Monday, March 21, 2011

പഞ്ചകര്‍മ്മ പുരാണം - ഭാഗം - ആറ്

അഞ്ചാം കര്‍മ്മം വായിക്കാന്‍ ഇവിടെ ഉഴിയുക!

‘മുല്ലന്‍‘ പോത്തിനെ തേച്ചുരച്ച് കഴുകും പോലെ ഉമ്മ ചെറുപയര്‍ പൊടിയിട്ട് പുറത്തെ മെഴുക്കിളക്കി കഴുകി വൃത്തിയാക്കിത്തന്ന് പുറത്തേക്ക് പോയി.പിന്നെ ആ മരത്തിന്റെ സ്റ്റൂളില്‍ ഒറ്റയ്ക്കിരുന്ന്‍ എന്റെ  വഹ കുളിയായിരുന്നു.ബാത്ത് ടബ്ബില്‍ കിടന്ന് കുളിക്കുന്നതൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഒരു സ്റ്റൂളില്‍ ഇരുന്ന് കുളിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായല്ലോ എന്നോര്‍ത്ത് വെറുതേ ഞാന്‍ ഉള്‍പുളകം കൊണ്ടു.തല കഴുകിയത് തണുത്ത വെള്ളം കൊണ്ടാണ്.ചുട് വെള്ളം ഉപയോഗിക്കേണ്ട എന്ന് ആരോ പറഞ്ഞിരുന്നു.അങ്ങിനെ നല്ലൊരു കുളിയൊക്കെ കഴിഞ്ഞ് ഞാന്‍ കുളിമുറിയില്‍ നിന്നും പുറത്തിറങ്ങി.മനസ്സിനും ശരീരത്തിനും നല്ല ഉന്മേഷം തോന്നിയെങ്കിലും ശരീരത്തിന് മൊത്തമായും ചില്ലറയായും നല്ല വേദനയുണ്ടായിരുന്നു.

ഞാന്‍ പുറത്ത് കടന്നതും ഉമ്മ വന്ന് മരത്തിന്റെ സ്റ്റൂള്‍ കഴുകി വൃത്തിയാക്കി വാര്‍ഡിലെ കട്ടിലിനടുത്ത് കൊണ്ടിടാനായി പോയി.ഇത് പോലെ മുന്‍പ് തറവാട്ട് വീട്ടില്‍ സ്റ്റൂളിലിരുന്ന് കുളിക്കാറുള്ളവരെക്കുറിച്ച് ഞാന്‍ വെറുതേ ഓര്‍ത്തു.തറവാട്ട് വീടിന്റെ പിന്നിലായി ഓലകെട്ടി മറച്ച ഒരു കുളിമുറിയുണ്ടായിരുന്നു പണ്ട്. പ്രസവം കഴിഞ്ഞവര്‍ മഞ്ഞളൊക്കെ തേച്ച് രാവിലെ കുളിക്കാനായി പോകുമ്പോള്‍ പ്രസവശുശ്രൂഷയ്ക്ക് നില്‍ക്കുന്ന സ്ത്രീ സ്റ്റൂളുമായി കുളിമുറിയിലേക്ക് പോകുന്നതും കുളി കഴിഞ്ഞ് വൃത്തിയാക്കിയ സ്റ്റൂളുമായി തിരിച്ച് വരുന്നതും എന്തിനാണെന്ന് അന്നെനിക്കൊട്ടും മനസ്സിലായിട്ടുണ്ടായിരുന്നില്ല.വല്ല വെള്ളം നിറച്ച തൊട്ടിയെങ്ങാനും വെക്കാനാവും എന്നാണ് ഞാന്‍ കരുതിയിരുന്നത്.ഇപ്പോഴല്ലേ ഇരുന്നും കുളിക്കാമെന്ന് മനസ്സിലായത്. സ്റ്റൂള്, പ്രസവം, കുളി ഇവയെല്ലാം പരസ്പര പൂരകങ്ങളാണെന്ന ഒരു കാര്യം ഞാന്‍ അന്ന് തത്വത്തില്‍ മനസ്സിലാക്കി.മനുഷ്യശരീരത്തിലൂടെ വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കുന്ന കുളികളെ പല അവസരത്തിലും പല പേരുകളുള്ള കുളികളായി  നാം  വിളിച്ച് പോരുന്നതും കൂട്ടത്തില്‍ ഓര്‍ത്തു.കൂടാതെ പ്രസവിക്കാതെയും സ്റ്റൂളിലിരുന്ന് കുളിക്കേണ്ടി വരുമെന്ന ഒരു കുളിപാഠവും ഞാന്‍ പഠിച്ചു.

വരാന്തയില്‍ നിന്നും പുറത്തേക്ക് നോക്കിയപ്പോള്‍ കെട്ടിടത്തിന്റെ അരികില്‍ കൂടി ലാല്‍ ജോസ് സിനിമയിലെ പാട്ട് സീന്‍ പോലെ കുറേ വെളുത്ത തുണികള്‍ വരിവരിയായി കാറ്റില്‍ ആടിയുലയുന്നത് കണ്ടു.എനിക്കത് വല്ലത്തൊരു കൌതുക കാഴ്ചയായിരുന്നു.മാത്രമല്ല ഇത്രയും കോണകങ്ങള്‍ ഒന്നിച്ച് കാണാന്‍ കഴിയുന്നത് മുജ്ജെന്മ സുകൃതം കൊണ്ടാണേന്നൊക്കെ ഞാന്‍ വെറുതെ ഊറ്റം കൊണ്ടു.കുറച്ച് സമയം കൂടി കഴിഞ്ഞാല്‍ അക്കൂട്ടത്തില്‍ എന്റെ പ്രിയപ്പെട്ട കോണകവും കാറ്റില്‍ ആടുമല്ലോ എന്ന് ഞാനും വെറുതെ ഓര്‍ത്ത് സമാധാനിച്ചു. വെയിലിന് ചൂടേറിക്കൊണ്ടിരുന്നു. നേര്‍ത്ത തൈലഗന്ധിയായ ഒരുഷ്ണക്കാറ്റ് എന്നെ തലോടിക്കൊണ്ട് കടന്ന് പോയി. ഞാന്‍ പതിയെ വാര്‍ഡിലേക്ക് നടന്നു.

വാര്‍ഡിലേക്ക് കയറുന്നതിന്റെ വലത് വശത്തെ കട്ടിലിലാണ് ശ്യാം കിടക്കുന്നത്. ഏറിയാല്‍  ഇരുപത്തഞ്ച് വയസ് പ്രായം തോന്നും. ഗള്‍ഫില്‍ ഒരു ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു. ജോലിക്ക് പോയിക്കൊണ്ടിരിക്കേ ഒരു ദിവസം രാവിലെ ബെഡില്‍ നിന്നും എഴുനേല്‍ക്കാന്‍ നോക്കിയപ്പോള്‍ തന്റെ കാലുകള്‍ അതിന് വഴങ്ങുന്നില്ലെന്ന് ശ്യാം തിരിച്ചറിഞ്ഞു. തന്റെ കാലുകള്‍ക്ക് ചലന ശേഷി നഷ്ടപ്പെട്ടിരിക്കുന്ന എന്ന ആ ദുഃഖ സത്യം കൊടിയ വേദനയോടെ ആ ചെറുപ്പക്കാരന്‍ ഉള്‍ക്കൊണ്ടിരുന്നു.ഏറെ കരഞ്ഞത്രേ പാവം. പിന്നെ പിന്നെ തന്റെ വിധിയെ ഓര്‍ത്ത് സമാധാനിച്ച് കൂട്ടുകാരുടെ സഹായത്താല്‍ നാട്ടിലെത്തുകയും പഞ്ചകര്‍മ്മയില്‍ ചികിത്സ ആരംഭിക്കുകയും ചെയ്യുകയായിരുന്നു. തൃശൂരിലെ കുരിയച്ചിറക്കടുത്താണ് ശ്യാമിന്റെ വീട്.ശ്യാമിന്റെ അളിയന്‍ പഞ്ചകര്‍മ്മയിലെത്തന്നെ ഒരു ഡോക്ടറാണ്.ഞാന്‍ കാണുമ്പോള്‍ ശ്യാമിന് ചെറുതായി ഒറ്റയടി വെച്ച് നടക്കാവുന്ന ഒരു സ്ഥിതിയിലായിരുന്നു, ചികിത്സയുടെ ഫലം ഒന്ന് കൊണ്ട് മാത്രം.ശ്യാമിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് സജിയാണ്.ശ്യാമുമായി വളരെ പെട്ടെന്ന് തന്നെ ഞാന്‍ വലിയ കൂട്ടായി.

വാര്‍ഡില്‍ അന്നൊരു സെന്റോഫിന്റെ ദിവസമായിരുന്നു. ശ്യാമിന്റെ തൊട്ടപ്പുറത്തുള്ള മുക്കിലെ ബെഡിലെ ചെറുപ്പക്കാരന്‍ അന്ന് ഡിസ്ചാര്‍ജ്ജായി പോകുവായിരുന്നു. അയാള്‍ക്കും ശ്യാമിനെപ്പോലെ തന്നെ പെട്ടെന്ന് കാലിന്റെ ചലന ശേഷി നഷ്ടപ്പെടുകയായിരുന്നത്രേ. ഗള്‍ഫിലായിരുന്നു ജോലി. വരുമ്പോള്‍ ആരൊക്കെയോ താങ്ങിയും വീല്‍ ചെയറിലുമൊക്കെ ഇരുത്തി കൊണ്ടു വന്നയാള്‍ വാര്‍ഡിലൂടെ ഓടി നടന്ന് യാത്ര പറയുന്നത് എല്ലാവരിലും സന്തോഷവും ആശ്വാസവും നല്‍കി.അവന്റെ ഉമ്മ ബാക്കി വന്ന അച്ചാറും മറ്റും അടുത്തുള്ളവര്‍ക്ക് നല്‍കുകയും മറ്റെല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും കൂടി ചെയ്താണ് അവര്‍ പോയത്.ഏറെ നാളത്തെ സഹവാസത്തിന് ശേഷം വീട്ടില്‍ നിന്നും ഒരംഗം പോകുന്ന വിഷമമായിരുന്നു എല്ലാവരുടേയും മുഖത്ത്.പലരുടേയും കണ്ണുകള്‍ ഈറനണിഞ്ഞത് എനിക്ക് കാണാമായിരുന്നു.കാലുകള്‍ തളരുന്ന രോഗത്തെ ഞാന്‍ വെറുത്തു പിന്നെ ശപിച്ചു,എങ്കിലും ശ്യാമിനെ എനിക്കിഷ്ടമായിരുന്നു.

അന്നത്തെ ഉച്ചക്കഞ്ഞിയും കുടിച്ച് ഉച്ചയുറക്കത്തിലേക്ക് വഴുതി വീഴും എന്നായപ്പോള്‍ ഇടത് കട്ടിലില്‍ കിടന്നിരുന്ന തത്തമംഗലത്ത് കാരന്‍ നിഷ്കളങ്കന്‍ എന്നെ വിളിച്ചു.ഒരു പന്നിപ്പടക്കം കയ്യിലുണ്ടായിരുന്നെങ്കില്‍ ഞാന്‍ ആ പാവത്തെ എറിഞ്ഞേനെ, എനിക്ക് അത്രയ്ക്കും ദ്വേഷ്യം വന്നു ,കാരണം ഉഴിച്ചില്‍ കഴിഞ്ഞതിന്റെ ക്ഷീണം എന്നെ വല്ലാതെ തളര്‍ത്തിയിരുന്നു..ആ ക്ഷീണത്തില്‍ ഒന്ന് മയങ്ങാന്‍ തുടങ്ങിയതും വിളി വന്നു.എങ്കിലും ഉറങ്ങിയതല്ല എന്ന് തെളിയിക്കാനായി കണ്ണുകള്‍ വിടര്‍ത്തിപ്പിടിച്ച് അയാളോടെന്താണെന്ന് ചോദിച്ചു.അയാളൊരു ചോദ്യം എനിക്ക് നേരെ എറിഞ്ഞു,

“നിങ്ങള് നെന്മാറ വല്ലങ്ങി വേല കണ്ടിട്ടുണ്ടോ?“

പിന്നേ വേലയും കണ്ടു വിളക്കും കണ്ടു, കടല്‍ തീരം കണ്ടു കപ്പല്‍ കണ്ടു, എന്ന് പറയാന്‍ തോന്നിയതാണ് പക്ഷേ ആ നിഷ്കളങ്കനായ തത്തമംഗലത്ത്കാരന്റെ മുഖത്ത് നോക്കി അങ്ങിനെ പറയാന്‍ എനിക്ക് തോന്നിയില്ല.ഞാന്‍ സൌമ്യമായി പറഞ്ഞു,
“ഞാന്‍ ഒരിക്കല്‍ കണ്ടിട്ടുണ്ട്,ഗംഭീര വെടിക്കെട്ടല്ലേ?”

“അതേന്ന്,ഇപ്രാവശ്യത്തെ വേലയ്ക്ക് കൂടാന്‍ പറ്റില്യ.മറ്റന്നാളാ വേല! യോഗല്യാ, അതന്നെ!”

അയാളുടെ നിഷ്കളങ്ക മുഖത്ത് വിരിഞ്ഞ ശോകഭാവം എന്നെ ഒരു ഗായനാക്കാഞ്ഞത് ഭാഗ്യം.ഞാന്‍ പതിയെ ചോദിച്ചു,
“അസുഖം മാറിയിട്ട് വേലയ്ക്കൊക്കെ പോകാല്ലോ.ആദ്യം അസുഖം മാറട്ടെ!”

“ഏയ് അസുഖം മാറിയാല്‍ വേലക്കും കൂലിക്കുമൊന്നും പോകാന്‍ പറ്റില്യാന്നാ ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്.റെസ്റ്റാ ഫുള്‍ റെസ്റ്റ്! ഇനി മക്കള് വേലക്ക് പോട്ടെ.എന്നെക്കൊണ്ട് പണിയൊന്നും ഇനി എടുക്കാന്‍ വയ്യ!”
ഹമ്പമ്പട വേലായുധാ..നീയൊരു ഒന്നൊന്നര നിഷ്കളങ്കനാണല്ലോ എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു.എങ്കിലും അയാളുടെ നിഷ്കളങ്കത എനിക്ക് വളരെ ഇഷ്ടമായിരുന്നു.

ചായകുടിയ്ക്ക് ശേഷം സന്ദര്‍ശകര്‍ക്കുള്ള സമയമായി.വീണ്ടും ഓരോ കട്ടിലിനടുത്ത് ബന്ധുക്കള്‍ വട്ടമിട്ട് നിന്നു. ഉമ്മ അടുത്ത വാര്‍ഡില്‍ ഒരു പരിചയക്കാരി വന്നിട്ടുണ്ടെന്നും പറഞ്ഞ് അങ്ങോട്ട് പോയി.എന്നെ കാണാന്‍ ആരേങ്കിലുമൊക്കെ ഓറഞ്ചും മുന്തിരിയുമായൊക്കെയായി വരുമെന്നും കരുതി ഞാന്‍ കട്ടിലിലങ്ങനെ കറുത്ത മുന്തിരിയാണോ വെളുത്ത മുന്തിരിയാണോ കൂടുതല്‍ ഇഷ്ടമെന്നൊക്കെ ചിന്തിച്ച് കിടന്നു.അല്‍പ്പം കഴിഞ്ഞില്ല ഒരാള്‍ എന്റെയടുത്ത് വന്ന് മരത്തിന്റെ സ്റ്റൂളില്‍ ഇരുന്നു.കയ്യില്‍ ഫ്രൂട്ട്സിന്റെ പൊതി കാണാഞ്ഞതില്‍ എനിക്കല്‍പ്പം നിരാശയുണ്ടായെങ്കിലും ഞാന്‍ ആ അപരിചിതനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.അയാള്‍ പറഞ്ഞ് തുടങ്ങി,
“ഞാന്‍ കുറച്ചീസായിട്ട് കോയമ്പത്തൂരായിരുന്നേ, ഇന്ന് രാവിലേയാ വന്നത്”

എന്തിനാ രാവിലെത്തന്നെ വന്നത് വല്ല സദ്യേം ഉണ്ടായിരുന്നോ എന്ന് ഫ്രൂട്ട്സ് കൊണ്ട് വരാത്തതിന്റെ നിരാശയില്‍ ചോദിച്ചാലോ എന്ന് കരുതിയതാണ് പക്ഷേ ഞാന്‍ വെറുതെ ഒന്ന് മൂളി.അയാള്‍ തുടര്‍ന്നു.
“രാധാകൃഷ്ണന്‍ പറഞ്ഞപ്പഴാ ഞാന്‍ അറിഞ്ഞത്.എന്തോരം പറ്റി?

പിന്നേ കുഞ്ഞാന്റെ ചായപ്പീട്യല്ലേ പറ്റാന്‍ എന്ന് വീണ്ടും മുന്തിരി കിട്ടാത്ത ദേഷ്യം!പക്ഷേ പുറത്ത് വന്നില്ല,”ഡിസ്കിന് ചെറിയ പ്രശ്നമുണ്ട്,ഒരു മാസത്തെ ചികിത്സോണ്ട് മാറുന്നാ പറഞ്ഞേ”

“ഇനിയിപ്പോ തെങ്ങിമ്മെ കേറാനൊക്കെ പറ്റ്വോ?”

“തെങ്ങ് കേറാനോ?”
ഞാനൊന്ന് ഞെട്ടി! ഇനിയെങ്ങാന്‍ ഇയാള്‍ ആലങ്കാരികമായി ഭാര്യയെ  തെങ്ങിനോടുപമിച്ച് ഒന്ന് ആക്കിയതാണോ എന്ന്  സംശയിച്ചു.ഇയാള്‍ എന്റെ ശത്രുക്കള്‍ ആരോ പറഞ്ഞ് വിട്ടതാകാമെന്ന് ഞാന്‍ ഊഹിച്ചു.എന്നെ കണ്ടാല്‍ ഒരു തെങ്ങ് കയറ്റക്കാരനെപ്പോലെ തോന്നാന്‍ മാത്രമുള്ള ഗ്ലാമറേ എനിക്കുള്ളോ എന്ന് ഞാന്‍ ഒരു നിമിഷം തെറ്റിദ്ധരിച്ചു.എന്റെ രക്തം എന്തിനോ വേണ്ടി തിളച്ചു.എങ്കിലും ഒരു പാണ്ടി തമിഴനായി എന്നെ കണ്ടില്ലല്ലോ എന്ന് ഞാന്‍ ആശ്വസിക്കാന്‍ ശ്രമിച്ചു.ദ്വേഷ്യവും സങ്കടവും സമം ചേര്‍ത്ത ഭാവവുമായി ഞാന്‍ അയാളോട് പറഞ്ഞു,

“ഞാന്‍ തെങ്ങ് കേറണ ആളൊന്നുമല്ല.നിങ്ങള്‍ക്ക് ആള് മാറിയതാവും”

അയാളെന്നെ സൂക്ഷിച്ച് നോക്കി,വിശ്വാസം വരാത്ത പോലെ അയാള്‍ വീണ്ടും ചോദിച്ചു,
“രാധാകൃഷ്ണനോട് ഞാനൊരാളെ തേങ്ങയിടാന്‍ പറഞ്ഞ് വിടാന്‍ പറഞ്ഞിരുന്നു,ഇന്നു രാവിലെയാണ് അറിയുന്നത് അവന്‍ പറഞ്ഞ് വിട്ട ആ പാണ്ടിത്തമിഴന്‍ എന്റെ തെങ്ങിന്റെ മോളീന്ന് വീണ് ഇവിടെ അഡ്മിറ്റാണെന്ന്.ആ പാണ്ടി നിങ്ങളല്ലേ?”

എന്റെ ചോര വീണ്ടും തിളച്ചു, കണ്ണുകളില്‍ ഇരുട്ട് കയറി, ഒരു തോക്കുണ്ടായിരുന്നെങ്കില്‍ അയാളെ ഒറ്റയടിക്ക് ഞനപ്പോള്‍ കൊന്നേനെ!! അറ്റ് ലീസ്റ്റ് ഒരു കത്തി കിട്ടിയിരുന്നെങ്കില്‍ സ്വയം കുത്തി മരിക്കുകയെങ്കിലും ചെയ്യാമായിരുന്നു! അത്രയ്ക്ക് അപമാനമാണ് എന്റെ ഗ്ലാമര്‍ നേരിട്ടത്!ഇതിലും വലിയ പരീക്ഷണം ഇനി ജീവിതത്തില്‍ വരാനില്ലെന്ന് മനസ്സ് പിരികൂട്ടിക്കൊണ്ടിരുന്നു.എന്റെ മുഖത്തെ വിവിധ ഭാവങ്ങള്‍ കണ്ടെന്നോണം അയാള്‍ മെല്ലെ സ്റ്റൂളില്‍ നിന്നും എഴുനേറ്റു.ഞാന്‍ എഴുനേറ്റിരിക്കാന്‍ ശ്രമിക്കുന്നതിനിടെ അയള്‍ പറഞ്ഞു,

“ക്ഷമിക്കണം എനിക്ക് ആള് മാറീതാന്നാ തോന്നണ്.വയ്യാത്തോട്ത്ത് എണീക്കണ്ട കിടന്നോളൂ”

അത്രയും പറഞ്ഞ് അയാള്‍ തിരിഞ്ഞ് നടന്നു.ഞാന്‍ വളരേ ദുഃഖിതനായി വീണ്ടും കട്ടിലില്‍ കിടന്നു.വേറെ ആരും കണ്ടില്ലല്ലോ എന്ന് ആശ്വസിച്ചു.ഭാഗ്യത്തിന് ഉമ്മയും അടുത്തുണ്ടായിരുന്നില്ല. എങ്കിലും എന്റെ സൌന്ദര്യത്തിനേറ്റ ഒരു പ്രഹരം ഉമിത്തീ പോലെ  മനസ്സില്‍ നീറിക്കൊണ്ടിരുന്നു.ഈ അപമാനത്തില്‍ നിന്നും കരകേറാന്‍ മനസ്സ് നാനാ വഴികളിലൂടെ സഞ്ചരിച്ച് ഒരു പരിഹാരം തേടിക്കൊണ്ടിരുന്നു.സൈക്കോസിസിന്റേയും സൈക്കാട്രിയുടേയും വഴികളിലൂടെ സഞ്ചരിച്ച മനസ്സ് ഒടുവില്‍  ചില തീരുമാനങ്ങളില്‍ ക്രാഷ്-ലാന്‍ഡ് ചെയ്ത് നിന്നു. അതിന്‍ പ്രകാരം ഇനി ഡോക്ടര്‍ വരുമ്പോള്‍ ‘ഫെയര്‍ ആന്‍ഡ് ലൌലിയെ‘ കുറിച്ചുള്ള അഭിപ്രായം അറിയണം. ‘വിക്കോ ടര്‍മറിക്കിന്റെ‘ കോസ്മെറ്റിക്ക് സാധ്യതയെക്കുറിച്ച് വിശദമായി അറിയണം. വെളുക്കാനുള്ള കഷായങ്ങളും അരിഷ്ടങ്ങളും ആസവങ്ങളും ഡോക്ടറോട് പറഞ്ഞ് ശീട്ട് എഴുതി വാങ്ങണം. ഇനി ഗ്ലാമര്‍ കൂട്ടാതെ എനിക്കൊരു വിശ്രമമില്ല. ചിന്തകളും തീരുമാനങ്ങളും അങ്ങിനെ കാട് കയറിക്കൊണ്ടിരുന്നു. ഞാന്‍ തെങ്ങ് കയറ്റക്കാരെ വെറുത്തു പിന്നെ ശപിച്ചു,എങ്കിലും ‘ഫെയര്‍ ആന്‍ഡ് ലൌലി‘ എനിക്ക് ഇഷ്ടമായിരുന്നു.

അല്‍പ്പം കഴിഞ്ഞപ്പോള്‍ ഉമ്മ വന്നു.ഒരു അതിശയം കണ്ടപോലെ എന്നോട് പറയാന്‍ തുടങ്ങി,
“മോനെ അപ്പുറത്തെ വാര്‍ഡില്‍ തെങ്ങിമ്മെന്നും വീണ ഒരു തമിഴന്‍ കിടപ്പുണ്ട് നിന്റെ അത്രേം തടിയുണ്ട് നിന്റെ അതേ പ്രായോം! തണ്ടല് പൊട്ടീന്നാ കേള്‍ക്കണ്.ഇനി നടക്കാന്‍ തന്നെ പറ്റില്ലാത്രേ,കഷ്ടം!“

അതും കൂടിയായപ്പോള്‍ ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ച് മിണ്ടാതെ കിടന്നു.ആ കിടപ്പില്‍ ഞാന്‍ വീണ്ടും ഫുഡ്ബോളിനെ വെറുത്തു, പിന്നെ ശപിച്ചു,എങ്കിലും മെസിയേയും റൂണിയേയും മറഡോണയേയുമെല്ലാം എനിക്കിഷ്ടമായിരുന്നു.

തുടരും...

Saturday, March 19, 2011

ഇലക്ഷന്‍ കാല പരീക്ഷാ ചോദ്യപ്പേപ്പര്‍!

ആള്‍ കേരള പൊളിറ്റിക്കല്‍ എക്സാമിനേഷന്‍ ബോര്‍ഡ്പഞ്ചവത്സര പരീക്ഷ -2011-2016പൊളിറ്റിക്കല്‍ ജോഗ്രഫി

I. വിട്ടു പോയത് ബ്രാക്കറ്റില്‍ നിന്ന് പൂരിപ്പിക്കുക: 2 മാര്‍ക്ക് വീതം
1.ഐസ്ക്രീം വിവാദത്തിന് ശേഷം കൂടുതല്‍ ...................ഉണ്ടായി:കുഞ്ഞാലിക്കുട്ടി          
( പുഷ്ടി, ആമ്പിയര്‍, ആത്മവിശ്വാസം, പിക്കപ്പ്)
2. മാര്‍ച്ച് ഇരുപത്തേഴ് ..........................ആണ്.
(ദുഃഖ വെള്ളി, സെകന്‍ഡ് സാറ്റര്‍ഡേ, ഏപ്രില്‍ ഫൂള്‍, മെയ് ദിനം)

3.പോലീസ് ഇച്ഛിച്ചതും സി ബി ഐ കണ്ടെത്തിയതും .....................
(എസ് കത്തി,കൊലപാതകം,സില്‍മാ നടി,കാരി സതീശന്‍)

4.17 തവണ സര്‍ക്കാര്‍ ചിലവില്‍ മുന്‍ മന്ത്രി പറന്നത് ..........................
(മദ്രാസിലേക്ക്,മക്കാവുവിലേക്ക്,ദുബായിയിലേക്ക്,സ്വിസ് ബാങ്കിലേക്ക്)

5. അരിക്കും പലവ്യഞ്ചനത്തിനും വിലയേറിയാല്‍ നമ്മള്‍...............ശീലമാക്കണം
(പട്ടിണിയും പരിവെട്ടവും,മുട്ടയും പാലും,ബിരിയാണിയും നെയ്ചോറും,ബൂസ്റ്റും ഹോര്‍ലിക്സും)

6. ചിറ്റൂര്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ ഞാന്‍ ....................നിര്‍ത്തും എന്ന് അച്യുതന്‍.
(പ്രസവം, കള്ള് കച്ചോടം, രാഷ്ട്രീയം, അഴിമതി)

7.അഭിഷേക് സിങ് സിഘ്വി ഹൈക്കോടതിയില്‍ കേസ് വാദിച്ചത് .................വേണ്ടി.
(ലോട്ടറി മാഫിയക്ക്,കോണ്‍ഗ്രസസിന്, വി ഡി സതീശനു‍,ചിദംബരത്തിന്)

8.വേണ്ടി വന്നാല്‍ പോലീസ് സ്റ്റേഷനില്‍ വെച്ചും ................. ഉണ്ടാക്കും.
(ഐസ്ക്രീം, ബോംബ്, എസ് കത്തി, മക്കളെ)

9.കിളിരൂര്‍,വിതുര,സൂര്യനെല്ലി എന്നിവിടങ്ങളില്‍ നടന്നത് ..........................
(യുവജനോത്സവം,പീഡനം,സാഹിത്യ സംഗമം,സമൂഹ സദ്യ)

10.കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ വെച്ചടി വെച്ചടി കേറ്റമുണ്ടായത്........
(റെജീനയ്ക്ക്, പെട്രോള്‍ വിലയ്ക്ക്, സവാളയ്ക്ക്, അഴിമതിയ്ക്ക്)

II. ചേരും പടി ചേര്‍ക്കുക: 10 മാര്‍ക്ക്

1. ബാലകൃഷ്ണ പിള്ള            - പാലാഴി റബ്ബേര്‍സ് അഴിമതി
2. അച്യുതാനന്ദന്‍               - ആകാശ പീഡനം
3. ചെന്നിത്തല                   - പൂജപ്പുര ജയില്‍
4. ഉമ്മഞ്ചാണ്ടി                    - വേലിക്ക് പുറത്ത്
5. ടി.എം ജേക്കബ് ‌              - റേഷന്‍ ഡിപ്പോ അഴിമതി
6. പി.ജെ.ജോസഫ്              - ഫേമസ് ഇംഗ്ലീഷ് പ്രസംഗം
7. കെ.എം.മാണി                 - കുരിയാര്‍കുറ്റി അഴിമതി
8. കുഞ്ഞാലിക്കുട്ടി                 - പാമോലിന്‍ അഴിമതി
9. പി.കെ.ശ്രീമതി                 - റൌഫ് അളിയന്‍
10 അടൂര്‍ പ്രകാശ്.                - ഹിമാലയന്‍ കൈക്കൂലി

III. വാക്യത്തില്‍ പ്രയോഗിക്കുക - 5 മാര്‍ക്ക് വീതം
 1. നികൃഷ്ട ജീവി2. പിതൃശൂന്യന്‍3. ശുംഭന്‍4. മദാമ്മ5. വഴിവിട്ട സഹായം
IV. ഒറ്റവാക്യത്തില്‍ ഉത്തരമെഴുതുക. 2 മാര്‍ക്ക് വീതം

1.കോമണ്‍ വെല്‍ത്ത് അഴിമതിയില്‍ എത്ര തുകയാണ് അഴിമതിയിലൂടെ കല്‍മാടി നേടിയത്?

2. എ രാജ ഭാര്യയുടെ അക്കൌണ്ടില്‍ 3000കോടി വിദേശത്ത് കടത്തിയെങ്കില്‍,ഡി എം കേ ക്കും,കോണ്‍ഗ്രസ്സിനും,സി ബി ഐ യ്ക്കും നല്‍കിയ തുകകള്‍ എത്ര?

3.ആദര്‍ശ് ഫ്ലാറ്റ് അഴിമതിയില്‍ ഫ്ലാറ്റ് കിട്ടാത്ത കോണ്‍ഗ്രസ് നേതാക്കള്‍ ആരെല്ലാം?

4.ടി.എച്ച്.മുസ്തഫയെക്കൊണ്ട് ഉമ്മന്‍ ചാണ്ടിയെ പാമോയില്‍ കേസിലേക്ക് വലിച്ചിഴച്ചത് ആര്?

5.വി.എസിന് സീറ്റ് നിഷേധിക്കുന്നതില്‍ കേരള കോണ്‍ഗ്രസ് (ബി)യുടെ പങ്കും എന്‍ എസ് എസിന്റെ പങ്കും എന്ത്?

6. 22 സീറ്റില്‍ തുടങ്ങിയ ആവശ്യം 15 സീറ്റ് കൊണ്ട് തൃപ്തിപ്പെട്ട മാണിയുടെ അടവ് നയം എന്ത്?

7.വി എസ് ഉണ്ടെങ്കില്‍ എല്‍ ഡി എഫ് ഭരണത്തിലെത്തുമെന്നും വി എസ് ഇല്ലെങ്കില്‍ ഭരണം കിട്ടില്ലെന്നും പറയുന്നവരുടെ രാഷ്ട്രീയം എന്ത്?

8.പാര്‍ളമെന്റില്‍ അവിശ്വാസപ്രമേയം പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഒഴുക്കിയത് കള്ളപ്പണമോ പാര്‍ട്ടി ഫണ്ടോ?

9.സി.ബി ഐ അന്വേഷിച്ചും സത്യം പുറത്ത് വരാത്ത ലാവലിന്‍ കേസ് അട്ടി മറിക്കുന്ന കേന്ദ്ര   മന്ത്രി ആര്?

10.സമരം നടത്താന്‍ വി എസ്സും കാശ് വാങ്ങാന്‍ മകനും എന്ന ആരോപണത്തിലെ നിജ സ്ഥിതിയെന്ത്?
  

Monday, March 7, 2011

പഞ്ചകര്‍മ്മ പുരാണം - ഭാഗം -അഞ്ച്

നാലാം ഭാഗം വായിക്കാന്‍ ഇവിടെ തിരുമ്മുക!

ഉന്ത് വണ്ടിയില്‍ വന്ന തമിഴന്‍ ഇസ്തിരിക്കാരനെപ്പോലെ  ബാലേട്ടന്‍ എന്നെ കിഴികള്‍  കൊണ്ട് മാറി മാറി ഇസ്തിരി ഇട്ട് കൊണ്ടിരുന്നു.വേദന കടിച്ചമര്‍ത്തി ഞാന്‍ എണ്ണത്തോണിയില്‍ കിടന്ന് ഞെളിപിരി കൊണ്ടു.വേദന കാരണം ഞാന്‍ അപ്പുറത്തെ ആ ചേച്ചിക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ തന്നെ മറന്ന് പോയി.അതെന്നില്‍ അല്‍പ്പം അസ്വസ്ഥതയുണ്ടാക്കി. അല്‍പ്പം കഴിഞ്ഞ് ബാലേട്ടന്‍ മലര്‍ന്നു കിടന്നിരുന്ന എന്നോട് കമഴ്ന്ന് കിടക്കാന്‍ ആവശ്യപ്പെട്ടു.ഇനി പുറത്താണ് കിഴി നടത്തേണ്ടത്. ബാലേട്ടന്‍ പറഞ്ഞതും കട്ടിലില്‍ കിടന്ന് തിരിയുന്ന പോലെ ഞാന്‍ തിരിഞ്ഞതും, ദേ കിടക്കണ് വല്യപ്പന്‍ ചാലില്, എന്ന പറഞ്ഞ പോലെ ഞാന്‍ എണ്ണത്തോണിയില്‍ നിന്നും തെന്നി താഴേയ്ക്ക് വീഴാന്‍ പോയതും ഒരുമിച്ചായിരുന്നു.ദൈവം കാത്തു,കൃത്യസമയത്ത്  എന്നെ ബാലേട്ടന്‍ ആ വീഴ്ചയില്‍ നിന്നും രക്ഷിച്ചു.ബാലേട്ടന്‍ എന്നെ തടുത്ത് പിടിച്ചെങ്കിലും തൈലം തേച്ച് വഴുക്കലുള്ള എനെ ശരീരത്തില്‍ എവിടേയും ബാലേട്ടന് പിടികിട്ടിയില്ല. ഒടുവില്‍ ബാലേട്ടന് പിടി കിട്ടിയത് എന്റെ കോണക വള്ളിയില്‍! ബാലേട്ടന്‍ ഒരു വിധം എന്നെ പിടിച്ച് എണ്ണത്തോണിയിലേക്ക് കിടത്തി.

ഞാനാകെ പേടിച്ചിരുന്നു.ആ വീഴ്ച താഴേക്കായിരുന്നെങ്കില്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് തന്നെ കാലുകള്‍ കൂട്ടിക്കെട്ടി മടക്കിയേനെ എന്നൊരു നടുക്കം എന്നിലുണ്ടായി. എന്റെ പ്രാര്‍ത്ഥനകളെ നിഷ്ഫലമാക്കിക്കൊണ്ട് അപ്പുറത്തെ ചേച്ചി എന്നെ നോക്കി ചെറു പുഞ്ചിരിയോടെ ഒന്നും പറ്റിയില്ലല്ലോ എന്നാശ്വസിക്കുന്നതായി എനിക്ക് തോന്നി. പിന്നെ ഞാനങ്ങോട്ട് നോക്കിയതേയില്ല. പക്ഷേ ഞാനെന്റെ കോണകത്തെക്കുറിച്ചോര്‍ത്തു. ബാലേട്ടന്‍ എന്നെ പിടിച്ച സമയത്ത് അതിന്റെ വള്ളിയെങ്ങാന്‍ പൊട്ടിയിരുന്നെങ്കില്‍.ഹോ! അതോര്‍ത്തപ്പോള്‍ വല്ലാത്തൊരു നടുക്കം  ഇലക്ട്രിസിറ്റി ബില്ല് കണ്ട പോലെ ഉള്ളിലൂടെ പാഞ്ഞ് പോയി.അത്രയും ആളുകളുടെ മുന്‍പില്‍ ഇത്തിരി പോന്ന ആ കോണകം കൂടി ഇല്ലാത്ത അവസ്ഥ.! ഓര്‍ക്കുന്തോറും എന്റെ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു.എന്റെ കോണകത്തെ കുറിച്ച് എനിക്കേറെ മതിപ്പ് തോന്നി.മാനം രക്ഷിക്കാന്‍ ഒരു കോണക വള്ളിക്കുമാവുമെന്ന ഒരു പാഠം ഞാന്‍ അവിടെ വെച്ച് മനസ്സിലാക്കി!

ഇത്തിരിപ്പോന്ന ഒരെലി സിംഹത്തെ ആപത്തില്‍ നിന്നും രക്ഷിക്കാം എന്ന് പറഞ്ഞപ്പോള്‍ ഉണ്ടായിരുന്നതിലുമധികം ആശ്ചര്യം കേവലമൊരു കോണകം എന്നില്‍ സൃഷ്ടിച്ചിരിക്കുന്നു.ഞാന്‍ കോണകത്തെ പിന്നെ ആരാധനയോടെ നോക്കി. ലോകത്തില്‍ കോണകത്തെ  ആര്‍ത്തിയോടല്ലാതെ ആരാധനയോടെ നോക്കുന്നത് ഒരു പക്ഷേ ഞാനായിരിക്കാമെന്ന് വെറുതെ മനസ്സിലോര്‍ത്തു.ഞാന്‍ കോണകത്തെ ഇഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നു.ആ ഇഷ്ടത്തിന് എന്റെ മാനത്തിന്റെ വില നല്‍കി ഞാന്‍ എന്റെ കോണകത്തെ വീണ്ടും ആരാധിച്ചു. ബലാത്സംഘം ചെയ്യാനൊരുങ്ങുന്ന വില്ലന്റെ കയ്യില്‍ നിന്നും നായികയെ രക്ഷിക്കുന്ന ഒരു നായക പരിവേഷം എന്റെ കോണകത്തിന് കൈവന്നുവെന്ന് ഞാന്‍ മനസ്സിലാക്കി. ബലാത്സംഘങ്ങളെ ഞാന്‍ വെറുത്തു പിന്നെ ശപിച്ചു,പക്ഷേ കോണകത്തെ ഇപ്പോള്‍ എനിക്ക് വലിയ ഇഷ്ടമായിത്തുടങ്ങിയിരുന്നു.

ചൂടുള്ള ഇലക്കിഴികള്‍ പുറത്ത് കൂടി ഓടിക്കളിക്കുന്നത് അത്യന്തം വേദനയോടെ ഞാന്‍ അറിഞ്ഞ് കൊണ്ടിരുന്നു.“മതി കിഴി നടത്തിയത്! എനിക്ക് വേദനിക്കുന്നു“ എന്ന് പറഞ്ഞ് ആ എണ്ണത്തോണിയില്‍ നിന്നും ഇറങ്ങിപ്പോയാലോ എന്ന് വരെ എനിക്ക് തോന്നി.പക്ഷേ എന്റെ പ്രശ്നം അത് കൊണ്ട് തീരില്ലല്ലോ. വേദന സഹിച്ചാണെങ്കിലും എന്റെ അസുഖം ഭേതമായാല്‍ മതി എന്ന ഒരു ചിന്തയാല്‍ ഞാന്‍ എല്ലാം സഹിച്ച് എണ്ണത്തോണിയില്‍ കമഴ്ന്ന് കിടന്നു.എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.ആരും കാണാതെ അത് തുടയ്ക്കാന്‍ വൃഥാ ഒരു ശ്രമം നടത്തി. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് പറഞ്ഞ പോലെ,കയ്യിലുണ്ടായിരുന്ന തൈലത്തിന്റെ അംശം കണ്ണിലായി കൂടുതല്‍ കണ്ണുനീര്‍ പ്രവാഹമുണ്ടായി.എങ്കിലും ഞാന്‍ കരഞ്ഞതല്ല തൈലം കണ്ണിലായതാണെന്ന കാരണം ഇനി പറയാമല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്കല്‍പ്പം ആശ്വാസം തോന്നി.ഞാന്‍ കണ്ണുനീരിനെ വെറുത്തു പിന്നെ ശപിച്ചു, പക്ഷേ ബാലേട്ടനെ എനിക്കിഷ്ടമായിരുന്നു.

കിഴിനടത്തല്‍ കഴിഞ്ഞപ്പോള്‍ എണ്ണത്തോണിയില്‍ നിന്നും ഇറങ്ങാന്‍ ബാലേട്ടന്‍ എന്നെ സഹായിച്ചു.ഞാന്‍ ഉടനെ കസേരയില്‍ ഇട്ടിരുന്ന തോര്‍ത്തെടുത്ത് ഉടുത്ത് ഡീസന്റായി.എന്റെ ആ തിടുക്കം കണ്ട് ആ ചേച്ചി വീണ്ടും നോക്കി.എനിക്ക് ആകെ അങ്ങ് വല്ലാതായി. ആ ചേച്ചിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചത് നന്നായി എന്ന് ഞാന്‍ വെറുതെ ആ‍ശ്വസിച്ചു. “വെയ് രാജാ വെയ് ഒന്ന് വെച്ചാല്‍ രണ്ട്,രണ്ട് വെച്ചാല്‍ നാല്” എന്ന് പറഞ്ഞ പോലെ വരുമ്പോള്‍ കൊണ്ട് വന്നതിന്റെ  ഇരട്ടി വേദനയോടെ ഞാന്‍ ആ ചികിത്സാ മുറിയില്‍ നിന്നും പുറത്തേക്ക് നടന്നു. രണ്ട് മൂന്നാല് ദിവസം നല്ല വേദയുണ്ടാകുമെന്ന് ബാലേട്ടന്‍ ഓര്‍മ്മിപ്പിച്ചിരുന്നു.രണ്ട് മൂന്നാല് ദിവസം സഹിച്ചാല്‍ പിന്നെ അത് ശീലമാവുമല്ലോ എന്ന് ഞാനും കരുതി സമാധാനിച്ചു. ഇനി അടുത്ത യജ്ഞം കുളിയാണ്.ഞാന്‍ നേരെ കുളിമുറിയിലേക്ക് നടന്നു.

ചൂട് വെള്ളം കൊണ്ട് വേണം കുളിക്കാന്‍. സോപ്പ് ഉപയോഗിക്കാന്‍ പാടില്ല, പകരം ചെറുപയറ് പൊടിയാണ്.ചൂട് വെള്ളം നേരത്തേ പിടിച്ച് വെക്കണം.ഇല്ലെങ്കില്‍ ചിലപ്പോള്‍ ചില പെമ്പറന്നോത്തികള്‍ കെട്യോനെ വിളിക്കുന്നത് പോലെ “ശൂ ശൂ“ എന്ന ശബ്ദമേ പൈപ്പില്‍ നിന്നും ഉണ്ടാവുകയുള്ളൂ.അത് കൊണ്ട് വെള്ളം തീരുന്നതിന് മുന്‍പേ പിടിച്ച് വെക്കും.മരത്തിന്റെ ഒരു സ്റ്റൂളില്‍ ഇരുന്നാണ് കുളി. പുറത്തെ തൈലമൊക്കെ തേച്ചിളക്കി കഴുകിക്കളയുന്നത് ഉമ്മയാണ്.എന്നെ കുളിപ്പിക്കുമ്പോള്‍ ഉമ്മ “എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പോ പാടെടീ....“ എന്ന ഗാനം മൂളുന്നുണ്ടോ എന്ന് ഞാന്‍ ചെവിയോര്‍ക്കും. ചെറുപ്പത്തില്‍ എന്നെ കുളിപ്പിച്ചതിന് ശേഷം ഇത്ര വലുതായിട്ടും എന്നെ കുളിപ്പിക്കേണ്ടി വന്നത്  ഉമ്മാടെ ഭാഗ്യമോ അതോ ദൌര്‍ഭാഗ്യമോ എന്നൊരു ചിന്ത എന്നെ വല്ലാതെ അലട്ടി. എന്തായാലും ഭാഗ്യമായി കരുതുന്നുണ്ടാവില്ല കാരണം സ്വന്തം മക്കള്‍ രോഗിയായിക്കാണാന്‍ ഏത് അമ്മയ്ക്കാണാവുക? ഏതൊരമ്മയ്ക്കും സഹിക്കാത്തത് പോലെ എന്റെ ഉമ്മയും എന്നെയോര്‍ത്ത് സങ്കടപ്പെട്ട് കാണണം.എനിക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചു കാണണം.

മുമ്പൊരിക്കല്‍ തിരുവനതപുരം മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ കിടന്ന് രോഗത്തോട് പൊരുതിയ എന്നെ പ്രാര്‍ത്ഥനകളോടേയും കണ്ണീരോടേയും ദൈവത്തെ വിളിച്ച് കേണപേക്ഷിച്ച് കൊണ്ടും  ജീവിതത്തിലേക്ക് വലിച്ച് കൊണ്ട് വന്നത് ഉമ്മയാണ്.മെഡിക്കല്‍ കോളേജിന്റെ ആ വാര്‍ഡില്‍ മരണം എന്റെ തൊട്ടടുത്ത് വരെ വന്നിട്ടും എന്നെ വിട്ടു കൊടുക്കാതെ, വിട്ടു കൊടുക്കാന്‍ കൂട്ടാക്കാതെ എന്റെ കട്ടിലിന്റെ തലഭാഗത്തിരുന്ന് ഉമ്മ ഒഴുക്കിയ കണ്ണുനീരും പ്രാര്‍ത്ഥനകളും കൊണ്ട് മാത്രമാണ് ഞാനിന്നും ജീവിച്ചിരിക്കുന്നത് എന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു. ടൈഫോയിഡ് ബാധിച്ച്  മെഡിക്കല്‍ കോളേജില്‍ പ്രവേശിക്കപ്പെട്ടവരില്‍ ഏറേയും മരണത്തിന് കീഴടങ്ങിയിട്ടും ,തൊട്ടടുത്ത ബെഡിലെ അവിടത്തെ ഡോക്ടറുടെ അനിയന്‍ കൂടിയായ രോഗിയേയും മരണം തട്ടിയെടുത്തിട്ടും എന്റെ കൈപിടിച്ച് കരഞ്ഞ് പ്രാര്‍ത്ഥിച്ച്  ഉമ്മ എന്നെ മരണത്തിന്റെ കയ്യില്‍  നിന്നും തട്ടിപ്പറിക്കുകയായിരുന്നു. ഇല്ലെങ്കില്‍ കഥ മറ്റൊന്നാകുമായിരുന്നു. പ്രിയപ്പെട്ട വായനക്കാരേ , നിങ്ങളുടെ ഭാഗ്യദോഷത്തെയോര്‍ത്ത് ഞാന്‍ സങ്കടപ്പെടുന്നു.നിങ്ങളെ  എഴുതി ദ്രോഹിക്കാന്‍ എന്റെ ജീവിതം ഇപ്പോഴും ബാക്കി! ഞാന്‍ രോഗങ്ങളെ വെറുത്തു പിന്നെ ശപിച്ചു, എങ്കിലും ഉമ്മാനെ എനിക്കേറെ ഇഷ്ടമാണ്.

തുടരും......
 


Copyright http://www.vazhakkodan.com