Sunday, April 26, 2009

ഇന്ന്‌ ബ്ലോഗയ തൃതീയ:വര്‍ഷം മുഴുവന്‍ കമന്റിനു ഇന്ന് ഒരു പോസ്റെങ്കിലും ഇടുക


ഇന്ന് "ബ്ലോഗയ തൃതീയ"

ബ്ലോഗ് ചെയ്യുന്നവര്‍ ഇന്ന് ഒരു പോസ്റ്റെങ്കിലും ഇട്ടാല്‍ വര്‍ഷം മുഴുവന്‍ ആ പോസ്റ്റിനു കമന്റുകള്‍ ലഭിക്കും എന്നാണു ബ്ലോഗയ തൃതീയ സങ്കല്പം. ഈ ഒരു പോസ്റ്റിന്റെ ഐശ്വര്യം ആ വര്‍ഷം മുഴുവന്‍ നിലനില്‍ക്കും എന്നും കരുതപ്പെടുന്നു. ബ്ലോഗയ തൃതീയയെ പറ്റി പല ഐതീഹ്യങ്ങളും ഭൂലോകത്ത് ഇന്നും നിലനില്‍ക്കുന്നുണ്ട്‌. ബാലഭദ്രന്‍ എന്നൊരു ബ്ലോഗ്ഗര്‍ ആദ്യമായി പോസ്റ്റ് ഇട്ട ദിനത്തിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് ഈ ബ്ലോഗയ തൃതീയ ആചരിക്കുന്നത് എന്ന് വിശ്വസിക്കുന്ന ബ്ലോഗ്ഗര്‍മാര്‍ കുറവല്ല. എന്നാല്‍ ഈ ദിനത്തില്‍ ചില ബ്ലോഗ്ഗര്‍മാര്‍ അവരുടെ പോസ്റ്റുകള്‍ ഇ-മെയിലായി നിര്‍ദ്ധനരായ വായനക്കാര്‍ക്ക് എത്തിച്ചു കൊടുത്തതിനു ശേഷമേ ജലപാനം നടത്താറുള്ളൂ എന്നും കണ്ട് വരുന്നു. ഇങ്ങനെ ഈ ദിവസം ഉപവാസം അനുഷ്ടിക്കുന്ന  ഒരാചാരം ചില ബ്ലോഗര്‍മാര്‍ ഇപ്പോഴും മുടങ്ങാതെ അനുഷ്ടിച്ച്  വരുന്നുണ്ട് എന്നാണ് അറിയുന്നത്.

ബ്ലോഗയ തൃതീയയുമായി ബന്ധപ്പെട്ട മറ്റു ചില ഐതിഹ്യം കൂടി നോക്കാം.
പുണ്യം ക്ഷയിക്കാത്ത ബ്ലോഗിങ് - ബ്ലോഗയ തൃതീയ.
 
ബ്ലോഗനാര്‍ മാസത്തിലെ ശുക്ള തൃതീയയില്‍ വരുന്ന ഈ ദിനം പുതിയ ബ്ലോഗ് തുടങ്ങാനുള്ള ഉത്തമ ദിവസമാണെന്നത് ഈ ദിവസത്തിന്റെ മഹത്വത്തില്‍ പെടുന്നു.
ബൂലോകത്തില്‍ ഭാവനാ സമ്പന്നതയുടെയും രചനാ സമൃദ്ധിയുടേയും പ്രതീകമാണ് ബ്ലോഗിലെ ഓരോ പോസ്റ്റും.അതിനാല്‍ ഈ ദിനത്തില്‍ ഒരു പുതിയ പോസ്റ്റ് ഇടുക എന്നതാണ് ഈ ദിനത്തിലെ മഹത്തായ കര്‍മ്മവും ആചാരവും. അല്ലാതെ ബ്ലോഗയ തൃതീയദിനം സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുന്നത് പുണ്യമാണ് എന്ന് വിശ്വസിക്കുന്നത് പോലും പാപമാണ്. അന്ന് സ്വര്‍ണ്ണം ക്രയവിക്രയം ചെയ്താല്‍ ടാഗിന്റെ പേരിലും വാ തുറന്നാല്‍ കള്ളം പറയുന്ന സെയില്‍സ്മാന്റെ പേരിലും പരാജയം സംഭവിക്കുമെന്നത് നിശ്ചയമാണെങ്കിലും ധനനഷ്ടം ഉണ്ടാകും എന്നത് തീര്‍ച്ചയാണ്. ബൂലോകത്തുള്ള അവിവാഹിതരായ ബ്ലോഗ്ഗര്‍മാര്‍ക്കും ഈ ദിവസം വിവാഹാലോചനയ്ക്കും, പ്രണയ ബന്ധങ്ങള്‍ ആരംഭിക്കുന്നതിനും പുതിയ പോസ്റ്റുകള്‍ ഇടുന്നതിനും ഏറ്റവും അനുയോജ്യമായ ദിനമായി തെരഞ്ഞെടുത്തുവരുന്നു.എന്നാല്‍ ഈ ദിനം “സര്‍പ്രൈസ് ഗിഫ്റ്റുകള്‍“ നല്‍കാന്‍ തിരഞ്ഞെടുത്താല്‍ മാനഹാനി സംഭവിക്കുമെന്നും പ്രബലമായ വിശ്വാസമുണ്ട്.

ബ്ലോഗയതൃതീയയുടെ പ്രസക്തിയും പ്രാധാന്യവും ഉയര്‍ത്തിക്കാട്ടുന്ന ബൂലോകത്തില്‍ പ്രചരിക്കുന്ന മറ്റൊരു കഥയിങ്ങനെ:
അനോണികളുടെയും മറ്റു പല കള്ള പ്രൊഫൈലുകാരുടെയും നിരന്തരമായ ഭീഷണികളില്‍ മനം മടുത്ത് മുഖ്യധാരാ ബ്ലോഗില്‍ നിന്നും ഒളിച്ചോടേണ്ടി വന്ന ഒരു പാവം ബ്ലോഗ്ഗര്‍, തന്റെ ഈ നിലക്ക് ഒരു മാറ്റം വരുവാനായി ഗൂഗിള്‍ ദൈവത്തിനോട് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. അങ്ങിനെ ഒരു നാള്‍ ഗൂഗിള്‍ ദൈവം പ്രത്യക്ഷപ്പെട്ട് ബ്ലോഗര്‍ക്ക് ഒരു വരം നല്‍കി. ഗൂഗിള്‍ ദൈവം ഒരു പുതിയ അഗ്രിഗേറ്റര്‍ സൃഷ്ടിച്ച് കൊടുത്ത് കൊണ്ട് അതില്‍ അപ്ഡേറ്റ് ആകുന്ന മറ്റു ബ്ലോഗര്‍മാരുടെ ഓരോ പോസ്റ്റിലും ഓരോ കമന്റ് വീതം ഇടാന്‍ പറയുകയും,അത് നൂറ്റൊന്നു കമന്റ് പൂര്‍ത്തിയായാല്‍ സ്വന്തമായി ഒരു പോസ്റ്റ് ഇടാനും പറഞ്ഞു. ഇപ്രകാരം നമ്മുടെ ബ്ലോഗര്‍ നൂറ്റൊന്നു കമന്റ് പൂര്‍ത്തിയാക്കുകയും സ്വന്തമായി ഒരു പോസ്റ്റ് അഗ്രിഗേറ്ററില്‍ ഇടുകയും ചെയ്തു.ഓടിപ്പോയ ബ്ലോഗറുടെ പുതിയ പോസ്റ്റ് കണ്ട് ദേഷ്യം വന്ന  മറ്റു ബ്ലോഗര്‍മാര്‍ അനോണി ഐഡിയില്‍ കൂട്ടം കൂട്ടമായി വന്ന്‍ തെറി കമന്റുകളും ആക്ഷേപങ്ങളും  ഇടാന്‍ ശ്രമിച്ചെങ്കിലും തന്റെ പ്രാര്‍ത്ഥനയുടെ ഫലമായി ഗൂഗിള്‍ ദൈവം അനോണി ഓപ്ഷന്‍ എടുത്ത്‌ കളയാനുള്ള മന്ത്രം പഠിപ്പിച്ചിരുന്നതായി വരം കൊടുത്ത രേഖകളില്‍ നിന്നും മനസ്സിലാക്കിയ ബ്ലോഗ്ഗര്‍ ആ അനോണി ഓപ്ഷന്‍ ഇല്ലാതാക്കിയിരുന്നു.ഈ ദിവസം മുതലാണ്‌ അനോണികളെ കമന്റ് ചെയ്യുന്നതില്‍ നിന്നും മാറ്റി നിര്‍ത്താന്‍ തുടങ്ങിയത്.അനോണികളെ അന്നു മുതല്‍ വെറുക്കപ്പെട്ടവരായും കണക്കാക്കി വരുന്നു. അതാണ്‌ ഈ ദിവസത്തിന്റെ പ്രത്യേകതയെന്നും, ഈ ദിവസത്തിന്റെ മാഹാത്മ്യം പരിഗണിച്ചാണ് എല്ലാ ബ്ലോഗര്‍മാരും ഇന്നും ബ്ലോഗയ തൃതീയ ആഘോഷിക്കുന്നത്‌ എന്നുമാണ് ഐതിഹ്യം.

ബ്ലോഗയ തൃതീയദിനത്തില്‍ പോസ്റ്റ് ചെയ്യുന്ന ഏതോരു ബ്ലോഗര്‍ക്കും ഈ വര്‍ഷം മുഴുവനും ഐശ്വര്യവും സമാധാനവും കമന്റുകളും ലഭിക്കും. ആയതിനാല്‍ എല്ലാ ബ്ലോഗര്‍മാരും ഈ ദിനത്തില്‍ ഒരു പോസ്റെങ്കിലും ഇട്ട് ഈ ബ്ലോഗയ തൃതീയ ദിനം ആഘോഷിക്കണം എന്ന് അഭ്യര്‍ത്തിക്കുന്നു.

എല്ലാവര്‍ക്കും എന്റെ ബ്ലോഗയ തൃതീയ ആശംസകള്‍!

Wednesday, April 22, 2009

പേററന്ട് ചോദിച്ചവനെ തേടി അയ്യപ്പ ബൈജുവിന്റെ അന്വേഷണം.


അനുവാദമില്ലാതെ അയ്യപ്പ ബൈജുവിനെ അഡ്രസ്സ് മാറ്റി അയച്ചവരെ തേടി ബൈജു അന്വേഷിച്ച് ഇറങ്ങി നടന്നതിന്റെ പ്രസക്ത ഭാഗങ്ങളാണ് ഈ എപ്പിസോഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ നമ്മള്‍ കണക്കാക്കിയിരുന്ന പോലെ ഇതില്‍ "ഠോ" എന്ന ശബ്ദം ബൈജുവിന് കിട്ടുന്ന അടിയായും, ഇനിയെങ്ങാനും "ട്ടേ" എന്ന പ്രയോഗം കണ്ടാല്‍ ബൈജു അടിക്കുന്നതായും ഓര്‍ക്കുമല്ലോ അല്ലെ.

തമ്പാനൂരിനടുത്തുള്ള ഒരു ബസ് വെയിറ്റിംഗ് ഷെഡ്ഢിന് മുന്നില്‍ നില്‍ക്കുകയായിരുന്നു ബൈജു ഞാന്‍ കാണുമ്പോള്‍. ഇനി നമുക്കു ബൈജുവിന്റെ അന്വേഷണങ്ങളിലേക്ക് ശ്രദ്ധ തിരിക്കാം!

ബൈജു ഗംഭീര ഗാനാലാപനത്തിലാണ് (ട്യുണ്‍് .....തലയ്ക്കു മീതെ ശൂന്യാകാശം)

'തലയ്ക്കു മീതെ ബാറിന്റെ ബോര്‍ഡ് .......താഴേ സോടാ മൂടീ
കുടിക്കുവാനായി അകത്തോട്ടു ചെന്നപ്പോള്‍ ഇരിക്കാനിടമില്ലാ...
സത്യം ഇരിക്കാനിടമില്ലാ ......."

"ശ്ശ് ...ഹലോ സാര്‍ വാച്ചൊക്കെ ഉണ്ടല്ലോ...സമയം ശരിയാണോ?

അയാള്‍: എന്റെ സമയം ശരിയൊക്കെത്തന്നെ നീ മര്യാദക്ക് നടന്നില്ലെങ്കില്‍ നിന്റെ സമയദോഷം മാറിക്കിട്ടും"

ബൈജു: എന്റമ്മേ..ആള് പുലിയാ...ജോല്‍ത്സ്യനാ സമയദോഷം മാറ്റും പോലും...അവന്റെ അപ്പന്റെ ഒരു സമയദോഷം"

"ഠോ"

"തന്ക്സ്, ഫോ ഉത്ഘാടണം മോശമില്ലാ....എന്റെമ്മോ ഇത് കണ്ടാ പെറ്റ തള്ള സഹിക്കില്ല"

തൊട്ടടുത്ത് നിന്ന ഒരു സ്ത്രീയുടെ കയ്യിലെ വാച്ചും ആ സ്ത്രീയെയും ആകെ മൊത്തത്തില്‍ നോക്കിക്കൊണ്ട് :

ബൈജു: പെങ്ങളെ ശ്ശ് പെങ്ങളെ ഓടുന്നുണ്ടോ?

"ഠോ"
ന്റമ്മേ
കണ്ണീന്ന് പൊന്നീച്ച പാറി, പെങ്ങള് വനിതാ പോലീസാന്നാ തോന്നണേ, ചുമ്മാ തെറ്റിധരിച്ചു.
സമയം ശരിയല്ല എന്റെ ഓ സിയാര്‍ മുത്തപ്പാ.. പുവര്‍ ഗേള്‍

എല്ലാവരും പ്ലീസ് നോട്ട് ദാ പോയന്റ്, എന്നെ ഐ മീന്‍ ഈ അയ്യപ്പ ബൈജുവിന്റെ അഡ്രെസ്സ് മാറ്റിയവന്‍ ഇക്കൂട്ടത്തിലുണ്ട്....നോട്ടി ബോയ്....ചെറുപ്പം പയ്യനാ...

( ഒരാളെ ചൂണ്ടി) അത് നീയാണോടാ...?

അയാള്‍: പോടോ താന്‍ എന്റെ കയ്യിന്നു ചുമ്മാ മേടിക്കും,

ബൈജു: നിന്റെ കയ്യീന്നും മേടിക്കും നിന്റെ അപ്പന്റെന്നും മേടിക്കും നീയാരാടാ ചോദിക്കാന്‍?

അപ്പന് വിളിക്കുന്നോടാ, "ഠോ"

ഹൂ താന്ക്സ് ഇതും മിസ്സായില്ല, കൊച്ചു പയ്യനാ അടിചേച്ചും പോട്ടെ! പോടാ

ബൈജു അടികിട്ടിയേടം തടവിക്കൊണ്ട്: അവന്റെ പേരു എന്റെ നാവിന്‍ തുമ്പില്‍ ഉണ്ടായിരുന്നതാ ശ്ശോ!

മറ്റൊരാളോട് ബൈജു: ഹല്ലോ..വല്യ പുള്ളിയാ മാന്യനാ ശ്... എന്താ പേരു?


അയാള്‍: എന്തിനാ?


ബൈജു: പിന്നെ അത് കിട്ടിയിട്ട് വേണ്ടേ പണയം വെച്ച് പൈന്ടടിക്കാന് താനല്ലേ വിബിന്‍ ?


അയാള്‍: ആണെങ്കില്‍ എന്ത് വേണം?


ബൈജു: അപ്പൊ നീയാണല്ലെ എന്റെ എപ്പിസോഡ് അഡ്രെസ്സ് മാറ്റി വിതരണം നടത്തിയത്? കള്ളാ..


അയാള്‍: അതിന് തനിക്ക് വല്ല പേററന്‍ടും ഉണ്ടോടോ? വെറുതെ മെക്കിട്ടു കേറല്ലേ..


ബൈജു: "ട്ടേ""ട്ടേ""ട്ടേ" പോടാ കള്ളാ അപ്പന്റെ കളസ്രം ഇട്ടിട്ട് അമ്മയോട് പേററന്ട് ചോദിക്കുന്നോടാ...
വല്യ മാന്യന്‍! പോയി വേറെ വല്ല പണിയും ചെയ്യടെ ! അവന്റെ ഒരു പേററന്ട്!


അപ്പൊ പ്ലീസ് നോട്ട് ദ പോയിന്റ് ബൈജൂന് സന്തൊഷമായി ബൈജു ഇനീം വരും ഓക്കേ ബൈ !

ഫോട്ടോ കടപ്പാട്: ഗൂഗിള്‍

നന്ദി: പ്രശാന്ത്(അയ്യപ്പ ബൈജു)
എപ്പിസോഡ് ഡയരക്ട്ടര്‍: വാഴക്കോടന്‍

മനോരമ ബ്ലോഗില്‍ കുഞ്ഞീവി ലിസ്റ്റ് ചെയ്യപ്പെട്ടു: ബായക്കോട്ടെ സ്വന്തം കുഞ്ഞീവി

പ്രിയമുള്ള സുഹൃത്തുക്കളേ,

മനോരമയുടെ ഓണ്‍ലൈന്‍ സൈറ്റിലെ ബ്ലോഗില്‍ വീണ്ടും എന്റെ മറ്റൊരു ബ്ലോഗ് പോസ്റ്റ് കൂടി ലിസ്റ്റ് ചെയ്യപ്പെട്ട സന്തോഷ വാര്‍ത്ത നിങ്ങളെ അറിയിക്കുന്നു.
ബായക്കോട്ടെ കുഞ്ഞീവിയെ സ്നേഹപൂര്‍വ്വം സ്വീകരിച്ച എല്ലാവര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.
ഇവിടെ ക്ലിക്കിയാല്‍ പോസ്റ്റ് വായിക്കാം!

Monday, April 20, 2009

ബായക്കോട്ടെ കുഞ്ഞീവി കോളേജില്‍

ഒബാമക്ക് കത്തെഴുതി പ്രശസ്തയായ അതേ കുഞ്ഞീവി ഇതാ വീണ്ടും നിങ്ങളുടെ മുന്നില്‍. സൂറാനെ കോളേജില്‍ ചേര്‍ക്കാന്‍ കൊണ്ട് പോകുന്ന കുഞ്ഞീവിയുടെ ഒരു കാമ്പസ് എപ്പിസോഡ്. 'ഒബാമക്ക് സ്നേഹപൂര്‍വ്വം കത്തെഴുതിയ അതേ കുഞ്ഞീവി റീലോഡഢ്.
//////////*******************///////////********************/////////**************

ന്റെ റബ്ബേ! എന്തുമാത്രം ബല്യ കാളേജാ, ന്റെ മാള് സൂറാന്റെ ഭാഗ്യം.
അല്ല ഞമ്മളീ കാളേജില് ബന്നതിന്റെ കാര്യം പറഞ്ഞില്ലല്ലാ, ഞമ്മന്റെ മോള് സൂറാക്ക് ഇബടെ ഒരു സീറ്റ് ബാങ്ങിത്തരാന്നു വോട്ടു ശോയികാന്‍ ബന്ന ആ ബായക്കോടന്‍ പറഞ്ഞേരുന്നു. ഓനെ നോക്കീട്ട് കാണാനും ഇല്യ. ഓന്‍ മുങ്ങീതാവും, ഓനെ ഞമ്മക്കറിഞ്ഞൂടെ? വോട്ടിനു മുമ്പ് കോയിന്റെ കാലിമ്മേ മുടി ശുറ്റിയ പോലെയല്ലേ ഓന്‍ ഞമ്മടെ പെരേല് ശുറ്റിത്തിരിഞ്ഞെര്‍ന്നത്‌. ഇപ്പൊ ഓന്റെ ബല്ല പോടീണ്ടോ? ഒനിനി ബായക്കൊട്ടുക്ക് ബരട്ടെ, ഓന്റെ കാല് ഞമ്മള് തല്ലി ഒടിക്കണുണ്ട്.


ഡാ ഇതെന്താപ്പാ അന്റെ കോലം? ഇന്നാട്ടില് മുടി മുറിക്കണ കൂട്ടരോന്നും ഇല്ലെടാ? ജ്ജോന്നു അബടെ നിക്ക് മനുഷ്യാ ചോയിക്കട്ടെ. എന്താ അന്റെ പേര്?

"ആചാര്യന്‍ ന്നാ "

'ജ്ജ് ആശാര്യാന്നു പറഞ്ഞിട്ട് അന്റെ കയ്യില് ഉളീം കൊട്ടോടിയോന്നും ഇല്ലെഡോ? അനക്കെന്താ ഇന്നു ഇബടേണാ പണി?

"ദേ തള്ളേ ഞാന്‍ ആശാരീം മൂശാരീം ഒന്നല്ല, ഇവിടത്തെ ഒരു സ്ടുടന്ടാ"

"ഡാ ഹമുക്കെ അന്റെ കണ്ണിലെന്താ മത്തന്‍ കുത്തീട്ടിരിക്ക്യാണാ, ഇത്രേം ശേലുള്ള എന്നെ കണ്ടിട്ട് അനക്ക് തള്ളേന്ന് ബിളിക്കാന്‍ തോന്നിയല്ലോ. അന്റെ ആ മുടീം താടീം കണ്ടിട്ട് ഞമ്മക്ക്‌ ന്റെ മയ്യത്തായ കെട്ട്യോന്‍ ബീരന്ക്കാന്റെ ഓര്‍മ്മ ബന്നു. ഇല്ലെങ്കില്‍ അന്റെ മയ്യത്ത് ഞമ്മള് എടുത്തെര്‍ന്നു,
പോടാ പോടാ ജ്ജ് പോയി അന്റെ തരക്കാരോട് കളിക്കടാ.."


അല്ലേ ഓന്‍ പറഞ്ഞതു കേട്ടില്ലേ തള്ളേന്ന്, ഇമ്മിണി പുളിക്കും.

മാളേ സൂറാ ജ്ജ് സൂക്ഷിച്ചാളീ ട്ടാ ഒക്കെ ബെടക്കുകളാ. ഇജ്ജ് പോയാ ചേര്‍ത്തണാ സ്ഥലം എവിടാന്നങ്ങട്‌ ചോയിച്ച് ബന്നേ ഞമ്മളപ്പളേക്കും ആ ശായപ്പീടികേന്ന് ഒരു ശായ മോന്തട്ടെ! ജ്ജ് ശെല്ലീം ബെക്കം ശെല്ലീം.

കുഞ്ഞീവി കാന്റീനില്‍!

" ഇതെന്താടാ ശെയ്ത്താനെ ഈ ഗുളികകളൊക്കെ പൊതീന്നയിച്ചു ഇട്ടേക്കണത്?

" അത് ഗുളികയല്ല അമ്മായി ഇഢലിയാ"

"പ്ഫാ ശൈത്താനെ ആരുടെ അമ്മായിയാടാ ഞാന്‍? ബേണ്ടാ ബേണ്ടാ! എന്താ അന്റെ പേര്?

" പകലന്‍"

'അന്റെ പേര് പറേടാ ജ്ജ്, ഇപ്പൊ പകലാന്ന് എല്ലാര്‍ക്കും അറിയാം"

' എന്റെ പേര് പകലന്‍ എന്നാ, പിന്നെ ഞാന്‍ എന്നെ വിളിക്കനത് പകല്‍കിനാവന്‍ എന്നാ"

"അനക്ക് അന്നെ ബിളിക്കാന്‍ പറ്റണ ഏറ്റവും നല്ല പേര് രണ്ടുകണ്ണന്‍ ശെയ്ത്താന്‍ ന്നാ,അവന്റെ ഒരു കണ്ണാടേം ഒരു കാലുസ്രായീം, എന്താണ്ടാ കുടിക്കാന്‍ ഒരു സ്ട്രോങ്ങ്‌ ശായ കിട്ടോ?

"ഇപ്പൊ തരാം, ആചാര്യാ ഒരു സ്ട്രോങ്ങ്‌ ടീ"

"അല്ല ഈ ഹമുക്കാണാ ശായടിക്കാന്‍ നിക്കണത്? ഓന്‍ ബല്യ സ്ടുടെന്റ്രിയാണെന്നാണല്ലോ പറഞ്ഞത്"

"അത് അയാളിവിടെ പാര്‍ട്ട് ടൈമായി പൊറാട്ട അടിക്കാന്‍ വരും, കൂട്ടത്തില്‍ ചായയും അടിക്കും"

"പടച്ച തമ്പുരാനേ ഓന്റെ ശായക്കും ഒനെപ്പോലെ താടീം മുടീം കാണ്വോ ന്റെ റബ്ബേ...,
അല്ല ന്റെ മാളുസൂറയല്ലേ ആ ബരണത്, ആരാണ്ടാപ്പ അവളുടെ കൂടെ ഒരു ശെങ്ങായി?


സൂറ: ഉമ്മാ ഇയ്യാള് എല്ലാം ശരിയാക്കിത്തരാന്ന്, ഓരുടെ കൂടെ ചെന്നാ മതീന്ന്!

" പ്ഫ്ഫ ഹിമാറെ കണ്ട സെയ്ത്താന്മാരുടെ കൂടെ കൂടീട്ട്‌ ശരിയാക്കാന്നാ..അറക്കും ഞമ്മള് അന്നെ !'

സൂറ: അല്ല ഉമ്മ ഇയാള് പ്രിന്സിപ്പാളിനെ കണ്ടിട്ട് അട്മിഷന്‍ ശരിയാക്കിത്തരാന്നാ പറഞ്ഞത്.

"ഇയ്യാളാരാ ബ്രോക്കറാണാ, കണ്ടാ അതുപോലെ ഉണ്ടല്ലോ, ഒരു കാല്ക്കൊടെടെ കുറവുണ്ടെന്ന് മാത്രം,
അല്ലടോ ഇജ്ജാരാ?


" എന്റെ പേര് കാപ്പിലാന്‍"

'താനേത് കോപ്പിലെ ആളായാലും ഞമ്മക്കെന്താ? അനക്ക് സൂറാന്റെ എരുത്തിന്ന് ഒന്നങ്ങട് വിട്ട് നിന്നൂടെ? ഇജ്ജെന്താ വായക്ക് തൂണ് കൊടുത്തപോലെ അവളുടെ എരുത്തന്നെ നിക്കണ്?

"ഇത്താ ഞാന്‍ ഇത്ത വിജാരിക്കണ ആളല്ല! ഞാനീ കാന്റീനിന്റെ ഓണറാ"

" ഞമ്മള് സൂറാന്റെ ഓണറാ അതോണ്ട് പറഞ്ഞതാ, പടച്ച റബ്ബേ ഈ ചായപ്പീടിയക്ക്‌ ഇഞ്ഞും ഓണറോ?

"ഇത്താ, അട്മിശന്റെ കാര്യം ഞാന്‍ ശരിയാക്കിത്തരാം, ഇവിടെ വിശ്വസിക്കാന്‍ കൊള്ളുന്ന ഒരേയൊരാള്‍ ഞാനാ. ഇത്ത ധൈര്യമായി എന്റെ കൂടെ പോരെ"

"പ്ഫ്ഫ ഹിമാറെ, ഞമ്മടെ കെട്ടിയോന്‍ മയ്യത്തായീന് ബെച്ചിട്ടു ഇജ്ജ്‌ ബിളിക്കുംബളേക്കും ഞാനങ്ങട് ബരും ന്ന് ആരാണ്ടാ അന്നോട്‌ പറഞ്ഞത്?

"അതല്ല ഇത്താ, ഇവിടെ ചേര്‍ത്താന്‍ പോകുന്ന കാര്യമാ പറഞ്ഞത്,(വിളിച്ചു കൊണ്ട് പോകാന്‍ പറ്റിയ ഒരു ചരക്ക്!)

"ഇജ്ജൊരു തങ്കക്കൊടം തന്നെ! അല്ല മാനെ ഇതൊക്കെ ശേയ്താ അനക്കിപ്പോ എന്ത് കിട്ടും?

" ഇത്താ ഇതൊക്കെ ഒരു സ്നേഹത്തിന്റെ പുറത്തു ചെയ്യുന്നതല്ലേ!

" ഇന്റെ മോള് സൂറാനോടാ?

" എന്റെ പൊന്നേ, ഈ ഇത്താന്റെ ഒരു കാര്യം!

പകലന്‍: ഇത്താ ഇതാ ചായ.

ചായ ഒന്നു കുടിച്ചുനോക്കിയിട്ട് കുഞ്ഞീവി."പ്ഫാ ഇതെന്തു ശായെടാ പാത്രം കഴുകിയ വെള്ളം പോലുണ്ടല്ലോ?
അല്ല ശായക്ക്‌ മോതലാളീടെ അതേ കൊണം! ഏതായാലും ഇജ്ജ്‌ കായി അന്റെ മോയലാളീടെ കയ്യീന്നെന്നെ വാങ്ങിച്ചോ.

അപ്പൊ മാനെ കൊപ്പിലാ ഞമ്മക്ക്‌ ഒലെ ശേര്‍ത്താന്‍ കൊണ്ടൊവാ ...

"ഇത്താ കൊപ്പിലാനല്ല കാപ്പിലാന്‍! എന്നെ വെറുതേ നാണം കെടുത്തല്ലേ!"

"കാപ്പിലാനാണെങ്കി കാപ്പിലാന്‍, ഇജ്ജൊരു ശൊങ്കനാണ് ട്ടോ. സൂറാനെ ചേര്‍ത്തിയാല്‍ അന്നെയോന്നു ഞമ്മക്ക്‌ ശരിക്കും കാണണം ന്റെ ഖല്‍ബെ...അന്നെ ഇഞ്ഞ് ഞമ്മള് ഖല്ബേന്നാ ബിളിക്ക്യാ...അന്നെ ഞമ്മള് മറക്കൂല്ല ന്റെ പന്ടാരെ!"

(സൂറാന്റെ അഡ്മിഷന് ശേഷം കാപ്പിലാനെ ആരും കണ്ടില്ല എന്നാണു കോളേജിലെ ഏറ്റവും പുതിയ വാര്‍ത്ത!)
(ബ്ലോഗ്ഗര്‍ കോളേജിനു വേണ്ടി എഴുതിയത്)

Tuesday, April 14, 2009

അപ്പന്റെ ഊതിക്കാച്ചിയ പൊന്നിനെ തേടി



അപ്പന്റെ "ഊതിക്കാച്ചിയ പൊന്ന് " എന്ന സാമൂഹിക പൈതൃക നോവലിലെ "മറിയാമ്മ"എന്ന കഥാപാത്രത്തെ തേടിയാണ് എന്റെ യാത്ര. മനസ്സില്‍ എന്നും ഒരു ഭീകര ചിത്രമായി ഈസ്റ്മാന്‍ കളര്‍ സ്വപ്നങ്ങളില്‍ പോലും വന്ന് മറിയാമ്മ എന്റെ സ്ഥാനത്തും അസ്ഥാനത്തുമുള്ള ചിന്തകളിലെ വിങ്ങലുകളായി നിലകൊണ്ടു. അപ്പന്റെ ആ കഥാപാത്രത്തെ ഒരു നോക്ക് കാണുക എന്നാ ഒരൊറ്റ ദുരുദ്ദേശം മാത്രമെ എന്റെ ഈ യാത്രക്ക് ഉള്ളൂ. ആരാണീ മറിയാമ്മ? അതറിയുന്നതിനു മുമ്പ് ആദ്യം നിങ്ങള്‍ എന്റെ അപ്പനാരെന്നു അറിയണം, അപ്പന്റെ കയ്യിലിരിപ്പ് അറിയണം, അപ്പന്റെ നീക്കിയിരിപ്പ് അറിയണം!"കണ്ടക്കുഴി പത്രോസ്" അതായിരുന്നു അപ്പന്റെ പേര് ‍. അപ്പന്‍ ചുമര്മ്മേല്‍ പടമായി കേറീട്ട് കൊല്ലം നാലായി.ഈ ദിവസം വരെ അപ്പന്റെ പടത്തിലെ മാലയൊന്നു മാറ്റിയിടാന്‍ വരെ അപ്പന്റെ ഈ പ്രസ്സീന്നു കാലണ കിട്ടീട്ടില്ല. അപ്പനപ്പൂപ്പന്മാരായി തുടങ്ങിയ ഒരു സായാഹ്ന പത്രമുണ്ടായിരുന്നു. ദൈവ കൃപയാല്‍ അത് എന്റെ കയ്യോണ്ട് പൂട്ടേണ്ടി വരുമോന്ന് ആലോചിച്ച് കൊണ്ടിരിക്കുമ്പോളാണ് അപ്പനായിട്ട്‌ തന്നെ അത് പൂട്ടിയത്. അപ്പന്റെ വെടി തീര്‍ന്നപ്പോള്‍ ആ പ്രസ്സ് നടത്താനുള്ള എന്റെ ശ്രമം ആദ്യത്തെ കല്യാണക്കുറി അടിച്ച് കൊടുത്തപ്പോള്‍ തന്നെ ഗോപി! കഷ്ട്ടകാലം എന്നോന്നുന്ടെന്നു മനസ്സിലാക്കിയ ആ നാളില്‍, കല്യാണക്കുറിയില്‍ വധുവിന്റെ അച്ഛന്റെ സ്ഥാനത്ത് നാദസ്വരക്കാരുടെ പേര് അടിച്ചു വിട്ടത് തികച്ചും സ്വാഭാവികം!അവരതു മനസ്സിലാക്കിയതേ ഇല്ല. ഞാനിത്തിരി നക്ഷത്രം എണ്ണിയത് ഒഴിച്ചാല്‍, പ്രസ്സിലേക്ക് പിന്നെ കാലെടുത്തു കുത്തിയില്ല.

ജീവിതം വഴിമുട്ടിയ നേരങ്ങളില്‍ അപ്പനെഴുതിയ കവിത വിറ്റാ ജീവിച്ചത്. അപ്പനെയോര്‍ത്തു വീണ്ടും അഭിമാനം!പല കടപ്പുറങ്ങളിലും ചൂടപ്പം പോലെ വിറ്റുപോയ ആ താളുകളിലെ അപ്പന്റെ ദീന രോദനങ്ങള്‍ എത്ര പേര്‍ ശ്രദ്ധിച്ചോ ആവോ? അപ്പന്‍ ഭയങ്കര കലയുള്ള ആളായിരുന്നു. അപ്പന്റെ "ഇടിവെട്ട് പത്രത്തില്‍" ഓരോ വ്യാജ വാര്‍ത്ത വരുമ്പോഴും അപ്പന് കണക്കിന് ഇരുട്ടടി കിട്ടാറുണ്ട്‌. അങ്ങിനെ ഓരോ ഇരുട്ടടി കിട്ടുമ്പോളും അപ്പന്‍ ഓരോ കവിതകള്‍ എഴുതുമായിരുന്നു.അവസാനം ഒരു നോവല്‍ എഴുതാന്‍ അപ്പന്റെ ഒരു കാല് തന്നെ ഇരുട്ടടിയില്‍ അപ്പന് കൊടുക്കേണ്ടി വന്നു. ആ ഹൃദയ വേദനയില്‍ മുക്കിയാണ് അപ്പന്‍ "ഊതിക്കാച്ചിയ പൊന്ന്" എഴുതുന്നത്. അതിലെ കേന്ദ്ര കഥാപാത്രമാണ് ഞാന്‍ മേല്‍ പറഞ്ഞ മറിയാമ്മ. മറിയാമ്മയെ കുറിച്ച് വര്‍ണ്ണിക്കുന്നിടത്തൊക്കെ അപ്പന്‍ ലെവ ലേശം പിശുക്ക് കാണിച്ചിട്ടില്ല. ഒരു മാതിരി ഗ്രഹിണി പിടിച്ച പിള്ളാര് ചിക്കന്‍ ചില്ലി കണ്ട പോലെയുള്ള ഒരു ആക്രാന്ത വിവരണമാണ്.

മറിയാമ്മയെ കുറിച്ചുള്ള വരികള്‍ പലപ്പോഴും എന്റെ യാത്രയില്‍ പുളിച്ചു തേട്ടിക്കൊണ്ടിരുന്നു. എന്റെ അപ്പനായതോണ്ട് പറയുകയല്ല മറിയാമ്മയെ കുറിച്ചുള്ള അംഗ ലാവണ്യ വര്‍ണ്ണന കേട്ടാല്‍ അപ്പന്റെ പൊറുതി മറിയാമ്മേടെ കൂടെയായിരുന്നോ എന്ന് പോലും സംശയിച്ചു പോകും. അല്ലെങ്കില്‍ പിന്നെ മറിയാമ്മയുടെ വസ്ത്ര ധാരണത്തിന്റെ സ്വകാര്യത വരെ അപ്പനിത്ര നിശ്ചയംഉണ്ടാവുമോ? തികച്ചും ന്യായമായ സംശയമല്ലേ? എന്നാലും അപ്പന്റെ ഒരു ഒടുക്കത്തെ ഭാവന! അക്കാര്യം ഓര്‍ക്കുമ്പോഴൊക്കെ ഞാന്‍ അപ്പനെയോര്‍ത്ത് വീണ്ടും അഭിമാനം കൊണ്ടു.നോവലിലെ വിവരണമനുസരിച്ചു മറിയാമ്മയുടെ അഡ്രസ്സ് തപ്പിയെടുക്കാന്‍ ഒത്തിരി പാടു പെട്ടു. എങ്കിലും അപ്പന്റെ ജീവാത്മാവും പരാത്മാവുമായ വാറുണ്ണിഏട്ടന്റെ ചില സൂചനകള്‍ എനിക്ക് ഉപകാരപ്പെട്ടു.മറിയാമ്മയെ അന്വേഷിച്ചു പോകയാണെന്നു പറഞ്ഞപ്പോള്‍ ആ കിളവന്റെ വായില്‍ വെള്ളമൂറിയതിന്റെ കാരണം അയാള്‍ ഊതിക്കാച്ചിയ പൊന്ന് വായിച്ചത് കൊണ്ടാണെന്ന് ഞാന്‍ മനസ്സിലാക്കി. വീണ്ടും അപ്പനെക്കുറിച്ച് എനിക്ക് അഭിമാനം വന്നു. അപ്പന്റെ ഒരു കാര്യം!

പുലര്‍ച്ചയോടെ ടൌണില്‍ എത്തി. നഗരത്തില്‍ നിന്നും അകലെയല്ലാത്ത അപ്രശസ്തമായ ഒരു തീവണ്ടിയാപ്പീസ്. രാവിലെയായതിനാല്‍ ജനങ്ങള്‍ കുറവാണ്. എനിക്കുള്ള ട്രെയിന്‍ വരാന്‍ ഇനിയും സമയമുണ്ട്. പ്ലാറ്റുഫോം ഇത്ര വൃത്തികേടാക്കി വെക്കാന്‍ ഇവിടത്തുകാര്‍ സദാ ജഗരൂകരാന്. തീവണ്ടി വന്നു ഞാന്‍ ബോഗിയിലേക്കു കയറി. നല്ല അസഹ്യമായ നാറ്റം.ആരും മൂക്ക് പൊത്തുന്നില്ല, എല്ലാവരും ആ മണം ശീലിച്ചിരിക്കുന്നതായി ഞാന്‍ മനസ്സിലാക്കി. പുറം കാഴ്ചകള്‍ കാണാനായി ഞാന്‍ ജനലിന്റെ അടുത്ത്‌ തന്നെ ഇരുന്നു. തീവണ്ടിയിലെ യാത്രക്കാര്‍ എല്ലാവരും സന്തോഷത്തിലാണ്. കാര്യമന്വേഷിച്ചപ്പോഴാണ് ആ സത്യം ഞാന്‍ മനസ്സിലാക്കിയത്. ഇന്നലെ കടന്നു പോകേണ്ട ട്രെയിന്‍ ആയിരുന്നത്രെ അത്. ഇന്നെങ്കിലും യാത്ര തുടരാനായതിലാണ് അവര്‍ക്ക് സന്തോഷം. അത് ചിലര്‍ ആഘോഷിക്കുന്നു. ചരിത്രം ഉറങ്ങുന്ന പല സ്ഥലത്ത് കൂടിയാണ് ഞാന്‍ പോകുന്നതെന്ന് എനിക്ക് ആ പോക്ക് കണ്ടിട്ട് മനസ്സിലായി.ഒടുവില്‍ എനിക്ക് ഇറങ്ങാനുള്ള സ്ഥലമായി. ഞാന്‍ സ്റ്റേഷന്റെ പുറത്തേക്ക് വന്നു.

പ്രതീക്ഷിച്ചതുപോലെ ആരും കാത്തു നില്‍ക്കാന്‍ ഉണ്ടായില്ല. ഒരു ടാക്സിക്കാരനുമായി കുറെ നേരം പകുതി വാടകയ്ക്ക് പോകാന്‍ തര്‍ക്കിച്ചെങ്കിലും അയാള്‍ വരാന്‍ തയ്യാറായില്ല.അവസാനം ഒരു ഓട്ടോ തന്നെ പിടിച്ചു. റോഡിന്റെ ഇരു വശവും അന്നാട്ടുകാര്‍ അലങ്കരിച്ചിരിക്കുന്നു, എന്റെ വരവിനെ എതിരേല്‍ക്കുകയായിരുന്നെന്നു ഞാന്‍ വെറുതേ മോഹിച്ചു. ഒരു നടപ്പാതയുടെ അടുത്ത്‌ നിര്‍ത്തിയിട്ടു ഓട്ടോ കാരന്‍ പറഞ്ഞതിലും അധികം പണം വാങ്ങി തിരിച്ചു പോയി. പിന്നീടുള്ള എന്റെ യാത്ര നടന്നിട്ടായിരുന്നു. ഞാന്‍ വീണ്ടും മറിയാമ്മയെ ഓര്‍ത്തു.മറിയാമ്മ സുന്ദരിയായിരുന്നു. അപ്പനെ അവള്‍ ആദ്യമായി കാണുന്നത് അപ്പന്റെ ഒളിവു കാല ജീവിതത്തിലാണ്. അപ്പന്‍ ഒരു നേതാവിനെ കുറിച്ച് വ്യാജ വാര്‍ത്ത എഴുതിയപ്പോള്‍,തടികേടാകുമെന്നു വീട്ടുകാരും നാട്ടുകാരും ഒന്നടങ്കം പറഞ്ഞപ്പോള്‍ അപ്പന്‍ ഒളിവില്‍ പോയി. അന്ന് നാട്ടില്‍ മുങ്ങിയ അപ്പന്‍ പൊങ്ങിയത് ഈ മറിയാമ്മയുടെ തൊഴുത്തില്‍. അപ്പനെയും എരുമയെയും കണ്ടപ്പോള്‍ ആദ്യം മറിയാമ്മക്ക് തിരിച്ചറിയാന്‍ പറ്റിയില്ലെങ്കിലും, അപ്പന്റെ ദയനീയമായ വിളി കേട്ടപ്പോള്‍ മറിയാമ്മ അപ്പനെ തിരിച്ചറിഞ്ഞു. പിന്നീട് മറിയാമ്മ ഏര്‍പ്പാടാക്കിയ ഒരു കൊച്ചു വാടക വീട്ടിലാണ് അപ്പനെ കുടിയിരുത്തിയത് എന്നാണ് നോവലില്‍ അപ്പന്‍ വിവരിക്കണത്. ആദ്യമൊക്കെ മറിയാമ്മ അപ്പന് കഞ്ഞീം കപ്പയുമൊക്കെ കൊടുത്തിരുന്നു. പിന്നീട് അതൊരു താപ്പായി അപ്പന്‍ കണ്ടപ്പോള്‍ മറിയാമ്മ ആ പരിപാടി നിര്‍ത്തി. അപ്പന്‍ അവിടത്തെ അണ്ടര്‍ഗ്രൌണ്ട് ജീവിതം അവസാനിപ്പിച്ചു വരുമ്പോള്‍ മറിയാമ്മ യുടെ കുളി തെറ്റി എന്ന് മാത്രമേ അപ്പന്‍ എഴുതി വെച്ചിട്ടുണ്ടായിരുന്നുള്ളൂ. അതിന്റെ ഉത്തരവും ഈ യാത്രയില്‍ അറിയാമല്ലോ എന്നും ഞാനോര്‍ത്തു. പിന്നീടുള്ള മറിയാമ്മയുടെ ജീവിത കഥയാണ്,അപ്പന്റെ "ഊതിക്കാച്ചിയ പൊന്ന്".

ഞാന്‍ ആ കുന്നിന്‍ മുകളിലൂടെ മറിയാമ്മയെ അന്വേഷിച്ചു നടന്നു. ദൂരെ ഒരു കൊച്ചു കുടില്‍ കണ്ടു ഞാന്‍ ആ കുടിലിന്റെ അടുത്തേക്ക്‌ ചെന്നു.
"മറിയാമ്മചേടത്തീടെ വീട് ഇതാണോ?" എന്റെ ശബ്ദം കേട്ട് ഒരു പേക്കോലം കണക്കെ ഒരു സ്ത്രീ പുറത്തേക്ക് വന്നു.
"ആരാടാ ഈ പ്രായത്തിലും മറിയാമ്മയെ തിരക്കുന്നത്? ഞാനാ മറിയാമ്മ"
ഞാന്‍ അപ്പന്റെ ആ പഴയ സുന്ദരിയെ അടിമുടി നോക്കി.ഇതാണോ അപ്പന്റെ സുന്ദരിയായ മറിയാമ്മ. ഇതില്‍ അപ്പന്‍ ഊതിയതെവിടെ കാച്ചിയതെവിടെ പൊന്നെവിടെ? അങ്ങിനെ അന്തം വിട്ടു നില്‍ക്കുമ്പോള്‍ അവര്‍ അടുത്ത്‌ വന്നു.
"നല്ല പരിചയമുള്ള ശബ്ദം! ഈ ശബ്ദം ഞാന്‍ ഇതിനു മുന്‍പ് കേട്ടിട്ടുണ്ട്.സത്യം പറ നീ ആരാ?" മറിയാമ്മ എന്റെ അടുത്ത്‌ വന്നു ആകാംഷയോടെ ചോദിച്ചു.
"ഞാന്‍, ഊതിക്കാച്ചിയ പൊന്നെഴുതിയ കണ്ടക്കുഴി പത്രോസിന്റെ മകന്‍" ഞാന്‍ അഭിമാനത്തോടെ ഞെളിഞ്ഞു നിന്നു.
"ഫാ! ആര് ഊതിക്കാച്ചിയെടാ?" മരിയാമ്മചേടത്തിയുടെ ഒരു ഒന്നൊന്നര ആട്ട്.
ഞാന്‍ വിനയത്തോടെ " എന്റപ്പന്‍ പണ്ട് ഇവിടെ ഒളിച്ചു താമസിച്ചപ്പോള്‍ മരിയാമ്മേടത്തി സഹായിച്ചതൊക്കെ മറന്നോ?"
"നിന്റെ അപ്പന്റെ പേര് വാറുണ്ണി എന്നാണോടാ?" മരിയാമ്മേടത്തി ചോദിച്ചു.
"അല്ല, കണ്ടക്കുഴി പത്രോസ് എന്നാ, വാറുണ്ണി അപ്പന്റെ വളരെ അടുത്ത ഒരു ഗെടിയാ" ഇനി വാറുണ്ണിഏട്ടനും ഒളിവില്‍ പോയോന്നൊരു ശങ്ക ഉണ്ടായെങ്കിലും അതിന് ഒരു സാധ്യതയും ഇല്ല എന്ന് ഞാന്‍ വാറുണ്ണിചരിതം ഓര്‍ത്ത്‌ മനസ്സിലാക്കി.
"ഗടിയായാലും വേണ്ടില്ല വടിയായാലും വേണ്ടില്ല, ആ എരണം കെട്ടവന്‍ എന്റെ കുളി തെറ്റിച്ചിട്ടു ഒരു പത്തു പതിനഞ്ചു കൊല്ലം മുന്പ് മുങ്ങിയതാ, കാലമാടന്‍ പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല" മറിയാമ്മ സെന്റിയടിക്കാന്‍ തുടങ്ങി "ആ യൂദാസ് പാല് കൊടുത്ത കൈക്ക് തന്നെ കൊത്തിയെടാ, പൂവമ്പഴം പോലത്തെ പെണ്ണായിരുന്നു! ഇപ്പോ മുഖത്ത്‌ നോക്കിയോന്‍ നിലത്തു തുപ്പ്വോ ? എല്ലാം ആ കാലമാടന്റെ വിത്ത് കാരണം നശിച്ചില്ലെടാ...." മറിയാമ്മ ഏങ്ങലടിച്ചു കരഞ്ഞു തുടങ്ങി.

അപ്പന്റെ നോവലിലെ നായികയെ, മറിയാമ്മയെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു! അപ്പന്‍ വാറുണ്ണിഏട്ടന്റെ പേരില്‍ വിത്തിറക്കിയ അതേ മറിയാമ്മ! അപ്പനാരാ മ്വോന്‍‍? സ്വന്തം പേരിലല്ലാതെ ബിനാമി പേരില്‍ വിത്തിറക്കിയ അപ്പന്റെ ആ കൌശലം ഓര്‍ത്ത്‌ ഞാന്‍ വീണ്ടും അപ്പനെയോര്‍ത്തു അഭിമാനം കൊണ്ടു. അപ്പന്റെ മറ്റൊരു പ്രൊടക്ട് കാണാന്‍ ഞാന്‍ ആ കൂരയിലേക്ക്‌ വെറുതെ ഒന്നു പാളി നോക്കി.തിരിച്ചുള്ള യാത്രയില്‍ ഞാന്‍ അപ്പനെയോര്‍ത്തു വീണ്ടും വീണ്ടും അഭിമാനം കൊണ്ടു!അതിന് വലിയ ചിലവൊന്നും ഇല്ലല്ലോ! എങ്കിലും എന്റെ അപ്പാ!

Saturday, April 11, 2009

താരത്തിനൊപ്പം: അയ്യപ്പ ബൈജു ഫുള്‍ ലോഡഢ്


താരത്തിനൊപ്പം എന്ന ഈ പംക്തിയില്‍ ആദ്യം ഞാന്‍ പിന്തുടരുന്നത് ഏവര്‍ക്കും പ്രിയങ്കരനായ ശ്രീ അയ്യപ്പ ബൈജു എന്ന കഥാപാത്രത്തെയാണ്. ഇതില്‍ "ഠോ" എന്ന ശബ്ദം ബൈജുവിന് കിട്ടുന്ന അടിയായും, ഇനിയെങ്ങാനും "ട്ടേ" എന്ന പ്രയോഗം കണ്ടാല്‍ ബൈജു അടിക്കുന്നതായും കണക്കാക്കുമല്ലോ.
ഞാന്‍ രാവിലെത്തന്നെ ബൈജുവിനെ കാണുമ്പോള്‍ അടിച്ച് കോണ്‍ തെറ്റി നിക്കുന്നതായിട്ടാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. തിരോന്തോരം തമ്പാനൂര്‍ ബസ്റ്റാണ്ടിനടുത്തു വെച്ച് കണ്ട ബൈജുവിന്റെ കൂടെ ഇന്നത്തെ ഒരു ദിവസം ചിലവഴിക്കാന്‍ ഞാന്‍ നിങ്ങളെയും ക്ഷണിക്കുന്നു.
താരത്തിനൊപ്പം എന്ന പരിപാടിയിലേക്ക് ഏവര്‍ക്കും സ്വാഗതം.
അടിച്ച് ഫിറ്റായി റോഡിന്റെ നടുവില്‍ നിന്നും പാട്ടു പാടുന്ന ബൈജുവില്‍ നിന്നും നമ്മുടെ ഈ എപ്പിസോഡ് ആരംഭിക്കുന്നു.

ബൈജു: ഓടി വരും ബസ്സുകളില്‍ ചാടിക്കെരും ബൈജു........
കാല് തെറ്റി താഴെ വീഴും അയ്യോ പാവം ബൈജു
... അയ്യപ്പ ബൈജു അയ്യപ്പ ബൈജു.....
ശ് ശ് ....... ഹലോ പ്ലീസ് നോട്ട്, എനിക്ക് കോവളത്തിന് പോകണം ഇവിടെ നിന്നാ ബസ്സ് പിടിക്കാന്‍ പറ്റ്വോ?

വഴി പോക്കന്‍: ചേട്ടാ അവിടെ നിന്നാല്‍ മെഡിക്കല്‍ കോളെജിലേക്കേ പോകാന്‍ പറ്റൂ, ആ റോട്ടീന്ന് ഇങ്ങട്ട് മാറി നില്ല്. വല്ല ഓട്ടൊറിക്ഷയുറെയും കാറ്റടിച്ചു വീഴും.

ബൈജു: തമാശക്കാരന്‍, നിന്റെ കയ്യീന്ന് ഞാന്‍ മേടിക്കും പോടാ..
വല്യ പുള്ളിയാ...മെഡിക്കല്‍ കോളെജിലേക്ക് എത്തുംപോലും
പിന്നെ കൊവളത്ത് നിന്റെ അപ്പന്‍ പോകുമോ?
"ഠോ"
താങ്ക്സ് അങ്ങിനെ മര്യാദക്ക് പോ,
കൈനീട്ടം മോശമില്ല... വിഷുവൊക്കെയല്ലെ... ക്രിസ്സുമാസ്സിനു നക്ഷത്രം തൂക്കീത് സ്വപ്നം കണ്ട പോലെ എന്തൊരു അടിയാടപ്പീ.... ഹൂ ...ബൈജൂനു നൊന്ദു
അയ്യപ്പ ബൈജു അയ്യപ്പ ബൈജു...

ശ്... പെങ്ങളെ.. ഫ്രീയാണോ?

സ്ത്രീ: എന്താ

ബൈജു: എനിക്ക് കിട്ടുമോ എന്നറിയാനാ
"ഠോ"
താങ്ക് സ്, എന്റമ്മേ..
(ആ സ്ത്രീ ദേഷ്യത്തില്‍ നടന്നു പോയതിനു ശേഷം) പെങ്ങള്‍ ചുമ്മാ തെറ്റിദ്ധരിച്ചതാ അവരുടെ കയ്യിലുള്ള കൊന്നപ്പൂ ഫ്രീയായി കിട്ടിയതാണോ എന്ന് ചോദിച്ചതാ
പൂവര്‍ ഗേള്‍ ...... അവരെ ചുമ്മാ ഞാന്‍ തെറ്റിദ്ധരിച്ചു.......നോട്ട് ദ പോയിന്റ്
അയ്യപ്പ ബൈജു .....അയ്യപ്പ ബൈജു......
.
ബൈജു അടുത്ത്‌ കണ്ട കടയില്‍ കയറി


ഹലൂ.... ഹൌ ടു യു ഡു.....
കടക്കാരന്‍: ഫയിന്‍, ഹു ആര്‍ യൂ?

ബൈജു:(സ്വയം) വല്യ പുള്ളിയാ...ഇംഗ്ലീഷാ.. സായിപ്പ്....നോട്ട് ഇറ്റ്.
പ്ലാച്ചിമടയുണ്ടോ പ്ലാച്ചിമട?


കടക്കാരന്‍: എന്തരപ്പീ...

ബൈജു: ആക്ടിങ്ങാ !വല്യപുള്ളിയാ...പ്ലാച്ചിമട അറിയില്ല....പ്ലീസ് നോട്ട്
കൊക്കൊകൊളയുണ്ടോ ഒന്നെടുക്കാന്‍?


കടക്കാരന്‍: ഇല്ല.

ബൈജു: എന്നാ ഒരു പെപ്സി എട്.

കടക്കാരന്‍: ഇല്ലടെ

ബൈജു: അറ്റ് ലീസ്റ്റ് ഒരു ഇളനീര്‍?

കടക്കാരന്‍: ഡേയ് പോടൈ ഇല്ലാന്നല്ലേ പറഞ്ഞത്.

ബൈജു: പൂട്ടും താക്കോലും ഉണ്ടോ?

കടക്കാരന്‍: ഉണ്ടല്ലോ.

"ട്ടേ" എന്നാ കട പൂട്ടി വീട്ടിപ്പോടെ....

"ഠോ ഠോ ഠോ"
ടൈലറ് കടയിലാ അവന്റെ ഒടുക്കത്തെ പൂട്ട് കച്ചോടം!

ബൈജു: താങ്ക്സ്...ചുമ്മാ, അവനെയൊന്നു പറ്റിച്ചതല്ലേ!
അങ്ങിനെ കണീം കണ്ടു പടക്കോം പൊട്ടി.


ഫോട്ടോ കടപ്പാട്: ഗൂഗിള്‍
നന്ദി: പ്രശാന്ത്(അയ്യപ്പ ബൈജു)
എപ്പിസോഡ് ഡയറക്റ്ററ്‍: വാഴക്കോടന്‍

Thursday, April 9, 2009

അലവിത്തരങ്ങള്‍ റീലോഡഢ്

പ്രിയമുള്ളവരേ,


ഞാന്‍ തോന്ന്യാശ്രമാത്തിലെ ഇലക്ഷന്‍ പ്രചാരണത്തിന്റെ തിരക്കിലായതിനാല്‍, ഞാന്‍ ആദ്യമായി പോസ്റ്റ് ചെയ്ത "അലവിത്തരങ്ങള്‍" എന്ന കഥ വായിക്കാത്തവര്‍ക്കായി വീണ്ടും പോസ്റ്റ് ചെയ്യുന്നു.

ഉടനെ നല്ലൊരു പോസ്റ്റുമായി എത്തുന്നതാണ് എന്നും അറിയിക്കുന്നു.(യവന്‍ പോസ്ടിയാലെന്താ പോസ്ടിയില്ലെങ്കിലെന്താ)

അലവിത്തരങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

സസ്നേഹം,

വാഴക്കോടന്‍.

 


Copyright http://www.vazhakkodan.com