Saturday, May 14, 2011

പഞ്ചകര്‍മ്മ പുരാണം - ഭാഗം ഒന്‍പത്!

എട്ടാം ഭാഗം വായിക്കാത്തവര്‍ ഇവിടെ അമര്‍ത്തുക!

ഇറച്ചിക്ക് പോയവന്‍ വിറച്ചിട്ടും ചത്തു, കാത്തിരുന്നവര്‍ നുണഞ്ഞിട്ടും ചത്തു എന്ന പറഞ്ഞ പോലായിരുന്നു മാഷിനെ കാത്തിരുന്ന ഞങ്ങളുടെ അവസ്ഥ.ആന്റണി മാഷ് ദൌത്യം വിജകരമായി പൂര്‍ത്തിയാക്കി വിജയശ്രീ ലാളിതനായോ ഉണ്ണിമേരി ലാളിതനായോ തിരിച്ചു വരുമെന്ന് കരുതി ഞങ്ങള്‍ ലേറ്റായ തീവണ്ടി കാത്ത് റെയില്‍ വേ സ്റ്റേഷനില്‍ ഇരിക്കുന്നത് പോലെ കട്ടിലില്‍ കുത്തിയിരുന്നു. അപ്പോഴാണ് വാര്‍ഡിന്റെ വലത്തേ മൂലയിലുള്ള കട്ടിലിലെ പേഷ്യന്റായാ ചാവക്കാട്ട് കാരന്‍ മുഹമ്മദാലിക്ക കാര്യം തിരക്കാന്‍ അങ്ങോട്ട് വന്നത്.മൂപ്പരൊരു എക്സ് ഗള്‍ഫാണ്.വാര്‍ഡിന്റെ മുക്കിലെ കട്ടിലില്‍ കിടക്കുന്നത് കൊണ്ട് ഞങ്ങള്‍ ‘മുക്കിലെ എളാപ്പാ’ എന്നാണ് അദ്ദേഹത്തെ വിളിക്കാറ്.മുക്കിലെ എളാപ്പാക്കും പുറം വേദന തന്നെയാണ് പ്രധാന അസുഖമായി രേഖപ്പെടുത്തിയിരിക്കുന്നത്. എളാപ്പാട് ഞാന്‍ കാര്യങ്ങള്‍ വിവരിച്ച് കൊടുത്തു. മൂപ്പര്‍ക്ക് പക്ഷേ അതത്ര പിടിച്ചില്ലെന്ന് തോന്നുന്നു. ഞങ്ങളെ മൂന്നുപേരേയും മാറി മാറി നോക്കിക്കൊണ്ട് എളാപ്പ എന്നോടായി പറഞ്ഞു,

“ഇത് നിന്റെ ഐഡിയ ആവും അല്ലേ?ഓണത്തിന്റെ എടേല് ഓംബ്ലയിറ്റ് കച്ചോടം എന്ന് കേട്ടിട്ടുണ്ട്, ഇപ്പോ കണ്ടു. നിനക്കൊന്നും ഇവന്‍ മനസ്സമാധാനമായി നടക്കുന്നത് പിടിക്കുന്നില്ല അല്ലേ?”

“അല്ല എളാപ്പാ, ചോദിക്കുന്നതോണ്ട് ഒന്നും തോന്നരുത്,എളാപ്പാടെ പുറം വേദനയും കല്യാണവും തമ്മില്‍ വല്ല ബന്ധോം ഉണ്ടോ? എളാപ്പ ഒരു മാതിരി മൂരാച്ചി പിന്തിരിപ്പിന്മാരേപ്പോലെ സംസാരിക്കരുത്. ശ്യാമിനും വേണ്ടെ ഒരു പുറം വേദന അല്ല ഒരു ജീവിതം?”ഞാന്‍ തെറ്റ് തിരുത്തിക്കൊണ്ട് ചോദിച്ചു.

“ഈ ചെറുപ്രായത്തില് തന്നെ അവനൊരു ചായ കുടിക്കാന്‍ വേണ്ടി ഒരു ചായപ്പീടിക തന്നെ  വാങ്ങിക്കൊടുക്കണോ? ആ ഞാന്‍ പറഞ്ഞെന്ന് മാത്രം”
ഒരു ദീര്‍ഘനിശ്വാസത്തോടെ എളാപ്പ മുക്കിലെ കട്ടിലിനെ ലക്ഷ്യമാക്കി നടന്നു.ഞങ്ങള്‍ മാഷിന്റെ വരവും നോക്കി വീണ്ടും നെടുവീര്‍പ്പുകളിട്ടു.

ഒടുവില്‍ അങ്കം ജയിച്ച ചേകവനെപ്പോലെ ആന്റണി മാഷ് ഞങ്ങളുടേ അടുത്തേക്ക് വന്നു.തെക്കേലെ ശാന്ത പരദൂഷണക്കെട്ടുമായി വരുന്നതും നോക്കി സന്തോഷിക്കുന്ന കൊച്ചമ്മമാരെപ്പോലെ ഒരു സന്തോഷം ഞങ്ങളുടെയുള്ളിലും അലയടിച്ചു.മാഷ് വന്ന് കട്ടിലില്‍ ഇരുന്നു.ഒരു നീണ്ട നെടുവീര്‍പ്പോടെ മാഷ് വാര്‍ത്തകള്‍ പങ്ക് വെക്കാന്‍ തുടങ്ങി.
“അതേയ് ആ അപ്പാപ്പന്‍ ഞമ്മള് വിചാരിക്കും പോലെ ചില്ലറക്കാരനല്ലാട്ടാ,കോടീശ്വരനാ കോടീശ്വരന്‍!”

“ശ്യാമിന്റെ ഭാഗ്യം,നീ സുന്നത്ത് ചെയ്തോനാടാ” ബാബു അഭിമാനം കൊണ്ടു.

“സുന്നത്ത് ചെയ്യേ? എന്ത് വിവരക്കേടാ ബാബു നീ പറയുന്നേ?’‘ഞാന്‍ ചോദിച്ചു.

“എന്തോ പുണ്യം ചെയ്തോരെ പറയില്ലേ അതാ ഞാന്‍ ഉദ്ധേശിച്ചത്!” ബാബു നയം വ്യക്തമാക്കി.

“സുകൃതം ചെയ്തോനാന്ന് പറ!, ഹോ പേടിപ്പിച്ചു കളഞ്ഞല്ലോ ! ബാബു പഴേ നാലാം ക്ലാസാ, പുതിയ സിലബസ് വല്യ  പിടിയില്ല, ന്നിട്ട് മാഷ് പറ” ഞാന്‍ മാഷിനെ പ്രോത്സാഹിപ്പിച്ചു.

“അപ്പാപ്പന്റെ വീട് തൃശൂര് ചിയ്യാരത്താ.ഒറ്റ മോളേയുള്ളൂ.പിന്നെ തൃശൂര് ശക്തന്‍ സ്റ്റാന്റിന്റെ അടുത്ത് അപ്പാപ്പന് 36 സെന്റ് സ്ഥലണ്ട്.ഒരു സെന്റിന് കോടികളാ വില.അപ്പോ അപ്പാപ്പന്റെ ആസ്ഥി നീയൊന്നു കൂട്ടി നോക്യേ?”
മാഷ് ആശ്ചര്യ മുഖഭാവത്തില്‍ എല്ലാവരേയും മാറി മാറി നോക്കി.

“അല്ല മാഷേ മാഷ് അപ്പാന്റെ ആസ്ഥികളുടെ  കണക്കെടുക്കാന്‍ പോയതോ അതോ പെണ്ണ് ചോദിക്കാന്‍ പോയതോ?” സഹി കെട്ട് ശ്യാം തന്നെ ചോദിച്ചു.

“നീ പെടയ്ക്കാതെടാ ചെക്കാ,ഞാന്‍ പറയട്ടെ!” മാഷും വിട്ടില്ല.മാഷ് തുടര്‍ന്നു.
“ഞാന്‍ പരമാവധി മുട്ടി നോക്കി,അപ്പാപ്പന് ഒരു അനക്കവും ഇല്ല.ഒരു വിധത്തിലും അപ്പാപ്പന്‍ അടുക്കുന്നില്ല.അത് കിട്ടുമെന്ന് തോന്നുന്നില്ല മക്കളേ!”

 മാഷ് അത്രയും പറഞ്ഞപ്പോള്‍ എല്ലാവരിലും ഒരു മ്ലാനത പരന്നു.ഞങ്ങള്‍ ദയനീയമായി ശ്യാമിനെ നോക്കി.ഞാന്‍ അവനെ സമാധാനിപ്പിക്കുമാറ് തോളത്ത് തട്ടിക്കൊണ്ട് പറഞ്ഞു,

“സാരല്യ ശ്യാമേ,ഭൂമീല് മത്തി പെരുകിയ പോലെ പെണ്ണുങ്ങളുണ്ട്, നമുക്ക് വേറെ നോക്കാടാ.ഇതല്ലെങ്കി വേറെ,അല്ലെങ്കിലും ചന്തം നോക്കീട്ടൊക്കെ കെട്ടാന്‍ പറ്റുമോ?വല്ല ആക്സിഡന്റിലും മുഖത്തിനെന്തേങ്കിലും സംഭവിച്ചാ കഴിഞ്ഞില്ലേ? നീ വെറുതെ എന്തേങ്കിലും ചിന്തിച്ച് മനസ്സ് വിഷമിപ്പിക്കണ്ട!”

ശ്യാമെന്നെ രൂക്ഷമായൊന്നു നോക്കി.ആ നോട്ടം ഞാന്‍ നേരത്തെ കണ്ടിരുന്നെങ്കില്‍ അവനെ കലാമണ്ഡലത്തില്‍ കഥകളി പഠിക്കാന്‍ ചേര്‍ത്തേനെ,അത്രയ്ക്കും ക്രോധഭാവം ആ നോട്ടത്തിലുണ്ടായിരുന്നു.അവന്‍ എന്നെ നോക്കിക്കൊണ്ട് പറഞ്ഞു,

”വെറുതെ ഇരിക്കണ ചുണ്ണീമെ ചുണ്ണാമ്പ് തേച്ച് പൊള്ളിക്യാന്ന് കേട്ടിട്ടുണ്ട്,അതാ ഇപ്പോ ഉണ്ടായേ! പിന്നെ എനിക്കെന്തോന്ന് വിഷമം? പോടേ പോടേ...”
അവന്‍ മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണ് തുടച്ചോ ആവോ?അല്‍പ്പ നേരം അവിടെ മൌനം തളം കെട്ടി നിന്നു.

“പിന്നെ വേറെ ഒരു സാധ്യതയും കൂടിയുണ്ട് ട്ടോ” മാഷ് അവസാനിപ്പിച്ചിട്ടില്ല. അത് കേട്ടതും ഞങ്ങള്‍ വീണ്ടും കാറ്റ് കേറിയ ബലൂണ്‍ പോലെ ഉഷാറായിക്കൊണ്ട് മാഷിനെ ശ്രദ്ധിച്ചു,മാഷ് തുടര്‍ന്നു,
“അപ്പാപ്പനെ ഒന്നൂടെ വളച്ചാല്‍ ചിലപ്പോള്‍ നടക്കും. ഒരു പക്ഷേ ഫ്രന്റോ അല്ലെങ്കില്‍ ബാക്കോ കിട്ടാന്‍ സാധ്യതയുണ്ട്, അതുമല്ലെങ്കില്‍ ചിലപ്പോള്‍ കാല്‍ ഭാഗം കിട്ടാനെങ്കിലും സാധ്യത ഉറപ്പാ. അതായാലും മതി എനിക്ക് സമ്മതാ.ഞാന്‍ രണ്ട് കയ്യും നീട്ടി സ്വീകരിക്കും”

“എന്ത് വൃത്തികേടാ മാഷ് പറയുന്നേ?” എന്റെ ധാര്‍മ്മിക രോഷം അണ പൊട്ടി,”മാഷൊരു മാഷാണോ മാഷേ? മാഷിന് പറയാന്‍ കൊള്ളാവുന്ന ഒരു വര്‍ത്താനാണോ ഇത്? മാഷക്ക് ഒന്നില്ലേലും ഇത്ര പ്രായായില്ലേ?എന്നാലും മാഷ് ആ പെണ്‍കുട്ടിയെ കുറിച്ച് ഇങ്ങനെ പറയുമെന്ന് ഞാന്‍ കുടിക്കണ കഷായത്തില്‍ പോലും വിശ്വസിച്ചില്ല മാഷേ!”  

“നീയെന്താ ഈ പറേണെ?”മാഷ് പ്രതിരോധം തീര്‍ത്തു,” ഞാന്‍ അപ്പാപ്പന്റെ തൃശൂരെ സ്ഥലം ചുളിവിന് കിട്ടുമോന്ന് അന്വേഷിച്ചതല്ലേ? അതിന്റെ മുമ്പീന്നോ അല്ലെങ്കില്‍ പിന്നീന്നോ  പീസായി കിട്ടാന്‍ സാധ്യതയുണ്ടെന്നാ ഞാന്‍ ഉദ്ധേശിച്ചത്! ഇനിയിപ്പോ സ്ഥലത്തിന്റെ കാല്‍ ഭാഗം കിട്ടിയാലും ഞാന്‍ വാങ്ങാമെന്നാ  പറഞ്ഞത് അല്ലാതെ അയ്യേ...”

“അല്ല മാഷിനെ സ്ഥലം കച്ചോടാക്കാന്‍ വിട്ടതോ അതോ പെണ്ണ് ചോദിക്കാന്‍ വിട്ടതോ? സായിപ്പിനെ കണ്ടാല്‍ സാമ്പാറ് മറക്കും എന്ന് കേട്ടിട്ടുണ്ട്.ഇത് വല്ലാത്തൊരു ചതിയായിപ്പോയി മാഷേ!അല്ല എന്നിട്ടും മാഷ് കല്യാണക്കാര്യം ഒന്നും ചോദിച്ചില്ലേ?“ ഞാന്‍ ആകാംക്ഷയോടെ വീണ്ടും ചോദിച്ചു.

“അതിന് ചോദിക്കാന്‍ ആ കുട്ടി പോയില്ലേ? അവള്‍ നാളെ വരും,അപ്പാപ്പനോട് ചോദിക്കുന്നതിനേക്കാള്‍ നല്ലത് നമുക്കാ കുട്ടിയോട് നേരിട്ട് ചോദിക്കുന്നതല്ലേ? ആ കുട്ടിയുടെ ഇഷ്ടമാണല്ലോ പ്രധാനം. നാളെ ആ കുട്ടി വരുമ്പോ ഞാന്‍ നേരിട്ട് ചോദിച്ച് ഒരു തീരുമാനം ഉണ്ടാക്കാം പോരെ?“ മാഷ് പദ്ധതി പ്രഖ്യാപിച്ചു.

“അതേയ് ഇനി മാഷ് ഇടപെടേണ്ട.ഒരു കാര്യം ഏല്‍പ്പിച്ചപ്പോള്‍ അതില്‍ സ്ഥലക്കച്ചോടം കേറ്റിയ സ്ഥിതിയ്ക്ക് നാളേയും അതാവര്‍ത്തിക്കില്ലെന്നാരു കണ്ടു. ഇനി ഞാന്‍ തന്നെ ഇടപെടാം, ശ്യാമേ നീ ഒരു ദിവസം കൂടി ക്ഷെമിക്കെടാ.” ഞാന്‍ വീണ്ടും ശ്യാമിനെ സമാധാനിപ്പിച്ചു.

“അപ്പോള്‍ ഇന്നത്തെ യോഗം പിരിച്ച് വിട്ടിരിക്കുന്നു, വിധിയുണ്ടെങ്കില്‍ കല്യാണ ചര്‍ച്ചകളുമായി വീണ്ടും നാളെ ഒത്തുകൂടാം!” ബാബു മീറ്റിങ് പിരിച്ച് വിട്ടതായി പ്രഖ്യാപിച്ചു. എല്ലാവരും അവരവരുടെ കട്ടിലുകളിലേക്ക് നീങ്ങി.അന്നത്തെ പരിപാടിയില്‍ അവശേഷിക്കുന്ന കഞ്ഞി കുടിയും തോരന്‍ തിന്നലും കഴിഞ്ഞാല്‍ ഉറങ്ങാന്‍ കിടക്കണം. നേരത്തെ എഴുന്നേറ്റ് നെയ്യും കഷായവുമൊക്കെ കുടിക്കാനുള്ളത് കൊണ്ട് എല്ലാവരും നേരത്തെ തന്നെ ഉറക്കത്തിലേക്ക് വീഴുമെന്നതിനാല്‍ എല്ലാവരും അവരവരുടെ കട്ടിലില്‍ പോയി കിടന്നു.

കട്ടിലില്‍ ഇരുന്ന് ഞാന്‍ കഞ്ഞിയും അന്നതെ സ്പെഷല്‍ ഐറ്റം കാബേജ് തോരനും ഭാര്യ നല്ല കുത്തരിച്ചോറ് മീന്‍ കറി കൂട്ടിയും കഴിച്ചു. കട്ടിലില്‍ രോഗിയല്ലാത്തവര്‍ക്ക് കിടക്കാന്‍ അനുവാദമില്ലെങ്കിലും ഗര്‍ഭിണിയായ ഭാര്യയെ കട്ടിലില്‍ കിടത്തി ഞാന്‍ താഴെ കിടക്കാമെന്ന് സ്വപ്നേച്ഛ കരുതാത്ത ഞാന്‍ അവളോട് പായയും ഷീറ്റും വിരിച്ച് നിലത്ത് കിടന്നോളാന്‍ പറഞ്ഞു. അവള്‍ കട്ടിലിന്റെ വലത് ഭാഗത്തെ സ്ഥലത്ത് പായ വിരിച്ച് കിടന്നു.അവളെ ആശ്വസിപ്പിച്ച് കൊണ്ട് ഞാന്‍ പറഞ്ഞു,
“ആ സജി ഇല്ലായിരുന്നെങ്കില്‍ നിനക്കും കട്ടിലില്‍ കയറി കിടക്കായിരുന്നു,അവന്‍ കണ്ടാല്‍ പ്രശ്നാ!ഇതൊക്കെ കാരണമാണ് ഞാന്‍ നിന്നോട് ഇവിടെ കൂട്ട് നില്‍ക്കണ്ട എന്ന് പറഞ്ഞത്”

“അത് സാരല്യ,ഞാന്‍ ഇവിടെ കിടന്നോളാം,രാവിലെ തണുപ്പടിക്കുകയാണെങ്കില്‍ ഞാന്‍ കട്ടിലില്‍ കയറിക്കിടന്നോളാം” അവള്‍ എന്നേയും ആശ്വസിപ്പിച്ചു.

“എന്നാലും നിനക്കും കൂടി കട്ടിലില്‍ കിടക്കാമായിരുന്നു” ഒരു സമാധാനമില്ലാത്ത പോലെ ഞാന്‍ പറഞ്ഞു.

“പിന്നെ അപ്പുറത്തും ഇപ്പുറത്തുമൊക്കെയുള്ളവര്‍ എന്ത് കരുതും,എനിക്ക് നാണാ! വെറുതെ മറ്റുള്ളോരുടേയും നമ്മുടേം ഉറക്കം കേടുത്തണോ?ഞാനിവിടെ തന്നെ കിടന്നോളാം”

“അപ്പുറോം ഇപ്പുറോമുള്ളവര്‍ എന്ത് കരുതാന്‍‍? ആരുടെ ഉറക്കം കെടാന്‍?പെട്രോള്‍ പമ്പിന്റെയകത്ത് തീപ്പെട്ടി ഉരച്ചാലല്ലേ പേടിക്കേണ്ടുള്ളൂ, നനഞ്ഞിരിക്കണ പടക്കം അടുപ്പിലിട്ടാല്‍ വരെ പൊട്ടില്ല പിന്നെയാണ്!“

ഞാന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു.അവളിലും അതൊരു ചിരി പടര്‍ത്തി.അരികത്തുണ്ടെണ്ടെങ്കിലും ഇങ്ങനെ കയ്യെത്തും ദൂരത്ത് പിണങ്ങിയിട്ടല്ലാതെ കിടക്കേണ്ടി വന്നതിലെ ഒരു ദുര്‍വിധിയെ പഴിച്ച് ഞങ്ങള്‍ വെറുതെ പരസ്പരം കളിയാക്കി.അധികം വൈകാതെ ഷീണം കൊണ്ടെന്നോണം അവള്‍ ഉറക്കത്തിലേക്ക് വഴുതി വീണു.നിറവയറുമായി ഒരു വശം ചരിഞ്ഞ് കിടക്കുന്ന ഭാര്യയെ കണ്ടപ്പോള്‍ എനിക്ക് വല്ലാത്ത സഹതാപം തോന്നി.ഞാന്‍ അവള്‍ക്കും കുഞ്ഞിനും വേണ്ടി പ്രാര്‍ത്ഥിച്ചു.അവള്‍ നിലത്ത് കിടക്കാന്‍ കാരണമായ ഫുഡ്ബോളിനെ ഞാന്‍ പിന്നേയും വെറുത്തു പിന്നെ ശപിച്ചു എങ്കിലും മെസിയേയും റൂണിയേയും മറഡോണയേയുമെല്ലാം എനിക്കിഷ്ടമായിരുന്നു.

രാവിലെ നെയ്യുമായി നേഴ്സ് വന്ന് വിളിക്കുമ്പോള്‍ എന്റെ അടുത്ത് ഭാര്യയും കിടപ്പുണ്ട്. രാവിലെ തണുപ്പടിച്ച് കാല് പെരുത്തപ്പോള്‍ കട്ടിലില്‍ കയറിക്കിടന്നതാവണം. നേഴ്സ് വഴക്ക് പറഞ്ഞെങ്കിലോ എന്ന് കരുതി ഞാന്‍ അവളെ ഉറക്കത്തില്‍ നിന്നും വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ നേഴ്സ്  തടഞ്ഞുകൊണ്ട് പറഞ്ഞു,

“സാരല്യാ ആ കുട്ടി അവിടെ കിടന്നോട്ടെ, താഴെ കിടന്ന് തണുപ്പടിച്ചാല്‍ അതിന് വേറെ വല്ല അസുഖോം വരും, ഇതാ നെയ്യും മരുന്നും വെച്ചിട്ടുണ്ട്”

അവര്‍ നെയ്യും മരുന്നും സൈഡ് ടേബിളില്‍ വെച്ച് അടുത്ത ബെഡിലേക്ക് പോയി.ഇത്രയും സ്നേഹമുള്ള ആ നേഴ്സിനെ ഞാന്‍ ‘ദയാലു അമ്മാള്‍’ എന്ന് വിളിച്ചാലോ എന്ന് വരെ ചിന്തിച്ചു.അവരുടെ ആ കരുണ കടാക്ഷത്തില്‍ ഭാര്യ കട്ടിലില്‍ കിടന്ന് സുഖമായി ഉറങ്ങിക്കൊണ്ടിരുന്നു. ഞാന്‍ അവളെ ഉണര്‍ത്താതെ ശര്‍ക്കര വാങ്ങി വെച്ചതില്‍ നിന്നും ഒരു കഷ്ണമെടുത്ത് നെയ്യ് സേവിച്ച ശേഷം കടിച്ചിറക്കി.ഒരു വിധം ആ സാഹസം കഴിഞ്ഞ് അടുത്ത് നടക്കാന്‍ പോകുന്ന ‘താമരശ്ശേരിചൊരം യജ്ഞവും‘ പ്രതീക്ഷിച്ച് വയറും തടവി കാത്തിരുന്നു.ഇന്നെങ്കിലും ഒരു മയത്തിലൊക്കെ ആയിരിക്കണേ എന്ന് ഞാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്തു.

അന്ദ്രുക്ക ദുബായീന്ന് വന്ന് ഷര്‍ട്ട് പീസ് പങ്ക് വെക്കാന്‍ വേണ്ടി കീറിയ പോലെ ഒരു ശബ്ദം ശ്യാമിന്റെ കട്ടിലിനടുത്ത് നിന്നും കേട്ടത് വാര്‍ഡില്‍ മൊത്തം ചിരി പരത്തി.എല്ലാവരും സംശയത്തോടെ ശ്യാമിനെ നോക്കി കമന്റുകളെറിയാന്‍ തുടങ്ങി,

“എന്താ ശ്യാമേ മഴക്കോളുണ്ടോ? ഇടി വെട്ടുന്നല്ലോ?“ ബാബു വിളിച്ചു ചോദിച്ചു.

“ഇടി മാത്രമല്ല ആലിപ്പഴോം വര്‍ഷിച്ചിട്ടുണ്ട്,ഇങ്ങട്ട് വാ നേരിട്ട് കാണാം”

ശ്യാം തമാശ പറയുകയാണെന്ന് കരുതി ചിരിച്ച ഞങ്ങള്‍ ആ കാഴ്ച കണ്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായി. ശ്യാമല്ല പകരം അപ്പുറത്തെ കട്ടിലിലെ അപ്പാപ്പനാണ് ആലിപ്പഴ വര്‍ഷം നടത്തിയത്.അപ്പാപ്പന്റെ തിരുമുല്‍ കാഴ്ച കട്ടിലില്‍ വെച്ച് തന്നെ സമര്‍പ്പണം നടത്തിയിരിക്കുന്നു. അപ്പാപ്പന്‍ തുള്ളിക്കൊരു കുടം പേമാരി പോലെ പെയ്തിറങ്ങിയിരിക്കുന്നു.

“എത്ര വല്യ കോടീശ്വരനായിട്ടെന്താ കാര്യം ഓയില്‍ സീല് തള്ളിപ്പോയാല്‍ കഴിഞ്ഞില്ലേ കാര്യം!”ബാബു ശ്യാമിനെ നോക്കിക്കൊണ്ട് പറഞ്ഞു.

“ശ്യാമേ..അംബാനിയുടേതല്ലാ ഐശ്വര്യാ റായിയുടെ വരെ ഓയില്‍ സീലു തള്ളിയാ ഇതന്യാ ഗതി, എന്ന് വെച്ച് നീ അപ്പാപ്പന്റെ മോളെ കല്യാണം കഴിക്കാനുള്ള തീരുമാനം ഉപേക്ഷിക്കല്ലേ ട്ടാ ചക്കരേ” മാഷ് അല്‍പ്പം പരിഹാസത്തോടെ പറഞ്ഞു.

“അയ്യേ എനിക്കൊന്നും വേണ്ട ആ അപ്പാപ്പന്റെ മോളേ.പാളം തെറ്റിയ ബോഗിയെപ്പോലെയുള്ളാ ആ കിടപ്പ് കണ്ടാ!എനിക്ക് കല്യാണമേ വേണ്ട പൊന്നേ” ശ്യാം വ്യസനത്തോടെ പ്രഖ്യാപിച്ചു.

“ഇപ്പഴാ ശരിക്കും നീ സുകൃതം ചെയ്തോനായത്! അമ്മായപ്പന്റെ ഈ അങ്കം കാണാന്‍ സുകൃതം തന്നെ ചെയ്യണം!” ബാബുവും കളിയാക്കി.

“ഒന്നു നിര്‍ത്തിയേ,വയറ്റീന്ന് പോക്ക് പിടിച്ചവന്റെ മുന്നില് വെച്ച് മൂക്കിപ്പൊടി വലിക്കുന്നോ ?? ശ്യാമേ നീയിതൊന്നും കാര്യമാക്കേണ്ട അതൊക്കെ അപ്പാപ്പന്റെ അസുഖത്തിന്റെ ഭാഗമാണെന്ന് കൂട്ടിയാല്‍ മതി. ഞാനെന്തായാലും ആ കുട്ടിയോടൊന്ന് സംസാരിക്കട്ടെ.എന്നിട്ട് നീ കടുത്ത ഒരു തീരുമാനത്തിലെത്തിയാല്‍ മതി.എന്താ മാഷേ അത് പോരെ?“ഞാന്‍ മാഷിനോട് അഭിപ്രായം ആരാഞ്ഞു.

“മതി അത് മതി’ ശ്യാമേ നീയാ കുട്ടിയെ കെട്ടിയാല്‍ പിന്നെ എനിക്ക് ധൈര്യായിട്ട് മുന്‍ ഭാഗമോ പിന്‍ ഭാഗമോ ചോദിക്കാം,നീ സമ്മതിക്കെടാ ശ്യാമേ” മാഷ് നിലപാടറിയിച്ചു.

“ഈശ്വരാ ഈ മാഷ്ക്ക് ആരോ മുന്‍ ഭാഗത്തും പിന്‍ ഭാഗത്തും കൈവിഷം കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നു,ഒന്ന് പോയെ മാഷേ, പെണ്ണ് കിട്ടുമോന്നെന്നെ അറിഞ്ഞിട്ടില്ല അപ്പഴാണ് അതിന്റെ ഇടയിലൊരു സ്ഥലക്കച്ചോടം! മാഷേ അത്താഴം തന്നെ പട്ടിണി കിടക്കുമ്പോ രാവിലെ വെള്ളച്ചോറിനായി വാശി പിടിക്കരുത്! പിന്നേയ് ഇനിയും ഞാന്‍ ഇവിടെ നിന്നാല്‍ നിങ്ങള്‍ മറ്റൊരു ആലിപ്പഴ വര്‍ഷത്തിന് കൂടി സാക്ഷിയാകേണ്ടി വരും,ഞാനിപ്പോ പോയിട്ട് പിന്നെ വരാം”

വയറും തടവി ഞാന്‍ പുറത്തേക്ക് നടന്നു.മറ്റൊരു താമരശ്ശേരി ചുരമിറങ്ങാനുള്ള തയ്യാറെടുപ്പില്‍  കക്കൂസിന്റെ വാതില്‍ തുറന്ന് ഇടത് കാല്‍ വെച്ച് ഐശ്വര്യമായി അകത്തേക്ക് കയറി.സാന്ദര്‍ഭികമായി ഞാന്‍ ആ പാട്ട് മൂളിക്കൊണ്ടിരുന്നു!
“അറബിക്കടലിളകി വരുന്നേ
ആകാശം പൊട്ടി വരുന്നേ......
പിന്നേം പിന്നേം...
അറബിക്കടലിളകി വരുന്നേ
ആകാശം പൊട്ടി വരുന്നേ.....”


തുടരും...

Monday, May 2, 2011

പഞ്ചകര്‍മ്മ പുരാണം - ഭാഗം എട്ട്!

ഏഴാം ഭാഗം വായിക്കാന്‍ ഇവിടെ തിരുമ്മുക!

വാര്‍ഡിന്റെ വലത് ഭാഗത്തെ മൂലയിലുള്ള കട്ടിലിനടുത്ത് ആളുകള്‍ വട്ടം കൂടി നില്‍ക്കുകയാണ്. ആള്‍ക്കൂട്ടത്തിനിടയിലൂടെ ഏന്തി വലിഞ്ഞ് ഞാനും ആ കാഴ്ച കണ്ടു. ആ ബെഡിലെ പേഷ്യന്റായ കുട്ടേട്ടന്‍ എന്ന്‍ ഞങ്ങള്‍ വിളിക്കുന്ന ‘കുട്ടന്‍‘ എന്നയാളുടെ വായില്‍ നിന്നും നുരയും പതയും വന്ന് കൊണ്ടിരിക്കുകയും ഒരു കയ്യും കാലുമിട്ട് ശക്തിയായി ചലിപ്പിക്കുകയും ചെയ്യുന്നു. അയാള്‍ അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെന്ന് എനിക്ക് മനസ്സിലായി.പലരും കൈകാലുകള്‍ ഒതുക്കിപ്പിടിക്കാന്‍ ശ്രമിക്കുകയും,കൂട്ടത്തില്‍ ആരോ കയ്യില്‍ താക്കോല്‍ കൂട്ടം കൊടുക്കുകയും ചെയ്യുന്നുണ്ട്. അല്‍പ്പ നേരത്തെ അപസ്മാര ലക്ഷണങ്ങളില്‍ നിന്നും അയാള്‍ പതിയെ മോചിതനായി തളര്‍ന്ന് ബോധരഹിതനായി കിടന്നു. അപ്പോഴേക്കും സജിയും ഒരു നേഴ്സും വാര്‍ഡില്‍ എത്തിയിരുന്നു.ആളുകളെ കട്ടിലിന്റെയടുത്ത് നിന്നും മാറ്റി നിര്‍ത്തി അയാള്‍ക്ക് കാറ്റ് കിട്ടത്തക്ക രീതിയില്‍ മറ്റൊരാള്‍ ഒരു പത്രം മടക്കിപ്പിടിച്ച് വീശിക്കൊടുത്ത് കൊണ്ടിരുന്നു.എല്ലാവരിലും ആ കാഴ്ച ഒരു മ്ലാനത പരത്തി.വാര്‍ഡ് പെട്ടെന്ന് നിശബ്ദമായി.ആരും പിന്നെ അധികമൊന്നും സംസാരിക്കാന്‍ നില്‍ക്കാതെ സന്ദര്‍ശകര്‍ ഓരോരുത്തരായി പതിയെ പുറത്തേയ്ക്കിറങ്ങിത്തുടങ്ങി.

കുട്ടേട്ടന് ഏതാണ്ട് നാല്‍പ്പത് വയസ് പ്രായം വരും. കൂലിപ്പണി ചെയ്താണ് അമ്മയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം പോറ്റുന്നത്.നന്നായി മദ്യപിക്കുകയും ഭാര്യയെ ഉപദ്രവിക്കുകയും ചെയ്യുമായിരുന്നെന്ന് പലരില്‍ നിന്നുമായി ഞാനും മനസ്സിലാക്കി.മദ്യപിക്കുമായിരുന്നെങ്കിലും കുടുംബം പട്ടിണിക്കിടാതെ നോക്കാന്‍ അയാള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അങ്ങിനെയിരിക്കെ ഒരു ദിവസം കുട്ടേട്ടന്റെ  ശരീരത്തിന്റെ ഒരു വശം പെട്ടെന്ന് തളര്‍ന്ന് പോയി. ദുരിതം ആ കുടുംബത്തില്‍ പക്ഷാഘാതത്തിന്റെ രൂപത്തില്‍ അവതരിച്ചു.കാര്യമായ ചികിത്സയൊന്നും നടത്താനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്ത ആ കുടുംബത്തിന്റെ നാഥന്‍ തന്നെ വീണ് പോയപ്പോള്‍ ആ കുടുംബമാകെ പകച്ച് നിന്ന് കാണണം! പക്ഷാഘാതം ശരീരം തളര്‍ത്തിയ കുട്ടേട്ടന് ഇരുട്ടടി പോലെയാണ്  ഭാര്യ അയാളെ ഉപേക്ഷിച്ച് പോയപ്പോള്‍ അനുഭവപ്പെട്ടിട്ടുണ്ടാവുക. പട്ടിണി കിടക്കേണ്ടി വന്നെങ്കിലോ  എന്നോര്‍ത്തിട്ടാവണം ഒരു ദിവസം രാവിലെ അയാളുടെ ഭാര്യ മക്കളേയും കൊണ്ട് വീട് വിട്ടിറങ്ങിയത്. ഭര്‍ത്താവിനെ ശുശ്രൂഷിക്കേണ്ട സമയത്ത് സ്വസുഖം തേടിപ്പോയ അയാളുടെ ഭാര്യയെ ഞാന്‍ വെറുത്തു പിന്നെ ശപിച്ചു, പക്ഷേ എന്റെ ഭാര്യയെ എനിക്ക് വളരെ വളരെ ഇഷ്ടമാണ്.

കുട്ടേട്ടന്റെ കൂടെ ആശുപത്രിയില്‍ കൂട്ട് നില്‍ക്കുന്നത് പ്രായമായ അയാളുടെ അമ്മയാണ്. പഞ്ചകര്‍മ്മയില്‍ അവര്‍ക്ക് ചികിത്സ സൌജന്യമായത് കൊണ്ടാണ് അവര്‍ ഇവിടെ അഡ്മിറ്റാക്കിയത്. കുട്ടേട്ടന് ഇതിന് മുന്‍പും അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ കണ്ടിട്ടുണ്ടെന്ന് കുട്ടേട്ടനെക്കുറിച്ച് മുന്നേ അറിയുന്ന തത്തമംഗലത്തുകാരനില്‍ നിന്നും ഞാന്‍ മനസ്സിലാക്കി.  അപ്പോഴാണ് കുട്ടേട്ടന്റെ കൂടെ നില്‍ക്കുന്ന അമ്മയെ ഞാന്‍ ശ്രദ്ധിക്കുന്നത്.എഴുപത് വയസിന് മുകളില്‍ പ്രായമുണ്ട് ആ വൃദ്ധയ്ക്ക്. കണ്ടാല്‍ ശരിക്കുമൊരു പട്ടിണിക്കോലം. ചെവി അല്‍പ്പം പതുക്കെയാണ്.അവര്‍ കട്ടിലിന്റെ ഒരു കാലിന്റെ അരികില്‍ ചാരിയിരുന്ന് കരയുകയാണ്. ആ കാഴ്ച എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി.ഈ വയസ് കാലത്ത് മകന്റെ ഈ ദുര്‍വിധി കാണാന്‍ വിധിക്കപ്പെട്ട ആ അമ്മയുടെ രൂപം മനസ്സില്‍ വല്ലാത്തൊരു വിങ്ങല്‍ തീര്‍ത്തു.കുട്ടേട്ടനുള്ള ഭക്ഷണവും മരുന്നും തൈലങ്ങളുമെല്ലാം സൌജന്യമായി പഞ്ചകര്‍മ്മയില്‍ നിന്നും കിട്ടുമെങ്കിലും കൂടെ നില്‍ക്കുന്നവര്‍ക്ക് ഭക്ഷണമൊന്നും ലഭിക്കില്ല. അതിനാല്‍ ആ അമ്മ പലപ്പോഴും പട്ടിണി കിടക്കുകയോ കുട്ടേട്ടന്റെ ബാക്കി വരുന്ന ഭക്ഷണം കഴിക്കുകയോ ആണ് പതിവ്. കുട്ടേട്ടന് തന്നെ ചിലപ്പോള്‍ കഞ്ഞി തികയാത്ത അവസരത്തില്‍ വിവരം അറിഞ്ഞ് വല്ലവരും അമ്മയ്ക്ക് ഭക്ഷണം വാങ്ങിക്കൊടുത്തെങ്കിലായി. എന്നാലും പട്ടിണിയിരുന്നാലും ആ വൃദ്ധ ആരോടും പരാതി പറയുകയോ സഹായം ആവശ്യപ്പെടുകയോ ചെയ്യാറില്ല. കൂടെയുള്ളവര്‍ കണ്ടറിഞ്ഞ് സഹായിക്കുന്നത് മാത്രമാണ് അവരുടെ ആശ്രയം. അത്രയ്ക്കും കഷ്ടമായിരുന്നു അവരുടെ സ്ഥിതി.കുടുംബത്തെ ആകെ വരുമാനക്കാരനാണ് ഒരു വശം തളര്‍ന്ന് കട്ടിലില്‍ കിടക്കുന്നത്. ഭൂമിയില്‍ പട്ടിണിയും പരിവെട്ടവുമായി ജീവിക്കുന്ന ആളുകളെ ദൈവം വീണ്ടും വീണ്ടും ദുരിതങ്ങള്‍ നല്‍കി പരീക്ഷിക്കുന്നത് എന്തിനാണെന്ന് ചിന്തിച്ച് ഞാന്‍ വെറുതെ അലോസരപ്പെട്ടു. പട്ടിണിപ്പാവങ്ങളുടെ ദുരിതങ്ങളെ ഞാന്‍ വെറുത്തു പിന്നെ ശപിച്ചു, എങ്കിലും പട്ടിണിയിലും തളരാതെ തന്റെ മകനെ ശുശ്രൂഷിക്കുന്ന ആ വൃദ്ധ മാതാവിനെ എനിക്ക് വളരെ ഇഷ്ടമായിരുന്നു.

ഇതെല്ലാം കണ്ട് പകച്ച് നിന്ന ഭാര്യ എല്ലാവരേയും അല്‍ഭുതപ്പെടുത്തിക്കൊണ്ട് ആ തീരുമാനം പ്രഖ്യാപിച്ചു.ഇനിയുള്ള ദിവസം ആശുപത്രിയില്‍ എനിക്ക് തുണയായി അവള്‍  കൂട്ട് നില്‍ക്കാമെന്ന്! ഒരു മാസത്തെ കാര്യമല്ലേയുള്ളൂവെന്നും എന്റെയടുത്ത് നിന്നില്ലെങ്കില്‍ വീട്ടില്‍ നില്‍ക്കാന്‍ മനസ്സമാധാനം കിട്ടില്ലെന്നും അവള്‍ വയറും തടവിക്കൊണ്ട് ആണയിട്ടു.ഒരു വേള വാര്‍ഡിലുള്ള മറ്റ് രോഗികളുടെ കൂട്ടിരിക്കുന്ന സുന്ദരികളായ സ്ത്രീകളെ കണ്ട് മനം മാറിയതാണോ എന്ന് ഞാന്‍ ആരേയും അറിയിക്കാതെ ഒരു നടുക്കത്തോടെ ഓര്‍ത്തെങ്കിലും അല്ലെന്ന് സ്വയം ഒരു തീരുമാനത്തിലെത്തി ആശ്വസിച്ചു. ഉമ്മയും അവളുടെ ഉപ്പയുമൊക്കെ അവളുടെ ആ കടുത്ത തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നിരാശരായി ഒടുവില്‍ മനസ്സില്ലാ മനസ്സോടെ എല്ലാവരും സമ്മതിക്കുകയായിരുന്നു. എങ്കിലും അവസാന ശ്രമമെന്നോണം അവളെ പിന്തിരിപ്പിക്കാനായി ഞാന്‍ രാവിലെ ‘താമരശേരി ചൊരം‘ ഇറങ്ങുന്ന കാര്യവും,ചിലപ്പോള്‍ കാണിക്കയുമായി പോകുമ്പോള്‍ വഴിയിലെങ്ങാനും വെച്ച് ബ്രേക്ക് പൊട്ടിയാല്‍ ബക്കറ്റുമായി പിന്നാലെ ഓടേണ്ടി വരുമെന്നൊക്കെ പറഞ്ഞ് നോക്കി. അവള്‍ എന്തും ചെയ്യും സുകുമാരനെപ്പോലെ  എന്ത് ത്യാഗത്തിനും ഒരുക്കമായിരുന്നു. അവളുടെ ആ സ്നേഹത്തിന് മുന്നില്‍ എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. ആ കണ്ണുനീരിന് സത്യമായും നീയൊന്നും എനിക്കീ ആശുപത്രിയില്‍ പോലും സമാധാനം തരില്ല്ല്ലല്ലോടീ എന്ന മനോഭാവമൊന്നും ഉണ്ടായിരുന്നില്ല എന്ന് ഞാന്‍ ആണയിടുന്നു.രോഗിയായ ഭര്‍ത്താവിന് ഗര്‍ഭിണിയായ ഭാര്യ കൂട്ട്! ഒരുമാതിരി ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നൊക്കെ പറയുന്ന പോലെ! ഈനാമ്പേച്ചികളേയും മരപ്പട്ടികളേയും ഞാന്‍ വെറുത്തു പിന്നെ ശപിച്ചു എങ്കിലും ഭാര്യയുടെ സമീപ്യം എനിക്കേറെ ഇഷ്ടമായിരുന്നു.

സന്ദര്‍ശകരെല്ലാം പോയപ്പോള്‍ തൊട്ടടുത്ത കട്ടിലിലെ പേഷ്യന്റായ ഉണ്ണിയേട്ടന്റെ ഭാര്യ ചന്ദ്രികേച്ചിയാണ് ആദ്യം ഭാര്യയെ പരിചയപ്പെടാനെത്തിയത്. ഉണ്ണിയേട്ടന് അസുഖം പുറം വേദനയാണ്. ഷോള്‍ഡറിന്റെ എല്ലിന് തേയ്മാനം. കണ്ടാല്‍ നമ്മുടെ സില്‍മാ നടന്‍ ജോണിയുടെ ഒരു ഗെറ്റപ്പുണ്ട്. അതേ ശരീരം,ചന്ദ്രികേച്ചി പക്ഷേ ഉണ്ണിയേട്ടന്റെ ശരീരത്തിന്റെ ഒരു കാല്‍ ഭാഗമേ വരൂ.അവര്‍ക്കൊരു മകളുണ്ട്, മിടുക്കിക്കുട്ടി.നേഴ്സറിയില്‍ പോകുന്നുണ്ടത്രേ.അച്ഛനും അമ്മയും ആശുപത്രിയിലായത് കൊണ്ട് മോള്‍ അമ്മൂമ്മയുടെ കൂടെയാണ് താമസിക്കുന്നത്. ഇത്രേം വിവരങ്ങള്‍ ഞാന്‍ അവരുടെ സംസാരത്തില്‍ നിന്നും ചോര്‍ത്തിയെടുത്തു.വെറുതെ കാറ്റിലൂടെ അലഞ്ഞ് തിരിയുന്ന ശബ്ദങ്ങളെ കാത് കൂര്‍പ്പിച്ച് കൊണ്ട് വലിച്ചെടുത്തു എന്നു മാത്രം!

കുട്ടേട്ടന്റെ ബെഡിന്റെ ഇപ്പുറത്ത് നെല്ലുവായ് എന്ന സ്ഥലത്തുള്ള രാമകൃഷ്ണന്‍ ചേട്ടനാണ് കിടക്കുന്നത്.അതിനിപ്പുറം ബാബുവും കൂട്ടിന് ഭാര്യ സുബൈദ എന്ന സുബു.ബാബു യൂണിയന്‍ പണിക്കാരനായിരുന്നു. ഒരിക്കല്‍ പണിക്കിടെ ചാക്കേറ്റിയപ്പോള്‍ അടി തെറ്റി വീണ് ചാക്ക് ദേഹത്ത് വീണ് തണ്ടലിന് കേട്പാട് സംഭവിച്ചതാണ്.ഈ ദമ്പതികള്‍ക്ക് കുട്ടികളില്ല എന്ന ഒരു ദുഃഖവും അവരെ അലട്ടുന്നുണ്ടെങ്കിലും ചികിത്സകളൊന്നും മുടക്കാതെ പ്രതീക്ഷയിലാണവര്‍. അതിനുമിപ്പുറത്തെ കട്ടിലിലാണ് പാവറട്ടിക്കാരന്‍ ആന്റണി മാഷും കൂട്ടിന് ടീച്ചറും! ചക്കിക്കൊത്ത ചങ്കരന്‍ എന്നൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും ഇത്രയും രസികനായ ഒരു മാഷും അതിന്റെയൊപ്പം ചിരിക്കാന്‍ കൂടാന്‍ ഒരു ടീച്ചറും.ടീച്ചര്‍ ശരിക്കും ഒരു മൂത്ത ചേച്ചിയെപ്പോലെയായിരുന്നു എന്ന് ഭാര്യ പറയാറുണ്ട് കാരണം അവളെ അത്രയ്ക്കധികം ഓരോ കാര്യത്തിനും ടീച്ചര്‍ സഹായിച്ചിട്ടുണ്ട്. ഈ ടീച്ചറും സുബുവും കൂടിയാണ് പിന്നീട് ഭാര്യയുടെ അടുത്തേക്ക് കുശലാന്വേഷണത്തിനും പരിചയപ്പെടലിനുമായി വന്നത്. എന്റെ ചെവിക്ക് ഇനിയും പണി കൂട്ടണ്ട എന്ന് കരുതി ഞാന്‍ മെല്ലെ പാട്ട് സീന്‍ തുടങ്ങിയ ടാക്കീസില്‍ നിന്നും മുള്ളാന്‍ പോകുന്ന പോലെ പുറത്തേക്ക് നടന്നു.

വരാന്തയില്‍ ഇരുട്ട് വീഴുന്നത് തടയാനായി ട്യൂബ് ലൈറ്റ് പ്രകാശം പരത്തുന്നുണ്ടായിരുന്നു. വരാന്തയുടെ അങ്ങേ തലയ്ക്കല്‍ നിന്നും മൂന്നാലു പേര്‍ വാര്‍ഡിനെ ലക്ഷ്യമാക്കി നടന്ന് വരുന്നത് ഞാന്‍ കണ്ടു. അവര്‍ അടുത്തെത്തുംതോറും മുഖചിത്രങ്ങള്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരുന്നു. ഒരപ്പാപ്പനും അമ്മാമയും കൂടെ സുന്ദരിയായ ഒരു ചെറുപ്പക്കാരിയും പിന്നെ സജിയും. ലക്ഷണം കണ്ടിട്ട് ശ്യാമിന്റെ അപ്പുറത്തെ ബെഡിലേക്ക് പ്രവേശനം ലഭിച്ച പുതിയ അഡ്മിഷനാണെന്ന് സജിയുടെ കയ്യിലെ ബാഗും കൂടി കണ്ടപ്പോള്‍ ഞാന്‍ ഉറപ്പിച്ചു.അപ്പാപ്പനായിരിക്കണം രോഗി.,കണ്ടാല്‍ അങ്ങിനെ തോന്നില്ലെങ്കിലും നല്ല ഉഷാറായിത്തന്നെയാണ് അപ്പാപ്പന്‍ മുന്നില്‍ നടക്കുന്നത്,തൊട്ട് പുറകിലായി അമ്മാമ്മയും. തീരെ തടി കുറവാണെങ്കിലും അമ്മാമയ്ക്കും നല്ല ആരോഗ്യമൊക്കെ തോന്നുന്നുണ്ട്.പിന്നെ കൂടെയുള്ള സുന്ദരിക്കുട്ടിക്ക് ആവശ്യത്തിന് സൌന്ദര്യവും ഇരുപത് ഇരുപത്തിരണ്ട് വയസും പ്രായം കാണും.ആ സുന്ദരിക്കുട്ടി നേരെ നടന്ന് വന്ന് എന്റെ ഹൃദയത്തിലേക്ക് കയറിയെങ്കിലോ എന്ന് പേടിച്ച് ഞാന്‍ ചുമരിന്റെ ഓരത്തേക്ക് ചാരി നിന്ന് അവര്‍ക്ക് വഴിമാറിക്കൊടുത്തു. എന്നെ കണ്ടതും സജിക്കെവിടെയോ കുരുപൊട്ടിയെന്ന് തോന്നുന്നു,അതോ ഇനി ആ പെണ്ണിന്റെ മുന്‍പില്‍ ആളാവാനാണോ എന്ന് ഞാന്‍ തെറ്റിദ്ധരിക്കുമാറ് സജി എന്നെ നോക്കിക്കൊണ്ട് അലറി,

“എന്താടാ ലാവെളിച്ചത്ത് കോഴീനെ വിട്ടാക്കിയ പോലെ ഇവിടെ കിടന്ന് തിരിയണ്? പോയി കിടക്കാന്‍ നോക്ക്.ആറ് മണി കഴിഞ്ഞാല്‍ പുറത്തേക്കിറങ്ങരുത് മനസ്സിലായോ?”

സജി ഒരു വൈദ്യരായിരുന്നില്ലല്ലോ എന്ന് സമാധാനിച്ച് മനസ്സ് നിറയെ സജിയോടുള്ള ദേഷ്യവുമായി ഒരു സൈക്കിളില്‍ നിന്ന് വീണ ചിരിയും മുഖത്ത് ഫിറ്റ് ചെയ്ത് ഞാനും അവരുടെ പിന്നാലെ വാര്‍ഡിലേക്ക് കയറി.

പ്രതീക്ഷിച്ച പോലെ തന്നെ അത് ശ്യാമിന്റെ  അപ്പുറത്തെ ബെഡിലേക്കുള്ള അഡ്മിഷനായിരുന്നു. ഞാന്‍ ശ്യാമിന്റെ ബെഡിന്റെ തലയ്ക്കല്‍ ഇരുന്നു. സത്യമായും അപ്പാപ്പന്റെ മകളെ വായില്‍ നോക്കുക എന്ന ഉദ്ദേശമായിരുന്നില്ല, മറിച്ച് കെട്ടുപ്രായമായി നില്‍ക്കുന്ന ശ്യാമിന് ആ സുന്ദരിക്കുട്ടിയെ ഒന്നാലോചിച്ചാലോ എന്ന് വെറുതേ മനസ്സില്‍ തോന്നിയത് കൊണ്ട് മാത്രം അവിടെ ഇരുന്നതാണ്. ഞാന്‍ ശ്യാമിനെ വിളിച്ച് ബാബുവിന്റെ കട്ടിലിനടുത്തേക്ക് നടന്നു.ഗൂഡാലോചനയില്‍ പങ്ക് ചേരാന്‍ മാഷും എത്തി.ഞാന്‍ കാര്യങ്ങള്‍ക്ക് തുടക്കം കുറിച്ചു,
”അല്ല മാഷേ എപ്പഴായാലും കല്യാണം വേണം,എന്നാ പിന്നെ ഈ കുട്ടി തന്നെ ആവുന്നതില്‍ എന്താ തെറ്റ്?ബുക്കും പേപ്പറുമൊക്കെ ശരിയാവുമോന്ന് ഒത്ത് നോക്കുകയെങ്കിലുമാവാലോ?”

“എന്ത് ബുക്കും പേപ്പറും?” ബാബുവിന്റെ സംശയം.

“അല്ല ബാബു, ഇവര്‍ക്കീ ജാതകം നോക്കണം പിന്നെ പൊരുത്തം നോക്കണം അങ്ങിനെയുള്ള ഏര്‍പ്പാടില്ലേ,അത് ശരിയാക്കുന്ന കാര്യാ. അല്ലാ എന്താ ശ്യാമേ നിന്റെ അഭിപ്രായം?“ ഞാന്‍ ചിന്താ മഗ്നനായ ശ്യാമിനോട് ചോദിച്ചു.
ശ്യാം ഇല്ലാത്ത ഗൌരവം ഉണ്ടെന്ന് വരുത്തി , “ഞാന്‍ കല്യാണം കഴിക്കാന്‍ മുട്ടി നില്‍ക്കാന്ന് നിന്നോടാരാ പറഞ്ഞേ? ആദ്യം ഞാനൊന്ന് നന്നായി നടക്കട്ടെ, എന്നിട്ട് മതി കല്യാണമൊക്കെ”

അതിനുള്ള മറുപടി മാഷാണ് പറഞ്ഞത്, “നീയതിന് ദുര്‍നടപ്പിന് ശിക്ഷിക്കപ്പെട്ട് ജയിലിലൊന്നുമല്ലല്ലോ കിടക്കണ്, ഇന്നല്ലെങ്കില്‍ നാളെ നിന്റെ അസുഖം മാറും,പക്ഷേ ഇത്രെം നല്ലൊരു കുട്ടീനെ കിട്ടിയെന്ന് വരില്ലാട്ടാ”
അത് ശരി വെച്ച് കൊണ്ട് ബാബു ശ്യാമിനെ ഉപദേശിക്കുമാറ് തുടര്‍ന്നു, “ശ്യാമേ നമ്മള് നാളെയോ മറ്റന്നാളൊ ഒന്നുമല്ലല്ലോ കല്യാണം നടത്തുന്നത്. അതിനൊക്കെ ഒരുപാട് സമയമില്ലേ ദാസാ? അതോ നിനക്ക് ഒരാഴ്ചക്കുള്ളില്‍ വേണോ?

കാര്യങ്ങള്‍ കൈവിട്ട് പോകാതിരിക്കാന്‍ ഞാന്‍ വീണ്ടും ഇടപെട്ട് ശ്യാമിനോട് പറഞ്ഞു, “ശ്യാമേ ആദ്യം കാര്യങ്ങളൊക്കെ മാഷ് ചെന്ന് അന്വേഷിക്കട്ടെ, മാഷാകുമ്പോ അതിന്റേതായ രീതിയില്‍ കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കും.എന്നിട്ട് നമുക്കൊരു തീരുമാനത്തിലെത്തിയാല്‍ പോരെ?“

ആ തീരുമാനത്തോട് എല്ലാവരും യോജിച്ചു.അങ്ങിനെ പരിചയപ്പെടല്‍ കം കല്യാണ സാധ്യതയെ പറ്റി ഗവേഷണം നടത്താന്‍ ആന്റണി മാഷ് അപ്പാപ്പന്റെ കട്ടിലിന്റെ അടുത്തേക്ക് നീങ്ങി.ശ്യാമിന്റെ മുഖത്ത് വല്ലാത്തൊരു സന്തോഷവും പ്രകാശവും ഞങ്ങള്‍ കണ്ടു.അതും പറഞ്ഞ് അവനെ കളിയാക്കുകയും ചെയ്തു.എങ്ങിനെയെങ്കിലും ആ അപ്പാപ്പന്‍ കല്യാണത്തിന് സമ്മതിക്കണേ എന്നായിരുന്നു ഞങ്ങളുടെ പ്രാര്‍ത്ഥന.ഒരു തമാശയ്ക്ക് തോന്നിയ ആശയമായിരുന്നെങ്കിലും ആ പെണ്‍കുട്ടിയുടെ അടക്കവും ഒതുക്കവും ശാലീനതയുമെല്ലാം കണ്ടപ്പോള്‍ ശ്യാമിനും താല്പര്യം തോന്നുകയായിരുന്നു.പിന്നെ മറ്റൊന്നും ചിന്തിച്ചില്ല.പോയാല്‍ ഒരു വാക്ക് കിട്ടിയാല്‍ മനസ്സിനിണങ്ങിയ പെണ്ണ്.അതായിരുന്നു ഒരു ലയിന്‍. സമ്മന്ത ചര്‍ച്ചകള്‍ക്ക് പോയ മാഷിനേയും കാത്ത് ഞങ്ങള്‍ ബാബുവിന്റെ കട്ടിലിന് ചുറ്റും ഇരുന്നു. ആ ഇരുപ്പില്‍ ഞാന്‍ കാത്തിരിപ്പുകളെ വെറുത്തു, പിന്നെ ശപിച്ചു എങ്കിലും കല്യാണങ്ങള്‍ എനിക്കേറെ ഇഷ്ടമായിരുന്നു.

തുടരും....
 


Copyright http://www.vazhakkodan.com