Saturday, February 26, 2011

കുഞ്ഞീവി തിരൂര്‍ ബ്ലോഗേര്‍സ് മീറ്റിന്!


ഈ വരുന്ന ഏപ്രില്‍ മാസം 17നു തുഞ്ചന്‍ പറമ്പില്‍ വെച്ച് നടക്കുന്ന മീറ്റില്‍ പങ്കെടുക്കുന്ന ബായക്കോട്ടെ കുഞ്ഞീവി അതിന്റെ ഒരുക്കങ്ങള്‍ നേരിട്ട് കണ്ട് വിലയിരുത്താന്‍ വേണ്ടി തിരൂര്‍ക്ക് പോകാന്‍ തീരുമാനിക്കുന്നു.കുഞ്ഞീവി തിരൂരിലേക്ക് പോകുന്നതും മറ്റ് രസകരമായ സംഭവങ്ങളുമാണ് ഇവിടെ വിവരിക്കുന്നത്.ബായക്കോട്ടെ കുഞ്ഞീവിയുടെ തിരൂര്‍ യാത്ര!

രാവിലെത്തന്നെ കുഞ്ഞീവി  ഇരുനിലവീടിന്റെ അടുത്തുള്ള തന്റെ കൊച്ചു വീട്ടില്‍ നിന്നും ഇറങ്ങി. ഇത്തവണ കുഞ്ഞീവി മകള്‍ സൂറാനെ കൂട്ടാതെയാണ് തിരൂര്‍ക്ക് പുറപ്പെട്ടത്. ബായക്കോട് സെന്ററിലെ കുഞ്ഞാന്റെ ചായക്കടയില്‍ നിന്നും കടുപ്പത്തിലൊരു ചായയും കുടിച്ച് കുഞ്ഞീവി ബസ് കാത്ത് വെയിറ്റിങ് ഷെഡില്‍ നിന്നു.അപ്പോള്‍ അത് വഴി വന്ന ഒരു നാട്ടുകാരന്‍,

“എങ്ങടാ കുഞ്ഞീവിത്താ രാവിലെത്തന്നെ,വല്ല കല്യാണത്തിനാണോ?”

“വല്ല കല്യാണത്തിന് ഇജ്ജ് പോയാ മതി, ഞാന്‍ പോണതേയ് തുഞ്ചന്‍ പറമ്പിലേക്കാ”

“തുഞ്ചന്‍ പറമ്പെന്ന് പറഞ്ഞാല്‍ വല്ല പൂരപ്പറമ്പ് പോലാണോ ഇത്താ?”

“ഡാ മഴക്കാലത്തെങ്കിലും ഉസ്കൂളിന്റെ എറേത്ത് കേറി നിക്കാത്ത അനക്കെന്ത് തുഞ്ചന്‍ പറമ്പ്, അതറിയാന് മിനിമം ഒരു ബ്ലോഗെങ്കിലും വായിക്കണം പഹയാ!”

“ആ എന്തോ, ഇത്താ ഈ നേരത്ത് ഷൊര്‍ണൂര് വഴിയൊരു പാസഞ്ചറുണ്ട് തിരൂര്‍ക്ക്,അതില് പൊയ്ക്കോളീന്‍”

“ബേണ്ട മാനേ ആ പൂതി അന്റെ മനസ്സിലിരിക്കട്ടെ! ചെറുപ്പക്കാരികള്‍ക്ക് തന്നെ പാസഞ്ചറില്‍ യാത്ര ചെയ്യാന്‍   പറ്റണില്ല, പിന്നെയാണ്  ഇത്രേം മൊഞ്ചുള്ള ഞാന്‍  പോണത്!“

“അന്നങ്ങനെ ഒറ്റപ്പെട്ട ഒരു സംഭവമുണ്ടായീന്ന് വെച്ചിട്ട് പിന്നേം ഉണ്ടവോ?അതിലൊക്കെ ഞമ്മള് ദുഃഖോം ആദരാഞ്ജലീം ഒക്കെ രേഖപ്പെടുത്തീല്ലെ?”

“ബല്യ കാര്യായി, ആ കുട്ടി ജീവനും മാനത്തിനും വേണ്ടി നെലോളിച്ചപ്പോ കേള്‍ക്കാത്ത ആളുകള് ഉളുപ്പില്ലാതെ ദുഃഖിച്ചിട്ട് എന്താക്കാനാ?ഒരു കെട്ട് നോട്ടാണ് തീവണ്ടീന്ന് പുറത്ത് വീണതെങ്കി ചങ്ങല വലിക്കാനും കൂടെ ചാടാനും ആളുകളുണ്ടായേനെ! എന്നിട്ടിപ്പോ അനുശോചനോം ഒരു ചങ്ങലീം ദുഃഖാചരണോം! പെറ്റ വയറിനേ അതിന്റെ വെഷമം മനസ്സിലാവൊള്ളൂ.അതിന്റെ തള്ളക്കും തന്തക്കും പോയി, അല്ലാണ്ടെന്താ? ന്നാലും ആ വഴി പോകുമ്പോ ആ കുട്ടീടെ കരച്ചിലു ഒരു കൂരമ്പ് പോലെ എല്ലാവരുടേം നെഞ്ചിലും തറക്കും,അത്രക്ക് ബല്യ ദ്രോഹാ ഞമ്മളാ കുട്യോട് കാണിച്ചത്!”

“അതൊക്കെ പറഞ്ഞിട്ട് കാര്യമില്ല ഇത്താ കഴിഞ്ഞത് കഴിഞ്ഞു, ഇനി വരാണ്ട് നോക്ക്വാ. അല്ല ഇത്താ എന്താ ഈ പറമ്പില് പരിപാടി?

“ബരണ ഏപ്രില്‍ മാസം പയിനേഴാം തേതി കൊറെ ബ്ലോഗെഴുത്ത്കാര് ഒന്നിച്ച് കൂടണണ്ട്. അതിന്റെ ഒരുക്കങ്ങളൊക്കെ ഏത് ബരെ ആയിന്ന് നോക്കാന്‍ പോവാ!”

“ശരി ഇത്താ അതാ ബസ്സ് വരുന്നുണ്ട്. ഇനി കുന്ദംകുളം വഴി പൊയ്ക്കോളിന്‍”

കുഞ്ഞീവിക്ക് അടുത്ത സെന്ററായ വടക്കാഞ്ചേരിക്ക് ബസ് കിട്ടുന്നു. അവിടെ ചെന്നിറങ്ങി കുഞ്ഞീവി കുന്ദംകുളം ബസ്സില്‍ കയറിയിരിക്കുന്നു.പതിയെ തിരക്കാവുന്ന ബസ്സിലെ കിളി ആളുകളെ ഒതുക്കി നിര്‍ത്താന്‍ പാട് പെടുന്നു,
കിളി:ആ സ്ത്രീകളൊന്ന് പുറകോട്ട് ഇറങ്ങി നിന്നേ, അവിടെ ഫുഡ്ബോള് കളിക്കാള്ള സ്ഥലണ്ടല്ലോ. ഹലോ ചേട്ടന്മാരെ ഒന്ന് മുന്നിലിക്ക് കേറി നിന്നെ”

ഇത് കേട്ട് ക്ഷുഭിതയായ കുഞ്ഞീവി,”ഡാ കിളി, ഇജ്ജെന്താ ഈ പറേണത്? അബടെ ഫുഡ്ബോളു കളിക്കാന്‍ സ്ഥലണ്ട് ന്ന് പറഞ്ഞാ സകല ആണുങ്ങളും പിന്നെ ഗോളികളാകും,പിന്നെ കാണുന്ന ബോളുകളൊക്കെ അവര് പിടിക്കേം ചെയ്യും. ആ കേസ് പിന്നെ അന്റെ ബാപ്പ വന്ന് തീര്‍ക്കോ? അവന്റെ ഒരു ഫുഡ്ബോളു കളിക്കണ ഗ്രൌണ്ട്!”

“എന്റെ ഇത്താ ഇത് ഞങ്ങള് സ്ഥിരം പറയാറുള്ളതാ.അതങ്ങട്ട് പറഞ്ഞാലേ ആളുകള് കേറി നിക്കൊള്ളോന്ന് വെച്ചാ എന്ത് ചെയ്യാനാ?”

“അത് ശരി ബെറുതെയല്ല ബസ്സിലും പീഡനം നടക്കണത്.ഇങ്ങക്ക് ഇതില് കൊള്ളണ ആളെ കേറ്റിയാല്‍ പോരെ? ഇങ്ങനെ കുത്തി നിറക്കാന്‍ നിക്കണൊ?”

“ഇത്താ ബസ് ചാര്‍ജ് കൂട്ടട്ടെ അപ്പോ ആലോചിക്കാം,ഇത് മൊതലാവണ്ടെ?”

“ഇങ്ങനെ മൊതലാക്കിയാ തെറ്റൊന്നും ബരില്ല.” അങ്ങിനെ പറഞ്ഞ് പറഞ്ഞ് ബസ്സ് കുന്ദംകുളത്തെത്തി.കുഞ്ഞീവി അവിടെ നിന്നും തിരൂര്‍ക്കുള്ള ബസ്സില്‍ കയറി. കുറേ കഴിഞ്ഞ് കണ്ടക്ടര്‍ ആ വഴി വന്ന് കൊണ്ട്.

 “ഒരു വെല്ലിമ്മാടേ കാശ് കിട്ടാണ്ടല്ലോ,കൂറ്റനാട് സ്റ്റോപ്പീന്ന് കേറീത്” കുഞ്ഞീവിയെ നോക്കിക്കൊണ്ട്, “ഇത്താ കൂറ്റനാട് സ്റ്റോപ്പീന്ന് കേറീത് നിങ്ങളാ?”

“പ്ഫ ശെയ്ത്താനെ, കൂറ്റനാട് കേറീത് അന്റെ കെട്യോളെ! ബേണ്ടാദീനം പറഞ്ഞാലുണ്ടല്ലോ! ഞമ്മളു തിരൂര്‍ക്കാടൊ,അതിന്റെ കായി തന്നില്ലേ?”

“പൊന്നാര ഇത്താ ആള് മാറീതാ,ഇത്താടെ കാശ് കിട്ടിയതാ” കണ്ടക്ടര്‍ പിന്നെ അവിടെ അധികം നിന്നില്ല.ബസ് തിരൂരെത്തും വരെ അയാളാ വഴി വന്നതേയില്ല. ബസ് തിരൂര്‍ സ്റ്റാന്‍ഡില്‍ എത്തി. കുഞ്ഞീവി ബസ്സില്‍ നിന്നും ഇറങ്ങി ചുറ്റും നോക്കി.അപരിചിതമായ ആ സ്ഥലം കുഞ്ഞീവിക്ക് പക്ഷേ ഒരു പ്രശ്നമായിരുന്നില്ല. അവര്‍ അടുത്ത് കണ്ട ഒരാളോട് വഴി ചോദിച്ച് മനസ്സിലാക്കാന്‍ തീരുമാനിച്ചു.

“അല്ല മൂപ്പരേ, ഈ എഴുത്തച്ഛന്റെ പറമ്പിലേക്ക് എങ്ങിനേ പോവാ?”

“എഴുത്തച്ചന്റെ പറമ്പോ? എഴുത്തച്ചന് പറമ്പുണ്ടോന്നറീല്ല നമ്പീശന് ഒരു എസ്റ്റേറ്റുണ്ട്,അതിനു നേരെ പോയാല്‍ മതി!”

“ഇത്തിരി എന്‍ഡൊസള്‍ഫാന്‍ കിട്ടിയാല് അനക്ക് ജ്യൂസടിച്ച് തരായിരുന്നു. അത് മനുസന്മാര്ക്ക്  നല്ലതാന്ന് മന്ത്രി പറഞ്ഞേക്കണ്.ഇജ്ജേത് നാട്ട് കാരനാ മനുസാ? തിരൂരും എഴുത്തച്ഛനേം അറിയാത്ത ആളോ? എടോ മനുഷ്യാ തുഞ്ചന്‍ പറമ്പ് അറിയോ തനിക്ക്?“

“അങ്ങിനെ പറ,ഇങ്ങള് ഒറ്റയ്ക്ക് പോണ്ട ഞാനും ഇങ്ങടെ കൂടെ വന്ന് അങ്ങോട്ടാക്കിത്തരാ”

“അന്റെ ഖല്‍ബിലു ഇത്രേം മൊഹബ്ബത്ത് ഇള്ളതിലു പെരുത്ത് സന്തോഷം,പക്ഷേ ഞമ്മള് തല്‍ക്കാലം ഒറ്റയ്ക്ക് പൊയ്ക്കോളാ ട്ടാ.ഇജ്ജൊരു ഓട്ടോ പിടിച്ച് തന്നാ മതി!”

“ഇവിടത്തെ ഓട്ടോറിക്ഷക്കാരൊക്കെ നിഷ്കളങ്കന്മാരായത് കൊണ്ടും ഇവിടെ രണ്ട് മൂന്ന് സെക്രട്ടേറിയറ്റ് ഇല്ലാത്തത് കൊണ്ടും മിനിമം ചാര്‍ജ് കൊടുത്താ മതീട്ടാ ഇത്താ! ഞാന്‍ കൂടി വരായിരുന്നു!”

“ബേണ്ട മാനെ ഇജ്ജ് ബേണ്ടാത്തത് ആലോയിച്ച് ശരീരം ക്ഷീണിക്കണ്ട,ഞമ്മളു ഈ ഓട്ടോല് പൊയ്ക്കോളാട്ടാ”
കുഞ്ഞീവി ഓട്ടോയില്‍ കയറി തുഞ്ചന്‍പറമ്പിന്റെ പ്രധാന കവാടത്തില്‍ വന്നിറങ്ങുന്നു.അവിടെ വന്നിറങ്ങിയപ്പോള്‍ കവാടത്തിനു മുന്നില്‍ ഒരേ പോസില്‍ നിന്ന് ഫോട്ടോയെടുക്കുന്ന രണ്ട് പേരെ കുഞ്ഞീവി കാണുന്നു. അവരുടെ അടുത്ത് ചെന്ന്കൊണ്ട് കുഞ്ഞീവി.
കുഞ്ഞി:"അല്ല കൂട്ടരേ ഇങ്ങളെന്താ ഗ്രൂപ്പ് ഡാന്‍സ് കാര് സ്റ്റെപ്പിട്ട് നിക്കണ പോലെ ഒരേ പോലെ നിക്കണ്,ഇങ്ങടെ വല്ല ഗ്രൂപ്പ് ഡാന്‍സും ഇണ്ടാ ഇബടെ?”
അത് കേട്ടതും ഫോട്ടം പിടിക്കല്‍ മതിയാക്കി കൊട്ടോട്ടിയും നന്ദുവും ചമ്മല്‍ മറയ്ക്കാന്‍ പാട് പെട്ട് ഒരു സൈക്കിളില്‍ നിന്നും വീണ ചിരി പാസാക്കിക്കൊണ്ട് കുഞ്ഞീവിയോട്,കൊട്ടോട്ടിക്കാരന്‍.
“ഞങ്ങളിവിടെ ഒരു ബ്ലോഗ് മീറ്റ് നടത്തണുണ്ട് അതിന്റെ ഒരുക്കങ്ങളൊക്കെ നോക്കി മനസ്സിലാക്കാന്‍ വന്നതാ.ഇത്ത എവിടന്നാ?”

കുഞ്ഞീവി: പടച്ചോനേ...തേടിയ അളിയനെ ഷാപ്പില്‍ കിട്ടി എന്ന് പറഞ്ഞ പോലെ,ഞമ്മളും അതന്വേഷിക്കാന്‍ ബന്നതല്ലേ? ഇന്നെ മനസ്സിലായില്ലേ ഞമ്മളാണ് ബായക്കോട്ടെ കുഞ്ഞീവി!”

കൊട്ടോട്ടി:എന്നിട്ടെവിടെ കാണാനില്ലല്ലോ?”

കുഞ്ഞി: പ്ഫ ശെയ്ത്താനെ, ഇങ്ങനെ കാണ്ണോരുക്കൊക്കെ ഞമ്മള് കാണിച്ചൊടുക്കും ന്ന് അന്നോടാരാണ്ടാ പറഞ്ഞേ,ബെറുതെ ന്റെ ബായീലിരിക്കണത് കേക്കണ്ട ഹാ”

കൊട്ടോട്ടി: എന്റെ ഇത്താ അതല്ലാ,ഇത്താന്റെ മോള് സൂറാനെ കാണുന്നില്ലല്ലോ എന്നാ ഞാന്‍ ഉദ്ദേശിച്ചത്. അല്ലാതെ അയ്യേ...”

കുഞ്ഞി:‘അന്റെ ഉദ്ദേശം എന്തായാലും നടക്കൂല്ലാ മോനെ,ബെറുതെയാണൊ ഞമ്മള് സൂറാനെ കൊണ്ട് ബരാഞ്ഞത്? ഏതാടാ ബം,സൂറാന്ന് പറഞ്ഞപ്പൊ ഓന്റെ ബായില് കപ്പലോടിക്കാള്ള ബെള്ളംണ്ടല്ലോ, എന്താ അന്റെ പേര്?

“ഞാന്‍ നന്ദു / naNdu / നന്ദു”

കുഞ്ഞി:ഇജ്ജെന്താടാ ലോട്ടറിക്കാര് പറയണ പോലെ പറയണത്? അനക്കെവിട്യാ നൊന്ദേ?”

നന്ദു: ഇത്താ ഞാന്‍ എഴുത്തുകുത്തുകള്‍ എന്ന ബ്ലോഗിന്റെ മൊതലാളിയാ.എന്റെ പേരാ നന്ദു.ബ്ലോഗില്‍ എഴുതിയ പോലെയാ ഇപ്പൊ പേരു പറയാറ്,അതാ എക്കോ വന്നത്!”

കുഞ്ഞി: ഇജ്ജാളൊരു ചൊങ്കനാണ് ട്ടാ.അല്ല അന്റെ പേരു പറഞ്ഞില്ലല്ലൊ.

കൊട്ടോട്ടി: ഞാന്‍ കൊട്ടോട്ടിക്കാരന്‍

കുഞ്ഞി: ഇജ്ജ് കൊട്ടേ കൊട്ടക്കയിലോ എന്ത് വേണേലും വിറ്റോ,അന്റെ പേരു പറ പുള്ളേ”

കൊട്ടോട്ടി: സാബു എന്നാ പേര്,കൊട്ടോട്ടിക്കാരന്‍ എന്ന് ബ്ലോഗിലുള്ള പേരാ.

കുഞ്ഞി: ആ അന്നെ ഞമ്മള് ചേറായീല് ബെച്ച് കണ്ട ഒരോര്‍മ്മണ്ട്.അന്നനക്ക് ഇത്രേം ഗ്ലാമറില്ലാട്ടൊ.അന്റെ കുട്യോള്‍ക്കൊക്കെ സുഖല്ലേ? അല്ലാ ആ ബാഗും പിടിച്ച് നിക്കണ ആള് ഇങ്ങടെ കൂട്ടത്തിലുള്ളതാ?

കൊട്ടോട്ടി: അതേ ഇത്താ അത് ഡോക്ടര്‍ ആര്‍ കെ തിരൂരാ!

കുഞ്ഞീവി: ഡോക്ടറെ ആര്‍ക്കും തിരീല്ലെങ്കി പിന്നെ കുടീലിരുന്നാ പോരെ? ഇത് നല്ല കൂത്ത്!”

കൊട്ടോട്ടി: അല്ല ഇത്താ ആര്‍.കേ. തിരൂര്‍ എന്ന പേരില്‍ പഞ്ചാരഗുളിക വിക്കണ അല്ല പഞ്ചാര ഗുളിക എന്ന പേരില്‍ ബ്ലോഗെഴുതുന്ന ആളാ”

കുഞ്ഞി: അത് ശരി അപ്പോ മൂപ്പരുടെ കയ്യിലുള്ളത് ജാലിയന്‍ വാലാ ബാഗാവും അല്ലേ?അതൊക്കെ പോട്ടെ ഒരുക്കങ്ങളൊക്കെ കേമല്ലേ? മീറ്റിന് ഞമ്മടെ മുനീറിനെ ഇറക്കണ്ണ്ട് ന്ന് കേട്ടല്ലോ നേരാണാ? ഓന്‍ ബര്വോ?

കൊട്ടോട്ടി: അയ്യോ ഇത്താ മുനീറല്ല,സൊവനീറാ.അതിലു എല്ലാ ബ്ലോഗര്‍മാരെക്കുറിച്ചും,നമ്മെ വിട്ടുപോയ ബ്ലോഗര്‍മാരെക്കുറിച്ചും ഒക്കെ വിശദമായിട്ട് ഉണ്ടാകും!”

കുഞ്ഞി: അത് വളരെ നല്ല കാര്യാട്ടാ.ഇങ്ങളു എന്തായാലും ചില്ലറക്കാരല്ലട്ടാ. മറ്റ് കാര്യങ്ങളൊക്കെ ഭംഗിയായി നടക്കണില്ലേ?

കൊട്ടോട്ടി: ഇത്താ എല്ലാം വളരെ ഭംഗിയായി നടക്കുന്നുണ്ട്.ക്യത്യമായി എത്ര ആള് വരുന്നുണ്ടെന്ന് ആദ്യം കണക്കെടുക്കണം.അതിനു ശേഷം ഭക്ഷണവും മറ്റും തീരുമാനിക്കാമെന്നാണ് കരുതുന്നത്.ബ്ലോഗില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.അവിടെ നിന്നും അഭിപ്രായങ്ങള്‍ സ്വരൂപിച്ച് തീരുമാനങ്ങള്‍ എടുക്കുകയാണ്.

കുഞ്ഞി: അത് നന്നായി.ഇനീം അറിയിക്കാന്‍ ബാക്കിയുള്ളോരെ മുഴുവന്‍ അറിയിക്കണം.ഓല പോണ്ടോട്ത്ത്ക്ക് ഓല പോണം ആള് പോണ്ടോട്ത്ത്ക്ക് ആളും,പുടി കിട്യാ?

നന്ദു: അതൊക്കെ ഞങ്ങള് വേണ്ട പോലെ ചെയ്യാം ഇത്താ.പിന്നെ എന്ത് ആവശ്യത്തിനും വിളിക്കാന്‍ ഞങ്ങടെ മൊബൈല്‍ നംബറും  കൊടുത്തിട്ടുണ്ട്.

കുഞ്ഞി: പിന്നേ ആ നമ്പറില്‍ വിളിച്ച് കൊറച്ച് കായി കടം ചോദിച്ചാ ഇയ്യിപ്പോ കൊടുക്കും! ഹി ഹി ഹി “
എല്ലാവരും ചിരിക്കുന്നു.അന്നേരം കുഞ്ഞീവിയുടെ മൊബൈല്‍ ശബ്ദിക്കുന്നു.

“ഹലോ കുഞ്ഞീവി സ്പീക്കിങ്ങ്”

“ഉമ്മാ ഞാനാ സൂറ”

“എന്താ മോളേ വല്ല പ്രശ്നോം ഉണ്ടോ?”

“ഇല്ല ഉമ്മാ ഇവിടെ ആ വാഴക്കോടന്‍ വന്നിട്ടുണ്ട്, എന്നെ ബ്ലോഗ് മീറ്റിന് ക്ഷണിക്കാന്.എന്നേം കൊണ്ടു പോകാന്ന് പറയ്ണ്ട്”

“പടച്ച റബ്ബേ ഓന്‍ ക്ഷണോം തുടങ്ങ്യാ? പൊന്നു മോളെ ഇജ്ജ് സൂക്ഷിക്കണം, ഓന് രണ്ട് കയ്യും തികച്ച് ഒള്ളതാ.ഓനങ്ങനെ പലതും പറയും,ഇജ്ജ് പെരേക്കേറി വാതിലടച്ചേ,ഓന്‍ കോണം ഇട്ടോണ്ടാണോ ബന്നിരിക്കണ്?”

“അത് നോക്കണോ ഉമ്മാ ?”

“പ്ഫ ഹിമാറേ അറക്കും ഞാന്‍, ഓനാ പഞ്ചകര്‍മ്മേന്ന് ബരണ ബയ്യാണോന്നറിയാന്‍ ചോദിച്ചതാ,ഓനോട് ഞാനിപ്പൊ അങ്ങട് എത്തും ന്ന് പറയ്.അപ്പോ പൊയ്ക്കോളും, ന്നാ ബെച്ചൊ ഞാന്‍ ബെക്കം ബരാം!”

കുഞ്ഞീവി ഫോണ്‍ കട്ട് ചെയ്ത് മൂവരോടുമായി.
“അപ്പഴേ മീറ്റ് ഉസാറായി നടക്കട്ടെ,ഞമ്മടെ എല്ലാ സഹായോം ഉണ്ടാവും,അപ്പോ ഞമ്മക്കിനി മീറ്റിന്റെ അന്ന് കാണാം,ഇപ്പോ ഞമ്മളു പെരേ പോയില്ലെങ്കിലേ സൂറാന്റെ ജീവിതം ബായ നക്കും, അപ്പോ എല്ലാവരോടും! മീറ്റിനു കാണാം, എല്ലാവരും ബരണേ.....”
***************************************************************************************
മീറ്റിനെക്കുറിച്ച് ഇനിയും അറിയാത്തവരും പേരു നല്‍കാത്തവരും ഇവിടെ ഞെക്കുക!

Tuesday, February 22, 2011

പഞ്ചകര്‍മ്മ പുരാണം - ഭാഗം - നാല്

ഭാഗം മൂന്ന് വായിക്കാന്‍ ഇവിടെ ഞെക്കുക

മറ്റൊരു നിവ്യത്തിയും ഇല്ലാത്തത് കൊണ്ട് ഞാന്‍ കഷായമെന്ന് കരുതിയ ആ മരുന്ന് മൂക്ക് പിടിച്ച് ഒറ്റ വലിക്ക് അകത്താക്കി.പഴങ്കഞ്ഞിവെള്ളത്തില്‍ എന്തോ പൊടി കലക്കിക്കുടിക്കുന്നത് പോലെ ഒരു ടേസ്റ്റായിരുന്നു അതിന്. അതിനു ശേഷവും ഞാന്‍ പഞ്ചസാര എടുത്ത് വായിലിട്ടു ടച്ചിങ്സായി! ഒരു നേരിയ ചവര്‍പ്പ് വായില്‍ കിളിര്‍ത്ത് വന്നു. എല്ലാം ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ക്ഷമിക്കുകയായിരുന്നു.കാരണം ഞാന്‍ അനുഭവിച്ച പുറം വേദനയും കാല് കടച്ചിലും അത്രയ്ക്കും അസഹ്യമായിരുന്നത് കൊണ്ട് തന്നെ.എന്ത് മരുന്നും എന്ത് ചികിത്സാ വിധിയും അനുഭവിക്കാന്‍ ഞാന്‍ മാനസികമായി തയ്യാറയിക്കഴിഞ്ഞിരുന്നു.എന്ത് ത്യാഗം അനുഭവിച്ചായാലും എന്റെ രോഗം എത്രയും വേഗം സുഖപ്പെടണേ എന്ന് മാത്രമായിരുന്നു എന്റെ ചിന്ത.

വീണ്ടും ഞാനൊന്ന് മയങ്ങാമെന്ന് കരുതിയെങ്കിലും മറ്റ് രണ്ട് തവണ കൂടി എനിക്ക് ചെറിയ ചുരങ്ങള്‍ ഇറങ്ങേണ്ടി വന്നു. പേറ് കഴിഞ്ഞ് വയറൊഴിഞ്ഞ പെണ്ണ് കട്ടിലില്‍ ക്ഷീണിച്ച്  മയങ്ങുന്നത് പോലെ ഞാനും ആ കട്ടിലില്‍ കിടന്ന് ചേറിയൊരു മയക്കത്തിലേക്ക് അലിഞ്ഞ് പോയി.  അധികം കഴിയുന്നതിനു മുന്‍പേ സജിയുടെ ശബ്ദം കേട്ട് ഞാന്‍ മയക്കത്തില്‍ നിന്നും ഉണര്‍ന്നു.സജിക്ക് ഞാന്‍ വീണ്ടും ഉറങ്ങാന്‍ കിടന്നത് അത്ര രസിച്ചില്ലെന്ന് തോന്നുന്നു.അയാളെ പ്രകോപിപ്പിക്കേണ്ടെന്ന് കരുതി ഞാന്‍ കട്ടിലില്‍ നിന്നും എഴുന്നേറ്റിരുന്നു.സജി എന്റെ കട്ടിലിനടുത്തേക്ക് വന്ന്‍ കൊണ്ട് ചോദിച്ചു,

“തേങ്ങ ചിരകണം, നിന്റെ ഉമ്മയെവിടെ?”

“എന്റെ ഉമ്മ കിട്ടിയാലേ തേങ്ങ ചിരകാന്‍ പറ്റൂ?” ഞാന്‍ തീര്‍ത്തും നിഷ്കളങ്കമായി ചോദിച്ചു.

“എട ചെക്കാ കിഴിയിലേക്ക് തേങ്ങ ചിരകി ചേര്‍ക്കണം, മാത്രല്ല അവിടെ കിഴിയിലേക്കുള്ള ഇലകളൊക്കെ കൊണ്ട് വന്നിട്ടുണ്ട് അതൊക്കെ വന്ന് അരിയാന്‍ പറ. രാവിലെത്തന്റെ നിന്റെ ഉമ്മം കിട്ടാഞ്ഞിട്ടാ,ഒന്ന് പോടാപ്പാ” 
സജി അല്‍പ്പം പരിഹാസത്തോടെയാണ് അത് പറഞ്ഞ് പുറത്തേക്ക് പോയത്. ഇലക്കിഴിയിലേക്ക് ആവശ്യമായ ഇലകളൊക്കെ സജിയാണ് രാവിലെ കൊണ്ട് വരുന്നത്. അതില്‍ ആടലോടകം, കൂവളം, മുരിങ്ങയില,പുളിയില, മുരിക്കിന്റെ ഇല തുടങ്ങി പതിനെട്ടോളം തരം ഇലകളുണ്ടെന്നാണ് സജി പറയുന്നത്. അതെല്ലാം അരിഞ്ഞും ചിരകിയ തേങ്ങയും ചേര്‍ത്ത് ഒരാള്‍ക്ക് രണ്ട് ഇലക്കിഴിയാണ് ഉണ്ടാക്കുന്നത്.ഈ കിഴി ചട്ടിയിലിട്ട് ചൂടാക്കിയാണ് ദേഹത്ത് പ്രയോഗിക്കുന്നത്.ഇലക്കിഴി എനിക്കു വിധിച്ചത് ഏഴു ദിവസത്തേയ്ക്കായിരുന്നു.

ഉമ്മ കാന്റീനില്‍ നിന്നും പ്രാതല്‍ കഴിച്ച് വന്നു.വരുന്ന വഴിക്ക് തന്നെ സജിയെ കണ്ടത് കൊണ്ട് ഉമ്മാക്ക് കാര്യം മനസ്സിലായി.ഒരു തോര്‍ത്തും ഒരു ചെറിയ പൊതിയും എന്നെ ഏല്‍പ്പിച്ച് ഉമ്മ ഇലകളരിഞ്ഞ് കിഴിയുണ്ടാക്കാനായി പുറപ്പെട്ടു. ഉണ്ണിയാര്‍ച്ച പണ്ട് കൊള്ളക്കാരുടെ തലയരിയാനായി വാളുമായി പുറപ്പെട്ടെങ്കില്‍,ഇലകള്‍ അരിയാനായി കറിക്കത്തിയുമായാണ് ഉമ്മ  പുറപ്പെട്ടത്.'പുത്തൂരം വാര്‍ഡില്‍' നിന്നും കറിക്കത്തിയുമായി ഇലകളരിയാന്‍  ഉമ്മ നടന്ന് നീങ്ങുന്നത് ഒരു ഗദ്ഗദത്തോടെ ഞാന്‍ നോക്കി നിന്നു.കളരി പരമ്പര ദൈവങ്ങളേ... ഇലകളരിഞ്ഞ് വീഴ്ത്തുമ്പോള്‍ ഉമ്മയുടെ കൈകളില്‍ നിന്നും രക്തം പൊടിയരുതേയെന്ന് ഞാനാ നിന്ന നില്‍പ്പില്‍ പ്രാര്‍ത്ഥിച്ചു!പിന്നെ ഇലക്കിഴിയെ വെറുത്തു പിന്നെ ശപിച്ചു, എങ്കിലും ഉമ്മയെ എനിക്ക് ഇഷ്ടമായിരുന്നു.

ഉമ്മ പോകുന്നതിന് മുന്‍പ് എനിക്ക് നല്‍കി അനുഗ്രഹിച്ച ആ പൊതി ഞാന്‍ മെല്ല തുറന്നു നോക്കി!സംശയമില്ല മൈന തന്നെ എന്ന് പറഞ്ഞ പോലെ അത് സജി അരഞ്ഞാണമെന്ന ഓമനപ്പേരിട്ട് വിളിച്ച കോണകമായിരുന്നു. സ്കൂള്‍ യൂത്ത് ഫെസ്റ്റിവലിന് പ്രച്ഛന്ന വേഷ മത്സരത്തിന് പേര് കൊടുത്ത്, സ്റ്റേജില്‍ പേരു വിളിക്കുന്നതിന് മുന്‍പ് തയാറായി നില്‍ക്കുന്നത് പോലെ എന്റെ കയ്യിലെ തോര്‍ത്തും കോണകപ്പൊതിയും എന്നെ ആ രംഗങ്ങള്‍ ഓര്‍മ്മിപ്പിച്ചു. ഈ വേഷപ്പകര്‍ച്ചയോടെ വേണം എന്റെ ഊഴം കാത്ത് ചികിത്സാ മുറിയുടെ മുന്നില്‍ കാത്ത് നില്‍ക്കാന്‍. തലേ ദിവസം അത് പോലെ ഊഴം കാത്ത് നിന്നവരെ നമ്പൂരിമാരാണെന്ന് ഒരു നിമിഷം തെറ്റിദ്ധരിച്ച എനിക്ക് ഇന്നവരുടെ കൂട്ടത്തില്‍ ഒരാളായി നില്‍ക്കാനുള്ള സൌഭാഗ്യം കൈവന്നിരിക്കുന്നു. ഞാന്‍ തോര്‍ത്തും പൊതിയുമായി ബാത്ത് റൂമിലേക്ക് വേഷപ്പകര്‍ച്ചയ്ക്കായി നടന്നു.ഒഴിവുണ്ടായിരുന്ന ഒരു കുളിമുറിയില്‍ കയറി ഞാന്‍ വാതില്‍ കുറ്റിയിട്ടു.

ഒരു കോടിവസ്ത്രം കിട്ടിയാല്‍ സന്തോഷിക്കാത്തവര്‍ ചുരുക്കമാണ്.എന്നാല്‍ എനിക്ക് കിട്ടിയ കോടിവസ്ത്രം എന്നെ വല്ലാതെ നിരാശനാക്കി. ഒരു പാന്റ്സോ ഷര്‍ട്ടോ ആണെങ്കില്‍ ഇട്ടു നോക്കാന്‍ ഒരു പ്രയാസവുമുണ്ടാകില്ല.ഇതതാണോ? എങ്ങിനെയാണ് അത് അണിയേണ്ടതെന്ന് ഒരു നിമിഷം ഞാന്‍ ആലോചിച്ച് നിന്നു.വീതിയുള്ള ഭാഗം മുന്നിലേക്കാക്കിയാണൊ അതോ പിന്നിലേക്കാക്കിയാണോ കെട്ടുക എന്നൊരു കണ്‍ഫ്യൂഷന്‍ എന്നെ അലോസരപ്പെടുത്തി. മുന്‍പ് കെട്ടി ശീലമുള്ളതാണെങ്കില്‍ ഒരു പ്രശ്നമില്ലാതെ കൈകാര്യം ചെയ്യാമായിരുന്നു.കോണകമുടുത്ത് നിന്ന് കുളിക്കുന്ന ചാമിയെ കുളക്കടവില്‍ കണ്ടിട്ടുണ്ടെങ്കിലും അതിന്റെ സൂക്ഷ്മതയിലേക്കോ അത് കെട്ടിയ രീതിയിലേക്കോ ഒന്നു നോക്കാഞ്ഞതില്‍ എനിക്ക് കുറ്റ ബോധം തോന്നി.സ്കൂളില്‍ പഠിക്കുന്ന കാലത്ത് ചേലക്കരയിലുള്ള ഒരു ചെട്ടിയാര് തന്റെ ആര്‍ഭാട ജീവിതം മറ്റുള്ളവരെ അറിയിക്കാന്‍ പട്ടു കോണകമന്വേഷിച്ച് കൊച്ചിയിലേക്ക് പോയ കഥ മാഷ് പറഞ്ഞ് തന്നത് ഓര്‍ത്തപ്പോള്‍ ചുണ്ടില്‍ ഒരു പുഞ്ചിരി ഊറിവന്നു.

മതാചാരപ്രകാരം കോണകം ചുറ്റുന്നത് അനുവദനീയമാണോ അല്ലയോ എന്നൊരു ചിന്ത മനസ്സില്‍ കുറേ ചോദ്യങ്ങള്‍ അവശേഷിപ്പിച്ചു.ഒരു രോഗ ചികിത്സാര്‍ത്ഥം ഇത്തരമൊരു വസ്ത്രം ഉടുക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവും ഉണ്ടാവാനിടയില്ലെന്ന് ഞാന്‍ ആശ്വസിച്ചു. ഒരു വിധത്തില്‍ ഞാനാ അരഞ്ഞാണം അരയില്‍ കുരുക്കി.ഒരു വലിയ കണ്ണാടിയുണ്ടായിരുന്നെങ്കില്‍ എന്റെ ആ മനോഹര വേഷം ഒന്ന് കാണാമായിരുന്നല്ലോ എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു.കോണകത്തിനു മുകളില്‍ തോര്‍ത്ത് ചുറ്റി ഞാന്‍ കുളിമുറിക്ക് പുറത്ത് വന്നു.അപ്പോള്‍ ഞാന്‍ കോണകത്തെ വെറുത്തു,പിന്നെ ശപിച്ചു,എങ്കിലും കോടി വസ്ത്രങ്ങള്‍ എനിക്കിഷ്ടമായിരുന്നു.

ആദ്യരാത്രി കഴിഞ്ഞ് മണിയറയില്‍ നിന്നും അടുക്കളയിലേക്ക് വരുന്ന മണവാട്ടിയെപ്പോലെ എന്റെ മുഖത്ത് വല്ലത്തൊരു നാണവും ലജ്ജയുമൊക്കെയുണ്ടായിരുന്നു. ഒരു വിധത്തില്‍ ഊഴം കാത്ത് നിന്നവരുടെ കൂട്ടത്തില്‍ ഒരുവനായി ഞാനും രൂപാന്തരം പ്രാപിച്ചു.എന്റെ കയ്യില്‍ പുതിയ തൈലം കുപ്പി നല്‍കപ്പെട്ടു.ഉമ്മ അപ്പോഴേക്കും രണ്ട് ഇലക്കിഴികള്‍ തയ്യാറാക്കിക്കഴിഞ്ഞിരുന്നു.അടുത്ത ഊഴം എന്റേതാണെന്നറിഞ്ഞപ്പോള്‍ ഉള്ളില്‍ ചെറിയൊരു ഭയം.ഞാന്‍ ആ ചികിത്സാ മുറിയിലേക്ക് നോക്കി.രണ്ട് എണ്ണത്തോണികള്‍ ഉണ്ട്.ഏകദേശം രണ്ടര അടിയൊളം പൊക്കത്തിലാണ് അവ സ്ഥാപിച്ചിട്ടുള്ളത്.അത് കൂടാതെ കിഴി ചൂടാക്കാനുള്ള രണ്ട് ചട്ടികളും രണ്ട് സ്റ്റൌകളും ആ മുറിയില്‍ സജ്ജീകരിച്ചിരുന്നു.

എന്റെ ഊഴം വന്നു.ഞാന്‍ തൈലം കുപ്പി അവിടെ ഉഴിച്ചിലിനും കിഴി നടത്താനുമൊക്കെ നിന്നിരുന്ന ആളെ ഏല്‍പ്പിച്ചു.അത് ബാലേട്ടനാണെന്ന് ഞാന്‍ മനസ്സിലാക്കി. ഞാന്‍ തോര്‍ത്ത് അഴിച്ച് ഒരു കസെരയിലേക്കിട്ടു. ഹോ ആ സമയത്ത് എനിക്കുണ്ടായ ഒരു നാണം പറഞ്ഞറിയിക്കാനാവാത്തതാണ്. ഇപ്പോള്‍ വെറുമൊരു കോണകമുടുത്താണ് എന്റെ നില്‍പ്പ്. ഞാന്‍ അടക്കിപ്പിടിച്ച ചിരിയൊടെ ആ എണ്ണത്തോണിയില്‍ കയറിക്കിടന്നു. ഉമ്മ ചട്ടിയില്‍ ഇലക്കിഴി ചൂടാക്കാന്‍ തുടങ്ങിയിരുന്നു. ഞാന്‍  ആ എണ്ണത്തോണിയില്‍ നീണ്ട് നിവര്‍ന്ന് കിടന്നു. ആ കിടപ്പില്‍ ഞാന്‍ മെല്ലെ ഒന്ന് തല പൊക്കി ശരീരത്തിലേക്ക് നോക്കി.തലവഴി വെള്ള തട്ടമിട്ട് ഇരുത്തിയ ഒരു തവളയുടെ രൂപം പോലെയുള്ള ആ ഭാഗം കണ്ടപ്പോള്‍ എനിക്ക് വല്ലാത്ത ചമ്മല്‍ തോന്നി. ഞാന്‍ അപ്പുറത്തെ എണ്ണത്തോണിയിലേക്ക് നോക്കി. അതിന്റെ മുകളില്‍ കടപ്പുറത്ത് തിമിംഗലം ചത്തടിഞ്ഞ പോലെയുള്ള ആ വലിയ ശരീരം കണ്ടപ്പോള്‍ എനിക്ക് തെല്ല് ആശ്വാസം തോന്നി.അയാളും എന്നെപ്പോലെ വെറുമൊരു കോണകത്തിലാണല്ലോ കിടക്കുന്നത് എന്ന ആശ്വാസം. പക്ഷേ അയാളുടെ അടുത്ത് നിന്നിരുന്ന ചെറുപ്പക്കാരിയായ സ്ത്രീയെ കണ്ടപ്പോള്‍ എനിക്ക് വീണ്ടും നാണം വന്നു. അറിയാതെ പോലും ആ സ്ത്രീ എന്നെ തിരിഞ്ഞ് നോക്കരുതേയെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു.അഥവാ എങ്ങാനും നോക്കിയാല്‍ ആ സ്ത്രീക്ക് മനസ്സിന് നല്ല ഉറപ്പ് കൊടുക്കണേയെന്ന് ഞാന്‍ ആ ചേച്ചിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു.

ബാലേട്ടന്‍ തൈലം ഒരു ചെറിയ പാത്രത്തിലേക്കൊഴിച്ച് ചൂടാക്കി.അതില്‍ നിന്നും അല്‍പ്പം രണ്ട് കൈകളിലും മുക്കിപ്പിടിച്ച് ആദ്യം കാല്പാദങ്ങളിലും,പിന്നീട് കാല്‍ മുട്ടുകളിലും,കൈകളിലും ചെവികളിലും പിന്നെ നെറുകയിലും തൊടുവിച്ചു. അറക്കാന്‍ പിടിക്കുന്നതിന് മുന്‍പ് കോഴിക്ക് വെള്ളം കൊടുക്കുന്നത് പോലെ ഒരു ചടങ്ങാവുമെന്ന് ഞാനും ഊഹിച്ചു.അതിനു ശേഷം എന്റെ ദേഹം മുഴുവന്‍ തൈലം തേച്ച് പിടിപ്പിച്ചു.അപ്പോഴും ഞാന്‍ ആ സ്ത്രീയ്ക്ക് മനസ്സിന് ശക്തി നല്‍കണേയെന്ന് പ്രാര്‍ത്ഥിച്ച് കൊണ്ടിരുന്നു.

ചൂടാക്കിയ ഒരു കിഴി ബാലേട്ടന്‍ കാലില്‍ വെച്ചു.കാല് പൊള്ളിയ വേദനയില്‍ വല്യവായില്‍ നിലവിളിച്ചാലോ എന്ന് വരെ തോന്നിയതാണ്.ഞാന്‍ എന്തേങ്കിലും ശബ്ദമുണ്ടാക്കിയാല്‍ അപ്പുറത്ത് നില്‍ക്കുന്ന സ്ത്രീയുടെ ശ്രദ്ധ എന്നിലേക്കെങ്ങാനും തിരിഞ്ഞെങ്കിലോ എന്നോര്‍ത്ത് ഞാന്‍ വേദന കടിച്ചമര്‍ത്തിക്കിടന്നു.അപ്പോഴും ഞാനാ സ്ത്രീയുടെ മനഃശക്തിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. ചൂട് കൂടുതലുണ്ടോ എന്ന ബാലേട്ടന്റെ ചോദ്യത്തിന് വേദനയില്‍ മുങ്ങിയ ഒരു മൂളലാണ് ഞാന്‍ മറുപടിയായി നല്‍കിയത്. ഷര്‍ട്ട് ഇസ്തിരി ഇടുന്ന പോലെ ബാലേട്ടന്‍ എന്റെ ശരീരത്തെ ഇസ്തിരിയിട്ടു കൊണ്ടിരുന്നു.ഒരു കിഴി ചൂടാറുമ്പോഴേക്കും അടുത്ത കിഴി ചൂടാക്കിക്കൊടുത്തിരിക്കുമായിരുന്നു. എന്റെ സകലമാന ഏപ്പുകളും ഇളകുന്നത് പോലെ എനിക്ക് തോന്നി.ഞാന്‍ വേദന കൊണ്ട് പുളഞ്ഞു.എന്നാലും ആ സ്ത്രീയ്ക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരുന്നു.

ബാലേട്ടന്‍ ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തില്‍ എന്നില്‍ കൂടുതല്‍ ശക്തിയോടെ കിഴി നടത്തിക്കൊണ്ടിരുന്നു.വേദന കൊണ്ട് എന്റെ മുഖം ചുവന്ന് തുടുത്തു. മുഖം അത്ര വെളുപ്പില്ലാത്തത് കൊണ്ട് അത് ആരും കണ്ടില്ലെന്ന് മാത്രം.ആ വേദന സഹിച്ച് കൊണ്ട് ഞാന്‍ വീണ്ടും ഫുഡ്ബോളിനെ വെറുത്തു, പിന്നെ ശപിച്ചു.എങ്കിലും മെസിയേയും റൂണിയേയും മറഡോണയേയുമെല്ലാം എനിക്കിഷ്ടമായിരുന്നു!

തുടരും...........

Wednesday, February 16, 2011

സമ്പൂര്‍ണ്ണ അളിയന്‍ ചൊല്ലുകള്‍ !!

പ്രിയമുള്ളവരെ,

‘അളിയന്‍ ജോക്സ്’ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട നിലയ്ക്ക് അളിയന്മാരെക്കുറിച്ചുള്ള ചൊല്ലുകളും നിങ്ങള്‍ക്കിഷ്ടമാകും എന്ന് കരുതിയാണ് സമ്പൂര്‍ണ്ണ അളിയന്‍ ചൊല്ലുകള്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ലോകത്തിലെ സകലമാന അളിയന്മാര്‍ക്കും ഞാനീ അളിയന്‍ ചൊല്ലുകള്‍ ഒരിക്കല്‍ കൂടി ഡെഡിക്കേറ്റ് ചെയ്യുന്നു!സമ്പൂര്‍ണ്ണ അളിയന്‍ ചൊല്ലുകല്‍!

അളിഞ്ഞതെല്ലാം അളിയനല്ല!!

പുത്തനളിയന്‍ പെര്‍ഫ്യൂം തലയിലും അടിക്കും!!

അളിയന്റെ കുഞ്ഞിനെ വിരുന്നുണ്ണാന്‍ പഠിപ്പിക്കണോ??

അളിയന്‍ മൂത്താലും വിരുന്നുണ്ണല്‍ മറക്കുമോ??

ഉള്ളത് പറഞ്ഞാല്‍ അളിയനും നാറും!!

അഴകുള്ള അളിയന്റേല്‍ കാശില്ല!!

അറിയാത്ത അളിയന്‍ ചൊറിയുമ്പോള്‍ അറിയും!!

തേടിയ അളിയനെ ഷാപ്പില്‍ കിട്ടി!!

അളിയനെ പേടിച്ച് വീട് പൂട്ടണോ??

ഇടഞ്ഞാല്‍ അളിയന് ഭാര്യവീട്ടിന്നും കിട്ടും!!

അളിയന് പൊന്ന് പോരാഞ്ഞിട്ട് അളിയന്റളിയന് പെണ്ണ് കെട്ടാഞ്ഞിട്ട്!!

അളിയനുള്ളപ്പോള്‍ വിരുന്നിന്റെ വില അറിയില്ല!!

അളിയന്മാര്‍ കൂടിയാല്‍ പാമ്പ് ചാവില്ല!!

അളിയനെന്താ ശമ്പളം കൊടുക്കുന്നിടത്ത് കാര്യം!!

എന്തായാലും പെങ്ങളെ കെട്ടി ഇനി അളിയനെന്ന് വിളിച്ചേക്കാം!!

അളിയനില്ലാത്തവന് അളിയനെ കിട്ടിയാല്‍ അര്‍ദ്ധരാത്രിക്കും സ്മോളടിക്കും!!

വേണമെങ്കില്‍ അളിയന്‍ പുലര്‍ച്ചയ്ക്കും വരും,ഇല്ലെങ്കില്‍ പാതിരാക്കും വരില്ല!!

പണി പോയ അളിയന്‍!!

കിട്ടാത്ത വിരുന്ന് പുളിക്കും!!

അമ്മായിയമ്മ മീശവെച്ചാല്‍ അളിയനാവില്ല!!

അളം മുട്ടിയാല്‍ അളിയനും ഓടും!!

അളിയനോളം വരുമോ അമ്മായിയപ്പന്‍??

അമ്മായിയപ്പന്‍ വേലി ചാടിയാല്‍ അളിയന്‍ മതില് ചാടും!!

പെങ്ങളേം കെട്ടി സ്ത്രീധനോം വാങ്ങി പിന്നേം അളിയന് മുറുമുറുപ്പ്!!

അളിയന്‍ പോയാല്‍ ഷാപ്പിലും തപ്പണം!!

അളിയനേതായാലും സദ്യ നന്നായാല്‍ മതി!!

നാണമില്ലാത്ത അളിയന്റെ മൂലത്തില്‍ ആല് കിളിര്‍ത്താല്‍ അന്നും ഒരു വിരുന്ന്!!

അളിയനെ മറന്ന് വിരുന്നുണ്ണരുത്!!

അളിയന്‍ ചൊല്ലുകള്‍ക്ക് ഇവിടെ തല്‍ക്കാലം വിരാമം കുറിക്കുന്നു.ഇനി എല്ലാവരും അളിയന്‍ ചൊല്ലുകള്‍ ഹ്യദിസ്ഥമാക്കുമല്ലോ!!

Sunday, February 13, 2011

പഞ്ചകര്‍മ്മ പുരാണം - ഭാഗം മൂന്ന്

ഒന്നാം ഭാഗം 
രണ്ടാം ഭാഗം

വൈകുന്നേരം നാലര മുതല്‍ ആറ് മണി വരെ സന്ദര്‍ശകര്‍ക്കുള്ള സമയമാണ്.രോഗികളെ കാണാനുള്ളവര്‍ നാലരയാകുമ്പോഴേക്കും ഗേറ്റിന് പുറത്ത് തിങ്ങി നില്‍പ്പുണ്ടാവും.സെക്യൂരിറ്റി ഗേറ്റ് തുറന്നതും ആളുകള്‍ ഫ്ലൈറ്റില്‍ നിന്നും ഇറങ്ങി അവനവന്റെ ബാഗേജിന്റെ അടുത്തേക്ക് ഓടുന്നത് പോലെ അവരവരുടെ ആളുകളുടെ കട്ടിലിന് ചുറ്റും വട്ടം കൂടി നില്‍ക്കും,പിന്നെ കട്ടിലിന്റെ ഓരത്ത് ഇരിക്കും.അതിനു ശേഷം വാര്‍ഡ് മൊത്തം ഒരു കല്യാണ വീടുപോലെ ബഹളമയമാകും. പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങള്‍,അന്വേഷണങ്ങള്‍,നാട്ടിലെ പുതിയ വിശേഷങ്ങള്‍ എല്ലാം ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ കൈമാറപ്പെടും.ചിലര്‍ കൂട്ട് നില്‍ക്കുന്ന ആള്‍ക്ക് രാത്രിയില്‍ കഴിക്കാനുള്ള ഭക്ഷണവുമായിട്ടാവും വന്നിട്ടുണ്ടാവുക.പല തരത്തിലുള്ള സ്വാദുകളുടെ നറുമണം കുറേ നേരത്തേക്ക് വാര്‍ഡില്‍ തങ്ങി നില്‍ക്കും.രോഗിക്ക് അവിടെ നിന്നും കിട്ടുന്ന ഭക്ഷണമൊഴിച്ച് മറ്റൊരു ഭാക്ഷണസാധനവും മനസ്സ് കൊണ്ട് പോലും ആഗ്രഹിക്കുന്നത് പഥ്യപ്രാകാ‍രം നിഷിദ്ധമായിരുന്നു. ഒളിച്ച് കഴിക്കാനും കഴിയില്ല, കാരണം സജി എല്ല്ലാം പ്രത്യേകം നോട്ട് ചെയ്യുമാ‍യിരുന്നു.

അന്ന് രാത്രിയില്‍ ഉമ്മാക്ക് കഴിക്കാനുള്ള ഭക്ഷണവുമായി ഉപ്പയാണ് വന്നത്.വാങ്ങാ‍നുള്ള തൈലവും മറ്റുമൊക്കെ വാങ്ങിത്തന്ന ശേഷമാണ് ഉപ്പ പോയത്.ഇല്ലെങ്കിലും ആറ് മണി കഴിഞ്ഞാല്‍ ഒരു സന്ദര്‍ശകനേയും അവിടെ നില്‍ക്കാന്‍ സെക്യൂരിറ്റിക്കാ‍രന്‍ അനുവദിക്കില്ല്ലായിരുന്നു. അന്നും പതിവു പോലെ കൃത്യം ആറ് മണിക്ക് സെക്യൂരിറ്റിക്കാരന്‍ വാര്‍ഡില്‍ തിരച്ചില്‍ നടത്താന്‍ എത്തി. അപ്പുറത്തെ വാ‍ര്‍ഡില്‍ നിന്നും രണ്ട് പേരെ അറസ്റ്റ് ചെയ്ത് അയാള്‍ ഒരു കുട്ടന്‍പിള്ള കോണ്‍സ്റ്റബിള്‍ സ്റ്റൈലില്‍ ആട്ടി ഗേറ്റിന് പുറത്താക്കി.ആത്മാ‍ര്‍ത്ഥമായി തന്റെ കടമ നിര്‍വഹിച്ച അനുഭൂതിയില്‍ അയാള്‍ എന്‍ സി പട്ടണം പൊടിയെടുത്ത് മൂക്കില്‍ വലിച്ച് കയറ്റി.മൂക്കൊന്ന് തിരുമ്മി അയാള്‍ തന്റെ കസേരയില്‍ പോയിരുന്നു.

സന്ധ്യയായപ്പോള്‍ വാര്‍ഡ് അല്‍പ്പം നിശബ്ദമാ‍യി.ചിലര്‍ ആ നേരത്ത് മനസ്സുരുകി പ്രാര്‍ത്ഥിക്കുന്നത് കൊണ്ടാണ്  ആ നിശബ്ദതയെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.ആ നിമിഷങ്ങളില്‍ ഞാ‍നും എന്റെ അസുഖം എത്രയും വേഗം സുഖമാവണേയെന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചു.പൂ‍ജ ചെയ്യുമ്പോള്‍ മണിയടിക്കുമ്പോലെ എന്റെ പ്രാര്‍ത്ഥന കഴിഞ്ഞതും ബക്കറ്റില്‍ കൊട്ടുന്ന ആ ഐശ്വര്യത്തിന്റെ സൈറന്‍ മുഴങ്ങി.പിന്നീട് പ്രാര്‍ത്ഥനയില്‍ കോണ്‍സന്‍ഡ്രേഷന്‍ കിട്ടാത്തത് കൊണ്ട് ഞാന്‍ ആ പരിപാടി നിര്‍ത്തിയിട്ട് നിഷ്കളങ്കനായ തത്തമംഗലത്ത് കാരനോട് ചോദിച്ചു,
“ശാപ്പാടാവും അല്ലേ?”

“അതേ, രാത്രി ശാപ്പാട് ഏഴ് മണിക്ക് വരും”

ഇത്രയും നേരത്തെ രാത്രി ശാപ്പാട് കഴിച്ച ശീലമില്ലെങ്കിലും പുതിയ ശീലങ്ങള്‍ ഓരോന്നോരോന്നായി ഞാന്‍ ശീലിക്കാന്‍ പഠിക്കുകയായിരുന്നു.വീണ്ടും ആവി പറക്കുന്ന കഞ്ഞിയും കാബേജ് തോരനേക്കാളും ഫുഡ്ബോളിനേക്കാ‍ളും ഞാനേറെ വെറുക്കുന്ന ‘കൊത്തമര’ തോരനുമായിരുന്നു.ഇന്ന് കൊത്തമരയാണോ എന്ന് ചോദിച്ച് നിരാശരാ‍യ മറ്റ് രണ്ട് മൂന്ന് പേരും എന്നെപ്പോലെ കടുത്ത കൊത്തമര വിരോധികളാണെന്ന് മനസ്സിലാക്കി സ്വയം ആശ്വസിച്ചു.എങ്കിലും തത്തമംഗലത്ത് കാരന് കൊത്തമരത്തോരന്‍ വലിയ ഇഷ്ടമായിരുന്നു!

ഏഴരയോടെ കഞ്ഞികുടി യജ്ഞം തീര്‍ന്നു.കൃത്യം പത്ത് മണിയ്ക്ക് തന്നെ വാര്‍ഡിലെ ലൈറ്റ് അണയ്ക്കപ്പെട്ടു.സജി അക്കാര്യത്തില്‍ വളരെ കൃത്യനിഷ്ടയുള്ളവനായിരുന്നു.എങ്കിലും വരാന്തയിലെ അണയ്ക്കാത്ത ട്യൂ‍ബ് ലൈറ്റിന്റെ വെട്ടം വാര്‍ഡില്‍ നേരിയ പ്രകാശം പരത്തിയിരുന്നു.ഇപ്പോള്‍ വാര്‍ഡ് അല്‍പ്പം കൂടി നിശബ്ദമാണ്. എല്ലാവരും ഉറക്കത്തെ പ്രതീക്ഷിച്ച് കിടപ്പാണ്.ചിലരുടെ നിശ്വാസങ്ങള്‍ പതിയെ കൂര്‍ക്കം വലികളായി പരിണമിച്ചു. പിന്നീടെപ്പോഴോ കൂര്‍ക്കം വലിയുടെ താളലയത്തില്‍ മയങ്ങി ഞാനും ഉറങ്ങിപ്പോയി.

രാവിലെ കൃത്യം അഞ്ച് മണിയോടെ ഞാന്‍ ഉറക്കില്‍ നിന്നും ഉണര്‍ത്തപ്പെട്ടു.കണ്ണുകള്‍ തിരുമ്മി നോക്കുമ്പോള്‍ മുന്നില്‍ വെളുത്ത ഓവര്‍കോട്ടിട്ട് മുഖത്ത് നോക്കിയാല്‍ ‘തങ്കമ്മ സിസ്റ്റര്‍’ എന്ന് വിളിക്കാവുന്ന ഒരു നേഴ്സ് കയ്യില്‍ രണ്ട് സ്റ്റീല്‍ ഗ്ലാസുമായി നില്‍ക്കുന്നു. അപ്പോഴാണ് ചികിത്സ അന്ന് മുതല്‍ തുടങ്ങുന്ന കാര്യം എന്റെ മനസ്സില്‍   തെളിഞ്ഞത്.എന്നാലും ഇത്ര കൊച്ചു വെളുപ്പാന്‍ കാലത്ത്തന്നെ ചികിത്സ ആരംഭിക്കുമെന്ന് ഞാന്‍ നിരീച്ചതല്ല.സിസ്റ്റര്‍ അതിലൊരു ഗ്ലാ‍സ് എനിക്ക് നേരെ നീട്ടിയിട്ട് അതിലെ ‘നെയ്യ്’ എന്നോട് കുടിക്കാന്‍ പറഞ്ഞു.എന്റെ ആരോഗ്യ കാര്യത്തില്‍ അവരുടെ ശുഷ്കാന്തിയെ ഞാന്‍ മനസാ നമിച്ചു. കുട്ടിക്കാലത്തെങ്ങോ ചോറിന്റെ കൂടെ നെയ്യ് കൂട്ടിയ ഓര്‍മ്മ ഒരു നേര്‍ത്ത പാട പോലെ മനസ്സില്‍ ഊറി വന്നു.ഗര്‍ഭിണികള്‍ക്ക് നാലാം മാസത്തില്‍ അവരുടെ വീട്ടില്‍ കൊണ്ട് പോയി ‘നെയ്യ് കുടിപ്പിക്കല്‍’ എന്നൊരു ചടങ്ങ് ഉള്ളതും ഞാനോര്‍ത്തു. ഭാര്യയ്ക്ക് രണ്ട് തവണ ആ അവസരം കൈവന്നപ്പോള്‍ എനിക്ക് നെയ്യ് കുടിക്കാന്‍ പഞ്ചകര്‍മ്മ തന്നെ വേണ്ടി വന്നല്ലോ എന്നോര്‍ത്ത് ഞാന്‍ പഞ്ചകര്‍മ്മയെ അളവറ്റ് സ്നേഹിച്ചു.

നേഴ്‍സിന്റെ കയ്യില്‍ നിന്നും നെയ്യിന്റെ ഗ്ലാസ് ഞാനും മറ്റൊരു ഗ്ലാസ് ഉമ്മയും വാങ്ങി.ഉമ്മ വാങ്ങിയ ഗ്ലാ‍സ് സൈഡ് ടേബിളില്‍ വെച്ചു.ഞാന്‍ ഗ്ലാസിലേക്കൊന്നു നോക്കി.ആ ചെറിയ ഗ്ലാസില്‍ പകുതിയോ‍ളമുണ്ടായിരുന്നു നെയ്യ്.ഞാന്‍ ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തില്‍ ഒറ്റവലിക്ക് കുടിക്കാനായി ചുണ്ടോടടുപ്പിച്ചതും നെയ്യിന്റെ ഒരു രൂക്ഷ ഗന്ധം എന്റെ മൂക്കില്‍ തുളച്ച് കയറി. ഞാനാ ഗ്ലാസ് മൂക്കിന്റെ ഏഴയലത്ത് നിന്ന് മാറ്റിപ്പിടിച്ച് ദയനീയമാ‍യി ഉമ്മാട് ചോദിച്ചു,
“ഉമ്മാ ഇത് പശുവിന്‍ നെയ്യൊന്നുമല്ല.വല്ലാത്തൊരു മണോം”

“പിന്നേ നിന്നെ നെയ്യ് കുടിക്കാന്‍ കൂട്ടിക്കൊണ്ട് വന്നിരിക്യല്ലേ,നീ ഒറ്റ വലിക്കതങ്ങ് കുടിച്ചേ”

ഉമ്മ കാര്യം പറഞ്ഞ് ഞാനത് കുടിക്കുന്നതും കാത്ത് നിന്നു. ഒരു വിധത്തിലും എനിക്കത് ചുണ്ടോടടുപ്പിക്കാന്‍ പ്രയാസമായിരുന്നു. ഒടുവില്‍ ഉമ്മ അടുത്ത ബെഡിലെ സ്ത്രീയില്‍ നിന്നും അല്പം പഞ്ചസാര വാങ്ങി എനിക്ക് തന്നു.നെയ്യ് കുടിച്ച ശേഷം വായിലിടാനുള്ള ‘ടച്ചിങ്സ്’.നിവ്യത്തിയില്ലാതെ മൂക്കും പൊത്തിപ്പിടിച്ച് ഞാ‍ന്‍ നെയ്യ് കുടിച്ചിറക്കി പഞ്ചസാര വാ‍യിലിട്ടു.എങ്കിലും നെയ്യിന്റെ മണവും രുചിയും എന്നില്‍ അസ്വസ്ഥതയുണ്ടാക്കി.

നെയ്യ് കുടിച്ച ക്ഷീണത്തില്‍ ഇത്തിരി നേരം മയങ്ങാമെന്നോ‍ര്‍ത്ത് ഞാന്‍ വീണ്ടും കട്ടിലിലേക്ക് ചാഞ്ഞു.അധികം കഴിഞ്ഞില്ല അപ്പോഴേക്കും അടുത്ത വിളി വന്നു. ഇപ്രാവശ്യം വിളിച്ചത് സാക്ഷാല്‍ പ്രകൃതിയായിരുന്നു! നെയ്യ് കുടിച്ചതിന്റെ പ്രത്യാഘാതമാണെന്ന് ഞാന്‍ മനസ്സിലാക്കി. വയറിനകത്ത് നെയ്യ് പെരുമ്പറ മുഴക്കിക്കൊണ്ടിരുന്നു.ഞാന്‍ മെല്ലെ കട്ടിലില്‍ നിന്നും എഴുനേറ്റ് കക്കൂസിലേക്ക് നടന്നു.ഈ തിരുമുല്‍ കാഴ്ച അവിടെ എത്തിക്കണേ എന്നായിരുന്നു നടത്തത്തില്‍ എന്റെ പ്രാര്‍ത്ഥന. ഭാഗ്യത്തിന് ഒരു കക്കൂസ് ഒഴിവുണ്ടായിരുന്നു. ഞാന്‍ കയറി ഇരുന്നതും ഒരു ഉരുള്‍പൊട്ടല്‍ തന്നെയുണ്ടായി. ഞാന്‍ ആ ഇരിപ്പില്‍ കുതിരവട്ടം പപ്പുവിന്റെ പ്രസിദ്ധമായ ആ ഡയലോഗ് വെറുതെ ഒന്നോര്‍ത്തു!

“നിങ്ങള് അറീല്ലെ ഞമ്മടെ താമരശേരി ചൊരം! ഞമ്മടെ താമരശ്ശേരി ചൊരേയ്! ഒരിക്കല്‍ ആ ചൊരം ഇറങ്ങുമ്പോ ഇതിന്റെ ബ്രേക്കങ്ങട് പോ‍യി! അപ്പറോം ഇപ്പറോം ഭയങ്കരമായ കുയ്യല്ലെ, കുയീ.എറക്കല്ലേ, പണ്ടാരടങ്ങാന്‍ ഇത്ണ്ടാ പിടിച്ചാലാ അമര്‍ത്തിയാലാ നിക്കണ്! കട്ക്മണി വ്യത്യാസത്തില് ഞമ്മടെ സ്റ്റേറിങ് ഒന്ന് അങ്ങട്ടോ ഒന്ന് ഇങ്ങട്ടോ മാറിയാ മതി.ഞമ്മടെ ഇഞ്ചന്‍ തകിട് പൊടി! വിട്ടില്ല.. ഇന്റള്ളാ പടച്ചോനേ ഇങ്ങള് കാത്തോളീന്ന് ഒറ്റ വിളിയാ. എഞ്ചിനങ്ങനങ്ങനെ പറ പറക്കാണ്. ഏത് ഞമ്മടെ ഏറോപ്ലെയിന്‍ വിട്ട ചെല്ക്ക്.....താമരശ്ശേരി ടു കോയിക്കോട് അന്‍പത് കിലോമീറ്ററാ...ഇത് അഞ്ച് മിനിട്ടോണ്ട് എത്തി!”

അങ്ങിനെ അഞ്ച് മിനിറ്റ് കൊണ്ട് താമരശ്ശേരി ചൊരം ഇറങ്ങിയ ക്ഷീണത്തില്‍ ഞാ‍ന്‍ മെല്ലെ എഴുനേറ്റു.ഞാന്‍ ശരിക്കും ക്ഷീണിതനായിരുന്നു.ആ നിന്ന നില്‍പ്പില്‍ ഞാന്‍ നെയ്യിനെ വെറുത്തു,പഞ്ചകര്‍മ്മയെ ശപിച്ചു, എങ്കിലും കുതിരവട്ടം പപ്പുവിനെ എനിക്കിഷ്ടമായിരുന്നു.

സിനിമയില്‍ കൂട്ടബലാത്സംഘത്തിന് ഇരയായ നായിക ചുമരിന്റെ അരിക് പറ്റി വേച്ച് വേച്ച് നടന്ന് വരുന്ന പോലെ ഞാനും ചുമരിന്റെ അരിക് പറ്റി പതിയെ വാര്‍ഡിലെത്തി കട്ടിലില്‍ കയറിക്കിടന്നു. എന്റെ മുഖ ഭാവം കണ്ട ഉമ്മ ചോദിച്ചു,
“എന്താടാ വയറിളകിയോ?”

ഞാന്‍ ദയനീയമായി ഉമ്മാനെ നോക്കിക്കൊണ്ട് പറഞ്ഞു,
‘ഉമ്മ താമരശ്ശേരി ചൊരം ന്ന് കേട്ടിട്ടുണ്ടോ? ഞാന്‍ ആ ചുരം ഇറങ്ങി!“

ഉമ്മാക്കത് ശരിക്കും മനസ്സിലായോ എന്തോ? ചുരം ഇറങ്ങിയത് ഞാനല്ലേ! എന്തായാലും എന്നെ കണ്ടാല്‍ കിണ്ണം കട്ടെന്ന് തോന്നുമോ എന്ന് ചോദിച്ച പോലെ സാമാന്യം ശക്തമായ അടിയൊഴുക്ക് സംഭവിച്ചിട്ടുണ്ടെന്ന് ഉമ്മ മനസ്സിലാക്കിയെന്ന് എനിക്ക് ബോധ്യമായി.ഞാനൊന്ന് മയങ്ങാമെന്ന് കരുതിയതും ഉമ്മ അടുത്ത ഗ്ലാസ് എനിക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു,

“ഇത് കൂടി കുടിക്ക് ഇത് നെയ്യല്ല കഷാ‍യാ”

പാമ്പ് കടിച്ചവന്റെ തലയില്‍ പട്ടി കടിച്ചാല്‍,പാമ്പിന്റെ വിഷം മേലേക്ക് കേറുമോ പട്ടിയുടെ പേ താഴേക്കിറങ്ങുമോ എന്നൊരു കണ്‍ഫ്യൂഷന്‍ എനിക്കും ആ കഷായം കണ്ടപ്പോള്‍  ഉണ്ടായി.ഇനിയൊരു താമരശ്ശേരി ചുരമിറങ്ങാനുള്ള ഒരു ത്രാണി എനിക്കില്ലായിരുന്നു.ഞാന്‍ ആ കഷാ‍യത്തിന്റെ ഗ്ലാസ് വാങ്ങി വെറുതെ ഒന്ന് രണ്ട് നെടുവീര്‍പ്പിട്ടു. അപ്പോള്‍ ഞാന്‍ ശരിക്കും ഫുഡ്ബോളിനെ വെറുത്തു,പിന്നെ ശപിച്ചു.എങ്കിലും മെസിയേയും റൂണിയേയും മറഡോണയേയുമെല്ലാം എനിക്കിഷ്ടമായിരുന്നു.

തുടരും....

Thursday, February 10, 2011

അളിയന്‍ ജോക്സ് വീണ്ടും!

പ്രിയമുള്ളവരേ,
ഇതിന് മുന്‍പ് പോസ്റ്റ് ചെയ്ത “അളിയന്‍ ജോക്കുകള്‍ക്ക്“ ലഭിച്ച ‘വന്‍ വരവേല്‍പ്പ്‘ കണക്കിലെടുത്തും ലക്ഷക്കണക്കിന്...സോറി പതിനായിരക്കണക്കിന് വായനക്കാര്‍....
“എന്തോ?“
അല്ല ആയിരക്കണക്കിന് വായനക്കാര്‍ വീണ്ടും അളിയന്‍ ജോക്കുകള്‍ ആവശ്യപ്പെട്ടതിനാല്‍...
“കേട്ടില്ല”
ക്ഷമിക്കണം നൂറ് കണക്കിനാളുകള്‍ വീണ്ടും ആവശ്യപ്പെട്ടതിന്‍ പ്രകാരം!
“എന്തൂട്ട്!“
സത്യമായിട്ടും രണ്ട് മൂ‍ന്നാലാളുകള്‍ ആവശ്യപ്പെട്ടതാട്ടാ, ഇനി കുറക്കാന്‍ പറ്റില്ല! അല്ലാ പിന്നെ!
അപ്പോള്‍ പറഞ്ഞ് വന്നത് ഒരിക്കല്‍ കൂടി അളിയന്‍ ജോക്കുകള്‍ പോസ്റ്റ് ചെയ്യുകയാണ്.
സദയം ക്ഷമിക്കുമല്ലോ!

അളിയന്റെ അത്ഭുതം!

“അളിയാ അത്ഭുതം! ദേണ്ടേ എന്റെ പോക്കറ്റില്‍ നൂറിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍!”

“പരട്ട അളിയാ, അളിയന്‍ ഇട്ടിരിക്കുന്നത് എന്റെ ഷര്‍ട്ടാ!”

അളിയനും ഹോട്ടലും

“അളിയോ ഈ ഹോട്ടല്‍ മഹാകത്തിയാ!ഭയങ്കര ബില്ല്, അളിയന്‍ കൊടുത്തോ,ഞാന്‍ പേര്‍സെടുക്കാന്‍ മറന്നു!”

“ഭാഗ്യം പേര്‍സ് മറന്നത്! അളിയനെങ്ങാന്‍ ‘വയറ്‘ കൊണ്ടു വരാന്‍ മറന്നിരുന്നെങ്കില്‍.....!

അളിയന്റെ സ്നേഹം

“അളിയോ അളിയന്‍ വന്നില്ലായിരുന്നെങ്കില്‍ അത്രേം ആളുകളുടെ തല്ല് ഞാന്‍ ഒറ്റയ്ക്ക് കൊള്ളേണ്ടി വന്നേനെ!”

“മൂലക്കുരു പൊട്ടുമ്പോഴാ അളിയന്റെ വയറ്റീന്ന് പോക്ക്! അളിയനാണളിയോ സ്നേഹമുള്ള അളിയന്‍!”

അളിയനും ഞാനും

“അല്ലടോ ഇന്നലെ രണ്ട് അളിയന്മാര്‍ക്കും നല്ല അസ്സല് തല്ല് കിട്ടീന്ന് കേട്ടല്ലോ, നേരാണോ?”

“സത്യാ ! അവര് രണ്ടാളുണ്ടായിരുന്നു ഞാനും ന്റെ അളിയനും ഒറ്റയ്ക്ക്! കൊതി തീരെ കിട്ടി“

പരിഷ്കാരി

“ഞാനൊരു പരിഷ്കാരിയാണളിയോ! ഭാര്യ ജോലിക്ക് പോകുന്നത് എനിക്ക് അഭിമാനമാണ്”

“എന്റെ പെങ്ങളും പരിഷ്കാരിയാ!അളിയന്‍ അടുക്കളപ്പണി ചെയ്യുന്നത് അവള്‍ക്കും അഭിമാനാ“

അളിയന്റെ കല്യാണം

“അളിയോ അളിയനൊരു പെണ്ണ് കെട്ടിയിട്ട് വേണം എനിക്കൊരു കുട്ടിയുണ്ടായിക്കാണാന്‍”

“പരട്ട അളിയാ അളിയനെന്താ ഉദ്ദേശിച്ചേ?”

“അതല്ല അളിയാ അളിയനൊരു കുട്ടിയുണ്ടായിക്കാണാനുള്ള കൊതി കൊണ്ട് പറഞ്ഞതാ!”

അളിയനും പല്ലും

“അളിയോ ഒരു പല്ലല്ലേ കേടുള്ളത് ഉണ്ടായിരുന്നുള്ളൂ പിന്നെന്തിനാ രണ്ട് പല്ല് പറിച്ചത്?”

“സ്പെഷല്‍ ഓഫറുണ്ടായിരുന്നു അളിയോ, ഒരു പല്ലെടുത്താല്‍ ഒരു പല്ല് ഫ്രീയായി എടുക്കും എന്ന്! പല്ലൊന്ന് പോയാലെന്താ ഓഫറ് പോയില്ലല്ലോ! ഞാനാരാ മോന്‍!”

അളിയനും പോലീസും

“അളിയനെ ഇന്നലെ പോലീസ് പിടിച്ചെന്ന് കേട്ടല്ലോ എന്താ പ്രശ്നം?”

“ആ കവലയില് വാടക വീട്ടിലുള്ള സ്ത്രീയെ അളിയന്‍ അറിയുമോ?”

“അളിയോ അവര് പുതുതായി സ്ഥലം മാറി വന്ന വനിതാ പോലീസാ“

“സ്റ്റേഷനിലെത്തി എസ് ഐ പറഞ്ഞപ്പഴാ അളിയാ എനിക്കും മനസ്സിലായത്!”

******************************************************************************************************
അളിയന്‍ ജോക്ക്സ് പുതിയ സ്റ്റോക്ക് എത്തിയാല്‍ തുടരും...

Sunday, February 6, 2011

പഞ്ചകര്‍മ്മ പുരാണം - ഭാഗം രണ്ട്

ഞങ്ങളുടെ കാര്‍ പത്തരയോടെ പഞ്ചകര്‍മ്മയുടെ ഗേറ്റ് കടന്ന് ഒരു മാവിന്‍ ചുവട്ടിലെ തണലിലേക്ക് ഒഴുകി നിന്നു.അഡ്മിഷന് വേണ്ടി ഓഫീസിന് മുന്നില്‍ അല്‍പ്പ നേരം നില്‍ക്കെണ്ടി വന്നെങ്കിലും പിന്നീട് സജി എന്ന ചെറുപ്പക്കാരന്‍ ഇടപെട്ട് കാര്യങ്ങള്‍ വളരെ വേഗം ശരിയാക്കിത്തന്നു.ഓഫീസില്‍ നിന്നും ഒരു സ്റ്റീല്‍ കിണ്ണവും(പ്ലേറ്റ്) ഒരു സ്റ്റീല്‍ ഗ്ലാസും എനിക്കനുവദിക്കപ്പെട്ടു. ഇനി മുതല്‍ ഞാന്‍ അവിടെ അറിയപ്പെടുക “ബെഡ് നമ്പര്‍ 17“ എന്നാണെന്ന് സജി പറഞ്ഞപ്പോള്‍ വെളുത്ത കുപ്പായത്തിന്റെ പോക്കറ്റിന്റെ ഭാഗത്ത് കറുത്ത അക്കത്തില്‍ 17 എന്ന് എഴുതിയ യൂണിഫോം ഉണ്ടാകുമോ എന്ന് വെറുതെ ഞാനൊന്ന് ഭയപ്പെട്ടു.

പഞ്ചകര്‍മ്മയുടെ കോമ്പൌണ്ട് നിറയെ മാവടക്കമുള്ള വന്‍ മരങ്ങളായിരുന്നു.എന്റെ വരവ് അറിയിക്കാന്‍ മാവിന്റെ വലത്തോട്ട് ചാഞ്ഞ ഇടത്തേ കൊമ്പ് പൊട്ടി വീഴുകയോ, വന്‍ കാറ്റടിച്ച് അപ്പൂപ്പന്‍ താടികള്‍ മാനത്ത് വട്ടമിട്ട് പറക്കുയോ ഉണ്ടായില്ല, എന്നാല്‍ മാവിന്റെ ചില്ലയില്‍ ഇരുന്ന ഇണക്കാക്കളില്‍ ഒന്ന് നടത്തിയ വെണ്‍പുഷ്പവ്യഷ്ടി തലനാരിഴയ്ക്ക് തെക്കോട്ട് മാറി ഭൂമിയില്‍ പതിച്ചു.തന്റെ കണക്ക് കൂട്ടല്‍ തെറ്റിയ ഒരു ജാള്യത ആ കാക്കയുടെ  അന്നത്തെ ഉറക്കം കെടുത്തിയിട്ടുണ്ടാവണം.

ഓഫീസ് കെട്ടിടത്തിന്റെ ഇടത് ഭാഗത്തുള്ള കെട്ടിടത്തിലാണ് പുരുഷന്മാരുടെ വാര്‍ഡ് എന്ന് അറിഞ്ഞതിന്‍ പ്രകാരം ഞാനും ഉമ്മയും കാ‍റില്‍ നിന്നും ബാക്കി സാധനങ്ങള്‍ കൂടി എടുത്ത് ആ കെട്ടിടത്തിലേക്ക് നടന്നു.വരാന്തയിലേക്ക് എത്തിയപ്പോള്‍ അങ്ങേ തലയ്ക്കല്‍ അഞ്ചാറാളുകള്‍ തോര്‍ത്ത് മുണ്ടുടുത്ത് വരിവരിയായി നില്‍പ്പുണ്ടായിരുന്നു. ഉമ്മാടെ വീടിനടുത്തെ ഇല്ലത്തെ നമ്പൂരിമാര്‍ വീട്ടില്‍ ഇതുപോലെ തോര്‍ത്തും താഴേക്ക് നീണ്ട് കിടക്കുന്ന കൌപീനവുമണിഞ്ഞ് നില്‍ക്കാറുള്ളത് മനസ്സില്‍ തെളിഞ്ഞു വന്നു.കാരണം അവിടെ നില്‍ക്കുന്നവരില്‍ ചിലരുടെ തോര്‍ത്തിനു താഴെ കോണകവള്ളി കാറ്റില്‍ ആടിയുലയുന്നുണ്ടായിരുന്നു. എന്റെ സംശയം ഉമ്മയോട് പറഞ്ഞു,
“കണ്ടാ നമ്പൂരിമാര്‍ കൂട്ടത്തോടെ  ആശുപത്രീല് വന്ന് കിടക്കണത് കണ്ടാ? ക്ഷയം ക്ഷയം!”

“പിന്നേപ്പോ, ഇക്കണ്ട നമ്പൂരിമാര്‍ക്ക് ഒന്നിച്ച് ക്ഷയരോഗം വര്വേ? നിന്റെ ഒരു പോയത്തം, മിണ്ടാണ്ട് നടക്കടാ” ഉമ്മ നയം വ്യക്തമാക്കി. 

“അയ്യോ ഉമ്മാ ക്ഷയരോഗമാണ് എന്നല്ല. ഈ നമ്പൂരി ഇല്ലങ്ങളൊക്കെ നശിച്ചതിന് കാരണമാ‍യി പറയാറില്ല്ലേ സുകൃതക്ഷയം സുകൃതക്ഷയം എന്ന്! ഞാനതാ ഉദ്ദേശിച്ചത്”
ഉമ്മാടെ പ്രതികരണം തല്‍ക്കാലം ഒരു ഗൌരവം കലര്‍ന്ന ചിരിയിലൊതുങ്ങി!ഭാഗ്യം.

വരാന്ത അവസാനിക്കുന്നതിന് മുന്‍പായി ഇടത് ഭാഗത്തും വലതുഭാഗത്തുമായി രണ്ട് വാര്‍ഡുകള്‍. ഞങ്ങള്‍ നേരെ ഇടത് ഭാഗത്തെ വാര്‍ഡിലേക്ക് കയറി.വീണ്ടും ഇടത്തോട്ട് തിരിഞ്ഞാല്‍ രണ്ടാമത്തെ ബെഡ്ഡായിരുന്നു എന്നെ കാത്ത് കിടക്കുന്ന മധുരപ്പതിനേഴാം ബെഡ്! ഞങ്ങള്‍ വരുന്നത് അന്തേവാസികള്‍ അറൈവല്‍ ടെര്‍മിനലില്‍ നിന്നും യാത്രക്കാര്‍ ഇറങ്ങി വരുന്നത് പ്രതീക്ഷയോടെ നോക്കി നില്‍ക്കും പോലെ ഞങ്ങളെയും  നോക്കുന്നുണ്ടായിരുന്നു.  ഞങ്ങള്‍ കട്ടിലിനടുത്ത് വന്ന് സാധനങ്ങളെല്ലാം കട്ടിലിന്റെ സൈഡിലുണ്ടായിരുന്ന ഇരുമ്പിന്റെ ഒരു കൊച്ചു അലമാരയില്‍ വെച്ചു. ബെഡില്‍ പുതിയ ഷീറ്റ് വിരിച്ച് ഞാനതില്‍ കയറിക്കിടന്നു.ഉമ്മ അടുത്ത ബെഡിനടുത്ത് നിന്നിരുന്ന സ്ത്രീയുമായി നയതന്ത്രചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞിരുന്നു.

അച്ചടക്കമില്ലാത്ത ഒരു ക്ലാ‍സ് റൂം പോലെയാ‍ണ് എനിക്കാ വാര്‍ഡ് അനുഭവപ്പെട്ടത്.ചിലര്‍ കട്ടിലില്‍ ഇരിക്കുന്നു,മറ്റുചിലര്‍ കിടക്കുന്നു, ചിലര്‍ കട്ടിലിനടുത്തുള്ള നാല്‍ക്കാലികളില്‍ ഇരിക്കുന്നു. ചില ബെഡുകള്‍ കാലിയായി കിടക്കുന്നു. വാര്‍ഡിലാകെ തൈലത്തിന്റേയും അരിഷ്ടത്തിന്റേയും ഗന്ധമുണ്ടായിരുന്നെങ്കിലും അത് പക്ഷേ അത്ര രൂ‍ക്ഷമുള്ളതായിരുന്നില്ല്ല.ഫാനിന്റെ കറക്കം കണ്ടപ്പോള്‍ അതിന്റെ ഡിസ്കിനും കാര്യമായ എന്തോ തകരാറുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി.ഞാനങ്ങിനെ ഫാനും നോക്കിക്കൊണ്ട് നെടുവീര്‍പ്പിട്ട് കീടക്കുമ്പോള്‍ ഇടത്തെ ബെഡില്‍ നിന്നും ഒരു ശബ്ദം എന്നെത്തേടിയെത്തി.ഞാനാ ശബ്ദത്തിന് നേരെ തിരിഞ്ഞു. കാഴ്ചയില്‍ ഒരമ്പത് വയസ് തോന്നിക്കും, മെലിഞ്ഞ ശരീരം.അല്‍പ്പം ചിരികലര്‍ത്തിക്കൊണ്ടാണ് ചോദ്യം,
“എന്താ അസുഖം?”

പുറം വേദന എന്ന് പറഞ്ഞാല്‍ ഒരു വെയിറ്റ് കിട്ടിയില്ലെങ്കിലോ എന്നോര്‍ത്ത് എനിക്ക് തണ്ടല്‍ വേദനയാണെന്ന് പറഞ്ഞു.അല്പ നേരത്തെ മൌനത്തിന് ശേഷം അയാള്‍ തുടര്‍ന്നു,

“എവിട്യാണ് വീട്?”

“ഇവിടെ അടുത്താ വാഴക്കോട്, നിങ്ങള്‍ എവിടുന്നാ?”

“ഞാന്‍ പാലക്കാടാണ്, തത്തമംഗലം”
തനി പാലക്കാടന്‍ ശൈലിയില്‍ അയാളുടെ നീട്ടിയുള്ള സംസാരം എനിക്കിഷ്ടപ്പെട്ടു.അയാള്‍ സംസാരിക്കാന്‍ ഒരു ഇരയെ കിട്ടിയ സന്തോഷത്തില്‍ കൂടുതല്‍ വാചാലനായി.

“ഇപ്പഴത്തെ ചെറുപ്പക്കാര്‍ക്കൊന്നും പണ്ടത്തെ ചെറുപ്പക്കാരുടത്രേം ആരോഗ്യം ഇല്ല.കാല്യാണം കഴിഞ്ഞാ പിറ്റേ ദിവസം തുടങ്ങും തണ്ടല്‍ വേദന”

അതെനിക്കിട്ട് താങ്ങീതാണോ എന്ന് വരെ ഞാന്‍ സംശയിച്ചു.എങ്കിലും ഞാനത് പുറത്ത് കാണിക്കാതെ അയാളോട് ചോദിച്ചു,
“എന്താ നിങ്ങടെ അസുഖം?“

“എനിക്ക് തണ്ടല്‍ വേദന തന്നെ. പക്ഷേ കല്യാണത്തിന് മുന്‍പ് തുടങ്ങീതാ,കല്യാണം കഴിഞ്ഞപ്പോള്‍ അത് കൂടി,കുറേ ചികിത്സ നടത്തി.അവസാനാ ഇവിടെ എത്തീത്,ഇപ്പോ കുറവുണ്ട്,നല്ല കുറവുണ്ട്”

എനിക്ക് സത്യത്തില്‍ ചിരി വന്നു.ഇപ്പോഴത്തെ ചെറുപ്പക്കാരുടെ കൂട്ടത്തില്‍ അയാളേയും പെടുത്താന്‍ ഞാന്‍ പാട് പെട്ടു.എങ്കിലും തണ്ടല്‍ വേദനയെ ഞാന്‍ വെറുത്തു,പിന്നെ ശപിച്ചു,പക്ഷേ പാലക്കാട്ട് കാരന്റെ ആ നിഷ്കളങ്കത എനിക്കിഷ്ടമായിരുന്നു.

സംസാരത്തിനിടയില്‍ പുറത്ത് ബക്കറ്റില്‍ കൊട്ടുന്ന ശബ്ദം കേട്ടു.ഏതോ ഹതഭാഗ്യന്‍ ബാത്ത് റൂ‍മിലെ വെള്ളം കഴിഞ്ഞത് കൊണ്ട് കൊട്ടുകയാണെന്നാണ് ഞാന്‍ കരുതിയത്.ഞാന്‍ സംശയ രൂപേണ പാലക്കാട്ട്കാരനെ നോക്കി.

“അത് ശാപ്പാട് വന്നതാണ്! ആ പാത്രം കൊണ്ട് പോയി വാങ്ങിക്കോളീന്‍...” അയാള്‍ നീട്ടിപ്പറഞ്ഞു.
ഉമ്മ രണ്ട് പാത്രങ്ങളുമാ‍യി വരാന്തയിലേക്ക് പോയി. പുറത്ത് പാത്രങ്ങളുടെ കലപില കൂട്ടലുകള്‍ എന്റെ ശാപ്പാട് സ്വപ്നങ്ങളെ ഉണര്‍ത്തി.ഇനിയുള്ള ഒരു മാസക്കാലം ശുദ്ധ വെജിറ്റേറിയനായി കഴിയണമല്ലോ എന്ന ചിന്ത എന്നെ അലട്ടാതിരുന്നില്ല.എങ്കിലും ചോറും സാമ്പാ‍റും പപ്പടവുമെല്ലാമുള്ള ഒരു മിനി ഊണ് കൊണ്ട് തല്‍ക്കാലം പൊരുത്തപ്പെട്ട് പോകാമെന്ന് മനസ്സിനെ പറഞ്ഞ് സമാധാനിപ്പിച്ച് കൊണ്ടിരുന്നു.

ആ സമാ‍ധാനത്തിന്റെ ആയുസ്സ് ഉമ്മ തിരിച്ച് വന്നതോടെ തീര്‍ന്നു.ഇനി എന്ത് പറഞ്ഞ് മനസ്സിനെ സാന്ത്വനപ്പെടുത്തും എന്നൊരു ആധിയായിരുന്നു പിന്നീട്! കാരണം ഉമ്മ കൊണ്ട് വന്ന പാത്രത്തില്‍  നല്ല ആവി പറക്കുന്ന കഞ്ഞിയും,  ഫുഡ്ബോളിനെപ്പോലെ ഞാന്‍ വെറുക്കുന്ന കാബേജ് തോരനും!ഇതിനെ ശാപ്പാടെന്ന ഓമനപ്പേരിട്ട് വിളിച്ച പാലക്കാട്ട്കാരനെ ഞാന്‍ ദയനീയമായി നോക്കി! പക്ഷേ അയാളുടെ നിഷ്കളങ്കത എനെ ഹഠാതാകര്‍ഷിച്ചു.

കഞ്ഞിബ്രേക്ക് ആയപ്പോഴേക്കും എല്ലാ ബെഡിലും ആളുകള്‍ എത്തി.ഇപ്പോള്‍ ഒരു ബെഡ് പോലും കാലിയില്ല.ഹൌസ് ഫുള്‍!എക്സിബിഷന്‍ ഹാളില്‍ വെച്ച വസ്തുവിനെപ്പോലെ എല്ലാവരും എന്നെ നോക്കുന്നുണ്ട്. എല്ലാവരേയും വഴിയെ പരിചയപ്പെടാമല്ലൊ എന്നോര്‍ത്ത് ഞാന്‍ ഒരു തണ്ടല്‍ വേദനക്കാരന്റെ സകല ഭാവാഭിനയത്തോടും ഗൌരവത്തോടും കൂടി കിടന്നു.ഉച്ചയുറക്കം അവിടെ നിഷിദ്ധമായിരുന്നു.ചികിത്സയുടെ ഭാഗമെന്നോണം ആര് ഉറങ്ങിയാലും തൊട്ടടുത്തുള്ള ബെഡിലുള്ള ആള്‍ക്കാണ് ഉറങ്ങുന്നവനെ ഉണര്‍ത്തേണ്ട ഉത്തരവാദിത്വം.ഒന്ന് രണ്ട് തവണ ഞാന്‍ കണ്ണടച്ച് ചിന്തിക്കുകയാണെന്ന് പറഞ്ഞിട്ടും പാലക്കാട്ടെ തത്തമംഗലത്ത്കാരന്‍ വിശ്വാസിച്ചില്ല, എങ്കിലും അയാളുടെ നിഷ്കളങ്കത എനിക്കിഷ്ടമായിരുന്നു.

നാലുമണിയോടെ ഡോക്ടര്‍ രണ്ട് ലേഡി നേര്‍സ്മാരോടൊപ്പം റൌണ്ട്സിനു വന്നു. അവര്‍ ഓരോരുത്തരുടെയും ബെഡിനരികെ ചെന്ന് ചികിത്സയുടെ ഫലങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. ചിലര്‍ കൈ ഉയര്‍ത്തിക്കാണിക്കുന്നു,ചിലര്‍ കാലുകള്‍,മറ്റു ചിലര്‍ പുറം തിരിഞ്ഞ് നിന്ന് മുതുകും പുറവും കാണിക്കുന്നു,ചിലര്‍ കഴുത്ത് കാണിക്കുന്നു, അവിടെയെല്ലാം ഡോക്ടര്‍ തൊട്ട് നോക്കുകയും ഉപദേശങ്ങള്‍ നല്‍കൂകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ കൂ‍ട്ടത്തില്‍ ആര്‍ക്കും മൂലക്കുരുവിന്റെ അസുഖം ഉണ്ടാവരുതേ എന്ന് ഞാന്‍ ഒരു കാര്യവുമില്ലാതെ ആഗ്രഹിച്ചു.അവസാനം എന്റെ ഊഴമായി.ഞാന്‍ തിരിഞ്ഞ് നിന്ന് പുറം കാണിക്കണോ എന്ന് ചിന്തിച്ചതും ഡോക്ടര്‍ പറഞ്ഞു,

“പുതിയ അഡ്മിഷനല്ലെ, നാളെ മുതല്‍ ചികിത്സ ആരംഭിക്കാം”

പിന്നെ നേഴ്സ്മാരോടാ‍യി എന്തൊ തൈലം കുറിക്കാനായി പറഞ്ഞ് അദ്ദേഹം അടുത്ത ബെഡിനരികിലേക്ക് നടന്നു.നേഴ്സ് ഒരു ലിസ്റ്റ് തന്നു,അതില്‍ രണ്ട് തൈലങ്ങളുടെ പേര്‍ കുറിച്ചിരുന്നു.അത് പുറത്ത് നിന്നും വാങ്ങാന്‍ പറഞ്ഞ് തള്ളക്കോഴിയുടെ പിന്നാലെ കോഴിക്കുഞ്ഞുങ്ങള്‍ പോകുന്നത് പോലെ അവര്‍ ഡോക്ടറുടെ പിന്നാലെ പോയി.ഞാന്‍ വീണ്ടും ബെഡിലേക്ക് കയറിക്കിടന്നു.

അല്‍പ്പം കഴിഞ്ഞപ്പോള്‍ സജി വന്നു.

“അതേയ് കുറച്ച് സാധനങ്ങള്‍ വാങ്ങിക്കണം“
അതിനെന്താ വാങ്ങാമല്ലോ എന്ന് ഞാന്‍

“നാളെ മുതല്‍ കിഴി പിടിക്കണം”

അത് കേട്ടപ്പോള്‍ എന്റെ മനസ്സ് നിഷ്കളങ്കമായാത് കൊണ്ട് മാത്രം ഞാനൊന്ന് ചിരിച്ചു.അത് കണ്ടപ്പോള്‍ സജിക്ക് കാര്യം മനസ്സിലായെന്ന് തോന്നുന്നു,സജി പ്രതികരിച്ചു,

“ന്തൂട്ടാ നീ ചിരിക്കണേ? ഇലക്കിഴി നടത്തേണ്ട കാര്യാ പറഞ്ഞേ,കിഴി കെട്ടാന്‍ രണ്ട് കിഴിത്തുണി  വാങ്ങണം പിന്നെ രണ്ട് അരഞ്ഞാണോം!”

“അരഞ്ഞാണോ?“ എനിക്കത്ഭുതമായി ഞാന്‍ സജിയോട് പറഞ്ഞു
“ഇത്തിരി നേരത്തെ അറിയായിരുന്നെങ്കില്‍ വീട്ടില്‍ വെല്ലിമ്മാടെ വെള്ളി അരഞ്ഞാണം ഉണ്ടായിരുന്നു, അത് കൊണ്ടുവരാമായിരുന്നു!”

സജിക്ക് ദ്വേഷ്യം വന്നെന്ന് തൊന്നുന്നു,
“നീയെന്തിട്ടാ ഈ പറേണത്? അരഞ്ഞാ‍ണം എന്ന് പറഞ്ഞത് കോണകം! മനസ്സിലായാ?

ഇപ്പോള്‍ എല്ലാം എനിക്ക് കുറേശെ മനസ്സിലായി. തോര്‍ത്ത് മുണ്ട്,കോണകം,നമ്പൂരിമാര്‍, വരിവരിയായി നില്‍ക്കല്‍ എല്ലാം ഒരു ചിത്രം കണക്കെ മനസ്സില്‍ കൂടി മിന്നിമറഞ്ഞു.ഇപ്പോള്‍ ഞാന്‍ ശരിക്കും ഫുഡ്ബോളിനെ വെറുത്തു,പിന്നെ ശപിച്ചു.എങ്കിലും മെസിയേയും റൂണിയേയും മറഡോണയേയുമെല്ലാം എനിക്കിഷ്ടമായിരുന്നു.


തുടരും....

Wednesday, February 2, 2011

അളിയന്‍ ജോക്കുകള്‍!!


സര്‍ദാര്‍ ജോക്കുകളും ടിന്റുമോന്‍ ജോക്കുകളും നമ്മള്‍ ആവോളം ആസ്വദിച്ചല്ലോ.ആ ശ്രേണിയിലേക്ക് ഞാന്‍ പുതിയൊരു ജോക്ക് കൂടി പരിചയപ്പെടുത്തുകയാണ്. ഇത് ചിലപ്പോള്‍ ഒരു ട്രെന്‍ഡായി മാറിയാലോ? ലോകത്തിലെ ഞാനടക്കമുളള സകലമാന അളിയന്മാര്‍ക്കും ഞാനീ “അളിയന്‍ ജോക്ക്സ്” ഡെഡിക്കേറ്റ് ചെയ്യുന്നു.

അളിയനും ചെയിഞ്ചും

‎"അളിയാ ഒരു ഹണ്ട്രഡ് മണ്ണീസിന് ചെയിഞ്ച് ഉണ്ടോ?

“അയ്യോ അളിയാ എന്റെ കയ്യ്യില്‍ അഞ്ഞൂറിന്റെ നോട്ടാണല്ലോ”

“ഈ അളിയന്റെ ഒരു കാര്യം! നൂറ് ചോദിച്ചാ അപ്പൊ അഞ്ഞൂറ് എടുത്ത് തരും!”

അളിയനും വിരുന്നും

‎"അളിയാ പെങ്ങളെയും കൂട്ടി അടുത്താഴ്ച വരണം.വിരുന്ന് കഴിഞ്ഞിട്ട് പോകാം”

“അതിനെന്താ അളിയാ ഞങ്ങള്‍ രണ്ടാഴ്ച അവിടെ താമസിച്ചേ മടങ്ങൂ”

“അളിയാ ഞാന്‍ ആഴ്ച എന്ന് പറഞ്ഞത് ഞായറാഴ്ച മാത്രമേ ഉദ്ധേശിച്ചുള്ളൂ

അളിയനും ഷോപ്പിങ്ങും

“അളിയാ എന്താ കയ്യിലൊരു പൊതി? ഷോപ്പിങ് കഴിഞ്ഞ് വരുവാണോ?”

“എനിക്കൊരു ഷര്‍ട്ട് വാങ്ങിയതാ അളിയാ“

“സന്തോഷമായി അളിയാ, എന്റെ ഷര്‍ട്ടിന്റെ സൈസ് വരെ അളിയന്‍ ക്യത്യമായി മനസ്സിലാക്കിയല്ലോ! കള്ളന്‍!”

അളിയനും പുതിയ കാറും

“അളിയോ പുതിയ കാറൊക്കെ വാങ്ങിച്ചോ,ആ ചാവി ഒന്ന് തന്നേ ഓട്ടി നോക്കട്ടെ”

“അളിയനതിന് ഡ്രൈവിങ് അറിയില്ലല്ലോ?”

“ഞാന്‍ മരിക്കണം, അളിയന് കാറുള്ളപ്പോ പുറത്ത് പോയി ഡ്രൈവിങ് പഠിക്കാന്‍! അളിയനെ മോശാക്കീട്ടുള്ള ഒരു കാര്യോം എനിക്കില്ല അളിയാ!”

അളിയനും സിനിമയും

“അളിയാ മമ്മൂട്ടിയുടെ പുതിയ പടം റിലീസുണ്ട്. പോയാലോ?”

“മമ്മൂട്ടിക്കുണ്ടോ അഭിനയിക്കാനറിയുന്നു.കത്തി പടമാവും, ഞാനില്ല!”

“രണ്ട് ബാല്‍ക്കണി ടിക്കറ്റ് കിട്ടിയിട്ടുണ്ട്,എന്നാല്‍ ഞാന്‍ കൂട്ടുകാരനെ കൂട്ടിക്കോളാം”

“ബാല്‍ക്കണി ടിക്കറ്റാണെങ്കില്‍ പറയണ്ടേ,ഞാനും വരാം.എന്ത് മാത്രം അവാര്‍ഡ് കിട്ടിയ മനുഷ്യനാ മമ്മൂട്ടി!”

അളിയനും ജോലിയും

“അളിയാ ഒരു അയ്യായിരം രൂപയൊന്ന് മറിക്കാനുണ്ടാവോ? ശമ്പളം കിട്ടിയാല്‍ തിരിച്ച് തരാം”

“ശമ്പളം കിട്ടാന്‍ അളിയന് ജോലി വല്ലതും ഉണ്ടോ?

“കരിനാക്ക് വളക്കാതെ അളിയാ, ‘ശ്രമിച്ചാ‘ കിട്ടാത്ത ജോലിയുണ്ടോ? ഈ അളിയന്റെ ഒരു കാര്യം!”

അളിയനും പോലീസും

“ഹലോ..അളിയാ.. എന്നെ പോലീസ് പിടിച്ചു അളിയാ”

“അളിയനിപ്പോ എവിടേയാ നില്‍ക്കുന്നത്?”

“അതറിയാമെങ്കില് എന്നെ പോലീസ് പിടിക്യോ അളിയാ?”

അളിയനും സ്മോളും

“അളിയാ മക്കളാണേ സത്യം. ഞാനൊരു തുള്ളി അടിക്കില്ല”

“ഒരു ഗള്‍ഫ്കാരന്‍ തന്നതാ,സ്കോച്ചാ..ജോണീവാക്കര്‍”

“മക്കള്‍ക്ക് സത്യം തിരിച്ചറിയാനുളള പ്രായമാവാത്തോണ്ട് മാത്രാ ഞാനിത് കഴിക്കുന്നത് അളിയാ,സത്യം!”

അളിയനും കല്യാണവും


“അളിയന്‍ വന്നത് നന്നായി, കല്യാണത്തിനൊരു പോത്തില്ലാതെ ഇരിക്യായിരുന്നു”

“അളിയന്‍ എന്താ ഉദ്ധേശിച്ചത്?”

“അല്ല അളിയനാകുമ്പോള്‍ നല്ല പോത്തിനെ കണ്ടാല്‍ അറിയാലോ!“

********************************************************************************************************
(“അളിയന്‍‍ ജോക്ക്സ്“ മറ്റൊരവസരത്തില്‍ തുടരും)
 


Copyright http://www.vazhakkodan.com