Monday, October 19, 2009

സൈമേട്ടന്റെ 110 ഫ്യൂസാക്കി!

സൈമേട്ടന്റെ വീഴ്ച അങ്ങിനെ നാട്ടില്‍ മുഴുവന്‍ പാട്ടായി.കണ്ടവര്‍ കാണാത്തവരോടും, കാണാത്തവര്‍ കാണാന്‍  സാധ്യതയില്ലാത്തവരോടും പൊടിപ്പും തൊങ്ങലും വെച്ചുള്ള കഥകള്‍ പടച്ച് വിട്ടു.പലരും ഭാവന സമ്പന്നന്മാരായി  വിവരണം കൊഴുപ്പിച്ചു. സൈമേട്ടന്‍ പോസ്റ്റിന്റെ മുകളില്‍ നില്‍ക്കുമ്പോള്‍ ഒരു മിസൈല്‍ വന്ന് കേറിയെന്ന് ഒരു കൂട്ടര്‍, ഊത്രാളിക്കാവ് പൂരത്തിന് വിട്ട കുട പൊട്ടി വിരിഞ്ഞതാണെന്ന് മറ്റൊരു കൂട്ടര്‍,എന്തിനധികം ഷോക്കേറ്റ സൈമേട്ടന്‍  വേലിക്കുറ്റിയുടെ മുകളില്‍ വീണു തുടങ്ങിയുള്ള കഥകള്‍ നിമിഷ നേരം കൊണ്ട് പ്രചരിച്ചു. പാവം സൈമേട്ടന്‍  ഇത് വല്ലതും അറിയുന്നുണ്ടോ? കുഴിയിലിരുന്ന് പൊട്ടിയ ഡയിന പോലെ തകര്‍ന്ന് കിടക്കുകയല്ലേ ഡയിനക്കുഴി.

ഞാന്‍ ആശുപത്രിയില്‍ നിന്നും വരുമ്പോള്‍ വാഴക്കോട് സെന്ററില്‍ അങ്ങിങ്ങായി കൂട്ടം കൂടി നിന്ന് ആളുകള്‍  സംസാരിക്കുന്നുണ്ട്.സ്കൈലാബിന്റെ വീഴ്ചയ്ക്ക് ശേഷം അതേ ആമ്പിയറില്‍ എല്ലാവരും ഒരേ പോലെ ചര്‍ച്ച ചെയ്ത  വിഷയം വേറെ ഉണ്ടായിട്ടില്ല എന്ന മട്ടില്‍ എല്ലാവരും ആ വാര്‍ത്ത ആഘോഷിക്കുകയാണ്.എനിക്കെന്തോ വല്ലാത്ത ദുഃഖം തോന്നി. സെന്ററിലെ കുഞ്ഞാനിക്കാന്റെ  ചായക്കടയില്‍ സീനിയര്‍ സിറ്റിസന്മാര്‍ വാര്‍ത്താ വിശകലനം നടത്തുകയാണ്.എല്ലാവരുടെ മുഖത്തും സന്തോഷമാണ്, കാരണം ചിരിയുടെ അകമ്പടിയിലാണ്  ചര്‍ച്ചകള്‍. എങ്ങിനെ ചിരിക്കാണ്ടിരിക്കും.ആ സംഭവം ഓര്‍ത്താല്‍ ചിരിക്കാത്തവര്‍ മനുഷ്യരാണോ? എന്തോ എനിക്ക് മാത്രം ചിരി വന്നില്ല.സൈമേട്ടന്റെ നിലവിളി ശബ്ദം എന്റെ കാതില്‍ അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു.
ഞാന്‍ വെറുതെ ചര്‍ച്ചയിലേക്കൊന്ന് ചെവി നീട്ടി.


“ചക്കായീടെകൈക്കോട്ടിന്റെ തായേടെ പകുതി മുക്കാലും കേറീന്നാ പറഞ്ഞ് കേട്ടത്, വായേക്കൂടെ
കൈക്കോട്ടിന്റെ തല കണ്ടൂത്രെ!”


“അനക്കെന്താ കുഞ്ഞാനേ, വായേക്കൂടെ തല കണ്ടൂന്ന്! കണ്ട തല അതൊന്നുമല്ല,സൈമന്‍ വൈകീട്ട് കപ്പ തിന്നിരുന്നു, മൂട്ടില് തായ കേറിയപ്പോള്‍ അതൊക്കെ തള്ളി വായേക്കൂടെ വന്നതല്ലേ. നമ്മള് പുട്ടും കുറ്റീടെ മൂട്ടില് തള്ളിയാ പുട്ട്  പുറത്ത് വരില്ലേ അത് പോലെ”

“എതായാലും സൈമനെ ഇനി “പുട്ടുംകുറ്റി സൈമന്‍“ എന്ന് വിളിക്കാം അല്ലേ?”

എല്ലാവരും ഒരു കൂട്ടച്ചിരിയോടെ ആ പേര് പാസാക്കി.സൈമേട്ടന്റെ മോളെ ഓര്‍ത്ത് ഞാനത് വീണ്ടും ക്ഷമിച്ചു. അല്ലെങ്കില്‍ ഞാന്‍ വിവരമറിഞ്ഞേനെ, ദൈവം കാത്തു.ഞാന്‍ നേരെ കുരിശടിയുടെ മുന്നിലെ പടികളില്‍ ഇരിക്കുന്ന  കൂട്ടുകാര്‍ക്കരികിലേക്ക് ചെന്നു. അവിടെ മുത്തു, മോനു,അലിമോന്‍,കുട്ടി തുടങ്ങിയവര്‍ ഉണ്ടായിരുന്നു. അവര്‍ എന്നെ കണ്ടതും ഒരു ആക്കിച്ചിരി ചിരിച്ചു, ഞാന്‍ വീണ്ടും ക്ഷമിച്ചു.
“ഡാ അമ്മായപ്പന്റെ ഹൌസിങ്ങില് എത്ര സ്റ്റിച്ചുണ്ട്?”


“പന്ത്രണ്ട് സ്റ്റിച്ചുണ്ട് മോനേ”

“എന്നാ പിന്നെ അവിടെ ഒരു സിബ്ബ് പിടിപ്പിക്കായിരുന്നില്ലേ? ആവശ്യത്തിന് തുറക്കെം അടക്കേം ചെയ്യാലോ!”

“അതിന് മൊത്തം മൂട്ടിത്തുന്നീട്ടൊന്നുമില്ല, ആവശ്യത്തിനുള്ള ഗാപ്പൊക്കെ ഇട്ടിട്ടുണ്ടാകും,
നീ നിന്റെ കാര്യം നോക്ക്” ഞാന്‍ മുത്തുവിനോട് ചൂടായി.


“എടാ നീ ചൂടാവാന്‍ വേണ്ടി പറഞ്ഞതല്ല, അല്ല ഇനിയും നീ സൈമേട്ടന്റെ മോളെ പ്രേമിക്കണോ? മുത്തു ചോദിച്ചു.

“ഈ ഒരു നാറ്റക്കേസായത് കൊണ്ട് ഒരു ചമ്മല്”

“എടാ വാപ്പ ആനക്കാരനായത് കൊണ്ട് മകന്റെ ചന്തീമ്മെ തഴമ്പുണ്ടാവോ? അങ്ങിനെ കരുതിയാ പോരെ?

“എന്നാലും ഇവിടെ വാപ്പാടെം മകന്റേം ചന്തിയാണ് പരാമര്‍ശിക്കുന്നത്, അത് പോലെ സൈമേട്ടന്റെ മൂലമറ്റം  കാണുന്ന അതേ കണ്ണ് കൊണ്ടല്ലെ മകളുടേയും കാണുക? അതു കൊണ്ട് എനിക്കങ്ങോട്ട് പൊരുത്തപ്പെടാന്‍ പറ്റുന്നില്ലെടാ”


"നീ പൊരുത്തപ്പെടണ്ട, അവളെ അങ്ങോട്ട് മറന്നേക്ക്”

“എന്നാലും ഇത്രയൊക്കെ ആയ സ്ഥിതിയ്ക്ക് അത്ര പെട്ടന്ന് മറക്കാന്‍ പറ്റുമോടാ?”

“എത്രയൊക്കെയായ സ്ഥിതിയ്ക്ക്?”

“ കാണുമ്പോള്‍ കടക്കണ്ണിട്ടുള്ള നോട്ടോം,എന്റെ വീട്ടുകാരെക്കുറിച്ചുള്ള അന്വേഷണോം ”

“അപ്പോ വീട്ടുകാര്‍ക്കൊക്കെ അറിയായിരുന്നോ?”

“എന്നല്ല, നിനക്ക് വീട്ടില് അമ്മെം പെങ്ങളൊക്കെ ഇല്ലേടാന്ന് അവള്‍ എപ്പോഴും ചോദിക്കും, കൊച്ചു കള്ളി”

“അത് ശരി ഒടക്ക് ലൈനായിരുന്നല്ലേ?’‘

“ഏയ് എനിക്കൊടക്കൊന്നുമില്ല,പിന്നെ അവളൊരു നല്ല നിലയില്‍ എത്തിക്കോട്ടേന്ന് കരുതി ഞാന്‍ വീണ്ടും വീണ്ടും അവളുടെ പിന്നാലെ നടക്കുന്നതല്ലേ”

“എന്തു നില? നിനക്കു വല്ല പണീം തൊരോം ഉണ്ടാ?”

“അതിനു ഞാനിപ്പോ പ്രീ ഡിഗ്രി കഴിഞ്ഞതല്ലേയുള്ളൊ,പോരാത്തതിന് മാമാന്റെ കൂടെയല്ലേ?

“അല്ലട മാമാക്കിപ്പോള്‍ എന്താ പണി?”

“മാമ അബുദാബീലാ, ഇപ്പോ ലീവിന് വന്നിട്ടുണ്ട്.തിരിച്ച് പോകുന്നത് വരെ പെണ്ണ് കാണാന്‍ നടക്കണ്ടേ?”

“എന്നാ മാമനോട് പറഞ്ഞ് നീയും ഒന്ന് ശരിയാക്കെടാ“

“എന്ത് പെണ്ണോ? എടാ ഇത് നീ ഉദ്ദേശിക്കുന്ന ‘മാമാ‘ അല്ല!”

“അതല്ലടാ മാമനോട് പറഞ്ഞ്  ഗള്‍ഫിലേക്ക് ഒരു വിസ ശരിയാക്കിക്കൂടേ എന്ന്!”

“ഏയ് അവിടെ ഭയങ്കര ചൂടും അന്യായ പണിയുമാടാ, പോരാത്തതിന് ഇവിടെ പണിയുന്നതിന്റെ ഇരട്ടി പണിയണം അവിടെ, കേട്ടിട്ടില്ലേ ഓവര്‍ടൈം, തല്‍ക്കാലം ഈ പണിയൊക്കെ മതി”

“ഏത് പണി സൈമേട്ടന്റെ മോളെ ലൈനടിക്കുന്നതോ?പോരാത്തതിന് സൈമേട്ടന് ഇപ്പോ പ്രായത്തില്‍ കവിഞ്ഞ
പ്രശസ്തിയല്ലേ കൈവന്നിരിക്കുന്നത്? നീ ഭാഗ്യവാനാടാ...”

“എനിക്കൊന്നും വേണ്ട കൈക്കോട്ട് സൈമന്റെ മോളെ, അല്ലെങ്കിലും അവള്‍ക്കെന്തൊരു  ജാടയാടാ.ഭാവം കണ്ടാല്‍ മൂലമറ്റം പവര്‍ഹൌസ് എഞ്ചിനീയറുടെ മകളാന്നാ വിചാരം.ആ എനിക്കൊന്നും വേണ്ട”


“വേണ്ടെങ്കില്‍ വേണ്ട ഒരു കൈക്കോട്ടിന്റെ തായ വിചാരിച്ചാലും ഒരു പ്രേമം തകര്‍ക്കാമെന്ന് മനസ്സിലായില്ലെ? ആ പെണ്ണിന് യോഗല്യാന്ന് കരുതി സമാധാനിക്കെടാ,ഇന്നാ നീ ഈ കാജാവിത്സ് കത്തിച്ച് വലിക്ക്. നമുക്ക് വേറെ ലൈനിനെ പറ്റി ചിന്തിക്കാം.ലിസ്റ്റില്‍ ഇനിയുമുണ്ടല്ലോ ധാരാളം”

കൈക്കോട്ടിന്റെ തായയെ ശപിച്ച് കൊണ്ട് മനസ്സില്ലാ മനസ്സോടെ ഞാന്‍ കൂട്ടുകാരുടെ തീരുമാനത്തിന് വശംവദനായി.അങ്ങിനെ ലിസ്റ്റിലുള്ള മൂന്നാം സ്ഥാനക്കാരി കുഞ്ഞുട്ടിയുടെ മകള്‍ നസീമയെ മുത്തു നിര്‍ദ്ദേശിച്ചു.എനിക്കും അത് സമ്മതമായിരുന്നു. കാരണം നസീമ സുന്ദരിയായിരുന്നു.അവളുടെ അംഗലാവണ്യങ്ങള്‍ മനസ്സില്‍ സങ്കല്‍പ്പിക്കാന്‍ തുടങ്ങിയതും അലിമോന്‍ എതിര്‍ത്തു,

“അത് വേണ്ട, അത് ശരിയാവില്ല, അതെന്റെ മൂത്താപ്പാന്റെ മോളാ”


“അപ്പോ കാര്യങ്ങള്‍ നീ വഴി എളുപ്പമായില്ലെ മോനേ?” മോനു ചോദിച്ചു.

“അത് വേണ്ടടാ,മൂത്താപ്പാക്ക് അടക്കാ പറിയാ”

“എടാ മൂത്താപ്പാന്റെ അടക്കാ പറിയും നസീമാനെ പ്രേമിക്കുന്നതും തമ്മില്‍ എന്താടാ ബന്ധം? ഞാന്‍ ചോദിച്ചു.

”എടാ ആ സൈമേട്ടന്റെ മോളെ പ്രേമിച്ചതും അങ്ങേര് പോസ്റ്റില്‍ നിന്നും വീണു, ഇനി നീ നസീമാനെ പ്രേമിച്ചിട്ട് വേണം മൂത്താപ്പ അടക്ക പറിക്കാന്‍ കവുങ്ങില്‍ കേറി അതില്‍ നിന്നും വീണ് സൈമേട്ടന് പറ്റിയ പോലെ വല്ലതും സംഭവിക്കാന്‍! നീയായത് കൊണ്ടാടാ ഒരു പേടി! ദയവായി എന്റെ മൂത്താപ്പടെ പവര്‍ ഹൌസും ജനറേറ്ററും കേടാക്കരുത് പ്ലീസ്!

Tuesday, October 13, 2009

സൈമേട്ടന്റെ വന്‍ വീഴ്ചകള്‍ !

“കേട്ടില്ലേ നമ്മുടെ മോന്‍ ഓട്ടത്തില്‍ വീണ്ടും ഒന്നമനായി എന്നു!
അത് പിന്നെ ഞാന്‍ അവനു കൊടുക്കുന്നതെന്താ? ഡാബര്‍ ച്യവനപ്രാശമല്ലേ‘‘

ഈ പരസ്യം കേട്ടാണ് ലൈന്മാന്‍ സൈമേട്ടന്‍ തന്റെ രണ്ട് പെണ്മക്കള്‍ക്കും ചെറുപ്പം തൊട്ട് ഡാബര്‍ ച്യവനപ്രാശം കൊടുക്കാന്‍ തുടങ്ങിയത്. പക്ഷേ മൂത്ത മകള്‍ വലുതായപ്പോള്‍ അയലത്തെ സുബ്രുവിന്റെ കൂടെ ഒളിച്ചോടി ഒന്നാമതായപ്പോള്‍ ഇനി ച്യവനപ്രാശമല്ല ഭാര്യ ലില്ലിയ്ക്ക് പ്രസവരക്ഷയ്ക്കുള്ള ആട്ടിന്‍ ബ്രാത്ത് വരെ കൊടുക്കില്ലെന്ന് സൈമേട്ടന്‍ തേക്കിന്റെ പോസ്റ്റില്‍ തൊട്ട് സത്യം ചെയ്തതില്‍ തെറ്റ് പറയാന്‍ പറ്റുമോ? എങ്കിലും രണ്ടാമത്തെ മകളിലായിരുന്നു സൈമേട്ടന് പിന്നീട് ഉണ്ടായ പ്രതീക്ഷ മുഴുവനും. അതിനാല്‍ സ്കൂളിലെ ഓട്ട മത്സരങ്ങളിലോ,ഓട്ടന്തുള്ളലിലോ സൈമേട്ടന്‍ തന്റെ മകളെ പങ്കെടുപ്പിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച് പോന്നു.

നാട്ടിലെ കൊള്ളാവുന്ന പത്ത് പെണ്‍ പിള്ളാരെ തിരഞ്ഞെടുത്താല്‍ അതില്‍ രണ്ടാമത്തേതായി വരും സൈമേട്ടന്റെ ഓടിപ്പോകാത്ത മോള്.ആദ്യ സ്ഥാനത്ത് വൈദ്യര്‍ രാമങ്കുട്ട്യേട്ടന്റെ മകള്‍ വരും. തികഞ്ഞ അഹങ്കാരി,സംഗതി മാമ്പഴക്കൂട്ടത്തിലെ മല്‍ഗോവയാണെങ്കിലും എന്തോ ഒരു വൈദ്യശാലയുടെ മണമായിരുന്നു അവള്‍ക്ക്.ഒരഞ്ചിടങ്ങാഴി കഷായം ആറ്റിക്കുറുക്കി വെട്ടിത്തളപ്പിച്ച് വറ്റിച്ച് ഒരു മൂന്നിടങ്ങാഴിയാക്കിയ പോലെയുള്ള ഒരു വിപ്ലവാരിഷ്ട ചുവയുള്ള ഒരു കഷായമായാണ് അവളെ ഞങ്ങള്‍ കരുതിപ്പോന്നത്. അവളുടെ നടപ്പും ഭാവവും കണ്ടാല്‍ അവള്‍ക്ക് പാല് കാച്ചാനുള്ള കീഴാര്‍നെല്ലി ഈ ലോകത്ത് തന്നെ അവതരിച്ചിട്ടില്ല എന്ന ഭാവമായിരുന്നു.അല്ലെങ്കിലും  ഈ കഷായത്തിനൊരു കൈപ്പാ. ആ സത്യം മനസ്സിലാക്കിയാണ്, ലൈന്മേന്‍ സൈമേട്ടന്റെ  ഓടിപ്പോകത്ത മോളെ ലൈനിടാന്‍ ഞാന്‍ തീരുമാനിച്ചത്.

ഓടിപ്പോയവള്‍ക്ക് സാധാ 60 ന്റെ ബള്‍ബിന്റെ പ്രകാശമായിരുന്നെങ്കില്‍ ഓടിപ്പോകാത്തവള്‍ക്ക് 110 വോള്‍ട്ടിന്റെ പ്രകാശമായിരുന്നു. പിന്നീട് വളരും തോറും അവളില്‍ ഒരു ഹാലോജന്‍ ബള്‍ബിന്റെ പ്രകാശവും വളര്‍ച്ചയും പ്രകടമായിരുന്നു.സദ്യയ്ക്ക് ഇലയുടെ മൂലയില്‍ വിളമ്പിയ തോരന്‍ പോലെ അവള്‍ തലയില്‍ മുല്ലപ്പൂ ചൂടി വരുന്നത് കണ്ടാല്‍ മഴക്കാലത്ത് ചോരാത്ത കെ എസ് ആര്‍ട്ടീസി ബസ്സില്‍ കേറിയ ഒരു സന്തോഷാ! അവളോട് എനിക്ക് മുടിഞ്ഞ പ്രേമമാണെന്ന് അവളൊഴികെയുള്ള  എന്റെ കൂട്ടുകാരെല്ലാം മനസ്സിലാക്കി. എങ്കിലും സി.വിദ്യാധരന്‍ മഞ്ജുളാ ബേക്കറി ആലപ്പുഴ ഇറക്കിയ ലോട്ടറി ഒരു നാള്‍ എനിക്കും അടിക്കും എന്ന വിശ്വാസത്തില്‍ ഒരോ നറുക്കെടുപ്പും കടന്ന് പോയിക്കൊണ്ടിരുന്നു.

ഒരു മഴക്കാലത്താണെന്ന് തോന്നുന്നു അവളെ ആദ്യമായി ഞാന്‍ കാണുന്നത്, കാരണം അവളുടെ കയ്യിലൊരു ശീലക്കുടയുണ്ടായിരുന്നു.ശീലക്കേട് അവള്‍ക്ക് മാത്രമായിരുന്നു കാരണം അവള്‍ എന്നെ കുടയില്‍ നിര്‍ത്തിയില്ല.മോഹങ്ങള്‍ മരവിച്ച് മോതിരക്കൈ മുരടിച്ച് വോള്‍ട്ടേജില്ലാതെ കത്തിയ ബള്‍ബ് പോലെ ഞാന്‍ നിരാശനായി. എങ്കിലും മീശ വളരാന്‍ വേണ്ടി ഷേവ് ചെയ്ത് കാത്തിരുന്ന പോലെ ഞാനും അവളുടെ സ്വഭാവം നന്നാവാന്‍ കാത്തിരുന്നു.

അങ്ങിനെയുള്ള ഒരു ശുഭ മുഹൂര്‍ത്തത്തിലാണ് വീടിന്റെ മുന്നിലുള്ള പോസ്റ്റിന്മേലുള്ള വഴിവിളക്ക് പണിമുടക്കുന്നത്. പതിവ് പോലെ പുതിയ ബള്‍ബുമായി ലൈന്മേന്‍ സൈമേട്ടന്‍ വന്നു.പോസ്റ്റിന്റെ ചുവട്ടിലെ പുല്ല് ചെത്തിക്കോരുകയായിരുന്ന ‘ചക്കായിയേട്ടന്‍’ ചായ എന്ന് കേട്ടപ്പോഴേക്കും കൈക്കോട്ട് (മണ്‍ വെട്ടി) പോസ്റ്റിന്റെ ചോട്ടില്‍ വെച്ച് ചായ കുടിക്കാന്‍  പോയി. സൈമേട്ടന്‍ കര്‍മ്മ നിരധനായി തേക്കിന്റെ തടി കൊണ്ടുള്ള പോസ്റ്റില്‍ ബള്‍ബ് മാറ്റാനായി വലിഞ്ഞ് കയറി.ഞാന്‍ ഭവ്യതയോടെ സൈമേട്ടന്റെ പ്രവര്‍ത്തിയെ അതിശയകരമായ  ഒരു സംഭവമാണ് ചെയ്യുന്നത് എന്ന ഭാവേന റവറ് തോട്ടത്തില്‍ കീടനാശിനി തളിക്കാന്‍ വരുന്ന ഹെലിക്കോപ്റ്ററെ നോക്കുന്ന പോലെ നോക്കി നിന്നു.

ഫ്യൂസായ ബള്‍ബ് മാറ്റി പുതിയത് ഇടാന്‍ സൈമേട്ടന്‍ കൈ നീട്ടിയതും പിടി വിട്ട് സൈമേട്ടന്‍ സ്കൈലാബ് പോലെ താഴേക്ക് വന്ന് വീണത് ചക്കായിയുടെ കൈക്കോട്ടിന്റെ
തായയുടെ മുകളിലേക്ക് ! വീഴ്ച്ചയുടെ ആഘാതത്തില്‍ തായ സൈമേട്ടന്റെ മൂലമറ്റം പവര്‍ ഹൌസ് തുളച്ച് കയറി.സൈമേട്ടന്‍ ആംബ്ലിഫയര്‍ ഇല്ലാതെത്തന്നെ വളരെ ഉച്ഛത്തില്‍
നിലവിളിച്ച് ഒരു സൈഡിലേക്ക് ചരിഞ്ഞ് വീണു.

ഈ കാഴ്ച കണ്ട് ഞെട്ടണോ ചിരിക്കണോ ഓടണോ എന്നറിയാതെ ഞാനാകെ സ്തബ്ധനായി നില്‍ക്കുകയാണ്. ആരാ ഈ വീണ് കിടക്കുന്നത് ? ഭാവിയില്‍ അമ്മായിഅപ്പന്‍ വരെ
ആകാനുള്ള തിരു സ്വരൂപം.ഞാന്‍ അങ്ങിനെ ചിന്തിച്ച് നില്‍ക്കുമ്പോഴേക്കും ചുറ്റുവട്ടത്ത് നിന്നും ആളുകള്‍ ഓടിക്കൂടി. വന്നവര്‍ ചേര്‍ന്ന് സൈമേട്ടനെ പൊക്കിയിരുത്താന്‍ ശ്രമിച്ചപ്പോഴാണ്  കൈക്കോട്ടിന്റെ തായ മൂലമറ്റത്ത് നങ്കൂരമിട്ട പോലെ തുളഞ്ഞ് നില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. പലരും ചേര്‍ന്ന് വലിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും  സൈമേട്ടന്‍ കണ്ണുരുട്ടി അലറിക്കൊണ്ട്  ‘വേണ്ടേ‘ എന്നുറക്കെ കരഞ്ഞ് പറഞ്ഞു. അങ്ങിനെ സൈമേട്ടനെ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ ഒരു വാഹനം അന്വേഷിച്ചു.

“ഒരു ടെമ്പോ വാന്‍ വേണ്ടി വരും, ആള് മാത്രല്ലല്ലോ കൈക്കോട്ടിനും സ്ഥലം വേണ്ടെ?’‘ കൂട്ടത്തില്‍ ഒരാള്‍ ചോദിച്ചു.
“അതൊന്നും വേണ്ട ഒരു അംബാസഡര്‍ കാറ് മതിയാകും, ബാക്ക് സീറ്റില്‍ മുട്ടുകുത്തി ആന നില്‍ക്കുന്നപോലെ നിര്‍ത്തിയാ മതി” ആ അഭിപ്രായത്തോട് എല്ലാരും യോജിച്ചു.
അങ്ങിനെ കാറ് വന്നു, സൈമേട്ടനെ മേല്‍ പറഞ്ഞ പ്രകാരം ബാക്ക് സീറ്റില്‍ ഇരുത്തി, കൈക്കോട്ട് താങ്ങിപ്പിടിച്ച് ഞാനും പിറകില്‍ ഇരുന്നു,സൈമേട്ടന്റെ തല ഒരു  വശത്തും കൈക്കോട്ടിന്റെ ഭാഗം മറ്റു വശത്തും പുറത്തേക്ക് തള്ളി നില്‍ക്കുന്ന പോലെ കാറ് ആശുപത്രിയിലേക്ക് പുറപ്പെട്ടു.കാശുമായി പാപ്പിയേട്ടന്‍ സെന്ററില്‍ നില്‍ക്കാമെന്ന് പറഞ്ഞതനുസരിച്ച് പാപ്പിയെട്ടനെ നോക്കി കാറ് സെന്ററില്‍ അല്‍പ്പ നേരം നിര്‍ത്തി.

സൈമേട്ടന്റെ തല പുറത്തേക്ക് നീണ്ട് നില്‍ക്കുന്നത് കണ്ട ഒരു സുഹ്യത്ത് സൈമേട്ടനോട്,
“സൈമേട്ടോ ആ തലയെടുത്ത് ഉള്ളിലേക്കിട്, ഇല്ലെങ്കില്‍ വല്ല വണ്ടിക്കാരും കൊണ്ടോകും”

സൈമേട്ടന്‍ വേദന കടിച്ചമര്‍ത്തിക്കൊണ്ട്,” തല ഉള്ളിലേക്ക് ഇട്ടതുതന്നെയാടാ പ്രശ്നമായത്.അതെടുക്കാന്‍ പോകുന്ന വഴിയാ”

അയാള്‍ക്കൊന്നും മനസ്സിലായില്ലെങ്കിലും കര്യം തിരക്കാന്‍ എന്റെ ഭാഗത്തേക്ക് വന്നു,
“അല്ല ഗെഡീ, ഈ കൈക്കോട്ടൊക്കെ ഡിക്കില് കേറ്റിക്കൂടെ?

“അതു ഡിക്കില് കേറ്റിയതിന്റെ ഏനക്കേട് തീര്‍ക്കാന്‍ പോകുവാ”
അയാള്‍ കൂടുതല്‍ ചോദിക്കുന്നതിനു മുന്‍പ് പപ്പിയേട്ടന്‍ വണ്ടിയില്‍ കേറി, ഞങ്ങള്‍ യാത്ര തുടര്‍ന്ന് ആശുപത്രിയിലെത്തി.
അറ്റന്റര്‍മാര്‍ ഒരു വിധത്തില്‍ സൈമേട്ടനെ സ്റ്റ്റെച്ചറില്‍ കുനിച്ച് നിര്‍ത്തി ഓപ്പറേഷന്‍ തീയറ്ററിലേക്ക് കൊണ്ട് പോയി. ഞാനും പാപ്പിയേട്ടനും തീയറ്ററിന് മുന്നില്‍  കാത്തു നിന്നു.
“അല്ല മോനെ ഇതെങ്ങനേ ഈ കൈക്കോട്ട് കൊണ്ട് ആപ്പടിച്ചത്? എന്റെ ജീവിതത്തിലു ഞാന്‍ ആദ്യായിട്ട് കാണ്വാ”
അല്‍പ്പം പ്രായമായ ആള്‍ വന്ന് എന്നോട് ചോദിച്ചപ്പോള്‍ അയാളുടെ വായില് ഒരാപ്പ് വെക്കാന്‍ തോന്നി.എങ്കിലും സമനില വീണ്ടെടുത്ത് ഞാന്‍ പറഞ്ഞു,

“കൈക്കോട്ടിന്റെ മുകളിലേക്ക് വീണതാ”

“ഭാഗ്യം വല്ല ഒലക്കേടെ മുകളിലേക്ക് വീണാലുള്ള ഗതി എന്തായേനെ? “
ഒരൊലക്കെയെടുത്ത് അയാളുടെ മൂട്ടിലൂടെ കേറ്റിയാലോ എന്ന് തോന്നീതാ, പിന്നെ സൈമേട്ടന്റെ മോള്‍ക്ക് ഒരു ജീവിതം കൊടുക്കാന്‍ ഞാനില്ലാതാകുമല്ലോ  എന്ന ഒറ്റ കാരണത്താല്‍ ഞാന്‍ എല്ലാം ക്ഷമിച്ചു. അപ്പോഴാണു ചക്കായിയേട്ടന്‍ അങ്ങോട്ട് വന്നത്,

“എന്തായി, കൈക്കോട്ട് കിട്ടിയോ എന്റെ പുല്ല് ചെത്തല്‍ തീര്‍ന്നിട്ടില്ല”

“എന്റെ ചക്കായേട്ടാ, അകത്ത് അങ്ങോട്ടോ ഇങ്ങോട്ടൊ എന്നറിയാതെ കിടക്ക്വാ, അതിനിടയിലാ ഒരു പുല്ല് ചെത്തല്‍”

“എന്തായാലും അങ്ങോട്ടാവില്ല, കാരണം പരമാവധീടെ മേക്സിമം അങ്ങോട്ട് കേറീട്ടുണ്ട്, ഇങ്ങോട്ട് പോന്നോ എന്നേ അറിയാനുള്ളൂ‍ “

ചക്കായേട്ടന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ചിരി വന്നെങ്കിലും ആരെ കുറിച്ചാണീ പറയുന്നതെന്ന് ചക്കായേട്ടന്‍ അറിയുന്നില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ കുണ്ഠിതപ്പെട്ടു.
അല്‍പ്പം കഴിഞ്ഞപ്പോള്‍ തീയേറ്ററില്‍ നിന്നും രണ്ടും രണ്ടായിത്തന്നെ പുറത്തേക്ക് കൊണ്ട് വന്നു.കൈക്കോട്ടുമായി ചക്കായി പോയി, സൈമേട്ടനെ റൂമിലേക്ക് മാറ്റി.

“പന്ത്രണ്ട് സ്റ്റിച്ചുണ്ട്, ദാ ഈ മരുന്നുകളൊക്കെ വാങ്ങണം‘ ഒരു ലിസ്റ്റ് തന്ന് നേഴ്സ് പോയി,പാപ്പിയേട്ടന്‍ മരുന്ന് വാങ്ങാന്‍ പുറകേയും.
അപ്പോഴാണ് സൈമേട്ടന്റെ ഭാര്യ ലില്ലിയേടത്തി റൂമിലേക്ക് കടന്ന് വന്നത്. ഒരു നിലവിളി പ്രതീക്ഷിച്ച ഞാന്‍ അവരുടെ മുഖഭാവം കണ്ട് ഞെട്ടി.
ലില്ലിയേടത്തി ചിരിക്കുകയായിരുന്നു,പഞ്ചായത്ത് ഇലക്ഷനില്‍ ജയിച്ച സരളേച്ചിയുടെ ഒരു മുഖഭാവായിരുന്നു ലില്ലിയേടത്തിക്ക്!
അവര്‍ സൈമേട്ടന്റെ അടുത്തേക്ക് നീങ്ങിനിന്നു കൊണ്ട് പറഞ്ഞു,

“ദേ ഇപ്പോ മനസ്സിലായോ? പൊട്ടനെ ചെട്ടി ചതിച്ചാല്‍, ചെട്ടിയെ ദൈവം ചതിക്കും”

ആ എനിക്കൊന്നും മനസ്സിലായില്ല!സത്യം!

Friday, October 9, 2009

തിരിച്ച് വരവുകള്‍!

ആദ്യ കാലങ്ങളില്‍ ഇന്ത്യ വിക്ഷേപിക്കാറുള്ള റോക്കറ്റ് പോലെയാണ് ചില ബ്ലോഗര്‍മാരുടെ കാര്യങ്ങള്‍. ഒരു നിശ്ചിത ഉയരത്തില്‍ ചെന്നാല്‍ ഇന്ധനം തീരും. പിന്നെ നിവ്യത്തിയില്ലാതെ മൂക്കും കുത്തി തിരിച്ച് വരും.കൌണ്ട് കുറവായിരുന്നെന്നോ, റോക്കറ്റ് പൊങ്ങാന്‍ നേരം ശസ്ത്രജ്ഞന്‍ പാന്റ്സിന്റെ സിപ്പിടാന്‍ മറന്നെന്നോ ഒക്കെയുള്ള റിപ്പോര്‍ട്ടുകള്‍ തിരിച്ച് വരവിനുള്ള കാരണങ്ങളായി പുറത്ത് വരും.അത് പോലെ കോന്തന്‍ കൊല്ലത്ത് പോയി തിരിച്ച് വന്ന പോലെ ഒരു തിരിച്ച് വരവാണ്  “തിരിച്ച് വരവുകള്‍“ എന്ന ഇന്നത്തെ എപ്പിസോഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

‘തിരിച്ച് വരവുകള്‍‘ എന്ന പരിപാടിയിലേക്ക് എല്ലാവര്‍ക്കും സ്വാഗതം!

കാലപ്പഴക്കം ചെന്നതും വിലകുറഞ്ഞതും അറുബോറന്‍ തമാശകളുമായി ബൂലോകത്തേക്ക് കടന്ന് വന്ന വാഴക്കോടന്‍ എന്ന ബ്ലോഗറുടെ തിരിച്ച് വരവുകളാണ് ഇന്ന് ഈ പരിപാടിയില്‍  ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കുട്ടിക്കാലം മുതല്‍ തന്നെ ഇയാള്‍ പല തിരിച്ച് വരവുകളും നടത്തിയിട്ടുണ്ട് എന്ന സത്യം ചരിത്രം നമ്മെ ഉറക്കത്തില്‍ വരെ ബോധ്യപ്പെടുത്തുന്നു. ഒരു കുഞ്ഞായിരിക്കുമ്പോള്‍ പനിയുണ്ടായിരുന്ന സമയത്ത് കൊടുത്തിരുന്ന മരുന്നുകള്‍ അതേ സ്പീഡില്‍ വായില്‍ നിന്നും തിരിച്ച് വരുമായിരുന്നു. അന്നേ ഒരമ്മാവന്‍ ഇവന്‍ പല തിരിച്ച് വരവുകളും നടത്തും എന്ന് പ്രവചിച്ചിരുന്നു.പിന്നീട് വളരെയധികം തിരിച്ച് വരവുകള്‍ നടത്തിയത് സ്കൂളില്‍ നിന്നുമായിരുന്നു. സ്കൂളില്‍ കൊണ്ടാക്കിയ അതേ വേഗത്തില്‍ അയാള്‍ തിരിച്ച് വീട്ടിലെത്തുമായിരുന്നു. കുളത്തില്‍ കൂട്ടുകാരൊത്ത് മുങ്ങാം കുഴിയിട്ട് കളിക്കുമ്പോള്‍ വെള്ളത്തിനടിയില്‍ നിന്നും തിരിച്ച് വരാന്‍ കൂട്ടാക്കാതിരുന്ന ഇയാളെ കൂട്ടുകാര്‍ ചേര്‍ന്ന് തിരിച്ച് കൊണ്ടു വന്നില്ലായിരുന്നെങ്കില്‍ മറ്റൊരു തിരിച്ച് വരവ് അസാധ്യമായേനെ എന്ന് ഇപ്പോഴും അത് കണ്ട് നിന്നവര്‍ വിശ്വസിച്ച് പോരുന്നു. പിന്നീട് വളര്‍ന്ന് വലുതായപ്പോള്‍ അടിവാരം ഓമനയുടെ വീട്ടില്‍ നിന്നും തിരിച്ച് വരാന്‍ മടി കാണിച്ച ഇയാളെ നാട്ടുകാരെല്ലാം ചേര്‍ന്ന് പണിപ്പെട്ടാണ് ഒരു തിരിച്ചറിവിലൂടെ തിച്ച് വരവു നടത്തിച്ചത് എന്നത് ഒരു നാടന്‍ പാട്ടാണ്.
തിരിച്ച് വരവുകള്‍ ഒരു പുത്തരിയല്ലാത്ത വാഴക്കോടന്‍ ഈയടുത്തിടെ നടത്തിയ ഒരു തിരിച്ച് വരവിന്റെ കണ്ണീരില്‍ കുതിര്‍ന്ന വേദന സംഹാരിയായ ഒരു കഥയുടെ ഒരു പേജ് കീറിയാണ് ഈ എപ്പിസോഡില്‍ കാണിക്കുന്നത്.
ആ പച്ചയായ ജീവിത കഥയിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ട് പോകട്ടെ.

ബ്ലോഗിലെ അനോണി ശല്യം മൂത്തപ്പോള്‍ ബ്ലോഗില്‍ നിന്നും ഒളിച്ചോടി, കമന്റൊന്നും ഇല്ലാതെ ദാരിദ്ര്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന വാഴയുടെ കുടുംബ ജീവിതത്തിലെ ഒരു നേര്‍കാഴ്ചയാണ് ഇവിടെ പറയാന്‍ പോകുന്നത്.

ബ്ലോഗില്‍ നിന്നും ലീവെടുത്ത് വേറെ പണിയൊന്നും ഇല്ലാതെ വീട്ടില്‍ ചടഞ്ഞ് കൂടി കിടക്കുന്ന വാഴക്കോടനില്‍ നിന്നും ഈ എപ്പിസോഡ് ആരംഭിക്കുന്നു.

“അല്ലേ, ഈ ബ്ലോഗ് പൂട്ടി എന്നു കേട്ടത് സത്യമാണോ? അപ്പോ ദൈവം ഉണ്ടെന്ന് പറയുന്നതു നേരാ അല്ലെ? എന്റെ പ്രാര്‍ത്ഥന കേട്ടു”

“നീയങ്ങനെ സമാധാനിക്കാന്‍ വരട്ടെ,ഞാന്‍ തിരിച്ച് വരും! പുതിയ പോസ്റ്റും ഇടും!”

“പിന്നെം വല്ല അനോണിയും വന്ന് തുമ്മിയാല്‍ നിങ്ങള്‍ ബ്ലോഗ് പൂട്ടില്ലെ? നാണമില്ലല്ലോ ഒരു പ്യാടിത്തൂറി വന്നിരിക്കുന്നു, നിങ്ങളൊരു പുപ്പുലിയാണ് എന്ന് കരുതുന്നോണ്ടാത്രെ ബ്ലോഗ് പൂട്ടീത് എന്നു പറഞ്ഞവരും ഉണ്ടല്ലൊ, കഷ്ടം!”

“എടീ, നീ പുപ്പുലി എന്നു മാത്രം വിളിക്കരുത്”

“അതെന്താ, അത് അത്ര മോശപ്പെട്ട കാര്യമാണൊ?”

“അതേടീ, അതിലെ ഒരു ‘പു‘ ഒരു മുട്ടന്‍ തെറിയാടീ, ഇനി പറ നിനക്കു ഞാനൊരു പുപ്പുലിയാകണോ?

“അയ്യേ,വഷളന്‍ വാഴ!നിങ്ങളിങ്ങനെ മസില് പിടിച്ച് ഇരിക്കാതെ പോയി പോസ്റ്റ് ഇട് മനുഷ്യാ, മസിലൊക്കെ ഉള്ളവര്‍ പിടിക്കട്ടെ”

“ഇല്ലെടീ, ഈ അനോണികളില്‍ നിന്നും ഒരു രക്ഷ കിട്ടാന്‍ ഒരു സിദ്ധനെകൊണ്ട് ബ്ലോഗൊന്നു മന്ത്രിച്ചൂതിക്കണം”

“നിങ്ങക്ക് ഭാവന വരാനാ ഇപ്പോ മന്ത്രിച്ച് ഊതിക്കണ്ടത്, അതിന് നല്ലത് ആ പച്ചപ്പട്ട് ഔലിയയാ. നിങ്ങളൊന്നു ചെന്ന് കാര്യം പറ”

“വേണ്ടടീ, അയാളുടെ അടുത്ത് പോയി ആ തെക്കേലെ കദീസുമ്മ ഒരു കുഞ്ഞിക്കാലിനു വേണ്ടി നേര്‍ച്ചയും വഴിപാടും നടത്തീട്ട്, ഇപ്പോ ആ കദീസുമ്മാടെ ഭര്‍ത്താവു ഒരു കാലുമായി ജനിച്ച കുട്ടിക്കു വികലാംഗ സര്‍ട്ടിഫിക്കേറ്റിനു കിടന്ന് ഓടിപ്പായല്ലേ, അതു വേണ്ട മോളെ”

“എന്നാ ആ മുസ്ലിയാരുടെ മോനെക്കൊണ്ടൊന്നു മത്രിച്ചൂതിച്ചോളിന്‍!”

“പിന്നേപ്പൊ, അനക്കറിയോ ആ മുസ്ലിയാര് എങ്ങിനെ മരിച്ച് ന്ന്, മരിക്കാന്‍ നേരത്ത് വെള്ളം കുടിച്ച് മരിക്കണേ  വെള്ളം കുടിച്ച് മരിക്കണേ എന്ന് എന്നും ദുആ ഇരക്കാറുള്ള ആ മുസ്ലിയാര്, കഴിഞ്ഞ പെരുമഴക്ക് തോട്ടിലേക്ക് വീണ് ആവാശ്യത്തിനും അതിലധികവും വെള്ളം കുടിച്ചല്ലേ മരിച്ചത്, ഞാന്‍ വല്ല സിദ്ധന്മാരേയും പോയി കണ്ടോളാം”

“എന്നാ പുട്ടും പഴോം ഉണ്ട് തട്ടീട്ട് പോകാം”

വാഴക്കോടന്‍ നേരെ ചാത്തന്‍ സേവ നടത്തുന്ന ഒരു സിദ്ധന്റെ വീട്ടിലേക്ക് ചെല്ലുന്നു.ചുവപ്പ് വസ്തമണിഞ്ഞ് ചമ്രം പണിഞ്ഞിരിക്കുന്ന സിദ്ധന്റെ മുന്നില്‍ വാഴക്കോടനും ചമ്രം പണിഞ്ഞ് ഇരുന്നു.
“സ്വാമീ രക്ഷിക്കണം, ബ്ലോഗില്‍ അനോണികള്‍ ശല്യം ചെയ്യുന്നു, അവരെ ഒതുക്കണം, അതിനു ചാത്തന്‍ സേവ വേണം”

‘എന്താണ് ഇപ്പോഴത്തെ അവസ്ഥ? ബ്ലോഗ് പൂട്ടിയോ?’

“ഏതാണ്ട് പൂട്ടിയ പോലെയാ, ഒന്നും എഴുതാന്‍ കഴിയുന്നില്ല, ആകെ ഒരു ശൂന്യത”

“ഭക്താ തലയിലെ ശൂന്യതയ്ക്കു ചാത്തന്റെ കയ്യില്‍ പരിഹാരമില്ല. അനോണിയെ എന്തു ചെയ്യാന്‍ പറ്റുമെന്നു ചാത്തനോടൊന്ന് കണ്‍സല്‍റ്റ് ചെയ്യട്ടെ! .........ഓം ഹ്രീം..ചാത്തനായഃ ക്ഷൂദ്രായഃ അനോണിയാഹഃ.........ഹും ഇത്തിരി കടുപ്പപ്പെട്ട അനോണിയാണല്ലോ.ചിലവേറും”

‘അനോണിക്കാണോ സ്വാമീ”

“അല്ല. ബ്ലോഗില്‍ ചാത്തന്റെ ഒരു രൂപം വെക്കേണ്ടി വരും’

‘എന്റെ ഫോട്ടൊ ഒരു സൈഡില്‍ വെച്ചിട്ടുണ്ട് സ്വമീ”

‘കരിങ്കുട്ടിച്ചാത്തന്റെ പടമല്ല ഉദ്ദേശിച്ചത്.സാക്ഷാല്‍ ചാത്തന്റെ!  ആട്ടേ ഉറക്കത്തില്‍ സ്വപ്നം കാണാറുണ്ടോ?

‘ഉവ്വ് സ്വാമീ ഈയടുത്ത് ഞാന്‍ മരിച്ചതായി സ്വപ്നം കണ്ടു!’

“ഹും സ്വാമി അറിഞ്ഞു”

“എന്റെ ബ്ലോഗ് വായിച്ചല്ലേ?

“എനിക്കു ജീവനില്‍ കൊതിയുണ്ട്, ബ്ലോഗ് ഞാന്‍ വായിക്കാറില്ല, ഒരു കോഴിയെ വേണ്ടി വരും!

“ചെറിയച്ഛന്‍ കുവൈറ്റിലാണ്”

“ഇതിന് തല്‍ക്കാലം നാടന്‍ കോഴി മതി. പിന്നെ നൂറില്‍ കൂടുതല്‍ കമന്റ് കിട്ടാന്‍ ആഗ്രഹമില്ലേ?

“ഉണ്ട് സ്വാമീ, എന്റെ അനോണി കമന്റുകള്‍ ചേര്‍ത്താലും പകുതി പോലും ആകുന്നില്ല”

“മുട്ടയില്‍ ഒരു പ്രയോഗം ചെയ്യേണ്ടി വരും’

“അയ്യോ അതു വേണോ സ്വാമീ?

“ഹും എന്താ പേടിയുണ്ടോ?’

“അല്ല സ്വാമീ ഒരു പെണ്‍കുട്ടി കൂടി ഉണ്ടായിക്കാണാന്‍ ആഗ്രഹമുണ്ട്’

“ഛെ! വൈറ്റ് ലഗോണ്‍ ചീനക്കോഴിയുടെ മുട്ടയാ ഞാന്‍ ഉദ്ദേശിച്ചത്. ആട്ടേ ഭാവന കൂട്ടാനുള്ള പൂജ നടത്തണോ? ചിലവേറും!

“നടത്താം സ്വാമീ,ഇനി ഭാവന കൂടിയില്ലേലും ‘ഭാമ’ കൂടിയാലും മതി‘

“ഇത് ആ കൂടലല്ല, എന്തായാലും ചാത്തന്‍ ശരിയാക്കും, ഈ ലിസ്റ്റിലുള്ള സാധനങ്ങള്‍ വാങ്ങി വരൂ’

(സ്വാമി കൊടുത്ത ലിസ്റ്റ് നോക്കി) ബ്രാ-2, പാന്റീസ് -3, അടിപ്പാവട- 2
സ്വാമീ എന്താണീ കാണുന്നത്? ഈ ചാത്തന്‍ ഇനി ഒരു ചാത്തിയാണോ?? ഐ മീന്‍ ഫീമെയില്‍!

“ഛെ, ലിസ്റ്റ് മാറിപ്പോയതാ, അത് വേലക്കാരി വാങ്ങാന്‍ തന്ന ലിസ്റ്റാ, ഇതാ ഇതാണ് ലിസ്റ്റ്’

“സ്വാമീ ഇത് വീട്ടിലെ സാധനങ്ങല്‍ വാങ്ങാനുള്ള ലിസ്റ്റാ, അരിയും മുളകുമൊക്കെ എഴുതിയിരിക്കുന്നു,ഇതൊക്കെയാണോ ചാത്തനെ സേവിക്കാനുള്ള ഐറ്റംസ്??’

‘അല്ല അതെല്ലാം എനിക്കു വേവിച്ച് സേവിക്കാനുള്ളതാ, വെറുതെ ചാത്തനെ ദ്വേഷ്യപ്പെടുത്തരുത്, ബ്ലോഗ് പൂട്ടിച്ച് കരിച്ച് കളയും’

“അത് അനോണി പൂട്ടിച്ചലോ,അതു തുറക്കാനുള്ള വഴിക്കല്ലേ സ്വാമീ ഞാന്‍ വന്നത്, ഞാന്‍ എല്ലാം ഇപ്പോ വാങ്ങിത്തരാം,ഇനി വേറെ വല്ല ദക്ഷിണേം വെക്കണോ സ്വാമീ??

‘വേണം എന്റെ ബ്ലോഗില്‍ സ്ഥിരമായി വന്ന് കമന്റ് ചെയ്യണം, ഫോളൊ ചെയ്യണം”

“ചെയ്യാം സ്വാമീ, ആട്ടേ ഏതാ സ്വാമീ സ്വമീടെ ബ്ലോഗ്??

“ഓട്ടകാലണ.ബ്ലോഗ്സ്പോട്ട്.കോം!!!
 


Copyright http://www.vazhakkodan.com