കേണ്ടതില്ല. കാരണം നമ്മള്‍ കേരള മക്കളാണ്!നമ്മുടെ മണ്ണ് നമുക്ക് മാത്രമാണ്!

ഇവിടത്തെ സ്കൂളുകള്‍ നമ്മള്‍ ഉപരോധിക്കണം! ഇവിടത്തെ സ്കൂളുകളില്‍  മലയാളം മാത്രം പഠിപ്പിച്ചാല്‍ മതി. ഇംഗ്ലീഷും തമിഴുമൊന്നും ഇവിടെ കൊച്ചുപുസ്തകമായിട്ടു പോലും കണ്ട് പോകരുത്. ആധ്രപ്രദേശിന് തിരുപ്പതി എന്ന പോലെ തമിഴ് നാടിന് രാമേശ്വരം എന്ന പോലെ ഇനി മുതല്‍ ശബരിമലയും ശ്രീ അയ്യപ്പനും നമ്മള്‍ കേരളീയര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. മറ്റൊരു സംസ്ഥാനക്കാരനും എന്ത് ആപത്ത് വന്നാലും അയ്യപ്പ ഭഗവാനെ വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ നമ്മള്‍ അനുവദിക്കരുത്. അത് പോലെ അയ്യപ്പനും വാവരുമൊക്കെ കളിച്ച് വളര്‍ന്ന് നമ്മുടെ മലയാളി മണ്ണില്‍ മേലാല്‍ മറ്റൊരു സംസ്ഥാനക്കാരന്റ്റേയും കാലടി പെട്ടുപോകരുത്. ഇക്കാര്യത്തില്‍ നാം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ പോകുന്ന കേരള മുസ്ലീംകള്‍ കേരള പാസ്പോര്‍ട്ട് എന്ന സംവിധാനം ഉണ്ടാകുന്നത് വരെ ഹജ്ജ് യാത്ര മാറ്റി വെക്കണമെന്ന് ഈ അവസരത്തില്‍ ആവശ്യപ്പെടുന്നു.

നമ്മുടെ പ്രിയപ്പെട്ട ഒരു ക്രിക്കറ്റ് കളിക്കാരനുണ്ടല്ലോ ശ്രീശാന്ത്, അദ്ദേഹത്തെ ഇന്നു മുതല്‍ നാം കേരളത്തിന് പുറത്ത് പോയി കളിക്കാനനുവദിക്കുകയോ ഇന്ത്യാ മഹാരാജ്യത്തിനു വേണ്ടി കളിക്കാന്‍ അനുവദിക്കുകയോ ചെയ്യാന്‍ പാടില്ല എന്ന് പ്രതിജ്ഞയെടുക്കണം. ശ്രീശാന്ത് തല്‍ക്കാലം കേരളത്തിലെ കളിക്കാരോട് മാത്രം കളിച്ച് തന്റെ മിടുക്ക് തെളിയിച്ചാല്‍ മതി. അത് പോലെ അടിവാരം ജാനുവിനോടും ബസ് സ്റ്റാന്റ് അമ്മിണിയോടും ഇനി മേലാല്‍ ഒരു അന്യ സംസ്ഥാനത്തുകാരനും  വേണ്ടി പായ വിരിക്കരുതെന്നും നമ്മള്‍ പ്രത്യേകം  അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിന്റെ സാങ്കേതികവും സാമൂഹികവുമായ വശങ്ങളെക്കുറിച്ച്  അവര്‍ക്ക് പഠന ക്ലാസുകള്‍ എടുത്ത് കൊടുക്കേണ്ടതുണ്ട്. അത് പോലെ അന്യസംസ്ഥാനത്തെ സ്ത്രീകളെ തേടി പോകുന്നവരെ രഹസ്യമായി പിന്തുടര്‍ന്ന് കടുത്ത ശിക്ഷകള്‍ നല്‍കേണ്ടതുണ്ട്. നമ്മുടെ നാട്ടിലെ സ്ത്രീകളുടെ കൂടെയാണു യാത്ര ചെയ്യുന്നതെങ്കില്‍ അവരെ ഒരു പാതിരയ്ക്കും നമ്മള്‍  റെയ്ഡ് ചെയ്ത് പിടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.നമ്മുടെ സ്ത്രീകള്‍ നമ്മള്‍ക്കു മാത്രം!

ഇനി മുതല്‍ കേരളത്തിന്റെ ഓരോ മണല്‍ തരികളും നമുക്ക് മാത്രം അവകാശപ്പെട്ടതാണ്. നമ്മള്‍ ഈ കേരള മക്കള്‍ വാദം ഉന്നയിക്കും എന്ന് മുന്നില്‍ കണ്ടെന്നോണം  മൂന്നാര്‍ എന്ന സ്ഥലത്തുള്ള അന്യ സംസ്ഥാനക്കാരായ ‘റ്റാറ്റ‘യെ കെട്ടു കെട്ടിക്കാനും പാട്ടക്കരാര്‍ റദ്ദാക്കാനുള്ള നിയമ വഴികള്‍ ആരായാനും നമ്മുടെ സര്‍ക്കാര്‍ തയ്യാറായി എന്നത് നമ്മുടെ വാദത്തിന് ലഭിച്ച ഉറച്ച അംഗീകാരമാണ്. അത് പോലെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസും,കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയും കേരളത്തില്‍ ഉടനെ നിരോധിക്കണമെന്ന് നമ്മള്‍ ആവശ്യപ്പെടണം. ഇവിടെ കേരളാ കോണ്‍ഗ്രസ്സും, കേരളാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മാത്രം പ്രവര്‍ത്തിച്ചാല്‍ മതി.ഇവിടെ ഒരു ഹൈക്കമാന്റിന്റേയും പോളിറ്റ് ബ്യൂറോയുടേയും ആവശ്യമില്ല.ഹൈക്കമാന്റ് തീരുമാനത്തിനായി ആരും കാത്ത് നില്‍ക്കേണ്ട  ആവശ്യവുമില്ല!

ഈയടുത്ത കാലത്തായി അന്യഭാഷാ സിനിമകള്‍ വന്ന് കോടികളാണ് നമ്മുടെ നാട്ടില്‍ നിന്നും വാരുന്നത്. ഇത് മൂലം നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ പടങ്ങള്‍ പോലും നമ്മള്‍ മലയാളികള്‍ക്ക് കണ്ണില്‍ പിടിക്കാതായിരിക്കുന്നു.അവരുടെ സിനിമകളെ കുറ്റം പറയാമെന്നും പരസ്യമായി കൂതറ പടം എന്നൊക്കെ വിളിക്കാനുള്ള ധൈര്യം നാം കേരളീയര്‍ കാട്ടിത്തുടങ്ങിയിരിക്കുന്നു!ഇത് കൊടിയ  പാപത്തില്‍ പെടും! ഈ പ്രവണതയ്ക്കെതിരെ നാം കൂടുതല്‍ മലയാള ചിത്രങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു.നമ്മുടെ  സൂപ്പര്‍ താരങ്ങളുടെ കഥയില്ലായ്മയും പ്രായക്കൂടുതലുമൊക്കെ നമ്മള്‍ കേരള വാദത്തിന്റെ പേരില്‍  സഹിക്കണം . അതാണ് നിങ്ങളുടെ കേരള മക്കള്‍ വാദം തെളിയിക്കാനുള്ള ഒരു അവസരം.അല്ലാതെ കഥയുടെയോ സിനിമയുടേയോ കൊള്ളരുതായ്ക  നമ്മള്‍ ഒരിക്കലും അംഗീകരിക്കുന്നില്ല. അതിനാല്‍ ഇനി മുതല്‍ അന്യഭാഷാ ചിത്രങ്ങളും നമ്മള്‍ കേരള മക്കള്‍ തിരസ്കരിക്കണം എന്നാണ് ഞാന്‍ ഉണര്‍ത്തുന്നത്. നമുക്ക് കേരളത്തിന്റെ രജനീകാന്തിനേയും കമലാഹാസനേയും ഷാരൂഖ് ഖാനേയുമൊക്കെ ഇവിടെ വളര്‍ത്തിയെടുക്കണം.നമ്മുടെ നടികള്‍ അന്യ സംസ്ഥാനത്ത് പോയി ഇവിടെ ‘തുറന്ന് ‘ അഭിനയിക്കാത്തത് പലതും അവിടെപ്പോയി തുറന്ന് അഭിനയിക്കുന്നത് നമ്മള്‍ തടയണം. ഷക്കീല, രേഷ്മ,മമത തുടങ്ങിയ നടികള്‍ക്ക് നമ്മുടെ അതിര്‍ത്തി സംസ്ഥാനമായി നമ്മള്‍ പ്രഖ്യാപിക്കാന്‍ പോകുന്ന പാലക്കാട് വരെ പ്രവേശനം അനുവദിക്കും എന്ന് ഞാന്‍ ഉറപ്പ് തരുന്നു.

നമ്മുടെ നാട്ടില്‍ കക്കൂസ് കോരുകയും, ടെലിഫോണ്‍ കേബിളിന് ചാലു കീറുകയും മറ്റ് പണികള്‍ക്കുമായി വരുന്ന തമിഴരോട് ഒരു വിട്ടു വീഴ്ചയുമില്ലാതെ ഇവിടെ നിന്നും നാട് കടത്താന്‍  നമ്മള്‍ പ്രതിജ്ഞാ ബദ്ധരാകണം. ഇനി മലയാളം പറയുന്ന തമിഴനാണെങ്കില്‍ പോലും നാം അത് വക വെച്ച് കൊടുക്കരുത്. നമുക്ക്  ഒരു പക്ഷേ ഇനി നല്ല സിനിമകള്‍ കാണാന്‍ പറ്റി എന്നു വരില്ല. മണ്ണിന്റെ മക്കള്‍ വാദത്തിന്റെ പേരില്‍ നമ്മളത് സഹിക്കും! നമുക്ക് ഒരു പക്ഷേ അന്യ സംസ്ഥാനത് നിന്നും അരിയും പച്ചക്കറികളും കിട്ടിയെന്ന് വരില്ല, എന്നാലും നമ്മള്‍ കേരള മക്കള്‍ വാദം വിജയിപ്പിക്കണം. അത് പോലെ കേന്ദ്രത്തില്‍ നിന്നും തരുന്ന ഒരു സാധനങ്ങളും നമ്മള്‍ വേണ്ട എന്ന് വെക്കണം . വൈദ്യുതി ക്ഷാമവും മറ്റു പല വിധ ക്ഷാമങ്ങളും ഉണ്ടായേക്കാം എന്നാലും നമ്മള്‍ കേരളീയ മക്കള്‍ വാദത്തിന്റെ പേരില്‍ എല്ലാം സഹിക്കണം. എല്ലാം വേണ്ടെന്ന് വെച്ച് നമ്മള്‍ അവസാനം കേരളമെന്ന കൊച്ചു രാജ്യം ഉണ്ടാക്കണം. പട്ടിണിയായാലും പരിവട്ടമായാലും  ഇനി പണ്ടാരടങ്ങിപ്പോയാലും നമ്മുടെ കേരള മക്കള്‍ വാദം  പൂവണിയണം. അങ്ങിനെ എന്റെ സ്വപ്നം പൂവണിയുമ്പോള്‍  പ്രസിഡന്റ് എന്ന നിലയില്‍ ഈ നാടിനെ കുട്ടിച്ചോറാക്കണം എന്ന എന്റെ ആഗ്രഹവും പൂവണിയും. അതിനാല്‍ എന്റെ ആഗ്രഹ സഫലീകരണത്തിനു വേണ്ടി നിങ്ങള്‍ ഇന്നു മുതല്‍ കേരള മക്കള്‍ വാദം ശക്തിയായി പാലിക്കണം എന്ന് കേരള മക്കള്‍ക്ക് വേണ്ടി ഞാന്‍ ഓരോ കേരളീയനോടും അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ കേരളത്തെ സ്നേഹിക്കുന്നുവെങ്കില്‍, കേരളീയനെന്ന് അഭിമാനം കൊള്ളുന്നു എങ്കില്‍, നിങ്ങളുടെ ചോര കേരളത്തിനു വേണ്ടി തിളക്കുമങ്കില്‍, കേരള സ്നേഹിയാണെങ്കില്‍ നിങ്ങള്‍ ഈ കേരള മക്കള്‍ വാദത്തില്‍ അണി ചേരുക. നഷ്ടപ്പെടാന്‍ നമുക്ക് ഒരുപാട് കാര്യങ്ങളുണ്ടെങ്കിലും നേടാന്‍ നമുക്ക് കേരള മക്കള്‍ വാദം എന്ന മുദ്രാവാക്യമാണ്. 
“കേരളമെന്ന കേട്ടാലോ അഭിമാന പൂരിതമാകണമന്ത രംഗം, 
മണ്ണെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍ “
എന്ന നമ്മുടെ മുദ്രാവാക്യം പ്രാവര്‍ത്തികമാക്കാന്‍ എല്ലാ കേരളീയരും മുന്നോട്ട് വരിക. 

എന്ന് കേരള മക്കള്‍ വാദസേന 
പ്രസിഡന്റ് 
ഒപ്പ്

Sunday, January 24, 2010

നവവരന്മാരേ ‘ഡിസ്ക്‘ ഇളക്കരുത്!

രണ്ട് വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനു ശേഷം ഞാന്‍ നാട്ടില്‍ പോകാന്‍ തീരുമാനിച്ചപ്പോള്‍ എന്നെ ഏറ്റവും വലുതായി അലട്ടിയ പ്രശ്നം ഒരു കല്യാണം കഴിക്കുക എന്നതായിരുന്നു. ഗ്രഹണ സമയത്ത് ഞാഞ്ഞൂളിനും ഗള്‍ഫില്‍ നിന്നും വരുമ്പോള്‍‍ ഗള്‍ഫുകാരനും ചില്ലറ വിലയൊക്കെയുണ്ടെന്ന് കരുതിപ്പോന്ന സമയത്താണ് ഞാനും നാട്ടിലെത്തുന്നത്. വെറ്റിലച്ചെല്ലത്തില്‍ കല്യാണക്കാര്യം എഴുതിയിടുക, പായ പകുതി കീറി “എനിക്കൊറ്റയ്ക്ക് കിടക്കാന്‍ പകുതി പായ മതി” എന്നൊക്കെ പറയാറുള്ള ആ അറു പഴഞ്ചന്‍ ഏര്‍പ്പാടുകള്‍ക്ക് പകരമായി പെങ്ങന്മാര്‍ക്ക് കൈക്കൂലിയിനത്തില്‍ പാരിദോഷികങ്ങള്‍ വാങ്ങിക്കൊടുത്ത് സന്തോഷിപ്പിച്ച്, ആങ്ങളയെ കല്യാണത്തിന് നിര്‍ബന്ധിപ്പിക്കുക എന്ന ഒരു രീതിയാണ് ഞാന്‍ സ്വീകരിച്ചത്. എങ്കിലും നിര്‍ബന്ധം മാത്രം പോരെന്നും മേക്കപ്പിനും ഹെയര്‍ ഡൈക്കുമൊക്കെ വളരെയേറെ പ്രാധാന്യമുണ്ടെന്നും ഞാന്‍ മനസ്സിലാക്കിയ ദിനങ്ങളായിരുന്നു അത്.

മനസ്സില്‍ ഉദ്ദേശിച്ചത് ഉയര്‍ന്നൊരു തറവാടാണെങ്കിലും ഒരു ചെറിയ കുന്നിന്റെ മുകളില്‍ ഉയരത്തിലുള്ള വീട്ടില്‍ നിന്നാണ് ആദ്യ പെണ്ണു കാണല്‍ തരപ്പെട്ടത് തികച്ചും യാദ്യശ്ചികം മാത്രം! പിന്നീട് നടന്നതും യാദ്യശ്ചികം! ആദ്യം കണ്ട പെണ്ണിനെ തന്നെ എല്ലാവരും ചേര്‍ന്ന് ഉറപ്പിച്ചു. ആ പേരില്‍ നാലു പെമ്പിള്ളാരുടെ കയ്യീന്ന് ചായ വാങ്ങിക്കുടിക്കാനുള്ള സാഹചര്യം കൂടി നഷ്ടപ്പെട്ടു. എങ്കിലും ആദ്യം കണ്ട പെണ്ണ് തന്നെ ആദ്യ വധുവായതില്‍ വളരെ സന്തോഷം! (തല്‍ക്കാലം ഈ ബ്ലോഗ് തുടര്‍ന്നും എഴുതണം എന്ന് ആഗ്രഹമുള്ളത് കൊണ്ടും ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് വിലകുറയ്ക്കാനുള്ള തീരുമാനമാനം സര്‍ക്കാര്‍ കൈക്കൊള്ളാത്തത് കൊണ്ടും കൂടുതല്‍ എഴുതാന്‍ നിര്‍വ്വാഹമില്ല. ശത്രുക്കള്‍ പറയുന്നത് പോലെ ബി പി ഉള്ളത് കൊണ്ടല്ല എന്ന് എന്നെ അറിയുന്നവര്‍ കരുതിക്കൂട്ടി വിശ്വസിക്കും എന്ന പ്രത്യാശയാല്‍ ഞാന്‍ കൂടുതലൊന്നും പറയുന്നില്ല.)

അങ്ങിനെയങ്ങനെ ഒരു എപ്രില്‍ രണ്ടാം തിയ്യതി ഞങ്ങളുടെ വിവാഹം നടന്നു. എന്റെ ജാതകപ്രകാരം ഏറ്റവും നല്ല മുഹൂര്‍ത്തം ഏപ്രില്‍ ഒന്നായിരുന്നെങ്കിലും പണിക്കര്‍ക്ക് സമയം ശരിയാക്കാനായി “എവറഡിയുടെ” രണ്ട് പുതിയ ബാറ്ററി വാങ്ങിക്കൊടുത്താണ് കാര്യം ശരിയാക്കിയത്. പഞ്ചസാരയില്‍ ചായല തട്ടിപോയപോലെ ഒരു കോമ്പിനേഷനാണ് ഞങ്ങള്‍ തമ്മിലെന്ന്‍ പലരും പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിയില്ല എന്നാല്‍ ചുടുവെള്ളം ചേര്‍ന്നാല്‍ കട്ടന്‍ ചായയുടെ നിറത്തിലുള്ള പിള്ളാരുണ്ടാകുമോടാ എന്ന് സുഹ്യത്ത് മുത്തു ചോദിച്ചപ്പോള്‍ ശരിക്കും ഞെട്ടി. എങ്കിലും കല്ലും കെ എസ് ആര്‍ട്ടി സി ബസ്സും പോലെ വളരെ ഒരു അടുത്ത ബന്ധം ഞങ്ങള്‍ തമ്മില്‍ ഉണ്ടാകുമെന്നു ഞാന്‍ വെറുതെ ആശ്വസിച്ചു.

ആദ്യത്തെ ഒന്ന് രണ്ടാഴ്ച വിരുന്നും കൂട്ടവുമൊക്കെയായി കഴിഞ്ഞു കൂടി. ഇടയ്ക്കൊന്ന് നാട്ടിലിറങ്ങി കൂട്ട്കാരെ മുഖം കാണിച്ചില്ലെങ്കില്‍ “എന്താടാ ഗള്‍ഫുകാരന്‍ കല്യാ‍ണം കഴിച്ച പോലെ പുറത്തേക്കൊന്നും കാണാനില്ലല്ലോ” എന്ന അപവാദം കേള്‍ക്കാതിരിക്കാന്‍ അന്ന് വൈകീട്ട് കൂട്ടുകാരുടെ കൂടെ ഫുട്ബോള്‍ കളിക്കാന്‍ തീരുമാനിച്ചു. “ചിറക്കണ്ടം’ഗ്രൌണ്ടില്‍ ഗല്‍ഫിനു പോകുന്നതിനു മുന്‍പ് സ്ഥിരമായി കളിക്കാറുണ്ടായിരുന്നു. കളി എന്ന് പറഞ്ഞാല്‍ ഗ്രൌണ്ടിന്റെ ഒരു മൂലയില്‍ ഞാന്‍ നില്‍ക്കും, വല്ലപ്പോഴും പന്ത് കാലുകൊണ്ട് തട്ടിയെങ്കിലായി.അങ്ങിനെ പന്ത് തീരെ കിട്ടാതായിത്തുടങ്ങിയപ്പോള്‍ എന്നെ ഒരു ഗോള്‍ കീപ്പറായി പ്രഖ്യാപിച്ചു,ഞാന്‍ തന്നെ. പിന്നീടുള്ള ഫുട്ബോള്‍ ജീവിതം ഒരു ഗോള്‍കീപ്പറായിട്ടാണു ഞാന്‍ കഴിച്ച് കൂട്ടിയത്.അത് കൊണ്ട്കൂടി അന്നും ഞാന്‍ ഗോളിയായി നില്‍ക്കാന്‍ തീരുമാനിച്ചു. കളി തുടങ്ങി.ഒന്നു രണ്ട് ഗോളൊക്കെ ഞാന്‍ സേവ് ചെയ്തു.അബദ്ധത്തില്‍ കാലില്‍ തട്ടി പുറത്ത് പോയതാണെന്ന് ശത്രുക്കള്‍ പറഞ്ഞ് പരത്തി. വരാന്‍ വെച്ചത് വാഴക്കോട് തങ്ങില്ലല്ലോ,നേരെ ഗ്രൌണ്ടിലേക്ക് തന്നെ വന്നു. ക്യത്യമായി വലത് കണ്ണിന്റെ ഭാഗത്ത് തന്നെ. ആരോ ഗോളാക്കാമെന്ന വെറിയോടെ അടിച്ച പന്ത് എന്റെ കൈകള്‍ എത്തുന്നതിനു മുന്‍പ് ഞാനെന്റെ സ്വന്തം കണ്ണ് കൊണ്ട് തടുത്തു. അല്‍പ്പ നേരത്തിനു എല്ലാവരും ബ്രസീലിന്റെ കളിക്കാരെപ്പോലെ മഞ്ഞ ജേര്‍സിയണിഞ്ഞ് നില്‍ക്കുന്നത് പോലെ തോന്നി.കാരണം അത്രയ്ക്കും ഊക്കിലുള്ള അടിയായിരുന്നു.മുഖത്തിന്റെ ഷേപ്പ് മാറിയോ എന്ന് ഞാന്‍ തപ്പി നോക്കി.എങ്കിലും അധികം വൈകാതെ മുഖത്തിന്റെ ഒരു ഭാഗം ചൈനയുടെ മാപ്പ് പോലെ വികസിച്ച് കൊണ്ടിരുന്നു. എങ്കിലും കളിയുടെ ആവേശത്തില്‍ വേദന മറന്നെന്ന് വരുത്തിത്തീര്‍ത്ത് ഞാന്‍ വീണ്ടും ഗോള്‍പോസ്റ്റില്‍ നിന്നു.

ഗള്‍ഫുകാരന്റെ വീട്ടിലേക്ക് ബന്ധുക്കാര് വിരുന്ന് വരുന്നത് പോലെ ഒന്നിനു പുറകെ ഒന്നായി ബോളുകള്‍ വന്നു കൊണ്ടിരുന്നു. ‘ഇക്കാ ബോള് പിടിക്ക് ട്ടാ” എന്ന് പറഞ്ഞവര്‍ ‘ടാ പിടിക്കടാ’ എന്നും ആവേശത്തില്‍ ടാ %#$@& പിടിക്കടാ എന്ന് വരെ പറഞ്ഞു. എന്നിട്ടും ഗുണമില്ലെന്ന് കണ്ടിട്ടെന്നോണം ‘മുത്തു’ അട്ത്ത് വന്നിട്ട് പറഞ്ഞു, ‘ടാ ഒരു പത്ത് ബോള് വിടുമ്പോ ഒരെണ്ണമെങ്കിലും പിടിച്ചൂടടാ?”
മുത്തുവിന്റെ ആ ഡൈലോഗ് എന്നില്‍ ഉറങ്ങിക്കിടന്നിരുന്ന മ്യഗത്തെ ഉണര്‍ത്തി.വന്യമായ ഒരു ആവേശത്തില്‍ ഉയര്‍ന്ന് വന്ന ബോള്‍ പിടിക്കാനായി ഒരു തവളയെപ്പോലെ ഞാന്‍ കുതിച്ച് ചാടി!
“ക്ടക്’ എന്നൊരു ശബ്ദം ക്യത്യമായി ഞാന്‍ കേട്ടു. അതെന്താണെന്ന് നിലത്ത് അമര്‍ന്ന് നിന്നപ്പോള്‍ മനസ്സിലായി.എന്‍െ ഡിസ്കിനെന്തോ പറ്റിയിരിക്കുന്നു. എനിക്ക് നിന്ന നില്‍പ്പില്‍ നിന്നും പിന്നെ അനങ്ങാന്‍ പറ്റുന്നില്ല. ഒണക്കപ്പുട്ട് അണ്ണാക്കില്‍കുടുങ്ങിയപോലെ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന അവസ്ഥ. സംഗതി എന്തോ പന്തികേടുണ്ടെന്ന് എന്റെ ഭാവാഭിനയിത്തില്‍ നിന്നും നസ്സിലാക്കിയ മോനുവും മുത്തുവും എന്റെയടുത്ത് വന്നു.ഡിസ്ക് തെറ്റിയതാണെന്ന് അവര്‍ക്ക് മനസ്സിലായി. ഉടനെ ആറ്റൂര്‍ എന്ന സ്ഥലത്തുള്ള കുറുപ്പിന്റെയടുത്ത് പോയി ഉഴിഞ്ഞ് ശരിയാക്കാമെന്ന് തീരുമാനിച്ചു.

അവര്‍ രണ്ട് സൈഡിലും നിന്ന് രണ്ട് കാലിന്റെ തുടയില്‍ പിടിച്ച് പൊക്കി. ഞാന്‍ രണ്ട് കൈകൊണ്ടും രണ്ട് പെരുടേയും തോളില്‍കൂടി പിടിച്ചു. അങ്ങിനെ പൊക്കി വണ്ടിയിലേക്ക് കേറ്റാന്‍ പോകുമ്പോഴാണ് “പതിനൊന്ന് ഹംസക്ക” (പതിനൊന്ന് എന്നത് ഇരട്ടപ്പേരാണ്) ഞങ്ങളെ കണ്ടതും ഒരു കണ്ണീചോരയുമില്ലാതെ ചോദിച്ചു,
“എന്തടാ ചെട്ടിയന്മാര് ശവം കൊണ്ടോണ പോലെ ഇവനെ ഇരുത്തിക്കൊണ്ടോണത് ? ഒരു വട്ടക്കെട്ടും നെറ്റീമെ ഒരു ഒറ്റക്കോയിനും കൂടി വെക്കായിരുന്നില്ലെടാ?”
ഹംസക്ക ആയത് കൊണ്ടും എന്റെ ഡിസ്ക് തെറ്റിക്കിടന്നത് കൊണ്ടും അവിടെ ഒരു രക്തദൂഷ്യം ഒഴിവായി.മുത്തുവും മോനുവും കൂടി എന്നെ “നഗരം കാണിക്കലിന്” കാലം ചെയ്ത ബിഷപ്പിനെ ഇരുത്തും പോലെ കാറിന്റെ പിന്‍ സീറ്റില്‍ ഇരുത്തി നേരെ കുറുപ്പിന്റെ അടുത്തെക്ക് പോയി.

റോഡില്‍നിന്നും അല്‍പ്പം ഉള്ളിലേക്ക് മാറിയിട്ടാണ് കുറുപ്പിന്റെ വീട്. വീണ്ടും അവര്‍ എന്നെ ഏറ്റി ഒരു ചെറിയ ഇട വഴിയിലൂടെ നടന്നു. നടക്കുന്നതിനിടയിലാണ് പണികഴിഞ്ഞ് വാഴക്കോടുള്ള മാത എന്ന സ്ത്രീ ആ വഴി വരുന്നത്. മോനുവിനെ കണ്ടതും മാത,
“എന്താ മോന്വോ, ഇയ്യ് അന്തിമൊളെങ്കാവിലെ വേലയ്ക്ക് കാളേനേറ്റാനും പോകുന്നുണ്ടോ?”
അത് കേട്ടതും ചിരി അടക്കാനാവതെ അവര്‍ എന്നെ താഴെ നിര്‍ത്തി.മാതയായത് കൊണ്ടും കണ്ണിനു അല്‍പ്പം തെളിച്ചക്കുരവുള്ളത് കൊണ്ടും ഞാന്‍ വീണ്ടും ക്ഷമിച്ചു. മാത അടുത്ത് വന്നു.
“അല്ല ഇത് നമ്മടെ ഗള്‍ഫ് കുട്യല്ലെ? മാനേ വിരുന്നൊക്കെ കഴിഞ്ഞോ?”
ഞാന്‍ വേദന കടിച്ചമര്‍ത്തി കഴിഞ്ഞു എന്ന് ആംഖ്യം കാണിച്ചു.കൂട്ടുകാരെ തോണ്ടി പോകാമെന്നും പരഞ്ഞു.അവര്‍ വീണ്ടും കാവടിയെടുത്തു പൊക്കി. അത് കണ്ട് മാത വീണ്ടും,
“അല്ലാ മോനെ എന്താ അനക്ക് പറ്റീ?
ഒന്നുമില്ലാ എന്ന് ഞാന്‍ പറയാന്‍ തുടങ്ങീതും മുത്തു നടക്കുന്നതിനിടയില്‍ മാതയോട്,
“അതേ മാതേ, ചെക്കന്‍ ഒന്ന് കളിച്ചതാ!”
“ദേവ്യേ” മാത അറിയാതെ വിളിച്ച് പോയി. പിന്നെ മാത ചോദിച്ചതൊന്നും ഞങ്ങള്‍ കേള്‍ക്കാന്‍ നിന്നില്ല!

കുറുപ്പ് ഉഴിഞ്ഞ് ഒരു വിധം പിടിച്ച് നടക്കാമെന്ന ഒരു പരുവമാക്കിത്തന്നു.തൈലം തെച്ച് രണ്ടാഴ്ച റെസ്റ്റെടുത്താല്‍ ശരിയാകുമെന്നും പറഞ്ഞ് വിട്ടു.അവര്‍ വീണ്ടും എന്നെ വണ്ടിയില്‍ കേറ്റിയിരുത്തി വീട്ടിലേക്ക് വന്നു.മുത്തുവും മോനുവും വീണ്ടും കാവടിയെടുത്തു. ഞങ്ങടെ വരവു കണ്ട് ഉമ്മറത്ത് നിന്ന് ഉമ്മാടെ കമന്റ്!
“മറഡോണയാവാന്‍ പോയ ചെക്കനാ, ചൊമന്നോണ്ട് വരുന്ന വരവു കണ്ടില്ലേ?എന്തായാലും മറഡോണ മരിഡോണ ആവാഞ്ഞത് ഭാഗ്യം! ആ ട്രോഫി ആ കസാരയിലോട്ട് വെച്ചോളിന്‍”
അത് കൂടി കേട്ടപ്പോള്‍ എനിക്ക് ഉടലോടെ വാ പിളര്‍ന്ന് ഒരു ചിക്കെന്‍ ചില്ലി കഴിച്ചാലോ എന്ന് തോന്നി.എങ്കിലും ആ നേരത്ത് ഒരു ഫോണ്‍ ആ ചമ്മല്‍ മറക്കാന്‍ രക്ഷയ്ക്കെത്തി. ഉമ്മ പോയി ഫോണ്‍ എടുത്തു. ഫോണിന്റെ അങ്ങേ തലയ്ക്കല്‍ സൌദിയില്‍ നിന്നും എളാപ്പ (ഉപ്പാടെ അനിയന്‍). ഉമ്മ എളാപ്പ പുത്യാപ്ലയെ ചോദിക്കുന്നു എന്നും പറഞ്ഞ് ഫോണ്‍ എനിക്കു തന്നു.
“ഹലോ ഞാനാ പുതിയാപ്ല,“
“പുതുപെണ്ണില്ലേ അവിടെ?”
“ഉണ്ട് അവള്‍ ഇവിടെയുണ്ട്, സുഖം തന്നെ! പിന്നെ എനിക്കാ സുഖമില്ലാത്തത്”
“നിനക്കെന്തു പറ്റി?”
“ഡിസ്കൊന്ന് തെറ്റി,റെസ്റ്റിലാ”
“ഡിസ്ക് തെറ്റേ, എന്ത് പറ്റി?”
“ഒന്ന് കളിച്ചതാ”
“ഇന്റെ റബ്ബേ, ടാ ആ പെണ്ണിനെന്തേങ്കിലും പറ്റിയോ?”
“പെണ്ണിനോ?” അപ്പോഴാണ് എന്റെ മനസ്സില്‍ ഒരു ലഡുപൊട്ടിയത്, ‘എളാപ്പാ ഞാന്‍ ചിറക്കണ്ടത്തിലു പന്ത് കളിക്കാന്‍ പോയിട്ട് പറ്റിയതാ, രണ്ടാഴ്ച റെസ്റ്റെടുത്താല്‍ ശരിയാകും!”

ഭാഗ്യം അധികം ചോദ്യങ്ങളൊന്നുമില്ലാതെ ആ ഫോണ്‍ കട്ടായി.മുഖത്ത് സങ്കടവും അതിലേറെ ദേഷ്യവുമായി ഭാര്യ എന്നെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു.
“പേരേടെ ഇലയിട്ട് തിളപ്പിച്ച വെള്ളംകൊണ്ട് കുളിക്കാനാ കുറുപ്പ് പറഞ്ഞിരിക്കുന്നത്.ഇത്തിരി വെള്ളം ചൂടാക്യേ മോളെ”
അത് കേട്ട് അവള്‍ എന്നെ നോക്കിയ ആ നോട്ടം കൊണ്ട് ഒരു കിണര്‍ വെള്ളം തന്നെ തിളച്ചേനെ!
വീണ്ടും ഫോണ്‍, ഉമ്മാ ഫോണ്‍ എടുത്തു.
‘ഹലോ ആരാ?’
“ഞാന്‍ ഷെമിയുടെ ഉമ്മയാ, മക്കള്‍ക്ക് സുഖം തന്നെയല്ലേ?”
“സുഖായിരിക്കുന്നു.പിന്നെ ഒരു ചെറിയ വിശേഷം ഉണ്ട്!”
കല്യാണം കഴിഞ്ഞ് രണ്ടാഴ്ചയാകുമ്പോഴേക്കും വിശേഷോ? ഷെമിയുടെ ഉമ്മ ഞെട്ടിക്കാണും,അത് പുറത്ത് കാണിക്കാതെ അവര്‍ ചോദിച്ചു,’എന്ത് വിശേഷം?”
“വിശേഷം പുയ്യാപ്ലക്കാ, രണ്ടാഴ്ച ബെഡ് റെസ്റ്റ് വേണം എന്നാ പറഞ്ഞിരിക്കുന്നത്”
“പ് ധിം”
പിന്നീട് അപ്പുറത്തിന്ന് ശബ്ദമൊന്നും കേള്‍ക്കാണ്ടായപ്പോള്‍ ഉമ്മ ഫോണ്‍ കട്ട് ചെയ്തിട്ട് ഉമ്മ പറഞ്ഞു.
“ എന്തോ വീണ ശബ്ദം കേട്ടു!ഫോണ്‍ കട്ടായി!”

ഉപദേശം: നവവരന്മാരെ നിങ്ങള്‍ ഫുട്ബോള്‍ കളിക്കരുത്, അഥവാ കളിച്ചാല്‍ ഡിസ്ക് തെറ്റരുത്.ഒന്നും ഉണ്ടായിട്ട് പറയുകയല്ലാട്ടോ!

Wednesday, January 13, 2010

കഥകളുടെ പിന്നാമ്പുറങ്ങളില്‍....

“എടീ പിള്ളാരൊക്കെ ഉറങ്ങിയോ?”
“ഓ അവരൊക്കെ ഇന്ന് നേരത്തെ ഉറങ്ങി”
“ഞാനൊരു നോവലെഴുതിയാലോ എന്ന് ആലോചിക്കുകയാ!”
“ഈ വ്യത്തികെട്ട കാര്യം പറയാനാണോ പിള്ളാരുറങ്ങിയോ എന്നൊക്കെ ചോദിച്ചത്?കഷ്ടം!”
“എടീ ഈ നോവലെഴുതുന്നത് അത്ര മോശപ്പെട്ട കാര്യമാണെന്ന് ആരാ നിന്നോട് പറഞ്ഞ്? ഈസ്റ്റ് കോസ്റ്റ് വിജയന്‍ വരെ ‘നോവല്‍‘ എഴുതിയില്ലെ?“
“അയാളെഴുതിയത് നോവലല്ല. നോവലെന്ന ഒരു സിനിമയാ പിടിച്ചത്”
“അതും ഒരു നോവലല്ലെ?”
“അത് നോവലാണോന്നറിയില്ല, പ്രൊഡ്യൂസര്‍ കൂടിയായ അങ്ങേര്‍ക്ക് അതിനു ശേഷം കാശ് പോയതിന്റെ നല്ല നോവലാ ന്നാ പറഞ്ഞ് കേട്ടത്”
“എല്ലാ കഥയും ഹിറ്റാവാത്തപോലെ എല്ലാ സിനിമകളും ഹിറ്റാവില്ല എന്നത് ഒരു പ്രപഞ്ച സത്യമല്ലെ?”
“ഹൊ, ഇതിന് ഇത്രവലിയ സത്യമൊക്കെയുണ്ടോ?സോറി എന്നോട് പൊറുക്കൂ”
“എന്നാ പിന്നെ എന്റെ ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ കൂട്ടിയിണക്കി ഒരു കഥ എഴുതിയാലോ?”
“അതിനു ഒരു കഥ എഴുതണോ? രണ്ട് വാക്കില്‍ ഒതുക്കിക്കൂടെ?“
“രണ്ട് വാക്കിലോ?“
“അതേ, ഭക്ഷണം കഴിക്കല്‍ ഉറങ്ങല്‍, അതല്ലേ രസകരമായ മുഹൂര്‍ത്തം!“
“ഡോണ്ടൂ ഡോണ്ടൂ അത് വേണ്ടാ, ഞാന്‍ പഠിക്കുന്ന കാലത്തെ രസകരമായ മുഹൂര്‍ത്തങ്ങള്‍ എഴുതാന്നാ ഉദ്ദേശിച്ചത്. MBAയ്ക്ക് പഠിക്കുന്ന സമയത്തുള്ള സംഭവങ്ങള്‍...”
“എന്തിനു പഠിക്കുമ്പോ?”
“എടീ കഥയല്ലെ ഒരു വെയിറ്റിന് കിടക്കട്ടെ”
“വെയിറ്റ് മാത്രം പോരല്ലോ ലുക്കും വേണ്ടെ? ഒരു MBA ക്കാരന്‍! കണ്ടാലും പറയും”
“ശരി എന്നാല്‍ BA"
"ഉറങ്ങുന്നതിനു മുമ്പ് അതിന്റെ ഫുള്‍ഫോമും കൂടി പഠിച്ചോളൂ ട്ടോ”
“ഓക്കെ സമ്മതിച്ചു, പത്താം ക്ലാസില്‍ തോറ്റ് പണിയില്ലാതെ നടന്നിരുന്ന കാലം! എന്താ സന്തോഷമായോ? ആ കാലത്ത് സിംഗപ്പൂരിലുള്ള അമ്മാവന്‍ ലീവിനു വരുമ്പോള്‍ എനിക്കൊരു സമ്മാനം തരുന്നു..”
“എവിടത്തെ അമ്മാവന്‍?”
“സത്യായിട്ടും സിംഗപ്പൂര്‍ എന്നാണു പറഞ്ഞത് നീയെന്താ കേട്ടത്?”
“അതല്ല നിങ്ങടെ ഏതമ്മാവനാ സിംഗപ്പൂരില്‍?”
“ഓ ഞാന്‍ മറന്നു,മാറ്റി സിംഗപ്പൂര് മാറ്റി എന്നാ പിന്നെ ദുബായിലുള്ള അമ്മാവനാക്കാം?”
“അതേയ് ദുബൈയ്ക്ക് പോകാന്‍ മിനിമം ഒരു പാസ്പോര്‍ട്ടെങ്കിലും വേണം എന്നാ എന്റെ വിശ്വാസം”
“ശരി എന്നാല്‍ ബോംബയിലുള്ള അമ്മാവന്‍ ഓക്കെ?”
“അമ്മാവനോട് ആരെങ്കിലും ഹിന്ദി അറിയുമോന്ന് ചോദിച്ചാല്‍ വെറുതെ നാണം കെടില്ലെ മനുഷ്യാ?”
“ഹോ നിന്നെക്കൊണ്ട് തോറ്റു,കുന്നംകുളത്തെ പട്ടയമില്ലാത്ത പുറമ്പോക്കില്‍  താമസിക്കുന്ന  അമ്മാവന്റെ കയ്യില്‍ നിന്നും സമ്മാനമായി കിട്ടിയ മോട്ടോര്‍ബൈക്കില്‍ ചെത്തി നടക്കുമ്പോള്‍...”
“അതേയ് അപ്പോ ശരീന്നാ ഞാന്‍ ഉറങ്ങട്ടെ നാളെ മോന് സ്കൂളുള്ളതാ.നിങ്ങള് പണ്ട് അമ്മാവന്റെ കയ്യീന്ന് ഒരു സൈക്കിള്‍ കട്ടോണ്ട് വന്നിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്, മറന്നെങ്കില്‍ ഓര്‍മ്മിപ്പിച്ചു എന്നേയുള്ളൂ.അതൊക്കെ എഴുതിയാ പോരെ?”
“എടീ ഇതൊക്കെ ഒരു കഥയല്ലേ. വെറും സങ്കല്‍പ്പം!”
“കഥയാണെങ്കിലും സങ്കല്‍പ്പമാണെങ്കിലും ഒരു പരിധിയില്ലെ? ഇത്തിരി സത്യസന്ധമായി എഴുതിക്കൂടെ? ഒന്നൂല്ലെങ്കിലും വായനക്കാര്‍ തെറ്റിദ്ധരിക്കില്ലെ?”
“എടീ,യൂ നോ ഈ കഥ എന്നു പറഞ്ഞാല്‍ തന്നെ നുണയാണ്, അപ്പോള്‍ കഥാകാരന്‍ തീര്‍ച്ചായായും നുണയനും!”
“നിങ്ങള്‍ എന്നേയും ഒരു കഥാകാരിയാക്കും! പ്രാര്‍ത്ഥിക്കാന്‍ ഓരോരോ കാരണങ്ങളേ”
“അത് നീ എന്നെ ഒന്ന് ആക്കീതാണല്ലെ? ഓക്കെ ഓക്കെ ദാമ്പത്യ ജീവിതത്തില്‍ ക്ഷമാശീലം ആയുസ്സ് വര്‍ദ്ധിപ്പിക്കും എന്ന് ഞാന്‍ എവിടേയോ കേട്ടിട്ടുണ്ട്. എന്നാല്‍ നിന്റെ ബന്ധുവായ സാബുവിനെക്കുറിച്ചുള്ള കഥകളെഴുതിയാലോ? അതാകുമ്പോള്‍ ഒരു കിടിലന്‍ കഥ തന്നെ എഴുതാം. എന്താ?
“ഏയ് അതൊന്നും വേണ്ട.സാബുവിനെ എല്ലാവരും അറിയുന്നതല്ലേ?”
“അതിനു നമുക്ക് പേരു മാറ്റാം.SABU എന്ന പേരിലെ 'S' എന്ന അക്ഷരം കഴിഞ്ഞ് ഒരു കുത്തിട്ട് തല്‍ക്കാലം S. ABU (അബു) എന്നാക്കാം. അറിയുന്നവര്‍ക്ക് അറിയേം ചെയ്യാം!”
“അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ നിങ്ങടെ സ്റ്റോക്കൊക്കെ തീര്‍ന്നോ മനുഷ്യാ? വെറുതെ കുടുംബക്കാരെ ശത്രുക്കളാക്കണോ?”
“എടീ ഈ കഥകളൊക്കെ ഒരു പുസ്തകമാക്കി ഇറക്കിയാലതിന്റെ റോയല്‍റ്റി കൊണ്ട് നിനക്കും മക്കള്‍ക്കും ജീവിക്കാം!”
“അതേയ് നിങ്ങളില്ലാതെ എന്ത് റോയല്‍റ്റി കിട്ടീട്ട് എന്താ കാര്യം? അവരുടെ കഥയൊക്കെ എഴുതീട്ട് വെറുതെ ലേറ്റ് ആവണോ?”
“എന്തായാലും ഇന്നെഴുതുന്നില്ല.നാളേം സമയമുണ്ടല്ലോ?”
“ഞാന്‍ ഉദ്ധേശിച്ച 'LATE' ന് വേറെ ഒരര്‍ത്ഥം കൂടിയുണ്ട്!”
“ഓഹോ, എടീ അപ്പോ ഞാനെഴുതിയ കഥകളെക്കുറിച്ച് എന്താണ് നിന്റെ അഭിപ്രായം?“
“ഒരു പാതിരാ കൊലപാതകത്തിന്റെ കഥ നല്ല സിനിമയാത്രേ!’
“അതിപ്പോ ഇവിടെ പറയാന്‍ കാര്യം?”
“അല്ല അതിലു പല തരത്തിലുള്ള കൊലപാതകം ഉണ്ടെന്ന് പറയായിരുന്നു”
“നീ അത് എന്നെ ഉദ്ധേശിച്ച് പറഞ്ഞതല്ലെ? എന്നെ മാത്രം ഉദ്ധേശിച്ച്?”
“ഈ ഒരു കുഴപ്പം മാത്രേയുള്ളൂ സത്യം വല്ലതും പറഞ്ഞാ അപ്പോ തെറ്റിദ്ധരിക്കും.നിങ്ങളപ്പോ നോവലെഴുതാന്‍ പോകുവല്ലേ? ഞാന്‍ ഉറങ്ങട്ടെ.ഗുഡ് നൈറ്റ്”
“ഉറങ്ങുന്നതിനു മുമ്പ് എന്റെ കഥയുടെ തുടക്കം വേണേല്‍ കേട്ടോ, പണ്ട് പണ്ട് ഒരുത്തിലൊരുത്തില് ഒരു രാജകുമാരനുണ്ടായിരുന്നു.രാജകുമാരന്‍ കൊട്ടാരത്തില്‍ സന്തോഷത്തോടെ കഴിയുമ്പോള്‍ ഒരു ദിവസം..“
“ആ രാജകുമാരന്റെ കാര്യം പറഞ്ഞപ്പഴാ ഓര്‍മ്മ വന്നത് ‘ബാലരമ‘യിലേക്ക് അയച്ച കഥയും, ‘പൂമ്പാറ്റ‘യിലേക്ക് അയച്ച കവിതയും അവര്‍ തിരിച്ചയച്ചിട്ടുണ്ട് .രാജകുമാരന്റെ പേര് മാറ്റിയാല്‍ മാത്രം കഥ മാറില്ലാത്രെ!”
“ഈശ്വരാ ഈ കഥാകാരന്മാര്‍ എങ്ങിനെ പട്ടിണിയില്ലാതെ ജീവിക്കും !”

Sunday, January 10, 2010

താരത്തിനൊപ്പം: റോയല്‍റ്റിയും അയ്യപ്പ ബൈജുവും!



താരത്തിനൊപ്പം എന്ന ഈ പംക്തിയില്‍ ഇന്ന് ഞാന്‍ പിന്തുടരുന്നത് ഏവര്‍ക്കും പ്രിയങ്കരനായ ശ്രീ അയ്യപ്പ ബൈജു എന്ന കഥാപാത്രത്തെത്തന്നെയാണ്. ഇതില്‍ "ഠോ" എന്ന ശബ്ദം ബൈജുവിന് കിട്ടുന്ന അടിയായും, ഇനിയെങ്ങാനും "ട്ടേ" എന്ന പ്രയോഗം കണ്ടാല്‍ ബൈജു അടിക്കുന്നതായും കണക്കാക്കുമല്ലോ.

താരത്തിനൊപ്പം എന്ന പരിപാടിയിലേക്ക് എല്ലാവര്‍ക്കും സ്വാഗതം!

പതിവു പോലെ കവലയില്‍ ഫിറ്റായി പാട്ടും പാടി നില്‍ക്കുന്നതില്‍ നിന്നും ഈ എപ്പിസോഡും ആരംഭിക്കുന്നു!

“ഓടി വരും ബസ്സുകളില്‍ ചാടിക്കേറും ബൈജു,
കാലു തെറ്റി താഴെ വീഴും അയ്യോ പാവം ബൈജു, സത്യം
അയ്യപ്പ ബൈജു.....അയ്യപ്പ ബൈജു........”

“എടാ ബൈജു ഇനി പാട്ടൊക്കെ പാടണമെങ്കില്‍ റോയല്‍റ്റി കൊടുക്കണം!അറിഞ്ഞോ?“

“പിന്നേ എന്റെ പാട്ട് പിന്നെ നിന്റെ അപ്പന്‍ വന്ന് പാട്വോ? ഒന്ന് പോടാപ്പാ”

“ഠോ“
“ഹമ്മേ, എന്തൊരടിയാടപ്പാ ബൈജൂന് നൊന്തു,ഹൂ”

“പോടാ വീട്ടി പോടാ, അവന്റെ ഒരു പാട്ട്”

“കൊച്ച് പയ്യനാ,ശശി തരൂരാ ന്നാ വിജാരം ട്വിറ്റുവാ... പോടാ പോടാ ഇല്ലെങ്കി നിന്റെ കയ്യീന്ന് ഞാന്‍ മേടിക്കും.(അയാള്‍ പോയതിനു ശേഷം) ഭാഗ്യം അവന്‍ പോയി, ഇല്ലെങ്കില്‍ ഞാന്‍ വിവരമറിഞ്ഞേനെ,  കൊച്ച് പയ്യനാ ജീവിച്ചു പോട്ടെ, നോട്ട് ദി പോയന്റ് ബൈജു ഈസ് ഡീസന്റ്!”

അപ്പോഴാണ് അത് വഴി വന്ന ടിന്റുമോനെ ബൈജു കാണുന്നത്.

“എടാ ടിന്റുമോനെ നീ അപ്പനെ വീട്ടിന്ന് പുറത്താക്കിന്നറിഞ്ഞല്ലോ, എന്താ ചിലവിന് കാശ് ചോദിച്ചാടാ?”

“ചുള്ളന്‍ ഒരു സ്മാളൊന്നും പോരാന്ന്, പൈന്റ് വേണത്രെ! ഞാന്‍ പിടിച്ച് പുറത്താക്കി.എവിടേലും പോയി തെണ്ടി കുടിക്കട്ടെ അല്ല പിന്നെ!”

“ഇതെന്താടാ ടിന്റുമോനെ നിന്റെ കവിളൊത്തൊരു പാട്?“

“ ഓ എന്നാ പറയാനാ ആ ജോസപ്പേട്ടന്റെ മോള്‍ക്കൊരു പാട്ട് പാടിക്കൊടുത്തതാ,“

“ആ ഇപ്പോ റോയല്‍റ്റി ഇല്ലാണ്ട് പാടിയാ പെനാല്‍ട്ടി കിട്ടും, എനിക്കും ദേ ഇപ്പൊ കിട്ടി,സത്യം !നീയേത് പാട്ടാടാ ടിന്റു മോനെ പാടീത്?

“ഇത് റോയല്‍റ്റീം പെനാല്‍റ്റീമൊന്നുമല്ല ഒരു നമ്പറിട്ടതാ, എന്റെ എല്ലാമെല്ലാമല്ലേ, എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ.. എന്ന പാട്ട് ആക്ഷനോട് കൂടി പാടീതാ. ആ പൊട്ടിപ്പെണ്ണിന് ഒന്നും മനസ്സിലായില്ല, പക്ഷേ ജോസപ്പേട്ടന് ക്യത്യമായി മനസ്സിലായി.പിന്നെ കളരി അറിയാവുന്നത് കൊണ്ട് ഇത്രയേ പറ്റിയുള്ളൂ”

“കൊച്ചു മിടുക്കാ! നിനക്ക് കളരി അറിയാമോ ?”

“എനിക്കല്ല ഗെഡീ ജോസപ്പേട്ടന്. മര്‍മ്മം ഒഴിവാക്കി ഒഴിവാക്കി അവസാനം ജോസപ്പേട്ടന്‍ കവിളത്തൊരു നുള്ള്! അപ്പോ ശരി ഗെഡീ വൈകീട്ട് ഷാപ്പില്‍ കാണാം”

“നീയിതെവിടെക്കാടാ ടിന്റൂ തിരക്ക് പിടിച്ചിട്ട്, രണ്ട് കവിളൂടെ സംസാരിച്ചിട്ട് പോകാടാ,എനിക്ക് സംസാരിച്ച് കൊതി തീര്‍ന്നില്ലെടാ സത്യം”

“ഏയ് അത് ശരിയാവില്ല, ടി വിയില്‍ കാശ്മീര്‍ ഭീകരാക്രമണത്തിന്റെ ലൈവ് ടെലികാസ്റ്റുണ്ട്. ഇപ്പോ പോയില്ലെങ്കില്‍ പിന്നെ രാത്രി ഹൈലൈറ്റേ കാണാന്‍ പറ്റൂ, ഓക്കേ അപ്പോ വൈകീട്ട് കാണാം!”

“ഓക്കെ, നല്ല പയ്യനാ ഒരു മകളുണ്ടായിരുന്നെങ്കില്‍ കെട്ടിച്ച് കൊടുക്കായിരുന്നു, ബ്ലഡി ഫൂള്‍,
.....അയ്യപ്പ ബൈജൂ...അയ്യപ്പ ബൈജു..സാമി അയ്യപ്പ ബൈജൂ..അയ്യപ്പ ബൈജു...,
അല്ല നമ്മുടെ തമ്പാനൂര്‍ ശാന്തയും മകളുമല്ലേ വരുന്നത്,

“ചേച്ചീ ജസ്റ്റ് വണ്‍ മിനിറ്റ് പ്ലീസ്, ഇന്ന് ഷോ ഉണ്ടോ? ഒന്ന് കാണാന്‍ ?”

“ഠോ”  മോള്‍ക്ക് എസ്സെമ്മെസ്സ് കുറാവാന്നും പറഞ്ഞ് ആ ചാനലുകാര് പുറത്താക്കീട്ട് ഡോക്ടറെ കാണിക്കാന്‍ പോകുമ്പോഴാ അവന്റെ ഒരു ഷോ”

“ഹു പെങ്ങള് തെറ്റിദ്ധരിച്ചിട്ടാണെങ്കിലും അടി മിസ്സായില്ല,  മിനിമം തങ്കമ്മേടത്ര എസ്സമ്മെസ്സെങ്കിലും  ഇല്ലെങ്കില്‍ ചാനലുകാര് പുറത്താക്കും,നോട്ട് ദി പോയന്റ്,  ഓക്കെ ജസ്റ്റ് റിമംബര്‍ ദാറ്റ്, വന്ന് വന്ന് എസ്സെമ്മെസ്സുള്ളവര്‍ക്കേ ചാനലില്‍ നിലനില്‍പ്പുള്ളൂ എന്നായിരിക്കുന്നു. പുവര്‍ ഗേള്‍സ്..

അപ്പോള്‍ അത് വഴി വന്ന ബൈജുവിന്റെ ഒരു കൂട്ടുകാരില്‍ ഒരാള്‍,
“എടാ ബൈജു നിന്നെ ക്യസ്തുമസിന്റെ രണ്ട് ദിവസം മുന്‍പ് തൊട്ട് കാണാനില്ലാന്ന് കേട്ടല്ലോ എവിടായിരുന്നു?

“സത്യാ, ഞാന്‍ ചാലക്കുടീ പോയി, ഞാന്‍ ചെന്നില്ലെങ്കി അവരുടെ ഒന്നാം സ്ഥാനം പോകും എന്നും പറഞ്ഞ് ഒരു ഗെഡി കൊണ്ടോയതാ. എന്നാ പിന്നെ ന്യൂ ഇയറിന്റെ ഒന്നാം സമ്മാനം കൂടി വാങ്ങീട്ട് പോയാ മതീന്ന് അവര്‍ക്കൊരേ നിര്‍ബന്ധം! എന്നാ പിന്നെ അതും കഴിഞ്ഞിട്ട് വരാമെന്ന് വെച്ചു“

“വാര്‍ത്തകളൊക്കെ ചാനലില്‍ നിന്നും അറിഞ്ഞു, കുടിച്ച സാധനങ്ങളുടെ ബ്രാന്‍ഡ് തിരിച്ചുള്ള കണക്ക് വരെ അവര്‍ പുറത്ത് വിട്ടു,  ‘ചാലക്കുടി കണ്ടവന് കള്ള് ഷാപ്പും വേണ്ടാ‘ എന്നാത്രെ പുതിയ ചൊല്ല്!“

“കറക്റ്റ്, കൊട് കൈ! അല്ലടാ നിന്റെ ഗാനമേള ട്രൂപ്പ് പിരിച്ച് വിട്ടു എന്ന് പറഞ്ഞ് കേട്ടല്ലോ എന്താ പ്രശ്നം? ഞാന്‍ ഇടപെടണോ?”

“ഓ വേണ്ടടാ ബൈജു, ഇനി പുതിയ പാട്ടൊന്നും 5 വര്‍ഷത്തിന് പാടാന്‍ പറ്റില്ലാന്നാ പുതിയ നിയമം, മാത്രല്ല ഓരോ പാട്ടിനും ഇനി റോയല്‍റ്റി കൊടുക്കണം. അതൊക്കെ കൊടുത്തിട്ട് ഒരു ട്രൂപ്പ് കൊണ്ട് നടക്കാന്‍ എളുപ്പമല്ലടാ.ഗാനഭൂഷണം പാസായത് കൊണ്ട് ഈ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനുള്ള കുട്ടികള്‍ പാട്ടു പഠിപ്പിക്കാന്‍ ഉള്ളത് കൊണ്ട് എനിക്ക് കുഴപ്പമില്ല.പക്ഷേ ആ തബല വായിക്കണ ബാലനും, ഗിറ്റാറിസ്റ്റ് സോമനുമൊക്കെ വാര്‍ക്കപ്പണിയ്ക്ക് പോകുവാടാ. അവര്‍ക്കും കുടുംബം പോറ്റണ്ടെ ബൈജു?

“ശരിയാ, ഓ സി യാര്‍ അടിക്കുന്നവന് എന്നും ഓ സിയാര്‍ തന്നെ, സ്കോച്ചടിക്കുന്നവന് ഡബിള്‍ സ്കോച്ചടിക്കാന്‍ സഹായിക്കാനാ എല്ലാ സര്‍ക്കാരിനും താല്പര്യം. ഇനിയെങ്ങാനും വാള് വെക്കാന്‍ പഠിപ്പിച്ച ആശാന്മാര്‍ റോയല്‍റ്റി ചോദിക്കുമോ ന്നാ എന്റെ പേടി ! എന്റെ അയ്യപ്പ സാമീ ആ ചാലക്കുടിക്കാരെ കാത്തോളണേ.അടുത്ത റെക്കോര്‍ഡും ചാലക്കുടിക്കാര്‍ക്കാവണേ....“

“ഠോ” ഇവിടെ അടുത്ത റെക്കോര്‍ഡ് അടിച്ചെടുക്കാന്‍ സ്വാഗത സംഘം വരെ രൂപീകരിച്ച് പ്രാക്ടീസ് നടത്തുമ്പഴാ അവന്റെ ചാലക്കുടിക്കാര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന!”

“ട്ടേ , ട്ടേ , ട്ടേ” സ്വാഗത സംഘത്തിന്റെ പ്രസിഡന്റാക്കാന്‍ യോഗ്യതയുള്ള ഞാന്‍ അറിയാണ്ട് അവന്റെ ഒരു കമ്മറ്റി! പോടാ പോടാ ഷാപ്പീ പോടാ പ്രാക്ടീസ് ചെയ്യാന്‍ ! ഞാന്‍ രാവിലെതന്നെ സാധകം ചെയ്തതാ!സത്യം


 


Copyright http://www.vazhakkodan.com