Showing posts with label മിമിക്സ് പരേഡ്‌. Show all posts
Showing posts with label മിമിക്സ് പരേഡ്‌. Show all posts

Thursday, September 24, 2009

നര്‍മ്മാസ് മിമിക്സ് പാഞ്ഞാള്‍ LP സ്കൂള്‍: ഒടുക്കത്തെ ഭാഗം! (ഒന്ന്)

കഥ ഇതുവരെ:(ഒന്നാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്കുക)
പാഞ്ഞാള്‍ എന്ന ഇന്ത്യക്കകത്തുള്ള വിദേശ രാജ്യത്ത്‌ 'നര്‍മ്മാസ്' എന്ന മിമിക്സ് ട്രൂപ്പ് മിമിക്സ് പരേഡ്‌ അവതരിപ്പിക്കാന്‍ തീരുമാനിക്കുന്നു. അതിനായി മിമിക്രിക്കാരായ റഫീക്ക്‌,നസീര്‍,രാജീവ്‌,സുഭാഷ്‌ പിന്നെ വാഴക്കോടനും കൂടി പാഞ്ഞാളിലേക്ക് പോകാനായി 'മണലാടി' എന്ന സ്ഥലത്ത്‌ ബസ്സിറങ്ങുന്നു, തുടര്‍ന്ന് വായിക്കുക!

മണലാടി എന്ന സ്ഥലത്ത് ബസ്സിറങ്ങി ഞങ്ങള്‍ പാഞ്ഞാളിലേക്ക് നടക്കാന്‍ തീരുമാനിച്ചു.വീതി കുറഞ്ഞ ആ റോഡിലൂടെ ഞങ്ങള്‍ ഓരോ കളിതമാശകള്‍ പറഞ്ഞ് പതുക്കെ നടക്കാന്‍ തുടങ്ങി.

നസി: ഡാ ആ വേലിയുടെ അപ്പുറത്ത് ഒരു കളര്‍ കാണുന്നല്ലോ.അതാണെന്നു തോന്നുന്നു ബിന്ദുവിന്റെ വീട്.
വാഴ: എടാ അത് ഒരു ചുരിദാറ് ഉണക്കാനിട്ടിരിക്കുന്നതല്ലേ. ഒന്നിനേം ഒഴിവാക്കല്ലേ.
നസി: എടാ മഴൂ, ചുരിദാറിന്റെ പിന്നിലേക്കു നോക്കെടാ.
വാഴ: പിന്നേ ചുരിദാറിന്റെ പിന്നിലേക്ക് നോക്കാന്‍ നീയൊക്കെ പഠിപ്പിക്കണ്ടേ.പള്ളീലച്ചനെ കുര്‍ബ്ബാന പഠിപ്പിക്കല്ലേ...
സുബു: എടാ അത് തന്നെ നമ്മുടെ ചക്കപ്പറമ്പിലിന്റെ വീട്.ചുമ്മാ കേറി ഇത്തിരി വെള്ളം കുടിക്കാടാ.അവളെ കാണാന്‍ കൂടിയാണല്ലോ നമ്മള്‍ ഈ വഴി നടക്കാന്‍ തീരുമാനിച്ചത്, അല്ലേ നസീ?
നസി: ഡാ വേണ്ടാ
റഫി: അതേയ് നമ്മള്‍ എല്ലാവരും കൂടി ഒപ്പം ചെല്ലണ്ട, ഓരോരുത്തരായി പോയാ മതി.
വാഴ: എന്നാല്‍ ഞാന്‍ ആദ്യം പോകാം.ആരേങ്കിലുമൊക്കെ വരുന്നുണ്ടെങ്കില്‍ സിഗ്നല്‍ തരണേ..
നസി: ഡാ നീയെന്താ ഉദ്ദേശിച്ചത്? നല്ല അസ്സല് തല്ല് നാട്ടില്‍ കിട്ടും, വെറുതെ തടി കേടാക്കല്ലേടാ മോനേ... അവളുടെ ആങ്ങള ജിമ്മാ, ഒന്ന് കിട്ടിയാലുണ്ടല്ലോ.
വാഴ: അവളുടെ ആങ്ങളമാത്രമല്ല അവളും ജിമ്മാന്ന് എനിക്കും തോന്നീട്ടുണ്ടെടാ, എന്താ നെഞ്ചത്തെ ഓരോ മസില്,ചക്കപ്പറമ്പില്‍ എന്ന് വിളിക്കുന്നതില്‍ തെറ്റില്ല്യാന്ന് ഡാ റഫ്യേ നിനക്ക് തോന്നീട്ടില്ലെ?
റഫി: എനിക്ക് തോന്നുന്നുണ്ട് നിനക്കിട്ടൊന്ന് തരാന്‍. ഡാ നസീ നീ വേണേല്‍ പോയി ഒന്ന് കണ്ടേച്ച് പോരെ, ഞങ്ങള്‍ അങ്ങോട്ട് മാറി നില്‍ക്കാം.
വാഴ: അപ്പോള്‍ കാണിച്ച് കൊടുക്കല്‍ മാത്രേയുള്ളോ?
റഫി: അല്ലടാ #$@%#$# ഉണ്ട്.എന്താ പോണോ?ഡാ രാജീവെ നീ ഇവനേം കൂട്ടി നടന്നെ. ഇല്ലെങ്കില്‍ കിട്ടുമ്പോള്‍ എല്ലാവര്‍ക്കും കിട്ടും.
രാജീവ്:ഡാ വാഴേ നീയിങ്ങ് വന്നേ, ഞാനിന്നലെ ഒരു പടം കണ്ടെടാ രജനീകാന്തിന്റെ,റാണുവവീരന്‍! വാ ഞാന്‍ അതിന്റെ കഥ പറഞ്ഞ് തരാം!
വാഴ: എന്റെ കഥ കഴിഞ്ഞത് തന്നെ.ഡാ സുഭാഷേ,റഫ്യേ, നിങ്ങളെന്തിനാ അവിടെ മുത്ത് ക്കുടേം പിടിച്ച് നിക്കണേ? അവന്‍ പോയി നേര്‍ച്ചയിട്ട് വരട്ടെ.അതു വരെ നിങ്ങള്‍ക്കീ റണുവവീരന്റെ കഥ കേട്ടൂടെ?
സുഭു: നീ ഒറ്റയ്ക്ക് തന്നെ അനുഭവിച്ചാ മതി.നസീ നീ പോയി വേഗം വാ, പിന്നെ ചായ കുടിക്കാനെങ്ങാന്‍ ക്ഷണിച്ചാല്‍ ഞങ്ങളെം വിളിക്കണേ..
റഫി: പിന്നേ സമ്മന്ധത്തിന് പോക്വല്ലേ സദ്യേം കഴിഞ്ഞ് മുറുക്കിത്തുപ്പി വരാന്‍.ഒന്ന് വേഗം വാടാ ഉവ്വേ.

നസി ബിന്ദുവിന്റെ വീടിന്റെ ഗേറ്റ് കടന്നതും ഒരു നായ കുരച്ചുകൊണ്ട് നസിയുടെ നേരെ പാഞ്ഞ് വന്നു.അവന്‍ തിരിഞ്ഞ് ഓടാന്‍ ഭാവിച്ചതും ബിന്ദു രക്ഷയ്ക്കെത്തി നായയെ തിരിച്ച് വിളിച്ചു.ഇല്ലെങ്കില്‍ അവന്റെ പൊക്കിളിനു ചുറ്റും പൂക്കളം ഇട്ടേനെ നേഴ്സുമാര്‍.ദൈവം കാത്തു. നസി വിളറി വെളുത്ത മുഖവുമായി ശ്വാസം നേരേയാക്കി പതുക്കെ ബിന്ദുവിനോട് ചോദിച്ചു,

“വീട്ടില്‍ നായ ഉള്ള വിവരം നീ പറഞ്ഞില്ലല്ലോ.ഇപ്പോ തന്നെ നാരങ്ങ അച്ചാറ് നിഷിദ്ധമായേനെ”

ബിന്ദു: ഞാന്‍ പറയാറുണ്ടല്ലോ വീട്ടില്‍ “വിനോദ്” ഉണ്ടെന്നു. ഇവന്റെ പേരാ വിനോദ്.
നസി: അപ്പോ ചേട്ടന്റെ പേര് എന്താ?
ബിന്ദു: ജിമ്മി
നസി: ഹമ്മേ, അപ്പോ ശരി പിന്നെ കാണാം, അത്യാവശ്യമായി പാഞ്ഞാള്‍ വരെയൊന്ന് പോകണം.
ബിന്ദു: അയ്യോ കേറി ഒരു ചായയൊക്കെ കുടിച്ചിട്ട് പോയാ പോരെ? മാത്രല്ല അമ്മിണിക്കുട്ടിയെ പരിചയപ്പെടുകയുമാവാം.
നസി: അതാരാ പൂച്ചയാണോ?
ബിന്ദു: അല്ല അമ്മയാ!
നസി:ദൈവമേ!അതൊക്കെ പിന്നീടാവാം,ബിന്ദുവിനെ കണ്ടല്ലോ ഇന്നേയ്ക്ക് അതു മതി, ശരീന്നാ

നസി വാണം വിട്ടപോലെ ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു.
“പടച്ചോന്‍ എന്റെ പൊക്കിള്‍ കാത്തു.കയ്യും കാലും വിറയ്ക്കുന്നത് മാറീട്ടില്ലെടാ”
വാഴ: എടാ ചെറിയോന്‍ പറഞ്ഞാലും ചെവിയില്‍ പോണം, ഞാന്‍ ആദ്യം പോകാമെന്ന് പറഞ്ഞതല്ലേ,അപ്പോള്‍ എന്തായിരുന്നു ഒരു ജാഡ!ഇപ്പോ നീ ഒറ്റയ്ക്ക് തന്നെ 'പാഞ്ഞാളായേനെ!'
നസി: ജീവനില്‍ കൊതിയുള്ള ആരും ഓടും മോനേ..നീ കളിയാക്കുകയൊന്നും വേണ്ടാ.
വാഴ: അതിനു കുറച്ച് മുന്‍പ് ബിന്ദുവില്‍ മാത്രമായിരുന്നല്ലോ കൊതി!
റഫി:എന്തായാലും ഒന്നും പറ്റിയില്ലല്ലോ!
വാഴ: അപ്പോ അവടെ പറ്റും ഉണ്ടായിരുന്നോ?
റഫി: ടാ നിന്നെ ഞാന്‍ തല്ലണോ അതോ...
രാജീവ്: ഡാ നിങ്ങളൊന്ന് വേഗം നടന്നെ, ഉച്ചയ്ക്കുള്ള ഫുഡിന് മുന്‍പ് അവിടെ എത്തണം.ബാക്കി അവിടെ ചെന്നിട്ട് പറയാം.
സുഭാ: പാഞ്ഞാളില് “പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍“ എന്ന പടത്തിന്റെ ഷൂട്ടിങ് നടക്കുന്നുണ്ടെന്ന് ഗോട്ടി പറഞ്ഞായിരുന്നു. സമയമുണ്ടെങ്കില്‍ നമുക്ക് ഷൂട്ടിങ് കാണാന്‍ പോകാം.
നസി: ശരിയാ, ജയറാമാ‍ നായകന്‍
റഫി: ജയറാമും മിമിക്രി കളിച്ച് നടന്നതാ. ഇപ്പോ സില്‍മേല് നായകനല്ലേ.നമ്മളും ചിലപ്പോള്‍ ഭാവിയില്‍ വല്ല സില്‍മാ നടന്മാരൊക്കെ ആവില്ലെന്ന് ആര് കണ്ടു?
രാജീവ്: ജയറാം പാര്‍വ്വതിയെ കല്യാണം കഴിക്കാന്‍ പോണെന്ന് കേട്ടു.അതാണ് മോനെ സമയം!നമുക്കൊന്നും യോഗമില്ല മക്കളെ
വാഴ:പാര്‍വ്വതീടെ ഭാഗ്യം! ഇനി എന്നും ജയറാമിന്റെ മിമിക്രി കാണാം!

അങ്ങിനെ നടന്ന് നടന്ന് ഞങ്ങള്‍ മൂന്നും കൂടിയ സെന്ററായ പഞ്ഞാളിലെ 'നാല്‍ക്കവലയില്‍' എത്തി.അവിടെ നിന്നും അല്‍പ്പം കൂടി നടക്കണം ഗോട്ടിയുടെ വീട്ടിലേക്ക്.ഞങ്ങള്‍ സെന്ററില്‍ നിന്നും നടക്കാന്‍ തുടങ്ങിയപ്പോള്‍ ‍അല്‍പ്പം ദൂരെ ഗോട്ടി ഒരു വീടിന്റെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് ഞങ്ങള്‍ കണ്ടു.

രാജീവ്: എടാ ഗോട്ടിയല്ലേ ആ വീടിന്റെ മുന്നിലൂടെ നടക്കുന്നത്. അവിടെ വല്ല ചുറ്റിക്കളീം ഉണ്ടോ?
നസി: ആ അത് അവന്റെ ഡ്രൈവിങ് സ്കൂളാടാ!
വാഴ: ഡാ നീ ഡ്രൈവിങ് സ്കൂളോണ്ട് എന്താ ശരിക്കും ഉദ്ധേശിച്ചത്?
നസി: അവനെ ഡ്രൈവിങ് പഠിപ്പിക്കുന്ന മോഹനന്‍ മാഷിന്റെ വീട്!എന്തേ?
വാഴ: ശ്ശോ!വെറുതെ ആ പാവത്തിനെ അല്‍പ്പ നേരത്തേക്കെങ്കിലും തെറ്റിദ്ധരിച്ചു.പുവര്‍ ബോയ്!
റഫി: നീയൊന്നും ഒരിക്കലും നന്നാവാന്‍ പോണില്ലെടാ ഗ്രാസ്സേ!
വാഴ: പിന്നേ ഞാന്‍ ഇന്നലേം ഇന്നുമൊക്കെ വെള്ളച്ചോറടിച്ചതാ, എനിക്ക് നന്നാവാന്‍ അതൊക്കെ മതി.

ഞങ്ങള്‍ ഗോട്ടിയുടെ അടുത്തെത്തി

ഗോട്ടി: എന്താടാ ഒരു പ്രസ്നം?
സുഭാ: ഒന്നൂല്യടാ അകലേന്ന് കാണുമ്പോള്‍ നിന്റെ തലയില്‍ ഒരു കോഴി ഇരിക്കണ പോലെയുണ്ട് നിന്റെ ഹെയര്‍ സ്റ്റൈല് എന്ന് പറയായിരുന്നു! ചുമ്മാ.വാ നമുക്ക് വീട്ടില്‍ കേറാം.
രാജീവ്: അതെ സമയം കളയണ്ട നമുക്ക് ആദ്യം ഫുഡ് അടിക്കാം!വല്ലാത്ത വിശപ്പ്.
ഗോട്ടി: ആക്രാന്തം കാട്ടാതേടാ. മിനിമം ഒരു പന്ത്രണ്ടരയെങ്കിലും ആവട്ടെ.ഫുഡൊക്കെ റെഡിയാ.
നസി: ഡാ വീട്ടില്‍ വേറെ ഗസ്റ്റ് വല്ലോരും ഉണ്ടോ?
ഗോട്ടി: ഇല്ലെടാ, ചേച്ചിമാരുണ്ട്. എന്തേ ചോദിക്കാന്‍?
നസി: വാഴേം രാജീവും ഉള്ള സ്ഥിതിയ്ക്ക് ഭക്ഷണ കാര്യത്തില്‍ ഒരു മുന്‍കരുതല്‍ എടുത്തോളാന്‍ വേണ്ടി പറഞ്ഞതാ!
രജീവ്: ഓ പിന്നേ, നിങ്ങളൊക്കെ റേഷന്‍ കടക്കാരുടെ മക്കളല്ലേ.ടാ വാഴേ നീ ഇത് കേട്ട് തീറ്റേല് കുറയ്ക്കുകയൊന്നും വേണ്ടാ ട്ടോ.അവര്‍ക്ക് വേണ്ടെങ്കി വേണ്ടാ.
റഫി: ഒന്ന് പതുക്കെ പറയെടാ.കവറകളെപ്പോലെ കിടന്ന് കാറാതെ.

ഞങ്ങള്‍ക്ക് ഗോട്ടിയുടെ വീട്ടില്‍ വളരെ ഊഷ്മളമായ സ്വീകരണം കിട്ടി.വളരെ വിഭവ സമ്പന്നമായ ഒരു സദ്യ തന്നെ ഗോട്ടി ഞങ്ങള്‍ക്കായി ഒരുക്കിയിരുന്നു.രാജീവിനും വാഴയ്ക്കും ചോറും കറികളും വിളമ്പി ഗോട്ടിയുടെ അമ്മയുടെ പുറം വേദന കൂടി. അവസാനം ചോറ് കലം അവരുടെ മുന്നില്‍ വെച്ച് ആവശ്യാനുസരണം ഇട്ടോളാന്‍ പറഞ്ഞു.അവസാന തുള്ളി പായസവും കഴിച്ച് ഏമ്പക്കവും വിട്ട് രാജീവും വാഴയും അവസാനന്മാരായി എഴുന്നേറ്റു.കൈ കഴുകി ഉമ്മറത്ത് വിശ്രമിക്കാനിരുന്നപ്പോള്‍ ഗോട്ടിയുടെ അച്ഛന്‍ ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു.
വാഴയെ ചൂണ്ടിക്കൊണ്ട് അച്ഛന്‍ ചോദിച്ചു,
“ഇയാളിവിടെ ആദ്യായിട്ട് വരുവാ അല്ലെ? എവിടാ വീട്?“
വാഴ: വാഴക്കോടാ
“വീട്ടില് കൃഷിയൊക്കെയുണ്ടോ?”
വാഴ: ഇല്യാ, എന്തേ?
“ഒന്നൂല്യാ വെറുതെ ചോദിച്ചൂന്ന് മാത്രം!“
പിന്നീട് എല്ലാവരും അടക്കിപ്പിടിച്ച് ചിരിച്ചപ്പോള്‍ വാഴയ്ക്ക് കാര്യം മനസ്സിലായി.ജാള്യത മറയ്ക്കാനായി വെറുതേ റഫിയെ നോക്കി,
“എന്താ ഇരിക്കണെ, ഒരു വട്ടമെങ്കിലും ഒരു റിഹേര്‍സല്‍ നോക്കിക്കൂടേ? വാ നമുക്കൊരു റൂമില്‍ ഇരുന്ന് നോക്കാം!
ഗോട്ടി: അതു വേണ്ടാ, അച്ഛനിപ്പോള്‍ ഉറങ്ങാന്‍ കിടക്കും, അത് കോണ്ട് റൂമില്‍ വേണ്ട, നമുക്ക് വീടിന്റെ പിന്നിലെ തൊഴുത്തിലേക്ക് പോകാം!
വാഴ: തൊഴുത്തോ? ദേവ്യെ..മിമിക്രിക്കാരെ ഇങ്ങനെ പരീക്ഷിക്കുകയാണോ?
ഗോട്ടി: എടാ തൊഴുത്തില്‍ ഒരു കൊല്ലായിട്ട് പശുക്കളൊന്നും ഇല്ല.അതിന്റെ ഒരു വശത്ത് വിറക് സൂക്ഷിച്ചിരിക്കുകയാ.വാ നമുക്ക് അങ്ങോട്ട് പോകാം.
വാഴ: ലോകത്തില്‍ ആദ്യമായി ഒരു തൊഴുത്തില്‍ വെച്ച് മിമിക്രി പ്രാക്ടീസ് ചെയ്യുന്നത് നമ്മളായിരിക്കും.ദൈവമേ വേറെ ഒരു മിമിക്രിക്കാരനും ഈ ഗതി വരുത്തരുതേ..
നസി: അങ്ങിനെ തൊഴുത്ത് വീണ്ടും ഒരു തൊഴുത്തായി
സുഭാഷ്: എന്താടാ നീ അങ്ങിനെ പറഞ്ഞത്?
നസി: ആറ് പോത്തുകളല്ലേ നിരന്ന് നില്‍ക്കുന്നത്!
വാഴ: അതൊക്കെ ശരി ഒരു കാര്യം പറഞ്ഞേക്കാം തൊഴുത്തില്‍ കുത്ത് പാടില്ല കെട്ടോ പോത്തുകളേ..
രാജീവ്: എടാ കൃത്യം എത്ര മണിക്കാ നമ്മുടെ പരിപാടി?
ഗോട്ടി: ഏക ദേശം ഒരു ഏഴ് മണിക്കാവാനാണ് സാധ്യത.
രാജീവ്: അപ്പോ നാല് മണിക്കുള്ള ചായ കുടി കഴിഞ്ഞിട്ട് വേദിയുടെ അടുത്തേയ്ക്ക് പോയാല്‍ മതിയല്ലേ.
ഗോട്ടി: മതി മതി ആദ്യം പെണ്‍പിള്ളാരുടെ ‘രംഗപൂജ’യുണ്ട്
വാഴ: എന്നാ നമുക്കൊരു ‘മിമിക്രിപൂജ’നടത്തരുതോ?
ഗോട്ടി: എടാ ഡാഷേ...’രംഗപൂജ’ എന്നത് ഒരു ഡാന്‍സ് ഐറ്റമാ,അതിനു ശേഷം ക്ലബ്ബിന്റെ റിപ്പോര്‍ട്ടും മറ്റും അവതരിപ്പിക്കും.അതിന് ശേഷം കൊച്ചു പിള്ളാരുടെ കലാ പരിപാടികള്‍, അതിനു ശേഷമാ നമ്മുടെ മിമിക്സ്.
റഫി: മിമിക്സ് കഴിഞ്ഞാല്‍ വേറെ വല്ല പരിപാടിയും ഉണ്ടോ?
ഗോട്ടി: ക്ലബ്ബിലെ അംഗങ്ങള്‍ അവതരിപ്പിക്കുന്ന നാടകമുണ്ട്.
വാഴ: നാടകം കഴിഞ്ഞിട്ട് പോരേ മിമിക്സ് പരേഡ്?
ഗോട്ടി: അതെന്തേ?
വാഴ: പാവങ്ങളുടെ നാടകം കാണാനെങ്കിലും ആരേങ്കിലുമൊക്കെ വേണ്ടേ എന്ന് കരുതി ചോദിച്ചതാ!
നസി:അല്ല ഗെഡീ കാണികളൊക്കെ കുറേ അധികം ഉണ്ടാകുമോ?
ഗോട്ടി: സ്കൂള്‍ ഗ്രൌണ്ട് നിറയെ ആളുകള്‍ ഉണ്ടാകും!
സുഭു: അല്ലടാ വല്ല നമ്പറും ഏറ്റില്ലെങ്കില്‍ കാണികള്‍ കൂവുമോ?
ഗോട്ടി: ഏയ് അങ്ങിനെ കൂവാറൊന്നുമില്ല!
റഫി: പിന്നെ?
ഗോട്ടി: വല്ല ചീമുട്ടയോ തക്കാളിയോ കൊണ്ട് എറിയും അത്ര തന്നെ!
വാഴ: അപ്പോ വയറ് നിറയെ ഭക്ഷണം തന്നത് ഇതിനായിരുന്നോ? മൈ ലാസ്റ്റ് ഉച്ച സപ്പര്‍!ഒരല്‍പം നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ചിത്ര സ്റ്റുഡിയോയില്‍ നിന്നും ഒരു കളര്‍ ഫോട്ടോ എടുത്ത്‌ വീട്ടുകാര്‍ക്ക് ഡെടിക്കെറ്റ്‌ ചെയ്യായിരുന്നു!
ഗോട്ടി: പേടിക്കാതിരിക്കെടാ നമ്മള്‍ ഫ്രീയായി അവതരിപ്പിക്കുന്നതല്ലേ.ഒരു സഹതാപ തരംഗം ഇല്ലാണ്ടിരിക്യോ?
റഫി: തരംഗമായാലും ഓളമായാലും പരിപാടി ഗംഭീരമാക്കണം!
രാജീവ്‌: എന്റെ നമ്പറൊക്കെ ഞാന്‍ ഗംഭീരമാക്കും!
വാഴ: പിന്നെ സ്റ്റേജില് സദ്യ തിന്നുന്ന നമ്പറല്ലേ ഗംഭീരമാക്കാന്‍! വേറെ വല്ല നമ്പരും ഇടൂ മകനെ..
സുബു: നമുക്ക് ആദ്യം സ്ത്രീകളെ കയ്യിലെടുക്കണം, എന്നാ രക്ഷപ്പെടാം
നസി: ശരിയാ സ്ത്രീകളേം കുട്ടികളേം കയ്യിലെടുത്താല്‍ പരിപാടി കലക്കും!
വാഴ: അതിനൊരു വഴിയുണ്ട്.
എല്ലാവരും ആകാംക്ഷയോടെ: എന്താ വഴി?
വാഴ: നമുക്ക് ഹനുമാന്‍ സാമിയെ വിളിക്കാം! അങ്ങേര്‍ക്കാകുമ്പോള്‍ കയ്യില്‍ മലയൊക്കെ ഏറ്റി ശീലമുള്ളതല്ലേ,നമുക്കൊരു റിക്വസ്റ്റ് കൊടുക്കാം എന്താ?
പിന്നെ എല്ലാരും കോറസയി:$#%@*%$#%@#$%$#@$ &*%#$@

തുടരും...

Sunday, July 19, 2009

നര്‍മ്മാസ് മിമിക്സ് :വേദി; പാഞ്ഞാള്‍ LP സ്കൂള്‍ (ഭാഗം -ഒന്ന്)

കോളേജിലെ മിമിക്സ് കഴിഞ്ഞതിന്റെ പിറ്റേ ദിവസം കോളേജ് ലൈബ്രറിക്ക് മുന്നിലെ തൂണിന്റെയടുത്ത് വാഴയും നസിയും റഫിയും നില്ക്കുന്നു. 'അയ്യപ്പന്‍ വന്നാല്‍ രണ്ടുണ്ട് കാര്യം' എന്ന് കോളനീലെ കാര്‍ത്തു പറയുന്നതു പോലെ, അവിടെ നിന്നാല്‍ കോളേജ് കഴിഞ്ഞു പോകുന്നവരുടെയും വരുന്നവരുടെയും കൃത്യമായ സെന്‍സസ്‌ എടുക്കാം കാരണം മെയിന്‍ ഗേറ്റിലേക്ക് ഇവിടെ നിന്നുള്ള ദൂരവും മെയിന്‍ ഗേറ്റില്‍ നിന്നും ഇങ്ങോട്ടുള്ള ദൂരവും ഏതാണ്ട് ഒരേ അളവായിരുന്നു. ഇതു പിന്നീട് മോഷന്‍ ഈസ്‌ പ്രോപോഷണല്‍ റ്റു വെലോസിറ്റി ഓഫ് ദി മൂവിംഗ് ഒബ്ജക്റ്റ എന്ന് ഞങ്ങള്‍ ഫിസിക്സ്‌ പരമായി പലവട്ടം തെളിയിച്ചു കഴിഞ്ഞിരുന്നു.

മിമിക്സ് അവതരിപ്പിച്ചതിന്റെ അഹങ്കാരം ഞങ്ങളുടെ മൂന്നു പേരുടെ മുഖത്തും ഉണ്ട്, പോരാത്ത മൂന്നു അഹങ്കാരങ്ങള്‍ വരുന്നേ ഉണ്ടായിരുന്നുള്ളൂ. ആരെങ്കിലുമൊക്കെ ഓട്ടോഗ്രാഫ്‌ വാങ്ങാന്‍ വരുമെന്നൊക്കെ ഏറ്റവും ചുരുങ്ങിയ അളവിലുള്ള അഹങ്കാരത്തില്‍ പോലും ഞങ്ങള്‍ വിശ്വസിച്ചു. പക്ഷെ ഒന്നും ഉണ്ടായില്ല. ചിലര്‍ ചെറുതായി പുഞ്ചിരിച്ചു മറ്റു ചിലര്‍ കണ്ട ഭാവം പോലും കാണിക്കാതെ നടന്നു പോയി.
വാഴ: ഡാ ചില ചിരിക്കാത്ത കളേര്‍സ് വരെ ചിരിക്കുന്നുണ്ടെടാ.ഞാനൊന്ന് പോയി പരിചയപ്പെട്ടിട്ട് വരട്ടെടാ.

നസി: ഡാ നീയൊന്നു ശ്രമിച്ചാല്‍ ഇവിടെ നിന്നു കൊണ്ടു തന്നെ നല്ല അസ്സല് തല്ലു വാങ്ങാം, ചുമ്മാ പിന്നാലെ പോയി തല്ല് ഇരന്നു വാങ്ങണോ?

വാഴ: ഈ കാര്യത്തില് തല്ലു കിട്ടാതെ ഞാന്‍ നോക്കിക്കോളാം എന്താ.

റഫി: ഡാ ചെക്കാ നീ ഫസ്റ്റ് ഇയറാന്നു ഓര്‍മ്മ വേണം കേട്ടാ, അവന്റെ ഒരു പരിചയപ്പെടല്‍.ഡാ നസീ, ഷാഹിനയും റംലത്തുമല്ലേ ആ വരുന്നത്. നീ വരുന്നോ ഞാന്‍ ഒരു കാര്യം ചോദിച്ചിട്ട് ഇപ്പൊ വരാം.

വാഴ: അത് ശരി, മുക്രിക്കാക്ക് നടന്നിട്ടും പാത്താം ഞമ്മക്ക്‌ നിന്നിട്ടും ആയിക്കൂടാ അല്ലെ? ആഹാ ഞാന്‍ ഇപ്പൊ ശരിയാക്കിത്തരാം. ഡാ റഫ്യെ നിന്നെ ആ വിദ്യ വിളിക്കുന്നുണ്ടെടാ, എന്തോ കത്തോ മറ്റോ തരാനാണത്രേ! ആ ഡി ബാച്ചിന്റെ മുന്നില് നില്‍പ്പൊണ്ട്‌.

റഫി ഓടി വാഴയുടെ അടുത്ത്‌ വന്ന് : നീ എവിടെ വേണേലും പോയിപണ്ടാരടങ്ങിക്കോ വെറുതെ എന്റെ കഞ്ഞീല് ബിരിയാണി ഇടല്ലേ.

വാഴ: ഞാന്‍ ആ വഴിക്കേ വരുന്നില്ല. ഡാ ആ വരുന്ന ക്ടാവ് മിമിക്സ് കഴിഞ്ഞേ പിന്നെ ഭയങ്കര നോട്ടോം ചിരിയും, ഒന്നു പോയി മുട്ടട്ടെ?

റഫി: ധൈര്യമായി ചെല്ല്, ഞങ്ങള്‍ ഇവിടോക്കെത്തനെ ഉണ്ടാവും..

വാഴ: മിമിക്സ് കഴിഞ്ഞുള്ള ആദ്യ അറ്റംറ്റാണ് , പുത്തരീല്‍ തന്നെ കല്ല് കടിപ്പിക്കല്ലെ ദേവ്യെ...."ഹലോ ഒന്നു നിന്നെ.."

പെണ്‍കുട്ടി: എന്താ ഏട്ടാ..

വാഴ: എന്തൊരു അനുസരണ, എന്തൊരു ശാലീനത, ഇതൊരു കല്യാണ മണ്ടപമായിരുന്നെങ്കില്‍ നിന്നെ ഇപ്പൊ തന്നെ കല്യാണം കഴിച്ചേനെ എന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും എന്താ പേരു എന്ന് മാത്രമെ പുറത്തേക്ക് വന്നുള്ളൂ.

"രജനി"

വാഴ: നല്ല പേര്. ആങ്ങിളമാരുണ്ടോ?

രജനി: നാല് പേരുണ്ട്, അച്ഛന്‍ ചേലക്കര സ്റ്റേഷനില്‍ എസ് ഐ യാ

വാഴ:ദേവ്യെ! എന്താ നസീ...കുട്ടി നടന്നോളൂ ട്ടോ എന്റെ കൂട്ടുകാരന്‍ വിളിക്കുന്നുണ്ട്, ഞാനങ്ങോട്ടു ചെല്ലട്ടെ അല്ലെങ്കില്‍ അവന്‍ പിണങ്ങും. (ആ കുട്ടി നടന്നു പോകുന്നത് ഗദ്ഗദത്തോടെ വാഴ നോക്കി നില്‍ക്കുമ്പോള്‍ മറ്റൊരു കുട്ടി വന്നിട്ട്)

"ചേട്ടന്‍ വാഴക്കോടനല്ലേ?"

വാഴ: അതേ.. എന്താ കുട്ടീടെ പേര്?

"ഷാജിത"

വാഴ: എങ്ങിനെ അറിയാം എന്നെ?

ഷാജിത: ഇന്നലെ നാടകം കണ്ടിരുന്നു.

വാഴ: നാടകോ? ദേവ്യെ..

ഷാജിത: അതില്‍ ഏട്ടനെ ആ റഫീക്ക്‌ ചേട്ടന്‍ ചവിട്ടീത്‌ കണ്ടിട്ട് എനിക്ക് സങ്കടം വന്നൂട്ടോ.ചേട്ടന് വേദനിച്ചോ?

വാഴ: വീട് എവിടാന്നാ പറഞ്ഞേ?

ഷാജിത: കുമ്പളങ്ങാട്, എനിക്ക് ചേട്ടനെ വല്യ ഇഷ്ടാ.

വാഴ:എന്റെ ഭാഗ്യം, കുട്ടി ഇപ്പൊ പൊക്കോളൂ ഞാന്‍ ക്ലാസ്സിലേക്ക് വരാം കേട്ടോ..

നസി: എന്താടാ നീ ആ കുട്ടിയോട് പറഞ്ഞേ, അതെന്റെ വീടിന്റെ അടുത്തുള്ളകുട്ടിയാ.

വാഴ; എന്റെ ഊഹം തെറ്റിയില്ല. അതാടാ പറഞ്ഞേ വീടിന്റെ അടുത്തുള്ളോര്‍ക്കെങ്കിലും നിന്റെ മിമിക്രിയൊന്നു കാണിച്ചു കൊടുക്കണം എന്ന്.

നസി: സത്യം പറ അവളെന്താ പറഞ്ഞ്.

വാഴ: എടാ അവള്‍ക്ക് നിന്നോട് ഒരു ഇഷ്ടമൊക്കെയുണ്ട്. നിന്നോട് നേരിട്ടു പറയാന്‍ മടിയായത് കൊണ്ടു എന്നോട് പറയാന്‍ പറഞ്ഞ്.

നസി: ഡാ സത്യം പറ.

വാഴ: കുമ്പളങ്ങാട് കള്ള് ഷാപ്പാണേ സത്യം!

നസി:എന്ന ഞാന്‍ പോയി ഒന്നു സംസാരിക്കട്ടെ?

വാഴ: അത് വേണ്ടടാ ഇപ്പൊ തന്നെ ആ കുട്ടി ആകെ ടയേര്‍ഡാ,

നസി: ടയേര്‍ഡോ? എന്നാലും ഒരാളെങ്കിലും എന്റെ മിമിക്രീല് വീണല്ലോ.അപ്പൊ എന്റെ മിമിക്രീടെ ഗുണം മനസ്സിലായോടാ വാഴേ?

വാഴ: അറിയാത്ത പിള്ള ചോറീമ്പോ അറിഞ്ഞോളും...
(അപ്പോഴേക്കും രാജീവും സുഭാഷും ഗോട്ടിയും അവിടേക്ക് വന്നു)
രാജീവ്‌: ഡാ പാഞ്ഞാളില്‍ ഒരു ക്ലബ്ബിന്റെ വാര്‍ഷികത്തിന് ഒരു മിമിക്സ് അവതരിപ്പിക്കാന്‍ ചാന്‍സ്‌ കിട്ടീട്ടൊണ്ട്‌ പോവല്ലേ?

റഫി: ഗോട്ടിടെ ക്ലബ്ബിന്റെ വാര്‍ഷികാവും അല്ലെ? വല്ല ചില്ലറയും കിട്ടുമോടാ.

ഗോട്ടി: അത് കിട്ടും എന്ന് കരുതീട്ട് വരണ്ടാ.ഒരു നല്ല സ്റ്റേജ് , അത് മാത്രം പ്രതീക്ഷിച്ചാല്‍ മതി.

നസി: ഡാ വണ്ടിക്കൂലിയെങ്കിലും താടേ, ഒന്നുമില്ലേലും പാഞ്ഞാള്‍ വരെ വന്നിട്ട് തിരിച്ചു പോരണ്ടെ?

വാഴ: തിരിച്ചു വരാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. അത് നാട്ടുകാര് ഓടിച്ചോളും !

ഗോട്ടി:അതൊക്കെ സംഘടിപ്പിക്കാം പിന്നെ ഫുഡ്‌ വീട്ടിന്നു തരാം. അത്രയൊക്കെ പോരെ?

റഫി: ഡേറ്റ് എന്നാ ? അന്നത്തെ ദിവസം വേറെ വല്ല ബുക്കിങ്ങും വന്നാല്‍ പിന്നെ രക്ഷയില്ല കേട്ടോ.

സുഭാ : വേറെ ബുക്കിങ്ങ്. നര്‍മ്മാസിന് , ഗോട്യെ നീ ധൈര്യമായി നോട്ടീസില് പേര് കൊടുത്തോ . എന്തായാലും ആ ആഴ്ച ഞാന്‍ ചിറ്റാട്ടുകരയ്ക്ക്‌ പോണില്ല എന്താ പോരെ?

രാജീവ്‌: ഡാ ഞായറാഴ്ച്ചയല്ലേ പരിപാടി ? നമുക്കു വെള്ളിയാഴ്ച്ച ക്ലാസ്സ്‌ കഴിഞ്ഞു നേരെ പോയാലോ?

നസി: എന്തിനാ വെള്ളിയാഴ്ച്ച ആക്കുന്നത് ഇന്നു തന്നെ പൊയ്ക്കോടാ...

ഗോട്ടി: ഞായറാഴ്ച വൈകീട്ടാണ് പരിപാടി, നിങ്ങള്‍ വേണേല്‍ രാവിലെ പോരെ. ഉച്ചയ്ക്കും വൈകീട്ടും ഫുഡ്‌ ഞാന്‍ വീട്ടീന്ന് തരാം എന്താ?

വാഴ: ഫുഡ്‌ ഫുഡ്‌ , എടാ ഞങ്ങടെ വീട്ടിലും ചോറിനേക്കാള്‍ കൂടുതല്‍ ചാറ് ഒഴിച്ചിട്ടു തന്നെയാ കഴിക്കുന്നെ.

രാജീവ്‌: ഡാ വാഴേ വീട്ടിലെന്നും കഞ്ഞിയാണല്ലേ?

വാഴ: എങ്ങിനെ ഇത്ര കൃത്യമായി മനസ്സിലായി?

രാജീവ്‌: ചോറിനേക്കാള്‍ കൂടുതല്‍ ചാറ് എന്ന് കേട്ടപ്പോള്‍ എനിക്ക് മനസ്സിലായെടാ എന്റെ വീട്ടിലും എന്നും ചോറിനേക്കാള്‍ കൂടുതല്‍ ചാറാ.

പരിപാടിയുടെ അന്ന് രാവിലെ ആറ് മണിക്ക് എത്താമെന്ന് ഞങ്ങള്‍ പറഞ്ഞെങ്കിലും ദുഷ്ടനാം ഗോട്ടി സമ്മതിച്ചില്ല.അതോടെ പ്രാതലിന്റെ പ്രതീക്ഷ നഷ്ടപ്പെട്ടു. അങ്ങിനെ ഒരു പതിനൊന്നു മണിയോട് കൂടി ഞങ്ങള്‍ പാഞ്ഞാളില്‍ എത്തിക്കൊള്ളാമെന്ന് തീരുമാനിച്ചു അന്നത്തേയ്ക്ക് പിരിഞ്ഞു.

രാവിലെ പത്തു മണിക്കുള്ള 'ഭാരത്‌ മോട്ടോര്‍സില്‍' റഫി,നസി, സുഭാഷ്‌ വടക്കാഞ്ചേരിയില്‍ നിന്നും വാഴയും രാജീവും വാഴക്കോട്ടില്‍ നിന്നും ആ വണ്ടിയില്‍ കേറാമെന്നു മുന്‍ നിശ്ചയിച്ച പ്രകാരം വാഴ വാഴക്കോട് ഹൈടെക്‌ സിറ്റിയില്‍ രാജീവിനെയും 'ഭാരത്‌ മോട്ടോര്‍സിനെയും കാത്തു നില്‍ക്കുകയാണ്‌. വാഴ ഒരു സുഹൃത്തിനെ കണ്ടപ്പോള്‍:
വാഴ: ഡാ ഷെരീഫെ എങ്ങോട്ടാത്ര ദൃതീല്?

ഷെറി: ഇന്ന് ലാലേട്ടന്റെ പുതിയ പടം റിലീസാടാ,തൃശ്ശൂര്‍ ജോസിലാ.

വാഴ: ഏതാടാ പടം?

ഷെറി: പടം..ഒരു "ന"മേല്‍പ്പോട്ട്‌ ഒരു "ന" കീഴ്പ്പോട്ട് പിന്നെ ഒരു പൂജ്യം!

വാഴ: ഒരു ന മേപ്പോട്ടു...ന കീഴ്പ്പോട്ട് ഡാ "ധനം" ആണോ?

ഷെറി: അതന്നെ...ഒരു ഹലാക്കിലെ എഴുത്ത് വായിക്കാന്‍ പറ്റണ്ടേ?

വാഴ:ഡാ വായിക്കാന്‍ അറിഞ്ഞാലേ വായിക്കാന്‍ പറ്റൂ, നീ വേഗം സ്ഥലം വിട്ടേ.പിന്നെ അബോധാവസ്ഥെപോലും നീ എന്റെ കൂട്ടുകാരനാന്ന് ആരോടും പറയല്ലെടാ...ദാ ബസ്സ് വിട്ടോടാ..

അല്‍പ്പ സമയത്തിനുള്ളില്‍ രാജീവ്‌ വന്നു.

വാഴ:നീ 'വണ്ടിപ്പറമ്പീന്നു' നടന്നാണോ വന്നെ? ആ ആലിന്‍ ചോട്ടിലെ ബസ്റ്റാപ്പിന്നു ഒരു ബസ്സില്‍ കേറി വരായിരുന്നില്ലേ?

രാജീവ്‌: ബസ്സിനു ഒന്നേ നാല്‍പ്പതു കൊടുക്കണം,ആ പൈസ ഉണ്ടെങ്കില്‍ മുള്ളൂര്‍ക്കര സി എം എസ് ടാക്കീസിന്ന് രണ്ടു പടം കാണാം..തറേലിരുന്നു!

വാഴ: നീ സി എം എസ്സിനൊരു മുതല്ക്കൂട്ടാടാ....ദാ ബസ്സ് വരുന്നു അതില്‍ അവരുണ്ടാകും.

ബസ്സിന്റെ മുന്‍ഭാഗത്തു സ്ത്രീകള്‍ ഇരിക്കുന്ന ഭാഗത്ത് കൂടിയാണ് അന്നും പതിവ് പോലെ കേറിയത്‌.പ്രതീക്ഷിച്ചപോലെ സ്ത്രീകളുടെ സീറ്റിന്റെ തൊട്ടു പിന്നിലായി റഫിയും നസിയും ഇരിക്കുന്നു,അതിനു പുറകില്‍ സുഭാഷും.
വാഴ: നിങ്ങള്‍ ഈ അടുക്കള ഭാഗത്ത് തന്നെ കാണും എന്ന് എനിക്ക് ഉറപ്പായിരുന്നു.പിന്നെ ഞാന്‍ പേര്‍സെടുക്കാന്‍ മറന്നു എന്റെ പൈസ കൊടുത്തേക്കണേ..

റഫി: ഡാ പേര്‍സെടുത്തോണ്ട് ആയില്ല അതിനകത്ത് വല്ലതും വേണം.രാവിലെ ഇറങ്ങിക്കോളും മിമിക്രി കാണിക്കാന്‍..

റാഫിയുടെ ഈ വാക്കുകള്‍ കേട്ട് തൊട്ടു മുന്നിലെ സീറ്റിലിരുന്ന ചേച്ചി വാഴയെ നോക്കി ചിരിച്ചു.
വാഴ: അല്ല ചേച്ചി അവന്റെ കാലിലെ ചൊറി പഴുത്തു ചീഞ്ഞളിഞ്ഞ പോലെ ആയിരുന്നേ, അത് മാറിയോ എന്ന് ചോദിച്ചതിന്റെ ദ്വേഷ്യാ..
അത് കേട്ടതും ചേച്ചി കാലു വലിച്ചു മുന്നോട്ടു വെച്ചു.റഫി ദ്വേഷ്യത്തോടെ വാഴയുടെ മുഖത്തേക്കു നോക്കി. വാഴ ഒന്നും സംഭവിക്കാത്ത മട്ടില്‍ നിന്നു. 'മണലാടി' എന്ന സ്ഥലത്ത് ഞങ്ങള്‍ ഇറങ്ങി.ഇനി അവിടന്ന് വേറെ വഴിയാണ് പാഞ്ഞാളിലേക്ക്. ഏതാണ്ട് ഒരു രണ്ടു കിലോമീറ്റര്‍ ദൂരം കാണും പാഞ്ഞാള്‍ സെന്ററിലേക്ക്.
രാജീവ്‌: ഡാ നമുക്ക് മെല്ലെ നടന്നാലോ?

നസി: ഞാനും അത് പറയാനിരിക്കുവായിരുന്നു. ഈ കേറ്റം അങ്ങ് കഴിഞ്ഞാല്‍ പിന്നെ ഇറക്കം പിന്നെ പാടങ്ങള്‍ കഴിഞ്ഞാല്‍ പഞ്ഞാളായി.

വാഴ: അപ്പൊ പാടം കഴിഞ്ഞില്ലെങ്കില്‍ പായാത്ത ആളാകുമോ?
റഫി: ഡാ നീ ത്രിശ്ശൂരടുത്ത് മുണ്ടൂര് പോയാല്‍ നിന്റെ മുണ്ട് ഊരുമോ? അല്ല പിന്നെ?
വാഴ: അതാ പറഞ്ഞെ മു
ണ്ടൂരുക്ക് പോകുമ്പോള്‍ പാന്റ്സ്‌ ഇട്ടേച്ചും പോകണം എന്ന്. ഏതായാലും നമുക്ക് നടക്കാം ചിലരുടെ ആത്മാവിനെങ്കിലും കുളിര്‍മ്മയുണ്ടാകട്ടെ.

സുഭു: ഡാ നസീ, അയ്യപ്പന്‍ വന്നാല്‍ രണ്ടുണ്ട് കാര്യം അല്ലെ? നടക്കട്ടെ..

നസി: അല്ലടാ ഇത്രയം പ്രകൃതി രമണീയമായ ഈ സ്ഥലം കണ്ടാസ്വദിച്ചു നടന്നൂടെ?

വാഴ:ആസ്വദിച്ചോ ആവോളം ആസ്വദിച്ചോ. പിന്നെ ആസ്വദിക്കുന്ന കൂട്ടത്തില് പാടത്ത്‌ വല്ല കിണറോ കുളമോ ഒക്കെയുണ്ടോന്നു പ്രത്യേകം നോക്കി വെച്ചോ.ഇരുട്ടത്ത് ഓടേണ്ടി വന്നാല്‍ മിമിക്രിക്കാരന്‍ കിണറ്റില്‍ വീണു മരിച്ചു എന്നാ ചീത്തപ്പേര് കേള്‍പ്പിക്കണ്ടാ! അല്ല പിന്നെ..

തുടരും.....

Wednesday, June 24, 2009

നര്‍മ്മാസ് മിമിക്സ് പരേഡ്‌ : വേദി ഒന്ന്, തുടരുന്നു......

കോളേജ് ഡേയുടെ അന്ന് രാവിലെ കൃത്യം എട്ടുമണിക്ക് കോളേജിന്റെ മുന്നിലുള്ള വിജയേട്ടന്റെ ചായക്കടയില്‍ എത്താം എന്ന ഉറപ്പിലാണ് അവസാന വട്ട റിഹേഴ്സല്‍ കഴിഞ്ഞു ഞങ്ങള്‍ പിരിഞ്ഞത്. അന്നും പതിവുപോലെ കൃത്യമായി എട്ടുമണിക്ക് ഉണര്‍ന്നെങ്കിലും കോളെജ് ഡേ പ്രമാണിച്ച് അന്ന് പതിവിനു വിപരീതമായി ഞാന്‍ കുളിച്ചു. അല്ലെങ്കില്‍ വെള്ളം കൈക്കുമ്പിളില്‍ കോരി വെറുതെ മുടിയൊന്ന്‌ മിനുക്കാറേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ പലരും എന്നെ വെള്ളത്തിലെ നീരാളിയായി തെറ്റിദ്ധരിച്ചു.

പാര്‍ളിക്കാട് ബസ്റ്റോപ്പില്‍ ഇറങ്ങി നേരെ റവറ് തോട്ടത്തിലെക്കുള്ള വഴിയേ ലക്ഷ്യമാക്കി ഞാന്‍ റെയില്‍ മുറിച്ചു കടന്നു. ഇണക്കുരുവികള്‍ കിന്നാരം ചൊല്ലി കൊക്കുരുമ്മി ചിണുങ്ങി കുണുങ്ങി പോകുന്ന ആ കാഴ്ച ആവശ്യത്തില്‍ കൂടുതല്‍ വെള്ളം വായിലൂടെ താഴേക്കിറക്കി ആസ്വദിക്കാനെ കഴിഞ്ഞുള്ളു. എങ്കിലും ഒരിക്കല്‍ ഞാനും ചെട്ടന്മാരെപ്പോലെ വളരും വലുതാവും എന്നുള്ള മുദ്രാവാക്യം മനസ്സില്‍ വിളിച്ചു കൊണ്ടു ആ റവര്‍ തോട്ടത്തിലൂടെ ഏന്തി വലിഞ്ഞു നടന്നു.

അപ്പാപ്പന്റെ പെട്ടിക്കടയില്‍ നിന്നും ഒരു നാരങ്ങാ വെള്ളം കുടിക്കണമെന്ന മോഹം ഉണ്ടായെങ്കിലും അവിടെ വെറ്റില മുറുക്കാന്‍ ഓര്‍ഡര്‍ കൊടുത്ത് കാത്തു നില്ക്കുന്ന സീനിയര്‍ ആഷിമോനെയും സുധീറിനെയും കണ്ടപ്പോള്‍ ആ മോഹം ഉപേക്ഷിച്ചു. റഫീക്കിന് വരെ എന്നെ കണ്ടപ്പോള്‍ കൈവെക്കണം എന്ന് തോന്നിയ സ്ഥിതിക്ക് അവര്‍ എപ്പോ തല്ലീ എന്ന് ചോദിച്ചാ മതിയല്ലോ. അവരെ കൂടാതെ പൂച്ചക്കണ്ണുള്ള കൃഷ്ണകുമാറും എന്റെ പേടിസ്വപ്നങ്ങളിലെ സ്ഥിരം വില്ലന്മാരായിരുന്നു.ഇവരോട് അടുത്ത ബന്ധമുള്ള യൂനസിന്റെയും ബന്ധുവായ നജീബിന്റെയും കരുണകടാക്ഷത്താല്‍ അവരുടെ പല ആക്രമണങ്ങളില്‍ നിന്നും ഞാന്‍ രക്ഷ പ്രാപിച്ചിട്ടുണ്ട്. സ്തോത്രം സ്തോത്രം!

കോളനിയിലെ കാര്‍ത്തു കല്യാണത്തിനു പോകാന്‍ മേക്കപ്പിട്ടത്‌ പോലെ കോളേജ് ചെറുതായൊന്നു അലങ്കരിച്ചിട്ടുണ്ട്. ഉല്ലാസേട്ടന്റെ പുസ്തകക്കടയും കോളേജിന്റെ ഗേറ്റും കടന്നു ഞാന്‍ നേരെ വിജയേട്ടന്റെ ചായക്കടയിലേക്ക് കയറിച്ചെന്നു. ഇരുന്നൂറു പേജുള്ള പറ്റുപുസ്തകത്തില്‍ എഴുതി എഴുതി കയ്യക്ഷരം തെളിഞ്ഞ വിജയേട്ടന്‍ ചിന്താമഗ്നനായി ആ പുസ്തകത്തിലേക്ക് നോക്കിയുള്ള ആ ഇരിപ്പ് കണ്ടപ്പോള്‍ അന്ന് വെള്ളപ്പവും മുട്ടക്കറിയും മാത്രം പറ്റിയാല്‍ മതി എന്ന് ഞാന്‍ തീരുമാനിച്ചു. ഒഴിവുള്ള മേശനോക്കി ചെന്നു പെട്ടത് ദോശ മടക്കി മടക്കി അണ്ണാക്കിലേക്ക് തള്ളുന്ന രാജീവിന്റെ മുന്നിലും.
വാഴ: ഡാ നിനക്കു ഒറ്റയ്ക്ക് വന് പറ്റാന്‍ മാത്രം വിജയേട്ടന്‍ ഉദാരവല്‍ക്കരണം തുടങ്ങിയോ?

രാജീവ്‌: ഞാനൊറ്റയ്ക്കല്ലടാ നസിയുണ്ട് കൂടെ. നീ ഇരിക്ക് ഞാന്‍ ഇന്നലെ ഒരു ഉഗ്രന്‍ പടം കണ്ടെടാ.

വാഴ: മുള്ളൂര്‍ക്കര സി.എം എസ്സില്‍ ഇന്നലെ റിലീസായ "പായും പുലിയല്ലേ"?

രാജീവ്‌: അതേടാ മോനേ അതില് രജനീകാന്തിന്റെ ഒരു എന്ട്രിസീനുണ്ട് മോനേ,ഹൊ രോമാഞ്ചം വരും.

നസീര്‍: ഡാ വാഴക്കൊട്ടിലെന്താ ദുബായി സമയമാണോ? ഇപ്പൊ നേരം എത്രയായി. ഇത്തിരി നേരത്തെ വന്നാല്‍ ആ പായും പുലിയുടെ കഥ മൊത്തം കേള്‍ക്കായിരുന്നു. എനിക്ക് കേട്ട് കേട്ട് ബോറടിച്ചിട്ട് .അതോണ്ടാ അവന് ദോശ വാങ്ങിക്കൊടുത്തത്. അത്രേം നേരം ഒന്നു മിണ്ടാണ്ടിരിക്കുമല്ലോ.

വാഴ: റഫീം സുഭാഷും ഗോട്ടിയുമൊക്കെ എത്തിയില്ലേ?

നസീര്‍: അവരാ സൈലന്റ് വാലീക്കാണും.

രാജീവ്‌: ഡാ വാഴേ വേഗം കഴിക്കെടാ, പറ്റൊന്നിച്ചു നസിയുടെ പേരില്‍ എഴുതാം.

നസീര്‍: നക്കിക്കോ നക്കിക്കോ നന്ദീണ്ടായ മതി.

ഒരു ഉളുപ്പിമില്ലാതെ നസിയുടെ പറ്റില്‍ നന്നായി നക്കി ഞങ്ങള്‍ കോളേജിലേക്ക് നീങ്ങി. മെയിന്‍ ബ്ലോക്കിന്റെ ഇടത്തേ അറ്റത്തുള്ള ലൈബ്രറിയുടെ അടുത്ത്‌ എത്തുമ്പോഴേക്കും റഫിയും സുഭാഷും ഗോട്ടിയും അവിടെക്കെത്തി.

ഗോട്ടി: ഡാ ഒരു പ്രസ്നമുണ്ട് , ഞാന്‍ പെണ്ണിന്റെ വേഷത്തിനുള്ള സാരി കൊണ്ടു വരാന്‍ മറന്നു, പകരം ദേ ആ ബിന്ദു ചക്കപ്പറമ്പിലിന്റെ ഷാള് അഴിച്ചു വാങ്ങി.ഇതു പോരെ?

നസീര്‍: അവള്‍ എവിടെ?

ഗോട്ടി: സൈലന്റ് വാലിയില്‍ ഉണ്ട്.

വാഴ: എടാ ഞാനിപ്പോ വരാം.

റഫി: നീയിതെങ്ങോട്ടാ? നമുക്കിത് ഒന്നു കൂടി റിഹേഴ്സല്‍ നോക്കണം.

വാഴ: എടാ ഞാന്‍ ആ ചക്കപ്പറമ്പൊന്നു കണ്ടിട്ട് ഇപ്പൊ വരാടാ ഗെടികളെ..

നസീ: ഡാ നീ ചക്കപ്പറമ്പേ കാണൂ പിന്നെ നിന്നെ ചുമന്നോണ്ട് പള്ളിപ്പറമ്പ് കാണുന്നത് ഞങ്ങളാ.വെറുതെ പണിയുണ്ടാക്കല്ലേ വാഴേ..

വാഴ: കൊല കേടാകുന്ന ഒരു കാര്യത്തിനും ഈ വാഴ ഇല്ലേ..വാ നമുക്കു സ്റ്റേജിന്റെ അടുത്തേക്ക്‌ പോകാം.

ആണുങ്ങളുടെ മൂത്രപ്പുരയിലെക്കും സ്റ്റേജിലെ കാണികള്‍ ഇരിക്കുന്നിടത്തെക്കും ഒരേ വഴിയാണ്. വിശാലമായ പറമ്പിലേക്ക്‌ മുഖം തിരിച്ചു വെച്ചിട്ടുള്ള സ്റ്റേജില്‍ പരിപാടികളൊന്നും ഇല്ലാത്ത ദിവസം കാലികള്‍ മേഞ്ഞു നടക്കുന്നത് ഒരു പതിവു കാഴ്ചയാണ്. സമയം പത്തുമണി കഴിഞ്ഞു . സ്റ്റേജിന്റെ മുന്നിലേക്ക് കുട്ടികള്‍ ഒറ്റയ്ക്കും കൂട്ടമായും വന്നു തുടങ്ങി. സ്റ്റേജില്‍ ആരൊക്കെയോ ലളിത ഗാനം പാടി തകര്‍ക്കുന്നുണ്ട്. ഞങ്ങള്‍ ഊഴം കാത്തു സ്റ്റേജിന്റെ പുറകില്‍ നിന്നു അവസാന വട്ട ചര്‍ച്ചകളിലായിരുന്നു. അപ്പോള്‍ എസ് എഫ്‌ ഐ യുടെ യൂനിറ്റ് പ്രസിഡന്റ്റ്‌ ഞങ്ങളുടെ അടുത്തേക്ക്‌ ഒരു പയ്യനെയുംകൂട്ടി വന്നു.

പ്രസി: ഡാ റഫ്യേ, ഇവനേം നിങ്ങടെ മിമിക്രീല് എടുക്കെടാ. വരുന്ന ഇലക്ഷനില്‍ ആര്‍ട്സ്‌ ക്ലബ്‌ സെക്രട്ടറിയായി മത്സരിക്കുന്ന സഖാവാ.

റഫി: അതിന് പരിപാടിയൊക്കെ ഞങ്ങള്‍ റിഹേഴ്സല്‍ ചെയ്തു സെറ്റാക്കി വെച്ചിരിക്കുകയല്ലേ ഇനി ഇതിന്റെ ഇടയിലോന്നും പറ്റില്ല.

പ്രസി: നീ അത്ര വല്യേ റിസ്കൊന്നും ഈ പ്രായത്തില് എടുക്കണ്ടാടാ, അവനെ ചുമ്മാ പരിചയപ്പെടുത്തുന്ന കൂട്ടത്തില്‍ ഒന്നു പേരു വിളിച്ചാ മതി.കേട്ടോ.

രാജീവ്‌: എന്നാ പിന്നെ കോടതീലെ മൈസ്രെട്ടിന്റെ മുന്നില് പോയി നിന്നാ പോരെ? അവിടെ പേരു വിളിക്കൊലോ.

പ്രസി: ഡാ മിമിക്രി സ്റ്റേജിമ്മേ മതി.പിന്നെ വയ്കീട്ടു മീറ്റിങ്ങിനു അവടെ കാണണം, എല്ലാരോടും കൂടിയാ കേട്ടോടാ മിമിക്രി മക്കളെ.

ഗോട്ടി: ഹൊ അത് കേട്ടപ്പോ ആശ്വാസമായില്ലേ, വെറുതെ നൂറ്റിപ്പത്ത് കെവി ലൈനില് എര്‍ത്തിട്ടപോലെയായി!

റഫി: അത് സാരല്യ,അതെല്ലാം മറന്നേക്കൂ, നമുക്കു പരിചയപ്പെടുത്തല് കഴിഞ്ഞാ, ആടിന്റെ സ്കിറ്റ് ആദ്യം എടുക്കാം.

സുഭാഷ്‌:ഡാ എനിക്ക് വെള്ളം കുടിക്കാന്‍ ഇടയ്ക്കിടയ്ക്ക് ദാഹിക്കുന്നുണ്ടെടാ , ടെന്‍ഷന്‍ കാരണമാവോ?

ഗോട്ടി: ഏയ് അങ്ങിനെയാണെങ്കില്‍ എനിക്ക് ദാഹിക്കില്ലെ?

വാഴ: ഡാ കംബ്ലീറ്റു കളേഴ്സും എത്തീട്ടോ.ഞാന്‍ കേറി ഒരു പാട്ടു പാടിയാലോ? എനിക്ക് കൊതിയായിട്ട് പാടില്ലെടാ.

നസീര്‍: അത്യാവശ്യം തെറ്റില്ലാത്ത കൂവല് കിട്ടാനുള്ള നമ്പറൊക്കെ നീ മിമിക്സില് അവതരിപ്പിക്കുന്നില്ലേ? അത് പോരെ? ഇനി ബോണസും വേണോ?

റഫി: ഡാ പാട്വേ പാടാണ്ടിരിക്യെ എന്ത് പണ്ടാരമെങ്കിലും ആയിക്കോ ഈ മിമിക്സ് പരേഡ്‌ ഒന്ന് കഴിഞ്ഞോട്ടെ. പെട്ടെന്ന് നിന്റെ നമ്പറൊക്കെ പഠിച്ചുഅവതരിപ്പിക്കാന്‍ ഒരാളെ ഈ നേരത്ത് തപ്പാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ട്.

രാജീവ്‌: ഇങ്ങനെ മൈക്കും സ്റ്റേജും കണ്ടാ കെട്ടിമറീണ ടീമിനെ എന്റെ ജന്മ്മത്തില് കണ്ടിട്ടില്ലാ ദേവ്യേ...

വാഴ: വേണ്ടെങ്കി വേണ്ടാ. ഒരു ഗായകനെ തളര്‍ത്താന്‍ ആര്‍ക്കും പറ്റും.ഞാന്‍ വല്ല കല്യാണ വീട്ടിലും പാടി തെളിഞ്ഞോളാടാ ഗ്രാസുകളെ..

ഗോട്ടി: ഡാ വാഴേ നീ സീലിങ്ങടിക്കാതെ നല്ല കട്ടകളുള്ള പാടത്ത്‌ സ്റ്റേജ് കെട്ടി നിനക്കു പാടാന്‍ ഞാന്‍ അവസരം ഉണ്ടാക്കിത്തരാം എന്താ പോരെ?

വാഴ: ഡാ ഊതല്ലേ, ഇന്നത്തെ കണി ശരിയല്ലാ. ഡാ കെ എസ്യൂ നേതാവല്ലേ ഒരുത്തനുമായി വരുന്നതു ഇനി അവനേം പേരു വിളിക്കേണ്ടി വരുമോ?

ഡാ റഫീക്കെ, ഇവനെ നിങ്ങടെ മിമിക്രി ട്രൂപ്പിലെ അങ്കമായി പരിചയപ്പെടുത്തണം.

വാഴ: അടുത്ത ഇലക്ഷന് ആര്‍ട്സ്‌ ക്ലബ്‌ സെക്രട്ടറി സ്ഥാനാര്‍ത്ഥിയാകും അല്ലെ?

നീയേതാടാ, നീ ഫസ്റ്റ് ഇയറല്ലേ?ഏ ബേച്ചാ?

വാഴ: ഏ ബേച്ചാ.

കളിയക്കുന്നോടാ, ഏതാടാ നിന്റെ ബേച്ച്?

വാഴ: അതാ പറഞ്ഞതു 'ഏ' ബാച്ചിലാന്നു.

നിന്നെ ഞാന്‍ പിന്നെ എടുത്തോളാം, ഡാ ഇവനെ അപ്പൊ പറഞ്ഞ പോലെ പരിചയപ്പെടുത്ത്‌ മനസ്സിലായില്ലേ?

റഫി: അത് ചെയ്യാം അതൊന്നും ഒരു വിഷയമല്ല, അപ്പൊ ശരി.

രാജീവ്‌: ഡാ വാഴേ നീ 'എഫ്‌' ബാച്ചല്ലേ?

വാഴ: എടാ നമ്മള്‍ ഇപ്പോഴും ബുദ്ധിപരമായി കാര്യങ്ങള്‍ നീക്കണം.ഇനി അവനെങ്ങാന്‍ ഒരു പത്തു മണിക്ക് എന്നെ തല്ലാന്‍ വേണ്ടി ആളെകൂട്ടി 'എ' ബാച്ചില്‍ വന്നെന്നിരിക്കട്ടെ. എനിക്ക് ഒരു പത്തെ അന്ചിനുള്ളില്‍ അടി കിട്ടില്ലേ? ഇതിപ്പോ അവന്‍ അന്വേഷിച്ചു പിടിച്ച് 'എഫ്‌ ' ബാച്ചിലെത്തുമ്പോള്‍ ഒരു പതിനൊന്നു മണിയെങ്കിലും ആവില്ലേ? അപ്പൊ കിട്ടുന്നതും ഇത്തിരി ലേറ്റാവുമല്ലോ? എങ്ങിനെയുണ്ട്‌ എന്റെ ബുദ്ധി?

സുഭാഷ്‌: ബെസ്റ്റ് , ഡാ നീയാ സൂവോളാജി ലാബിന്റെ പരിസരത്തു കൂടി പോകണ്ടാ ട്ടോ. വളര്‍ച്ച മുരടിച്ച ഒരു തലച്ചോറ് അന്വേഷിച്ച് അവര്‍ക്കിതുവരെ കിട്ടീട്ടില്ല. പറഞ്ഞേക്കാം.

വാഴ:ഡാ ഈ തമാശ നീ സ്റ്റേജില്‍ പറഞ്ഞാ ജോഡി ഒപ്പിച്ചെങ്കിലും ആളുകള്‍ എറിഞ്ഞേനെ.

നാസി: വാ അടുത്തത് നമ്മുടെ മിമിക്സാ, സ്റ്റേജിലേക്ക് വാ.

ഗോട്ടി: ഡാ ആകെ അഞ്ചു മൈക്കെയുള്ളൂ , നമ്മളാണെങ്കില്‍ എട്ടുപേരും. എനിക്കൊരു മൈക്ക് വേണം, ഒറ്റയ്ക്ക്.

നസീര്‍: കാക്ക കരയുന്ന ശബ്ദം എടുക്കുമ്പോള്‍ മൈക്കില്ലെങ്കില്‍ ശരിയാവില്ലാട്ടോ, പിന്നെ ശബ്ദം കൊളമായാ എന്നെ കുറ്റം പറയല്ലേ...

റഫി: അതൊക്കെ അഡ്‌ജസ്റ്റ്‌ ചെയ്യടാ. എല്ലാവരും ഒന്നു നിരന്നു നിന്നേ.

വാഴ; അല്ല റഫ്യേ നമ്മക്കിത് വല്ല മിമിക്സ് ചങ്ങലാന്നോ മിമിക്സ് മതിലെന്നോ പേരു മാറ്റണോ? സ്റ്റേജു നിറച്ചും മിമിക്രിക്കാരല്ലേ.

രാജീവ്‌: അതുപരിചയപ്പെടുത്തുന്നത് വരെയല്ലെയുള്ളൂ. അത് കഴിഞ്ഞാ സോള്‍വാകില്ലേ?

റഫി: അപ്പൊ നോക്കാം എല്ലാരും റെഡിയല്ലേ? വാഴേ...രാജീവേ,മ്യൂസിക്‌ ..കര്‍ട്ടന്‍ പൊക്കുവാണേ...

കര്‍ട്ടന്‍ പൊങ്ങി സ്റ്റേജു നിറയെ മിമിക്രിക്കരുമായി ഞങ്ങളുടെ കന്നി പരിപാടിയുടെ പരിചയപ്പെടുത്തല്‍ വരെ ഭംഗിയായി കഴിഞ്ഞു . ആദ്യത്തെ സ്കിറ്റ് റഫീക്ക്‌ അനൌന്‍സ്‌ ചെയ്തു.

റഫി: കൂട്ടുകാരെ, മൃഗങ്ങള്‍ സംസാരിക്കുന്നുണ്ടെങ്കിലും നമുക്കത് മനസ്സിലാകാറില്ല. എന്നാല്‍ ഇതാ ഇവിടെ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ആടിനെയാണ് ഞങ്ങള്‍ ആദ്യം അവതരിപ്പിക്കുന്നത്. അതെ ഇംഗ്ലീഷ് സംസാരിക്കുന്ന ആട്.

സ്റ്റേജില്‍ മൈക്ക് സെറ്റ് ചെയ്തു.ആടായി വാഴ മുട്ടുകാലില്‍ നിന്നു,ആടിന്റെ ഉടമസ്ഥനായി റഫീക്കും. ചോദ്യങ്ങള്‍ ചോദിക്കുന്ന ആളായി രാജീവും കൂടി നിന്നു സ്കിറ്റ് ആരംഭിച്ചു...

രാജീവ്‌: അപ്പോള്‍ നിങ്ങളാണോ ഇംഗ്ലീഷ് സംസാരിക്കുന്ന ആടിന്റെ ഓണര്‍?

റഫി: ഓണറ് ഇന്റെ കേട്യോള് ബിയ്യാത്തു ആണ്. ഞമ്മള് ഇതിനെ മേരേജു ചെയ്യുന്നു ന്നു മാത്രം.

രാജീവ്‌: എന്ത് ചെയ്യുന്നു?

റഫി: ബല്യ കളസ്രൊക്കെ ഇട്ടിട്ട് ഇംഗ്ലീഷ് ഒട്ടും അറിയില്ലാലെ? എന്റെ ആട് വരെ ഇംഗ്ലീഷ് പറയും, കേക്കണോ?

രാജീവ്‌: ശരി കേക്കട്ടെ. ആട് ഇംഗ്ലീഷ് പാറയെ..

റഫി: ശര്‍ദ്ദിച്ചു കേക്കണം, പിന്നെ കേട്ടില്ലാന്നു പറയരുത്‌. ഇന്നാ കേട്ടോ, ആടേ..ജനുവരി,ഫിബ്രവരി,മാര്‍ച്ച് ഏപ്രില്‍ കഴിഞ്ഞാല്‍ അടുത്ത മാസം ഇതാ ആടെ?
(വാഴ ഉടനെ 'മേയ്‌' എന്ന് ആടിന്റെ ശബ്ദത്തില്‍ കരയണം.പക്ഷെ വാഴ വേറെ എവിടെയോ ശ്രദ്ധിക്കുകയായിരുന്നു)
രാജീവ്‌: എന്താ കോയാക്കാ ഇങ്ങടെ ആട് മിണ്ടുന്നില്ലല്ലോ?

റഫി: അത് രാവിലെ ഇത്തിരി ജലദോഷം ഇണ്ടായിരുന്നു അതിന്റെയാ...
ദാ കേട്ടോ, ഏപ്രില്‍ കഴിഞ്ഞാല്‍ അടുത്ത മാസം ഇതാ ആടേ? എന്ന് ചോദിച്ചതും റഫി കുനിഞ്ഞു നില്ക്കുന്ന വാഴയെ ഒരു ചവിട്ടു കൊടുത്തതും ഒപ്പമായിരുന്നു.

വാഴ: "മ്മേയ്"

റഫി: കേട്ടാ അടുത്ത മാസം മേയ്‌ ആണെന്ന്.
ചവിട്ടുകൊണ്ട വാഴയുടെ പ്രകടനം കൂടിയായപ്പോള്‍ നമ്പര്‍ ഏറ്റു.എല്ലാവരും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. നന്ദി പറഞ്ഞു കൊണ്ടു രാജീവ്‌ അടുത്ത പരിപാടി അനൌന്‍സ്‌ ചെയ്യാന്‍ തുടങ്ങി,ഞങ്ങള്‍ സൈഡ് കര്‍ട്ടന്റെ പിന്നിലേക്കു മാറി നിന്നു.

റഫി: ഡാ വാഴേ നീയെന്താ ആദ്യം ചോദിച്ചപ്പോള്‍ മിണ്ടാണ്ട്‌ നിന്നത്? ഞാനാകെ പേടിച്ചു പോയി.

വാഴ: നസീ ഞാന്‍ കണ്ടെടാ?

സുഭാഷ്‌ : എന്ത് ആനമൊട്ട കണ്ടെന്നാ?

വാഴ: എടാ രണ്ടാമത്തെ നിരയില് നമ്മുടെ ബിന്ദു ചക്കപ്പറമ്പില്‍ നില്‍ക്കുന്നെടാ..ഞാന്‍ ആ ചക്കപ്പറമ്പൊന്നു നോക്കിപ്പോയതാടാ...ഇപ്രാവശ്യത്തേക്ക് ക്ഷമീ..

നസി:കോലുംമ്മേ തുണി ചുറ്റിക്കണ്ടാലും വെറുതെ വിടരുത്‌ കേട്ടോ

ഗോട്ടി: അതേയ് അടുത്ത സ്കിറ്റ് ഞാന്‍ പെണ്ണായി വേഷമിട്ടോണ്ട് വരുന്നതാ...വാഴേ പ്ലീസ്‌ എന്നെ ഒഴിവാക്കണേ......


ഒരു ഇടവേളയ്ക്കു ശേഷം തുടരും.........

ഒന്നാം ഭാഗം ഇവിടെ വായിക്കാം.

Wednesday, June 17, 2009

നര്‍മ്മാസ് മിമിക്സ് പരേഡ്‌ : വേദി ഒന്ന്

ശ്രീ വ്യാസാ എന്‍ എസ് എസ് കോളേജില്‍ വെച്ചു പരിചയപ്പെട്ട ഒരു കൂട്ടം സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ ഉരുത്തിരിഞ്ഞു വന്ന ഒരു മിമിക്സ് ട്രൂപ്പാണ് "നര്‍മ്മാസ്". ആ ട്രൂപ്പിന്റെ രൂപീകരണവും ഓരോ പരിപാടിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളും, റിഹേര്‍സലുകളുമൊക്കെ ഇത്തിരി മസാല പുരട്ടി അവതരിപ്പിക്കുകയാണ്. തൊണ്ണൂറുകളിലെ തുടക്കത്തില്‍ തുടങ്ങിയ ആ കൂട്ടായ്മ ഇപ്പോഴും അതെപോലെ നിലനില്ക്കുന്നു എന്ന സന്തോഷവും നിങ്ങളെ അറിയിക്കുന്നു, കാരണം ഇനി ആ സന്തോഷം ഉണ്ടായിക്കൊള്ളണമെന്നില്ലാ കാരണം ഞാന്‍ ആ കഥകള്‍ ഇവിടെ വിവരിക്കാന്‍ പോകുകയാണ്. ഇതിലെ പല കഥകളും പലര്ക്കും ഷോക്ക്‌ ഉണ്ടാക്കാം...കൂട്ടുകാരെ എന്നോട് ക്ഷമിക്കൂ...എനിക്ക് പറയാതിരിക്കാനാവില്ല....

ഒരു മിമിക്സ് പരേഡിന്റെ പിന്നിലുള്ള രസകരങ്ങളായ കുറെ
സംഭവങ്ങളാണ് ഇവിടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്!


പ്രി ഡിഗ്രീ അത്ര മോശമുള്ള ഡിഗ്രിയെയല്ല എന്ന് സില്‍മാ നടന്‍ ശ്രീനി പറഞ്ഞ അന്ന് മുതലുള്ള ഒരാഗ്രഹമായിരുന്നു പ്രീ ഡിഗ്രീ പഠിക്കണം പ്രി ഡിഗ്രി പഠിക്കണം എന്നാ ആഗ്രഹം. അല്ലെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടമുള്ള വാസന ശ്രീനിവാസനാ.അങ്ങേരു ഒരു കാര്യം പറഞ്ഞാ ചെയ്യാണ്ടിരിക്കാന്‍ പറ്റുമോ. അങ്ങിനെ പ്രി ഡിഗ്രി പഠിക്കണം എന്നാ ആഗ്രഹവുമായിട്ടാണ് ഞാന്‍ വ്യാസാ കോളേജെന്ന മനോഹരമായ കാമ്പസ്സില്‍ എത്തിച്ചേര്‍ന്നത്. ബസ്സിറങ്ങി ഒരൊന്നൊന്നര കിലോമീറ്റര്‍ റവര്‍ തോട്ടത്തിലൂടെ നടക്കണം. ആദ്യ ഒന്ന് രണ്ടു ദിവസമാണ്‌ ദൂരം ഒന്നര കിലോമീറ്ററോളം ഉണ്ടെന്നു തോന്നിയത്, പിന്നെ അതൊരു രണ്ടു മൂന്നു കിലോമീറ്റരെങ്കിലും ഉണ്ടായില്ലല്ലോ എന്നായിരുന്നു വിഷമം, ആ യാത്രയുടെ രസകരമായ കഥകള്‍ പിന്നീട് പറയാം. സത്യമായും കൊതിപ്പിച്ചതല്ല.

ഈ പറഞ്ഞ വ്യാസാ കോളേജില്‍ എന്റെ സീനിയറായി നേരത്തെ ഈ വഴികളൊക്കെ ആര്‍മാദിച്ചു നടക്കാറുള്ളവരായിരുന്നു "റഫീക്ക്‌,നസീര്‍,ഗോവിന്ദന്‍ കുട്ടി, രാജീവ്‌, സുഭാഷ്‌". അത്യാവശ്യം ചില ചുറ്റിക്കളികളും, തമാശ എന്താന്നു അറിയാതെ കോണ്‍വെന്റുകളിലെ സിസ്റ്റര്‍ പെട്രീഷ്യയും, സിസ്റ്റര്‍ പെട്രോളിയം ജെല്ലിയുമൊക്കെ പഠിപ്പിച്ചു പരുവക്കെടാക്കി വിട്ട ജൂനിയര്‍ പെണ്‍കുട്ടികളെ പുതിയ പുതിയ തമാശകള്‍ പറഞ്ഞു ആനന്ദ സാഗരത്തില്‍ ആറാടിക്കുകയും പിന്നെ എഴാടിക്കുകയും, ചില മനസ്സിലാകാത്ത തമാശകള്‍ പേപ്പറില്‍ എഴുതിക്കൊടുക്കുകയും, പല പെണ്‍കുട്ടികളോടും കോളേജില്‍ ഒരു മിമിക്സ് ട്രൂപ്പിന്റെ ആവശ്യകതയെ കുറിച്ച് വാ തോരാതെ സംസാരിക്കുകയും ചെയ്യുമായിരുന്ന ഈ കൂട്ടത്തിലേക്കാണ് ഞാന്‍ ഒരു നിയോഗം പോലെ എത്തിപ്പെടുന്നത്. ഒരു കാലന്‍ കുടയും ഒരു സാഹിത്യ സഞ്ചിയും പിന്നെ ഓട്ടൊറിക്ഷക്ക് ബസ്സിന്റെ ചില്ല് വെച്ചപോലെ മൂക്കത്തൊരു കണ്ണടയും വെച്ച് വരുന്ന ഞാന്‍ എന്നാ പരിഷ്കാരിയെ ആദ്യ നോട്ടത്തില്‍ കണ്ടപ്പോള്‍ തന്നെ അവര്‍ക്ക് ഒന്നു കൈവെക്കണം എന്ന് തോന്നിയതാത്രേ, ദുഷ്ടന്മാര്‍. എന്തോ നല്ലകാലം കൊണ്ടു തല്ലില്‍ നിന്നും ഒഴിവായി.

അത്യാവശ്യം പെണ്‍ പിള്ളാരെ വളക്കാനുള്ള നമ്പരുകള്‍ സ്വന്തമായി വികസിപ്പിചെടുത്തതിന്റെ പേറ്റന്റ്റ്‌ കൈവശമുള്ള ഞാന്‍ സീനിയര്‍ ചേട്ടന്മാര്‍ കാണാതെ നമ്പരുകള്‍ ഇടാന്‍ തുടങ്ങി. കോളേജിന്റെ മെയിന്‍ ബ്ലോക്കിന്റെ തൂണുകളുടെ പിറകില്‍ എന്റെ തമാശ കേള്‍ക്കാനും പെണ്‍കുട്ടികള്‍ കൂട്ടമായി എത്താന്‍ തുടങ്ങിയപ്പോഴാണ് അവര്‍ എന്റെ വര്‍ദ്ധിച്ച പിന്തുണ മനസ്സിലാക്കുകയും,എന്ത് കൊണ്ടും അവരുടെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ കഴിയുന്ന യോഗ്യതകള്‍ ഉണ്ടെന്നു മനസ്സിലാക്കിയുമാണ് ഒരു സമാധാന ഉടമ്പടിക്ക് അവര്‍ തയ്യാറായത്.മിക്കവാറും ദിവസങ്ങളില്‍ ഒരു ഇളം നീല ഷര്‍ട്ടിട്ട് എപ്പോഴും, "ഹിസ്‌ മാസ്റ്റെര്‍സ് വോയ്സിലെ" പട്ടിക്കുട്ടി കോളാംബിയിലേക്ക് നോക്കിയിരിക്കുന്നത് പോലെ പെണ്‍കുട്ടികള്‍ നോക്കിയിരിക്കാറുള്ള ഒരു കൊച്ചു പയ്യന്‍, മുഖത്ത്‌ നോക്കിയാല്‍ "വര്‍ക്കി" എന്നൊക്കെ വിളിക്കാവുന്ന ഒരു മുഖഛായയുള്ള ആ താരം റഫീക്കാണ് എന്ന് പിന്നീട് മനസ്സിലാക്കി.ഒരു എതിരാളിയെപ്പോലെ എന്നെ തല്ലണം എന്ന് ആദ്യം ചിന്തയില്‍ തെളിഞ്ഞ അവന്‍ തന്നെ ആദ്യം എന്റെ സുഹൃത്തായി. എന്റെ ഭാഗ്യം. അങ്ങിനെ മിമിക്സ് ട്രൂപ്പിലേക്ക് സംഭാവന നല്‍കാമെന്നും പരിപാടി അവതരിപ്പിക്കാന്‍ എന്റെ കയ്യിലുള്ള നമ്പരുകള്‍ അടക്കം അവര്‍ എന്നെ ട്രൂപ്പിലേക്ക് എടുത്തു. ഏതാണ്ട് എല്ദൊനെ സില്മേല്‍ക്ക് എടുക്കണ പോലെ തന്നെ. അങ്ങിനെ കന്നി പരിപാടി കോളേജില്‍ വെച്ചു തന്നെ അവതരിപ്പിക്കാന്‍ സകലമാന സാറന്മാരുടെ കാലും പിച്ച് അനുമതി വാങ്ങി. മിമിക്സോക്കെ കളിച്ചോളൂ സാറന്മാരെ വല്ലവരെയും അനുകരിക്കുകയോ കളിയാക്കുകയോ ചെയ്യാന്‍ പാടില്ല എന്നാണു ഏകകണ്ഠമായി സാറന്മാര്‍ വെച്ച നിബന്ധന. എല്ലാം സമ്മതിച്ചു ഞങ്ങള്‍ റിഹേഴ്സലിനുള്ള ഒരുക്കങ്ങല്‍ക്കായുള്ള പദ്ധതികള്‍ തയ്യാറാക്കി.


ഒരു ഞായറാഴ്ച ഞങ്ങള്‍ വടക്കാഞ്ചേരി ബസ്‌ സ്റ്റാന്റില്‍ ഒത്തുകൂടി. അവിടെ നിന്നും ഒരു സ്ഥലം തീരുമാനിച്ചു അങ്ങോട്ട് പോകുകയായിരുന്നു ലക്ഷ്യം.
"നമുക്കു നസിയുടെ വീട്ടില്‍ പോകാം,അവിടെയാകുമ്പോള്‍ നസിയുടെ മമ്മി മാത്രമല്ലേയുള്ളൂ. ഉച്ചയ്ക്ക് ഫുഡും അവിടുന്ന് തന്നെയാകാം എന്താ നസീ?" രാജീവാണ് ചോദിച്ചത്.


നസി: അത് ശരിയവില്ലട, തൊട്ടടുത്ത വീട്ടില്‍ ഒരപ്പൂപ്പനുണ്ട് ,സുഖമില്ലാത്തതാ.

റഫി: അതിന് നമ്മള്‍ അപ്പാപ്പന്റെ വീട്ടിലേക്ക് പോകുന്നില്ലല്ലോ. നമ്മള്‍ നിന്റെ വീട്ടില്‍ പ്രാക്ടീസ്‌ ചെയ്യാം.

നസി: അത് ശരിയാവില്ല നമുക്കു വേറെ സ്ഥലം നോക്കാം.

ഗോട്ടി: എടാ ഞാന്‍ സ്പെസല്‍ ക്ലാസ്സ് ഉണ്ടെന്നു പറഞ്ഞു പോന്നതാ ഒരു തീരുമാനം പറ.

വാഴ: എന്ത് ക്ലാസ്സ്‌ ?

ഗോട്ടി: ഡാ ഊതരുത്. "സാ" എന്ന് പറയുമ്പോള്‍ എനിക്ക് കാറ്റു ഇത്തിരി കൂടുതല്‍ പോകും നീ അത് വെച്ചു ഊതണ്ടാ, നീ ചിന്നപ്പയ്യന്‍, ശിശു കേട്ടാ...

വാഴ: ഈ ചേട്ടന്റെ ഒരു കാര്യം, ഞായറാഴ്ച ക്ലാസ്സ്‌ ഉണ്ടെന്നു പറഞ്ഞപ്പോള്‍ വിശ്വസിച്ച നിന്റെ അമ്മയെ ഓര്‍ത്ത്‌ ചോയിച്ചതാ,തെറ്റിധരിച്ചു അല്ലെ?

സുഭാഷ്: ഡാ നിങ്ങളൊരു സ്ഥലം പറ ഇതു കഴിഞ്ഞിട്ട് എനിക്ക് ചിറ്റാട്ടുകരയ്ക്ക് പോകണം ഇഷ്ടാ. ഡാ നസീ നിന്റെ വീട്ടിലിക്ക്‌ തന്നെ പോകാടാ.

നസീ: എടാ ആ അപ്പാപ്പന്‍ ഏതോ മിമിക്രി കണ്ടു വട്ടായി ഇരിക്കുന്നതാ ഇനി നിന്റെയൊക്കെ മിമിക്രി കേട്ടാല്‍ വീട്ടിന്നു ഇറങ്ങി ഓടും! പിന്നെ നമുക്കു അയാളുടെ പിന്നാലെ ഓടാനെ നേരം കാണൂ അതോണ്ടാടാ ഗ്രാസ്സുകളെ...ഫുഡ്‌ ഞാന്‍ മമ്മിയോടു പറഞ്ഞു ശരിയാക്കി തരാം.

നസീര്‍ നയം വ്യക്തമാക്കി. അങ്ങിനെ ആ ചര്‍ച്ചയും വഴിമുട്ടി. റഫിക്കറിയാവുന്ന സ്ഥലങ്ങള്‍ അവന്‍ ഓരോന്നോരോന്നായി പറഞ്ഞു, ശവക്കോട്ട, സെമിത്തേരി, ബോയ്സ് സ്കൂള്‍ ഗ്രൌണ്ട്, ഗേള്‍സ്‌ സ്കൂളിന്റെ മൂത്രപ്പുര...

നസി:ഗേള്‍സ്‌ സ്കൂളിന്റെ മുന്നില് അല്ലാന്ടെന്നെ വട്ടം കറങ്ങീട്ടു നാട്ടുകാരുടെ നോട്ടപ്പുള്ളികളാ, ആ വഴിക്കൊന്നും പോകാന്‍ പറ്റില്ല. നമുക്കാ പഴയ ടാങ്കിന്റെ മുകളില്‍ കേറാം. മദ്രസയുടെ പിന്നിലെ കുന്നിന്റെ മുകളിലെ വാട്ടര്‍ ടാങ്കിന്റെ മുകളില്‍.

വാഴ: നല്ല ബെസ്റ്റ് സ്ഥലം.

രാജീവ്‌: ടാങ്കെങ്കില്‍ ടാങ്ക് , ഉച്ചയ്ക്ക് കിടിലന്‍ ഫുഡ്‌ വേണം.

റഫി: എന്നാല്‍ പിന്നെ ഫുഡ്‌ അടിച്ചിട്ട് കേറാം.പിന്നെ റിഹേഴ്സല്‍ കഴിഞ്ഞു ഇറങ്ങിയാ മതിയല്ലോ.

നസി: നിങ്ങ ഫുഡ്‌ അടിക്കാന്‍ വന്നതോ അതോ റിഹേഴ്സലിനു വന്നതോ? കോളേജിലാ ആദ്യ പരിപാടി, ചീമുട്ടയും തക്കാളിയും ചീറിപ്പാഞ്ഞു വരുമ്പോള്‍ അത് തടുക്കാനുള്ള ഒരു പ്രാക്ടീസായി ഇതിനെ കാണരുത്. ആദ്യം പരിപാടിയെക്കുറിച്ച് ഒരു ധാരനയുണ്ടാക്ക്.എന്നിട്ടാകാം ഫുഡ്‌ അടി.

അങ്ങിനെ എല്ലാവരും കാര്യ ഗൌരവമായി ചര്‍ച്ചകള്‍ തുടങ്ങി.നസിയുടെ വീട്ടിലെ കോലായില്‍ ഡിസ്കഷന്‍ പൊടിപൊടിച്ചു. അടുപ്പത്ത് സാമ്പാര്‍ മിമിക്രിക്കാര്‍ക്ക് വേണ്ടി തിളച്ചു. ഫുഡ്‌ റെഡിയായി എന്നാ സന്തോഷ വാര്‍ത്ത വരുന്നത് വരെ മിമിക്സ് ഒഴികെയുള്ള എല്ലാ കാര്യങ്ങളും ധാരണയായി. പല ലൈനുകളുടെയും ഷോക്ക്‌ സാധ്യതകളും, പുതിയ ലൈന്‍ സാധ്യതകളും എന്ന് വേണ്ട കോളേജിലെ ഓരോ തൂണിന്റെ മറവിലും ഓരോ ലൈന്‍ എന്ന പദ്ധതിക്കുള്ള രൂപ രേഖ വരെ ഉണ്ടാക്കി. ടോപ്പിക്കിന്റെ രസത്തില്‍ എല്ലാവരും മിമിക്സ് മറന്നു.

അങ്ങിനെ സമൃദ്ധമായ ഫുഡ്‌ അടി കഴിഞ്ഞു ഞങ്ങള്‍ കുന്നിന്റെ മുകളിലേക്ക് യാത്രയായി. കുത്തനെയുള്ള കയറ്റം ഞാനും ആദ്യമായാണ്‌ കുറെ മിമിക്രിക്കാരോടൊപ്പം കേറുന്നത്. കയറ്റത്തിനിടയില്‍ ചില അപ ശബ്ദങ്ങള്‍ കേട്ടത് മിമിക്രി പ്രാക്ടീസാനെന്നു കരുതിയ എനിക്ക് തെറ്റി, മിമിക്രിക്കാര്‍ വായകൊണ്ട് മാത്രമല്ല ശബ്ദമുണ്ടാക്കുന്നത് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു . അങ്ങിനെ ഞങ്ങള്‍ വിശാലമായ ആ ടാങ്കിന്റെ മുകളില്‍ എത്തി. പട്ടി കിതയ്ക്കുന്ന പോലെ കിതച്ച എല്ലാവരും ആദ്യത്തെ അര മണിക്കൂര്‍ റസ്റ്റ്‌ എടുത്തു. അല്ലെങ്കിലും ഈ മിമിക്രിക്കാര്‍ ഇത്തിരി സമയം കിട്ടിയാല്‍ റസ്റ്റ്‌ എടുക്കും.

രാജീവ്‌: നമുക്കു ആദ്യം എന്താ ചെയ്യേണ്ടത്?

വാഴ: നമുക്കല്ല നീയാദ്യം പോയി വയറു ശുദ്ധിയാക്ക്.

രാജീവ്‌: ഡാ വേണ്ടാ..അതല്ല പരിപാടിക്ക്‌ ആദ്യം എന്താ ചെയ്യേണ്ടതെന്ന്?

വാഴ: ആദ്യം കര്‍ട്ടന്‍ പൊക്കണം

രാജീവ്‌: ഡാ നിനക്കു പറ്റുന്ന പണിയല്ല ചോദിച്ചത്. നമ്മള്‍ കര്‍ട്ടന്‍ പൊങ്ങുമ്പോള്‍ മുസിക്‌ ഇടണം കര്‍ട്ടന്‍ മ്യൂസിക്‌.

വാഴ: അത് ഞാനിടാം, കര കരാ കര കരാ കരാ കരാ.....

റഫി: ഡാ വാഴേ തമാശിക്കല്ലേ, രാജീവേ നിന്റെയാ ഫെവരൈറ്റ് മ്യൂസിക്‌ ഇട് ഞങ്ങള്‍ സപ്പോര്ട്ട് ചെയ്യാം. ഓക്കേ. അതിന് ശേഷം നമ്മള്‍ പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തി, ജീവന്റെ തുടിപ്പുകള്‍ ഭൂമിയില്‍ ഉണ്ടായത് അങ്ങിനെ കേരളത്തിലെ നാടന്‍ കലകളിലൂടെയും മത സൌഹാര്ദ്ദത്തിലൂടെയും കൂട്ടിയിണക്കി ഒരു സാധനം വേണം അത് കഴിഞ്ഞിട്ട് മതി സ്കിറ്റുകള്‍..

രാജീവ്‌: ശരി.എന്നാല്‍ നോക്കാം, ആദിയില്‍ ഭൂമിയുണ്ടായി..

വാഴ: പിന്നെ ദൈവത്തിനു ആദി പിടിച്ചല്ലേ ഭൂമിയുണ്ടായത് എടാ അത് വേറെ എന്തോ ആണ് ഉണ്ടായത്.

ഗോട്ടി: അതെ ആദിയില്‍ വാഴയുണ്ടായി ഒന്നു പോടാപ്പാ.

സുഭാഷ്: എടാ അവന്‍ പറഞ്ഞതിലും കാര്യമുണ്ട് ആദിയില്‍ വചനമുണ്ടായി എന്ന് ചിറ്റാട്ടുകരയിലെ പിള്ളേര് ഒരു പരിപാടിയില്‍ അവതരിപ്പിച്ചത് ഞാന്‍ കേട്ടിട്ടുണ്ട്.

നസി: ആ വര്‍ഗ്ഗീസേട്ടനോട് ചോദിച്ചാ മതിയായിരുന്നു ആദിയില്‍ എന്താ ഉണ്ടായതെന്ന്.

വാഴ: വര്‍ഗീസേട്ടനല്ലേ, അയാള്‍ക്ക്‌ മൂത്തത് രണ്ടും പെണ്‍ കുട്ടികളായപ്പോള്‍ ആദിപിടിച്ച് മൂന്നാമതും ഉണ്ടായത് പെണ്ണാ, അത് ചോദിക്കാനൊന്നും ഇല്ല..

അല്‍പ്പ നേരം നിശ്ശബ്ദത.എല്ലാവരും ഈര്‍ഷ്യയോടെ എന്നെ നോക്കി. സംഗതി പന്തിയല്ലാ എന്ന് എനിക്കും മനസ്സിലായി.

"ഓക്കേ. ഞാന്‍ മിണ്ടുന്നില്ല. ഞാന്‍ നന്നായിക്കോളാം. നമുക്കു പരിപാടിയിലേക്ക് കടക്കാം"

റഫി: ഭൂമി ഉണ്ടായി എന്ന് പറയുമ്പോള്‍ രാജീവ്‌ ഘന ഗംഭീര ശബ്ദത്തില് നിന്റെ ആ നമ്പര്‍ ഇടണം, പിന്നെ പക്ഷി മൃഗാതികളുടെ ശബ്ദം, നസി നിനക്കു ഏതൊക്കെ പക്ഷികളുടെ ശബ്ദം അനുകരിക്കാന്‍ പറ്റും?

നസീ: കാക്ക എടുക്കാം, പിന്നെ വേറെ മറ്റൊരു കാക്ക.

റഫി: ഒന്നെടുത്തെ കാണട്ടെ..

നസി: ക്വാ ക്വാ

സുഭാഷ്‌; നീയെന്താ ബലിയിട്ടു കാക്കയെ വിളിക്കുന്ന പോലെ എടാ കാക്കയുടെ സൌണ്ട് വരട്ടെ.

നസി: ഹ്രാ ഹ്രാ

വാഴ: എടാ ഇതിലും ഭേതം നീയാ കോടതിയുടെ മുന്നിലെ കാക്കയുടെ ശബ്ദം എടുക്കുന്നതാ, അതാകുമ്പോ വൃത്തീല് നാല് തെറി പറയാന്‍ പഠിച്ചാ മതിയല്ലോ..

റഫി: ഡാ വാഴേ, നിനക്കു വല്ല ശബ്ദവും അറിയുമോ?

വാഴ: നേരത്തെ കുന്നു കേറുമ്പോള്‍  ഉണ്ടാക്കിയ ശബ്ദം മതിയോ? പക്ഷികളുടെ ശബ്ദമൊന്നും എന്റെ ഐറ്റം അല്ല.

രാജീവ്‌: പിന്നെ ഏതാടാ നിന്റെ ഐറ്റം?

വാഴ: സില്‍മാ നടന്മാരുടെ പട്ടി കുരക്കുന്നത്, സില്‍മാ നടന്മാരുടെ അമ്മ കരയുന്നത്,തുടങ്ങിയതൊക്കെ അനുകരിക്കും, പിന്നെ വേറെ കുറച്ചു നമ്പരുണ്ട്, സമയമാവട്ടെ ഞാന്‍ കാണിക്കാം,

ഗോട്ടി: അതേയ് പക്ഷീടെ ശ്ശ്സബ്ദം എനിക്ക് ബുദ്ധിമുട്ടാ, ചിലപ്പോള്‍ പക്ഷിക്ക് ശ് ശ് എന്ന് എക്കോ വരും.ഞാന്‍ വല്ല സ്കിറ്റിലും പങ്കെടുക്കാം.

സുഭാഷ്‌: ഞാനും അതുപോലെ ത്തന്നെ വല്ല സ്കിറ്റിലുമൊക്കെ നിന്നോളാം.നിങ്ങളൊന്നു വേഗം നോക്കിയേ എനിക്ക് ചിറ്റാട്ടുകരയ്ക്ക് പോകാനുള്ളതാ.

റഫി: അപ്പൊ നമുക്കു ഇനി സുപ്രഭാതം അവതരിപ്പിക്കാം, 'കൌസല്യാ സുപ്രഭാ' ഫീമെയില്‍ ശബ്ദത്തില്‍ രാജീവ്‌ എടുക്കൂ, വാഴക്കോടന്‍ ബാങ്ക് വിളിക്കട്ടെ,ഞാന്‍ നരേഷന്‍ കൊടുക്കാം..പിന്നെ പള്ളി മണി ഗോട്ടി അടിക്കില്ലേ?

നസി: ഡാ ഗോട്യെ അതെങ്കിലും ചെയ്യടാ വെറുതെ നിരന്നു നിക്കണതല്ലേ..

ഗോട്ടി: അതേയ് നീ ആകെ ഒരു കാക്കയല്ലേ കരയുന്നുള്ളൂ അതിനിത്രേം ഗമ വേണോ?

റഫി:ഡാ മതി ഇനി നമുക്ക് നേരെ കേരളത്തിലെ നാടന്‍ കലകളിലേക്ക് കടക്കാം..

വാഴ: നാടന്‍ കൊല എന്ന് പറയുമ്പോ പാളയംകോടന്‍, ഞാലിപ്പൂവന്‍ ഇതൊക്കെയല്ലേ..

റഫി: വേറെ ഒന്നുകൂടിയുണ്ട് കാണണാ? ചുമ്മാ എന്നെക്കൊണ്ട് പരയിപ്പിക്കല്ലേ...എടാ കലാ

രാജീവ്‌: പുള്ളുവന്‍ പാട്ടും, വില്ലടിച്ചാന്‍ പാട്ടും ഞാന്‍ പാടാം,

വാഴ: ഭരണിപ്പാട്ടും പൂരപ്പാട്ടും ഞാന്‍ പാടാം.

സുഭാഷ്: അതേയ് നിങ്ങളിങ്ങനെ തമാശ പറഞ്ഞു നിന്നാ ചിറ്റാട്ട്രക്കുള്ള ബസ്സ് പോകും കേട്ടാ. ഡാ രാജീവേ നീയാ പുള്ളുവപ്പാട്ടൊന്നു എടുത്തെ...റഫീ നീ നരേഷന്‍ കൊടുത്തെ..
റഫി: നഗൂര് പാടുന്ന പുള്ളുവത്തിയുടെ പുള്ളുവപ്പാട്ടിലൂടെ.....

രാജീവ്‌: "കന്നീ മാസത്തിലെ......ആയില്യം നാളില്...."


റഫി: മലബാറിന്റെ തനതു കലയായ കോല്‍ക്കളിപ്പാട്ടിലൂടെ...

വാഴ: തകൃത തില്ലത്തെയ് താളം.......സുരലോക മണി ഹൂറുന്നിസാനീങ്ങളെ....
സുഖം നല്‍കാന്‍...പുരുഷര്‍ക്കുള്ളോരഹിലീങ്ങളെ......

റഫി: ഓക്കേ.ഇന്ട്രോഡക്ഷന്‍ ഇത്രമതി.അതിനു ശേഷം നമുക്ക് പരിചയപ്പെടുത്താം....പോരെ?

വാഴ: അത് വേണോ? അവസാനം പോരെ?

രാജീവ്‌: അത് പോരാ, ഞാന്‍ മ്യൂസിക്കിടാം, റഫി ഓരോരുത്തരെയായി പരിചയപ്പെടുത്തൂ...

റഫി: പരിചയപ്പെടുത്തല്‍ കഴിഞ്ഞിട്ട് മതി സ്കിറ്റുകള്‍ എന്താ.

വാഴ: മതിയെന്കി മതി, ഓടേണ്ടി വന്നാല് ആരുടേം പെരുമാറി ഇടികിട്ടി എന്ന് പരാതി ഉണ്ടാവണ്ട.......പരിചയപ്പെടുത്തല്‍ നടക്കട്ടെ!


"നര്‍മ്മാസിനെ പരിചയപ്പെടുന്നതിനു മുന്‍പ് ഒരു ചെറിയ ഇടവേള"



തുടരും........
 


Copyright http://www.vazhakkodan.com