Thursday, June 9, 2011

പൊറിഞ്ചുവിന്റെ രതിനിര്‍വ്വേദം !!!

ഇത് ഇത്തിരി പഴക്കമുള്ള കഥയാണ്. കൃത്യമായി പറഞ്ഞാല്‍ തൃശൂര്‍ ഗിരിജയില്‍ അഡള്‍ട്ട് ഓണ്‍ലി സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിച്ചിരുന്ന കാലം.അന്നൊക്കെ കുന്നംകുളം ഗീതയില്‍  മമ്മൂട്ടിയുടെ ചിത്രങ്ങളായിരുന്നു നൂണ്‍ഷോയ്ക്ക് പോലും തകര്‍ത്തോടിയിരുന്നത്.ആ സുവര്‍ണ്ണ കാലഘട്ടത്തില്‍ തൃശൂര്‍ ഗിരിജയുടെ ഒരു മുതല്‍ക്കൂട്ടായിരുന്നു ‘ഫ്രാന്‍സിസ്’ എന്ന് സ്വന്തമായി പേരുണ്ടെങ്കിലും മുഖത്ത് നോക്കിയാല്‍ പൊറിഞ്ചു എന്നല്ലാതെ വിളിക്കാന്‍ തോന്നാത്ത ‘കോടാലി’ ഗ്രാമവാസികൂടിയായ ഫ്രാന്‍സിസ്.സുമുഖന്‍ സുന്ദരന്‍ ഏഴഴകുള്ളവന്‍! 

വാസ്കോഡ ഗാമ ഗമയില്‍ കാപ്പാട് കാലു കുത്തിയത് വീട്ടിലെ പട്ടിണി മൂലമായിരുന്നില്ലെങ്കിലും പൊറിഞ്ചു വാഴക്കോട് കാലു കുത്തിയത് വീട്ടിലെ പട്ടിണി മാറ്റാന്‍ വേണ്ടിത്തന്നെയായിരുന്നു. വാഴക്കോട്ടെ എണ്ണപ്പാടങ്ങളില്‍ പണിയെടുത്ത് സമ്പാദിച്ച് നാട്ടിലേക്ക് ഡോളേര്‍സ് അയക്കാന്‍ വന്നവനെപ്പോലെയുള്ള ഒരു ഗമയായിരുന്നു ആദ്യമൊക്കെ പൊറിഞ്ചുവിന്. പിന്നീട് ഓരോ റവര്‍ മരത്തിനേയും ഓരോ എണ്ണപ്പനയായി സങ്കല്‍പ്പിച്ച് പൊറിഞ്ചു റവര്‍ മരത്തിന്റെ എണ്ണ ഊറ്റി ബക്കറ്റിലാക്കി എണ്ണപ്പാടത്ത് കറങ്ങി നടന്നു.‘റവറ് മൂട്ടിലെ അടിമ‘ എന്നും പൊറിഞ്ചുവിനെ ഞങ്ങള്‍ അത്യാവശ്യ ഘട്ടങ്ങളിലൊക്കെ വിളിച്ച് പോന്നിരുന്നു.

വിട്ടാല്‍ കാള പയറ്റില് എന്ന് പറഞ്ഞ പോലെ ഒഴിവു കിട്യാ അപ്പോ പൊറിഞ്ചു  തൃശൂര് ഗിരിജേലുണ്ടാവും.പിന്നെ നൂണ്‍ഷോയും മാറ്റിനിയും കഴിഞ്ഞ് കൊള്ളാമെങ്കില്‍ ഫസ്റ്റ് ഷോയും കണ്ടേ തിരിച്ച് വരാറുള്ളൂ.പൊറുഞ്ചുവിനെ സംബന്ധിച്ച് ഈ ഒരു കെട്ട പഴക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നഞ്ചെന്തിനാ നാനാഴി എന്ന് പറഞ്ഞത് പോലെയാണ്  പൊറിഞ്ചുവിന്റെ ഈ സ്വഭാവം. കാരണം ആഴ്ചയില്‍ കിട്ടുന്ന കൂലിയില്‍ ഏറിയ പങ്കും ഗിരിജയുടെ ബോക്സോഫീസിലാണ് ഡെപ്പോസിറ്റ് ചെയ്ത് പോന്നിരുന്നത്. അതിനാല്‍ തന്റെ മാത്രം വരുമാനത്തില്‍ കഴിയുന്ന തന്റെ കുടുംബത്തിന്  ചിലവു കഴിയാനുള്ള നാമമാത്ര ഫണ്ട് മാത്രമേ പൊറിഞ്ചു വീട്ടില്‍ കൊടുത്തിരുന്നുള്ളൂ എന്ന് ഞങ്ങള്‍ മനസ്സിലാക്കി.ഞങ്ങള്‍ അവനെ കാണുമ്പോഴൊക്കെ ഫ്രീയായി ഉപദേശിക്കാറുണ്ടെങ്കിലും ഗിരിജയും പൊറിഞ്ചുവും അടയും ചക്കരയും പോലെ പരസ്പര പൂരകങ്ങളായി നിലകൊണ്ടു.

അങ്ങിനെയിരിക്കെ ഒരു ദിവസം പൊറിഞ്ചുവിന്റെ വകയിലുള്ള ഒരു അമ്മാവന്‍ പൊറിഞ്ചുവിന്റെ താമസ സ്ഥലത്തേക്ക് കാര്യങ്ങള്‍ നേരിട്ടറിയാന്‍ വിസിറ്റ് വിസയില്‍ വന്നിറങ്ങി.അമ്മാവന്‍ കരുതിയത് അനന്തിരവന്‍ മുടിഞ്ഞ വെള്ളമടിയാണെന്നും അതിനാലാണ് വീട്ടിലേക്ക് നേരാം വണ്ണം ചിലവിന് കൊടുക്കാത്തത് എന്നുമൊക്കെയായിരുന്നു.ഇനിയെങ്ങാന്‍ അങ്ങിനെയാണെങ്കില്‍ രണ്ട് ദിവസം ഓസില്‍ മിനുങ്ങാമല്ലോ എന്നൊരു ദുരാഗ്രഹവും അമ്മാവന്റെ മനസ്സിലുണ്ടായിരുന്നു.എന്തു കൊണ്ടോ അമ്മാവന്‍ വന്ന ആഴ്ച പൊറിഞ്ചു ഗിരിജയെ കടുത്ത മനോവേദനയോടെ പിരിഞ്ഞിരുന്നു.ആ ദുഃഖം വല്ലാത്തൊരു ആത്മ സംഘര്‍ഷത്തോട് കൂടിയാണ് പൊറിഞ്ചു അതിജീവിച്ചത്.

അമ്മാവനെ വേണ്ട രീതിയില്‍ കാര്യങ്ങള്‍ തെറ്റിദ്ധരിപ്പിച്ച് പൊറിഞ്ചു ചെറിയൊരു കൈമടക്കും നല്‍കി അമ്മാവനെ യാത്രയാക്കി.അമ്മാവന്‍ ബസ്സ് കയറാന്‍ വാഴക്കോട് സെന്ററില്‍ നില്‍ക്കുമ്പോഴാണ് ഞങ്ങള്‍ അമ്മാവനെ പരിചയപ്പെടാന്‍ ചെല്ലുന്നത്.അമ്മാവന്‍ പൊറിഞ്ചുവിന്റെ വീട്ടിലെ ദയനീയ സ്ഥിതി ഞങ്ങളോട് വിവരിച്ചു.പൊറിഞ്ചുവിന്റെ അപ്പന്‍ മരിച്ചു പോയെന്നും പൊറിഞ്ചുവിനു താഴെ പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് സഹോദരിമാര്‍ ഉണ്ടെന്നും ഞങ്ങള്‍ മനസ്സിലാക്കി. അമ്മയ്ക്ക് ആസ്ത്മയുടെ വലിവുണ്ടെങ്കിലും അവര്‍ കൂലിപ്പണിക്ക് ഇടയ്ക്ക് പോകാറുണ്ട് എന്നും അമ്മാവന്‍ പറഞ്ഞു. പൊറിഞ്ചു കിട്ടുന്ന കൂലി നേരാം വണ്ണം വീട്ടില്‍ കൊടുക്കുകയാണെങ്കിലോ അല്ലെങ്കില്‍ എവിടേയെങ്കിലും സ്വരുക്കൂട്ടി വെക്കുകയോ ചെയ്തില്ലെങ്കില്‍ ആ കുടുംബം അനാഥമാകുമെന്ന് ആ അമ്മാവന്‍ ഭയപ്പെട്ടിരുന്നു. പൊറിഞ്ചുവിനെ എങ്ങിനേയെങ്കിലും കാര്യപ്രാപ്തി വരുത്തണം എന്നും അതിന് ഞങ്ങളുടെ സഹായവും അമ്മാവന്‍ അഭ്യര്‍ത്ഥിച്ചു.കാര്യങ്ങളുടെ ഗൌരവം മനസ്സിലാക്കിയ ഞങ്ങള്‍ പൊറിഞ്ചുവിനെ ഒരു സത്സ്വഭാവിയും കുടുംബ സ്നേഹിയുമാക്കാമെന്ന് അമ്മവന്റെ ചിലവില്‍ സോഡാസര്‍വ്വത്ത് കഴിച്ച് കൊണ്ട്  അമ്മാവന് ഉറപ്പ് കൊടുത്തു. അങ്ങിനെ ഞങ്ങള്‍ പൊറിഞ്ചുവിനെ നന്നാക്കാനുള്ള മിഷന്‍ അമ്മവന്റെ അനുഗ്രഹത്തോടെ ഏറ്റെടുത്തു.അമ്മാവന്‍ യാത്രയാകുന്നതിനു മുന്‍പ് ഒരു കാര്യം കൂടി ചോദിച്ചു,
“അതേയ് ഈ ഷൊര്‍ണൂര് ഷണ്മുഖ എന്ന ടാക്കീസ് എവിട്യാ? ഇപ്പോ എങ്ങിനേ നൂണ്‍ഷോയ്ക്ക് ബിറ്റുണ്ടോ?”
അമ്മാവന്റെ ആ ജിജ്ഞാസയ്ക്ക് മുന്‍പില്‍ ഞങ്ങള്‍ നമ്ര ശിരസ്കരായി. അമ്മാവന്‍ ഇച്ചേലുക്കാണെങ്കില്‍ പിന്നെ അനന്തിരവന്റെ കാര്യം പറയാനുണ്ടോ? അമ്മാവനെ നിരാശപ്പെടുത്തേണ്ട എന്ന് കരുതി ഞങ്ങള്‍ എല്ലാവരും കൂടി അമ്മാവന് ഷണ്മുഖയിലേക്ക് വഴികാണിക്കാനായി ബസ്സില്‍ ഷൊര്‍ണൂര്‍ക്ക് അമ്മാവന്റെ ചിലവില്‍ യാത്രയായി! അമ്മാവന്‍ വഴിതെറ്റാതിരിക്കാന്‍ ഞങ്ങള്‍ അമ്മാവന്റെ കൂടെത്തന്നെ ഉണ്ടാവുകയും,അവസാനം പടം കഴിഞ്ഞ് അമ്മാവനെ തൃശൂര്‍ ബസ്സില്‍ കയറ്റി വിടുകയും ചെയ്തു. അമ്മാവന്‍ ഇടയ്ക്കിടയ്ക്ക് വരാമെന്നും പറഞ്ഞാണ് പോയത്.

ആയിടക്കാണ് തൃശൂര്‍ പൂരവും പൊങ്കലും ഒരുമിച്ച് വന്നപോലെയൊരു സന്തോഷം പൊറിഞ്ചുവിനെ പോലുള്ളവര്‍ക്ക് കുളിര്‍മഴയായി ഗിരിജാ തീയറ്ററില്‍ പെയ്തിറങ്ങിയത്. “സിറാക്കോ” എന്ന ഇംഗ്ലീഷ് പടം ഇടതടവില്ലാതെ ആളുകളേ ഇക്കിളിപ്പെടുത്തുന്ന വാര്‍ത്ത പൊറിഞ്ചുവിലും എത്തി.പിന്നെ പൊറിഞ്ചു ഒന്നും ആലോചില്ല ഒരു ദിവസം ലീവെടുത്ത് കൊണ്ട് തന്നെ ഗിരിജയിലെത്തി ഹാജര്‍ വെച്ചു,പിറ്റെ ദിവസവും ഹാജര്‍ വെച്ചു. കാര്യം അമ്മാവന്‍ അവനെ നേര്‍വഴികാണിക്കാന്‍ ഞങ്ങളെ ഏല്‍പ്പിച്ചെങ്കിലും അവന്റെ ചിലവില്‍ സിറാക്കോ കാണാനുള്ള പദ്ധതികള്‍ വരെ കൂട്ടുകാര്‍ ആസൂത്രണം ചെയ്തെങ്കിലും എന്റെ ശക്തമായ സമ്മര്‍ദ്ദത്തിന് വഴങ്ങി (വിശ്വസിക്കൂ പ്ലീസ്) എല്ലാവരും ആ ശ്രമത്തില്‍ നിന്നും പിന്തിരിഞ്ഞു. ഒരു ദിവസം ജോലി കഴിഞ്ഞ് വിശ്രമിക്കുന്ന പൊറിഞ്ചുവിനെ ഉപദേശിക്കാനെന്ന വണ്ണം ഞങ്ങള്‍ മൂന്നാല് പേര്‍ അവന്റെ താമസ സ്ഥലത്തെത്തി.

പൊറിഞ്ചുവിനെ ഞങ്ങള്‍ വിശാലമായ കൊളമ്പ് മുക്കിലെ പള്ളിയേലിലേക്ക് ക്ഷണിച്ചു. ദാഹം തീര്‍ക്കാന്‍ കമറു തെങ്ങില്‍ കയറി ‘തംസ് അപ്പ്’ എല്ലാവര്‍ക്കും വെട്ടിയിട്ടു. സ്വന്തം വാപ്പാടെ പറമ്പിലെ തെങ്ങിന്മേല്‍ കേറുന്ന അധികാരത്തിലാണ് ചാത്തങ്കോട്ട്കാരുടെ തെങ്ങില്‍ നിന്നും ഇളനീര്‍ എന്ന തംസ് അപ്പ് വെട്ടി കുടിക്കാറ്.അങ്ങിനെ ഒരു തംസ് അപ്പ് പൊറിഞ്ചുവിനും കൊടുത്തു കൊണ്ട് പൊറിഞ്ചുവിനോട് കാര്യങ്ങള്‍ അവന് മനസ്സിലാകുന്ന വിധത്തില്‍ ഉപദേശിച്ച് കൊടുത്തു.എല്ലാം കേട്ട് കഴിഞ്ഞിട്ട് അവന്‍ തിരിച്ചൊരു ചോദ്യമിട്ടു,
“അതേയ് എനിക്ക് ആകെയുള്ള ദുശ്ശീലം ഈ സിനിമ കാണല്‍ മാത്രാണ്.ഗിരിജേല് ഇമ്മാതിരി പടം വന്നാല്‍ പിന്നെ ഞാന്‍ എങ്ങിനെ അടങ്ങിയിരിക്കും? നമ്മളൊക്കെ ചെറുപ്പക്കാരല്ലേ കൂട്ടരേ?”
ആ ഒരു കമന്റില്‍ ഞങ്ങളേക്കൂടി ഒന്ന് വാരിയ പൊറിഞ്ചുവിനോട് പിന്നെ അധികമൊന്നും ഉപദേശിച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലായി. എന്നാല്‍ തന്ത്രം കൊണ്ട് ശരിയായില്ലെങ്കില്‍ കുതന്ത്രം കൊണ്ട് ശരിയാക്കാമെന്ന അതി മോഹത്താല്‍ ഞങ്ങള്‍ ഒരു കുതന്ത്രത്തെ പറ്റി ഗഹനമായി ചിന്തിച്ചു.കാജാ ബീഡികള്‍ പൊറിഞ്ചുവിനെ നന്നാക്കാനായി പുകഞ്ഞ് കൊണ്ടിരുന്നു.പക്ഷേ കുതന്ത്രം മാത്രം ആരുടെ തലയിലും വന്നില്ല.

“വല്ല കോഴി മോഷണമോ കപ്പ മോഷണമോ ആണെങ്കില്‍ നിസ്സാരമായിരുന്നു” കമറുവാണ് പറഞ്ഞ് തൂടങ്ങീത്,“ഇത്തിരി വെള്ളം കോഴീടെ മേലെ തളിച്ചാല്‍ പിന്നെ കോഴികള്‍ മിണ്ടില്ല. പിന്നെ പുഷ്പം പോലെ പിടിക്കാം.ഇതിപ്പോ അവന്റെ ഗിരിജേ പോക്ക് നിര്‍ത്തണം. വല്ല പ്രസവം നിര്‍ത്താനാണെങ്കി എരുമപ്പെട്ടി ആശുപത്രീലു കൊണ്ട് പോകായിരുന്നു.ഒരു ബക്കറ്റും ഫ്രീയായി കിട്ടിയേനെ! ഞാനാലോചിച്ച് ഒരു വഴീം കാണുന്നില്ല“

ചര്‍ച്ചകളും ഉപചര്‍ച്ചകളുമൊക്കെയായി കാജാ ബീഡി തീര്‍ന്നതല്ലാതെ ഒരു തീരുമാനം ഉണ്ടായില്ല. ഒടുവില്‍ ഒരു മന്ത്രവാദിയെക്കൊണ്ട് പൂജയോ കൂടൊത്രമോ  ചെയ്യിപ്പിച്ച് ഇവന്റെ ഗിരിജാസക്തി മാറ്റാമെന്ന തീരുമാനത്തിലെത്തി.പക്ഷേ അപ്പോള്‍ മറ്റൊരു പ്രശ്നം! എന്ത് പറഞ്ഞ് പൊറിഞ്ചുവിനെ മന്ത്രവാദിയുടെ അടുത്തെത്തിക്കും? വീണ്ടും കാജാ ബീഡികള്‍ പുകഞ്ഞു.ഒടുവില്‍ ‘മുത്തു‘ ഒരു പദ്ധതി മനസ്സില്‍ കണ്ടുകൊണ്ട് പറഞ്ഞു, “അവനെ മന്ത്രവാദിയുടെ അടുത്തെത്തിക്കുന്ന കാര്യം ഞാനേറ്റു,നിങ്ങള്‍ ബാക്കി കാര്യങ്ങള്‍ ചെയ്തോളിന്‍“

അങ്ങിനെ പൊറിഞ്ചുവിന്റെ ഗിരിജാസക്തി കുറയ്ക്കാന്‍ ഞങ്ങള്‍ കാഞ്ഞിരശ്ശേരിയിലുള്ള ഒരു ചാത്തന്‍ മഠത്തിലെ മന്ത്രവാദിനിയെ ഏര്‍പ്പാടാക്കി.അങ്ങിനെ ആ ദിവസം വന്നെത്തി. ആഭിചാര കര്‍മ്മമായത് കൊണ്ട് രാത്രി പത്തിന് ശേഷം എത്തിയാല്‍ മതിയെന്നായിരുന്നു നിര്‍ദ്ദേശം.അത് പ്രകാരം ഞാനും മറ്റു രണ്ട് പേരും ആദ്യം തന്നെ മന്ത്രവാദിനിയുടെ കുടിലിന്റെ പരിസരത്ത് എത്തി മുത്തുവിനേയും പൊറിഞ്ചുവിനേയും കാത്ത് നിന്നു. കൂരിരുട്ടിലെവിടേ നിന്നോ കുറുക്കന്റെ ഓരിയിടലും മന്ത്രവാദിനിയുടെ വീട്ടിലെ നിര്‍ത്താതെയുള്ള മണിയടി ശബ്ദവും ഞങ്ങള്‍ക്കുള്ളില്‍ അല്‍പ്പം ഭയപ്പാടുണ്ടാക്കി.

അല്‍പ്പം കഴിഞ്ഞപ്പോള്‍ മുത്തു പൊറിഞ്ചുവുമായി എത്തി.പൊറിഞ്ചുവിന്റെ മുഖത്തെ ദാഹവും മുത്തുവിന്റെ മുഖത്തെ മന്ദഹാസവും കാര്യങ്ങള്‍ അതിന്റെ നേരായ വഴിക്ക് തന്നെയാണെന്ന് നടക്കുന്നതെന്ന് ഞാന്‍  ഊഹിച്ചു. പൊറിഞ്ചുവിനെ അരികിലേക്ക് വിളിച്ച് കൊണ്ട് ഞാന്‍ പറഞ്ഞു,
“എടാ അവിടെ ഒരു തന്തയുണ്ട്.ചിലപ്പോ എന്തേങ്കിലുമൊക്കെ ചോദിക്കും.ഒരു പത്ത് രൂപ കൊടുത്തേക്ക്.പിന്നെ റൂമിനകത്താണ് പെണ്ണുള്ളത്.നിനക്കറിയാലോ നാട്ടുകാര്‍ക്ക് സംശയമില്ലാണ്ടിരിക്കാന്‍ അവളൊരു മന്ത്രവാദിനിയുടെ വേഷത്തിലാവും ഇരിക്കുക.ആദ്യം കുറച്ച് പൂജേം മണിയടിയൊക്കെയുണ്ടാവും. നീ ഒന്നും കാര്യാക്കണ്ട.അത് കഴിഞ്ഞിട്ട് മതി നിന്റെ പരാക്രമണം കെട്ടോ?”
പൊറിഞ്ചു എല്ലാം അനുസരണയോടെ തലയാട്ടി സമ്മതിച്ചു.മുത്തു ചിരി അടക്കാന്‍ പാട് പെടുന്നത് ഞാന്‍ ശ്രദ്ധിച്ചു.ഞാന്‍ പൊറിഞ്ചുവിനേയും കൂട്ടി വീടിനകത്ത് കടന്നു.പറഞ്ഞ പ്രകാരം കോലായില്‍ ഒരു തന്തപ്പിടി ഇരിക്കുന്നുണ്ടായിരുന്നു.ഞാന്‍ പൊറിഞ്ചുവിനെ അയാള്‍ക്ക് പരിചയപ്പെടുത്തി.

“ഇതാണ് പയ്യന്‍.കുറച്ച് നാളായി തുടങ്ങീട്ട്.അതൊന്ന് ഒഴിവാക്കണം” അയാളൊന്ന് മൂളി.ഞാന്‍ പൊറിഞ്ചുവിനെ നോക്കിയതും അവനൊരു പത്ത് രൂപാ നോട്ട് മടക്കി അയാള്‍ക്ക് നീട്ടി. തികഞ്ഞ ഗൌരവത്തോടെ അയാളത് വാങ്ങി പോക്കറ്റിലിട്ടു. എന്നിട്ട് പൊറിഞ്ചുവിനോടായി പറഞ്ഞു,

“ആ ഷര്‍ട്ട് ഇവിടെ അഴിച്ച് വെച്ച് അകത്തേക്ക് പൊക്കോളൂ. ഒരു സഹായത്തിന് താനും ചെല്ലടോ!” എന്ന് വൃദ്ധന്‍ എന്നോട് പറഞ്ഞതും പൊറിഞ്ചുവിന് ദേഷ്യം വന്നു.

“സഹായോ? എനിക്കരുടേം സഹായമൊന്നും വേണ്ടാ.അയ്യേ. ഈ കാര്യത്തിനാപ്പോ സഹായം,ഞാന്‍ ഒറ്റയ്ക്ക് പൊക്കോളാം”
അത്രയും പറഞ്ഞ് പൊറിഞ്ചു വാതില്‍ തുറന്ന് അകത്തേക്ക് കയറി. എല്ലാം മംഗളമായി കഴിയണേ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ച് കൊണ്ട് ഞാന്‍ പതുക്കെ പുറത്തേയ്ക്കിറങ്ങി.വീടിന്റെ സൈഡിലുള്ള വെടിപ്പോതിലൂടെ അകത്ത് നടക്കുന്ന പൂജ കാണാന്‍ മുത്തുവും കമറുവുമൊക്കെ ആദ്യമേ അവിടെ സ്ഥലം പിടിച്ചിരുന്നു. ഞാന്‍ ഇടയ്ക്ക് കയറി ആ പൊത്തിലൂടെ അകത്തേയ്ക്ക് നോക്കി.പൊറിഞ്ചു അകത്ത് കയറി ഒരു പൂജാമുറിയുടെ സെറ്റപ്പ് കണ്ട് അമ്പരന്ന് നിന്നു. ദക്ഷിണ വെച്ച ശേഷം അവന്‍ മന്ത്രവാദിനിയെ നോക്കിക്കൊണ്ട്,
“ചേച്ചി വിജാരിച്ച പോലല്ലാട്ട ചരക്കാ. അല്ല ഇവിടെ കട്ടിലൊന്നും ഇല്ലേ?”

“ചേച്ചിയല്ല ദേവിയാണ് ദേവി, ആ കളത്തിലോട്ട് കേറി ഇരുന്നാട്ടെ”

“അതേയ് പൂജേം മണിയടിയൊക്കേ വേഗം തീര്‍ത്തേക്കണം, ഇതൊക്കെ കഴിഞ്ഞിട്ട് വേഗം പോണം,നാളെ പണിയുള്ളതാ”

“തിരക്ക് കൂട്ടരുത്,എല്ലാ പരിപാടിയും കഴിഞ്ഞേ പോകാന്‍ പറ്റൂ”

“മതി അതു മതി,പെട്ടെന്നങ്ങട് തുടങ്ങാര്‍ന്നു” പൊറിഞ്ചുവിന് നാണം വന്നെന്ന് തോന്നുന്നു.

“എത്ര നാളായി ഈ ആസക്തി തുടങ്ങീട്ട്?”

“ദേവ്യേച്ചി എന്തൂട്ടാ ഈ ചോദിക്കണേ? മ്മള് ഈ ആങ്കുട്യോള്‍ക്ക് ഉള്ള പോലെയുള്ള ഒരാസക്തിയെന്നെ എനിക്കും ഉള്ളൂ.പിന്നെ സിറാക്കോ വന്നത് മുതല്‍ പിടിച്ചാ കിട്ടാണ്ടായി”

“സിറാക്കോയോ? ഹമ്മേ...പരദേവതകളേ, നല്ല മുന്തിയ ഇനം മറുതയാണെന്ന് തോന്നുന്നു.എനിക്ക് ശക്തി തരൂ അമ്മേ.പറയൂ സിറാക്കോ വന്ന് കൂടിയിട്ട് എത്ര നാളായി?”

“മൂന്ന് ആഴ്ചയായി.ഇന്നലേക്കൂടി ഞാന്‍ കണ്ടു.അതങ്ങിനെ അടുത്തൊന്നും മാറില്ല”

“ഞാന്‍ മാറ്റിക്കോളാം, കടുത്തൊരു പ്രയോഗം തന്നെ വേണ്ടി വരും”

“ഏയ് അതൊന്നും വേണ്ട,എല്ലാവരും ചെയ്യുന്ന പോലൊക്കെ മതി”

“അതൊന്നും പറ്റില്ല. ഇത് മുന്തിയ ഇനമാണെന്ന് പരദേവതകള്‍ വന്ന് പറയുന്നു”

“ഈ പരദേവതകളുടേ ഒരു കാര്യം! അവരതും കണ്ടോ? സമ്മതിച്ചു ദേവ്യേച്യേ”

“എന്താ നിന്റെ ഉദ്ദേശം? ഒഴിഞ്ഞ് പോകുന്നോ അതോ ഞാന്‍ ഒഴിപ്പിക്കണോ?”

“ഇത് നല്ല കൂത്ത്,ദക്ഷിണ വെച്ചത് ചുമ്മാതാണോ? കാര്യം കഴിയാതെ ഞാന്‍ പോകത്തില്ല“

“സിറാക്കോ മറുത എന്നെ പരീക്ഷിക്കുകയാണോ?അമ്മേ എന്നെ സഹായിക്കണേ”

“അമ്മേടെ സഹായമൊന്നും വേണ്ടെന്നേ.ഇതൊക്കെ ഞാന്‍ മേനേജ് ചെയ്യാമെന്നേ. ദേവ്യേച്ചി ഇങ്ങട് വന്നേ.ഞാനിപ്പോ ശര്യാക്യേരാ”

“ഓഹോ അപ്പോള്‍ എന്നെയും ചേര്‍ത്ത് നശിപ്പിച്ച് പ്രതികാരം ചെയ്യാനാണ് വന്നിരിക്കുന്നത് അല്ലേ?”

“എന്തൂട്ടാ ഈ പറേണെ? ഏതെങ്കിലും കുടിയന്‍ ബീവറേജ് ഷാപ്പിനോട് പ്രതികാരം ചെയ്യുമോ?ദേവ്യേച്ചി ബഹളം ഉണ്ടാക്കണ്ട.കാര്യം കഴിഞ്ഞാല്‍ ഞാനങ്ങൊട്ട് പൊയ്ക്കോളാം!”

“ഹും അപ്പോള്‍ പേടിയുണ്ട്. ശരി സമ്മതിച്ചു. പോയി എന്ന് ഞാനെങ്ങനെ അറിയും? എന്തേങ്കിലും അടയാളം കാണിക്കണം”

“അതൊക്കെ ചേച്ചിക്ക് തന്നെ അറിഞ്ഞൂടെ? ഇതെന്താ ആദ്യായിട്ട് ചെയ്യണ പോലെ.മതി പൂജിച്ചത്. ദേവി ഇങ്ങട്ട് വരുന്നോ അതോ ഞാനങ്ങോ‍ട്ട് വരണോ? വെറുതേ സമയം കളയല്ലേ”
പൊറിഞ്ചു പതുക്കെ ഇരുന്നിടത്ത് നിന്നും എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.അത് കണ്ടതും മന്ത്രവാദിനി ഭസ്മമെടുത്ത് പൊറിഞ്ചുവിന്റെ നേര്‍ക്ക് എറിഞ്ഞ് കൊണ്ട് അലറി,
“ഇരിക്കവിടെ ഇല്ലെങ്കില്‍ ഞാന്‍ എന്റെ തനി സ്വരൂപം കാണിക്കും”

“പെട്ടെന്നാവട്ടെ ചേച്യേ,നിന്ന് പരസ്യം ഇടാണ്ട് അങ്ങട്ട് കാണിക്കെന്നേ”

“അമ്മേ സിറാക്കോ ശക്തിയുള്ള മറുതയാണ്,എത്രയും വേഗം ചൂരല്‍ പ്രയോഗം നടത്തിയില്ലെങ്കില്‍ ഒരു പക്ഷേ എന്നെ ആക്രമിച്ചേക്കും” അവര്‍ വലിയൊരു ചൂരല്‍ എടുത്ത് കൊണ്ട് പൊറിഞ്ചുവിന്റെ നേര്‍ക്ക് നടന്നടുത്തു,ചൂരല്‍ പൊറിഞ്ചുവിന്റെ നേരെ നീട്ടിക്കൊണ്ട് അവര്‍ പറഞ്ഞു,

“മര്യാദയ്ക്ക് ഈ ശരീരം വിട്ട് ഒഴിഞ്ഞ് പോകുന്നതാ നല്ലത്.ഇല്ലെങ്കില്‍ ഞാന്‍ ഒഴിപ്പിക്കും!”

“അതിന് ഞാന്‍ ശരീരത്തില്‍ കേറിയില്ലല്ലോ?”

അവര്‍ ചൂരല്‍ കൊണ്ട് പൊറിഞ്ചുവിനെ തലങ്ങും വിലങ്ങും “ഒഴിഞ്ഞ് പോ “ എന്ന് ആക്രോശിച്ച് കൊണ്ട് അടിക്കാന്‍ തുടങ്ങി. വേദന കൊണ്ട് ചാടി എഴുന്നേറ്റ പൊറിഞ്ചു അടിക്കായി ഓങ്ങുന്ന ഇടവേളയില്‍ വിളിച്ചു പറഞ്ഞു,
“കയ്യിലിരിക്കണ കാശും വാങ്ങിച്ച് തെണ്ടിത്തരം കാണിക്കുന്നോ?എന്റെ കാശിങ്ങേടുത്തേ”

“ഹും ഒഴിഞ്ഞ് പോ ഒഴിഞ്ഞ് പോ”

“അതങ്ങ് പാവറട്ടി പള്ളീല് പോയി പറഞ്ഞാ മതി.ഈ പ്രാന്തത്തീടേടുത്തേക്കാ ആ പഹയന്മാര് എന്നെ കൊണ്ട് വന്നത്,ദ്രോഹികള്‍“ എന്നും പറഞ്ഞ് പൊറിഞ്ചു അവര്‍ എടുത്ത് വെച്ച ദക്ഷിണ കൈക്കലാക്കി വാതിലും തുറന്ന് ജീവനും കൊണ്ട് പുറത്തേക്കോടി!

വാല്‍ക്കഷണം: മന്ത്രവാദ ഫലം കൊണ്ടോ,ഞങ്ങള്‍ ഈ സംഭവം വീട്ടിലും നാട്ടിലും പാട്ടാക്കുമെന്ന ഞങ്ങളുടെ ഭീഷണികൊണ്ടോ എന്തോ പൊറിഞ്ചുവിന്റെ ഗിരിജാസക്തി അന്നത്തോടെ അവസാനിച്ചു.പിന്നീട് ഞങ്ങളോടൊപ്പം കൂടി എന്ന ഒരു കെട്ട പഴക്കമേ പൊറിഞ്ചുവിനുണ്ടായിരുന്നുള്ളൂ.

108 comments:

വാഴക്കോടന്‍ ‍// vazhakodan said...

പൊറിഞ്ചു പെണ്ണും കെട്ടി കുട്ടികളുമായി ഇപ്പോള്‍ സുഖമായി ജീവിക്കുന്നു.അവന്റെ ഭാര്യ എന്റെ ബ്ലോഗ് വാ‍യിക്കാത്തിടത്തോളം കാലം പൊറിഞ്ചുവിന് സുഖമെന്ന് കരുതുന്നു!

അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ!

Hashim said...

ഹ ഹ ഹ വാഴക്കോടാ.......:):):)
മനുഷ്യനെ ചിരിപ്പിച്ച് കൊല്ലും!!
പാവം പൊറിഞ്ചു :):)

$.....jAfAr.....$ said...

ഹ ഹ ഹ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി വാഴക്ക. ന്തായാലും പോറിജൂന്റെ അമ്മാവന് വഴി കാണിച്ചു കൊടുത്തത്‌ ഇഷ്ട്ടായി..

കൊമ്പന്‍ said...

നിങ്ങളെ ഒപ്പം കൂടിയ പൊരിഞ്ഞു ആണ് വൃത്തി കെട്ട പൊരിഞ്ഞു ആദ്യം അവനു ഗിരിജാ ആസക്തി മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇപ്പോള്‍ നിങ്ങള്‍ ചെയ്യുന്ന സകല തെമ്മാടി താരങ്ങളും അവനും പഠിച്ചു കാണും അല്ലെ വാഴ്ക്കോടാ

നല്ലരസമായി വാഴിച്ചു ആശംഷകള്‍

riyaas said...

നിങ്ങ സിറാക്കോ എത്ര പ്രാശം കണ്ടൂന്നാ പറഞ്ഞത്...?

അലി said...

പൊറിഞ്ചുപുരാണം രസകരമായി.
ആശംസകൾ!

Unknown said...

റവര്‍മൂട്ടില്‍ അടിമ പാരഗ്രാഫ് ചിരിപ്പിച്ചു..
ബാക്കി.. പോര :)

ആശംസകള്‍

Unknown said...

പൊറിഞ്ചുവിനു പരമ സുഖം

സച്ചിന്‍ // SachiN said...

വാഴേ...കിടിലന്‍!
അവസാനം ചിരിച്ച് മരിച്ചു!

Anonymous said...

സുന്ദരനും സുമുഖനും എഴഴകുള്ളവനും....

അപ്പൊ പോരിന്ച്ചു കര്ത്തിട്ടാ അല്ലെ വാഴേ...

ചാണ്ടിച്ചൻ said...

സിറോക്കോ ഓര്‍മയുണ്ട്...നമ്മ തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുമ്പഴാരുന്നു അത്...അതിലേ കുതിരപ്പുറത്തു പോകുന്ന സീനാ ഇടിവെട്ട് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് :-)

Junaiths said...

എടാ പൊറിഞ്ചു അങ്ങനെയാണ് നീ ഗിരിജാ പ്രയാണം നിര്‍ത്തിയത്...രസകരമായി...പ്രത്യേകിച്ചും സിറാകോ മറുത...(അല്ല ഈ മറുത ഇവിടൊക്കെ ഉണ്ടോ ഇപ്പോഴും..ഒന്ന് പരിചയപ്പെടാനായിരുന്നു )

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.

Hashiq said...

എനിക്ക് മനസിലാകാത്ത ഒരു കാര്യമുണ്ട്.... ഈ ആളുകള്‍ എന്തിനാണ് ഇമ്മാതിരി സിനിമക്ക് പോയി കാശ് കളയുന്നത്....? എത്ര എത്ര ക്ലാസിക്ക്‌ സിനിമകള്‍ നമ്മുടെ തീയറ്ററുകളില്‍ വരുന്നു...കഷ്ടം.
...അതേയ്... ഈ ഗിരിജേന്ന് പറയുന്നത് പടിഞ്ഞാറേ കോട്ടയില്‍ നിന്ന് പൂങ്കുന്നതിനു പോകുമ്പോള്‍ ഒരു 200 മീറ്റര്‍ മാറി ഇടത് വശത്ത് കാണുന്ന തീയറ്ററല്ലേ? വെസ്റ്റ്‌ഫോര്‍ട്ട്‌ ഹോസ്പിറ്റല്‍ കഴിഞ്ഞ് ദിവാകരേട്ടന്റെ മാടക്കടയുടെ സൈഡില്‍ ഇരിക്കുന്ന ആ പഴയ കെട്ടിടം? :-)

വാഴക്കോടന്‍ ‍// vazhakodan said...

ഹാഷിക്കേ അതല്ല ഗിരിജ! ഗിരിജ ഷൊര്‍ണൂര്‍ റോഡില്‍ പാട്ടുരായ്ക്കല്‍ കഴിഞ്ഞാണ്. ഇപ്പോ അവിടെ മസാല ചിത്രങ്ങളല്ല.ഒരു സ്ത്രീയാണ് ഇപ്പോള്‍ അത് മാനേജ് ചെയ്യുന്നത്.
“തറവാട്” എന്നൊരു പേരും കൂടി ഉണ്ടായിരുന്നു ഗിരിജയ്ക്ക്!! :):)

sumayya said...

:):)
പാവം പൊറിഞ്ചു :)

മൻസൂർ അബ്ദു ചെറുവാടി said...

നല്ല രസായിട്ടോ .
അവസാനം വരെ ചിരിച്ചു.
ഒരു പാട് ഗിരിജ പുരാണം വായിച്ചിരിക്കുന്നു.
വഴക്കോടന്‍ പറഞ്ഞ പോലെ "വനിതയില്‍ " അതിനെ പറ്റി ഒരു ആര്‍ട്ടിക്ക്ള്‍ ഉണ്ടായിരുന്നു.
ആ പേര് മാറ്റിയെടുത്തു ഇപ്പോള്‍ നന്നായി മാനേജ് ചെയ്യുന്ന ഒരു സ്ത്രീയെ പറ്റി.
ഇതല്ലേ അത്. ?

Hashiq said...

വാഴക്കോടാ, പിടി കിട്ടി പിടി കിട്ടി.... ഞാന്‍ പാവം 'ബിന്ദുവിനെ' തെറ്റിദ്ധരിച്ചോ?

വാഴക്കോടന്‍ ‍// vazhakodan said...

അതെ ബിന്ദു പാവമാ. നീ ചുമ്മാ തെറ്റിദ്ധരിച്ചു. ബിന്ദു ഇപ്പോള്‍ പൂട്ടിയെന്നാണ് തോന്നുന്നത്. കഴിഞ്ഞ തവണ അവിടെ സില്‍മ ഉള്ള ലക്ഷണമൊന്നും കണ്ടില്ല :(

അഭിപ്രായങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി!!

HAINA said...

:)

nandakumar said...

പാവം പൊറിഞ്ചു. എനിക്കവനോട് സഹതപിക്കാനേ പറ്റുന്നുള്ളൂ. എത്രയെത്ര ഐറ്റംസ് അവന്‍ വിഷയാസക്തി നിര്‍ത്തിയതിനുശേഷം വന്നിരിക്കുന്നു. പാവം. !
;)


(ഗിരിജ മുന്‍പും ഒരു സ്ത്രീ തന്നെയായിരുന്നു നടത്തിയിരുന്നത്. തിയ്യറ്ററിന്റെ ഉടമ/മാനേജര്‍ (?) ഒരു സ്ത്രീയായിരുന്നു എന്നാണ് നാട്ടിലെ ഒരു തിയ്യറ്റര്‍ ഉടമ പറഞ്ഞ് കേട്ടിട്ടൂള്ളത്. തിയ്യറ്റര്‍ ഉടമകളുടെ ജില്ലാ മീറ്റിങ്ങുകളില്‍ അവര്‍ പങ്കെടുക്കാറുണ്ടായിരുന്നു മുന്‍പും)

ശ്രീജിത് കൊണ്ടോട്ടി. said...

വാഴക്കോടാ.. ഗംഭീരം ആയിട്ടുണ്ട് പോസ്റ്റ്‌..പാവം പൊറിഞ്ചു... :D

suku said...
This comment has been removed by the author.
suku said...

ഹഹഹ വാഴേ കലക്കീട്ടാ :)))))

രഞ്ജിത്ത് കണ്ണൻകാട്ടിൽ said...

വാഴക്കോടാ....
വാടാനപ്പിള്ളി ജവഹറിൽ നൂൺഷോ ഇപ്പോഴും ഇതന്നാ....
ഇരിഞ്ഞാലക്കുട പ്രഭാതിലും...:)
ഇവിട്യൊക്കെ തപ്പ്യാ ചെൽപ്പോ വല്ല പൊറിഞ്ചുമാരേം കിട്ടുമായിരിയ്ക്കും ല്ലേ....

അപര്‍ണ്ണ II Appu said...

:):)

തരികിട വാസു said...

പൊറിഞ്ചുവിന്റെ ഒരു കെട്ട പഴക്കം പല കെട്ട പഴക്കങ്ങളാക്കിയല്ലോ ദുഷ്ടന്മാരേ :):)

“ഞാന്‍ മാറ്റിക്കോളാം, കടുത്തൊരു പ്രയോഗം തന്നെ വേണ്ടി വരും”

“ഏയ് അതൊന്നും വേണ്ട,എല്ലാവരും ചെയ്യുന്ന പോലൊക്കെ മതി”

:):) കിടു :)

നിവിൻ said...

ഹി ഹി കുറേ ചിരിച്ചു :))

ആളവന്‍താന്‍ said...

"എന്താ ഈ പറയണേ... ഏതെങ്കിലും കുടിയന്‍ ബീവറേജസ്‌ ഷോപ്പിനോട്‌ പ്രതികാരം ചെയ്യുവോ?" ഹ ഹ ഹ അത് കലക്കി. ഒരെണ്ണം ഞാനും ഇട്ടു. കോസ്റ്റ്യൂം ഡിസൈനിംഗ്! സമയം പോലെ പ്രദക്ഷിണം നടത്തിയെക്കണം.

Ismail Chemmad said...

വാഴക്കോടാ .. മനുഷ്യനെ സിറിപ്പിച്ചു കൊല്ലാന്‍ ഇറങ്ങിയതാ?
പോസ്റ്റ്‌ നന്നായി .. ആശംസകള്‍
@ ചാണ്ടിച്ചന്‍....
ചാണ്ടിച്ചനും പൊറിഞ്ചുവിന്റെ കമ്പനിയാണെന്ന് ഇപ്പഴാ മനസ്സിലായത്‌
@ ഹശിക്
ചെങ്ങായീ ... അഡ്രസ്‌ തപ്പി പ്പിടിച്ചു അടുത്ത ലീവിന് അവിടെ കറങ്ങി നടക്കാനുള്ള പരിപാടിയാല്ലേ?

Unknown said...

നൊസ്ടി വരുന്നു നൊസ്ടി

വാഴക്കോടന്‍ ‍// vazhakodan said...

@ചെമ്മാടേ, ഹാഷിക്ക് സ്ഥലം കൃത്യമായി അറിയാനൊരു നമ്പറിട്ടതാ :)

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

;)

ചെറുത്* said...

മ്മ്ടെ ആ പഴേ ഗിരിജ പൂട്ടി നന്നായതോടെയാണെന്ന് തോന്നണു, ലവളെ പറ്റി കുറേ കഥകളായി കേള്‍ക്കണു. ചുമ്മാ സൂപ്പര്‍‌ഹിറ്റ് പടോം കണ്ട് നടന്ന നേരം ഗിരിജേച്ചീയെ കാണാന്‍ തറവാട്ടില്‍ കേറി നടന്നിരുന്നേല്‍ ഇന്നിപ്പൊ ബ്ലോഗെഴുതാന്‍ പൊളപ്പന്‍ സംഭവം വല്ലോം തടഞ്ഞേനെ :(

എന്തായാലും പൊറിഞ്ചു അറിഞ്ഞ് ചിരിപ്പിച്ചു.

ഒരു യാത്രികന്‍ said...

എന്റെ വാഴേ ..ഇത് സത്യത്തില്‍ ആരുടെ കഥയാ...കാര്യങ്ങളൊക്കെ മനസ്സിലായി.....സസ്നേഹം

ഷാ said...

കിടു... :)))))

ചാണ്ടിച്ചൻ said...

@കുറുമ്പടി: ചാണ്ടിച്ചന്‍ മാത്രമല്ല, തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ പഠിച്ച എല്ലാ തെണ്ടിച്ചന്മാരും, ഒരിക്കലെങ്കിലും ഈ തറവാട്ടില്‍ പോയിട്ടുണ്ടാകാതിരിക്കില്ല :-)

Ismail Chemmad said...

@ chandichan
ചാണ്ടിച്ചാ .. ഞാന്‍ കുറുംപടിയല്ല.. ആള് മാറി

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

കഥയൊക്കെ ഉഷാറായി...
അപ്പൊ ഇനി പറ, ശരിക്കും ആരാ ഈ പൊറിഞ്ചു?

shaji said...

Vaazhe...great ...
rathinirvedham ennna peru kettappol njaan karuthi nammalu chullanmaarku enthenkilum thadayunna case aanennnnu...
hahhahah...

Manoj മനോജ് said...

സിറൊക്കോ എന്ന “ലോകോത്തര” സിനിമയെ അപമാനിച്ചതില്‍ പ്രതിഷേധിക്കുന്നു...:)

എറണാകുളത്തെ കോളേജിന് മുന്‍പിലുള്ള സിനിമ കോമ്പ്ലക്സിലെ 3 തിയേറ്ററിലും “നിറഞ്ഞ്” കളിച്ച സിനിമയെയാണ് ഇവിടെ മറുതയാക്കി മാറ്റിയത്... അതും ആ കോളേജില്‍ ഈ സിനിമ മാറുന്നത് വരെ (3-4 മാസം ഓടി “പോലും”) എന്നും വെള്ളിയാഴ്ച സമരം.. അദ്ധ്യാപകര്‍ പലരും തിയേറ്ററിലിരുന്നു അറ്റന്റന്‍സ് എടുത്തിരുന്നു എന്ന് വരെ പറയപ്പെടുന്നു :)

അതിന് ശേഷം അത് പോലെ ഒരു “ലോകോത്തര” സിനിമ അവിടെ ഓടിയത് മീര നായരുടെ കാമസൂത്ര എന്ന സിനിമയാണ് എന്നും “പറയപ്പെടുന്നു”...

എന്തായാലും വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഇംഗ്ലീഷ് സിനിമയുടെ പേര് വീണ്ടും കേട്ടു....

Sabu Hariharan said...

വളരെ രസമായി വായിച്ചു. അവസാനം പെട്ടെന്നങ്ങ് തീരുന്നു പോയത് പോലെ തോന്നി.

“അതിന് ഞാന്‍ ശരീരത്തില്‍ കേറിയില്ലല്ലോ?”
ഈ ഭാഗം വായിച്ചു മരിച്ചു!

അനില്‍@ബ്ലോഗ് // anil said...

വാഴേ, കൊള്ളാം പൊറിഞ്ചു പുരാണം.
ഗിരിജേം സിറോക്കോയും എല്ലാം പരിചിത കഥാപാത്രങ്ങള്‍ ആയതിനാല്‍ പ്രത്യേകിച്ചും.

സ്വപ്നകൂട് said...

otta iruppinu vaayichutto vaazheee kure chirichu devyeecheeeeeeeeeeeeee hahhahahaaaaaaaa

ചാണ്ടിച്ചൻ said...

സോറി കുഞ്ഞാടേ....അല്ല ചെമ്മാടേ :-)
ഇസ്മായില്‍ എന്ന പേര് മാത്രമേ തിരക്കില്‍ വായിച്ചുള്ളൂ...അപ്പോള്‍ ഇസ്മായില്‍ കുറുമ്പടിയായിരിക്കുമെന്നു വിചാരിച്ചു പോയി...
അതിനുള്ള കാരണം ഇതാണ് :-)

http://www.shaisma.co.cc/2011/06/blog-post.html

വാഴക്കോടന്റെ രതിനിര്‍വേദത്തിനു ബദലായി ചാണ്ടിയുടെ സതിനിര്‍വേദം ഉടന്‍ റിലീസ് ചെയ്യുന്നതാണ്!!!

SHANAVAS said...

വാഴക്കോടന്‍, അതി സുന്ദരമായ നര്‍മ്മം....ഹ...ഹ...ഹ... ഞാന്‍ ഒരു മൂന്നാവര്‍ത്തി വായിച്ചു. കാരണം വല്ലപ്പോഴുമാ ഇങ്ങനെ ഒരെണ്ണം വീണു കിട്ടുന്നത്. ഉഗ്രന്‍. ആശംസകള്‍.

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
പലരേയും നൊസ്റ്റി അടിപ്പിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം!!

ബൈജു സുല്‍ത്താന്‍ said...

പാവം പൊറിഞ്ചു.. ഒരു നല്ല പ്രേക്ഷകനെ നിങ്ങളൊക്കെക്കൂടി നശിപ്പിച്ചു. പിന്നെയെങ്ങനെ സിനിമകള്‍ രക്ഷപ്പെടും? | വാഴക്കോടന്റെ ഈ പോസ്റ്റുകൊണ്ട് ചില പുതിയ 'ഇന്‍ഫൊര്‍മേഷന്‍സ്' കിട്ടി.
വാടാനപ്പിള്ളി ജവഹര്‍...ഇരിഞ്ഞാലക്കുട പ്രഭാത്... ഇനിയും പോരട്ടേ...

Anil cheleri kumaran said...

ഇടക്കിടക്കുള്ള ബിറ്റുകൾ കലക്കി..

noordheen said...

ഹഹഹ പൊറിഞ്ചു കലക്കി :)

കിടിലന്‍ പോസ്റ്റ് വാഴേ
:)

കാട്ടിപ്പരുത്തി said...

:)

Unknown said...

"ഏതെങ്കിലും കുടിയന്‍ ബീവറേജെസ്സിനോട് പ്രതികാരം ചെയ്യോ?" അത് കലക്കി വാഴക്കോടന്‍ മാഷേ.
Superb.......

Villagemaan/വില്ലേജ്മാന്‍ said...

സിറാക്കോ ഒന്ന് കൂടി ഓര്‍ത്തു ;)

അടിപൊളി പോസ്റ്റ്‌ മാഷേ..

നികു കേച്ചേരി said...

ഏടാ ഭയങ്കരന്മാരേ... പാവം പറിഞ്ചുനേ നിങ്ങള്‌ നന്നാക്ക്യാ അതോ പറിഞ്ചു നിങ്ങളെ നന്നാക്ക്യാ...
കുതരേമേ പോണേക്കാളും നല്ല സീൻ കൈ കഴുകിക്കുന്നതാ....അല്ലേ വാഴേ???

വാഴക്കോടന്‍ ‍// vazhakodan said...

ഹി ഹി ഹി സിറാക്കോ കാണാത്തോര് ചുരുക്കമാണെന്ന് തോന്നുന്നു :)
ഞാന്‍ കണ്ടിട്ടില്ല ട്ടോ.അന്ന് തൃശൂരൊന്നും പോയി സിനിമ കാണാനുള്ള ലൈസന്‍സ് ഇല്ലായിരുന്നു!(വീണ്ടും വിശ്വസിക്കൂ പ്ലീസ്):):)

Anitha Madhav said...

:):)

Unknown said...

വാഴേ നിങ്ങളേ നാട്ടുകാർ തല്ലികൊല്ലുന്നതിനു മുൻപേ വീട്ടുകാർ ഇങ്ങോട്ട് വണ്ടികയറ്റി അല്ലേ

ഭായി said...

ഞാൻ കരുതി പൊറിഞ്ചു അവസാനം റ്റി ജി രവി ആയി മാറുമെന്ന്. പാവം എന്തുമാത്രം ആശിച്ച് ചെന്നതാ..!!!! :)

Naushu said...

വാഴയും ടീമും ഇതുപോലൊരു സംഗതീന്നു ഒരാളെ പിന്തിരിപ്പിക്കാന്നൊക്കെ പറഞ്ഞാല്‍ ......

ഹാ... വിശ്വസിച്ചല്ലേ പറ്റൂ.....

niyas said...

അമ്മേ... ദേവി... ഈ വാഴക്കോടനും സിറാക്കോ പോലെ കൂടിയ ഇനം തന്നെ. എനിക്ക് ചിരിക്കാനുള്ള ശക്തി തരൂ..

sumitha said...

ചിരിച്ച് മരിച്ചു ദേവീ:):)
പാവം പൊറിഞ്ചു.:)

ഷബീര്‍ - തിരിച്ചിലാന്‍ said...

വാഴേ... സങ്കടായി... ശരിക്കും സങ്കടായി... ആ 'സിറാക്കോ' മിസ്സായല്ലോ... ;)

കിടിലന്‍ സാധനം... ചിരിച്ച് മരിച്ച് മയ്യത്തെടുത്ത്... ഹ..ഹ..ഹ...

chillujalakangal said...

വാഴക്കോടന്‍ ...നന്നായി ചിരിപ്പിച്ചു ....പൊറിഞ്ചു മനസ്സില്‍ കയറിക്കൂടി..:)

കുന്നെക്കാടന്‍ said...

ഗുമ്മയിട്ടോ !

Muralee Mukundan , ബിലാത്തിപട്ടണം said...

പറഞ്ഞാലും,പറഞ്ഞാലും മതിവരാത്ത നമ്മുടെ ‘തറവാട്’ ചരിതത്തിലെ സുന്ദരമായ ഒരേട്...കേട്ടൊ മജീദ്

ഇതിനെകുറിച്ചൊക്കെ എത്രയെത്ര പേജെഴുതിയാലും തീരാത്ത ചരിത്രമാണല്ലോ ഈയുള്ളവന്റെ തലയിലൊക്കെ ഇപ്പോഴും ഉള്ളത്...!

ബഷീർ said...

:)kollaam mr.vazha, your own life story

വാഴക്കോടന്‍ ‍// vazhakodan said...

ങേ ബഷീര്‍ക്കാ ഇപ്പോ ഞാനായോ നിരപരാധി? പൊറിഞ്ചുവല്ലേ നിരപരാധി? ആണോ? അല്ലേ? ആ‍....:):)

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി!!
“തറവാട്ടിലെ” കഥകള്‍ ഇനിയും ഉണ്ട് :):)

പാര്‍ത്ഥന്‍ said...

കുട്ടിച്ചാത്തനായാലും, മറുതയായാലും മന്ത്രവാദംകൊണ്ട് ഫലം ഉണ്ടെന്നാണ് വാഴയുടെ അനുഭവം. ഞാനും വിശ്വസിച്ചു.

റഷീദ് .ബഹ്‌റൈന്‍ said...

VERY NICE VAZHE, ORU CHANGE VENAM IDAKKU

ശ്രദ്ധേയന്‍ | shradheyan said...

ചാണ്ടിച്ചന്‍ സാക്ഷ്യപ്പെടുത്തിയ സ്ഥിതിക്ക് സിനിമേടെ കാര്യത്തില്‍ ഇനി സംശയമില്ല. പക്ഷെ പൊറിഞ്ചു?? അത് നീയാവാനെ വഴിയുള്ളൂ.. :)

സന്തോഷ്‌ പല്ലശ്ശന said...

പോസ്റ്റ് വായച്ചു ചിരിച്ചു....
പാവം പൊറിഞ്ചൂനെ ശരിക്കും നിറുത്തി പൊരിച്ചൂല്ലെ പഹയന്മാര്...

വാഴേ.. എനിക്ക് ഒരു ഗിജാസക്തി....പിടികൂടിയൊ എന്നൊരു സംശയം... സിറാക്കൊ കിട്ട്വോ... :)

വാഴക്കോടന്‍ ‍// vazhakodan said...

സിറാക്കോടെ ഒരു ടൊറെന്റ് ലിങ്കെങ്കിലും കിട്ടിയാ മത്യാര്‍ന്നു! :):)

അഭിപ്രായങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു!

വര്‍ഷിണി* വിനോദിനി said...

ഇന്നത്തെ ഗിരിജയില്‍ പോയിരുന്നോ...ആങ്ങളയുമൊത്ത അതിന്‍ സാധിച്ചു, ഇക്കുറി.
കുടുംബമൊത്ത് ഗിരിജയില്‍ പോകാംന്ന് ഒന്ന് അറിയിയ്ക്കായിരുന്നോ പൊറിഞ്ചുവിനെ..പാവം.

സുരേഷ് ബാബു വവ്വാക്കാവ് said...

ഒരു ബിവറേജസാസക്തിക്കാരനുണ്ട്.ഒന്ന് നിര്‍ത്തിക്കാന്‍ പരിപാടി വല്ലതും കയ്യിലുണ്ടോ

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഈ ‘ഗിരിഞ്ചു’വിന്റെ ഒരു കാര്യം!

വയ്സ്രേലി said...

ഹ ഹ.. വാഴെ!! ഇതു കലക്കീട്ടുണ്ടു!
ആ പാവം പൊറിഞ്ചുന്റെ പ്രാക്കൊക്കെ എവിടെ പോയി തീർക്കും!!

:-) ) )

Biju Davis said...

കളറായ്റ്റ്ന്റ്‌ ഘഡീ!
എങ്കിലും ഇതിന്റെ ഒരു സൈക്കോളജിയും, അനാട്ടമിയുമനുസരിച്ച്‌, പ്രത്യേകിച്ച്‌ അരോഗദൃഢഗാത്രനായ പൊറിഞ്ചു, അതും സിറോക്കോ മറുത കയറിയ അവസ്ഥയിൽ, വെറും കൈയോടെ ഇറങ്ങി പോകാൻ---ഏയ്‌, അതു നടക്കില്ല vazhE,..മന്ത്രവാദിനി അന്നത്തോടെ ഈ പണി നിർത്തി പുതിയത്‌ തുടങ്ങാനാണു സാദ്ധ്യത; പൊറിഞ്ചുവിനു ഒരു പുത്തൻ ദുശ്ശീലവും..ഡീസെന്റ്‌ വിട്ട്‌ സത്യം പറ വാഴേ... :)

Lipi Ranju said...

:D

kazhchakkaran said...

പിന്നീട് ഞങ്ങളോടൊപ്പം കൂടി എന്ന ഒരു കെട്ട പഴക്കമേ പൊറിഞ്ചുവിനുണ്ടായിരുന്നുള്ളൂ.‌‌



പോരേ..... ഇതിൽ കൂടുതൽ എന്തു വരാൻ... മജീദിക്കാ ചിരിപ്പിച്ചു കൊല്ലും... ല്ലേ..!!

Unknown said...

അസ്സലായി! എന്തായാല്ലും അടി കിട്ടിയതോടെ ആളു നേരായല്ലോ!!
ആശംസകള്‍!

Sharu (Ansha Muneer) said...

പാവം പൊറിഞ്ചു.... :):)

Unknown said...

ഒഴിപ്പിക്കല്‍ അസ്സലായി! :)

ഏറനാടന്‍ said...

പൊറിഞ്ചു പൊരിച്ചു. നന്നായി അവതരണം.
ഒരു തിരക്കഥ രചിക്കൂ മലയാള സിനിമയെ കൈച്ചിലാക്കൂ ചെങ്ങായീ...

വിനുവേട്ടന്‍ said...

എന്റെ വാഴക്കോടാ... കുറേ നാളുകള്‍ക്ക്‌ ശേഷം നന്നായൊന്ന് ചിരിച്ചു...

ഗിരിജ പുരാണം പോലെ ഇനി സിത്താര പുരാണം, കുന്നംകുളം ഗീത പുരാണം ഒക്കെ ഇങ്ങട്‌ പോരട്ടെ...

വാഴക്കോടന്‍ ‍// vazhakodan said...

ഏറനാടാ, നല്ലൊരു ചാന്‍സ് കിട്ടിയാല്‍ നമുക്ക് കാച്ചാമെന്നേ :):)

വിനുവേട്ടാ ഇനിയുമുണ്ട് ഒത്തിരി കഥകള്‍ :) വഴിയെ പറയാം!

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി!

Sandeepkalapurakkal said...

ചിരിപ്പിച്ചു , ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്നു

Sandeepkalapurakkal said...

ചിരിപ്പിച്ചു , ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്നു

Arun said...
This comment has been removed by the author.
Arun said...

ഹഹഹ വാഴേ സൂപര്‍
ചിരിച്ച് മരിച്ചു :):)

പാര്‍ത്ഥന്‍ said...

വാഴെ,
‘ദമനക്കാല് ‘കണ്ട് താവൂസിലേക്ക് ഓടിക്കയറി അബദ്ധം പറ്റിയ ഒരു കഥയുണ്ട് ഞമ്മടെ നാട്ടിൽ.

അണ്ണാറക്കണ്ണന്‍ said...

പണ്ടാറടങ്ങാന്‍...മേലാല്‍ ഇത് പോലെ എന്നെ ചിരിപ്പിച്ചാ നിങ്ങടെ പേരില്‍ ഞാന്‍ കേസു കൊടുക്കും.............

പടാര്‍ബ്ലോഗ്‌, റിജോ said...

അന്ന്യായം. ഞാന്‍ ചിരിച്ച് പണ്ടാറടങ്ങി. ഇതൊക്കെ എവിട്ന്നു വരുന്നെന്റെ ദേവ്യേ...

shinod said...

വാഴക്കാടാ..ശൈലി ഇഷ്ടപ്പെട്ടു

കനല്‍ said...

ചിരിപ്പിച്ചൂ‍..
ഈ കഥയിലെ പൊറിഞ്ചു നീയല്ലെന്ന് തന്നെ ഞാന്‍ വിശ്വസിക്കണമെന്ന് നിര്‍ബദ്ധിക്കരുത്.

സൂത്രന്‍..!! said...

വാഴേടെ അസുഖം മാറ്റാന്‍ ഒരു മന്ത്രവാദിയും ഇല്ലേ അവിടെ ?

വാഴക്കോടന്‍ ‍// vazhakodan said...

ങേ സൂത്രാ എനിക്കെന്ത് അസുഖം?:)
കനലെ ഞാനല്ലടാ, നീ വിശ്വസിക്ക്!:)

അഭിപ്രായങ്ങള്‍ക്ക് എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

എയ്യാല്‍ക്കാരന്‍ said...

Great...

ചിതല്‍/chithal said...

വാഴേ... അനന്തം അജ്ഞാതം അവർണ്ണനീയം!
അത്രക്ക് ഗംഭീരം... ചില പ്രയോഗങ്ങൾ.. ക്വോട്ടാൻ നിൽകുന്നില്ല.. നമിച്ചു ഗുരോ... നമിച്ചു!

ചിതല്‍/chithal said...

100ആം കമന്റും എന്റെ വക!

വാഴക്കോടന്‍ ‍// vazhakodan said...

സന്തോഷം ചിതലേ...:)
കുറേ നാളായല്ലോ കണ്ടിട്ട്!!ബൂലോകത്തൊക്കെ ഉണ്ടന്ന് കരുതുന്നു!!

അഭിപ്രായത്തിന് ഹൃദയം നിറഞ്ഞ നന്ദി!

അഭി said...

ഹ ഹ ഹ കൊള്ളാം മാഷെ

kARNOr(കാര്‍ന്നോര്) said...

ശ്ശോ ഇനീപ്പം സിറാക്കോ ഡൌണ്‍ലോഡ് ചെയ്യാന്‍ മെനക്കെടണമല്ലോ :)

ഉപാസന || Upasana said...

രസിച്ചു വായിച്ചു.
റിപ്പോര്‍ട്ടഡ് സ്പീച്ചിനേക്കാളും ഗദ്യമാണ്‌ മികച്ചുനില്‍ക്കുന്നത്.
റിപ്പോര്‍ട്ടഡ് സ്പീച്ചില്‍ പ്രതീക്ഷിച്ച വാചകങ്ങളാണ്‌ കൂടുതലും. വ്യത്യസ്തമായ കുറച്ചു നമ്പറുകള്‍ ആകാമായിരുന്നു.
:-)
ഉപാസന

വശംവദൻ said...

വല്ലപ്പോഴും ഓരോ നൂണ്ഷോ യും കണ്ടു മാന്യമായി ജീവിച്ച്ചിരുന്ന ഒരു പാവം പയ്യനെയണ് പുതിയ പുതിയ മേച്ചില്പ്പു റങ്ങള്‍ കാട്ടിത്തരാമെന്ന്‍ പറഞ്ഞു വിളിച്ചു കൊണ്ട്ട് പോയത് !! ഇതിനൊക്കെ ദൈവം ചോദിക്കും.

പിന്നെ, ഈ “സീരാക്കോയുടെ ഒരു കോപ്പി കിട്ടാന്‍ വല്ല വഴിയുമുണ്ടോ?

ഗുണ്ടൂസ് said...

enthaayiriqm porinjuvine ethikkaanulla idea ennu aalochichu.. ithrem kadanna kai nadathiyitte kondu varaan pattiyullu alle? :D

chirichu marichu..

ente graamathile oraal sthiramaayi girija visit cheythirunnathukondu aalde nick name "Girijan" ennaayi.. nick name ennu chumma paranjatha.. alavalaathi piller ayaalkkitta irattapper thanne aanu athu.. :D

ഏ.ആര്‍. നജീം said...

മനുഷ്യരെ ഇങ്ങനെയിട്ട് ചിരിപ്പിക്കല്ലെ വാഴേ..

മജീദ് - പൊറിഞ്ചു.. കൊള്ളാം പേരിൽ നല്ല ചേർച്ചയുണ്ട്.... :)

നെല്‍സണ്‍ താന്നിക്കല്‍ said...

അടിപൊളിയേ...........................

സുധി അറയ്ക്കൽ said...

ചിരിച്ചു ചത്തേനേ..

 


Copyright http://www.vazhakkodan.com