Monday, July 20, 2015

സുപ്രമണി കഥകള്‍ - 3

ആദ്യമായി സുപ്രമണി ഗള്‍ഫില്‍ നിന്നും ലീവിന് നാട്ടില്‍ വന്ന ദിവസത്തെ ഒരു പുലര്‍കാലം. കുഴല്‍കിണര്‍ മാത്രമുള്ള വീട്ടില്‍ ടാങ്കില്‍ വെള്ളം തീര്‍ന്നതും പെട്ടെന്ന് കറണ്ട് പോകുകയും ചെയ്തതിനാല്‍ ശൗച്യാലയകൃത്യത്തില്‍ ഏര്‍പ്പെട്ടിരുന്ന സുപ്രമണി പപ്പുവിന്റെ കല്ലിഞ്ചന്‍ പോലെ ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ നീങ്ങാനാവാതെ വെള്ളത്തിനായി ഓളിയിട്ടു. കറന്റ് വരാതെ ഒരു തുള്ളി വെള്ളം കിട്ടാനില്ലെന്ന് മനസ്സിലാക്കിയ സുപ്രമണി ശൌച്യാലയത്തില്‍ നിന്നും ഗത്യന്തിരമില്ലാതെ കുറച്ച് പേപ്പറിനായി വിളിച്ച് പറഞ്ഞു. ശൌച്യാലയത്തില്‍ നിന്നുള്ള ചങ്ക് പൊട്ടിയ ആ വിളി കേട്ട് സുപ്രമണിയുടെ സഹോദരി അടുക്കളയില്‍ നിന്നും ഒരു തുണ്ട് ന്യൂസ് പേപ്പര്‍ സുപ്രമണിക്കു ചാനലില്‍ ‘ഇപ്പോള്‍ കിട്ടിയ വാര്‍ത്ത‘ കൊടുക്കും പോലെ വാതിലിനടിയിലൂടെ കൊടുത്തു.

അധികം വൈകാതെ ചങ്ക് തകര്‍ന്ന സുപ്രമണിയുടെ നെലോളി കേട്ടാണ് സഹോദരി സൌച്യാലയ വാതിലിന്റെ മുന്നില്‍ നിന്ന് “എന്ത് പറ്റി ഏട്ടാ“ എന്ന് സൌമ്യമായി ചോദിച്ചത്. ഉള്ളില്‍ നിന്നും സുപ്രമണി ആക്രോശിക്കുകയായിരുന്നു.
“നീ എന്ത് പേപ്പറാടീ എനിക്ക് തന്നത്?”

“അത് തങ്കമ്മേടെ വീട്ടിന്ന് മുളക് പൊടി കൊണ്ട് വന്നതാ എന്തേ?“

“എടീ മൂദേവീ ശൌച്യാലയത്തിലിരുന്ന് പേപ്പറ് ചോദിക്കുമ്പോഴെങ്കിലും മുളക്പൊടിയില്ലാത്ത പേപ്പറ് തന്നൂടെടീ? കഴുകാനാണെങ്കി തുള്ളി വെള്ളം പോലുമില്ലല്ലോ ദൈവമേ..”

“അതിപ്പോ മൂട് തുടക്കാനാണെന്ന് ഞാനറിഞ്ഞോ?”

“നിന്ന് കിണുങ്ങാണ്ട് പോയി വെളിച്ചെണ്ണ കുപ്പി എടുത്തിട്ട് വാടീ ഹിമാറെ, വള്ളാഹി ഇവിടുന്ന് ഇറങ്ങിയാല്‍ നിന്നെ ഞാന്‍ മയ്യത്താക്കും“
സുപ്രമണി പിന്നേയും എന്തൊക്കെയോ ദേഷ്യത്താല്‍ പുലമ്പിക്കൊണ്ടിരുന്നു. അപ്പോഴാണ് സുപ്രമണിയെ കാണാതെ അന്വേഷിച്ച് അമ്മാവന്‍ പിന്നാമ്പുരത്ത് എത്തിയത്. ശൌച്യാലയത്തിലാണ് സുപ്രമണി എന്നറിഞ്ഞ അമ്മാവന് പതിവ്പോലെ കോപം വന്നു.
“എടാ സുപ്രൂ നീ ഇത് വരെ ഇറങ്ങിയില്ലെ ഇതിന്റെ ഉള്ളീന്ന്? പെണ്ണ് കാണാനേ സമയത്ത് ചെന്നില്ലെങ്കില്‍ പിന്നെ പെണ്ണ് കിട്ടൂല്ല.മണ്ഡപത്തിലെ കരണ്ട് പോയാ വരെ ഒളിച്ചോടുന്ന പെണ്ണുങ്ങളാ, ഒന്ന് വേഗം ഇറങ്ങി വാ നീ”

അപ്പോഴാണ് വെളിച്ചെണ്ണ ക്കുപ്പിയുമായി സഹോദരി ശൌച്യാലയത്തിലേക്ക് പോകുന്നത് അമ്മാവന്‍ കണ്ടത്. പതിവു പോലെ അമ്മാവന്‍ വീണ്ടും ചൂടായി.
“എങ്ങോട്ടാടി കുപ്പിയുമായിട്ട്? എന്താത്?”

“ഇത് വെളിച്ചെണ്ണ്യാ”

“സുപ്രാ‍ാ‍ാ” അമ്മാവന്‍ അറിയാതെ വിളിച്ചു പോയി.അമ്മാവന്റെ പെര് നാറ്റിക്കാനുണ്ടായ അസുരവിത്താണോ ശൌച്യാലയത്തിലെന്ന് ഒരുവേള കൂണ്ഠിതപ്പെട്ട് അമ്മാവന്‍ ഉമ്മറത്തേക്ക് നടന്നു.

ഉച്ചയ്ക്ക് പപ്പടം കാച്ചാന്‍ വെച്ച എണ്ണ കൊണ്ട് ചന്തികഴുകി സുപ്രമണി ഉമ്മറത്തേക്ക് വന്നു.അമ്മാവന്റെ മുഖത്ത് ഗൌരവത്തോടെയുള്ള ഒരു കള്ളച്ചിരി മാഞ്ഞിട്ടില്ല.അമ്മാവനെ കണ്ടതും സുപ്രമണി കൈഫഹാലക്കല്ലേ എന്ന പതിവു ചോദ്യം ചോദിച്ച് കൊണ്ട് തുടര്‍ന്നു,

“കുളിയൊക്കെ കഴിഞ്ഞതാ, ഇന്നാലും ഇറങ്ങാന്‍ നേരം ഒരു സന്ദേഹം! അത് തീര്‍ക്കാന്‍ പോയതാ”

“പെണ്ണ് കാണാന്‍ പോകുമ്പോ തീര്‍ക്കാന്‍ പറ്റിയ സന്ദേഹം തന്നെ.എന്നാ ഇറങ്ങാം”

പതിവ് പോലെ അമ്മാവനെന്തോ തെറ്റായിധരിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കി സുപ്രമണി പെണ്ണ് കാണാനായി അമ്മാവന്റെ കൂടെ കുറച്ച് ദൂരെയുള്ള ഒരു വീട്ടില്‍ ചെന്നു.
പെണ്ണിനെ സുപ്രമണിക്ക് ബോധിച്ചു, എന്നാല്‍ പെണ്ണും ചെക്കനും സംസാരിക്കട്ടെ എന്ന് പറഞ്ഞ് പതിവു പോലെ അമ്മാവന്‍ സുപ്രമണിക്ക് ഗൌരവത്തോടെ അനുവാദം കൊടുത്തു.

സുപ്രമണിയുടെ ജീവിതത്തിലെ ആദ്യ പെണ്ണ് കാണലാണ്. അല്‍പ്പം വിറയലും അതിലേറെ സുപ്രമണിയുടെ ചങ്കിലെ വെള്ളാം മുഴുവന്‍ വറ്റിയ പോലെ സുപ്രമണിക്ക് തോന്നി. എങ്കിലും ധൈര്യം സംഭരിച്ച് കൊണ്ട് കൊണ്ട് സുപ്രമണി പേര് ചോദിച്ചു.

“ശോഭ”

''ശോഭ സുപ്രു'' നല്ല പേര്, ഇനിയെന്ത് ചോദിക്കും എന്ന് ചിന്തിക്കുന്നതിനിടയില്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ സുപ്രു ഒറ്റചോദ്യാ!
“ഇവിടെ കിണറാണോ കുഴല്‍ക്കിണറാണോ?''

തന്റെ പെണ്ണുകാണല്‍ ജീവിതത്തില്‍ ഇന്നേവരെ നേരിട്ടില്ലാത്ത ആ ചോദ്യത്തിന് മുന്നില്‍ പകച്ച് പോയെങ്കിലും അല്‍പ്പം നാണം ലാസ്യത്തില്‍ സമം ചേര്‍ത്ത് ശോഭ മൊഴിഞ്ഞു,
''കുഴല്‍ കിണറാ''

''അപ്പോ വെള്ളം വന്നില്ലെങ്കില്‍ ഇവിടേം വെളിച്ചെണ്ണ ഉപയോഗിക്കേണ്ടിവരും അല്ലേ ഹഹഹ .......ശോഭ ചിരിക്കുന്നില്ലേ ?''



താലൂക്കാശുപത്രിയില്‍ നിന്നും എത്രയും വേഗം സുപ്രമണിയെ മെഡിക്കല്‍ കോളേജിലെത്തിച്ചാല്‍ ജീവന്‍ രക്ഷിക്കാമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് പറഞ്ഞു!!


Tuesday, July 14, 2015

സുപ്രമണി കഥകള്‍ - 2

ഗള്‍ഫില്‍ നിന്നും ലീവിന് നാട്ടിലെത്തിയ സുപ്രമണി അമ്മയ്ക്കും സഹോദരിക്കും ഡ്രസ്സ് എടുക്കാനായി ഒരു തുണിക്കടയില്‍ കയറി. ഒരു ഗള്‍ഫുകാരന്റെ ലുക്കില്‍ ഒട്ടും കോമ്പ്രമൈസ് ചെയ്യാനാകാത്ത കൂളിങ് ഗ്ലാസും അതിനൊത്ത വേഷഭൂഷാതികളുമായി കടയിലെത്തിയ സുപ്രു അവിടെ നിന്നിരുന്ന ചേച്ചിയോടാ‍യി പറഞ്ഞു,

“ചേച്ചീ പാന്റീസും ബ്രേസിയറുമൊക്കെ ഒന്ന് കാണിച്ചു തരുമോ?”

“ഠേ”
സുപ്രുവിന്റെ കണ്ണിലൂടെ പൊന്നീച്ച പറന്നു,കൂളിങ് ഗ്ലാസ് അത്ക്കും മേലെ. ഒരു വിധം ലെവലായപ്പോള്‍ സുപ്രമണി ദയനീയമായി ചേച്ചിയോട് പറഞ്ഞു,
“ചേച്ചീ കണ്ടാലല്ലേ നല്ല ബ്രാന്‍ഡാണോന്ന് അറിയുള്ളൂ,എന്നിട്ടല്ലേ വാങ്ങാന്‍ പറ്റൂ? അതിനിങ്ങനെ തല്ലണോ?”

കലിപ്പ് തീരാത്ത ചേച്ചി പല്ലിറുക്കിക്കൊണ്ട് സുപ്രുവിനോടായി പറഞ്ഞു,
“തനിക്ക് ഷെഡ്ഡീം ബോഡീം വേണേല്‍ പോയാ സെയിത്സ് ഗേളിനോട് ചോദിക്കടോ, ചേച്ചിയാത്രേ,ഞാന്‍ ചേട്ടനാടോ എരപ്പേ!”

സുപ്രുമണിയെ പിന്നെ കടയില്‍ ആരും കണ്ടവരില്ല!!
 


Copyright http://www.vazhakkodan.com