Monday, December 28, 2009

ഇത് കേള്‍പ്പിക്കണമായിരുന്നോ ?

ഇന്ത്യയുടെ രാഷ്ട്രപതിയെക്കൊണ്ട് ഇപ്രകാരം ഒരു പ്രസ്ഥാവന നടത്താന്‍ മാത്രം മദ്യപരുടെ ഒരു സംസ്ഥാനമായി മാറിയോ നമ്മുടെ കേരളം. കേരളത്തില്‍ കഴിഞ്ഞ ക്യസ്തുമസ് ആഘോഷത്തിന് വിറ്റഴിഞ്ഞ മദ്യത്തിന്റെ കണക്കുകള്‍ ഇത്രയധികം പെരുപ്പിച്ച് കാട്ടി മറ്റു സംസ്ഥാനങ്ങളുടെ മുന്നില്‍ കേരളത്തെ നാണം കെടുത്താന്‍ ഇവിടത്തെ ചാനലുകാര്‍ ചെയ്ത ഉദ്യമത്തിന് ഒരു നല്ല നമസ്കാരം!

ഈ കണക്കുകള്‍ ഇങ്ങനെ പെരുപ്പിച്ച് കണിക്കുന്നതില്‍ ആര്‍ക്കാണ് ഇതിന്റെ ഗുണം? അതോ കൂടുതല്‍ കള്ളക്കടത്തുകാരെ ഈ മേഘലയിലേക്ക് ആകര്‍ഷിക്കാനോ? മദ്യം വാറ്റിയുണ്ടാക്കിയാല്‍ പോലും നല്ല ലാഭത്തോടെ വിറ്റഴിക്കാന്‍ പറ്റുന്ന ഒരു കമ്പോളമാണ് കേരളം എന്ന് കാണിക്കാനോ? എന്തിനായിരുന്നു ഈ ഫ്ലാഷ് ന്യൂസും അതിശയോക്തിയും നിറച്ച് ഇത്തരം വാര്‍ത്തകള്‍ നമ്മുടെ ചാനലുകള്‍ പടച്ച് വിടുന്നത്? ഈ കണക്കുകല്‍ ഇങ്ങനെ ഉദ്ധരിക്കുക വഴി ഇവിടത്തെ മദ്യ വില്‍പ്പന കുറയുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ?

ചാനലുകള്‍ പുറത്ത് വിടുന്ന കണക്കുകള്‍ കേവലം കഴിഞ്ഞ ഉത്സവ സീസണില്‍ വിറ്റുപോയ മദ്യത്തെ താരതമ്യപ്പെടുത്തി മാത്രമാണ്. എന്തു കൊണ്ട് ഈ വര്‍ദ്ധനവ് ഉണ്ടായി എന്നതിലേക്ക് ഒരല്‍പ്പം പോലും അവര്‍ വിരല്‍ ചൂണ്ടുന്നില്ല. അങ്ങിനെ ചെയ്താല്‍ ഈ പുറത്ത് വിടുന്ന കണക്കുകള്‍ തികച്ചും സ്വാഭാവികമാണെന്ന് സമ്മതിക്കേണ്ടി വരും.കേവലം ഒരു വാര്‍ത്തയ്ക്ക് വേണ്ടി ഒരു ജനതയെ മുഴുവന്‍ മദ്യപന്മാരാക്കുകയും അത് നമ്മുടെ രാഷ്ട്രത്തലവന്റെ ശ്രദ്ധയില്‍ പെടുത്തുകയും അവര്‍ അതിനെക്കുറിച്ച് പരാമര്‍ശം നടത്തുകയും ചെയ്യെണ്ടി വന്ന അവസ്ഥ ഇവിടെ അത്യന്തം ഖേദകരമായിപ്പോയി എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

കഴിഞ്ഞ ലോകസഭാ ഇലക്ഷന്‍ കഴിഞ്ഞ് കണ്ണൂരിലും മറ്റും ഉപ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ വോട്ടര്‍മാരിലുണ്ടായ വര്‍ദ്ധന നാം കണ്ടല്ലോ. വോട്ട് ചെയ്യാന്‍ പ്രായപൂര്‍ത്തിയാകുന്നത് പോലെ ഇവിടെ മദ്യത്തിന്റെ ലോകത്തിലേക്ക് കടന്ന് വരുന്നവരിലും ആനുപാതികമായ വളര്‍ച്ച ഉണ്ടായിക്കൊണ്ടിരിക്കുന്നു.അപ്പോള്‍ കഴിഞ്ഞ ഉത്സവ സീസണില്‍ മദ്യപിക്കാനുള്ള ലൈസന്‍സ് കിട്ടാത്തവര്‍ ഈ ഉത്സവ കാലത്ത് അത് നേടി എന്ന് വേണം കരുതാന്‍.അപ്പോള്‍ സ്വാഭാവികമായ ഒരു ഉപഭോഗ വര്‍ദ്ദനവ് ഉണ്ടാകുന്നു. ഇത് തടയാന്‍ മാത്രം ഒരു ഫലപ്രദമായ നടപടികളും ഇല്ല എന്ന് ഏത് ചാനലുകാരും സമ്മതിക്കും!

ഇനി കഴിഞ്ഞ സീസണില്‍ വില കുറഞ്ഞ മദ്യം കഴിച്ചവന്‍ അടുത്ത തവണ അതിലും വില കൂടിയ മദ്യം കഴിക്കാനുള്ള പ്രവണത വളരെ കൂടുതലാണ്.ഇപ്രാവശ്യം തന്നെ വെട്ടിരുമ്പ് പോലെയുള്ള സാധനമാ കഴിച്ചത് അടുത്ത തവണയെങ്കിലും ഒരു ജോണീവാക്കര്‍!!! അതു പോലെ ബീറൊക്കെ കഴിച്ച് ഫിറ്റായി നടന്നിരുന്നവന്‍ അടുത്ത ലെവലിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ അല്ലെങ്കില്‍ അടുത്ത ക്ലാസ്സിലേക്ക് സ്വയം കയറി നിന്ന് ഹോട്ടടിക്കുമ്പോള്‍ ബീറിനു ചിലവാക്കിയതിനേക്കാള്‍ കൂടുതല്‍ തുക മുടക്കേണ്ടി വരുന്നു. സ്വാഭാവികം !

ഇനി വിലയുടെ കാര്യമൊന്നു നോക്കാം. കഴിഞ്ഞ സീസണിലെ അതേ വിലയ്ക്ക് തന്നേയാണോ ഈ സീസണിലും മദ്യ വില്‍പ്പന നടന്നത്?ഇവിടെ എല്ലാ സാധനങ്ങള്‍ക്കും വില കൂടിയപ്പോള്‍ മദ്യത്തിനു മാത്രം വില കൂടിയില്ല എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ ചാനലുകാര്‍ വിശ്വസിക്കും!അല്ല പിന്നെ!
മദ്യപാനം മൂലം സ്ത്രീകള്‍ ബുദ്ധിമുട്ടുകള്‍ അനിഭവിക്കുന്നുണ്ട് പോലും! ഇവിടെ മദ്യപിച്ച് സ്ത്രീകള്‍ കാട്ടിക്കൂട്ടിയ അതിക്രമങ്ങള്‍ നമ്മുടെ രാഷ്ട്രപതി അറിയാഞ്ഞത് ഭാഗ്യം! കേരളത്തില്‍ ഉയര്‍ന്ന് വരുന്ന സ്ത്രീകളുടെ മദ്യപാന ശതമാനക്കണക്കുകള്‍ അതി വേഗം ബഹുദൂരം ഉയര്‍ന്നുവരുന്നു എന്ന കാര്യവും ഈ ചാനലുകാര്‍ അല്‍പ്പ നേരത്തിനു മറന്നു പോയി എന്നും സമ്മതിക്കേണ്ടി വരും. മദ്യം മൂലം കുടുംബങ്ങള്‍ തകരുന്നുണ്ട് എന്ന സത്യം ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ ഈ കണക്കുകള്‍ അതിന്റെ വ്യാപ്തിയാണോ കാണിക്കുന്നത്?

ചുരുക്കിപ്പറഞ്ഞാല്‍ ഒരു സ്വാഭാവിക വര്‍ദ്ധനവ് മാത്രമേ മദ്യത്തിന്റെ കാര്യത്തിലും കേരളത്തില്‍ ഉണ്ടായിട്ടുള്ളൂ. ഇതിന്റെ പേരില്‍ ഒരു ജനതയെ മുഴുവന്‍ കുടിയന്മാരാക്കി ചിത്രീകരിക്കാന്‍ ഇവിടെ മാദ്ധ്യമങ്ങള്‍ക്ക് കഴിഞ്ഞു എന്നതിന്റെ തെളിവാണ് രാഷ്ട്രപതിയുടെ ഈ പ്രസ്ഥാവനയിലേക്ക് വഴി വെച്ചത്. ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തെ ജനങ്ങളേക്കാള്‍ മദ്യാസക്തി കൂടിയ ജനങ്ങളാണ് കേരളത്തില്‍ എന്ന് വളരെ വ്യത്തിയായി നമ്മുടെ ചാനലുകാര്‍ കൊട്ടിഘോഷിച്ചു.മീടുക്കന്മാര്‍! മറ്റു സംസ്ഥാനങ്ങളില്‍ വ്യാജമദ്യ ലഭ്യത കേരളത്തിലേക്കാള്‍ വളരെ വളരെ ഉയര്‍ന്ന നിരക്കിലാണെന്ന് നിങ്ങള്‍ സൌകര്യപൂര്‍വ്വം മറന്നതാകാം, അത് പോലെ കേരളത്തില്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത് പോലെ വ്യാജമദ്യ ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നതിന്റെ ഒരു കാരണം ജനങ്ങള്‍ അംഗീക്യത ഡീലറായ ബീവറേജസിനെ സമീപിക്കുന്നു എന്നത് കൊണ്ടാണ്. അത് മൂലം വ്യാജ മദ്യ ദുരന്തങ്ങളില്‍ നിന്നും തുച്ഛ വരുമാനക്കാരെ രക്ഷിക്കാമെന്ന് മാത്രമല്ല കണ്ണടിച്ച് പോകാത്ത മദ്യം ജനങ്ങള്‍ക്ക് കിട്ടുന്നുണ്ടെന്ന് ആശ്വസിക്കുകയെങ്കിലും ചെയ്യാം!

ഇവിടെ മദ്യ നിരോധനത്തിനു വേണ്ടി സമരം ചെയ്യുന്ന പ്രസ്ഥാനങ്ങളുണ്ട്,സ്ത്രീകളുടെ കൂട്ടായ്മകളുണ്ട്, സംഘടനകളുണ്ട്. ഇന്നോളം ഒരു ചാനലിലും അവരുടെ സമരങ്ങളെ അതിന്റെ തികഞ്ഞ പ്രാധാന്യത്തോടെ അവതരിപ്പിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. മദ്യപാനം മൂലം തകര്‍ന്ന കുടുംബങ്ങളും ഉണ്ടെന്നത് നേര് തന്നെ. എന്നാല്‍ വൈകീട്ടെന്താ പരിപാടി എന്ന സൂപ്പര്‍ സ്റ്റാറിന്റെ ചോദ്യം കേരളം മുഴുവന്‍ ഏറ്റ് ചോദിച്ചില്ലേ? സീരിയലുകളില്‍ കുടുംബങ്ങളില്‍ ഒന്നിച്ചിരുന്ന് മദ്യപിക്കുന്നത് പുതിയ തലമുറയുടെ രീതിയാണെന്ന് വരുത്തിത്തീര്‍ക്കുന്ന ദ്യശ്യങ്ങള്‍ ഒഴിവാക്കണം എന്നെങ്കിലും ഈ ചാനലുകാര്‍ തീരുമാനിച്ചോ. എന്നിട്ടിപ്പോല്‍ മദ്യം കുടിച്ചതിന്റെ കണക്കുമായി വന്നിരിക്കുന്നു. നിങ്ങള്‍ ഇന്നേ വരെ മദ്യപാനത്തിനെതിരെ എന്ത് ബോധവല്‍ക്കരണം നടത്തി? ഓരോ വ്യക്തിക്കും സ്വയം തോന്നേണ്ട ഒരു കാര്യമാണ് മദ്യവര്‍ജ്ജനം.അതിനു ബോധവല്‍ക്കരണത്തിലൂടെ മാത്രമേ പരിഹാരമുള്ളൂ. അല്ലാതെ അത് രോഗമാണെന്നും ചികിത്സയില്ലെന്നുമൊക്കെ കരുതുന്നവര്‍ ഒരു ജനതയ്ക്ക് മുഴുവന്‍ രോഗം ബാധിച്ചിട്ടും പ്രതികരണ ശേഷി നഷ്ടപ്പെട്ടെന്ന് കരുതി ഇരുന്നാല്‍ കൂടുതല്‍ ഉയര്‍ന്ന കണക്കുകളുമായി മദ്യപാനത്തിന്റെ കണക്കുകളിലേക്ക് ഒരു രൂപാ പോലും സംഭാവന ചെയ്യാത്ത നമ്മുടെ ചാനല്‍ പുങ്കവന്മാര്‍ വരും.

ഇനിയിപ്പോ ഉടന്‍ വരുകയല്ലേ അടുത്താ‍ഘോഷം ന്യൂ ഇയര്‍!
ആപ്പോള്‍ എല്ലാം പറഞ്ഞ പോലെ ന്യൂ ഇയറിനെന്താ പരിപാടി?

കുറിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് വെണ്ടയ്ക്കാ അക്ഷരത്തില്‍ എഴുതി വെച്ചത് കൊണ്ട് ഇവിടെ മദ്യപാനികളുടെ എണ്ണം കുറയില്ല. ഇതിന് ബോധവല്‍ക്കരണമാണ് വേണ്ടത് അല്ലാതെ മദ്യം കുടിച്ച കണക്കുകള്‍ നിരത്തുകയല്ല. ഈ കണക്കുദ്ധരണം കൊണ്ട് ഇതൊരു പാപമല്ല നിങ്ങളും നിങ്ങളും മദ്യത്തിന്റെ ലോകത്തിലേക്ക് കടന്ന് വരൂ എന്ന് ഉത്ഘോഷിക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. ഇനിയിപ്പോ ശരിക്കും അതായിരിക്കുമോ ഉദ്ദേശം?

Wednesday, December 16, 2009

കുഞ്ഞീവിയും സൂറയും ദുബൈ മീറ്റിന് ??

“ഹലോ കുഞ്ഞീവിത്താ ഇതു ഞാനാ വാഴക്കോടന്‍”

“അള്ളോ ബായക്കോടനാ..കുറെ നാളായല്ലോ അന്റെ ഒരു ബിവരോം ഇല്ലാണ്ട്
സമാധാനയിട്ട് ഇരിക്യാര്‍ന്നു, എന്താപ്പോ പ്രത്യേകിച്ച് ബല്ല അല്‍കുല്‍ത്തും ഒപ്പിച്ചോ?”

“ഇല്ലില്ല,ഞങ്ങള്‍ ദുബായീലൊരു മീറ്റ് നടത്തണുണ്ട്, അതിന് ഇത്താനേം സൂറാനേം
ക്ഷണിക്കാന്‍ വേണ്ടി വിളിച്ചതാ”

“അത് കൊള്ളാലാ, എന്നാ പരിപാടി?“

“വരുന്ന 18 ആം തിയതിയാണ്, പിക്ക്നിക്കും ഉണ്ട്”

“പ്ഫാ ശെയ്ത്താനേ, ഇജ്ജ് സൂറാനെ ക്ഷണിച്ചപ്പോ ഞമ്മള് വിജാരിച്ച്ണ്ട് ഇജ്ജ്
പിക്ക്നിക്ക്  നടത്താനാന്ന്, അതിന് ബേറെ ആളെ നോക്ക് ഇജ്ജ്”

“ ഇത്താ പിക്ക്നിക്ക് എന്ന് പറഞ്ഞാ ഈ പാര്‍ക്കിലൊക്കെ നമ്മള് പോയി ഇരിക്കില്ലേ? അതാ!”

“പിന്നേ കൊച്ചീലെ സുഭാഷ് പാര്‍ക്കില് പിച്ചക്കാര് തുണീം വിരിച്ച് ഇരിക്കണത് പിക്കിനിക്കാടാ?”

“ഈ ഇത്താനെക്കൊണ്ട് തോറ്റു,ഇത്താ ചെറായി മീറ്റിന് ഒത്ത് കൂടിയ പോലെ ഒരു
ഒത്ത് ചേരല്‍,അതാ പരിപാടി പിന്നെ ഇത്തിരിവെട്ടം എഴുതിയ ഒരു പുസ്തകത്തിന്റെ
പ്രകാശനോം ഉണ്ട്”

“അതെന്താടാ ഓന്റെ കുടീലിപ്പളും മണ്ണെണ്ണ വെളക്കായതോണ്ടാണാ ഇത്തിരിവെട്ടത്ത്
ഇരുന്ന് പുത്തകം എഴുതീത് ? ഓനെ സമ്മയിക്കണം”

‘ഇത്താ ഇത്തിരിവെട്ടം എന്നത് അയാളുടെ തൂലികാ നാമമാ, ശരിക്കും പേര് റഷീദ് എന്നാണ്”

“ഓനാള് ഇത്തിരിയാണെങ്കിലും ഓന്‍ ഒത്തിരി ബര്‍ത്താനം പറയും ന്ന് ഞമ്മള് കേട്ടേക്കണ്,
പിന്നെ ബേറെ ബല്ല പരിപാടീം ഉണ്ടാ?”

“പിന്നെ നമ്മുടെ കൊടകരേലെ വിശാലന്റെ കൊടകര പുരാണം റീ ലോഡഡും ചിലപ്പോള്‍
പ്രകാശനം ഉണ്ടാവും!“

‘‘പടച്ച റബ്ബേ ഓന്‍ പിന്നേം ലോഡാക്ക്യാ? ഓന്റെ ആ ഇരിപ്പ് കണ്ടാ അറിയാം ഓന്‍
ലോഡാക്കാന്‍ കേമനാന്ന്!”

“ഇത്താ ഇത് വിശാലന്‍ മുമ്പ് ഇറക്കിയ കൊടകരപുരാണം എന്ന പുസ്തകത്തിന്റെ രണ്ടാം
പതിപ്പാ,അതിന്റെ കവറൊക്കെ ഡിസൈന്‍ ചെയ്തു പത്രത്തിലൊക്കെ ഉണ്ടാ‍യിരുന്നല്ലോ”

“അത് ഞമ്മളും കണ്ടതാ ഒരു കാക്ക ഒരു ചെക്കന്റെ മേത്ത് ഇരിക്കണ പടമല്ലേ, സത്യം
പറഞ്ഞാ പണ്ട് ബെള്ളം കുടിക്കാന്‍  കാക്ക കൊടത്തിലിക്ക് കല്ല് കൊത്തിയിടണ
പോലെ ഓന്റെ ബായിലേക്ക് കല്ല് കൊത്തിയിട്വാന്നല്ലെ ഞമ്മളു ബിജാരിച്ചത്!
പിന്നല്ലേ കാക്ക കഥ പറയാന്ന് മനസ്സിലായത്,അത് ഞമ്മക്ക് പെരുത്ത് ഇഷ്ടായിട്ടോ!
ആട്ടേ ആ കാര്യത്തിന് ബല്ല തീരുമാനോം ആയോ?‘

“ഏത് കാര്യത്തിന്?”

“ഞമ്മടെ ആ ചെക്കന്‍ വിത്സന്‍ ഏത് തരം ശെയ്ത്താനാന്ന് ആരാണ്ടൊക്കെ ചോദിച്ചൂന്ന്
ഞമ്മള് അറിഞ്ഞല്ലാ, അത് എന്തായി ന്ന്?“

“അതൊക്കെ അസൂയക്കര് പറഞ്ഞുണ്ടാക്കുന്നതല്ലെ, അതൊക്കെ തീര്‍ന്നു!”

“പിന്നേ റേഷന്‍ പീട്യേലെ മണ്ണെണ്ണല്ലെ തീരാന്‍, അതൊക്കെ ഇഞ്ഞും ഉണ്ടാവും, ഒക്കെ
ഒരു രസല്ലേ? ആ ചെറായീല് മീറ്റ് നടക്ക്ണൂന്നും പറഞ്ഞ് എന്തൊക്കെ ബഹളായിരുന്നു.
എന്നിട്ടെന്തായി നാറാള്ളോരൊക്കെ നാറി,മീറ്റ് ഗംഭീരായി,ഇതും അത് പോലെ
അടിപൊളിയാകട്ടെ, ബേറെ ആരൊക്കെണ്ട് മീറ്റിന്?”

“വേറെ കാട്ടിപ്പരത്തി,അഗ്രജന്‍,സുല്ല്,ഇടിവാള്,കിച്ചു,കനല്,വശംവദന്‍,ആര്‍ബി”

“നിര്‍ത്ത് നിര്‍ത്ത് ഇതൊക്കെ അറബ്യോളാണോടാ, പേരു കേട്ടിട്ട് ആകെ ഒരു ഹലാക്കിന്റെ
അവുലും കഞ്ഞിയാണല്ലാ?”

“ഇത്താ, ഇതൊക്കെ ബ്ലോഗര്‍മാരാ,അവരുടെ ബ്ലോഗിലെ പേരാ ഞാന്‍ പറഞ്ഞത്”

“സ്വന്തം ബാപ്പേം ഉമ്മേം ഇട്ട നല്ല അസ്സല് പേര് കളഞ്ഞിട്ട് മുട്ടീ മാക്രീ ചീങ്കണ്ണീന്നൊക്കെ
ഒരോ പേരും.അല്ലടാ അന്റെ ആ ചങ്ങായി ഒരു പകല്‍ കിനാവന്‍ ഉണ്ടായിരുന്നല്ലോ
ഓന്‍ ഇപ്പോ നീന്താനൊക്കെ പഠിച്ചോ?

“അവനിപ്പോ വല്യ പി ആര്‍ ഒ ആയീന്നാ കേള്‍ക്കണത്. എഴുതണ കവിത വരെ PRO
അല്ലെ.പിന്നെ വല്ല കോളാ ടിന്നൊക്കെ കുളത്തിലോ മറ്റുമൊക്കെ കിടക്കുന്ന പടമൊക്കെ
എടുത്ത് ജീവിച്ച് പോകുന്നു“

“അല്ല ബായേ, അവിടെ “തിജ്ജാളലും പൂമ്പാറ്റേം” എന്ന പുസ്തകം ഇറക്കിയ കൈതമുള്ള്
ബരണുണ്ടാ മീറ്റിന്?’

“ജ്വാലകള്‍ ശലഭങ്ങളാണോ’ ‘തിജ്ജാളലും പൂമ്പാറ്റയും’ എന്ന് ഇത്ത പറഞ്ഞത്?
ആ ശശ്യേട്ടന്‍ കേട്ടാല്‍ പൊറുത്തൂന്ന് വരില്ലാട്ടാ”

“ഓന്‍ പത്ത് പതിനഞ്ച് പെണ്ണുങ്ങളുടെ കൂടെ പൊറുത്ത കൂട്ടത്തില് ഇതും
പൊറുത്തോളും. ഓന്‍ സൂറാനെ കാണാഞ്ഞത് എന്തായാലും നന്നായി പടച്ചോന്‍ കാത്തു!”

“അതെന്താ ഇത്താ സൂറാനെക്കുറിച്ച് പതിനാറാമത്തെ പെണ്ണനുഭവം എഴുതും എന്ന് പേടിച്ചിട്ടാണൊ?”

“അതല്ലടാ ശെയ്താനെ, ഓനീ പതിനഞ്ച് പെണ്ണനുഭവത്തിന് ഒരു പുസ്തകമല്ലേ ഇറക്കീത്,
ഇന്റെ മാള് സൂറാന്റൊപ്പള്ള ഒറ്റ അനുഭവത്തിനു തന്നെ ഓന്‍ ഒരു പതിനഞ്ച്
പുസ്തകേങ്കിലും ഇറക്കേണ്ടി വന്നേനെ എന്ന് ഓര്‍ത്തിട്ട് പറഞ്ഞതാടാ!
പിന്നെ മീറ്റിനു ബരണൊര്‍ക്ക് കുടിക്കാന്‍ ആ 'സുല്ല്' മുമ്പ് അടിച്ച തേങ്ങേന്റെ
ബെള്ളാണു കൊടുക്കാന്‍ പോണത് എന്ന് കേട്ടല്ലോ? അത് സത്യാണാ?“

“അതൊന്നും ഇല്ല ഇത്ത. മൂപ്പരിപ്പോള്‍ തെങ്ങിലൊന്നും കേറാറും ഇല്ല തേങ്ങയൊട്ട്
അടിക്കാറും ഇല്ല എന്നാണ് അറിഞ്ഞത്.എങ്കിലും വല്ല കൊപ്രയുടെ കഷ്ണവും
കാണാതിരിക്കില്ല”

‘‘അല്ല ബായേ നാട്ടിലു ഒരു മീറ്റ് വിളിച്ചപ്പം കൂടിയ അത്രേം ആളുണ്ടല്ലൊ ഒരു യു ഏ ഈ
മീറ്റ് ബിളിച്ചപ്പോ!ഇക്ക് മനസ്സിലാവാത്തോണ്ട് ചോയിക്ക്യാ നിങ്ങക്കൊക്കെ ബ്ലോഗ് ചെയ്യാന്‍
കമ്പനി ശമ്പളം തരുന്നുണ്ടോ?”

“ഈ മരുഭൂമിയില്‍ ഒറ്റപ്പെട്ടു പോയവരുടെ ഒരു വലിയ സാന്ത്വനമല്ലേ ഇത്താ ഈ ബ്ലോഗും
ഇത് പോലുള്ള മീറ്റുകളും! ഇതും കൂടിയില്ലെങ്കില്‍ ഞങ്ങളൊക്കെ മനുഷ്യരാണോന്ന്
ആരോടെങ്കിലും ചോദിച്ച് മനസ്സിലാക്കേണ്ടി വരുന്ന കേവലം യന്ത്രങ്ങളാകുമായിരുന്നില്ലെ
ഞങ്ങള്‍ ഈ പ്രവാസികള്‍ ! ഈ കൊച്ച് കൊച്ച് സന്തോഷങ്ങളല്ലെ ഇത്താ ഞങ്ങളുടെ
മരുപ്പച്ച! അപ്പോ ഇത്താ പതിനെട്ടാം തിയതി രാവിലെ എത്തുമല്ലോ അല്ലെ?
എയര്‍പോര്‍ട്ടിലേക്ക്  പെരുന്നാളിന് വാങ്ങിയ പുതിയ ഷര്‍ട്ടുമിട്ട് ‘കനല്‘ വരും.
വിസ അയച്ചിട്ടുണ്ട്’‘

“അതൊക്കെ അവിടെ നിക്കട്ടെ,മീറ്റിന് ഭക്ഷണം ഞങ്ങള് പൊതിഞ്ഞോണ്ട് വരണോ?’

‘‘അതൊന്നും വേണ്ട ഇത്താ,എല്ലാവര്‍ക്കും ഭക്ഷണം ഞങ്ങള്‍ ഇവിടെ ഏര്‍പ്പാടാക്കുന്നുണ്ട്“

“അല്ലടാ അബടെ ആ ഉഗാണ്ടയും പാണ്ടവനുമൊക്കെ ബരുന്നോണ്ട് ഭക്ഷണം തികയോന്ന
സംശയത്തില് ചോയിച്ചതാ”

“അതൊക്കെ കരുതീട്ടുണ്ട്,ഭക്ഷണ ശേഷം ഞാന്‍ കുറച്ച് ഗെയിംസൊക്കെ പ്ലാന്‍ ചെയ്തിട്ടുണ്ട്”

“പൊന്നാര ബായെ,അന്റെ ബ്ലോഗോണ്ടെന്നെ മനുസന്മാരു ഇടങ്ങേറായിട്ടിരിക്കുമ്പഴാ
അന്റെ ഒരു ഗെയിമ്,ഞാനിവിടെ കിടന്ന് മരിച്ചോളാം, പ്ലെയിന്‍ കേറി വന്നിട്ട് വെറുതെ
അന്റെ കയ്യോണ്ട് മരിക്കണ്ടല്ലോ! ക്ടിന്‍!’

“കറന്റ് പോയീന്നാ തോന്നണത്,ഫോണ്‍ കട്ടായി പാവം !”

Thursday, December 10, 2009

താരത്തിനൊപ്പം : കോപ്പന്‍ ഹാഗനും അയ്യപ്പ ബൈജുവും...





താരത്തിനൊപ്പം എന്ന ഈ പംക്തിയില്‍ ഇന്ന് ഞാന്‍ പിന്തുടരുന്നത് ഏവര്‍ക്കും പ്രിയങ്കരനായ ശ്രീ അയ്യപ്പ ബൈജു എന്ന കഥാപാത്രത്തെത്തന്നെയാണ്. ഇതില്‍ "ഠോ" എന്ന ശബ്ദം ബൈജുവിന് കിട്ടുന്ന അടിയായും, ഇനിയെങ്ങാനും "ട്ടേ" എന്ന പ്രയോഗം കണ്ടാല്‍ ബൈജു അടിക്കുന്നതായും കണക്കാക്കുമല്ലോ.

താരത്തിനൊപ്പം എന്ന പരിപാടിയിലേക്ക് ഏവര്‍ക്കും സ്വാഗതം.


പതിവു പോലെ അയ്യപ്പ ബൈജു ഫുള്‍ ഫിറ്റായി പാട്ടും പാടി നില്‍ക്കുന്നിടത്ത് നിന്ന് തന്നെ

നമ്മുടെ ഈ എപ്പിസോഡും ആരംഭിക്കുന്നു.

“മരണം എന്നായാലും ഉറപ്പാ.....
എന്നാല്‍ കുടിച്ച് കുടിച്ച് മരിച്ചൂടേ...സത്യം!
കുടിച്ച് കുടിച്ച് ഞാന്‍ മരിക്കാന്‍ കിടക്കുമ്പോള്‍...
അണ്ണാക്കിലൊറ്റിക്കണേ ഒരു തുള്ളി എന്റെ
അണ്ണാക്കിലൊറ്റിക്കെണേ...പ്ലീസ് നോട്ട് ദ പോയന്റ്!

ഹലോ ചേട്ടാ! ഹോ വല്യ പുള്ളിയാ ഭയങ്കര 
ബിസിയാ! എടോ ഈ കോപ്പന്‍ “

“ഠോ” കോപ്പന്‍ നിന്റെ അപ്പന്‍ പോടാ അവിടുന്ന് ”

ബൈജു:ഹു എന്തൊരടിയാടപ്പാ, ഞാന്‍ പറയട്ടെ, ഈ കോപ്പന്‍ ഹാഗനില്‍ ആക്ചൊലി എന്താ സംഭവം?

“നാളെ ബീവറേജസ് ഷാപ്പ് മുട
ക്കാ, ഇപ്പോ പോയി ആ ക്യുവില്‍ നിന്നാല്‍ വൈകീട്ടോടെ
സാധനം കിട്ടും, അപ്പോഴാ അവന്റെയൊരു കോപ്പന്‍ ഹാഗന്‍!“

ബൈജു: കൊച്ചു പയ്യനാ, കൂമ്പ് മുളക്കുന്നേയുള്ളൂ,അപ്പോഴേക്കും കാമിലാരി ശീലാക്കി 
പോലും,പുവര്‍ ബോയ്...”
അപ്പോ
ള്‍ അതിലെ പോയ ഒരു സ്ത്രീയെ നോക്കിക്കോണ്ട് ബൈജു,

“ശ് ശ് പെങ്ങളേ വല്ലതും നടക്ക്വോ?”

“ഠോ” “ഠോ” സ്വര്‍ണ്ണത്തിനും സവാളയ്ക്കും വില കേറി നിക്കുമ്പളാ അവന്റെ ഒരു കിന്നാരം “

“ശ്ശോ പെങ്ങള് തെറ്റിദ്ധരിച്ചതാ,സത്യം കോപ്പന്‍ ഹാഗനില്‍ വല്ലതും നടക്ക്വോ എന്നാ ഞാന്‍ ഉദ്ദേശിച്ചത്,പാവം 
സഹോദരിയെ തെറ്റിദ്ധരിച്ചു, ഇവിടെ ഓസിയാറിന്റെ പൈന്റിന് വില കൂടീട്ട് ഒരുത്തനും ഇല്ല സമരം ചെയ്യാന്‍! സ്വര്‍ണ്ണത്തിന് വില കൂട്യാ ഫ്ലാഷ് ന്യൂസ്, പാവപ്പെട്ടവന്റെ പൈന്റിന് വില കൂടിയാല്‍ ഒരുത്തനും ഫ്ലാഷ് ഇല്ല! സത്യാ
ശ്ശോ നമ്മടെ നേതാവല്ലേ ആ വരുന്നത്! വല്യ പുള്ളിയാ, സാറേ ഒന്ന് നിന്നേ”

“എന്താടാ ബൈജു”

“സാറേ ഈ ആഗോള താപനം ഉയര്‍ന്നതിന് വല്ല പരിഹാരോം നടക്ക്വോ സാറെ?

“ഞങ്ങള്‍ ധര്‍ണ്ണ നടത്തുന്നുണ്ട്, പിന്നെ ആഗോള പ്രശ്നമല്ലേ അതൊക്കെ കേന്ദ്രം നോക്കിക്കോളും, ഇവിടെ നടക്കാന്‍  പോകുന്നത് പഞ്ചായത്ത് ഇലക്ഷനാ, അതില്‍ അഗോള പ്രശ്നമല്ല ഉന്നയിക്കേണ്ടത്. ജനങ്ങളുടെ പ്രശ്നങ്ങളാണ് ഉന്നയിക്കേണ്ടത്, എന്നാലേ പെട്ടീല് വോട്ട് വീഴൂ !മനസ്സിലായോ ?”

“നോട്ട് ദ പോയന്റ്,ആഗോള കേന്ദ്ര പ്രശ്നാ!നമ്മള്‍ ഇടപെടേണ്ട,
സഖാവിനോടൊന്നു ചോദിക്കാം!
"എച്ചൂസ് മി സഖാവേ ആഗോള താപനം കുറയുമോ?" 

"എവിടുന്നു കുറയാന്‍ ? ആഗോള അധിനിവേശ ഭീകരനായ അമേരിക്ക ഉള്ളിടത്തോളം കാലം ഒന്നും  നടക്കില്ല. പിന്നെ കരാറൊപ്പിടാത്തതില്‍ ചൈനയെ കുറ്റം പറയാന്‍ പറ്റ്വോ?"
"ആ....അല്ല സഖാവേ പോളണ്ടിനെ കുറിച്ച് വല്ലതും മിണ്ടാമോ? 
"പോളണ്ടിലും ആളുകള്‍ തെറ്റ് തിരിത്തിത്തുടങ്ങിയെടാ ബൈജൂ" 
"സഖാവേ എന്റെ ബലമായ സംശയം , പൈന്റിനു വിലകൂടിയപ്പോള്‍ കുടിയന്‍മാരുടെ മനസ്സിലെ ചൂടും ലോക് സഭയില്‍ സീറ്റ് കുറഞ്ഞപ്പോള്‍ സഖാക്കളുടെ മനസ്സിലെ ചൂടും ഈ താപനം ഉയരാന്‍ ഇടവരുത്തിയില്ലേ എന്നാണു സംശയം ! ആണോ സഖാവേ ?" 
"ആ ബംഗാള്‍ ഭാഗത്താടാ കൂടുതല്‍ താപം !"
"അത് സത്യാ സഖാവേ! ഇനി മുഖ്യ മന്ത്രിയോട് കൂടി ചോദിക്കാം,ഏത്?
ബൈജു തിരക്കിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോകുമ്പോള്‍ ഒരു കൂട്ടുകാരന്‍ ,
"എങ്ങോട്ടാ ബൈജു ഇത്ര ധ്യതീല്‍ പോകുന്നത്?വല്ല വായുഗുളിക വാങ്ങാനാണോ?
"നിന്റെ അപ്പനെന്താ ആന്ത്ര വായൂന്റെ അസുഖം ഉണ്ടോടാ?
"ഠോ" ആന്ത്ര വായൂനെ കുറ്റം പറയുന്നോടാ റാസ്കല്‍ !" 
ബൈജു: ഹമ്മേ...കൊച്ചു പയ്യനാ ഇല്ലെങ്കില്‍ നിന്നെ ചവിട്ടിക്കൂട്ടിയേനെ, ഹോ കരണം പൊകച്ചു ബ്ലഡി ഫൂള്‍, അല്ലേ.. നമ്മുടെ അടിവാരം ഓമനയല്ലേ ഈ വരുന്നേ? ഓമനേ നിന്നെ പോലീസ് വിട്ടതാണോ അതോ ലോക്കപ്പ് ചാടീതോ?
"എന്നെ സാറമ്മാരൊക്കെ കൂടി വിട്ടതാടാ ബൈജൂ"
"നിന്നെ പോലീസുകാര്‍ വല്ലതും ചെയ്തോടീ
"ആ എല്ലാരേം ചെയ്യുമ്പോലെത്തന്നെ എന്നേയും ചെയ്തത്"   
"ഇനി എന്താ ഓമനേ അടുത്ത പരിപാടി? പോയി റെസ്റ്റെടുക്കരുതോ ? 
"ഇനി റെസ്റ്റാടാ, ഇതെല്ലാം ചേര്‍ത്ത് ഒരു പുത്തകം ഇറക്കണം, ഇപ്പോ അതിനു വല്യ മാര്‍ക്കറ്റാന്നാ കേക്കണേ"
"അതിലും നല്ല മാര്‍ക്കറ്റ് വല്ല സീരിയലിലും 'പതിവ്രതയായി' അഭിനയിക്കുന്നതാ ഓമനേ, നിനക്കാകുമ്പോള്‍ നന്നായി ചേരും ! അല്ല പിന്നെ! 
ബൈജു മുഖ്യമന്ത്രിയുടെ ഓഫീസില്‍!

“സാര്‍ ഈ കോപ്പന്‍ ഹാഗന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ആരേയെങ്കിലും അയച്ചിട്ടുണ്ടോ സാര്‍”

“ഈ സര്‍ക്കാര്‍ അറിഞ്ഞ് കൊണ്ട് ആരേയും അയച്ചിട്ടില്ല.ഇനി അരേങ്കിലും പോയിട്ടുണ്ടെങ്കില്‍ വണ്ടിക്കൂലി അവര്‍ തന്നെ എടുക്കേണ്ടി വരും! എടുക്കേണ്ടി വരും!! എടുക്കേണ്ടി വരും!!!

“ഈ മുഖ്യന്റെ ഒരു കാര്യം! ബൈജൂനെ അങ്ങട് കൊല്ല്! അല്ല പിന്നെ!!  

Sunday, December 6, 2009

കലൈഞ്ജര്‍ക്ക് കുഞ്ഞീവീടെ തുറന്ന കത്ത് !

ബായക്കോട്
06/12/2009

     ബഹുമാനപ്പെട്ട കരുണാനിധി അവര്‍കള്‍ അറിയുന്നതിന്ന്,ബയക്കോട്ടെ കുഞ്ഞീവി എയുതുന്നത്,ന്റെ തങ്കക്കട്ടെ, അന്റെ ആ കറുത്ത കണ്ണടെം ബെച്ചുള്ള ആ ഇരിപ്പ് കണ്ടപ്പോ മുതല് അന്നോട് പെരുത്ത് മൊഹബ്ബത്താണ് കെട്ടാ.പക്ഷേ ആ പെണ്ണുമ്പിള്ളേടെ പോലീസ് നട്ടപ്പാതിരയ്ക്ക് അന്റെ ഉടുമുണ്ടുരിഞ്ഞപ്പോള് ഞമ്മടെ ഖല്‍ബ് തകര്‍ന്നില്ല, പക്ഷേങ്കി ഇന്റെ കെട്ടിയോന്‍ ബീരാന്റെ വരയന്‍ ട്രൌസറ് പോലത്തതാണ് ഇജ്ജും ഇട്ടേക്കിണത് എന്ന് കണ്ടപ്പോള്‍ പടച്ചോനാണെ ഞമ്മന്റെ ചങ്ക് തകര്‍ന്നു മോനെ!അപ്പോ തന്നെ ഞമ്മള് ആ പെണ്ണൂമ്പിള്ളേനെ ഖല്‍ബ് നൊന്ത് പിരാവീതാ,അതിന്റെ കൊണോം അനക്ക് തന്നെയല്ലെ കിട്ടിയത്. ആ ഇജ്ജാണ് ഇപ്പോ ഞമ്മളെ ഇടങ്ങേറാക്കണത്.ഞമ്മള് പറഞ്ഞ് ബന്നത് ഞമ്മടെ മുല്ലപ്പെരിയാറിന്റെ കാര്യം തന്നെ പൊന്നാരെ!

അനക്കറിയാലോ ആ ഡാമിന് അതിനു മാത്രം ഉറപ്പൊന്നും ഇല്ലാന്ന്‍. കുമ്മായോം ശര്‍ക്കരയുമൊക്കെ കൂട്ടിക്കുഴച്ച് ഒരു 50 കൊല്ലം കേട്കൂടാണ്ട് നിക്കാന്‍ കണക്കാക്കി ഉണ്ടാക്കിയ ആ ഡാം 112 കൊല്ലം കയിഞ്ഞിട്ടും അതിനു ഒരു കൊയപ്പൂല്ലാ ന്ന് പറയുമ്പോ ഇങ്ങടെ അത്രേം ബുദ്ധീം വിവരോം ഇല്ലാത്ത ഞമ്മക്ക് വരെ ഒരു പുടീം കിട്ടണില്ല. അനക്ക് വേണ്ടത് ക്യഷിക്ക് വെള്ളം,ഞമ്മക്ക് വേണ്ടത് കുറേ മനുഷ്യന്മാരുടെ ജീവനും. മരിക്കാന്‍ നേരത്ത് വെള്ളം കുടിച്ച് മരിക്കാം എന്നൊരു ഗുണം മാത്രേ അന്റെ ഈ വാശി കൊണ്ട് ഞമ്മള് നോക്കീട്ട് കാണുന്നുള്ളു.കുറേ ആള്‍ക്കാരെ മയ്യത്താക്കീട്ട് ഇജ്ജ് എത്ര കറണ്ട് ഉണ്ടാക്കി വിറ്റ് ലാഭം ഉണ്ടാക്കിയാലും അതൊന്നും പടച്ചോന്‍ പൊറുക്കൂല്ല.അനക്ക് വെള്ളമാണ് വേണ്ടതെങ്കി അതു തരാന്ന് ഞമ്മന്റെ മുഖ്യമന്ത്രിയും മറ്റും പറഞ്ഞതാണ്. അതൊന്നും ഇജ്ജോ അന്റെ ആള്‍ക്കാരോ കേട്ട ഭാവം പോലും കാണിക്കുന്നില്ല.അതിന്റെ കാരണം ഏതാണ്ടൊക്കെ ഞമ്മക്ക് പുടി കിട്ടിയേക്കണ്. പഴേ കരാറ് റദ്ദാക്കി പുതിയ കരാറ് ഉണ്ടാക്കുമ്പോള്‍ ഇജ്ജ് കറണ്ട് ഉണ്ടാക്കി വിക്കുന്നതിന്റെ വിഹിതം തരേണ്ടി വരും, പാട്ടത്തുക കൂട്ടിത്തരേണ്ടി വരും എന്നൊക്കെയല്ലെ?അത് തരുന്നതോണ്ട് അനക്കെന്താ ബുദ്ധിമുട്ട് ? അന്റെ കുടുമ്മത്തിന്നൊന്നുമല്ലല്ലോ എടുത്ത് തരുന്നത്? ഇങ്ങളും ഇന്ത്യക്കാര് ഞമ്മളും ഇന്ത്യക്കാര്, പിന്നെന്തിനാ കോയാ ഞമ്മള് തമ്മില് വക്കാണം? ഇഞ് ഞമ്മളെ പാക്കിസ്താനികളായണോ ഇജ്ജ് കണക്കാക്കിയേക്കണത്? ന്റെ മമ്പുറത്തെ തങ്ങളേ!

വിഭജിച്ച് ഭരിക്കാനുള്ള വെള്ളക്കാരുടെ വക്ര ബുദ്ധീല് തെളിഞ്ഞ 999 കൊല്ലത്തെ കരാറ് ഉണ്ടാക്കുമ്പോതന്നെ അവര് ഈ കരാറിന്റെ പേരില്‍ ഇവിടെ വക്കാണം നടക്കണം എന്ന് ആ ഇബിലീസോള് കരുതീട്ടുണ്ടാവും. അല്ലാണ്ട് 50 കൊല്ലം നില നിക്കണ ഒരു ഡാമിന് 999 കൊല്ലത്തെ കരാറ് ആരെങ്കിലും ഉണ്ടാക്വോ? എതാണ്ട് ഓട്ടോ റിക്ഷക്ക് ബസ്സിന്റെ എഞ്ജിന്‍ വെക്കണ പോലത്തെ ഒരു മുസീബത്ത് പിടിച്ച പണിയല്ലെ ഈ ഹിമാറുകള് ഉണ്ടാക്കി ബെച്ചത്. എന്നാ ഞമ്മടെ നാട്ടീന്ന് ആ ഇബിലീസോള് ഒടിപ്പോയ
ശേഷം ഞമ്മന്റെ ആള്‍ക്കാര്‍ക്ക് അതൊന്ന് റദ്ദാക്കായിരുന്നു. അതും ഉണ്ടായില്ല.കേരളം എന്നൊരു സംസ്ഥാനം രൂപീകരിച്ചപ്പോഴും ആവായിരുന്നു, അതും ഉണ്ടായില്ല.ഇനിയിപ്പോ അതൊന്നും എയുതീട്ട് കാര്യല്ലല്ലോ.അതൊക്കെ ഞമ്മളെ തമ്മില് തെറ്റിക്കാനാണെന്ന് ഇജ്ജ് മനസ്സിലാക്കുമല്ലോ.

വിവരല്ലാത്ത വൈക്കോ മൂപ്പര് പറയണ പോലെ ഇങ്ങള് പറയില്ലന്ന് ഞമ്മള് വിശ്വസിക്കണ്. ഞമ്മക്ക് ചരക്കുമായി ബരണ ലോറി മൂപ്പരുടെ ആള്‍ക്കാര് തടയുമത്രേ! ഓനങ്ങനെ പറഞ്ഞ് നാല് വോട്ടുണ്ടാക്കാനാണെങ്കില്‍ ആയിക്കോട്ടെ! പക്ഷേ ഇജ്ജ് അങ്ങനെയല്ല. ഇജ്ജ് കുറെ മനുസന്മാരുടെ ജീവന്‍ പണയം ബെച്ചാണ് കളിക്കണത് എന്ന് ഓര്‍മ്മ ബേണം.

ഓരോ വര്‍ഷക്കാലം വരുമ്പോളും ഞങ്ങടെ മനസ്സില് തീയാണ്. ഡാമില് ബെള്ളം ഓരോ അടി മേല്‍പ്പോട്ട് പൊന്തുമ്പോഴും മരണത്തിലേക്ക് ഓരോ അടിയും അടുത്ത് കൊണ്ടിരിക്കയാണ് എന്നാണ് ഞങ്ങടെ ബേജാറ്. കുഞ്ഞ് മക്കളെ മാറോടണച്ച് പിടിച്ച് മരണം കാത്ത് കിടക്കുന്ന കുറെ പച്ച മനുഷ്യരുടെ മനസ്സ് ഇജ്ജ് കാണണം! തൂക്കിക്കൊല്ലാന്‍  വിധിക്കപ്പെട്ട് മരണം കാത്ത് കഴിയുന്ന മനുഷ്യന്മാരുടെഅവസ്ഥയല്ലേ ഇതും എന്നുള്ള തിരിച്ചറിവ് അനക്കുണ്ടാവണം.

ഇപ്പോ കേസായി കൂട്ടായി വക്കാണായി,അതിന്റെയൊക്കെ ബല്ല ആവശ്യോം ഉണ്ടാ? കോടതീല് കേസും കൂട്ടോം കഴിഞ്ഞ് വരുന്ന വരെ ഈ ഡാം നിലനില്‍ക്കും എന്ന് അനക്ക് വല്ല ഗ്യാരണ്ടീം തരാന്‍ പറ്റ്വോ കോയാ?? ഇജ്ജ് അന്റെ പിടി വാശി മാറ്റി വെച്ച് അന്റെ ആള്‍ക്കാരോട് ആ ഡാമിന്റെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞ് മനസ്സിലാക്കി ഇജ്ജ് നല്ലൊരു തീരുമാനത്തിലെത്ത്! ഒരു മേസയ്ക്ക് ചുറ്റും ഇരുന്ന് പറഞ്ഞ് തീര്‍ക്കാവുന്ന ഒരു കേസേ ഉള്ളൂ എന്ന് ഇജ്ജ് മനസ്സിലാക്കണം. അതല്ല ഇഞ്ഞും ഇജ്ജ് വാശി പിടിച്ച് പൊട്ടന്‍ കളിക്കാനാണ് ഭാവമെങ്കി അത് അനക്ക് നല്ലതിനല്ല, കാരണം ഇജ്ജ് കളിക്കുന്നത് കുറേ ജീവന്‍ കൊണ്ടാണ്. എത്ര കോടി മുടക്കിയാലും കിട്ടാത്ത ആ ജീവന് വേണ്ടിയാണ് ഇജ്ജ് വില പേശുന്നത് എന്ന് ഓര്‍ക്കണം. അന്റെ ആള്‍ക്കാരെപ്പോലെ വെല്ലുവിളി നടത്താനോ, ബണ്ടി തടയാനോ ഞമ്മളില്ല,അത് കൊണ്ടും കൂടിയാണല്ലോ നിങ്ങള്‍ തമിഴന്മാരും ഞങ്ങള്‍ മലയാളികളുമാകുന്നത്!

ഇങ്ങളൊരു നല്ല മനസ്സിന്റെ ഉടമയും ഒരു ബല്യ കലാകാരനും ആണെന്നാണ് ഞമ്മള് വിചാരിക്കണത്. ഒരു കലാകരന് തീര്‍ച്ചയായും മനുസപ്പറ്റ്ണ്ടകും.ഒരു നല്ല കലാകാരന് മനുസനെ മനസ്സിലാകും,മനുസന്റെ കടമ മനസ്സിലാകും!ഇജ്ജൊരു കറകളഞ്ഞ മനുഷ്യസ്നേഹിയാണെന്നാണ് അന്നെ “കലൈഞ്ജര്‍“ എന്ന് ബിളിക്കണതോണ്ട് ഞമ്മള് മനസ്സിലാക്കി ബെച്ചേക്കണത്! ആ ഒരു മനുഷ്യപ്പറ്റിനു ബേണ്ടിയാണ് ഞമ്മള് സ്നേഹത്തിന്റെ ഭാഷയില്‍ ഇങ്ങളോട് ആവശ്യപ്പെടുന്നത്! ഇത് ഇജ്ജ് കേള്‍ക്കാതെ പോകരുത്.

ഇങ്ങക്ക് വേണ്ടത് വെള്ളവും ഞമ്മക്ക് വേണ്ടത് കുറേ മനുഷ്യ ജീവനും. വെള്ളം തരാന്‍ ഞമ്മള്‍ ഒരുക്കമാണ്, ജീവന്‍ എടുക്കതിരിക്കാന്‍ നിങ്ങളും തയ്യാറാവുക.ഒരു ഡാം അതാണ് ഞമ്മന്റെ ആവശ്യം!അതിന് നിങ്ങളായിട്ട് തന്നെ മുന്നോട്ട് വരുക. ഇനി പുതിയ ഡാമിന് തമിഴ് പേരിടണെമെങ്കില്‍ അങ്ങനേയുമായിക്കോട്ടെ, വല്ല “മുല്ലൈ പെരിയോര്‍” എന്നോ “മുല്ലൈ തമിഴോര്‍“എന്നോ മറ്റോ ആക്കിയാലും വേണ്ടില്ല,ഞമ്മക്ക് ബലുത് മനുഷ്യ ജീവനാണ്. അതിന്റെ ബെലയെങ്കിലും ഇങ്ങള് മനസ്സിലാക്കും എന്ന് ഞമ്മള് ബിശ്വസിക്കട്ടെ!

ഇജ്ജിപ്പോ വിജാരിക്കുന്നുണ്ടാകും ഈ കുഞ്ഞീവിത്തള്ളയ്ക്ക് ഇതിലെന്താ കാര്യം എന്ന്, കാരണം കുഞ്ഞീവി ഈ ഡമിന്റെ ഏഴയലത്ത് പൊലും താമസിക്കണില്ലല്ലോ എന്നൊക്കെ, ലോകത്ത് ഏത് മനുഷ്യരുടേയും പ്രശ്നം എല്ലാവരുടേയും പ്രശ്നം തന്നെയെന്നുള്ള ഒരു തിരിച്ചറിവ് തന്നെയാണ് ഞമ്മള് അനക്കീ കത്തെയുതാന്‍ കാരണം.അല്ലാണ്ട് ബയസാം കാലത്ത് അന്നെ പഞ്ചാരടിക്കനൊന്നുമല്ല പൊന്നാര ഖല്‍ബേ! മനുഷ്യ ജീവന് വിലയില്ലാണ്ടായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ബുദ്ധിമുട്ടുന്നവരോട് കരുണ കാണിക്കുന്ന മനസ്സുകള്‍ ഈ ദുനിയാവില് ഇനീം ഉണ്ടെന്ന് ഇജ്ജ് തിരിച്ചറിഞ്ഞാല്‍ ഈ മനുസ്യന്മാരും രക്ഷപ്പെടും.  പേരില്‍ മാത്രമല്ല അന്റെ പെരുമാറ്റത്തിലും ഇജ്ജ് കരുണ കാണിക്കും എന്ന് തന്നെ ഞമ്മള് ഉറച്ച് ബിശ്വസിക്കട്ടെ!

ഈ കത്ത് കിട്ടിയാല്‍ ഇങ്ങടെ നല്ല ബുദ്ധിയില്‍ നല്ലത് മാത്രം തോന്നണേയെന്ന് പടച്ച തമ്പുരാനോട് പ്രാര്‍ത്ഥിച്ച് കൊണ്ട് ഇങ്ങക്കും ഇങ്ങടെ നാട്ട്കാര്‍ക്കും പ്രിയത്തില്‍ സലാം പറഞ്ഞ് കൊണ്ട് നിര്‍ത്തട്ടെ!

എന്ന് ഒരു ഡാമിന് വേണ്ടി കാതിരിക്കുന്നവരുടെ കൂട്ടത്തില്‍,
സ്വന്തം
ബായക്കോട്ടെ കുഞ്ഞീവി.

 
 


Copyright http://www.vazhakkodan.com