Sunday, January 24, 2010

നവവരന്മാരേ ‘ഡിസ്ക്‘ ഇളക്കരുത്!

രണ്ട് വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനു ശേഷം ഞാന്‍ നാട്ടില്‍ പോകാന്‍ തീരുമാനിച്ചപ്പോള്‍ എന്നെ ഏറ്റവും വലുതായി അലട്ടിയ പ്രശ്നം ഒരു കല്യാണം കഴിക്കുക എന്നതായിരുന്നു. ഗ്രഹണ സമയത്ത് ഞാഞ്ഞൂളിനും ഗള്‍ഫില്‍ നിന്നും വരുമ്പോള്‍‍ ഗള്‍ഫുകാരനും ചില്ലറ വിലയൊക്കെയുണ്ടെന്ന് കരുതിപ്പോന്ന സമയത്താണ് ഞാനും നാട്ടിലെത്തുന്നത്. വെറ്റിലച്ചെല്ലത്തില്‍ കല്യാണക്കാര്യം എഴുതിയിടുക, പായ പകുതി കീറി “എനിക്കൊറ്റയ്ക്ക് കിടക്കാന്‍ പകുതി പായ മതി” എന്നൊക്കെ പറയാറുള്ള ആ അറു പഴഞ്ചന്‍ ഏര്‍പ്പാടുകള്‍ക്ക് പകരമായി പെങ്ങന്മാര്‍ക്ക് കൈക്കൂലിയിനത്തില്‍ പാരിദോഷികങ്ങള്‍ വാങ്ങിക്കൊടുത്ത് സന്തോഷിപ്പിച്ച്, ആങ്ങളയെ കല്യാണത്തിന് നിര്‍ബന്ധിപ്പിക്കുക എന്ന ഒരു രീതിയാണ് ഞാന്‍ സ്വീകരിച്ചത്. എങ്കിലും നിര്‍ബന്ധം മാത്രം പോരെന്നും മേക്കപ്പിനും ഹെയര്‍ ഡൈക്കുമൊക്കെ വളരെയേറെ പ്രാധാന്യമുണ്ടെന്നും ഞാന്‍ മനസ്സിലാക്കിയ ദിനങ്ങളായിരുന്നു അത്.

മനസ്സില്‍ ഉദ്ദേശിച്ചത് ഉയര്‍ന്നൊരു തറവാടാണെങ്കിലും ഒരു ചെറിയ കുന്നിന്റെ മുകളില്‍ ഉയരത്തിലുള്ള വീട്ടില്‍ നിന്നാണ് ആദ്യ പെണ്ണു കാണല്‍ തരപ്പെട്ടത് തികച്ചും യാദ്യശ്ചികം മാത്രം! പിന്നീട് നടന്നതും യാദ്യശ്ചികം! ആദ്യം കണ്ട പെണ്ണിനെ തന്നെ എല്ലാവരും ചേര്‍ന്ന് ഉറപ്പിച്ചു. ആ പേരില്‍ നാലു പെമ്പിള്ളാരുടെ കയ്യീന്ന് ചായ വാങ്ങിക്കുടിക്കാനുള്ള സാഹചര്യം കൂടി നഷ്ടപ്പെട്ടു. എങ്കിലും ആദ്യം കണ്ട പെണ്ണ് തന്നെ ആദ്യ വധുവായതില്‍ വളരെ സന്തോഷം! (തല്‍ക്കാലം ഈ ബ്ലോഗ് തുടര്‍ന്നും എഴുതണം എന്ന് ആഗ്രഹമുള്ളത് കൊണ്ടും ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് വിലകുറയ്ക്കാനുള്ള തീരുമാനമാനം സര്‍ക്കാര്‍ കൈക്കൊള്ളാത്തത് കൊണ്ടും കൂടുതല്‍ എഴുതാന്‍ നിര്‍വ്വാഹമില്ല. ശത്രുക്കള്‍ പറയുന്നത് പോലെ ബി പി ഉള്ളത് കൊണ്ടല്ല എന്ന് എന്നെ അറിയുന്നവര്‍ കരുതിക്കൂട്ടി വിശ്വസിക്കും എന്ന പ്രത്യാശയാല്‍ ഞാന്‍ കൂടുതലൊന്നും പറയുന്നില്ല.)

അങ്ങിനെയങ്ങനെ ഒരു എപ്രില്‍ രണ്ടാം തിയ്യതി ഞങ്ങളുടെ വിവാഹം നടന്നു. എന്റെ ജാതകപ്രകാരം ഏറ്റവും നല്ല മുഹൂര്‍ത്തം ഏപ്രില്‍ ഒന്നായിരുന്നെങ്കിലും പണിക്കര്‍ക്ക് സമയം ശരിയാക്കാനായി “എവറഡിയുടെ” രണ്ട് പുതിയ ബാറ്ററി വാങ്ങിക്കൊടുത്താണ് കാര്യം ശരിയാക്കിയത്. പഞ്ചസാരയില്‍ ചായല തട്ടിപോയപോലെ ഒരു കോമ്പിനേഷനാണ് ഞങ്ങള്‍ തമ്മിലെന്ന്‍ പലരും പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിയില്ല എന്നാല്‍ ചുടുവെള്ളം ചേര്‍ന്നാല്‍ കട്ടന്‍ ചായയുടെ നിറത്തിലുള്ള പിള്ളാരുണ്ടാകുമോടാ എന്ന് സുഹ്യത്ത് മുത്തു ചോദിച്ചപ്പോള്‍ ശരിക്കും ഞെട്ടി. എങ്കിലും കല്ലും കെ എസ് ആര്‍ട്ടി സി ബസ്സും പോലെ വളരെ ഒരു അടുത്ത ബന്ധം ഞങ്ങള്‍ തമ്മില്‍ ഉണ്ടാകുമെന്നു ഞാന്‍ വെറുതെ ആശ്വസിച്ചു.

ആദ്യത്തെ ഒന്ന് രണ്ടാഴ്ച വിരുന്നും കൂട്ടവുമൊക്കെയായി കഴിഞ്ഞു കൂടി. ഇടയ്ക്കൊന്ന് നാട്ടിലിറങ്ങി കൂട്ട്കാരെ മുഖം കാണിച്ചില്ലെങ്കില്‍ “എന്താടാ ഗള്‍ഫുകാരന്‍ കല്യാ‍ണം കഴിച്ച പോലെ പുറത്തേക്കൊന്നും കാണാനില്ലല്ലോ” എന്ന അപവാദം കേള്‍ക്കാതിരിക്കാന്‍ അന്ന് വൈകീട്ട് കൂട്ടുകാരുടെ കൂടെ ഫുട്ബോള്‍ കളിക്കാന്‍ തീരുമാനിച്ചു. “ചിറക്കണ്ടം’ഗ്രൌണ്ടില്‍ ഗല്‍ഫിനു പോകുന്നതിനു മുന്‍പ് സ്ഥിരമായി കളിക്കാറുണ്ടായിരുന്നു. കളി എന്ന് പറഞ്ഞാല്‍ ഗ്രൌണ്ടിന്റെ ഒരു മൂലയില്‍ ഞാന്‍ നില്‍ക്കും, വല്ലപ്പോഴും പന്ത് കാലുകൊണ്ട് തട്ടിയെങ്കിലായി.അങ്ങിനെ പന്ത് തീരെ കിട്ടാതായിത്തുടങ്ങിയപ്പോള്‍ എന്നെ ഒരു ഗോള്‍ കീപ്പറായി പ്രഖ്യാപിച്ചു,ഞാന്‍ തന്നെ. പിന്നീടുള്ള ഫുട്ബോള്‍ ജീവിതം ഒരു ഗോള്‍കീപ്പറായിട്ടാണു ഞാന്‍ കഴിച്ച് കൂട്ടിയത്.അത് കൊണ്ട്കൂടി അന്നും ഞാന്‍ ഗോളിയായി നില്‍ക്കാന്‍ തീരുമാനിച്ചു. കളി തുടങ്ങി.ഒന്നു രണ്ട് ഗോളൊക്കെ ഞാന്‍ സേവ് ചെയ്തു.അബദ്ധത്തില്‍ കാലില്‍ തട്ടി പുറത്ത് പോയതാണെന്ന് ശത്രുക്കള്‍ പറഞ്ഞ് പരത്തി. വരാന്‍ വെച്ചത് വാഴക്കോട് തങ്ങില്ലല്ലോ,നേരെ ഗ്രൌണ്ടിലേക്ക് തന്നെ വന്നു. ക്യത്യമായി വലത് കണ്ണിന്റെ ഭാഗത്ത് തന്നെ. ആരോ ഗോളാക്കാമെന്ന വെറിയോടെ അടിച്ച പന്ത് എന്റെ കൈകള്‍ എത്തുന്നതിനു മുന്‍പ് ഞാനെന്റെ സ്വന്തം കണ്ണ് കൊണ്ട് തടുത്തു. അല്‍പ്പ നേരത്തിനു എല്ലാവരും ബ്രസീലിന്റെ കളിക്കാരെപ്പോലെ മഞ്ഞ ജേര്‍സിയണിഞ്ഞ് നില്‍ക്കുന്നത് പോലെ തോന്നി.കാരണം അത്രയ്ക്കും ഊക്കിലുള്ള അടിയായിരുന്നു.മുഖത്തിന്റെ ഷേപ്പ് മാറിയോ എന്ന് ഞാന്‍ തപ്പി നോക്കി.എങ്കിലും അധികം വൈകാതെ മുഖത്തിന്റെ ഒരു ഭാഗം ചൈനയുടെ മാപ്പ് പോലെ വികസിച്ച് കൊണ്ടിരുന്നു. എങ്കിലും കളിയുടെ ആവേശത്തില്‍ വേദന മറന്നെന്ന് വരുത്തിത്തീര്‍ത്ത് ഞാന്‍ വീണ്ടും ഗോള്‍പോസ്റ്റില്‍ നിന്നു.

ഗള്‍ഫുകാരന്റെ വീട്ടിലേക്ക് ബന്ധുക്കാര് വിരുന്ന് വരുന്നത് പോലെ ഒന്നിനു പുറകെ ഒന്നായി ബോളുകള്‍ വന്നു കൊണ്ടിരുന്നു. ‘ഇക്കാ ബോള് പിടിക്ക് ട്ടാ” എന്ന് പറഞ്ഞവര്‍ ‘ടാ പിടിക്കടാ’ എന്നും ആവേശത്തില്‍ ടാ %#$@& പിടിക്കടാ എന്ന് വരെ പറഞ്ഞു. എന്നിട്ടും ഗുണമില്ലെന്ന് കണ്ടിട്ടെന്നോണം ‘മുത്തു’ അട്ത്ത് വന്നിട്ട് പറഞ്ഞു, ‘ടാ ഒരു പത്ത് ബോള് വിടുമ്പോ ഒരെണ്ണമെങ്കിലും പിടിച്ചൂടടാ?”
മുത്തുവിന്റെ ആ ഡൈലോഗ് എന്നില്‍ ഉറങ്ങിക്കിടന്നിരുന്ന മ്യഗത്തെ ഉണര്‍ത്തി.വന്യമായ ഒരു ആവേശത്തില്‍ ഉയര്‍ന്ന് വന്ന ബോള്‍ പിടിക്കാനായി ഒരു തവളയെപ്പോലെ ഞാന്‍ കുതിച്ച് ചാടി!
“ക്ടക്’ എന്നൊരു ശബ്ദം ക്യത്യമായി ഞാന്‍ കേട്ടു. അതെന്താണെന്ന് നിലത്ത് അമര്‍ന്ന് നിന്നപ്പോള്‍ മനസ്സിലായി.എന്‍െ ഡിസ്കിനെന്തോ പറ്റിയിരിക്കുന്നു. എനിക്ക് നിന്ന നില്‍പ്പില്‍ നിന്നും പിന്നെ അനങ്ങാന്‍ പറ്റുന്നില്ല. ഒണക്കപ്പുട്ട് അണ്ണാക്കില്‍കുടുങ്ങിയപോലെ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന അവസ്ഥ. സംഗതി എന്തോ പന്തികേടുണ്ടെന്ന് എന്റെ ഭാവാഭിനയിത്തില്‍ നിന്നും നസ്സിലാക്കിയ മോനുവും മുത്തുവും എന്റെയടുത്ത് വന്നു.ഡിസ്ക് തെറ്റിയതാണെന്ന് അവര്‍ക്ക് മനസ്സിലായി. ഉടനെ ആറ്റൂര്‍ എന്ന സ്ഥലത്തുള്ള കുറുപ്പിന്റെയടുത്ത് പോയി ഉഴിഞ്ഞ് ശരിയാക്കാമെന്ന് തീരുമാനിച്ചു.

അവര്‍ രണ്ട് സൈഡിലും നിന്ന് രണ്ട് കാലിന്റെ തുടയില്‍ പിടിച്ച് പൊക്കി. ഞാന്‍ രണ്ട് കൈകൊണ്ടും രണ്ട് പെരുടേയും തോളില്‍കൂടി പിടിച്ചു. അങ്ങിനെ പൊക്കി വണ്ടിയിലേക്ക് കേറ്റാന്‍ പോകുമ്പോഴാണ് “പതിനൊന്ന് ഹംസക്ക” (പതിനൊന്ന് എന്നത് ഇരട്ടപ്പേരാണ്) ഞങ്ങളെ കണ്ടതും ഒരു കണ്ണീചോരയുമില്ലാതെ ചോദിച്ചു,
“എന്തടാ ചെട്ടിയന്മാര് ശവം കൊണ്ടോണ പോലെ ഇവനെ ഇരുത്തിക്കൊണ്ടോണത് ? ഒരു വട്ടക്കെട്ടും നെറ്റീമെ ഒരു ഒറ്റക്കോയിനും കൂടി വെക്കായിരുന്നില്ലെടാ?”
ഹംസക്ക ആയത് കൊണ്ടും എന്റെ ഡിസ്ക് തെറ്റിക്കിടന്നത് കൊണ്ടും അവിടെ ഒരു രക്തദൂഷ്യം ഒഴിവായി.മുത്തുവും മോനുവും കൂടി എന്നെ “നഗരം കാണിക്കലിന്” കാലം ചെയ്ത ബിഷപ്പിനെ ഇരുത്തും പോലെ കാറിന്റെ പിന്‍ സീറ്റില്‍ ഇരുത്തി നേരെ കുറുപ്പിന്റെ അടുത്തെക്ക് പോയി.

റോഡില്‍നിന്നും അല്‍പ്പം ഉള്ളിലേക്ക് മാറിയിട്ടാണ് കുറുപ്പിന്റെ വീട്. വീണ്ടും അവര്‍ എന്നെ ഏറ്റി ഒരു ചെറിയ ഇട വഴിയിലൂടെ നടന്നു. നടക്കുന്നതിനിടയിലാണ് പണികഴിഞ്ഞ് വാഴക്കോടുള്ള മാത എന്ന സ്ത്രീ ആ വഴി വരുന്നത്. മോനുവിനെ കണ്ടതും മാത,
“എന്താ മോന്വോ, ഇയ്യ് അന്തിമൊളെങ്കാവിലെ വേലയ്ക്ക് കാളേനേറ്റാനും പോകുന്നുണ്ടോ?”
അത് കേട്ടതും ചിരി അടക്കാനാവതെ അവര്‍ എന്നെ താഴെ നിര്‍ത്തി.മാതയായത് കൊണ്ടും കണ്ണിനു അല്‍പ്പം തെളിച്ചക്കുരവുള്ളത് കൊണ്ടും ഞാന്‍ വീണ്ടും ക്ഷമിച്ചു. മാത അടുത്ത് വന്നു.
“അല്ല ഇത് നമ്മടെ ഗള്‍ഫ് കുട്യല്ലെ? മാനേ വിരുന്നൊക്കെ കഴിഞ്ഞോ?”
ഞാന്‍ വേദന കടിച്ചമര്‍ത്തി കഴിഞ്ഞു എന്ന് ആംഖ്യം കാണിച്ചു.കൂട്ടുകാരെ തോണ്ടി പോകാമെന്നും പരഞ്ഞു.അവര്‍ വീണ്ടും കാവടിയെടുത്തു പൊക്കി. അത് കണ്ട് മാത വീണ്ടും,
“അല്ലാ മോനെ എന്താ അനക്ക് പറ്റീ?
ഒന്നുമില്ലാ എന്ന് ഞാന്‍ പറയാന്‍ തുടങ്ങീതും മുത്തു നടക്കുന്നതിനിടയില്‍ മാതയോട്,
“അതേ മാതേ, ചെക്കന്‍ ഒന്ന് കളിച്ചതാ!”
“ദേവ്യേ” മാത അറിയാതെ വിളിച്ച് പോയി. പിന്നെ മാത ചോദിച്ചതൊന്നും ഞങ്ങള്‍ കേള്‍ക്കാന്‍ നിന്നില്ല!

കുറുപ്പ് ഉഴിഞ്ഞ് ഒരു വിധം പിടിച്ച് നടക്കാമെന്ന ഒരു പരുവമാക്കിത്തന്നു.തൈലം തെച്ച് രണ്ടാഴ്ച റെസ്റ്റെടുത്താല്‍ ശരിയാകുമെന്നും പറഞ്ഞ് വിട്ടു.അവര്‍ വീണ്ടും എന്നെ വണ്ടിയില്‍ കേറ്റിയിരുത്തി വീട്ടിലേക്ക് വന്നു.മുത്തുവും മോനുവും വീണ്ടും കാവടിയെടുത്തു. ഞങ്ങടെ വരവു കണ്ട് ഉമ്മറത്ത് നിന്ന് ഉമ്മാടെ കമന്റ്!
“മറഡോണയാവാന്‍ പോയ ചെക്കനാ, ചൊമന്നോണ്ട് വരുന്ന വരവു കണ്ടില്ലേ?എന്തായാലും മറഡോണ മരിഡോണ ആവാഞ്ഞത് ഭാഗ്യം! ആ ട്രോഫി ആ കസാരയിലോട്ട് വെച്ചോളിന്‍”
അത് കൂടി കേട്ടപ്പോള്‍ എനിക്ക് ഉടലോടെ വാ പിളര്‍ന്ന് ഒരു ചിക്കെന്‍ ചില്ലി കഴിച്ചാലോ എന്ന് തോന്നി.എങ്കിലും ആ നേരത്ത് ഒരു ഫോണ്‍ ആ ചമ്മല്‍ മറക്കാന്‍ രക്ഷയ്ക്കെത്തി. ഉമ്മ പോയി ഫോണ്‍ എടുത്തു. ഫോണിന്റെ അങ്ങേ തലയ്ക്കല്‍ സൌദിയില്‍ നിന്നും എളാപ്പ (ഉപ്പാടെ അനിയന്‍). ഉമ്മ എളാപ്പ പുത്യാപ്ലയെ ചോദിക്കുന്നു എന്നും പറഞ്ഞ് ഫോണ്‍ എനിക്കു തന്നു.
“ഹലോ ഞാനാ പുതിയാപ്ല,“
“പുതുപെണ്ണില്ലേ അവിടെ?”
“ഉണ്ട് അവള്‍ ഇവിടെയുണ്ട്, സുഖം തന്നെ! പിന്നെ എനിക്കാ സുഖമില്ലാത്തത്”
“നിനക്കെന്തു പറ്റി?”
“ഡിസ്കൊന്ന് തെറ്റി,റെസ്റ്റിലാ”
“ഡിസ്ക് തെറ്റേ, എന്ത് പറ്റി?”
“ഒന്ന് കളിച്ചതാ”
“ഇന്റെ റബ്ബേ, ടാ ആ പെണ്ണിനെന്തേങ്കിലും പറ്റിയോ?”
“പെണ്ണിനോ?” അപ്പോഴാണ് എന്റെ മനസ്സില്‍ ഒരു ലഡുപൊട്ടിയത്, ‘എളാപ്പാ ഞാന്‍ ചിറക്കണ്ടത്തിലു പന്ത് കളിക്കാന്‍ പോയിട്ട് പറ്റിയതാ, രണ്ടാഴ്ച റെസ്റ്റെടുത്താല്‍ ശരിയാകും!”

ഭാഗ്യം അധികം ചോദ്യങ്ങളൊന്നുമില്ലാതെ ആ ഫോണ്‍ കട്ടായി.മുഖത്ത് സങ്കടവും അതിലേറെ ദേഷ്യവുമായി ഭാര്യ എന്നെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു.
“പേരേടെ ഇലയിട്ട് തിളപ്പിച്ച വെള്ളംകൊണ്ട് കുളിക്കാനാ കുറുപ്പ് പറഞ്ഞിരിക്കുന്നത്.ഇത്തിരി വെള്ളം ചൂടാക്യേ മോളെ”
അത് കേട്ട് അവള്‍ എന്നെ നോക്കിയ ആ നോട്ടം കൊണ്ട് ഒരു കിണര്‍ വെള്ളം തന്നെ തിളച്ചേനെ!
വീണ്ടും ഫോണ്‍, ഉമ്മാ ഫോണ്‍ എടുത്തു.
‘ഹലോ ആരാ?’
“ഞാന്‍ ഷെമിയുടെ ഉമ്മയാ, മക്കള്‍ക്ക് സുഖം തന്നെയല്ലേ?”
“സുഖായിരിക്കുന്നു.പിന്നെ ഒരു ചെറിയ വിശേഷം ഉണ്ട്!”
കല്യാണം കഴിഞ്ഞ് രണ്ടാഴ്ചയാകുമ്പോഴേക്കും വിശേഷോ? ഷെമിയുടെ ഉമ്മ ഞെട്ടിക്കാണും,അത് പുറത്ത് കാണിക്കാതെ അവര്‍ ചോദിച്ചു,’എന്ത് വിശേഷം?”
“വിശേഷം പുയ്യാപ്ലക്കാ, രണ്ടാഴ്ച ബെഡ് റെസ്റ്റ് വേണം എന്നാ പറഞ്ഞിരിക്കുന്നത്”
“പ് ധിം”
പിന്നീട് അപ്പുറത്തിന്ന് ശബ്ദമൊന്നും കേള്‍ക്കാണ്ടായപ്പോള്‍ ഉമ്മ ഫോണ്‍ കട്ട് ചെയ്തിട്ട് ഉമ്മ പറഞ്ഞു.
“ എന്തോ വീണ ശബ്ദം കേട്ടു!ഫോണ്‍ കട്ടായി!”

ഉപദേശം: നവവരന്മാരെ നിങ്ങള്‍ ഫുട്ബോള്‍ കളിക്കരുത്, അഥവാ കളിച്ചാല്‍ ഡിസ്ക് തെറ്റരുത്.ഒന്നും ഉണ്ടായിട്ട് പറയുകയല്ലാട്ടോ!

Wednesday, January 13, 2010

കഥകളുടെ പിന്നാമ്പുറങ്ങളില്‍....

“എടീ പിള്ളാരൊക്കെ ഉറങ്ങിയോ?”
“ഓ അവരൊക്കെ ഇന്ന് നേരത്തെ ഉറങ്ങി”
“ഞാനൊരു നോവലെഴുതിയാലോ എന്ന് ആലോചിക്കുകയാ!”
“ഈ വ്യത്തികെട്ട കാര്യം പറയാനാണോ പിള്ളാരുറങ്ങിയോ എന്നൊക്കെ ചോദിച്ചത്?കഷ്ടം!”
“എടീ ഈ നോവലെഴുതുന്നത് അത്ര മോശപ്പെട്ട കാര്യമാണെന്ന് ആരാ നിന്നോട് പറഞ്ഞ്? ഈസ്റ്റ് കോസ്റ്റ് വിജയന്‍ വരെ ‘നോവല്‍‘ എഴുതിയില്ലെ?“
“അയാളെഴുതിയത് നോവലല്ല. നോവലെന്ന ഒരു സിനിമയാ പിടിച്ചത്”
“അതും ഒരു നോവലല്ലെ?”
“അത് നോവലാണോന്നറിയില്ല, പ്രൊഡ്യൂസര്‍ കൂടിയായ അങ്ങേര്‍ക്ക് അതിനു ശേഷം കാശ് പോയതിന്റെ നല്ല നോവലാ ന്നാ പറഞ്ഞ് കേട്ടത്”
“എല്ലാ കഥയും ഹിറ്റാവാത്തപോലെ എല്ലാ സിനിമകളും ഹിറ്റാവില്ല എന്നത് ഒരു പ്രപഞ്ച സത്യമല്ലെ?”
“ഹൊ, ഇതിന് ഇത്രവലിയ സത്യമൊക്കെയുണ്ടോ?സോറി എന്നോട് പൊറുക്കൂ”
“എന്നാ പിന്നെ എന്റെ ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ കൂട്ടിയിണക്കി ഒരു കഥ എഴുതിയാലോ?”
“അതിനു ഒരു കഥ എഴുതണോ? രണ്ട് വാക്കില്‍ ഒതുക്കിക്കൂടെ?“
“രണ്ട് വാക്കിലോ?“
“അതേ, ഭക്ഷണം കഴിക്കല്‍ ഉറങ്ങല്‍, അതല്ലേ രസകരമായ മുഹൂര്‍ത്തം!“
“ഡോണ്ടൂ ഡോണ്ടൂ അത് വേണ്ടാ, ഞാന്‍ പഠിക്കുന്ന കാലത്തെ രസകരമായ മുഹൂര്‍ത്തങ്ങള്‍ എഴുതാന്നാ ഉദ്ദേശിച്ചത്. MBAയ്ക്ക് പഠിക്കുന്ന സമയത്തുള്ള സംഭവങ്ങള്‍...”
“എന്തിനു പഠിക്കുമ്പോ?”
“എടീ കഥയല്ലെ ഒരു വെയിറ്റിന് കിടക്കട്ടെ”
“വെയിറ്റ് മാത്രം പോരല്ലോ ലുക്കും വേണ്ടെ? ഒരു MBA ക്കാരന്‍! കണ്ടാലും പറയും”
“ശരി എന്നാല്‍ BA"
"ഉറങ്ങുന്നതിനു മുമ്പ് അതിന്റെ ഫുള്‍ഫോമും കൂടി പഠിച്ചോളൂ ട്ടോ”
“ഓക്കെ സമ്മതിച്ചു, പത്താം ക്ലാസില്‍ തോറ്റ് പണിയില്ലാതെ നടന്നിരുന്ന കാലം! എന്താ സന്തോഷമായോ? ആ കാലത്ത് സിംഗപ്പൂരിലുള്ള അമ്മാവന്‍ ലീവിനു വരുമ്പോള്‍ എനിക്കൊരു സമ്മാനം തരുന്നു..”
“എവിടത്തെ അമ്മാവന്‍?”
“സത്യായിട്ടും സിംഗപ്പൂര്‍ എന്നാണു പറഞ്ഞത് നീയെന്താ കേട്ടത്?”
“അതല്ല നിങ്ങടെ ഏതമ്മാവനാ സിംഗപ്പൂരില്‍?”
“ഓ ഞാന്‍ മറന്നു,മാറ്റി സിംഗപ്പൂര് മാറ്റി എന്നാ പിന്നെ ദുബായിലുള്ള അമ്മാവനാക്കാം?”
“അതേയ് ദുബൈയ്ക്ക് പോകാന്‍ മിനിമം ഒരു പാസ്പോര്‍ട്ടെങ്കിലും വേണം എന്നാ എന്റെ വിശ്വാസം”
“ശരി എന്നാല്‍ ബോംബയിലുള്ള അമ്മാവന്‍ ഓക്കെ?”
“അമ്മാവനോട് ആരെങ്കിലും ഹിന്ദി അറിയുമോന്ന് ചോദിച്ചാല്‍ വെറുതെ നാണം കെടില്ലെ മനുഷ്യാ?”
“ഹോ നിന്നെക്കൊണ്ട് തോറ്റു,കുന്നംകുളത്തെ പട്ടയമില്ലാത്ത പുറമ്പോക്കില്‍  താമസിക്കുന്ന  അമ്മാവന്റെ കയ്യില്‍ നിന്നും സമ്മാനമായി കിട്ടിയ മോട്ടോര്‍ബൈക്കില്‍ ചെത്തി നടക്കുമ്പോള്‍...”
“അതേയ് അപ്പോ ശരീന്നാ ഞാന്‍ ഉറങ്ങട്ടെ നാളെ മോന് സ്കൂളുള്ളതാ.നിങ്ങള് പണ്ട് അമ്മാവന്റെ കയ്യീന്ന് ഒരു സൈക്കിള്‍ കട്ടോണ്ട് വന്നിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്, മറന്നെങ്കില്‍ ഓര്‍മ്മിപ്പിച്ചു എന്നേയുള്ളൂ.അതൊക്കെ എഴുതിയാ പോരെ?”
“എടീ ഇതൊക്കെ ഒരു കഥയല്ലേ. വെറും സങ്കല്‍പ്പം!”
“കഥയാണെങ്കിലും സങ്കല്‍പ്പമാണെങ്കിലും ഒരു പരിധിയില്ലെ? ഇത്തിരി സത്യസന്ധമായി എഴുതിക്കൂടെ? ഒന്നൂല്ലെങ്കിലും വായനക്കാര്‍ തെറ്റിദ്ധരിക്കില്ലെ?”
“എടീ,യൂ നോ ഈ കഥ എന്നു പറഞ്ഞാല്‍ തന്നെ നുണയാണ്, അപ്പോള്‍ കഥാകാരന്‍ തീര്‍ച്ചായായും നുണയനും!”
“നിങ്ങള്‍ എന്നേയും ഒരു കഥാകാരിയാക്കും! പ്രാര്‍ത്ഥിക്കാന്‍ ഓരോരോ കാരണങ്ങളേ”
“അത് നീ എന്നെ ഒന്ന് ആക്കീതാണല്ലെ? ഓക്കെ ഓക്കെ ദാമ്പത്യ ജീവിതത്തില്‍ ക്ഷമാശീലം ആയുസ്സ് വര്‍ദ്ധിപ്പിക്കും എന്ന് ഞാന്‍ എവിടേയോ കേട്ടിട്ടുണ്ട്. എന്നാല്‍ നിന്റെ ബന്ധുവായ സാബുവിനെക്കുറിച്ചുള്ള കഥകളെഴുതിയാലോ? അതാകുമ്പോള്‍ ഒരു കിടിലന്‍ കഥ തന്നെ എഴുതാം. എന്താ?
“ഏയ് അതൊന്നും വേണ്ട.സാബുവിനെ എല്ലാവരും അറിയുന്നതല്ലേ?”
“അതിനു നമുക്ക് പേരു മാറ്റാം.SABU എന്ന പേരിലെ 'S' എന്ന അക്ഷരം കഴിഞ്ഞ് ഒരു കുത്തിട്ട് തല്‍ക്കാലം S. ABU (അബു) എന്നാക്കാം. അറിയുന്നവര്‍ക്ക് അറിയേം ചെയ്യാം!”
“അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ നിങ്ങടെ സ്റ്റോക്കൊക്കെ തീര്‍ന്നോ മനുഷ്യാ? വെറുതെ കുടുംബക്കാരെ ശത്രുക്കളാക്കണോ?”
“എടീ ഈ കഥകളൊക്കെ ഒരു പുസ്തകമാക്കി ഇറക്കിയാലതിന്റെ റോയല്‍റ്റി കൊണ്ട് നിനക്കും മക്കള്‍ക്കും ജീവിക്കാം!”
“അതേയ് നിങ്ങളില്ലാതെ എന്ത് റോയല്‍റ്റി കിട്ടീട്ട് എന്താ കാര്യം? അവരുടെ കഥയൊക്കെ എഴുതീട്ട് വെറുതെ ലേറ്റ് ആവണോ?”
“എന്തായാലും ഇന്നെഴുതുന്നില്ല.നാളേം സമയമുണ്ടല്ലോ?”
“ഞാന്‍ ഉദ്ധേശിച്ച 'LATE' ന് വേറെ ഒരര്‍ത്ഥം കൂടിയുണ്ട്!”
“ഓഹോ, എടീ അപ്പോ ഞാനെഴുതിയ കഥകളെക്കുറിച്ച് എന്താണ് നിന്റെ അഭിപ്രായം?“
“ഒരു പാതിരാ കൊലപാതകത്തിന്റെ കഥ നല്ല സിനിമയാത്രേ!’
“അതിപ്പോ ഇവിടെ പറയാന്‍ കാര്യം?”
“അല്ല അതിലു പല തരത്തിലുള്ള കൊലപാതകം ഉണ്ടെന്ന് പറയായിരുന്നു”
“നീ അത് എന്നെ ഉദ്ധേശിച്ച് പറഞ്ഞതല്ലെ? എന്നെ മാത്രം ഉദ്ധേശിച്ച്?”
“ഈ ഒരു കുഴപ്പം മാത്രേയുള്ളൂ സത്യം വല്ലതും പറഞ്ഞാ അപ്പോ തെറ്റിദ്ധരിക്കും.നിങ്ങളപ്പോ നോവലെഴുതാന്‍ പോകുവല്ലേ? ഞാന്‍ ഉറങ്ങട്ടെ.ഗുഡ് നൈറ്റ്”
“ഉറങ്ങുന്നതിനു മുമ്പ് എന്റെ കഥയുടെ തുടക്കം വേണേല്‍ കേട്ടോ, പണ്ട് പണ്ട് ഒരുത്തിലൊരുത്തില് ഒരു രാജകുമാരനുണ്ടായിരുന്നു.രാജകുമാരന്‍ കൊട്ടാരത്തില്‍ സന്തോഷത്തോടെ കഴിയുമ്പോള്‍ ഒരു ദിവസം..“
“ആ രാജകുമാരന്റെ കാര്യം പറഞ്ഞപ്പഴാ ഓര്‍മ്മ വന്നത് ‘ബാലരമ‘യിലേക്ക് അയച്ച കഥയും, ‘പൂമ്പാറ്റ‘യിലേക്ക് അയച്ച കവിതയും അവര്‍ തിരിച്ചയച്ചിട്ടുണ്ട് .രാജകുമാരന്റെ പേര് മാറ്റിയാല്‍ മാത്രം കഥ മാറില്ലാത്രെ!”
“ഈശ്വരാ ഈ കഥാകാരന്മാര്‍ എങ്ങിനെ പട്ടിണിയില്ലാതെ ജീവിക്കും !”

Sunday, January 10, 2010

താരത്തിനൊപ്പം: റോയല്‍റ്റിയും അയ്യപ്പ ബൈജുവും!



താരത്തിനൊപ്പം എന്ന ഈ പംക്തിയില്‍ ഇന്ന് ഞാന്‍ പിന്തുടരുന്നത് ഏവര്‍ക്കും പ്രിയങ്കരനായ ശ്രീ അയ്യപ്പ ബൈജു എന്ന കഥാപാത്രത്തെത്തന്നെയാണ്. ഇതില്‍ "ഠോ" എന്ന ശബ്ദം ബൈജുവിന് കിട്ടുന്ന അടിയായും, ഇനിയെങ്ങാനും "ട്ടേ" എന്ന പ്രയോഗം കണ്ടാല്‍ ബൈജു അടിക്കുന്നതായും കണക്കാക്കുമല്ലോ.

താരത്തിനൊപ്പം എന്ന പരിപാടിയിലേക്ക് എല്ലാവര്‍ക്കും സ്വാഗതം!

പതിവു പോലെ കവലയില്‍ ഫിറ്റായി പാട്ടും പാടി നില്‍ക്കുന്നതില്‍ നിന്നും ഈ എപ്പിസോഡും ആരംഭിക്കുന്നു!

“ഓടി വരും ബസ്സുകളില്‍ ചാടിക്കേറും ബൈജു,
കാലു തെറ്റി താഴെ വീഴും അയ്യോ പാവം ബൈജു, സത്യം
അയ്യപ്പ ബൈജു.....അയ്യപ്പ ബൈജു........”

“എടാ ബൈജു ഇനി പാട്ടൊക്കെ പാടണമെങ്കില്‍ റോയല്‍റ്റി കൊടുക്കണം!അറിഞ്ഞോ?“

“പിന്നേ എന്റെ പാട്ട് പിന്നെ നിന്റെ അപ്പന്‍ വന്ന് പാട്വോ? ഒന്ന് പോടാപ്പാ”

“ഠോ“
“ഹമ്മേ, എന്തൊരടിയാടപ്പാ ബൈജൂന് നൊന്തു,ഹൂ”

“പോടാ വീട്ടി പോടാ, അവന്റെ ഒരു പാട്ട്”

“കൊച്ച് പയ്യനാ,ശശി തരൂരാ ന്നാ വിജാരം ട്വിറ്റുവാ... പോടാ പോടാ ഇല്ലെങ്കി നിന്റെ കയ്യീന്ന് ഞാന്‍ മേടിക്കും.(അയാള്‍ പോയതിനു ശേഷം) ഭാഗ്യം അവന്‍ പോയി, ഇല്ലെങ്കില്‍ ഞാന്‍ വിവരമറിഞ്ഞേനെ,  കൊച്ച് പയ്യനാ ജീവിച്ചു പോട്ടെ, നോട്ട് ദി പോയന്റ് ബൈജു ഈസ് ഡീസന്റ്!”

അപ്പോഴാണ് അത് വഴി വന്ന ടിന്റുമോനെ ബൈജു കാണുന്നത്.

“എടാ ടിന്റുമോനെ നീ അപ്പനെ വീട്ടിന്ന് പുറത്താക്കിന്നറിഞ്ഞല്ലോ, എന്താ ചിലവിന് കാശ് ചോദിച്ചാടാ?”

“ചുള്ളന്‍ ഒരു സ്മാളൊന്നും പോരാന്ന്, പൈന്റ് വേണത്രെ! ഞാന്‍ പിടിച്ച് പുറത്താക്കി.എവിടേലും പോയി തെണ്ടി കുടിക്കട്ടെ അല്ല പിന്നെ!”

“ഇതെന്താടാ ടിന്റുമോനെ നിന്റെ കവിളൊത്തൊരു പാട്?“

“ ഓ എന്നാ പറയാനാ ആ ജോസപ്പേട്ടന്റെ മോള്‍ക്കൊരു പാട്ട് പാടിക്കൊടുത്തതാ,“

“ആ ഇപ്പോ റോയല്‍റ്റി ഇല്ലാണ്ട് പാടിയാ പെനാല്‍ട്ടി കിട്ടും, എനിക്കും ദേ ഇപ്പൊ കിട്ടി,സത്യം !നീയേത് പാട്ടാടാ ടിന്റു മോനെ പാടീത്?

“ഇത് റോയല്‍റ്റീം പെനാല്‍റ്റീമൊന്നുമല്ല ഒരു നമ്പറിട്ടതാ, എന്റെ എല്ലാമെല്ലാമല്ലേ, എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ.. എന്ന പാട്ട് ആക്ഷനോട് കൂടി പാടീതാ. ആ പൊട്ടിപ്പെണ്ണിന് ഒന്നും മനസ്സിലായില്ല, പക്ഷേ ജോസപ്പേട്ടന് ക്യത്യമായി മനസ്സിലായി.പിന്നെ കളരി അറിയാവുന്നത് കൊണ്ട് ഇത്രയേ പറ്റിയുള്ളൂ”

“കൊച്ചു മിടുക്കാ! നിനക്ക് കളരി അറിയാമോ ?”

“എനിക്കല്ല ഗെഡീ ജോസപ്പേട്ടന്. മര്‍മ്മം ഒഴിവാക്കി ഒഴിവാക്കി അവസാനം ജോസപ്പേട്ടന്‍ കവിളത്തൊരു നുള്ള്! അപ്പോ ശരി ഗെഡീ വൈകീട്ട് ഷാപ്പില്‍ കാണാം”

“നീയിതെവിടെക്കാടാ ടിന്റൂ തിരക്ക് പിടിച്ചിട്ട്, രണ്ട് കവിളൂടെ സംസാരിച്ചിട്ട് പോകാടാ,എനിക്ക് സംസാരിച്ച് കൊതി തീര്‍ന്നില്ലെടാ സത്യം”

“ഏയ് അത് ശരിയാവില്ല, ടി വിയില്‍ കാശ്മീര്‍ ഭീകരാക്രമണത്തിന്റെ ലൈവ് ടെലികാസ്റ്റുണ്ട്. ഇപ്പോ പോയില്ലെങ്കില്‍ പിന്നെ രാത്രി ഹൈലൈറ്റേ കാണാന്‍ പറ്റൂ, ഓക്കേ അപ്പോ വൈകീട്ട് കാണാം!”

“ഓക്കെ, നല്ല പയ്യനാ ഒരു മകളുണ്ടായിരുന്നെങ്കില്‍ കെട്ടിച്ച് കൊടുക്കായിരുന്നു, ബ്ലഡി ഫൂള്‍,
.....അയ്യപ്പ ബൈജൂ...അയ്യപ്പ ബൈജു..സാമി അയ്യപ്പ ബൈജൂ..അയ്യപ്പ ബൈജു...,
അല്ല നമ്മുടെ തമ്പാനൂര്‍ ശാന്തയും മകളുമല്ലേ വരുന്നത്,

“ചേച്ചീ ജസ്റ്റ് വണ്‍ മിനിറ്റ് പ്ലീസ്, ഇന്ന് ഷോ ഉണ്ടോ? ഒന്ന് കാണാന്‍ ?”

“ഠോ”  മോള്‍ക്ക് എസ്സെമ്മെസ്സ് കുറാവാന്നും പറഞ്ഞ് ആ ചാനലുകാര് പുറത്താക്കീട്ട് ഡോക്ടറെ കാണിക്കാന്‍ പോകുമ്പോഴാ അവന്റെ ഒരു ഷോ”

“ഹു പെങ്ങള് തെറ്റിദ്ധരിച്ചിട്ടാണെങ്കിലും അടി മിസ്സായില്ല,  മിനിമം തങ്കമ്മേടത്ര എസ്സമ്മെസ്സെങ്കിലും  ഇല്ലെങ്കില്‍ ചാനലുകാര് പുറത്താക്കും,നോട്ട് ദി പോയന്റ്,  ഓക്കെ ജസ്റ്റ് റിമംബര്‍ ദാറ്റ്, വന്ന് വന്ന് എസ്സെമ്മെസ്സുള്ളവര്‍ക്കേ ചാനലില്‍ നിലനില്‍പ്പുള്ളൂ എന്നായിരിക്കുന്നു. പുവര്‍ ഗേള്‍സ്..

അപ്പോള്‍ അത് വഴി വന്ന ബൈജുവിന്റെ ഒരു കൂട്ടുകാരില്‍ ഒരാള്‍,
“എടാ ബൈജു നിന്നെ ക്യസ്തുമസിന്റെ രണ്ട് ദിവസം മുന്‍പ് തൊട്ട് കാണാനില്ലാന്ന് കേട്ടല്ലോ എവിടായിരുന്നു?

“സത്യാ, ഞാന്‍ ചാലക്കുടീ പോയി, ഞാന്‍ ചെന്നില്ലെങ്കി അവരുടെ ഒന്നാം സ്ഥാനം പോകും എന്നും പറഞ്ഞ് ഒരു ഗെഡി കൊണ്ടോയതാ. എന്നാ പിന്നെ ന്യൂ ഇയറിന്റെ ഒന്നാം സമ്മാനം കൂടി വാങ്ങീട്ട് പോയാ മതീന്ന് അവര്‍ക്കൊരേ നിര്‍ബന്ധം! എന്നാ പിന്നെ അതും കഴിഞ്ഞിട്ട് വരാമെന്ന് വെച്ചു“

“വാര്‍ത്തകളൊക്കെ ചാനലില്‍ നിന്നും അറിഞ്ഞു, കുടിച്ച സാധനങ്ങളുടെ ബ്രാന്‍ഡ് തിരിച്ചുള്ള കണക്ക് വരെ അവര്‍ പുറത്ത് വിട്ടു,  ‘ചാലക്കുടി കണ്ടവന് കള്ള് ഷാപ്പും വേണ്ടാ‘ എന്നാത്രെ പുതിയ ചൊല്ല്!“

“കറക്റ്റ്, കൊട് കൈ! അല്ലടാ നിന്റെ ഗാനമേള ട്രൂപ്പ് പിരിച്ച് വിട്ടു എന്ന് പറഞ്ഞ് കേട്ടല്ലോ എന്താ പ്രശ്നം? ഞാന്‍ ഇടപെടണോ?”

“ഓ വേണ്ടടാ ബൈജു, ഇനി പുതിയ പാട്ടൊന്നും 5 വര്‍ഷത്തിന് പാടാന്‍ പറ്റില്ലാന്നാ പുതിയ നിയമം, മാത്രല്ല ഓരോ പാട്ടിനും ഇനി റോയല്‍റ്റി കൊടുക്കണം. അതൊക്കെ കൊടുത്തിട്ട് ഒരു ട്രൂപ്പ് കൊണ്ട് നടക്കാന്‍ എളുപ്പമല്ലടാ.ഗാനഭൂഷണം പാസായത് കൊണ്ട് ഈ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനുള്ള കുട്ടികള്‍ പാട്ടു പഠിപ്പിക്കാന്‍ ഉള്ളത് കൊണ്ട് എനിക്ക് കുഴപ്പമില്ല.പക്ഷേ ആ തബല വായിക്കണ ബാലനും, ഗിറ്റാറിസ്റ്റ് സോമനുമൊക്കെ വാര്‍ക്കപ്പണിയ്ക്ക് പോകുവാടാ. അവര്‍ക്കും കുടുംബം പോറ്റണ്ടെ ബൈജു?

“ശരിയാ, ഓ സി യാര്‍ അടിക്കുന്നവന് എന്നും ഓ സിയാര്‍ തന്നെ, സ്കോച്ചടിക്കുന്നവന് ഡബിള്‍ സ്കോച്ചടിക്കാന്‍ സഹായിക്കാനാ എല്ലാ സര്‍ക്കാരിനും താല്പര്യം. ഇനിയെങ്ങാനും വാള് വെക്കാന്‍ പഠിപ്പിച്ച ആശാന്മാര്‍ റോയല്‍റ്റി ചോദിക്കുമോ ന്നാ എന്റെ പേടി ! എന്റെ അയ്യപ്പ സാമീ ആ ചാലക്കുടിക്കാരെ കാത്തോളണേ.അടുത്ത റെക്കോര്‍ഡും ചാലക്കുടിക്കാര്‍ക്കാവണേ....“

“ഠോ” ഇവിടെ അടുത്ത റെക്കോര്‍ഡ് അടിച്ചെടുക്കാന്‍ സ്വാഗത സംഘം വരെ രൂപീകരിച്ച് പ്രാക്ടീസ് നടത്തുമ്പഴാ അവന്റെ ചാലക്കുടിക്കാര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന!”

“ട്ടേ , ട്ടേ , ട്ടേ” സ്വാഗത സംഘത്തിന്റെ പ്രസിഡന്റാക്കാന്‍ യോഗ്യതയുള്ള ഞാന്‍ അറിയാണ്ട് അവന്റെ ഒരു കമ്മറ്റി! പോടാ പോടാ ഷാപ്പീ പോടാ പ്രാക്ടീസ് ചെയ്യാന്‍ ! ഞാന്‍ രാവിലെതന്നെ സാധകം ചെയ്തതാ!സത്യം


Saturday, January 2, 2010

കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!

നമസ്കാരം! കേരളാ വിഷന്റെ ന്യൂസ് വാച്ചിലേക്ക് സ്വാഗതം
പ്രധാന സംഭവങ്ങളുമായി സുകേഷ് കുമാര്‍ നിങ്ങളോടൊപ്പം ! പ്രധാന സംഭവങ്ങള്‍!
കേരളത്തിലെ പട്ടികള്‍ കലണ്ടറില്‍ നോക്കാതെ തന്നെ കന്നി മാസാരംഭം വളരെ ഗംഭീരമായി ആഘോഷിച്ചു.ഇന്നലെ മാത്രം 50 പട്ടികളാണ് കന്നിമാസത്തെ വരവേല്‍ക്കാനായി മാത്രം ഇണ ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം 30 പട്ടികള്‍ മാത്രം ഇണ ചേര്‍ന്ന് ആഘോഷിച്ച കന്നിമാസാരംഭം ഈ വര്‍ഷം ഇരട്ടിയോളം ഉയര്‍ന്നു എന്നുള്ളത് വളരെ ഉത്കണ്ഠയോടെയാണ് നോക്കിക്കാണുന്നതെന്ന് കേരളത്തിലുള്ള ഓരോ പഞ്ചായത്ത് പ്രസിഡന്റ് മാരും ചൂണ്ടിക്കാട്ടി. പട്ടിപിടുത്തം വളരെ സമഗ്രമായി നടപ്പാക്കിയിട്ടും ഇത്രയധികം പട്ടികള്‍ കന്നിമാസ ആഘോഷങ്ങളില്‍ ഇണചേര്‍ന്ന് പങ്കെടുത്തതിനെ കുറിച്ച് അന്വേഷിക്കണമെന്ന് പല കോണില്‍ നിന്നും ആവശ്യമുയര്‍ന്നു.
ഈ വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ ഞങ്ങളുടെ ലേഖകന്‍ സനീഷ് ഇപ്പോള്‍ ചാലക്കുടിയില്‍ നിന്നും നമ്മോടൊപ്പം ചേരുന്നു.
സുകേഷ്: സനീഷ് കേള്‍ക്കാമെങ്കില്‍, ഇപ്രാവശ്യവും ചാലക്കുടിയിലാണോ ഏറ്റവും കൂടുതല്‍ പട്ടികള്‍ കന്നിമാസം ആഘോഷിച്ചത്? എന്താണ് കൂടുതല്‍ വിവരങ്ങള്‍?

സനീഷ്: ഇപ്പോള്‍ ലഭ്യമായ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ പട്ടികള്‍ കന്നിമാസം ആഘോഷിച്ചത് ചാലക്കുടിയിലാണെന്നു പറയാം, എങ്കിലും ചാലക്കുടി പാലത്തിനടിയിലും ഇടവഴികളിലും മറ്റും അഘോഷം നടത്തുന്ന പട്ടികളുടെ ക്യത്യമായ കണക്കുകള്‍ ലഭ്യമല്ല.എങ്കിലും നമ്മുടെ ക്യാമറാ സംഘം ഒളിക്യാമറയുമായി ആ ദ്യശ്യങ്ങള്‍ പകര്‍ത്താന്‍ പോയിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ ഉടനെ ലഭ്യമാകും, സുകേഷ്

സുകേഷ്: ഏതൊക്കെ തരം പട്ടികളാണ് അഘോഷത്തില്‍ പങ്കെടുത്തതെന്ന് വല്ല കണക്കും ഉണ്ടോ സനീഷ്?

സനീഷ്: ഏറ്റവും കൂടുതല്‍ ചൊക്ലിപട്ടികള്‍ എന്ന ബ്രാന്‍ഡില്‍ പെടുന്ന നാടന്‍ പട്ടികളാണ് ആഘോഷത്തില്‍ പങ്കെടുത്തത്.ഇത് 28 ശതമാനത്തോളം വരും. കഴിഞ്ഞ വര്‍ഷം ഇത് 22 ശതമാനം മാത്രമായിരുന്നു. തൊട്ടടുത്ത് തന്നെ അല്‍സേഷന്‍ പട്ടികളും ഉണ്ട്. ഇത് ഏകദേശം 18 ശതമാനം വരും. പിന്നെ വളരെ ഉയര്‍ന്ന നിലയിലുള്ള ജെര്‍മ്മന്‍ ഷെപ്പേര്‍ഡ് തുടങ്ങിയ പട്ടികള്‍ ഈ വര്‍ഷവും വളരെ കുറച്ച് മാത്രമേ അഘോഷത്തില്‍ പങ്കെടുത്തുള്ളൂ.ഇത് കഴിഞ്ഞ വര്‍ഷവും വളരെ കുറവായിരുന്നു.ഇത് വളരെ ആശങ്കാ ജനകമാണ്.

സുകേഷ്: അത് പോലെ നിരോധിത മേഘലയില്‍ വെച്ച് പല പട്ടികളും അഘോഷം നടത്തി എന്ന് റിപ്പോര്‍ട്ടുകളുണ്ടല്ലോ, വല്ല നടപടികളും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായോ?

സനീഷ്: അതെ വളരെ രഹസ്യമായി ഞങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് അത് കണ്ടു പിടിച്ചത്. നമ്മുടെ ക്യാമറാ മാന്റെ പട്ടിയെ നിരോധിത മേഘലയിലേക്ക് തുറന്ന് വിടുകയും ഞങ്ങള്‍ ഒളിക്യാമറയുമായി പിന്‍ തുടരുകയുമായിരുന്നു.ആ മേഘലയില്‍ വളരെയധികം അഘോഷം നടക്കുന്നതായി ഞങ്ങള്‍ക്ക് എക്സ്ക്ലൂസീവ് ദ്യശ്യങ്ങള്‍ ലഭിച്ചതാണ് നമ്മള്‍ അല്‍പ്പം മുന്‍പ് പുറത്ത് വിട്ടത്. ഇതിനു ശേഷം മഫ്ടിയിലെത്തിയ പോലീസ് അവിടം റെയിഡ് ചെയ്യുകയും അനധിക്യതമായി അഘോഷം നടത്തിയ രണ്ട് മൂന്ന് നായകളെ പിടികൂടുകയും ചെയ്തു.

സുകേഷ്: കേരളത്തിലെ 50ല്‍ പരം പട്ടികള്‍ ആഘോഷിച്ചു എന്ന് പറയുമ്പോള്‍ ഈ ആഘോഷത്തില്‍ പങ്കെടുത്തത് കേരളത്തിലുള്ള പട്ടികള്‍ മാത്രമാണോ? മറ്റ് സംസ്ഥാനത്ത് നിന്നും ആഘോഷിക്കാന്‍ എത്തിയ പട്ടികളും ഈ കണക്കില്‍ ഉള്‍പ്പെടുമോ?

സനീഷ്: അന്യ സംസ്ഥാനത്ത് നിന്നും തീറ്റ തേടിയെത്തിയ നാടന്‍ പട്ടികള്‍ ഈ കണക്കുകളില്‍ പെടും.ചൊക്ലിപട്ടികളുടെ ഉയര്‍ന്ന ശതമാനം അതാണ് കാണിക്കുന്നത്. എങ്കിലും ആ പട്ടികളും കേരളത്തിലെ പട്ടികള്‍ കുരയ്ക്കുന്നത് പോലെ കുരയ്ക്കുന്നതിനാല്‍ അവരേയും കേരളത്തിലെ പട്ടികളായിട്ട് തന്നെയാണ് നമ്മള്‍ കണക്കാക്കിയിരിക്കുന്നത്. മാത്രമല്ല ആ പട്ടികളുടെ കണക്കുകള്‍ കൂടി ചേര്‍ന്നാലേ ഇതിന് വര്‍ദ്ധനവുണ്ടായി എന്ന് പറയാന്‍ പറ്റൂ.

നന്ദി സനീഷ് കൂടുതല്‍ വിവരങ്ങള്‍ക്കായി ഉടനേ ബന്ധപ്പെടാം, ഈ വിഷയത്തില്‍ പ്രതികരിക്കാനായി ബൂലോകത്ത് നിന്നും വാഴക്കോടന്‍ ഇപ്പോള്‍ നമ്മോടൊപ്പം ചേരുന്നു.
ഹലോ വാഴക്കോടന്‍ കേള്‍ക്കാമോ?

വാഴ: ചെറുപ്പം മുതലേ കേള്‍ക്കാം..

സുകേഷ്: ഈ വിഷയത്തെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം. ഈ ആഘോഷങ്ങളില്‍ ഇത്രയധികം പട്ടികള്‍ ഇങ്ങനെ ഇണ ചേരുന്നത് ആശങ്കാ ജനകമല്ലെ?

വാഴ: പട്ടിക്കാട്ട് പട്ടി പത്ത് പെറ്റാലും അത് വാര്‍ത്തയാക്കി സ്പോണ്‍സര്‍ ചെയ്യാന്‍ ആളുകളുള്ളപ്പോള്‍ ഇത്തരം വാര്‍ത്തകള്‍ പ്രാധാന്യം നേടുന്നതില്‍ അത്ഭുതമില്ല.എങ്കിലും ഇത്തരം കണക്കുകള്‍ പുറത്ത് വിട്ടത് കൊണ്ട് പട്ടികള്‍ ഈ സ്വഭാവം മാറ്റാന്‍ പോകുന്നില്ല എന്ന് മാത്രമല്ല അടുത്ത കന്നിമാസവും ക്യത്യമായി കലണ്ടര്‍ നോക്കാതെ ആഘോഷിക്കുകയും ചെയ്യും. വന്ധ്യംകരണം പോലുള്ള പരിപാടികള്‍ ഫലപ്രദമാണെങ്കിലും മ്യഗസ്നേഹികള്‍ കാമിലാരി പോലെയുള്ള ഇടപെടലുകള്‍ നടത്തുന്നത് ഈ വര്‍ദ്ധനയ്ക്ക് മറ്റൊരു പ്രധാന കാരണമാണ്.

സുകേഷ്: അപ്പോള്‍ ഇതൊരു സ്വാഭാവിക പ്രതിഭാസം മാത്രമാണെന്നാണോ പറയുന്നത്?

വാഴ: പിന്നല്ലാതെ കന്നിമാസം പിറന്നാല്‍ പിന്നെ പട്ടികള്‍ വേറെ എങ്ങിനേയാണ് ആഘോഷിക്കേണ്ടത്?ആ ആഘോഷവും നിങ്ങള്‍ തീരുമാനിക്കുന്നത് പോലെയാകണം എന്ന മുന്‍ വിധിയോടെ വാര്‍ത്തകളെ സമീപിക്കുന്നതാണ് തെറ്റ്. ഇവിടെ കന്നിമാസം വന്നാല്‍ പട്ടികള്‍ ആഘോഷിക്കട്ടെ! അതില്‍ എത്ര പട്ടികള്‍ ഇണ ചേര്‍ന്നു എന്നന്വേഷിച്ച് ഒരു സാമാന്യവല്‍ക്കരണം നടത്തിയും വസ്തുതകള്‍ക്ക് നിരക്കാത്ത കണക്കുകള്‍ നിരത്തിയും അവതരിപ്പിക്കുന്ന നിങ്ങളുടെ വാര്‍ത്തകളാണ് നിര്‍ത്തേണ്ടത്.

സുകേഷ്: വാഴക്കോടനുമായുള്ള ബന്ധത്തില്‍ തകരാറ് സംഭവിച്ചിരിക്കുന്നു, ചര്‍ച്ചയില്‍ പങ്കെടുത്തതിനു നന്ദി.കൂടുതല്‍ വിവരങ്ങളുമായി സനീഷ് ഇപ്പോല്‍ വീണ്ടും ലൈനിലുണ്ട്, സനീഷ് എന്താണ് ഏറ്റവും പുതിയ വിവരങ്ങള്‍?

സനീഷ്: നമ്മുടെ ക്യാമറാ മാന്റെ പട്ടി ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയിട്ട് തിരിച്ചെത്തിട്ടില്ല, മിസ്സിങ്ങാണ്. മാത്രമല്ല ഈ പട്ടി തടിയന്റ‘വിടന്‍‘ നസീര്‍ എന്നയാളുടെ വീടിന്റെ പറമ്പിലൂടെ ഓടിയതിനാല്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ പിടിയിലായതായും സ്ഥിരീകരിക്കാത്ത  വാര്‍ത്തകളുണ്ട്.എന്നാല്‍ ഈ പട്ടിയെ കാഫിയാ മദനി എന്ന സ്ത്രീ ഒളിപ്പിച്ചിരിക്കാം എന്നാണ് പോലീസ് നല്‍കുന്ന സൂചന. കൂടുതല്‍ വിവരങ്ങളുമായി ഉടനെയെത്താം.

സുകേഷ: നന്ദി സുകേഷ്, കാഫിയാ മദനിയുടെ കൂടുതല്‍ വിവരങ്ങള്‍ ഉടനേ എത്തിക്കുക.ഇനി മറ്റൊരു വാര്‍ത്തയിലേക്ക്......
 


Copyright http://www.vazhakkodan.com