Monday, May 20, 2019

എന്റെ പ്രി ഡിഗ്രി ഓർമ്മകൾ - ഭാഗം 1

പത്താം ക്ലാസ് റിസൽറ്റ് വന്നത് മുതൽ ഉപരിപഠനത്തിന് എവിടെ ചേരും? ഏത് കോളേജിൽ സീറ്റ് കിട്ടും എന്ന ചിന്തകൾ എല്ലാവരെപ്പോലെ എനിക്കും ഉണ്ടായിരുന്നു. ലഭിച്ച മാർക്ക് അളന്നും തൂക്കിയും നോക്കി പലരും എന്റെ ഭാവി പഠനം വ്യാസാ കോളേജിലായിരിക്കുമെന്ന് പ്രവചിച്ചു. ഉത്സവ പറമ്പുകളിൽ വരുന്നവരുടേയും പോകുന്നവരുടേയും കൈ നോക്കി ലക്ഷണം പറയുന്ന കാക്കാലത്തികളെപ്പോലെ പലരും ഫ്രീയായിത്തന്നെ എന്റെ കോളേജ് ജീവിതം പ്രവചിക്കാനായി മുന്നോട്ടുവന്നു. എല്ലാ പ്രവചനക്കാരും വ്യാസയിലേക്ക് തന്നെ എന്നെ നേർച്ചയാക്കി. അത് വരെ പ്രതീക്ഷയോടെ ആപ്ലിക്കേഷൻ സമർപ്പിച്ച സെന്റ് തോമസ് കോളേജും കേരള വർമ്മയുമൊക്കെ എന്നെ കൈവിടില്ലെന്ന പ്രതീക്ഷ പ്രവചനക്കാരുടെ ആക്രമണത്തിൽ ട്രേഡ് സെന്റർ കണക്കെ നിലംപൊത്തി. ഒടുവിൽ പ്രവചനക്കാരെ നിരാശപ്പെടുത്താതെ വ്യാസകോളേജിൽ നിന്ന് തന്നെ ആദ്യ ഓപ്ഷനായ സെക്കന്റ് ഗ്രൂപ്പിലേക്കുള്ള ഇൻറർവ്യൂ അറിയിപ്പ് അൽപ്പം മനോവേദനയോടെ കൈപ്പറ്റി.

വ്യാസയോടുള്ള ഇഷ്ടക്കുറവ്, പാർളിക്കാടിൽ ബസ്സിറങ്ങി ഒന്നര കിലോമീറ്ററോളം നടക്കണം. പിന്നെ ക്ലാസ് കട്ട് ചെയ്ത് സിനിമ കാണാൻ പോകണമെങ്കിൽ ഫുൾ ചാർജ് കൊടുത്ത് തൃശൂർക്ക് പോകണം. തൃശൂരിലെ വല്ല കോളേജിലും അഡ്മിഷൻ കിട്ടിയിരുന്നെങ്കിൽ സിനിമ കാണാൻ പോകുന്ന വണ്ടിക്കൂലിയെങ്കിലും ലാഭിക്കാമല്ലോ എന്ന കണക്ക് കൂട്ടലാണ് എക്സിറ്റ് പോൾ കണക്കേ തകർന്നത്. ഇനിയിപ്പോ വ്യാസയെങ്കി വ്യാസ എന്ന മനഃമില്ലാ മനസ്സിൽ ഇൻറർവ്യൂവിന് പോകാൻ ഞാൻ തീരുമാനിച്ചു. അന്ന് രാത്രി ശക്തമായ മഴ പെയ്തു. ഇടിവെട്ടി അടുത്ത വീട്ടിലെ തെങ്ങിന്റ മണ്ട നിന്ന്കത്തി. കുടയില്ലാത്തവർ പലരും അന്ന് മഴ നനഞ്ഞു. പിറ്റെ ദിവസം ഞാൻ വ്യാസയിലേക്ക് ഇൻറർവ്യൂവിന് പോകുന്നത് തടയാൻ പ്രകൃതി മനഃപ്പൂർവ്വം ക്ഷോഭിക്കുന്നതാണോയെന്ന് വരെ ഞാൻ സംശയിച്ചെങ്കിലും അത് കാലവർഷത്തിന്റെ പെയ്താണെന്നറിഞ്ഞപ്പോൾ മഴ വ്യാസയിലേക്കുള്ള തന്റെ വരവിനെ സ്വീകരിക്കാനായിരുക്കുമെന്ന് ഞാൻ അവസരോചിതമായി മാറ്റി ചിന്തിച്ചു. രണ്ടായാലും പ്രകൃതി പോലും എന്തോ മുൻകൂട്ടി കണ്ട് കാണണം.

രാവിലെ നേരത്തേ ഉണരാൻ വേണ്ടി സെറ്റ് ചെയ്ത അലാം ക്ലോക്ക് ബാറ്ററിയില്ലാത്ത നിസാര കാരണത്തിന് എന്നെ ഉറക്കത്തിൽ നിന്നും ഉണർത്തിയില്ല. എങ്കിലും ആദ്യ ദിവസം തന്നെ നേരം വൈകിയെത്തി എന്ന ചീത്തപ്പേര് കിട്ടാതിരിക്കാൻ വേണ്ടി മാത്രം ഞാൻ അന്ന് കുളിക്കാൻ പോലും സമയം കളയാതെ പതിവിലധികം സെന്റും പൂശി വ്യാസയിലേക്ക് പോകാൻ തയ്യാറായി. പഴയ കെട്ടിടം കുമ്മായം പൂശി പുതുക്കിയ പോലെ ഞാൻ മൊത്തത്തിൽ ഒരു മേക്കപ്പൊക്കെ ചെയ്തിട്ടുണ്ടായിരുന്നു.
ഒരു നല്ല കാര്യത്തിന് പോകുമ്പോഴെങ്കിലും നിനക്കൊന്ന് കുളിച്ചൂടെടാ എന്ന ചോദ്യം ഉമ്മയിൽ നിന്നും വരും എന്ന് പ്രതീക്ഷിച്ച എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ഇന്നെങ്കിലും നീയൊന്ന് കുളിച്ച് കണ്ടല്ലോ എന്ന ഉമ്മയുടെ ഡൈലോഗിൽ എന്റെ മേക്കപ്പിനെക്കുറിച്ച് എനിക്കേറെ മതിപ്പ് തോന്നി. ഞാൻ കുറച്ച് സമയം എന്റെ കലാവിരുതിൽ അഭിമാനം കൊണ്ടു.
ഞാനും ഉമ്മയും വ്യാസയിലേക്ക് പോകാനായി വീട്ടിൽ നിന്നും ഇറങ്ങി. വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഇടത് കാലാണോ വലത് കാലാണോ ആദ്യം വെക്കേണ്ടെതെന്ന സംശയം ഞാൻ ഉമ്മയോടും പറഞ്ഞു.
" പിന്നേ നീ ഹജ്ജിനല്ലേ പോണത്. ഇടത് കാലോ വലത് കാലോന്ന് സംശയിക്കാൻ, നിന്ന് തിത്തയ് കളിക്കാതെ ഇറങ്ങെടാ, ബസ്സങ്ങ് പോകും!

തുടരും......

Wednesday, December 16, 2015

ഒരു തീവണ്ടി യാത്ര


തമിഴ് നാട്ടില്‍ താമസിക്കാത്തത് കൊണ്ടും ചപ്പാത്തി തിന്നാത്തത് കൊണ്ടും എന്തോ ഹിന്ദി എനിക്ക് അറിയാന്‍ പാടില്ലായിരുന്നു. എങ്കിലും തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ യാത്രയില്‍ എതിര്‍ സീറ്റിലിരുന്നിരുന്ന ഹിന്ദി സുന്ദരി എന്നെ ഹഠാതാകര്‍ഷിച്ചു. അത് കൊണ്ട് എര്‍ണാളം എത്തിയത് അറിഞ്ഞത് തന്നെ കൊച്ചിയുടെ മണമടിച്ചാണ്. അങ്ങിനെ യാത്ര തുടര്‍ന്നു. എന്റെ അടുത്ത് പുതിയൊരാള്‍ വന്നിരുന്നു. തൊട്ട് മുന്നിലിരിക്കുന്ന ഹിന്ദിക്കാരി അനിയനോട് എന്തൊക്കെയോ സംസാരിക്കുന്നു ചിരിക്കുന്നു പക്ഷേ എനിക്കൊന്നും മനസ്സില്ലായില്ല. ചപ്പാത്തി തിന്നാത്തതില്‍ അന്നാദ്യമായി ജീവിതത്തോട് കടുത്ത നീരസവും വിരക്തിയും തോന്നി. ഗോതമ്പിന്റെ നിറമുള്ള ആ കൊച്ചു സുന്ദരി പറയുന്നത് മനസ്സ്സിലാക്കാ‍നെങ്കിലും കഴിഞ്ഞിരുന്നെങ്കിലെന്ന് ഒരു മാത്ര വെറുതേ നിനച്ച് പോയി!

എന്റെ തൊട്ടടുത്തിരുന്ന യാത്രക്കാരന്റെ കയ്യില്‍ ഹിന്ദി അക്ഷരമാലകള്‍ അച്ചടിച്ച പുസ്തകം കണ്ടപ്പോള്‍ എനിക്കാവേശമായി. അയാള്‍ക്ക് ഹിന്ദി അറിയാമായിരിക്കും എന്നൊരു കുളിരു എന്നിലൂടെ അരിച്ചിറങ്ങി. ആകാംക്ഷ ഉള്ളിലൊളിപ്പിച്ച് വെക്കാതെ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു,

 “ഹിന്ദി അറിയും അല്ലേ?”

അയാള്‍ ഒരു ഹിന്ദി മുന്‍ഷിയെപ്പോലെ തലയാട്ടി. എനിക്കാശ്വാസമായി.ഞാന്‍ അയാളോട് കാര്യം പറഞ്ഞു, എതിരെ ഇരിക്കുന്ന സുന്ദരി ഏറെ നേരമായി എന്നെ നോക്കി ചിരിക്കുന്നു, എന്തൊക്കെയോ അനിയനോട് പറയുന്നു. അവനും ചിരിക്കാന്‍ കോറസ്സാകുന്നു. ഈ ഭയാനകമായ അവസ്ഥയില്‍ നിന്നും എന്നെയൊന്ന് കരകയറ്റീടേണം!

“ഓ അത്രേ ഉള്ളോ കാര്യം!ഇനി അവര്‍ സംസാരിച്ചാല്‍ അപ്പോള്‍ ഞാന്‍ നിനാക്ക് ട്രാന്‍സ്പോര്‍ട്ട് ചെയ്ത് തരാം ഓക്കെ”!

 ബല്യ പെരുന്നാളറിയിച്ച് മാനത്ത് അമ്പിളി കണ്ടപോലെ ഒരു സാന്തോഷം എനിക്കുണ്ടായി. പക്ഷേ എന്നെ നിരാശനാക്കിക്കൊണ്ട് ആ ഹിന്ദിക്കാരി കുറേ നേരം മിണ്ടാതിരുന്നു. ഹിന്ദി അറിയുന്ന ഒരാളെ കിട്ടിയപ്പോള്‍ ഈ പഹയത്തി മിണ്ടുന്നുമില്ലല്ലോ എന്ന് സങ്കടപ്പെട്ട് ഞാന്‍ അവളുടെ ചുണ്ട് അനങ്ങുന്നത് തന്നെ നോക്കി ഇരിക്കുകയായിരുന്നു. സഹികെട്ടെന്നോണം അവള്‍ ആ ചെറുക്കനെ തോണ്ടിക്കൊണ്ട് പറഞ്ഞു,

 “‘യേ ബുദ്ധു മേരാ ചെഹ്രാ സേ ആങ്ക് ഉടാത്താ നഹീ”

അത് കേട്ട് ആ പയ്യനും എന്നെ തുറിച്ച് നോക്കി, ഞാന്‍ ഉടനെ ട്രാന്‍സ്പോര്‍ട്ട് ചേട്ടനെ തുറിച്ച് നോക്കി. ഉടനെ അയാള്‍ പറഞ്ഞു,

”അതവര് ഒരു നാടന്‍ ചൊല്ല് പറഞ്ഞതാ അതായത് വളരെ ബുദ്ധിമുട്ടാണ് ചേരയെ തിന്നുന്ന നാട്ടില്‍ ചെന്ന് നടുക്കണ്ടം തിന്നാനെന്ന്!’

 എനിക്കാശ്വാസമായി. എന്നെ പറ്റി ഒന്നും പറഞ്ഞില്ല. വീണ്ടും ഞാന്‍ ജാഗരൂകനായി കര്‍മ്മത്തില്‍ മുഴുകി അപ്പോള്‍ അവള്‍ വീണ്ടും,

“യേ പാകല്‍ ദൂസരി സേ ദോസ്തി ബന്‍ ഗയാ! ഉല്ലൂ‍ “

വീണ്ടും ഞാന്‍ അയാളെ നോക്കി

“ അതായത് പകല്‍ സമയത്ത് ബെംഗാളികള്‍ ദൂസര ഉപയോഗിച്ചാണു പുല്ല് ചെത്തുന്നത്!”

 ഹോ അതിലും എനിക്കെതിരെ പരാമര്‍ശമില്ല എന്നാശ്വസിച്ചിരിക്കുമ്പോള്‍ അവള്‍ എന്നോട് നേരിട്ട് സംവദിച്ചു,

“ ഇസ്കെ പഹലെ ലഡ്കി കോ ദിക്താ നഹി?”

ഞാന്‍ പതിവ് പോലെ ട്രാന്‍സ്പോര്‍ട്ടറെ നോക്കി.

“ എടോ ഇതിന് മുന്‍പ് താന്‍ ലഡാക്കിലേക്ക് പോയിട്ടില്ലേ എന്ന്!“

“ഞാന്‍ പോയിട്ടില്ല”

“എന്നാല്‍ നഹി നഹി എന്ന് പറഞ്ഞോ”

ഞാന്‍ പിന്നെ ഒട്ടും ആലോചിച്ചില്ല അവളുടെ മുഖത്ത് നോക്കി

“എന്നാല്‍ നഹി നഹി” എന്ന് പറഞ്ഞു. അതിന് ശേഷം അവള്‍ വേറെ ഒന്നും ചോദിച്ചില്ല. പിന്നെ അവള്‍ പിറു പിറുക്കുകയായിരുന്നു. കേട്ടിട്ട് നല്ല കാര്യങ്ങളല്ല പറയുന്നത് എന്ന് ഞാന്‍ ഊഹിച്ചു.

വണ്ടി കൊല്ലത്തെത്തിയതും എന്റെ സഹയാത്രികന്‍ ഏതോ ഹിന്ദിക്കാരന്റെ പ്രസംഗം തര്‍ജ്ജമ ചെയ്യാനുണ്ടെന്നും പറഞ്ഞ് അവിടെ ഇറങ്ങി.ഇതെല്ലാം കണ്ട് കൊണ്ട് ഇരിക്കുകയായിരുന്ന ഒരു കാര്‍ന്നോരു വന്ന് എന്നോട് പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു,

” എന്തിനാ ആ ഹിന്ദിക്കൊച്ച് നിങ്ങളെ ചീത്ത വിളിച്ചത്? വേറുതേ വീട്ടുകാരെയൊക്കെ ഇങ്ങനെ തെറി കേള്‍പ്പിക്കണോ?”

അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ മാത്രമല്ല അവള്‍ ലഡാക്കില്‍ പോയോ എന്നൊക്കെയാ ചോദിച്ചത് ഞാന്‍ എന്നാല്‍ നഹി നഹി എന്ന് ഉത്തരം പറയുകയും ചെയ്തു അത് കുഴപ്പായാ?

“ഹിന്ദി അറിയില്ലല്ലേ? ഇതിന് മുന്‍പ് പെണ്‍കുട്യോളെ കണ്ടിട്ടില്ലേ എന്നാണ് ചോദിച്ചത്?”

“അപ്പോ ആ ഇറങ്ങിപ്പോയ ചേട്ടന്‍ പറഞ്ഞത് ലഡാക്കില്‍ പോയിട്ടുണ്ടോ എന്നാണല്ലോ!”

“ഹ ഹ അയാളെ മനസ്സിലായില്ലേ? അങ്ങേരുടെ ഹിന്ദി അങ്ങിനെയാ!”

അയാളാരാണെന്നോ എന്താണെന്നോ ഞാന്‍ അന്വേഷിക്കാന്‍ നിന്നില്ല. പതുക്കെ അടുത്ത ബോഗിയില്‍ സീറ്റുണ്ടോ എന്നന്വേഷിച്ചു ആ ഹിന്ദി പെണ്‍കുട്ടിയെ വെറുത്ത് ശപിച്ച് ഞാന്‍ അവിടന്ന് സ്ഥലം കാലിയാ‍ക്കി. അല്ലെങ്കിലും ഈ ഹിന്ദി പെണ്ണുങ്ങളൊക്കെ ഒരുമാതിരി ബോറ് പെണ്ണുങ്ങളാ...ഹല്ല പിന്നെ!
----------------------------------------------------
കിട്ടാത്ത മുന്തിരി ഏറെ ഉയരത്തായിരിക്കും!

Tuesday, December 8, 2015

സുപ്രമണി കഥകള്‍ - 05

ലീവിന് വന്ന സുപ്രമണിക്ക് കല്യാണാലോചനകള്‍ മൂന്നാന്റെ കാര്‍മ്മികത്വത്തില്‍ തകൃതിയായി നടന്നു. ഓരോ ദിവസവും വിവിധങ്ങളായ ഫോട്ടോകള്‍ കാണിച്ച് മൂന്നാന്‍ സുപ്രനെ പറഞ്ഞിളക്കി പെണ്ണ് കാണിക്കാന്‍ കൊണ്ട് പോകും. ഫോട്ടോയില്‍ കാണുന്ന ചന്തം പെണ്ണിനില്ലെന്നും പറഞ്ഞ് സുപ്രന്‍ മാഫി സെയിന്‍ എന്നും പറഞ്ഞ് തടി കയിച്ചലാക്കും. അങ്ങിനെ ഒരു ദിവസം മൂന്നാന്‍ സുപ്രുവിനെ കാണിക്കാന്‍ പുതിയ സെറ്റ് ഫോട്ടോയുമായി വന്നു.

“ഇത് ഒരു നടിയുടെ ഫോട്ടോയാ,സൂപ്പര്‍ ഫിഗറാ”

സുപ്രു ഫോട്ടോ വാങ്ങിക്കൊണ്ട് നോക്കിയ ശേഷം, “ സില്‍മാ നടിയാണോ??”

“അല്ല”

“സീരിയല്‍ നടി?”

“അല്ല”

“പിന്നെ നാടക നടിയാണോ?”

“ഈ നടി വാട്സാപ്പിലും ബ്ലൂടൂത്തിലുമാണ് അധികം അഭിനയിച്ചിട്ടുള്ളത്!നല്ല ഭാവാഭിനയമൊക്കെ വശമുള്ള നടിയാ”

സുപ്രനു ദേഷ്യം വന്നു.”എടോ മൂന്നാന്നെ എന്റെ തരത്തിനൊത്ത ഒരു പെണ്ണിനെയാണ് എനിക്ക് വേണ്ടത്, ഒരു സീരിയല്‍ നടിയെ പൊറുപ്പിക്കാന്‍ തന്നെ പാടാ,അപ്പഴാ ഒരു വാട്സാപ്പ് ബ്ലൂടൂത്ത് നടി!”

അന്നും ഒരു പെണ്ണ് കാണല്‍ മഹാമഹം കഴിഞ്ഞ് സുപ്രന്‍ ഒരു നാടന്‍ തട്ടുകടയില്‍ കയറി മൂ‍ക്കറ്റം കഴിച്ച് ഏമ്പക്കവും വിട്ട് വീട്ടിലെത്തി. വീട്ടിലെത്തിയതും സുപ്രന്റെ വയറിനകത്ത് നിന്നും പെരുമ്പറ മുഴങ്ങി.ഇടി വെട്ടി പെയ്യാന്‍ നേരത്ത് മാനത്ത് ഉരുണ്ട് കൂടിയ പോലെ ഒരു കാര്‍മേഘം സുപ്രുവിന്റെ വയറിനകത്ത് ഉരുണ്ട് കൂടി.അധികം താമസിയാതെ അത് ഇടി വെട്ടി പെയ്തിറങ്ങി. ഒരോ മഴ പെയ്ത് തീരുമ്പോഴും സുപ്രന്‍ ക്ഷീണിച്ചവശനായി.ഒന്ന് രണ്ട് ശക്തിയായ മഴ തീര്‍ന്നപ്പോള്‍ സുപ്രു ആകെ ക്ഷീണിതനായി. സഹോദാരിയെ വിളിച്ച് കൊണ്ട് പറഞ്ഞു, “എടീ വല്ലാത്ത വയറ് വേദന, വയറിളക്കത്തിനും കൂടി മരുന്ന് വാങ്ങിച്ച് വരാന്‍ പറ അച്ഛനോട്!” ഇത്രയും പറഞ്ഞ് സുപ്രു വീണ്ടും ശൌച്യാലയത്തില്‍ പോയി.

അച്ഛന്‍ ഗുളികയുമായി വന്നു, രണ്ടെണ്ണം കഴിക്കാന്‍ പറഞ്ഞത് തന്റെ ശക്തിയായ അടിയൊഴുക്ക് കണക്കാക്കി സുപ്രന്‍ നാലെണ്ണം കഴിച്ചു. ഒരു വിധത്തില്‍ കട്ടിലില്‍ കയറിക്കിടന്നു. പക്ഷേ ഗുളിക വയറിലെത്തിയതും ഇടയ്ക്കൊക്കെ ചെറിയ ഇടവേള കിട്ടിയിരുന്ന സുപ്രന്‍ പിന്നെ നോണ്‍ സ്റ്റോപ്പായി. ശൌച്യാലയത്തില്‍ നിന്നും പുറത്ത് വരാതായി. ഇതിലെന്തോ പന്തികേട് മണത്ത സുപ്രുവിന്റെ സഹോദരി അച്ഛനോട് ചോദിച്ചു,

“അച്ഛന്‍ വയറ്റീന്ന് പോക്ക് നിക്കാനുള്ള ഗുളികയാണോ അതോ വയറ്റീന്ന് പോകാനുള്ള ഗുളികയാണോ വാങ്ങിയത്?”

“വയറു വേദനക്കും വയറ്റീന്ന് പോകാനുള്ള ഗുളികയും! എന്തേ?”

സുപ്രുവിന് 6 കുപ്പി ഗ്ലൂക്കൂസ് കയറിയപ്പോഴാണ് ബോധം വന്നത്!

#സുപ്രമണികഥകള്‍

Friday, October 16, 2015

വാഴക്കോടന്‍ ടൂര്‍ കമ്പനി അറിയിപ്പ്!!

ടൂറിന് പോകുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് :

1. ആവശ്യത്തിന് ചിലവിനുള്ള പണം കരുതിയില്ലെങ്കില്‍ കായില്ലാത്തോന്‍
ഇറച്ചിക്ക് പോയ പോലെയാകും.

2. വയറിനനുസരിച്ച് ആഹാരം കഴിച്ചില്ലെങ്കില്‍ കാഴ്ചകള്‍ കാണാനായി നടക്കാന്‍ ബുദ്ധിമുട്ടാവും.

3. മറ്റുള്ളവര്‍ ടൂത്ത് പേസ്റ്റ് കൊണ്ട് വരും എന്ന് കരുതി ബ്രഷ്
മാത്രമായി വന്നാല്‍ പേസ്റ്റ് ലഭിക്കുന്നതല്ല.

4. കുളിക്കുന്ന സ്വഭാവമുള്ളവര്‍ സോപ്പ് സ്വന്തമായി കൊണ്ട് വരണം.

5. ഫെയര്‍ & ലൌലി ബ്രില്‍ ക്രീം എന്നിവ മറ്റുള്ളവരോട് ചോദിക്കുന്നത്
ക്രിമിനല്‍ കുറ്റമാണ്.

6. സ്പ്രേ കടം നല്‍കല്‍ സുന്നത്തില്ല.

7. സ്പീക്കര്‍ ശക്തനെപ്പോലെ കുനിയാന്‍ ബുദ്ധീമുട്ടുള്ളവര്‍
അടിവസ്ത്രത്തിന് ആവശ്യമായ വള്ളികള്‍ പിടിപ്പിക്കുക. സഹായത്തിന് ഡ്രൈവര്‍
ഉണ്ടാകില്ല.

8. കുട്ടികളുള്ള മാതാപിതാക്കള്‍ കുട്ടികളെ കൈവിട്ടു പോകാതെ ശ്രദ്ധിക്കുക. അഥവാ കുട്ടികള്‍ കൈവിട്ടു പോയാലും ടൂര്‍ ഫീസ് നല്‍കേണ്ടതാണ്.

9. ബിരിയാണിക്ക് എക്സ്ട്രാ റൈസ് വാങ്ങുന്നവരും മസാലദോശയുടെ കൂടെ ഉഴുന്ന് വട വാങ്ങുന്നവരും എക്സ്ട്രാ ഫീ നല്‍കേണ്ടി വരും.

10. വാട്ടര്‍ തീം പാര്‍ക്കിലെ വേവ് പൂളില്‍ ഇറങ്ങുന്നവര്‍ ഒരുമിച്ച് ഒരേ
സമയം മൂത്രമൊഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം, വെള്ളപ്പൊക്ക
അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്.

11. ഹോട്ടലില്‍ കയറി ബീഫ് ഫ്രൈ ബീഫ് കറി എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഉള്ളിഫ്രൈ, ഉള്ളിക്കറി എന്ന് പറഞ്ഞാല്‍ മതിയാകും.

12.ടൂര്‍ ബസ് തിരിച്ച് വീട്ടിലെത്തുന്നതിന് മുന്‍പ് ടൂറിന്റെ മുഴുവന്‍ സംഖ്യയും മാനേജരെ ഏല്‍പ്പിക്കേണ്ടതാണ്. പിന്നീട് കുറി പിരിക്കാന്‍ വരുന്ന പോലെ വീട്ടിലേക്ക് വരുന്നതല്ല.

13. ഈ ടൂര്‍ ഉമ്മഞ്ചാണ്ടിയുടെ ഭരണ കാലത്ത് നടക്കുന്നതിനാല്‍ എന്തേങ്കിലും അഴിമതി ടൂറില്‍ നടന്നാലും തെളിവുണ്ടായിരിക്കുന്നതല്ല.

14.ടൂര്‍ മാനേജര്‍ വാഴക്കോടന്റെ സകല ചിലവുകളും മറ്റുള്ള ടൂര്‍ അംഗങ്ങള്‍ എടുക്കേണ്ടതാണ്,  ഇത് ചോദ്യം ചെയ്യുന്നവരെ ബസ്സിന്റെ ഏറ്റവും പുറകിലെ സീറ്റില്‍ ഇരുത്തുന്നതാണ്.

15. ടൂര്‍ സുഗമമായി നടക്കുന്നതിന് വിവിധ പള്ളികളിലും ക്ഷേത്രങ്ങളിലും
നടത്തൂന്ന നേര്‍ച്ച വഴിപാടുകളുടെ ചിലവും ടൂര്‍ ഫീസില്‍ ഉള്‍പ്പെടുത്തിയ
സന്തോഷ വാര്‍ത്ത ഏവരേയും അറീയിക്കുന്നു.

എന്ന്
ടൂര്‍ കമ്മറ്റിക്ക് വേണ്ടി,
മാനേജര്‍
വാഴക്കോടന്‍

Tuesday, September 29, 2015

ന്യൂ ജെന്‍ വാരഫലം


മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും):

പുതിയ മാസം പിറക്കുന്ന ഈയാഴ്‌ച മേടക്കൂറുകാർക്ക് പ്രവർത്തനരംഗത്തും കുടുംബത്തിലും കൂടുതൽ ഫ്രീ വൈഫൈ ലഭിക്കാന്‍ കഴിയും. മനസ്സിനു സ്വസ്‌ഥതയും സമാധാനവും അനുഭവപ്പെടുമെങ്കിലും പോസ്റ്റുകള്‍ക്ക് പ്രതീക്ഷിച്ച ലൈക്കും കമന്റും ലഭിക്കാത്തതില്‍ സങ്കടപ്പെടും. സാമ്പത്തികരംഗത്തു കൂടുതൽ നേട്ടമുണ്ടാക്കാൻ ഫേസ്ബുക്കും വാട്സപ്പും ഡെലീറ്റ് ചെയ്യുന്നതോടെ കഴിയും. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചില സ്ഥലങ്ങളിൽ പോയി കൂട്ടു കാരെ അങ്ങോട്ട് പോയി കാണണം എന്ന് തോന്നും. ചന്ദ്രൻ പന്ത്രണ്ടാംഭാവത്തിൽ വരുന്നതിനാൽ ആണത്. ആഴ്‌ചയിലെ മറ്റു ദിവസങ്ങളിൽ കൂതറ സ്റ്റാറ്റസുകള്‍ക്ക് ആവശ്യത്തിലധികം ലൈക്ക് കിട്ടുന്നതായി അനുഭവപ്പെടും.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

ഈയാഴ്‌ച ഇടവക്കൂറുകാർക്ക് ഫേസ്ബുക്കില്‍ അനുകൂല ഫലങ്ങൾ കണ്ടുതുടങ്ങാൻ സാധ്യതയുണ്ട്. കണ്ടകശ്ശനി തുടരുന്നതിനാൽ സുഹൃത്തുക്കളുമായും മറ്റും ചാറ്റ് ചെയ്യുമ്പോൾ അബദ്ധം പറ്റാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.സ്ക്രീന്‍ ഷോട്ട് എടുത്ത് നാറ്റിക്കാന്‍ സാ‍ധ്യതയുണ്ട്. നിസ്സാര സ്റ്റാറ്റസ്സുകള്‍ക്ക് പൊങ്കാല കിട്ടാന്‍ സാധ്യതയുണ്ട്. എങ്കിലും തൊലിക്കട്ടിയുടെ ബലത്തിലൂടെ കാര്യങ്ങളെ അഭിമുഖീകരിക്കാൻ കഴിയും. കുടുംബഭാവത്തിൽ വ്യാഴം തുടരുന്നതിനാൽ അയല്‍വീട്ടിൽ സന്തോഷവും സമാധാനവും നിലനിൽക്കും.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

 ഈയാഴ്‌ച മിഥുനക്കൂറുകാർക്ക് പൊതുവെ അനുകൂലഫലങ്ങളാണ് എല്ലാ സ്റ്റാറ്റസ്സുകള്‍ക്കും അനുഭവപ്പെടുക. ജോലിയിൽ സ്‌ഥാനചലനത്തിനു സാധ്യതയുണ്ട്. വിചാരിക്കാത്ത ധനനഷ്ടവും ഉണ്ടാകും. വീട്ടിലും ചാ‍റ്റിലും സ്വസ്‌ഥത അനുഭവപ്പെടാന്‍ സാധ്യത കുറവാണ്. വ്യാഴം മൂന്നാം ഭാവത്തിൽ തുടരുന്നതിനാൽ ചില ദിവസങ്ങളിൽ ലൈക്കുകള്‍ വേണ്ടത്ര കിട്ടുന്നില്ലെന്ന തോന്നൽ ഉണ്ടാകും. എങ്കിൽ പോലും തെറി കമന്റുകള്‍ ലഭിക്കുന്നതില്‍ വലിയ തോതിൽ തടസ്സങ്ങൾ ഉണ്ടാകില്ല.

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):

ഈയാഴ്‌ച കർക്കടകക്കൂറുകാർക്കു വീട്ടിൽ നിന്ന് തന്നെ ആവശ്യത്തിലധികം പൊങ്കാല നടക്കും. ആഴ്‌ചയുടെ ആദ്യത്തെ ദിവസം വൈഫൈയുടെ സ്പീഡ് കുറയും. ദൈവാനുഗ്രഹം കൊണ്ട് കൂപ്പണ്‍ ചാര്‍ജ്ജിങ്ങില്‍ എം ബി വേണ്ടത്ര കിട്ടുന്നില്ലെന്ന തോന്നലുണ്ടാകും. ചന്ദ്രൻ അഷ്ടമരാശിയിൽ വരുന്നതിനാൽ ആണിത്. ആഴ്‌ചയുടെ ആദ്യപകുതിയിൽ ലൈക്കുകൾ അനുകൂലമായിരിക്കും പിന്നീട് അക്കൌണ്ട് ഡെലീറ്റ് ചെയ്യുന്നത് വരെ കാര്യങ്ങള്‍ എത്താം. സാമ്പത്തികരംഗത്തു പുതിയ ഉണർവ് കാണപ്പെടാവുന്ന പുതിയ തട്ടിപ്പുകളില്‍ ഏര്‍പ്പെടും. സുഹൃത്തുക്കളിൽ നിന്നു പാരകള്‍ പ്രതീക്ഷിക്കാം.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

കണ്ടകശ്ശനിയും ജന്മവ്യാഴവും തുടരുന്നതിനാൽ ചിങ്ങക്കൂറുകാർക്ക് ഈയാഴ്‌ച പൊതുവെ ഗുണദോഷമിശ്രമായ ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. ചന്ദ്രൻ അഷ്‌ടമരാശിയിൽ വരുന്നതിനാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ലൈക്കും കമന്റും കുറയും. പൊങ്കാല കൂടും. തുടർന്നുള്ള ദിവസങ്ങളിൽ സാമ്പത്തികരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിക്കുക. വിദ്യാർഥികൾക്കു പഠനകാര്യങ്ങളിൽ വിജയം നേടാൻ മുടങ്ങാതെ സ്കൂളിലും കോളേജിലും പോകുക.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
ഈയാഴ്‌ച കന്നിക്കൂറുകാർ ഇടുന്ന സ്റ്റാറ്റസുകളുടെ കാര്യങ്ങളിൽ ഗുണദോഷമിശ്രമായിട്ടായിരിക്കും കമന്റ് അനുഭവപ്പെടുക. പന്ത്രണ്ടാം വ്യാഴം തുടരുന്നതിനാൽ ചെറിയ തോതിൽ തലയ്ക് മന്ദത അനുഭവപ്പെടും. ബുധൻ, വ്യാഴം ദിവസങ്ങളിൽ വിചാരിച്ച കാര്യങ്ങൾ മുഴുവൻ സ്റ്റാറ്റസില്‍ ഉള്‍പ്പെട്ടുത്താന്‍ കഴിഞ്ഞെന്ന് വരില്ല, അഷ്‌ടമരാശിക്കൂറു വരുന്നതിനാൽ ആണിത്. എങ്കിലും ഏതു പ്രതിസന്ധിയിലും ഫേക്ക് ഐഡികളുടെ അനുഗ്രഹം അനുഭവപ്പെടും. സാമ്പത്തികരംഗം മെച്ചപ്പെടാന്‍ എന്തേങ്കിലും തൊഴില്‍ ചെയ്യേണ്ടി വരും.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
ഈയാഴ്‌ച തുലാക്കൂറുകാർക്ക് പ്രവർത്തനരംഗത്ത് നിന്നും കുടുംബത്തില്‍ നിന്നു പോലും അനുകൂലമായി ലൈക്കോ കമന്റോ ലഭിക്കില്ല. ഏഴരശ്ശനി തുടരുന്നതിനാൽ ഫ്രീ വൈഫിയില്‍ ഇടയ്‌ക്കിടെ ചെറിയ തടസ്സങ്ങൾ അനുഭവപ്പെട്ടുകൊണ്ടിരിക്കും. എങ്കിലും അസൂയാലുക്കൾ ഉണ്ടാക്കുന്ന ഈ തടസ്സങ്ങളെ വിജയകരമായി മറികടക്കാൻ കഴിയും. സുഹൃത്തുക്കളിൽ നിന്നു പതിവിലേറെ ഓസിന് ഫുഡ് അടിക്കും.മൊബൈല്‍ താഴെ വീഴാനും പൊട്ടാനും സാധ്യതയുണ്ട്,അതിനാല്‍ കറുത്ത് ഒരു കവര്‍ വാങ്ങി മൊബൈലിനിടുക.

വൃശ്‌ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):
വൃശ്‌ചികക്കൂറുകാർക്ക് ഇടപെടുന്ന കാര്യങ്ങൾ വിജയത്തിലെത്തിക്കാൻ കൂടുതൽ ഫേക്ക് ഐഡികള്‍ ഉണ്ടാക്കേണ്ടിവരുന്ന ദിവസങ്ങളാണിത്. എങ്കിലും കഴിഞ്ഞയാഴ്‌ചത്തേതിനെക്കാൾ ഭേതപ്പെട്ട തെറി കമന്റുക്ളാണ് ഈ ആഴ്ച ലഭിക്കുക. ജോലിരംഗത്തും വീട്ടുകാര്യങ്ങളിലും ശ്രദ്ധിച്ചാല്‍ നാട്ടുകാര്‍ക്ക് സമാധാനം ഉണ്ടാ‍കും. എങ്കിലും കണ്ടകശ്ശനി തുടരുന്നതിനാൽ ദൈവാനുഗ്രഹത്തിനു പ്രത്യേക പ്രാർഥനകളും ദൈവ വചനങ്ങളും ദൈവീക ചിത്രങ്ങളും മറ്റും ഫോര്‍വേഡ്  ചെയ്യേണ്ടി വരും. സാമ്പത്തികബാധ്യതകളിൽ കുറെയൊക്കെ തീർക്കാൻ കടം വാങ്ങേണ്ടി വരും.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):
ധനുക്കൂറുകാർക്ക് ചില ദിവസങ്ങളിൽ കാര്യങ്ങൾ വിചാരിച്ചതുപോലെ നടന്നുകൊള്ളണമെന്നില്ല. അണ്‍ ലിമിറ്റഡ് ഡൌ‍ണ്‍ലോഡ് പിടിപെടുന്നതിനാല്‍ നല്ലൊരു ഡോക്ടര്‍ ബ്രോയെ കാണേണ്ടി വരും. എങ്കിലും വ്യാഴം ഒൻപതാം ഭാവത്തിൽ ഉള്ളതിനാൽ ദൈവാനുഗ്രഹത്തിലൂടെ കാര്യങ്ങളെയെല്ലാം കണ്ട്ട്രോളിലെത്തിക്കാൻ കഴിയും. കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കുന്നതിനാല്‍ ഈ ആഴ്ചയില്‍ കുളിക്കേണ്ടി വരൂം,ജലദോഷം വരാതെ സൂക്ഷിക്കുക. കൊടുക്കാനുള്ള പണം അൽപ്പമെങ്കിലും തിരികെ കൊടുത്താ‍ല്‍ കാലില്‍ പ്ലാസ്റ്റര്‍ ഇടേണ്ടി വരില്ല.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
 ഈയാഴ്‌ച മകരക്കൂറുകാർക്ക് ഫേസ്ബുക്കിലും വാട്ട്സാപ്പിലും നല്ല ഫോര്‍വേഡുകള്‍ പ്രതീക്ഷിക്കാവുന്നത്. എങ്കിലും അഷ്ടമവ്യാഴം തുടരുന്നതിനാൽ ചില ദിവസങ്ങളിൽ വേണ്ടത്ര ക്ലിപ്പുകള്‍ കിട്ടുന്നില്ലെന്നു തോന്നും. പുതിയ ഗ്രൂപ്പിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും. തൊഴിൽ ഇല്ലാത്തവർക്കു സുഹൃത്തുക്കളുടെ സഹായത്തോടെ പുതിയ വാട്ട്സപ്പ് ഗ്രൂപ്പ് അഡ്മിന്‍ തൊഴിലവസരം വന്നുചേരാനിടയുണ്ട്. സാമ്പത്തികകാര്യങ്ങളിൽ പുതിയ ഉണർവ് കാണപ്പെടാന്‍ സര്‍ക്കാര്‍ ഉല്‍പ്പന്നങ്ങള്‍ മറിച്ച് വില്‍ക്കേണ്ടി വരും. ആഴ്‌ചയുടെ ആദ്യദിവസങ്ങളിൽ കൂടുതൽ ഓര്‍ഡറുകള്‍ ആവശ്യക്കാര്‍ക്കെത്തിച്ച് കൂടുതല്‍ നേട്ടമുണ്ടാക്കാൻ കഴിയും.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):
ഈയാഴ്‌ച കുംഭക്കൂറുകാർക്ക് ഇടപെടുന്ന കാര്യങ്ങളിലെല്ലാം പൊതുവെ നല്ല ഊക്കന്‍ തെറികള്‍ പ്രതീക്ഷിക്കാവുന്നത്. ചന്ദ്രൻ അനുകൂലഭാവങ്ങളിലൂടെ സഞ്ചരിക്കുന്നതിനാൽ മനസ്സിന്റെ സ്വസ്‌ഥതയും സമാധാനവും നിലനിർത്താൻ സര്‍ക്കാര്‍ ഔട്ട് ലെറ്റുകള്‍ക്ക് കഴിയും . പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ പാതിരാത്രിയില്‍ മൂലധനം സംഭരിക്കാന്‍ സാധിക്കും. വ്യാഴം ഏഴാംഭാവത്തിൽ തുടരുന്നതിനാൽ എട്ടിന്റെ പണി കിട്ടാന്‍ സാധ്യതയുണ്ട്.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):
മീനക്കൂറുകാർക്ക് പൊതുവെ നല്ല കമന്റുകളും ലൈക്കുകളുമാണ് എല്ലാ പോസ്റ്റിനും ഈയാഴ്‌ച അനുഭവപ്പെടുക. വിചാരിച്ച പെണ്‍ സുഹ്രുത്തുക്കള്‍ മിക്കതും  റിക്വസ്റ്റ് സ്വീകരിക്കും. ആറാം വ്യാഴം തുടരുന്നതിനാൽ ചില ദിവസങ്ങളിൽ ആറ് മണിക്ക് ശേഷം സ്റ്റാ‍റ്റസുകള്‍ ഇടരുത്. അതുകൊണ്ട് ഇടയ്‌ക്ക് ഗ്രൂപ്പ് അഡ്മിനുകളെ വിളിച്ച് സദ്യ നല്‍കുന്നത് നല്ലതാണ്. മനസ്സിന്റെ ഏകാഗ്രത കൂട്ടാൻ സണ്ണിലിയോണിന്റെ ഫോട്ടോ 13 ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്യുക. സാമ്പത്തികരംഗം മെച്ചപ്പെടാനും വിദ്യാർഥികൾക്കു പഠനകാര്യങ്ങളിൽ കൂടുതൽ നേട്ടമുണ്ടാക്കാനും ഇന്റര്‍നെറ്റ് ബില്‍ അടക്കാതിരിക്കുന്നത് ഉത്തമമാണ്.

ജ്യോതിഷ വൈഡൂര്യം വാഴക്കോടന്‍ തയ്യാറാക്കിയത് !

Monday, July 20, 2015

സുപ്രമണി കഥകള്‍ - 3

ആദ്യമായി സുപ്രമണി ഗള്‍ഫില്‍ നിന്നും ലീവിന് നാട്ടില്‍ വന്ന ദിവസത്തെ ഒരു പുലര്‍കാലം. കുഴല്‍കിണര്‍ മാത്രമുള്ള വീട്ടില്‍ ടാങ്കില്‍ വെള്ളം തീര്‍ന്നതും പെട്ടെന്ന് കറണ്ട് പോകുകയും ചെയ്തതിനാല്‍ ശൗച്യാലയകൃത്യത്തില്‍ ഏര്‍പ്പെട്ടിരുന്ന സുപ്രമണി പപ്പുവിന്റെ കല്ലിഞ്ചന്‍ പോലെ ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ നീങ്ങാനാവാതെ വെള്ളത്തിനായി ഓളിയിട്ടു. കറന്റ് വരാതെ ഒരു തുള്ളി വെള്ളം കിട്ടാനില്ലെന്ന് മനസ്സിലാക്കിയ സുപ്രമണി ശൌച്യാലയത്തില്‍ നിന്നും ഗത്യന്തിരമില്ലാതെ കുറച്ച് പേപ്പറിനായി വിളിച്ച് പറഞ്ഞു. ശൌച്യാലയത്തില്‍ നിന്നുള്ള ചങ്ക് പൊട്ടിയ ആ വിളി കേട്ട് സുപ്രമണിയുടെ സഹോദരി അടുക്കളയില്‍ നിന്നും ഒരു തുണ്ട് ന്യൂസ് പേപ്പര്‍ സുപ്രമണിക്കു ചാനലില്‍ ‘ഇപ്പോള്‍ കിട്ടിയ വാര്‍ത്ത‘ കൊടുക്കും പോലെ വാതിലിനടിയിലൂടെ കൊടുത്തു.

അധികം വൈകാതെ ചങ്ക് തകര്‍ന്ന സുപ്രമണിയുടെ നെലോളി കേട്ടാണ് സഹോദരി സൌച്യാലയ വാതിലിന്റെ മുന്നില്‍ നിന്ന് “എന്ത് പറ്റി ഏട്ടാ“ എന്ന് സൌമ്യമായി ചോദിച്ചത്. ഉള്ളില്‍ നിന്നും സുപ്രമണി ആക്രോശിക്കുകയായിരുന്നു.
“നീ എന്ത് പേപ്പറാടീ എനിക്ക് തന്നത്?”

“അത് തങ്കമ്മേടെ വീട്ടിന്ന് മുളക് പൊടി കൊണ്ട് വന്നതാ എന്തേ?“

“എടീ മൂദേവീ ശൌച്യാലയത്തിലിരുന്ന് പേപ്പറ് ചോദിക്കുമ്പോഴെങ്കിലും മുളക്പൊടിയില്ലാത്ത പേപ്പറ് തന്നൂടെടീ? കഴുകാനാണെങ്കി തുള്ളി വെള്ളം പോലുമില്ലല്ലോ ദൈവമേ..”

“അതിപ്പോ മൂട് തുടക്കാനാണെന്ന് ഞാനറിഞ്ഞോ?”

“നിന്ന് കിണുങ്ങാണ്ട് പോയി വെളിച്ചെണ്ണ കുപ്പി എടുത്തിട്ട് വാടീ ഹിമാറെ, വള്ളാഹി ഇവിടുന്ന് ഇറങ്ങിയാല്‍ നിന്നെ ഞാന്‍ മയ്യത്താക്കും“
സുപ്രമണി പിന്നേയും എന്തൊക്കെയോ ദേഷ്യത്താല്‍ പുലമ്പിക്കൊണ്ടിരുന്നു. അപ്പോഴാണ് സുപ്രമണിയെ കാണാതെ അന്വേഷിച്ച് അമ്മാവന്‍ പിന്നാമ്പുരത്ത് എത്തിയത്. ശൌച്യാലയത്തിലാണ് സുപ്രമണി എന്നറിഞ്ഞ അമ്മാവന് പതിവ്പോലെ കോപം വന്നു.
“എടാ സുപ്രൂ നീ ഇത് വരെ ഇറങ്ങിയില്ലെ ഇതിന്റെ ഉള്ളീന്ന്? പെണ്ണ് കാണാനേ സമയത്ത് ചെന്നില്ലെങ്കില്‍ പിന്നെ പെണ്ണ് കിട്ടൂല്ല.മണ്ഡപത്തിലെ കരണ്ട് പോയാ വരെ ഒളിച്ചോടുന്ന പെണ്ണുങ്ങളാ, ഒന്ന് വേഗം ഇറങ്ങി വാ നീ”

അപ്പോഴാണ് വെളിച്ചെണ്ണ ക്കുപ്പിയുമായി സഹോദരി ശൌച്യാലയത്തിലേക്ക് പോകുന്നത് അമ്മാവന്‍ കണ്ടത്. പതിവു പോലെ അമ്മാവന്‍ വീണ്ടും ചൂടായി.
“എങ്ങോട്ടാടി കുപ്പിയുമായിട്ട്? എന്താത്?”

“ഇത് വെളിച്ചെണ്ണ്യാ”

“സുപ്രാ‍ാ‍ാ” അമ്മാവന്‍ അറിയാതെ വിളിച്ചു പോയി.അമ്മാവന്റെ പെര് നാറ്റിക്കാനുണ്ടായ അസുരവിത്താണോ ശൌച്യാലയത്തിലെന്ന് ഒരുവേള കൂണ്ഠിതപ്പെട്ട് അമ്മാവന്‍ ഉമ്മറത്തേക്ക് നടന്നു.

ഉച്ചയ്ക്ക് പപ്പടം കാച്ചാന്‍ വെച്ച എണ്ണ കൊണ്ട് ചന്തികഴുകി സുപ്രമണി ഉമ്മറത്തേക്ക് വന്നു.അമ്മാവന്റെ മുഖത്ത് ഗൌരവത്തോടെയുള്ള ഒരു കള്ളച്ചിരി മാഞ്ഞിട്ടില്ല.അമ്മാവനെ കണ്ടതും സുപ്രമണി കൈഫഹാലക്കല്ലേ എന്ന പതിവു ചോദ്യം ചോദിച്ച് കൊണ്ട് തുടര്‍ന്നു,

“കുളിയൊക്കെ കഴിഞ്ഞതാ, ഇന്നാലും ഇറങ്ങാന്‍ നേരം ഒരു സന്ദേഹം! അത് തീര്‍ക്കാന്‍ പോയതാ”

“പെണ്ണ് കാണാന്‍ പോകുമ്പോ തീര്‍ക്കാന്‍ പറ്റിയ സന്ദേഹം തന്നെ.എന്നാ ഇറങ്ങാം”

പതിവ് പോലെ അമ്മാവനെന്തോ തെറ്റായിധരിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കി സുപ്രമണി പെണ്ണ് കാണാനായി അമ്മാവന്റെ കൂടെ കുറച്ച് ദൂരെയുള്ള ഒരു വീട്ടില്‍ ചെന്നു.
പെണ്ണിനെ സുപ്രമണിക്ക് ബോധിച്ചു, എന്നാല്‍ പെണ്ണും ചെക്കനും സംസാരിക്കട്ടെ എന്ന് പറഞ്ഞ് പതിവു പോലെ അമ്മാവന്‍ സുപ്രമണിക്ക് ഗൌരവത്തോടെ അനുവാദം കൊടുത്തു.

സുപ്രമണിയുടെ ജീവിതത്തിലെ ആദ്യ പെണ്ണ് കാണലാണ്. അല്‍പ്പം വിറയലും അതിലേറെ സുപ്രമണിയുടെ ചങ്കിലെ വെള്ളാം മുഴുവന്‍ വറ്റിയ പോലെ സുപ്രമണിക്ക് തോന്നി. എങ്കിലും ധൈര്യം സംഭരിച്ച് കൊണ്ട് കൊണ്ട് സുപ്രമണി പേര് ചോദിച്ചു.

“ശോഭ”

''ശോഭ സുപ്രു'' നല്ല പേര്, ഇനിയെന്ത് ചോദിക്കും എന്ന് ചിന്തിക്കുന്നതിനിടയില്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ സുപ്രു ഒറ്റചോദ്യാ!
“ഇവിടെ കിണറാണോ കുഴല്‍ക്കിണറാണോ?''

തന്റെ പെണ്ണുകാണല്‍ ജീവിതത്തില്‍ ഇന്നേവരെ നേരിട്ടില്ലാത്ത ആ ചോദ്യത്തിന് മുന്നില്‍ പകച്ച് പോയെങ്കിലും അല്‍പ്പം നാണം ലാസ്യത്തില്‍ സമം ചേര്‍ത്ത് ശോഭ മൊഴിഞ്ഞു,
''കുഴല്‍ കിണറാ''

''അപ്പോ വെള്ളം വന്നില്ലെങ്കില്‍ ഇവിടേം വെളിച്ചെണ്ണ ഉപയോഗിക്കേണ്ടിവരും അല്ലേ ഹഹഹ .......ശോഭ ചിരിക്കുന്നില്ലേ ?''



താലൂക്കാശുപത്രിയില്‍ നിന്നും എത്രയും വേഗം സുപ്രമണിയെ മെഡിക്കല്‍ കോളേജിലെത്തിച്ചാല്‍ ജീവന്‍ രക്ഷിക്കാമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് പറഞ്ഞു!!


Tuesday, July 14, 2015

സുപ്രമണി കഥകള്‍ - 2

ഗള്‍ഫില്‍ നിന്നും ലീവിന് നാട്ടിലെത്തിയ സുപ്രമണി അമ്മയ്ക്കും സഹോദരിക്കും ഡ്രസ്സ് എടുക്കാനായി ഒരു തുണിക്കടയില്‍ കയറി. ഒരു ഗള്‍ഫുകാരന്റെ ലുക്കില്‍ ഒട്ടും കോമ്പ്രമൈസ് ചെയ്യാനാകാത്ത കൂളിങ് ഗ്ലാസും അതിനൊത്ത വേഷഭൂഷാതികളുമായി കടയിലെത്തിയ സുപ്രു അവിടെ നിന്നിരുന്ന ചേച്ചിയോടാ‍യി പറഞ്ഞു,

“ചേച്ചീ പാന്റീസും ബ്രേസിയറുമൊക്കെ ഒന്ന് കാണിച്ചു തരുമോ?”

“ഠേ”
സുപ്രുവിന്റെ കണ്ണിലൂടെ പൊന്നീച്ച പറന്നു,കൂളിങ് ഗ്ലാസ് അത്ക്കും മേലെ. ഒരു വിധം ലെവലായപ്പോള്‍ സുപ്രമണി ദയനീയമായി ചേച്ചിയോട് പറഞ്ഞു,
“ചേച്ചീ കണ്ടാലല്ലേ നല്ല ബ്രാന്‍ഡാണോന്ന് അറിയുള്ളൂ,എന്നിട്ടല്ലേ വാങ്ങാന്‍ പറ്റൂ? അതിനിങ്ങനെ തല്ലണോ?”

കലിപ്പ് തീരാത്ത ചേച്ചി പല്ലിറുക്കിക്കൊണ്ട് സുപ്രുവിനോടായി പറഞ്ഞു,
“തനിക്ക് ഷെഡ്ഡീം ബോഡീം വേണേല്‍ പോയാ സെയിത്സ് ഗേളിനോട് ചോദിക്കടോ, ചേച്ചിയാത്രേ,ഞാന്‍ ചേട്ടനാടോ എരപ്പേ!”

സുപ്രുമണിയെ പിന്നെ കടയില്‍ ആരും കണ്ടവരില്ല!!
 


Copyright http://www.vazhakkodan.com