ബായക്കോട്
06/12/2009
എന്ന് ഒരു ഡാമിന് വേണ്ടി കാതിരിക്കുന്നവരുടെ കൂട്ടത്തില്‍,
സ്വന്തം
ബായക്കോട്ടെ കുഞ്ഞീവി.
06/12/2009
ബഹുമാനപ്പെട്ട കരുണാനിധി അവര്‍കള്‍ അറിയുന്നതിന്ന്,ബയക്കോട്ടെ കുഞ്ഞീവി എയുതുന്നത്,ന്റെ തങ്കക്കട്ടെ, അന്റെ ആ കറുത്ത കണ്ണടെം ബെച്ചുള്ള ആ ഇരിപ്പ് കണ്ടപ്പോ മുതല് അന്നോട് പെരുത്ത് മൊഹബ്ബത്താണ് കെട്ടാ.പക്ഷേ ആ പെണ്ണുമ്പിള്ളേടെ പോലീസ് നട്ടപ്പാതിരയ്ക്ക് അന്റെ ഉടുമുണ്ടുരിഞ്ഞപ്പോള് ഞമ്മടെ ഖല്‍ബ് തകര്‍ന്നില്ല, പക്ഷേങ്കി ഇന്റെ കെട്ടിയോന്‍ ബീരാന്റെ വരയന്‍ ട്രൌസറ് പോലത്തതാണ് ഇജ്ജും ഇട്ടേക്കിണത് എന്ന് കണ്ടപ്പോള്‍ പടച്ചോനാണെ ഞമ്മന്റെ ചങ്ക് തകര്‍ന്നു മോനെ!അപ്പോ തന്നെ ഞമ്മള് ആ പെണ്ണൂമ്പിള്ളേനെ ഖല്‍ബ് നൊന്ത് പിരാവീതാ,അതിന്റെ കൊണോം അനക്ക് തന്നെയല്ലെ കിട്ടിയത്. ആ ഇജ്ജാണ് ഇപ്പോ ഞമ്മളെ ഇടങ്ങേറാക്കണത്.ഞമ്മള് പറഞ്ഞ് ബന്നത് ഞമ്മടെ മുല്ലപ്പെരിയാറിന്റെ കാര്യം തന്നെ പൊന്നാരെ!
അനക്കറിയാലോ ആ ഡാമിന് അതിനു മാത്രം ഉറപ്പൊന്നും ഇല്ലാന്ന്‍. കുമ്മായോം ശര്‍ക്കരയുമൊക്കെ കൂട്ടിക്കുഴച്ച് ഒരു 50 കൊല്ലം കേട്കൂടാണ്ട് നിക്കാന്‍ കണക്കാക്കി ഉണ്ടാക്കിയ ആ ഡാം 112 കൊല്ലം കയിഞ്ഞിട്ടും അതിനു ഒരു കൊയപ്പൂല്ലാ ന്ന് പറയുമ്പോ ഇങ്ങടെ അത്രേം ബുദ്ധീം വിവരോം ഇല്ലാത്ത ഞമ്മക്ക് വരെ ഒരു പുടീം കിട്ടണില്ല. അനക്ക് വേണ്ടത് ക്യഷിക്ക് വെള്ളം,ഞമ്മക്ക് വേണ്ടത് കുറേ മനുഷ്യന്മാരുടെ ജീവനും. മരിക്കാന്‍ നേരത്ത് വെള്ളം കുടിച്ച് മരിക്കാം എന്നൊരു ഗുണം മാത്രേ അന്റെ ഈ വാശി കൊണ്ട് ഞമ്മള് നോക്കീട്ട് കാണുന്നുള്ളു.കുറേ ആള്‍ക്കാരെ മയ്യത്താക്കീട്ട് ഇജ്ജ് എത്ര കറണ്ട് ഉണ്ടാക്കി വിറ്റ് ലാഭം ഉണ്ടാക്കിയാലും അതൊന്നും പടച്ചോന്‍ പൊറുക്കൂല്ല.അനക്ക് വെള്ളമാണ് വേണ്ടതെങ്കി അതു തരാന്ന് ഞമ്മന്റെ മുഖ്യമന്ത്രിയും മറ്റും പറഞ്ഞതാണ്. അതൊന്നും ഇജ്ജോ അന്റെ ആള്‍ക്കാരോ കേട്ട ഭാവം പോലും കാണിക്കുന്നില്ല.അതിന്റെ കാരണം ഏതാണ്ടൊക്കെ ഞമ്മക്ക് പുടി കിട്ടിയേക്കണ്. പഴേ കരാറ് റദ്ദാക്കി പുതിയ കരാറ് ഉണ്ടാക്കുമ്പോള്‍ ഇജ്ജ് കറണ്ട് ഉണ്ടാക്കി വിക്കുന്നതിന്റെ വിഹിതം തരേണ്ടി വരും, പാട്ടത്തുക കൂട്ടിത്തരേണ്ടി വരും എന്നൊക്കെയല്ലെ?അത് തരുന്നതോണ്ട് അനക്കെന്താ ബുദ്ധിമുട്ട് ? അന്റെ കുടുമ്മത്തിന്നൊന്നുമല്ലല്ലോ എടുത്ത് തരുന്നത്? ഇങ്ങളും ഇന്ത്യക്കാര് ഞമ്മളും ഇന്ത്യക്കാര്, പിന്നെന്തിനാ കോയാ ഞമ്മള് തമ്മില് വക്കാണം? ഇഞ് ഞമ്മളെ പാക്കിസ്താനികളായണോ ഇജ്ജ് കണക്കാക്കിയേക്കണത്? ന്റെ മമ്പുറത്തെ തങ്ങളേ!
വിഭജിച്ച് ഭരിക്കാനുള്ള വെള്ളക്കാരുടെ വക്ര ബുദ്ധീല് തെളിഞ്ഞ 999 കൊല്ലത്തെ കരാറ് ഉണ്ടാക്കുമ്പോതന്നെ അവര് ഈ കരാറിന്റെ പേരില്‍ ഇവിടെ വക്കാണം നടക്കണം എന്ന് ആ ഇബിലീസോള് കരുതീട്ടുണ്ടാവും. അല്ലാണ്ട് 50 കൊല്ലം നില നിക്കണ ഒരു ഡാമിന് 999 കൊല്ലത്തെ കരാറ് ആരെങ്കിലും ഉണ്ടാക്വോ? എതാണ്ട് ഓട്ടോ റിക്ഷക്ക് ബസ്സിന്റെ എഞ്ജിന്‍ വെക്കണ പോലത്തെ ഒരു മുസീബത്ത് പിടിച്ച പണിയല്ലെ ഈ ഹിമാറുകള് ഉണ്ടാക്കി ബെച്ചത്. എന്നാ ഞമ്മടെ നാട്ടീന്ന് ആ ഇബിലീസോള് ഒടിപ്പോയ
ശേഷം ഞമ്മന്റെ ആള്‍ക്കാര്‍ക്ക് അതൊന്ന് റദ്ദാക്കായിരുന്നു. അതും ഉണ്ടായില്ല.കേരളം എന്നൊരു സംസ്ഥാനം രൂപീകരിച്ചപ്പോഴും ആവായിരുന്നു, അതും ഉണ്ടായില്ല.ഇനിയിപ്പോ അതൊന്നും എയുതീട്ട് കാര്യല്ലല്ലോ.അതൊക്കെ ഞമ്മളെ തമ്മില് തെറ്റിക്കാനാണെന്ന് ഇജ്ജ് മനസ്സിലാക്കുമല്ലോ.
വിവരല്ലാത്ത വൈക്കോ മൂപ്പര് പറയണ പോലെ ഇങ്ങള് പറയില്ലന്ന് ഞമ്മള് വിശ്വസിക്കണ്. ഞമ്മക്ക് ചരക്കുമായി ബരണ ലോറി മൂപ്പരുടെ ആള്‍ക്കാര് തടയുമത്രേ! ഓനങ്ങനെ പറഞ്ഞ് നാല് വോട്ടുണ്ടാക്കാനാണെങ്കില്‍ ആയിക്കോട്ടെ! പക്ഷേ ഇജ്ജ് അങ്ങനെയല്ല. ഇജ്ജ് കുറെ മനുസന്മാരുടെ ജീവന്‍ പണയം ബെച്ചാണ് കളിക്കണത് എന്ന് ഓര്‍മ്മ ബേണം.
ഓരോ വര്‍ഷക്കാലം വരുമ്പോളും ഞങ്ങടെ മനസ്സില് തീയാണ്. ഡാമില് ബെള്ളം ഓരോ അടി മേല്‍പ്പോട്ട് പൊന്തുമ്പോഴും മരണത്തിലേക്ക് ഓരോ അടിയും അടുത്ത് കൊണ്ടിരിക്കയാണ് എന്നാണ് ഞങ്ങടെ ബേജാറ്. കുഞ്ഞ് മക്കളെ മാറോടണച്ച് പിടിച്ച് മരണം കാത്ത് കിടക്കുന്ന കുറെ പച്ച മനുഷ്യരുടെ മനസ്സ് ഇജ്ജ് കാണണം! തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട് മരണം കാത്ത് കഴിയുന്ന മനുഷ്യന്മാരുടെഅവസ്ഥയല്ലേ ഇതും എന്നുള്ള തിരിച്ചറിവ് അനക്കുണ്ടാവണം.
ഇപ്പോ കേസായി കൂട്ടായി വക്കാണായി,അതിന്റെയൊക്കെ ബല്ല ആവശ്യോം ഉണ്ടാ? കോടതീല് കേസും കൂട്ടോം കഴിഞ്ഞ് വരുന്ന വരെ ഈ ഡാം നിലനില്‍ക്കും എന്ന് അനക്ക് വല്ല ഗ്യാരണ്ടീം തരാന്‍ പറ്റ്വോ കോയാ?? ഇജ്ജ് അന്റെ പിടി വാശി മാറ്റി വെച്ച് അന്റെ ആള്‍ക്കാരോട് ആ ഡാമിന്റെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞ് മനസ്സിലാക്കി ഇജ്ജ് നല്ലൊരു തീരുമാനത്തിലെത്ത്! ഒരു മേസയ്ക്ക് ചുറ്റും ഇരുന്ന് പറഞ്ഞ് തീര്‍ക്കാവുന്ന ഒരു കേസേ ഉള്ളൂ എന്ന് ഇജ്ജ് മനസ്സിലാക്കണം. അതല്ല ഇഞ്ഞും ഇജ്ജ് വാശി പിടിച്ച് പൊട്ടന്‍ കളിക്കാനാണ് ഭാവമെങ്കി അത് അനക്ക് നല്ലതിനല്ല, കാരണം ഇജ്ജ് കളിക്കുന്നത് കുറേ ജീവന്‍ കൊണ്ടാണ്. എത്ര കോടി മുടക്കിയാലും കിട്ടാത്ത ആ ജീവന് വേണ്ടിയാണ് ഇജ്ജ് വില പേശുന്നത് എന്ന് ഓര്‍ക്കണം. അന്റെ ആള്‍ക്കാരെപ്പോലെ വെല്ലുവിളി നടത്താനോ, ബണ്ടി തടയാനോ ഞമ്മളില്ല,അത് കൊണ്ടും കൂടിയാണല്ലോ നിങ്ങള്‍ തമിഴന്മാരും ഞങ്ങള്‍ മലയാളികളുമാകുന്നത്!
ഇങ്ങളൊരു നല്ല മനസ്സിന്റെ ഉടമയും ഒരു ബല്യ കലാകാരനും ആണെന്നാണ് ഞമ്മള് വിചാരിക്കണത്. ഒരു കലാകരന് തീര്‍ച്ചയായും മനുസപ്പറ്റ്ണ്ടകും.ഒരു നല്ല കലാകാരന് മനുസനെ മനസ്സിലാകും,മനുസന്റെ കടമ മനസ്സിലാകും!ഇജ്ജൊരു കറകളഞ്ഞ മനുഷ്യസ്നേഹിയാണെന്നാണ് അന്നെ “കലൈഞ്ജര്‍“ എന്ന് ബിളിക്കണതോണ്ട് ഞമ്മള് മനസ്സിലാക്കി ബെച്ചേക്കണത്! ആ ഒരു മനുഷ്യപ്പറ്റിനു ബേണ്ടിയാണ് ഞമ്മള് സ്നേഹത്തിന്റെ ഭാഷയില്‍ ഇങ്ങളോട് ആവശ്യപ്പെടുന്നത്! ഇത് ഇജ്ജ് കേള്‍ക്കാതെ പോകരുത്.
ഇങ്ങക്ക് വേണ്ടത് വെള്ളവും ഞമ്മക്ക് വേണ്ടത് കുറേ മനുഷ്യ ജീവനും. വെള്ളം തരാന്‍ ഞമ്മള്‍ ഒരുക്കമാണ്, ജീവന്‍ എടുക്കതിരിക്കാന്‍ നിങ്ങളും തയ്യാറാവുക.ഒരു ഡാം അതാണ് ഞമ്മന്റെ ആവശ്യം!അതിന് നിങ്ങളായിട്ട് തന്നെ മുന്നോട്ട് വരുക. ഇനി പുതിയ ഡാമിന് തമിഴ് പേരിടണെമെങ്കില്‍ അങ്ങനേയുമായിക്കോട്ടെ, വല്ല “മുല്ലൈ പെരിയോര്‍” എന്നോ “മുല്ലൈ തമിഴോര്‍“എന്നോ മറ്റോ ആക്കിയാലും വേണ്ടില്ല,ഞമ്മക്ക് ബലുത് മനുഷ്യ ജീവനാണ്. അതിന്റെ ബെലയെങ്കിലും ഇങ്ങള് മനസ്സിലാക്കും എന്ന് ഞമ്മള് ബിശ്വസിക്കട്ടെ!
ഇജ്ജിപ്പോ വിജാരിക്കുന്നുണ്ടാകും ഈ കുഞ്ഞീവിത്തള്ളയ്ക്ക് ഇതിലെന്താ കാര്യം എന്ന്, കാരണം കുഞ്ഞീവി ഈ ഡമിന്റെ ഏഴയലത്ത് പൊലും താമസിക്കണില്ലല്ലോ എന്നൊക്കെ, ലോകത്ത് ഏത് മനുഷ്യരുടേയും പ്രശ്നം എല്ലാവരുടേയും പ്രശ്നം തന്നെയെന്നുള്ള ഒരു തിരിച്ചറിവ് തന്നെയാണ് ഞമ്മള് അനക്കീ കത്തെയുതാന്‍ കാരണം.അല്ലാണ്ട് ബയസാം കാലത്ത് അന്നെ പഞ്ചാരടിക്കനൊന്നുമല്ല പൊന്നാര ഖല്‍ബേ! മനുഷ്യ ജീവന് വിലയില്ലാണ്ടായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ബുദ്ധിമുട്ടുന്നവരോട് കരുണ കാണിക്കുന്ന മനസ്സുകള്‍ ഈ ദുനിയാവില് ഇനീം ഉണ്ടെന്ന് ഇജ്ജ് തിരിച്ചറിഞ്ഞാല്‍ ഈ മനുസ്യന്മാരും രക്ഷപ്പെടും. പേരില്‍ മാത്രമല്ല അന്റെ പെരുമാറ്റത്തിലും ഇജ്ജ് കരുണ കാണിക്കും എന്ന് തന്നെ ഞമ്മള് ഉറച്ച് ബിശ്വസിക്കട്ടെ!
ഈ കത്ത് കിട്ടിയാല്‍ ഇങ്ങടെ നല്ല ബുദ്ധിയില്‍ നല്ലത് മാത്രം തോന്നണേയെന്ന് പടച്ച തമ്പുരാനോട് പ്രാര്‍ത്ഥിച്ച് കൊണ്ട് ഇങ്ങക്കും ഇങ്ങടെ നാട്ട്കാര്‍ക്കും പ്രിയത്തില്‍ സലാം പറഞ്ഞ് കൊണ്ട് നിര്‍ത്തട്ടെ!
സ്വന്തം
ബായക്കോട്ടെ കുഞ്ഞീവി.


