Wednesday, May 13, 2009

ലിഫ്റ്റ്‌ ടെക്നോളജി പഠിച്ചാ ഇതല്ല ഇതിലും വലുത്‌ നേടാം!

ദുബായ്,
12/05/2009


പ്രിയപ്പെട്ട അപ്പാ,
എനിക്കിവിടെ അത്ര വല്യ സുഖമൊന്നുമല്ല . വന്ന അന്ന് മുതല്‍ പണിക്കു നിന്നതാ. ഒരു ഒഴിവും കിട്ടണില്ല. ഈ കുപ്പീന്ന് വന്ന ഭൂതം പോലെ പണി തന്നെ പണി. ഇപ്പൊ ദുബായീലാണെങ്കില്‍ ഒടുക്കത്തെ ചൂടും.ആ ഇന്‍സ്റ്റിട്യൂട്ട് കാര് പരസ്യം ചെയ്യണ പോലെയൊന്നുമല്ല കാര്യങ്ങള്‍. അവര്‍ പറഞ്ഞ ശമ്പളം മൂന്നു മാസം കൂടുമ്പോള്‍ കിട്ടുന്ന തുകയാണ്. അല്ലാതെ മാസാമാസം കിട്ടുന്നതല്ല. ഈ ശമ്പളത്തിന് ഒരു നാല് കൊല്ലം നിന്നാല്‍ കടങ്ങള്‍ തീര്‍ന്നെങ്കിലായി. വീടിന്റെ ആധാരം എന്ന് പണയത്തില്‍ നിന്നും എടുക്കാന്‍ പറ്റുമോ എന്തോ. ഇവിടെ ഭക്ഷണത്തിന്റെ കാര്യാ കഷ്ടം! മൂന്നു നേരവും ഒരു മാതിരി റവറിന്റെ ഏതോ ഷീറ്റാണ് തിന്നാന്‍ കിട്ടുന്നത്. അതിനെന്തോ "കുബ്ബൂസ്" എന്നാണത്രേ പറയുന്നത്.ഇത് കണ്ടാ വീട്ടിലെ പശു പോലും സഹിക്കില്ല അപ്പാ.


പിന്നെ പണിയുടെ കാര്യം പറയാണ്ടിരിക്യാ നല്ലത്. റൂമില്‍ പത്തിരുപതു പേരുണ്ട്. കണ്ണൂര്‍ എക്സ്പ്രസിന്റെ ബെര്‍ത്ത് പോലെ മൂന്നു നിലയുള്ള കട്ടിലിലാണ് കിടത്തം. റൂമിലുള്ള ഇരുപതില്‍ പത്തു പേരും എന്നെപ്പോലെ ലിഫ്റ്റ്‌ ടെക്നോളജി പഠിച്ചതാ. ബാക്കി പത്തു പേര്‍ ഏതോ സേഫ്റ്റി ടെക്നോളജി പഠിച്ചവരും. എല്ലാവര്‍ക്കും ഒരേ കമ്പനിയില്‍ തന്നെയാണ് പണി. ഞങ്ങള്‍ ലിഫ്റ്റ്‌ ടെക്നോളജി പഠിച്ചവര്‍ക്ക് കമ്പനിയുടെ ഉള്ളിലാണ് പണിയെങ്കില്‍ ഈ സേഫ്റ്റി ടെക്നോളജിക്കാര്‍ക്ക് പുറത്തെ വെയിലത്താണ് പണി. ഇവിടെ ഇപ്പൊ ഒരു ഒന്നൊന്നര വെയിലും ചൂടുമാണ്. ഈ നരകത്തിലെ കോഴി തീയില്‍ കിടന്ന് തിരിയുന്ന പോലെ ഒരു അവസ്ഥയാണ് എന്റെ അപ്പാ.


ഞങ്ങളുടെ മാനേജര്‍ തടിച്ചു കൊഴുത്ത ഒരു പാകിസ്ഥാനിയാണ്. നല്ല ചന്ദനത്തിന്റെ സുഗന്ദവും കസ്തൂരി മഞ്ഞളിന്റെ കാന്തിയും ഒത്തിണങ്ങിയ ഒരു പ്രകൃതിയുടെ ദുരന്തം. ആ മനുഷ്യന്റെ ആട്ടും തുപ്പും സഹിക്കുകേലാ അപ്പാ. അത് കൊണ്ട് തല്‍ക്കാലം നമ്മുടെ വീടിന്റെ കടമെന്കിലും തീരുന്നതുവരെ ഞാനിവിടെ പിടിച്ചു നില്‍ക്കാം. പിന്നെ നാട്ടില്‍ നിന്നും വരുമ്പോള്‍ വാങ്ങിയ സ്യൂട്ടും ടൈകളും കല്യാണം കഴിക്കാന്‍ പോകുന്ന അടുത്ത റൂമിലെ ഒരു സുഹൃത്തിന് കൊടുത്തു. അത് തല്‍ക്കാലമൊന്നും എനിക്ക് ഉപയോഗിക്കാന്‍ പറ്റില്ല എന്നാണു മനസ്സിലായത്‌. ജോര്‍ജ്ജേട്ടന്റെ മകന്‍ ലൂയി എന്റെ കമ്പനിയില്‍ തന്നെയാണ് പണിയെടുക്കുന്നത്. അവന്‍ സേഫ്റ്റി ടെക്നോളജി ആയതു കൊണ്ട് ഇവിടെ വരുന്ന വാഹനങ്ങളുടെ കണക്കെടുപ്പും അതിലെ ടയറില്‍ കാറ്റുണ്ടോ, സേഫ്റ്റി ബെല്റ്റ് ഉണ്ടോ?, ലയിറ്റുകളൊക്കെ കത്തുന്നുണ്ടോ ഇത്യാദി കാര്യങ്ങള്‍ നോക്കലാണ് സേഫ്റ്റി ഓഫീസറായ അവന്റെ പണി. അവന്‍ വന്നത് ഈ പണിക്കല്ല എന്നും, ഇങ്ങനെ വെയിലുകൊണ്ട് ചെയ്യാവുന്ന ടെക്നൊളജിയല്ല അവന്‍ പഠിച്ചതെന്നും പറഞ്ഞതിന് അവനെ രണ്ടു ദിവസം ആ പാകിസ്ഥാനി വണ്ടികളുടെ ടയറിന്റെ പഞ്ചര്‍ ഒട്ടിക്കാന്‍ നിര്‍ത്തി. ഈ കമ്പനിയിലെ സേഫ്റ്റി ഓഫീസറുടെ പണി ഇതാണത്രേ. അത് ഈ കമ്പനി ഉള്ളിടത്തോളം കാലം ഈ പണിയും ഉണ്ടാകും എന്നാ കമ്പനിക്കാര് പറയുന്നത്.ഇത് തന്നെയാണത്രേ അവന്‍ പഠിച്ച ഇന്‍സ്റ്റിട്യൂട്ട് കാരും പരസ്യം ചെയ്തതെന്നും അവന്‍ പറഞ്ഞത്. ആ പരസ്യത്തില്‍ വിശ്വസിച്ച അവന്റെ കാശും ഭാവിയും പോയി. രക്ഷപ്പെട്ടത് ആ ഇന്‍സ്റ്റിട്യൂട്ടുകാരാ. പാവം ലൂയി അവനു ഒരു സേഫ്ടിയും ഇല്ലാണ്ടായി.


എന്തായാലും അപ്പന്‍ എന്നെ എക്സ്റേ വെല്‍ഡിംഗ് പഠിക്കാന്‍ വിടാഞ്ഞത് ഭാഗ്യമായി . എക്സ്റേ വെല്‍ഡിംഗ് പഠിച്ച സുരേഷും റോയിയും ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ വാര്‍പ്പിന് കെട്ടുകമ്പി "എക്സ്‌" ആകൃതിയില്‍ കെട്ടിക്കൊണ്ടിരിക്കുവാ. ഈ കമ്പനിയില്‍ "എക്സ്റേ വെല്‍ഡിംഗ്" കൊണ്ട് ഇതാത്രേ ഉദ്ദേശിച്ചത്. വല്ല ഹോട്ടല്‍ മാനെജുമേന്റും പഠിച്ചാ മതിയായിരുന്നു എന്ന് ഇപ്പൊ തോന്നുകയാ. അതാകുമ്പോള്‍ വല്ല പാത്രവും കഴുകാന്‍ നിന്നാലും സമയത്തിനു ഭക്ഷണം കിട്ടിയേനെ! ഇനിയിപ്പോ അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. പഠിച്ചത് 'ലിഫ്റ്റ്‌ ടെക്നോളജി' ആയതു കൊണ്ട് കമ്പനിയിലേക്ക് വരുന്ന വണ്ടികളില്‍ സാധനങ്ങള്‍ ലിഫ്റ്റ്‌ ചെയ്തു കയറ്റിവെക്കുകയും ലിഫ്റ്റ്‌ ചെയ്തു ഇറക്കുകയുമാണ് അപ്പാ എന്റെ പണി. ഈ കമ്പനിയില്‍ ഇതാണപ്പാ "ലിഫ്റ്റ്‌ ടെക്നോളജി"! എന്തായാലും ലിഫ്റ്റ്‌ ടെക്നോളജി പഠിച്ചാല്‍ എല്ലാം നടക്കും എന്ന് എനിക്ക് മനസ്സിലായി എന്റെ അപ്പാ!

ഈ കത്ത് കിട്ടിയാല്‍ മറുപടിയൊന്നും അയക്കണ്ട. ഏത് സമയവും ഈ പണിയും പോകുമെന്നാ കേള്‍ക്കുന്നത്. നാട്ടില്‍ ഒരു യൂണിയന്‍ പണി കിട്ടാനുണ്ടോ എന്ന് അപ്പന്‍ അന്വേഷിക്കുമല്ലോ. "ലിഫ്റ്റ്‌ ടെക്നോളജി" പഠിച്ചത് കാരണം യൂണിയന്‍ പണി ചെയ്താണെങ്കിലും ഞാന്‍ രക്ഷപ്പെടും അപ്പാ.

സസ്നേഹം,

അപ്പന്റെ അന്തപ്പന്‍.

61 comments:

വാഴക്കോടന്‍ ‍// vazhakodan said...

എന്റെ സുഹൃത്തിന്റെ അനിയന്റെ അനുഭവത്തില്‍ നിന്നും! ചുരുക്കം ചിലര്‍ക്ക് ഇതൊക്കെ അനുഭവിക്കേണ്ടി വരുന്നു എന്ന് സത്യം. ഇങ്ങോട്ട് വരുന്നതിനു മുന്‍പ് കമ്പനിയെ കുറിച്ച് വിശദമായി അന്വേഷിക്കുക. നിങ്ങള്ക്ക് ഈ അനുഭവം വരാതിരിക്കട്ടെ!

Arun said...

കലക്കീ വാഴക്കോടാ! സൂപ്പര്‍! എന്റെ ഒരു സുഹൃത്ത് "അട്നോക്‌" കമ്പനിയില്‍ ജോലിയാണെന്നും പറഞ്ഞു പോയി അവിടെ ആട് നോക്കുകയാണ് എന്നാണു കേട്ടത്! ഈ പോസ്റ്റ്‌ കണ്ടപ്പോള്‍ അതോര്‍ത്തു ചിരിച്ചു....
ഓ.ടോ:ഈ എന്‍ ഐ എഫ്‌ ഇ ക്കാര്‍ നൂറോളം ബ്രാന്ച്ച് തുടങ്ങി എന്നാണു അറിഞ്ഞത്.

NAZEER HASSAN said...

മജി,
നന്നായിട്ടുണ്ട് ..
പോസ്റ്റ്‌ വായിച്ചപ്പോള്‍ എന്റെ ഒരു കൂട്ടുകാരന്റെ അനുഭവം ആണ് ഓര്‍മ വന്നത്. അവന് ഷവര്‍മ മേകേര്‍ എന്നാ വിസ യാണ് കിട്ടിയത്. പക്ഷെ experience സര്‍ട്ടിഫിക്കറ്റ് ഇല്ല . അപ്പോള്‍ agent പറഞ്ഞു നോ പ്രോബ്ലം അത് നമ്മുക്ക് ശരിയാക്കാം. ഉടനെ ഒരു ലൈതില്‍ നിന്നും experince ceritficate മായി agent‍ എത്തി . ഇവനോ വിസ നല്‍കിയ agent ണോ അറിയില്ല ഷവര്‍മ maker‍ എന്ന് പറഞ്ഞാല്‍ എന്താണ് എന്ന് ..? ലൈതിലെ experience മായി ഗള്‍ഫ്‌ ലെ ഹോട്ടലില്‍ എത്തിയാലുള്ള കഥ പിന്നെ പറയണ്ടല്ലോ .. വഴകോടന്‍ പറഞ്ഞ പോലെ കൃത്യമായി ഒരു ധാരണ യില്ലാതെ ഈ പണിക്കു നില്കരുത്..
നസി

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം, ഇപ്പോഴും കൂടി ആ പരസ്യം കണ്ടിട്ടേ ഉള്ളൂ.

ഉള്ള ജോലി രാജിവച്ച് ആ കോഴ്സിനു ചേര്‍ന്നാലോ എന്ന് ആലോചിക്കുകയാ.
:)

അനില്‍ശ്രീയുടെ പോസ്റ്റ് കണ്ടുരുന്നല്ലോ അല്ലെ?

അനില്‍ശ്രീ... said...

വാഴക്കോടാ.. ഇങ്ങനെ എന്തെല്ലാം പുതിയ കോഴ്സുകളാണോ ഇനി അവര്‍ കണ്ടു പിടിച്ചു കൊണ്ടു വരുന്നത്? റോഡ് പണിക്ക് "ഷവല്‍" ഓപ്പറേറ്റര്‍ - ഇവിടെ എന്നും വേക്കന്‍സി ഉള്ള ഒരു പണിയാണ്. പാകിസ്ഥാനികളുടെ വയറ്റത്തടിക്കാന്‍ ഒരു ഷവലുമായി ഇങ്ങോട്ട് കയറ്റി വിടാവുന്നതാണ്. അതുപോലെ മേസന്‍, മൈക്കാട് തുടങ്ങിയവയും പരീക്ഷിക്കാം... ചൂടു കൂടുതലായതിനാല്‍ ചെടികള്‍ക്ക് വെള്ളമൊഴിക്കുന്ന പണി എന്നുമുണ്ടാകും... അതും നോക്കാം...

ഓരോരോ തട്ടിപ്പുകള്‍..

Joker said...

കൊട് കൈ...

ലിഫ്റ്റ് ടെക്നോളജി പഠിച്ചാല്‍ ഇങ്ങനെയെങ്കിലും ഒരു പണിയുണ്ടല്ലോ, ഐ.ടി. ഐ.ടി എന്നും പറഞ്ഞ് നടന്നവര്‍ ഇപ്പോല്‍ ചൊറിയും കുത്തിയിരിപ്പാ......അത് മറാക്കേണ്ട.

പാവപ്പെട്ടവൻ said...

ഞങ്ങളുടെ മാനേജര്‍ തടിച്ചു കൊഴുത്ത ഒരു പാകിസ്ഥാനിയാണ്. നല്ല ചന്ദനത്തിന്റെ സുഗന്ദവും കസ്തൂരി മഞ്ഞളിന്റെ കാന്തിയും ഒത്തിണങ്ങിയ ഒരു പ്രകൃതിയുടെ ദുരന്തം
എന്‍റെ...... അപ്പാ, ഇതങ്ങു കലക്കി അപ്പാ..

പണ്യന്‍കുയ്യി said...

വളരെ വളരെ ശരി ജോലിയുന്ടെന്നു പറഞ്ഞു ഇല്ലാത്ത പാഠങ്ങള്‍ പഠിപ്പിച്ചു കാശ് കൊയ്യുന്നവര്‍ ഇതൊന്നു വായിച്ചിരുന്നെങ്കില്‍ .................

കാപ്പിലാന്‍ said...

വാഴേ ,
പോഴത്തരം ഇഷ്ടപ്പെട്ടൂ .പക്ഷേ ചിരിക്കാന്‍ കഴിയുന്നില്ല കാരണം വളരെക്കാലം ഒരു പ്രവാസിയായി ഗള്‍ഫിന്റെ വയല്‍ പ്രദേശങ്ങളില്‍ താമസിച്ച ഒരുവന്‍ എന്ന രീതിയില്‍ സത്യത്തില്‍ ഇത് കാണുമ്പോള്‍ വിഷമം ആണ് തോന്നുന്നത് .

കേരളത്തിലെ ഏറ്റവും വലിയ കയറ്റുമതിയാണ് മനുഷ്യ സമ്പത്ത്‌ .അതിന്റെ നല്ലൊരു ഭാഗം പോകുന്നത് ഗള്‍ഫിലേക്ക് .നാട്ടില്‍ ജീവിക്കാന്‍ വകയില്ലാതെ, ഒരു ഗതിയും പരഗതിയും ഇല്ലാതെ കിട്ടുന്ന വിസയില്‍ ചാടികകയരുന്നവരാന് മുക്കാല്‍ പങ്കും .ചിലരൊക്കെ ഭാഗ്യം കൊണ്ട് രക്ഷപ്പെടും ചിലരുടെ ഗതി അധോഗതി തന്നെയായിരിക്കും .അവിടെ ചെല്ലുമ്പോള്‍ ഈ പറഞ്ഞപോലെ പ്രകൃതിയുടെ ദുരന്തങ്ങളായ വല്ല പാക്കിസ്ഥാനിയുടെയും കീഴില്‍ പണിയെടുക്കേണ്ടി വരും .

ഒരു ദിര്‍ഹത്തിനു നാല് കുബ്ബുസും അമ്പതു പൈസയുടെ തൈരും ഉണ്ടെങ്കില്‍ അവന്‍ കഴിഞ്ഞു കൂടും .ജീവിക്കാനും ,ജീവിപ്പിക്കാനും ഉള്ള നെട്ടോട്ടം .

ഗള്‍ഫ്‌മലയാളികളുടെ ക്രീം ലയര്‍ ആണ് ഈ ബ്ലോഗിലും മറ്റും കളിക്കുന്നത് .അവരുടെ കുടുംബം കൂടെകാണും ,അധികം കഷ്ടപ്പാടുകള്‍ ജീവിതത്തില്‍ ഇല്ല .നല്ല ജോലി .പക്ഷേ നമ്മള്‍ അവര്‍ക്കും താഴെയുള്ള നല്ലൊരു പങ്ക് ജനങ്ങളെക്കുറിച്ച് ചിന്തിക്കണം . ഇങ്ങനെയുള്ളവരെ ജീവിക്കാന്‍ ഒരു തൊഴില്‍ ( അതെന്തുമാകട്ടെ ) പഠിപ്പിക്കുന്നത്‌ നല്ലതാണ് എന്നാണ് എന്‍റെ പക്ഷം .പരസ്യങ്ങള്‍ ഞാനും കാണാറുണ്ട്‌ .അപ്പോഴെല്ലാം ഞാനീ കാര്യത്തെ കുറിച്ചൊക്കെ ചിന്തിക്കാറുണ്ട് .

(അവരെക്കുറിച്ച് മനസിലാക്കണം എങ്കില്‍ അതിനുള്ള സെന്‍സ്‌ ഉണ്ടാവണം , സെന്സിടി ഉണ്ടാകണം , സെന്സിബിളിറ്റി ഉണ്ടാകണം .ജസ്റ്റ്‌ ഡിസംബര്‍ താറ്റ്‌.)

:)

അങ്കിള്‍ said...

കാപ്പിലാനേ,
“ഒരു ഗതിയും പരഗതിയും ഇല്ലാതെ കിട്ടുന്ന വിസയില്‍ ചാടികകയരുന്നവരാന് മുക്കാല്‍ പങ്കും“

ഇതു പണ്ടത്തെ കാര്യമല്ലേ കാപ്പിലാനേ. എന്റെ ചെറുപ്പ കാലത്ത് ഇങ്ങനെയായിരുന്നു കാര്യങ്ങള്‍. കാരണം അന്നു വിദ്യഭ്യാസം ഒന്നു ഇല്ലാതെ അലഞ്ഞ് തിരിഞ്ഞ് സാമൂഹ്യവിദുദ്ധനായി മാറാവുന്ന ഘട്ടത്തില്‍ കീടപ്പാടം വരെ വിറ്റ് കപ്പല്‍ കയറ്റുന്ന പതിവുണ്ടായിരുന്നു.

ഇന്നു അങ്ങനെയാണോ. നല്ല വിദ്യാഭ്യാസം നേടിയവരല്ലേ വിമാനം കയറുന്നത്. മുടക്കുന്ന പണത്തിനു വ്യത്യാസമില്ലായിരിക്കാം. എന്നാലും ഇപ്പോള്‍ പ്രവാസിയാകുന്നതില്‍ ഏറെ ഭാഗവും തൊഴിലാളികളല്ലാത്തവരല്ലേ.

നമ്മള്‍ ബ്ലോഗില്‍ കൂടെ പരിചയപ്പെടുന്നവരില്‍ ആരെങ്കിലും ഇപ്പറഞ്ഞ തൊഴിലാളി വര്‍ഗ്ഗത്തില്‍ പെടുന്നവരുണ്ടോ. അറിവിനു വേണ്ടി ചോദിക്കുന്നതാണ്.

അങ്ങനെയുള്ളപ്പോള്‍ കാപ്പിലാന്റെ മേല്പറഞ്ഞ വാചകം ഒരു sympathy create ചെയ്യാനേ ഉപകരിക്കൂ. തെറ്റുണ്ടെങ്കില്‍ തിരുത്തൂ.

വാഴക്കോടന്റെ പരിഹാസം ഇന്നത്തെ ലിഫ്റ്റ് പരസ്യത്തിനു ഒത്ത മറുപടിയായിട്ടുണ്ട്. അഭിനന്ദനങ്ങള്‍

ബിനോയ്//HariNav said...

വാഴമാഷേ, പ്രസക്തമായ പോസ്റ്റ്.

എന്തുതരം പ്രോഡക്റ്റ് ആണെങ്കിലും ഉപഭോക്താവിനെ ആകര്‍‌ഷിക്കാനും പലപ്പോഴും തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുന്ന പരസ്യതന്ത്രങ്ങള്‍ എന്നുമുണ്ടാകും. അതിനു നിയന്ത്രണങ്ങള്‍ കൊണ്ടുവരിക പ്രായോഗികമായി ബുദ്ധിമുട്ടാണ്. ഉപഭോക്താവായിരിക്കുന്നവന്‍ താന്‍ തിരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്ന ഉല്‍‌പ്പന്നത്തേക്കുറിച്ച് ബോധവാനായിരിക്കുക എന്നതാണ് പ്രധാനം.

Fire & Safety വളരെ തൊഴില്‍ സാദ്ധ്യതകളുള്ള ഒരു മേഖല തന്നെയാണ്. പരസ്യങ്ങള്‍ പറയുന്നപോലെ 40,000 അല്ല ലക്ഷങ്ങള്‍ തന്നെ ശമ്പളം വാങ്ങുന്നവര്‍ ഈ മേഖലയിലുണ്ട്. പക്ഷേ പത്താംക്ലാസ് മാത്രം പഠിച്ച് Fire & Safety യുടെ ആറുമാസത്തെയോ ഒരുവര്‍ഷത്തെയോ കോഴ്സ് കഴിഞ്ഞിറങ്ങുന്നവന് അത്തരം ജോലി ലഭിക്കുക എളുപ്പമല്ല എന്നു മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മതിയാകും. അതേസമയം തന്നെ പ്രാഥമികവിദ്യാഭ്യാസം മാത്രമുള്ളവന്‍ എങ്ങിനെയെങ്കിലും ഒരു വിസിറ്റുവിസയും സം‌ഘടിപ്പിച്ച് ഗള്‍ഫില്‍ വന്നിറുങ്ങുന്നതുകൊണ്ട് ഉണ്ടാകുന്ന ആപത്തിന്‍റെ ആഘാതം കുറക്കാന്‍ ഇത്തരമൊരു കോഴ്സ് എന്തുകൊണ്ടും നല്ലതു‌തന്നെ. ലഭിക്കുന്ന ശമ്പളം പതിനായിരത്തില്‍‌നിന്നും ഇരുപതോ ഇരുപത്തഞ്ചോ ആയി മാറിയേക്കാം. സാങ്കേതികവിദ്യാഭ്യാസവും തൊഴില്‍‌പരിചയവും ഉള്ളവര്‍ക്ക് Fire & Safety കോഴ്സുകള്‍ മെച്ചപ്പെട്ട സാധ്യതകള്‍ നല്‍കുന്നുണ്ട്.

പിന്നെ ലിഫ്റ്റ് ടെക്നോളജിയുടെ കാര്യം."നാടിന്‍റെയും നിങ്ങളുടെയും ഉയര്‍ച്ചക്ക്" എന്ന പരസ്യവാചകം സാങ്കേതികമായി സത്യമാണ്. ലിഫ്റ്റ് മുകളിലേക്ക് പോകാനുള്ള യന്ത്രമാണല്ലോ. പക്ഷെ പോണപോലെ സാധനം താഴേക്കും വരും എന്നു മറക്കരുത്. ഇപ്പോള്‍തന്നെ നല്ല ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍ ടെക്നീഷ്യന്മാര്‍ ചെയ്തുകൊണ്ടിരിക്കുന്ന തൊഴിലാണിത്. ലിഫ്റ്റ് ടെക്നോളജിയില്‍ സ്പെഷ്യലൈസേഷനു പോകുന്നവരുടെ സാദ്ധ്യതകള്‍ "ലിഫ്റ്റ്" എന്ന narrow ആയ ഫീല്‍‌ഡില്‍ ഒതുങ്ങിപ്പോകും എന്നു മറക്കരുത്.

വാഴേ ഞാനല്‍‌പ്പം വിഹാരഫരിതനായിപ്പോയി. ക്ഷമി :)

ആർപീയാർ | RPR said...

ഇവന്മാരെ കുറിച്ച് നാലു വർത്തമാനം പറയണമെന്ന് വിചാരിച്ചിട്ട് നാളു കുറേയായി. .. എന്തായാലും ഇതു നന്നായി..

ആശംസകൾ

ബഷീർ said...

..പ്രകൃതിയുടെ ദുരന്തം ‘.. അനുഭവിക്കുന്നവരുടെ വേദന മനസ്സിലാക്കാൻ ഉതകുന്ന കത്ത്..


ഉള്ള പണി വിട്ട് ലിഫ് റ്റിൽ കയറിയാലോന്ന് വിചാരിച്ചതായിരുന്നു. ഇനി വിചാരിക്കാൻ തന്നെ വിചാരിക്കില്ല എന്ന ഒരു വീണ്ടു വിചാരമുണ്ടാക്കിതന്നതിൽ നന്ദി

ചില നേരത്ത്.. said...

വാർപ്പിനു കമ്പി എക്സ് ആകൃതിയിൽ കെട്ടുന്നത് ‘ എക്സ്‌‌റേ വെൽഡിംഗ്’ വെച്ചല്ല. സ്റ്റീൽ റീ ഇൻഫോഴ്സ്മെന്റ് വാർപ്പിന് ഉപയോഗിക്കുമ്പോൾ വെൽഡ് ചെയ്തല്ല ഉറപ്പിക്കുന്നത്. ലേഖനത്തിന്റെ മാനുഷിക വശം ശരിയായേക്കും. പക്ഷേ ടെൿ‌നിക്കൽ ആയി പറഞ്ഞിട്ടുള്ള മിക്കതും ശുദ്ധ വങ്കത്തമാണ്.
കൺ‌സ്ട്രക്ഷൻ സേഫ്‌റ്റിക്കൊക്കെ അത്യാവശ്യം ഇംഗ്ലീഷ് പറയാനും റിപ്പോർട്ടുകൾ തയ്യാറാക്കാനും അറിയാവുന്നവർക്ക് മികച്ച ജോലി സാധ്യതയുണ്ട് ഗൾൽഫിൽ. ക്വാളിറ്റി ഓഫ് എജു‌ക്കേഷൻ ആണ് പ്രധാനം. പരസ്യം സ്ഥിരം കാണാറുണ്ട്, കൺസ്ട്രക്ഷൻ ഇൻഡ‌സ്‌ട്രിയിൽ ആണ് ജോലിയും. വസ്തു‌നിഷ്ഠമായല്ല നിങ്ങൾലുടെ ലേഖനം എങ്കിലും തെറ്റിദ്ധാരണ പരത്താതിരിക്കാനാണീ കമന്റ്. (എന്റെ ആരുടേതുമല്ല, പരസ്യങ്ങളിൽ കാണുന്ന സ്ഥാപനം.)

ധൃഷ്ടദ്യുമ്നന്‍ said...

എഴുതിയത്‌ ഹാസ്യമാണെങ്കിലും വായിച്ച്‌ മനസ്സിൽ അൽപം നൊമ്പരമുണ്ടായി...

അരുണ്‍ കരിമുട്ടം said...

"ലിഫ്റ്റ്‌ ടെക്നോളജി"
ആദ്യം കത്തിയില്ല, പിന്നെ വായിച്ച് വന്നപ്പോള്‍ അറിയാതെ ചിരിച്ച് പോയി
ഇത് ഒരു പണി തന്നെ

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ലിഫ്റ്റ് ടെക്നോള്ജിയുടെ വിശാലമായ ഈ സാധ്യതകളുംകൂടെ കണക്കിലെടുത്ത് ലവന്‍മാരിനിയും ഫീസ് വര്‍ദ്ധിപ്പിക്കുമോന്നാ എന്റെ പേടി !

ANOOP said...

അവിടെയെങ്ങാനും മുടി വെട്ടുന്ന ഒരു പണി കിട്ടുമോ? പ്രസ് അക്കാദമിയില്‍ പോയി വാര്‍ത്ത വെട്ടാന്‍ പഠിച്ചിട്ടുണ്ട്. . . . .

പകല്‍കിനാവന്‍ | daYdreaMer said...

:) ഹഹ ..
തമാശ ആയി എഴുതിയെങ്കിലും അവസരോചിതമായ പോസ്റ്റ്‌. ഇത്തരം കപട വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ നമ്മുടെ മാധ്യമങ്ങളും ഒരു വലിയ പങ്കു വഹിക്കുന്നു. ഇപ്പോഴും ഇവിടെ നിരവധി ആളുകള്‍ നിരന്തരം കബളിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു..
ബിനോയ്‌ യുടെ കമെന്റും നന്നായി.. ആശംസകള്‍..

സമീര്‍ അലി I Samir Ali said...

:)

മെലോഡിയസ് said...

അനില്‍ശ്രീയുടെ ഇതേ കുറിച്ചുള്ള പോസ്റ്റ് കണ്ടപ്പോള്‍ ഞാന്‍ ഇതിനെ പറ്റി എന്റെ അഭിപ്രായം പറഞ്ഞിരുന്നു. നാട്ടില്‍ ഇത് പോലെയുള്ളെ ഒരു സ്ഥാപനത്തില്‍ നിന്ന് തന്നെയാണ് ഞാനും പഠിച്ചിറങ്ങിയത്. ഇവിടെ വന്നതിന് ശേഷം വളരെ ഭേദപ്പെട്ട ജോലി തന്നെയാണ് കിട്ടിയതും. ഇവിടെ വന്ന് ജോലിക്ക് കയറിയതിന് ശേഷമാണ് നാട്ടില്‍ നിന്ന് പഠിച്ചത് വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമാണ് എന്ന് മനസിലായത്. ഇത് സംബന്ധമായ ഒരു പാട് കോഴ്സുകള്‍ ഇനിയും ഉണ്ട്. അതും ഇവിടെയുള്ള ജോലിയില്‍ ഉള്ള പരിചയം കൂടെ ഉണ്ടെങ്കില്‍ ഈ മേഖലയില്‍, അതായത് HSEല്‍ ഒരു പാട് ജോലി സാധ്യതകള്‍ ഉണ്ട്.

നാട്ടില്‍ ഈ വക കോഴ്സുകള്‍ക്ക് ചേരുന്നതിന് മുമ്പ് കുറച്ച് കാര്യങ്ങള്‍ നോക്കുന്നത് നന്ന്..

1) തനിക്ക് ഈ ജോലി ചെയ്യാന്‍ പറ്റുമോ?
2) ആവശ്യത്തിന് തണ്ടും തടിയും..ഇവിടെ നട്ടറ വെയിലത്ത് നില്‍ക്കാനും, ഒരു ബുദ്ധിമുട്ടും കൂടാതെ ജോലി ചെയ്യാനും ഉള്ള കഴിവ്..ശരീരം മാത്രം പോരാ, അല്പം കമാന്‍ഡിങ്ങ്, ഡിമാന്റിങ്ങ് പവര്‍ ഇതൊക്കെ ഇതിന് വേണം.
3) ആളുകളോട് നല്ല രീതിയില്‍ പെരുമാറാന്‍ ഉള്ള കഴിവ്.
4)ഏത് മേഖലയിലാണോ ജോലി ചെയ്യാന്‍ പോകുന്നത്, അതിനെ പറ്റി കുറച്ച് ടെക്നിക്കല്‍ ആയിട്ടുള്ള അറിവ്.
5)നാട്ടില്‍ ഇതൊക്കെ കഴിഞ്ഞ് നേരേ ആ സര്‍ട്ടിഫിക്കേറ്റും കൊണ്ട് വന്നാല്‍ ഉടനേ പണി ഇവിടെ എടുത്ത് വെച്ചിരിക്കുന്നു എന്ന് കരുതേണ്ട. നാട്ടില്‍ എവിടെയെങ്കിലും ഒരു വര്‍ഷം എങ്കിലും വര്‍ക്ക് എക്സ്പീരിയന്‍സ് ഒപ്പിച്ചാല്‍ ഇവിടെ ഇന്റര്‍വ്യു ചെയ്യുമ്പോള്‍ അധികം വെള്ളം കുടിക്കേണ്ടി വരൂല്ല.

ഇത്രയും ഒക്കെ ഉണ്ടെങ്കിലും തലേവര എന്ന ഒരു സാധനം കൂടെ ഉണ്ടെങ്കില്‍ നല്ല പണി കിട്ടും.

എന്ത് തന്നെയായാലും ടെക്നിക്കല്‍ ആയിട്ടുള്ള ഡിപ്ലോമ ഒക്കെ ഏടുത്തതിന് ശേഷം സേഫ്റ്റി കോഴ്സുകള്‍ ചെയ്യുന്നതാകും ഏറ്റവും നല്ലത്.

- സാഗര്‍ : Sagar - said...

പൊളിച്ചു..

വാഴക്കോടന്‍ ‍// vazhakodan said...

പ്രിയപ്പെട്ട കൂട്ടുകാരെ,
ഇത് എന്റെ ഒരു കൂട്ടുകാരന്റെ അനുഭവത്തില്‍ നിന്നും നിര്‍ഗളിച്ചു ബഹിര്‍ഗമിച്ച പോസ്റ്റാണ്.ലിഫ്റ്റ്‌ ടെക്നൊളജി ഇതാണ്, സേഫ്ടി ടെക്നോളജി ഇന്നതാന്നോ, എക്സ്റേ വെല്ടിംഗ് എന്താണെന്നോ എന്ന് പറയാനല്ല ഞാന്‍ ഉദ്ദേശിച്ചത്. അനര്‍ഹരായ ഉദ്യോഗാര്‍ത്തികളെ സൃഷ്ടിച്ചു വിടുന്ന ഈ ഇന്‍സ്ടിട്യൂട്ടുകളുടെ കപട മുഖം വെളിവാക്കാന്‍ വേണ്ടി മാത്രം. ഈ വങ്കത്തരം തന്നെയല്ലേ പോഴത്തരം?
ഈ പറയുന്ന ഇന്‍സ്ടിട്യൂട്ടുകളുടെ സപ്രിട്ടിപ്പറ്റൊപ്പിനു (Certificate ) ഗള്‍ഫിലെ ഏതെങ്കിലും എംബസ്സിയില്‍ നിന്നും അറ്റസ്റെഷന്‍ ചെയ്തു കൊടുക്കുന്നുണ്ടോ? ഇല്ല എന്നാണു അറിവ്. അത് കൊണ്ട് അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും അംഗീകാരമുള്ള കോഴ്സുകള്‍ പഠിച്ചു വരിക. അതാണ്‌ വേണ്ടത്. ഫയര്‍ & സേഫ്ടി ഓഫീസര്‍ ഒരു ലക്ഷത്തിനു മുകളില്‍ ശമ്പളം വാങ്ങുന്നത് എനിക്ക് നേരിട്ട് അറിയാം. ആരെയും മോശമായി ചിത്രീകരിക്കാനും ഞാന്‍ ശ്രമിച്ചിട്ടില്ല എന്ന് കരുതുന്നു. ഒരു ട്രാവല്‍ ഡെസ്കില്‍ ഇരിക്കുമ്പോള്‍ വന്നിട്ട് ഒരു മാസത്തിനു മുന്‍പ് തിരിച്ചു പോകേണ്ടി വരുന്നവരുടെ കണ്ണിലെ ദയനീയതയ്ക്ക് ഇത് പോലെ ഒത്തിരി കഥകള്‍ പറയാനുണ്ട്. ഒരു നിശ്വാസത്തോടെ കേള്‍ക്കാറുമുണ്ട്. ഇനിയും ഇത്തരം ചതിയില്‍ ആരും പെട്ട് പോകാതിരിക്കാന്‍ ഒരു ബ്ലോഗര്‍ എന്ന നിലയില്‍ ഒരെളിയ ശ്രമം നടത്തി എന്ന് മാത്രം.
അംഗീകാരമുള്ള കോര്‍സ് അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും പഠിക്കുക. കമ്പനിയെ കുറിച്ച് അന്വേഷിക്കുക. എല്ലാവര്‍ക്കും നല്ലത് വരട്ടെ.
അഭിപ്രായം അറിയിച്ച ഏല്ലാവര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.
സസ്നേഹം,
വാഴക്കോടന്‍

ബോണ്‍സ് said...

വാഴകോടാ..നല്ല പോസ്റ്റ്‌. നാട്ടില്‍ ആയിരുന്നപോള്‍ ഇവന്മാരുടെ ഇന്‍സ്റ്റിറ്റ്യൂട്ട് കൊടുക്കുന്ന പരസ്യം കണ്ടു ഞെട്ടിയിട്ടുണ്ട്. കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണല്ലേ? അനില്‍ശ്രീയുടെ പോസ്റ്റും വായിച്ചു. മൊത്തത്തില്‍ നാട്ടില്‍ ഇങ്ങനെ കോഴ്സ് നടത്തി ആളുകളെ പറ്റിക്കുന്നവരെ പറ്റി അന്വേഷിച്ചു അവന്മാരെ ചങ്ങലകിടാന്‍ ആരും ഇല്ലല്ലേ?

ഹന്‍ല്ലലത്ത് Hanllalath said...

അനില്‍ ശ്രീയുടെ പോസ്റ്റ്‌ മുമ്പേ വായിച്ചിരുന്നു...


പക്ഷെ മുകളില്‍ വാഴക്കോടന്‍ തമാശ ആയിട്ടാണെങ്കിലും പറഞ്ഞതില്‍ അല്പം കാര്യമില്ലേ..?
ഗള്‍ഫില്‍ ജോലി തേടി പോകുന്ന പലരും ലോണ്‍ എടുത്തു പഠിച്ചവര്‍ വരെ കാണും...
ബൂലോകം പ്രതിനിധീകരിക്കുന്നത് സമ്പന്ന മധ്യ വര്‍ഗ്ഗ സമൂഹത്തെ മാത്രമാണ്.
അത് കൊണ്ട് തന്നെ ബൂലോകത്ത് ഇതൊക്കെ ചിരിക്കാനുള്ള വക മാത്രമായിരിക്കും,..

നര്‍മ്മത്തിലൂടെ അവതരിപ്പിച്ച വാഴക്കോടന് അഭിനന്ദനങ്ങള്‍...

Typist | എഴുത്തുകാരി said...

തമാശയായിട്ടാണെങ്കിലും പറഞ്ഞിരിക്കുന്ന കാര്യം വളരെ പ്രസക്തമാണ്. അനില്‍ശ്രീയുടെ പോസ്റ്റും വായിച്ചിരുന്നു.പരസ്യം കാണേണ്ടതാണ്. എങ്ങനെയാണെങ്കിലാ രക്ഷപ്പെടുക എന്നോര്‍ത്തിരിക്കുമ്പഴാ ഇത്തരം പരസ്യം കാണുക.അറിയാതെ വീണുപോകും.

കാപ്പിലാന്‍ said...

@ അങ്കിള്‍ -തൊഴില്‍ ചെയ്തു ജീവിക്കുന്നവര്‍ എല്ലാം തൊഴിലാളികള്‍ എന്ന ഒരു കാര്യം മാത്രമേ എനിക്കറിയൂ .ബ്ലോഗില്‍ അങ്ങനെ മുതലാളികള്‍ ആരെങ്കിലും ഉണ്ടോ എന്നെനിക്കറിയില്ല .തൊഴിലില്‍ ഉണ്ടാകുന്ന വലുപ്പ ചെറുപ്പങ്ങള്‍ കാണും .ഞാന്‍ പറഞ്ഞത് തൊഴിലാളികളില്‍ തന്നെ ഉന്നത നിലവാരം ഉള്ളവരാണ് ബ്ലോഗില്‍ എന്നാണ് .
ഉന്നത വിദ്യാഭ്യാസം ഉള്ളവര്‍ മാത്രമാണോ ഇപ്പോള്‍ ഗള്‍ഫില്‍ പോകുന്നത് ? അല്ല എന്നാണ് എന്‍റെ കാഴ്ചപ്പാട് .ജീവിക്കാന്‍ ഒരു തൊഴില്‍ അതാണ്‌ ലക്‌ഷ്യം .ഈ ഉന്നത വിദ്യാഭ്യാസം ഉള്ളവര്‍ തന്നെ അവിടെപ്പോയി അവര്‍ പഠിച്ച ജോലിയാണോ ചെയ്യുന്നത് ? അതും അല്ല . അങ്ങനെ കിട്ടുക എന്നത് തന്നെ ഒരു ഭാഗ്യം ആയി കരുതുക .വളരെ നല്ല വിദ്യാഭ്യാസം ഉള്ളവര്‍ തന്നെ ഏറ്റവും താഴെ തട്ടില്‍ ഉള്ള ജോലിയും ചെയ്തു സന്തോഷത്തോടെ ( വീട്ടുകാര്‍ക്കെങ്കിലും ) ജീവിക്കുന്നവരും ഉണ്ട് .
പണ്ട് ഗള്‍ഫില്‍ പോയവര്‍ സാമൂഹികവിരുദ്ധര്‍ ആയിരുന്നു എന്ന അങ്കിള്‍ കാഴ്ചപ്പാടിനോട് എനിക്ക് ഒരു കാലത്തും യോജിക്കാന്‍ കഴിയില്ല .ഞാന്‍ പറഞ്ഞ ഒരു ഗതിയും പരഗതിയും എന്ന വാക്ക് ആ അര്‍ത്ഥത്തിലല്ല .ജീവിക്കാന്‍ നിവര്‍ത്തിയില്ലാതെ പലരും ആ കാലത്ത് കടല്‍ കടന്നു പോയിരുന്നു . ഇന്നത്തെ ഒരു സാഹചര്യം ആയിരുന്നില്ല ആ സമയം .കത്തുന്ന ചൂടില്‍ തകര ടെന്ടിനുള്ളില്‍ നനച്ച തോര്‍ത്തുകള്‍ മാറി മാറി ശരീരത്ത് ഇട്ടു ചൂടിനെ അതിജീവിച്ചവരെ എനിക്കറിയാം .കഷടപ്പാടില്‍ കൂടി ജീവിച്ചവര്‍ .അവരില്‍ ചിലരെങ്കിലും ഇന്ന് ഗള്‍ഫില്‍ നല്ല രീതിയില്‍ ജീവിക്കുന്നു .

മഹാഗവി കാപ്പിലാന്റെ " നിഴല്‍ ചിത്രങ്ങള്‍ " എന്ന ബുസ്തകത്തില്‍ ഗള്‍ഫിലെ എന്‍റെ പ്രിയപ്പെട്ട തൊഴിലാളികള്‍ക്ക്‌ സമര്‍പ്പിച്ച ഒരു ഗവിതയുണ്ട് മുക്കുവന്‍ എന്ന പേരില്‍ അത് വായിക്കണം . എന്താണ് ഗള്‍ഫ്‌ എന്ന് അതില്‍ പറയുന്നുണ്ട് .

എന്‍റെ ഒരു കാര്യം. എല്ലാവരും കൂടി എന്നെ കൊണ്ട് എഴുതിപ്പിക്കും :)

kunjadu said...

:):)

Anil cheleri kumaran said...

ഹ.ഹ. ഇതു പോഴത്തരമൊന്നുമല്ല. രസായിട്ടുണ്ട്. അപ്പന്റെ അന്തപ്പന്റ്റെ കത്ത്.
...നല്ല ചന്ദനത്തിന്റെ സുഗന്ദവും കസ്തൂരി മഞ്ഞളിന്റെ കാന്തിയും ഒത്തിണങ്ങിയ ഒരു പ്രകൃതിയുടെ ദുരന്തം...
അതു കലക്കി.

അങ്കിള്‍ said...

പണ്ട് കപ്പല്‍ കയറിയവരെല്ലാം സാമൂഹ്യവിരുദ്ധരെന്നു ഞാന്‍ പറഞ്ഞില്ലല്ലോ, കാപിലാനേ. എന്റെ കമന്റ് വായിച്ചു നോക്കു.

അന്നത്തെ തൊഴിലാളികളും, ഇന്നുള്ള ബൂലോഗ തൊഴിലാളികളും വ്യത്യസ്ഥ സാഹചര്യങ്ങളിലാണ് കഴിഞ്ഞു കൂടുന്നതെന്ന തോന്നല്‍ എനിക്കുണ്ട്, ശരിയായിരിക്കണമെന്നില്ല.

Anitha Madhav said...

ഈ പോസ്റ്റും കലക്കീ വാഴക്കോടാ.
സത്യം പറഞ്ഞാ എന്റെ പപ്പയ്ക്കും ഈ പോസ്റ്റ്‌ വലിയ ഇഷ്ടമായി. പപ്പാ ഫയര്‍ & സേഫ്റ്റി ഓഫീസര്‍ ആണ്. ഐടി കഴിഞ്ഞ് ഈ മേഘലയിലേക്ക് കടക്കാനാണ് പപ്പയുടെ ഉപദേശം. പത്താം ക്ലാസും പ്ലസ്‌ ടു വോക്കെ കഴിഞ്ഞ് ഇത്തരം അനധികൃത കോഴ്സുകള്‍ പഠിച്ചാല്‍ ഇപ്പറഞ്ഞ ജോലിക്കെ യോഗ്യത ഉണ്ടാവൂ എന്നും അതിനാല്‍ എല്ലാവരും അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഗവ:അംഗീകൃത കോഴ്സുകള്‍ ചെയ്തു,ഏത് കമ്പനിയിലെക്കാണ് വരുന്നത് എന്ന് വ്യക്തമായി അന്വേഷിച്ചു വേണം വരാന്‍ എന്നുള്ള ഉപദേശവും പപ്പ നല്‍കുന്നു.
വാഴക്കോടാ,തമാശയാണെങ്കിലും വളരെ നല്ല പോസ്റ്റ് തന്നെ! കാലപ്രസക്തം ആശംസകള്‍...

കാപ്പിലാന്‍ said...

"പണ്ടത്തെ കാര്യമല്ലേ കാപ്പിലാനേ. എന്റെ ചെറുപ്പ കാലത്ത് ഇങ്ങനെയായിരുന്നു കാര്യങ്ങള്‍. കാരണം അന്നു വിദ്യഭ്യാസം ഒന്നു ഇല്ലാതെ അലഞ്ഞ് തിരിഞ്ഞ് സാമൂഹ്യവിദുദ്ധനായി മാറാവുന്ന ഘട്ടത്തില്‍ കീടപ്പാടം വരെ വിറ്റ് കപ്പല്‍ കയറ്റുന്ന പതിവുണ്ടായിരുന്നു."

ഇത് അങ്കിള്‍ എഴുതികണ്ടപ്പോള്‍ എന്‍റെ ആത്മരോഷം കൊണ്ട് ഞാന്‍ എഴുതിയതകാം .അങ്കിള്‍ന്റെ നാട്ടില്‍ അങ്ങനെ ഉണ്ടായി എന്നിരിക്കാം .പക്ഷേ എല്ലാവരും അങ്ങനെ ആകണം എന്നില്ലല്ലോ . ഇവിടെ എഴുതി കണ്ടപ്പോള്‍ പണ്ടുള്ളവര്‍ എല്ലാം അങ്ങനെ അല്ലേ ? എന്നൊരു സന്ദേശം വന്നു .പണ്ടത്തെ ഏറ്റവും വലിയ ശരാശരി വിധ്യഭ്യസമാണ് സിക്സ് പാസാകുക എന്നത് .അത് പാസായാല്‍ ഒന്നുകില്‍ പട്ടാളം അല്ലെങ്കില്‍ ഗള്‍ഫ്‌ .ഗള്‍ഫില്‍ കള്ള ലോന്‍ച്ച് കയറിയും പലരും പോയിട്ടുണ്ട് .പട്ടാളത്തിലും പോയിട്ടുണ്ട് .അന്നൊക്കെ ഒരു മാങ്ങാതൊലിയും ഇല്ലാതെ പട്ടാളത്തില്‍ എടുക്കുമായിരുന്നു .അതെല്ലാം പഴയ കഥകള്‍

വിട്ടു കള.

എന്‍റെ ആരും പണ്ടെങ്ങും ഗള്‍ഫില്‍ പോയിട്ടില്ലേ :) . എന്‍റെ ഓരോ കാര്യങ്ങള്‍ . കാണുന്നിടത്തെല്ലാം കയറി തൂങ്ങും .

Calvin H said...

നന്നായി ....

വാഴക്കോടന്‍ ‍// vazhakodan said...

Hi Majeed,

I have read your funny assesment. so nice. kindly send to the NIFE(education business).
the people in dubai know the real thing. but the people in kerala think this job is so nice.
Safety officer job is so risky. why the company appoint asafety officer hear? if any accident happend they can point aperson. the company can escape from heavy fine.

Furthermore they will not advertise the risk behind the job. if you get a as a safety officer here in dubai he is the sole responsible person on construction site. if any fattality/ accident happend on site the police will arrest the concerned safety officer and detained his passport. the safety officer's documents (training given to the laborer to be documented)are not clear he will be punished.

any way thank you for your funny comments.

regards
Muhammed faisi
(Email received from Mr.Muhammed Faisi)

വാഴക്കോടന്‍ ‍// vazhakodan said...

Hello Abdul,(vazhakodan)

I saw one of your article getting circulated in other yahoogroups without your name or link.

I took it from your blog and posted it to MalayalamFun group.
Hope you don't have any issue.

I saw one of your mail in my personal yahoo id.


Your 'Lift Technology' is really good.
Expecting more mails from you.

Thanks
Arun

(Arun there is no issue, that we had agreed earlier, so go on)
*******************************

Dear Friends,

I had given the authority to circulate my posts to "Malayalam Fun group only. If any others doing so without my name or blog link, please stop circulating in such a manner.This is a free sevise I am enjoying from Google and you also please enjoy!(if it is funny)
I hope no one will make the malpractice in future.
with Love,

Vazhakodan
(Abdul Majeed K.H)

ബയാന്‍ said...

അവര്ക്കു പിടിച്ചുനില്ക്കാ-
നെങ്കിലും ജീവിക്കാന്
ഒരു തൊഴില്( അതെന്തുമാകട്ടെ ) പഠിപ്പിക്കുന്നത് നല്ലതാണ്
നല്ലതാണ്... നല്ലതാണ്... നല്ലതാണ് -എന്ന മഹാഗവി കാപ്പിലാന്റെ " നിഴല് ചിത്രങ്ങള് " എന്ന ബുസ്തകത്തില് നിന്നു.
കാപ്പിലാന്റെ കമെന്റിനും അങ്കിളിനിടുള്ള മറുകമെന്റിനും ഒരടിവര.

നാടിനും വീടിനും ഒരു ചോദ്യചിഹ്നമാകുന്നേടത്ത് നിന്നാണ് ജോലി നോക്കിനാടുവിടേണ്ടിവരുന്നത്.(അങ്ങിനെയൊരു ക്വിസ്റ്റ്യന് മാര്ക്കായിരുന്നു ഞാനും, പിന്നെ ഒരു കുക്കിന്റെ വിസയില് അബൂദാബി യിലെത്തി ഇന്നു Rebar (re-inforcement bar) cut&bend factory project സ്വന്തമായി ചെയ്യുന്നു. ഈ വ്യവസായവുമായി ബന്ധപ്പെട്ട് താഴെക്കിടയിലുള്ള ജോലിക്കായി (2500-3500 സ്കെയില്) ആളെ തിരയുമ്പോള് നേരെ ഇംഗ്ലീഷില് പേരെഴുതാനറിയാത്ത ബീഹാറിയേയും തമിഴനേയും സിംഹളനേയും ആണ് കിട്ടാറ്, ഇതുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന മലയാളികള് കുറവാണ്. പൊതുവേ വൈറ്റ്കോളര് ജോലിയാണ് ആരും ആഗ്രഹിച്ചുപോവുക, മലയാളിയുടെ ഒരു ബലഹീനതയും കൂടിയാണിത്. ലിഫ്റ്റ് ടെക്നോളജി പഠിപ്പിക്കുന്ന ഇന്സ്റ്റിറ്റ്യൂട്ട് പോലെ കുറെ കൈതൊഴില് പഠിപ്പിക്കുന്ന ഇന്സ്റ്റിട്ട്യൂട്ട് ഉണ്ടായാല് നിര്ഭാഗ്യം കൊണ്ട് ഗള്ഫിലെത്തി,room, mess, resume,kuboos എന്നീ അനിശ്ചിതത്വത്തിന്റെ പരകോടിയില് “ നിനക്കെന്ത് ജോലി അറിയാം” എന്ന ചോദ്യത്തിനുമുന്നില് സ്വയം ആവിയാവുമ്പോള് ഒരു കൈ താങ്ങാവും.
പിന്നെ ഗള്ഫിലെ സ്പോണ്സര്ഷിപ്പ് സമ്പ്രദായത്തെ കുറിച്ചു അറിയുന്നവര്ക്കാണ് ഗല്ഫിലെ ജോലിയുടെ അനിശ്ചിതാവസ്ഥയെകുറിച്ചു കൂടുതല് പറയുന്നത് കൂടുതല് മുഖവിലയ്ക്കെടുക്കാന് പറ്റും.
“sponsorship system, which does not differ much from slavery," quoted from this news http://www.gulfnews.com/News/Gulf/bahrain/10310774.html)
“sponsorship system that gives an employer virtually complete power over his workers". Quoted from this news (http://www.gulfnews.com/nation/Government/10315073.html)



ഒരു തൊഴിലവസര(സാമ്പിള്‍) പരസ്യം കാണുക
Safety Engineer (Diving / Marine)
Job Synopsis :
ROLE AND SCOPE:-
Studies and assesses offshore projects and contracts including safety engineering, methods of executing the works and the impact on the existing personnel, properties and activities. Monitors, inspects and audits the marine spreads and diving plants operating offshore. Advises the concerned authorities on matters related to personnel, property and environment safety. Investigates causation of accidents/incidents and recommends corrective/preventive actions. Monitors and advises on the proper implementation/adherence of safety and environmental protection programmes, standards, procedures and regulations. Promotes awareness of site personnel (ADMA‑OPCO employees and contractors) to safety and environmental protection. Prepares necessary analytical and statistical reports.
Qualification :
a. Master certificate of competency (Foreign going)/engineering degree related to under water operations. b. 5-6 years experience in professional marine and diving activities in oil or oil related organisation.
(http://www.adma-opco.com/JobOpportunities/tabid/124/ctl/View/mid/438/JobId/67/Default.aspx)

ajeeshmathew karukayil said...

എന്‍ ഐ എഫ്‌ ഇ യില്‍ പഠിച്ചാല്‍ എല്ലാം നടക്കും എന്ന പരസ്യം കണ്ടു ഞങ്ങളുടെ അയല്‍വാസി തുളസി പോയി ചേര്ന്നു .മാസം മൂന്ന് തികയും മുന്പ് പഠിപ്പിച്ചിരുന്ന സാറുമായി ഒളിച്ചോടി ,വീട്ടുകാര് മൂന്ന് വര്‍ഷമായിട്ട് കല്യാണം ആലോചിച്ചിട്ടും ചൊവ്വ ദോഷം മൂലം നടക്കാതിരുന്ന പെണ്ണാ .....
അപ്പോള്‍ കമ്പനിക്കാര് പറഞ്ഞതിലും കാര്യമില്ലേ എന്‍ ഐ എഫ്‌ ഇ യില്‍ ചേര്‍ന്നാല്‍ എല്ലാം നടക്കും .വഴക്കോടന്‍ ചുമ്മാ ഇല്ല വചനം പറയാതെ ....

ബഷീർ said...

സംഗതി ഹിറ്റായി.. ഇ.മെയിൽ ഗ്രൂപ്പ് വഴി പരന്ന് കൊണ്ടിരിക്കുന്ന വിവരം അറിയിക്കുന്നു.

പക്ഷെ വാഴക്കോടന്റെ പേരു പോയിട്ട് ഒരു വാ‍ഴയില പോലും ഇല്ല എന്ന് മാത്രം :)

ബഷീർ said...

കൂടുതൽ വിവരം കിട്ടിയാൽ അറിയിക്കാം

വാഴക്കോടന്‍ ‍// vazhakodan said...

ബഷീറേ,
ഇതൊരു രസത്തിന് വേണ്ടി എഴുതിയതാണ്, അത് പലരെയും രസിപ്പിക്കുന്നുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം. ചിലര്‍ ഈ പ്രശ്നത്തെ വളരെ വികാര ഭരിതമായാണ് കാണുന്നത്. അതൊന്നും ഇവിടെ വിഷയമാക്കേണ്ടതില്ല. ഒരു തമാശ! എന്നാല്‍ അതിലൂടെ നല്ല കോര്‍സ് പഠിക്കാനുള്ള ഒരു സന്ദേശവും നല്‍കുന്നു എന്ന് മാത്രം. സേഫ്ടി ഓഫീസറായി വന്ന് വണ്ടികളുടെ കാര്യങ്ങള്‍ ചെക്ക് ചെയ്യുന്നു എന്ന് പറഞ്ഞത് സത്യമായും ഉള്ളതാണ്. ഇനി അത്തരത്തില്‍ ആര്‍ക്കും സംഭവിക്കരുത് എന്ന് പറയാന്‍ വേണ്ടി ഇത്തിരി മസാല ചേര്‍ത്ത് അവതരിപ്പിച്ചെന്നു മാത്രം. ജസ്റ്റ്‌ ഫോര്‍ ഫണ്‍. പിന്നെ ഒരു പോസ്റ്റ് കിട്ടിയിട്ട് ഉടനെ അത് സ്വന്തം പേരിലാക്കി അയക്കുന്നവരൊക്കെ അങ്ങോട്ട്‌ അയക്കട്ടെ! ഈ ഒരു ഗൂഗിളിന്റെ ഫ്രീ സര്‍വീസ്‌ ഉള്ളത് കൊണ്ടാണ് ഞാന്‍ ബ്ലോഗാന്‍ തുടങ്ങിയത്. അത് എല്ലാവരും ആസ്വദിക്കുന്നു എന്നറിയുന്നതില്‍ തന്നെ സന്തോഷം.
വിവരങ്ങള്‍ അറിയിച്ചതിനു നന്ദി അറിയിക്കുന്നു.
ഇവിടെ വന്ന് അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.
സസ്നേഹം,
വാഴക്കോടന്‍.

AJAY George said...
This comment has been removed by the author.
Rafeek Wadakanchery said...

അയലത്തെ രണ്ടു നില വീട്ടിലേക്കു ആശയോടെ നോക്കി നില്‍ ക്കുന്ന ,ഓടിട്ട സ്വന്തം വീട്ടു മുന്നിലെ യുവാവ് ..അവന്റെ ആശപൂര്‍ ത്തിയാക്കാന്‍ -----ടെക്നോളജി. ഈ പരസ്യം കണ്ട് ഒരു പാടു പേര്‍ വെട്ടിലായിട്ടു ണ്ട്. ഇപ്പോള്‍ ലിഫ്റ്റ് ചെയ്യാന്‍ പറ്റാത്ത അത്രയും കടം ഉണ്ടാവും ..അം ഗീകാരം ഇല്ലാത്ത കോഴ്സുകള്‍ തുലയട്ടെ...

Arun said...

വാഴക്കോടാ, ഇത് ഇന്ന് എനിക്ക് ഇ മെയിലായി കിട്ടി. അതില്‍ ആരുടേയും പേരില്ല. അതിനുശേഷം വാഴക്കോടന്റെ പേരില്‍ "മലയാളം ഫണ്‍ ഗ്രൂപ്‌" അയച്ച മയിലും കിട്ടി. ഇത് എന്തായാലും സൂപ്പര്‍ ഹിറ്റായി വാഴക്കോടാ. എന്റെ അഭിനന്ദനങള്‍....

ഘടോല്‍കചന്‍ said...

നന്നായി............ :)

sUnIL said...

ugran! ugran! ugrogran!!! i also got it by mail, was wondering who wrote it :)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പരസ്യം കണ്ട് അതൊന്ന് പഠിച്ചാലോന്ന് ആലോചിക്യാര്‍ന്നു.

:)

കാര്‍വര്‍ണം said...

innale ithu vayichu rasichu...

innitha agregator thappiyappo

http://udayipvaarthakal.blogspot.com/2009/05/blog-post_21.html#--thanimalayalam


randum vazhakkodante blog aano atho!!!!

വാഴക്കോടന്‍ ‍// vazhakodan said...

പ്രിയപ്പെട്ട കാര്‍വര്‍ണം,
താങ്കള്‍ അയച്ച മെയിലും മോഷണം നടന്ന ലിങ്കും സന്ദര്‍ശിച്ചു. ഇതൊന്നും തടയാന്‍ എന്നെക്കൊണ്ടാവില്ല. ഇതൊക്കെ ഒരു നേരമ്പോക്കായി കരുതി ഇനിയും നല്ല പോസ്റ്റുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കാം. മറ്റൊരാളുടെ ബ്ലോഗ്‌ പോസ്റ്റ് സ്വന്തം പേരില്‍ പബ്ലിഷ് ചെയ്യുമ്പോള്‍ ആ മാന്യ ദേഹത്തിനു ഉണ്ടാകുന്ന സംതൃപ്തി എന്തായിരിക്കുമോ എന്തോ! ഇവരെയൊക്കെ പേടിച്ചു എഴുതാണ്ടിരിക്കാന്‍ പറ്റുമോ? മോഷ്ടാക്കളുടെ മനസ്സ് എന്നെങ്കിലും മാറിയാലോ?
അഭിപ്രായം അറിയിച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ഇനിയും ഈ വഴി വരുമല്ലോ!

സ്നേഹം,
വാഴക്കോടന്‍.

Anitha Madhav said...

((((((((((ഠോ))))))))))))))
അന്‍പതാമത്തെ തേങ്ങ എന്റെ വക!
ഇത് പലരും അവരവരുടെ പേരില്‍ പോസ്റ്റുകയും, എമെയിലായി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. വാഴക്കോടാ അഭിനന്ദനങ്ങള്‍ ....

കല്യാണിക്കുട്ടി said...

vaazhakkodaa kalakki...narmmathil chaalichaanu paranjathenkilum....athil oru sathyamundu...............

തറവാടി said...

>>>ഇപ്പോള്‍തന്നെ നല്ല ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍ ടെക്നീഷ്യന്മാര്‍ ചെയ്തുകൊണ്ടിരിക്കുന്ന തൊഴിലാണിത്. ലിഫ്റ്റ് ടെക്നോളജിയില്‍ സ്പെഷ്യലൈസേഷനു പോകുന്നവരുടെ സാദ്ധ്യതകള്‍ "ലിഫ്റ്റ്" എന്ന narrow ആയ ഫീല്‍‌ഡില്‍ ഒതുങ്ങിപ്പോകും എന്നു മറക്കരുത്.
<<<

thats it :)

കണ്ണനുണ്ണി said...

തകര്‍പ്പന്‍ പോസ്റ്റ്‌ തന്നെ മാഷെ....

വാഴക്കോടന്‍ ‍// vazhakodan said...

ലിഫ്റ്റ്‌ ടെക്നോളജി പഠിച്ച രണ്ടു മൂന്നു സുഹൃത്തുക്കള്‍ എന്നെ വിളിച്ചിരുന്നു. ഒരു ജോലി ലഭിക്കാതെ അലയാനിടയായ കാര്യങ്ങളാണ് അവര്‍ക്ക് പറയാനുള്ളത്. ഇനി കൂടുതലൊന്നും ഞാന്‍ പറയുന്നില്ല. അഭിപ്രായം അറിയിച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
സസ്നേഹം,
വാഴക്കോടന്‍.

Appu Adyakshari said...

ഹയ്യോ. ഇതു വാഴക്കോടന്‍ എഴുതിയതായിരുന്നോ !!! ഞാനിത് ഇ-മെയില്‍ ആണുവായിച്ചത്.. സൂപ്പറായിട്ടുണ്ട്.

Harisuthan Iverkala | ഹരിസുതന്‍ ഐവര്‍കാല said...

ചേട്ടന്റേതാണെന്ന് ഇപ്പോഴാണ് അരിഞ്ഞതു്.. കലക്കി...

Ajmel Kottai said...

ഈ പോസ്റ്റ്‌ ഇപ്പോളാണ് കണ്ടത്. ഇമെയില്‍ ഫോര്‍വേഡ് വളരെ മുന്‍പ് തന്നെ കിട്ടിയിരുന്നു. അത് താങ്കളുടെ ഭാവനയാണെന്ന് ഇപ്പോള്‍ മനസ്സിലായി. നന്നായിരിക്കുന്നു.

Akbar said...

വാഴക്കോടാ- ഇത് കുറെ മുമ്പ് എനിക്ക് മെയില്‍ ഫോര്‍വേഡ് ചെയ്തു കിട്ടിയിരുന്നു. ഉത്ഭവം ഇവിടുന്നാനെന്നു ഇന്നാണ് അറിഞ്ഞത്. നന്നായിട്ടുണ്ട്. ഇതുപോലൊരു വിഷയം ഇവിടെ വായായിക്കാം പ്രവാസിയുടെ മണവാട്ടി

ആളവന്‍താന്‍ said...

എന്തായാലും എഴുതിയ കാര്യങ്ങള്‍ വളരെ ശരിയാണ്. ഞാനും ഒരു NIFE പ്രോഡക്റ്റ്‌ ആണ്. അതിന്റെ പ്രശ്നങ്ങള്‍ ഞാന്‍ ഗള്ഫില്‍ വന്നു കഴിഞ്ഞപ്പോള്‍ തന്നെ മനസ്സിലാക്കിയതും ആണ്. അത് കൊണ്ട് തന്നെ വാല്യൂ ഉള്ള വേറെ കോര്സുകള്‍ ചെയ്തു. അത് കൊണ്ട് കൂടി ആവാം, ഇപ്പൊ വലിയ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ ഇങ്ങനെ പോകുന്നതും. ഒരു സുഹൃത്ത് മുകളില്‍ സേഫ്റ്റി അഡ്വൈസര്‍ മാരെ കുറിച്ച് എഴുതിയത് അക്ഷരം പ്രതി ശരിയാണ്. അത്രെയും റിസ്ക്‌ എടുത്തിട്ടുള്ള ജോലി തന്നെയാണ് അത്. അതിനെ പറ്റി നമ്മുടെ നാട്ടുകാര്ക്ക് അറിവില്ല. എന്നതാണ് സത്യം. നല്ല പോസ്റ്റ്‌.
ഒരു സേഫ്റ്റി ഓഫീസര്‍.......

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി!

saifuddeen said...

വാഴക്കൊടന്റെ പോസ്റ്റ്‌ നന്നായിട്ടുണ്ട്. പക്ഷെ ഇത് ഇത്തരം സ്ഥാപനങ്ങള്‍ക്ക് മേല്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ മാത്രമേ സഹായിക്കൂ...
പ്രസ്തുത സ്ഥാപനത്തില്‍ ഫയര്‍ & സേഫ്ടി കോഴ്സ് പഠിച്ച ഒരാള്‍ ആണ് ഞാന്‍. കോഴ്സ് കഴിഞ്ഞു അധികം താമസിയാതെ തന്നെ എനിക്ക് ബാംഗളൂരില്‍ നല്ലൊരു ജോലി കിട്ടി. അവിടെ നിന്നും പിന്നീട് ഞാന്‍ ഗള്‍ഫിലെത്തി. അഞ്ചു വര്‍ഷത്തോളമായി ഞാന്‍ ഒരേ കമ്പനിയില്‍ സേഫ്ടി ഓഫീസറായി ജോലി നോക്കുന്നു. എന്റെ കൂടെയും സീനിയറായും പഠിച്ച 90 % പേരും ഇപ്പോള്‍ നല്ല നിലയിലാണുള്ളത്. ദാരിദ്ര്യത്തിന്റെ പാട് കുഴിയില്‍ നിന്നും രക്ഷപ്പെട്ടവര്‍ .ഞങ്ങളുടെ കമ്പനിയില്‍ ജോലി ചെയ്യുന്ന സേഫ്ടി ഓഫീസര്‍മാരില്‍ 75 % പേരും പ്രസ്തുത സ്ഥാപനത്തില്‍ നിന്നു വന്നവരാണ്. ഞങ്ങളുടെയൊക്കെ ജീവിതം തന്നെ മാറ്റി മറിച്ചതില്‍ ഈ സ്ഥാപനത്തിനുള്ള പങ്കു വളരെ വലുതാണ്‌. സ്വപ്നത്തില്‍ പോലും കാണാന്‍ കഴിയാത്ത മികച്ച സുഖ സൗകര്യങ്ങളോട് കൂടി തന്നെയാണ് ഞങ്ങള്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നത്. സാമ്പത്തിക ഭദ്രത മാത്രമല്ല ഞങ്ങളുടെയൊക്കെ വ്യക്തിത്വം, സമൂഹവുമായുള്ള ബന്ധം, സ്വഭാവം തുടങ്ങിയവയില്‍ ഉണ്ടായ മാറ്റങ്ങള്‍ വളരെ വലുതാണ്‌.
തെറ്റ് ഒരിക്കലും ആ സ്ഥാപനത്തിന്റെതല്ല. അതില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെതാണ്. ഒരു കോഴ്സ് പഠിപ്പിക്കുക എന്നതില്‍ ഉപരി ആ സ്ഥാപനത്തിന് മറ്റെന്താണ് ചെയ്യാന്‍ കഴിയുക. എന്നിട്ടും നിരവധി പേര്‍ക്ക് ആ സ്ഥാപനം ജോലി വാങ്ങി കൊടുത്തിട്ടുണ്ട്.
മറ്റൊരു പ്രശ്നം ഇതാണ്: കോഴ്സ് പഠിച്ചിറങ്ങുന്ന ഉടനെ വിസിറ്റ് വിസയുമെടുത്ത് ഗള്‍ഫിലേക്ക് വരുന്ന വിഡ്ഢികളോട് എന്ത് പറയാനാണ്. ഇന്ത്യയില്‍ ആയിരക്കണക്കിന് കമ്പനികളുണ്ട്. അവിടെ കുറഞ്ഞത്‌ ഒരു വര്‍ഷം എങ്കിലും ജോലി പരിചയം ഒപ്പം ഹിന്ദി, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം എന്നിവ നേടിയെടുത്ത ശേഷം മാത്രമേ ഗള്‍ഫില്‍ ജോലിക്ക് ശ്രമിക്കാവൂ. ഗള്‍ഫിലെ കമ്പനികള്‍ക്ക് ആവശ്യം ജോലി പരിചയം ഉള്ള ആളുകളെയാണ്. അങ്ങിനെയുള്ളവര്‍ക്ക് ശമ്പളവും കൂടുതല്‍ ലഭിക്കും.
മറ്റൊരു കാര്യം: ഗള്‍ഫില്‍ നാട്ടിലെത് പോലെ തന്നെ പലതരം കമ്പനികളുണ്ട്. മികച്ചതും മോശവും. അത് തിരിച്ചറിയാതെ ഇവിടെ വന്നു പെട്ടിട്ടു കോഴ്സ് പഠിപ്പിച്ച സ്ഥാപനത്തെ ചീത്ത വിളിച്ചിട്ട് എന്ത് കാര്യം? ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ എത്രയോ പേര്‍ ഇവിടെ സെയില്‍സ്മാന്‍, ഡ്രൈവര്‍ തുടങ്ങിയ കുറഞ്ഞ ശമ്പളമുള്ള ജോലി ചെയ്യുന്നില്ലേ. അവരൊക്കെ യുനിവേഴ്സിട്ടിയെ കുറ്റപ്പെടുത്താന്‍ തുടങ്ങിയാല്‍ എന്താണ് അവസ്ഥ?
പിന്നെ ഈ കോഴ്സിന്റെ അംഗീകാരത്തെ കുറിച്ച്: ഗള്‍ഫിലെ ഒരു സ്ഥാപനവും ഈ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്തു നല്‍കണമെന്ന് ആവശ്യപ്പെടാറില്ല. കാരണം ലേബര്‍ വിസയില്‍ വന്നാല്‍ പോലും ഈ പോസ്റ്റില്‍ ജോലി ചെയ്യാം. ഇനി ആവശ്യപ്പെട്ടാല്‍ തന്നെ ഇത് അറ്റസ്റ്റ് ചെയ്തു തരുന്ന സ്ഥാപനങ്ങള്‍ ഇന്ന് നിലവിലുണ്ട്. ഇതിലും സംശയമുള്ളവര്‍ക്ക് മറ്റൊരു കാര്യം കൂടി പറഞ്ഞു തരാം. സിക്കിം മണിപാല്‍ യുനിവേഴ്സിട്ടിയുടെ അംഗീകാരമുള്ള കോഴ്സ് ഈ സ്ഥാപനം നടത്തുന്നുണ്ട്.

പിന്നെ സേഫ്ടി ഓഫീസര്‍ വണ്ടികളുടെ കാര്യം ചെക്ക് ചെയ്യുന്നത്: അത് ഈ സ്ഥാപനത്തിന്റെ തെറ്റാണോ? എത്രയോ പേര്‍ നാട്ടില്‍ നിന്നും ലക്ഷങ്ങള്‍ നല്‍കി വിസ എടുത്തു ഗള്‍ഫില്‍ പോകുന്നു. നാട്ടില്‍ പറഞ്ഞ ജോലിയാണോ അവര്‍ക്ക് ഗള്‍ഫില്‍ കിട്ടുന്നത്? കമ്പനിയെ കുറിച്ച് ഒന്നും അന്വേഷിക്കാതെ ചാടി പുറപ്പെട്ടാല്‍ വണ്ടി മാത്രമല്ല ടോയിലെറ്റു വരെ കഴുകേണ്ട അവസ്ഥ ഉണ്ടാകും. അതിനു ഈ സ്ഥാപനം എന്ത് പിഴച്ചു?

@ മുഹമ്മദ്‌ ഫൈസി: ദുബായിലെ ചില കമ്പനികളില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടെന്നുള്ളത് ശരിയായിരിക്കാം. എന്ന് കരുതി ഈ ലോകം മുഴുവന്‍ അങ്ങനെയാണെന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാനുള്ളത്. ഈ മേഖലയില്‍ മിഡില്‍ ഈസ്റ്റില്‍ ജോലി ചെയ്യുന്ന അഞ്ഞൂറോളം പേരെ കഴിഞ്ഞ ആറേഴു വര്‍ഷത്തിനുള്ളില്‍ ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. അവര്‍ ആരും തന്നെ ഇത്തരം ഒരു നിയമ കുരുക്കില്‍ പെട്ടതായി അറിവില്ല. സേഫ്ടി ഓഫീസറുടെ ജോലി അല്ല റിസ്ക്‌. അപകടങ്ങള്‍ എങ്ങനെ ഇല്ലാതാക്കാം എന്നതിനെ കുറിച്ച് പ്രഫഷനലായി പഠനം നടത്തി പരിഹാരം കാണുന്നതാണ് സേഫ്ടി ഓഫീസറുടെ ജോലി. വ്യക്തമായി ധാരണയില്ലാത്ത കാര്യങ്ങളെ കുറിച്ച് ഏതെങ്കിലും അപൂര്‍വമായ ഒരു സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു അഭിപ്രായം പറയുന്നത് ശരിയല്ല. പൊതുവായി പറയുമ്പോള്‍ പറയുന്നത് സത്യമായിരിക്കണം. അതാണ് വേണ്ടത്.

സുഹൃത്തുക്കളെ, ഈ ലോകത്ത് നിലവിലുള്ള എല്ലാ കോഴ്സുകളും, അത് ആര് പഠിപ്പിച്ചാലും,എവിടെ പഠിച്ചാലും നല്ലൊരു ജോലി കിട്ടണമെങ്കില്‍ നിങ്ങളുടേതായ ശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.അത് മറക്കരുത്.
നിങ്ങളുടെ പരാജയം നിങ്ങളെ പഠിപ്പിച്ച സ്ഥാപനത്തിന്റെ തലയില്‍ കെട്ടി വെക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല.

കൂട്ടുകാരേ...
അങ്ങാടിയില്‍ തോറ്റാല്‍ അമ്മയെ തല്ലാമോ?

സ്നേഹപൂര്‍വ്വം,

സൈഫുദ്ദീന്‍.
അബുദാബി

saifuddeen said...
This comment has been removed by the author.
 


Copyright http://www.vazhakkodan.com