ജസീറ എന്ന കൊച്ചു ഗള്ളി വാഴക്കോടന്‍ എന്ന കൊച്ചു ഗള്ളനെ വഞ്ചിച്ച കഥയാണ് എന്ന് കരുതിയവരോട് മാപ്പ്, ഇതു അതിലും വലിയ ഒരു കൊലച്ചതിയുടെ കഥയാണ്. ഈ കഥയിലെ കഥയും കഥാ പാത്രങ്ങളും സാങ്കല്‍പ്പികമല്ല തികച്ചും ഒറിജിനല്‍ തന്നെ. ഒരു പത്തു മുപ്പതു ക്യാരറ്റ് ശുദ്ധ തങ്കപ്പെട്ട പ്രവാസികള്‍.
ഇനി കഥയിലേക്ക് കടക്കാം.
കുവൈറ്റ് അളിയന്റെ നാട്ടിലെ പ്രമുഖ ഗണനീയയായ നമ്മുടെ കഥാപാത്രം "ജസീറ" ദുബായിയില്‍ നിന്നും പാവപ്പെട്ട പ്രവാസികളെ തുച്ഛമായ കൂലിക്ക് നാടു കടത്തിക്കൊള്ളാമെന്നു അവളുടെ ബര്‍ത്തഡേ ആഘോഷ വേളയില്‍ കണ്ണും പൂട്ടി പ്രസ്താവിക്കുകയും ആ വിവരം ട്രിപ്പില്‍ ഡബ്ലിയൂ വഴി ലോകത്തെ അറിയിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ യു എ ഇ നിവാസികള്‍ കൂട്ടം കൂട്ടമായി പോയി പ്രസ്ത്ഥുത സേവനം ഉപയോഗപ്പെടുത്തി നിറഞ്ഞ മനസോടെയും അതിരറ്റ ഉത്സാഹത്തോടെയുമാണ് അവരവരുടെ ഫ്ലാറ്റുകളിലേക്ക് മടങ്ങിയത്. ജസീറ കടത്ത് കൂലി കുറച്ച വിവരം അങ്ങിനെ എല്ലാവരും അറിഞ്ഞു. അറിയാത്തവര്‍ ചോദിച്ചറിഞ്ഞും അറിയാത്തവരെ ഫോണ്‍ വിളിച്ചും എസ് എം എസ് അയച്ചും അറിയിച്ചു ആത്മസംതൃപ്തി അടഞ്ഞ പ്രവാസികളെ തട്ടി ആ ദിവസങ്ങളില്‍ നടക്കാന്‍ വയ്യാത്ത അവസ്ഥവരെയുണ്ടായി എന്നാണു പല ഹൈടെക് രോഗമുള്ള പ്രവാസികള്‍ വരെ പറഞ്ഞു ചിരിച്ചിരുന്നത്.
എന്നാല്‍ എല്ലാ പ്രവാസികളെയും ദുരിതക്കയത്തില്‍ തള്ളിക്കൊണ്ട് ഒരു വെള്ളിടിപോലെ ജസീറ ആ സത്യം ഒരു ഉളുപ്പിമില്ലാതെ വിളിച്ചു പറഞ്ഞു. ജസീറ കടത്ത് നിര്‍ത്തി. കടത്തിന് അപേക്ഷ തന്നവര്‍ വേറെ വല്ല വഴിയും കണ്ടെത്തുക. മുന്‍കൂര്‍ കൊടുത്ത കടത്ത് കൂലി തിരികെ ലഭിക്കാന്‍ ജസീറാക്ക് ഒരു ലേഖനം കൊടുക്കുകയോ നേരിട്ടു സമീപിക്കുകയോ ചെയ്യണമെന്ന് ട്രിപ്പിള്‍ ഡബ്ലിയൂവില്‍ കൂടി അവള്‍ ഒരു കണ്ണീ ചോരയുമില്ലാതെ തീര്‍ത്ത് പറഞ്ഞു.
ഒരു മാസം ഉണ്ടിഫോണിനു ചിലവാക്കിയിരുന്ന കായിക്ക് നാട്ടില്‍ പോയി വരാമെന്ന് സ്വപ്നം കണ്ട സകല പ്രവാസികളും പ്രഷറും ഷുഗറും കൂട്ടി എന്നല്ലാതെ ഒരു സാന്ത്വന വാക്കു പോലും പറയാന്‍ ഒരു കൂട്ടായ്മയും വന്നില്ല. ഒരു വരി പ്രതിഷേധക്കുറിപ്പ് ഏതെങ്കിലും ഒരു പ്രവാസ സംഘടന നല്‍കുമെന്ന് കരുതിയവര്‍ അവരുടെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ഇരുന്നുള്ള ചര്‍ച്ചയുടെ ടോപ്പിക്ക് കേട്ട് ഞെട്ടി. വരുന്ന ഓണ സദ്യക്ക് വല്യപപ്പടം വേണോ അതോ ചെറിയപപ്പടം മതിയോ അതല്ല രണ്ടും വേണോ എന്നതിനെക്കുറിച്ചുള്ള മാരത്തോണ്‍ ചര്‍ച്ചകള്‍ . അവരോടു ദൈവം ചോദിക്കുമത്രേ! (പിന്നെ ദൈവം പപ്പടം കാണാതെ കിടക്കുകയാണല്ലോ)
ഇതെല്ലാം കണ്ടു ആദ്യമായി മനം മടുക്കുകയല്ലെങ്കിലും ഈ ചതിയില്‍ നിന്നും മുക്തി നേടാന്‍ പ്രവാസികള്‍ കടത്തുകാരെ തേടി നെട്ടോട്ടമോടി.എന്നാല്‍ മറുകര പറ്റാന്‍ ഒരു വഴി തേടി മറ്റു കടത്തുകാരെ സമീപിച്ചപ്പോഴാണ് ഒരു തോണിയിലും ഇനി അല്‍പ്പം പോലും ഒഴിവില്ല എന്ന സത്യം പാവം പ്രവാസികള്‍ അറിയുന്നത്. എങ്കിലും ചില കടത്തുകാര്‍ അല്‍പ്പം ഔദാര്യമൊക്കെ കാണിക്കുന്നുണ്ട്. ഇപ്പോള്‍ കയ്യിലുള്ള പോയിവരാനുള്ള കടത്തുകൂലിയുടെ കൂടെ അത്രയും കൂട്ടിയാന്‍ ഒരു വഴിക്ക് ആക്കിത്തരാമെന്നും തിരിച്ചു വരാന്‍ അത്രയും തുക കടത്ത് കൂലി വേണമെന്നുമാണ് ആ ഔദാര്യം!
ഈ പട്ടാപ്പകല്‍ നടന്ന കൊലച്ചതിയെ കണ്ട ഭാവം പോലും ഒരു പ്രവാസ കാര്യ വകുപ്പോ,കടത്ത് മന്ത്രിയോ, ഇവുടുത്തെ കൊളസ്ട്രോളടിഞ്ഞു വീര്‍ത്ത സംഘടനകളോ തയ്യാറായില്ല എന്ന സത്യം അസൂയക്കാര്‍ ഒരു പാണപ്പാട്ട് പോലെ പാടി നടക്കുന്നു എന്നാണു ഒടുവില്‍ കിട്ടിയ വാര്‍ത്ത. ബജറ്റ് കടത്തുകാര്‍ വരെ അവസരം മുതലാക്കി ഒരു വന്‍ പകല്‍ കൊള്ളക്ക് ഇറങ്ങിയിരിക്കുകയാണ് എന്നും അറിയുന്നു.കാറ്റുള്ളപ്പോള്‍ തൂറ്റുക എന്ന കര്‍മ്മം അവര്‍ നിര്‍വഹിക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്യാനും ഒരാളും ഇല്ല. ദീപസ്തംപം മഹാശ്ചര്യം.....
പണ്ടേ ദുര്‍ബ്ബല ഇപ്പോള്‍ ഗര്‍ഭിണിയും എന്ന് പറഞ്ഞത് പോലെയുള്ള അവസ്ഥയിലുള്ള തുച്ഛ വരുമാനക്കാരായ പാവം പ്രവാസികളെയോര്‍ത്ത് ഒരു തൃശ്ശൂര്‍ ബ്ലോഗ്ഗര്‍ എന്ന നിലയിലും അതിലുപരി ഒരു പ്രവാസി എന്ന നിലയിലും എന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. തൃശ്ശൂര്‍ ബ്ലോഗ്ഗര്‍മാര്‍ക്ക് ഈയിടെയായി ഭയങ്കര മാര്‍ക്കെറ്റാണെന്നാണ് പൊതുവേയുള്ള ബൂലോക സംസാരം! ഇനി ഈ പോസ്റ്റെങ്ങാന്‍ പ്രധാന മന്ത്രിയോ, മുഖ്യ മന്ത്രിയോ കാണാന്‍ ഇടയായാല്‍ ആ പാവങ്ങളെങ്കിലും രക്ഷപ്പെടുമല്ലോ! പകരം വെക്കാന്‍ മറ്റൊരു വാഗ്ദാനങ്ങളും ഇല്ലാത്തതില്‍ ഖേദം അറിയിക്കട്ടെ!
Showing posts with label പ്രതിഷേധം. Show all posts
Showing posts with label പ്രതിഷേധം. Show all posts
Monday, May 11, 2009
Subscribe to:
Posts (Atom)
