Sunday, January 30, 2011

പഞ്ചകര്‍മ്മ പുരാണം - ഭാഗം ഒന്ന്

ഇതൊരു പുരാണമാണ്,സാക്ഷാല്‍ പഞ്ചകര്‍മ്മ പുരാണം. ഇതിവിടെ തുടങ്ങി ഒരു മെഗാ സീരിയല്‍ പോലെ നീണ്ട് വളര്‍ന്ന് എവിടെച്ചെന്ന് അവസാനിക്കും എന്ന് ഇപ്പോള്‍ പറയാനാവില്ല, എങ്കിലും ഇതിനൊരു അവസാനമുണ്ട് എന്നതാണ് ഈ പുരാണത്തിന്റെ ആദ്യ പ്രത്യേകത.ഈ പുരാണത്തെക്കുറിച്ച് ആധികാരികമായി പറയുകയാണെങ്കില്‍ ബൈ ദി ബൈ അങ്ങിനെയൊന്നില്ല. ഇത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വണ്‍ സ് അപോണ്‍ എ റ്റൈം ഫുഡ്ബോള്‍ കളിക്കാന്‍ പോയി ഡിസ്ക് തെറ്റിയ ഒരു കഥ നിങ്ങള്‍ കേട്ടിരുന്നല്ലൊ! ഒരു കണക്കിന് പറഞ്ഞാല്‍ ഈ പുരാണം അതിന്റെ ഒരു തുടര്‍ച്ചയാണ്. പിന്നീട് ഞാന്‍ അന്നുഭവിച്ച ഒരു മാസത്തെ ആശുപത്രി ജീവിതം! ചെറുതുരുത്തിയിലെ കേന്ദ്ര സര്‍ക്കറിന്റെ കീഴിലുള്ള പഞ്ചകര്‍മ്മ അയുര്‍വേദിക് റിസര്‍ച്ച് സെന്റര്‍,‘പഞ്ചകര്‍മ്മ’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന  ആയുര്‍വേദ ആശുപത്രിയിലാണ് സംഭവ ബഹുലമായ ഈ പുരാണം അരങ്ങേറുന്നത്. ഇനി കുറച്ച് ദിവസത്തേയ്ക്ക് ഞാന്‍ നിങ്ങളെ പഞ്ചകര്‍മ്മയിലേക്ക് ക്ഷണിക്കുന്നു.സ്വാഗതം... പഞ്ചകര്‍മ്മയിലേക്ക്.... പഞ്ചകര്‍മ്മ പുരാണത്തിലേക്ക്!

കുറുപ്പിന്റെ ഉഴിച്ചല്‍ ചികിത്സ കൊണ്ടും എന്റെ പരിപൂര്‍ണ്ണമായ റെസ്റ്റ് കൊണ്ടും ഞാന്‍ പൂ‍ര്‍വ്വാധികം ശക്തിയായി ഉയിര്‍ത്തെഴുന്നേറ്റു.പിന്നീടവിടന്ന് എല്ലാ കാര്യത്തിനും ചക്കക്കൂ‍ട്ടാന്‍ കണ്ട ഗ്രഹണിപ്പിള്ളാരെപ്പോലെ ഒരാര്‍ത്തിയായിരുന്നു.നീട്ടി വെച്ചിരുന്ന കല്യാണ സല്‍ക്കാരങ്ങളും വിരുന്നുകളും തകൃതിയായിത്തന്നെ പുനരാരംഭിച്ചു.ഞാന്‍ റെസ്റ്റിലാണെന്ന് കരുതി വിരുന്ന് വിളിക്കാന്‍ മറന്നവരെ അങ്ങോട്ട് വിളിച്ച് വിരുന്നിന് എത്താമെന്ന് അറിയിച്ചു. വിരുന്ന് തരാതെ അവര്‍ക്കൊരു വൈക്ലഭ്യം വേണ്ട എന്ന് കരുതി മാത്രം!അല്ലാതെ വിരുന്ന് സദ്യയോര്‍ത്ത് കൊതിയായിട്ടൊന്നുമല്ല എന്ന് നിങ്ങള്‍ക്ക് മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു.ഒടുവില്‍ എല്ലാ സുഖ സൌഭാഗ്യങ്ങള്‍ക്കും അവധി പറഞ്ഞ് കൊണ്ട് ഞാന്‍ തിരിച്ച് ഗള്‍ഫിലേക്ക് പറന്നു.എയര്‍പോര്‍ട്ടില്‍ നിന്നും പലവട്ടം തിരിച്ച് വീട്ടിലേക്കോടിപ്പോകാന്‍ മനസ്സ് പറഞ്ഞെങ്കിലും സുരക്ഷിതമായ ഒരു ഭാവിയെയോര്‍ത്ത് എല്ലാം സഹിച്ചു,ക്ഷമിച്ചു.

തുടര്‍ന്ന് ഒരഞ്ച് വര്‍ഷക്കാലം ഒരു സാധാ ഗള്‍ഫ്കാരനെപ്പോലെ മുന്നോട്ട് നീങ്ങി.കുറുപ്പിന്റെ ചികിത്സയുടെ ഗ്യാരണ്ടി പതിയെ തീര്‍ന്ന് വരുന്ന പോലെ എനിക്ക് തോന്നി.എനിക്ക് ശക്തമായ പുറം വേദന ആരംഭിച്ചു.എവിടേയും അഞ്ച് മിനിറ്റില്‍ കൂടുതല്‍ ഇരിക്കാന്‍ വയ്യാത്ത അവസ്ഥ. മൂലക്കുരു ഉള്ളവര്‍ക്ക് മാത്രമല്ല പുറം കടച്ചില്‍ ഉള്ളവര്‍ക്കും ഇരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അന്ന് ഞാ‍ന്‍ മനസ്സിലാക്കി.ഗള്‍ഫിലെ സര്‍വ്വരോഗ സംഹാരിയായ ‘പനഡോളിന്’ പോലും എന്റെ വേദനയെ അല്‍പ്പം പോലും കുറക്കാ‍നായില്ല.വേദന ഓരോ ദിവസം ചെല്ലുന്തോറും അസഹ്യമായിക്കൊണ്ടിരുന്നു.ചങ്ങലക്കുറിയില്‍ ആളുകള്‍ ചേരുന്ന പോലെ എന്റെ പുറം വേദനയോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് കൊണ്ട് കൂടുതല്‍ അവയവങ്ങള്‍ വേദനയില്‍ പങ്ക് കൊണ്ടു. അതില്‍ ആദ്യം കാലുകളായിരുന്നു,പിന്നെ കൈകള്‍.ചുരുക്കിപ്പറഞ്ഞാല്‍ വേദനകളുടെ ഒരു ഹോള്‍സെയില്‍ കേന്ദ്രമായി എന്റെ ശരീരം മാറിക്കൊണ്ടിരിക്കുകയായിരുന്നു.

ജോലിയില്‍ തുടരാന്‍ നിര്‍വാഹമില്ലാത്തത് കൊണ്ടും ചികിത്സ തീരും വരെ ലീവ് തരാവില്യാന്ന് അര്‍ബാബ് അസന്നിഗ്ദമായി പ്രഖ്യാപിച്ചത് കോണ്ടും ഞാന്‍ ജോലി രാജിവെച്ച് ചികിത്സാര്‍ത്ഥം നട്ടിലേക്ക് മടങ്ങി.ഫുട്ബോള്‍ കളിച്ച് മെസിയും റൂണിയുമെല്ലാം കൈനിറയെ സമ്പാദിക്കുമ്പോള്‍ എനിക്കെന്റെ ആകെയുണ്ടായിരുന്ന ജോലി ഫുഡ്ബോ‍ള്‍ കളിച്ചത് കൊണ്ട്  നഷ്ടപ്പെടുത്തേണ്ടി വന്നു.ഫുഡ്ബോളിനെ അന്ന് ഞാനേറെ വെറുത്തു,പിന്നെ ശപിച്ചു.എങ്കിലും  മെസിയേയും റൂണിയേയും മറഡോണയേയുമെല്ലാം എനിക്കിഷ്ടമായിരുന്നു.

ചികിത്സാര്‍ത്ഥം ആദ്യം എത്തിയത് ത്യശൂരിലെ മെട്രോപൊളീഷന്‍ ആശുപത്രിയിലായിരുന്നു. അവിടത്തെ എല്ലുരോഗ വിദഗ്ദന്‍ എന്റെ ഡിസ്കടക്കമുള്ള ഭാഗാങ്ങളുടെ മൂന്ന് വ്യത്യസ്ത എക്സ് റേ പടം  എടുപ്പിച്ചു. അതയാളത് തിരിച്ചും മറിച്ചും നോക്കി. ഞാനും കാര്യമായിത്തന്നെ നോക്കി. എനിക്കതില്‍ കാര്യമായ കുഴപ്പമൊന്നും കാണാന്‍ കഴിഞ്ഞില്ല!ഡോക്ടര്‍ പക്ഷേ അതിലെന്തെങ്കിലും കുഴപ്പം കണ്ടേ അടങ്ങൂ എന്ന ഭാവത്തില്‍ മൂന്ന് എക്സ് റേ ഷീറ്റിലും മാ‍റിമാറി നിരീക്ഷിച്ച് കൊണ്ടിരിക്കയാണ്. പിന്നെ എന്തെങ്കിലും കുഴപ്പം കണ്ടെത്തിയില്ലെങ്കില്‍ എക്സ് റേ എടുക്കാന്‍ ചിലവാ‍യ പണം വ്യഥാവിലാകുമല്ലോ എന്ന് ഞാനും കരുതി.അല്‍പ്പം കഴിഞ്ഞില്ല ഡോക്ടര്‍ ഒരു തീരുമാനത്തിലെത്തിയ പോലെ പറഞ്ഞു,

“ഒരു ചെറിയ കുഴപ്പമുണ്ട്”

എനിക്കാശ്വാസമായി എക്സ് റേ എടുത്ത കാശ് മുതലായി! ഡോക്ടര്‍ എക്സ് റേ ഷീറ്റില്‍ ഒരു പോയിന്റില്‍ തൊട്ട് കാണിച്ച് കൊണ്ട് പറഞ്ഞു,

“ദാ ഇവിടെ ഡിസ്കിനടുത്തുള്ള നട്ടെല്ലിന്റെ കശേരുക്കളില്‍ ഒരു ഗ്യാപ്പുണ്ട്.അത് വികാസം പ്രാപിക്കുന്നത് കൊണ്ടാണ് വേദന വരുന്നത്,ഈ ഗ്യാപ്പ് ആയിരത്തില്‍ ഒരാള്‍ക്കേ കാണൂ.ജന്‍മനാ ഉണ്ടാകുന്നതാ, പേടിക്കാനൊന്നുമില്ല!”

ജന്മനാ ഗ്യാപ്പോ? ഇനി അത് വല്ല ജനറേഷന്‍ ഗ്യാപ്പ് വല്ലതുമാണോ? ജന്മനാ അന്ധന്‍, മൂകന്‍ എന്നൊക്കെ കേട്ടിട്ടുണ്ട് ഇപ്പോ ഇതാ‍ ‘ജന്മനാ ഗ്യാപ്പും‘! കലികാലം തന്നെ!ഞാന്‍ മനസ്സില്‍ ഓര്‍ത്തു. ഓര്‍ത്തോ ഡോക്ടര്‍ എനിക്കുള്ള പരിഹാര കര്‍മ്മങ്ങള്‍ ഉരുവിട്ടു തുടങ്ങി.

“‍ഞാനൊരു ബെല്‍റ്റിന് എഴുതിത്തരാം,അതൊരു മൂന്ന് മാസം കെട്ടണം”

 നാട്ടില്‍ വീതിയുള്ള പച്ച ബെല്‍റ്റ് കെട്ടി നടക്കുന്ന എല്ലാവരേയും പോലെ ഞാനും ബെല്‍റ്റ് കെട്ടി നടക്കുന്നത് വെറുതെ ഒന്നോര്‍ത്തു. ഓര്‍ത്തോ തുടര്‍ന്നു,

“മൂന്നു മാസം കൊണ്ട് കുറവില്ലെങ്കില്‍ പിന്നെ ഒരു ഓപ്പറേഷന്‍ നടത്തേണ്ടി വരും, എന്തായാലും ബെല്‍റ്റ് കെട്ടി നോക്കൂ”

ഓപ്പറേഷന്‍ എന്ന് കേട്ടപ്പോള്‍ എന്റെ ചങ്കൊന്ന് പിടച്ചു.ഞാന്‍ വീണ്ടും ഫുഡ്ബോളിനെ വെറുത്തു, പിന്നെ ശപിച്ചു.എങ്കിലും മെസിയേയും റൂണിയേയും മറഡോണയേയുമെല്ലാം എനിക്കിഷ്ടമായിരുന്നു.

പിന്നീട് ഓര്‍ത്തോ കല്പിച്ച ബെല്‍റ്റ് കണ്ട് ഞാന്‍ ഞെട്ടി!പച്ച ബെല്‍റ്റിന്റെ നാലിരട്ടി വീതി! റെസ്ലിങ്ങുകാര്‍ക്ക് സമ്മാനമായി കിട്ടാറുള്ളത്രയും പോന്ന ബെല്‍റ്റ്!വീതിയുള്ള ഭാഗം പിന്നിലോട്ടാക്കിയിട്ട് വേണം കെട്ടാനെന്ന് മാത്രം!ആദ്യ ദിവസം ബെല്‍റ്റ് കെട്ടിയപ്പോള്‍ ശരിക്കും ഫ്രീസറില്‍ നിന്നും എടുത്ത കോഴിയെപ്പോലെയായിരുന്നു ഞാന്‍! സ്റ്റെഡി വടി! നില്‍ക്കാനും ഇരിക്കാനും കിടക്കാനുമെല്ലാം ഭയങ്കര ബുദ്ധിമുട്ട്, മാത്രമല്ല ഉള്ള വേദന പോരാഞ്ഞ് ബെല്‍റ്റ് കെട്ടിയതിന്റെ ഒടുക്കത്തെ വേദന വേറെയും!ബെല്‍റ്റിട്ടുകൊണ്ട് മുന്നൊട്ടുള്ള ഒരു  ജീവിതം സാധ്യമല്ലെന്ന്  ഞാന്‍  തിരിച്ചറിഞ്ഞു.ഇങ്ങനെ വേദന സഹിക്കുന്നതിലും നല്ലത് ഓപ്പറേഷനാ‍ണെന്ന് ഞാന്‍ പ്രഖ്യാപിച്ചു.എല്ലാവരുടെ മുഖത്തും മ്ലാനത പരന്നു. ഓപ്പറേഷന്‍ ഒഴിവാക്കിക്കൊണ്ടുള്ള മാറ്റു സാധ്യാതകള്‍ ഓരോരുത്താരും അന്വേഷിച്ച് കൊണ്ടിരുന്നു.ഇപ്പോള്‍ വീട്ടില്‍ എല്ലാവരും കൂട്ടത്തോ‍ടെ ഫുഡ്ബോളിനെ വെറുത്തു,പിന്നെ ശപിച്ചു.പക്ഷെ മെസിയേയും റൂണിയേയും മറഡോണയേയുമെല്ലാം എനിക്കിഷ്ടമായിരുന്നു.

നാട്ടിലുള്ള സകല തണ്ടല്‍ വേദന,പുറം വേദന,കൈമുട്ട് വേദന കാല്‍ മുട്ട് വേദന തുടങ്ങി അസുഖമുള്ളവരുടേയും എന്തിനധികം കടയില്‍ നിന്നും കളരി മര്‍മ്മാണി തൈലം വാങ്ങുന്നവരുടെ വരെ അസുഖ വിവരങ്ങളും ചികിത്സാ മുറകളും,അനുവര്‍ത്തിച്ച ചികിത്സാ രീതിയും എന്ന് വേണ്ട വയറിന്റെ ശോധനയുടെ വരെ കാനേഷുമാരി എടുക്കപ്പെട്ടു.അതിന്റെ ആകെത്തുക്കയായി ആയുര്‍വേദമാണ് നല്ലതെന്നും അതല്ല അയുര്‍വേദമല്ലേ നല്ലതെന്നും അതല്ല ആയുര്‍വേദം മാത്രമാണ് നല്ലതെന്നുമുള്ള അവസാന തീരുമാനത്തിലെത്തി.ആ തീരുമാന പ്രകാരമാണ് വള്ളത്തോളിന്റെ നാട്ടിലുള്ള ‘പഞ്ചകര്‍മ്മയില്‍’ എന്നെ കൊണ്ട് ചെന്നെത്തിച്ചത്.

പഞ്ചകര്‍മ്മയെക്കുറിച്ച് പറയുകയാണെങ്കില്‍ ചില പാചക റാ‍ണികള്‍ ഒരു സാധനം കൊണ്ട് ഒരായിരം വിഭവങ്ങള്‍ ഒരുക്കുന്നത് പോലെ ആയുര്‍വേദം കൊണ്ട് ഏതൊക്കെ രോഗങ്ങളെ ഭേതമാക്കാന്‍ കഴിയും എന്ന് റിസര്‍ച്ച് ചെയ്യുന്ന ഒരു കേന്ദ്രം കൂടിയാണ് പഞ്ചകര്‍മ്മ.ആയുര്‍വേദത്തില്‍ ചെയ്യാന്‍ കഴിയുന്ന എല്ലാ ചികിത്സയും അവിടെ ലഭ്യമായിരുന്നു.അങ്ങിനെ ഒരു ദിവസം രാവിലെ ഞാന്‍ ഉമ്മയോടൊപ്പം പഞ്ചകര്‍മ്മയുടെ പടി കടന്ന് ഓ.പിയില്‍ എന്റെ ഊഴം കാത്ത് ‍ ക്യൂ നിന്നു.

ഓര്‍ത്തോ ഡോക്ടര്‍ എടുപ്പിച്ച എക്സ് റേ ഷീറ്റുകളുമായി ഞാന്‍ ഡോക്ടറുടെ മുന്നില്‍ ഇരുന്നു.അദ്ദേഹം മരുന്ന് ചീട്ടില്‍ എന്തോ കുറിച്ച ശേഷം എന്താ‍ പ്രശ്നം എന്ന ഭാവേന എന്നെ നോക്കി. ഞാന്‍ രോഗ വര്‍ണ്ണന തുടങ്ങി,

“നട്ടെല്ലിന് ഒരു ഗ്യാപ്പ്, അത് വികാസം പ്രാപിക്കുന്നത് കൊണ്ട് ഭയങ്കര പുറം വേദന!”

“നട്ടെല്ല്ലിന് ഗ്യാപ്പോ?“ ഡോക്ടര്‍ ഞെട്ടിയെന്ന് തോന്നുന്നു. അദ്ദേഹം ചിരിച്ച് കൊണ്ട് എന്റെ കയ്യില്‍ നിന്നും ആ എക്സ് റേ ഷീറ്റ് വാങ്ങി നോക്കിയ ശേഷം ചിരിവിടാ‍തെ ചോദിച്ചു,

“ഗ്യാപ്പാണെന്ന് ആരാ പറഞ്ഞത്? ഗ്യാപ്പൊന്നുമല്ലടോ! എന്തെങ്കിലും ശക്തമായി പുറകില്‍ വന്ന് ഇടിച്ചതായി ഓര്‍ക്കുന്നുണ്ടോ?”

പെണ്ണുമ്പിള്ള കുനിച്ച് നിര്‍ത്തി മുതുകത്ത് പഞ്ചാരിമേളം കൊട്ടിയിട്ടുണ്ടോ എന്നാണോ ചോദിക്കുന്നതെന്ന് ഞാന്‍ ഒരു നിമിഷം ചിന്തിച്ചു!എന്നാലും ശക്തമായി ഇടികിട്ടാന്‍ തക്ക കാരണമുണ്ടായതായി ‍ ഓര്‍മ്മവന്നില്ല.ഫുഡ്ബോള്‍ കളിക്കുമ്പോള്‍ ഡിസ്ക് തെറ്റിയതും അത് പിന്നെ കുറുപ്പ് ഉഴിഞ്ഞ് ശരിയാക്കിയതും ഞാന്‍ വിവരിച്ചു.

ഡിസ്ക് തെറ്റി ഉഴിഞ്ഞ കഥ കേട്ടപ്പോള്‍  ഡോക്ടര്‍ക്ക് എന്റെ രോഗത്തിന്റെ ടെക്നിക്ക് പിടികിട്ടിയെന്ന് തോന്നുന്നു.അന്നത്തെ ഉഴിച്ചിലില്‍ പിഴവ് സംഭവിച്ചത് കൊണ്ടാണ് വീണ്ടും വേദന വന്നതെന്നും ഒരു മാസത്തെ ചികിത്സയും അത്രയും ദിവസത്തെ നല്ല്ലരിക്കയും (റെസ്റ്റ്) കൊണ്ട് ശരിയാകുമെന്നും ഡോക്ടര്‍ പറഞ്ഞു.ഞങ്ങള്‍ക്ക് ആശ്വാസമായി. രണ്ട് ദിവത്തിനു ശേഷം അഡ്മിറ്റ് ആവാനുള്ള തയ്യാറെടുപ്പോടെ വരാന്‍ പറഞ്ഞ് ഡോക്ടര്‍ ഞങ്ങളെ യാത്രയാക്കി.

പുതിയ സ്കൂളില്‍ അഡ്മിഷന്‍ കിട്ടിയ കുട്ടിയെപ്പോലെ ഞാന്‍ സന്തോഷത്തിലായിരുന്നു.രണ്ട് ദിവസത്തിന് ശേഷം പഞ്ചകര്‍മ്മയില്‍ അഡ്മിറ്റാകാനുള്ള തയ്യാറെടുപ്പുകള്‍ രാവിലെ  തന്നെ തുടങ്ങി. ആശുപത്രിയില്‍ സഹായത്തിന് ഉമ്മ വരാമെന്നേറ്റു. അവസാനമാ‍യി ലീവിന് വന്ന് പോകുമ്പോള്‍ ഞാന്‍ ഭാര്യക്ക് കൊടുത്ത ഒരു അപ്ലിക്കേഷന്‍ അവള്‍ ഫയലില്‍ സ്വീകരിച്ച്  സത്വര നടപടിയെന്നൊണം അന്നേയ്ക്ക് ആറ് മാസം പഴക്കമുള്ള ഗര്‍ഭിണിയായിരുന്നു.അത് കൊണ്ട് തല്‍ക്കാ‍ലം ആശുപത്രിയിലെ സഹായത്തിന് അവള്‍ വരേണ്ടതില്ല എന്ന തീരുമാനം മുഖം കറുപ്പിച്ച് കൊണ്ട് അവള്‍ അംഗീകരിച്ചു.ആ കാലത്ത് സാധാ‍രണ ആശുപത്രിയിലേക്ക് പ്രസവത്തിന് പോകുമ്പോള്‍ മാത്രമേ ഇത്തരം തയ്യാറെടുപ്പോടെ പോകാറുണ്ടായിരുന്നുള്ളൂ‍. ഏതാണ്ട് അതേ ഒരു ഒരുക്കത്തോടെ ഞാനും ഉമ്മയും പഞ്ചകര്‍മ്മയില്‍ അഡ്മിറ്റാവാന്‍ വീട്ടില്‍ നിന്നും ഇറങ്ങി.ഞങ്ങളുടെ വാഹനം അകലെ മറയുന്നത് വരെ എല്ലാവരും പ്രാര്‍ത്ഥനകളോടെ നോക്കി നിന്നു.ഭാര്യയുടെ കണ്ണുകളില്‍ നനവു പടര്‍‍ന്നിരുന്നു.

ഞങ്ങളുടെ വാഹനം മുള്ളൂര്‍ക്കര വഴി അധികം അകലേയല്ലാത്ത ചെറുതുരുത്തിയിലെ പഞ്ചകര്‍മ്മയെ ലക്ഷ്യമാ‍ക്കി നീങ്ങി!

തുടരും..........

70 comments:

വാഴക്കോടന്‍ ‍// vazhakodan said...

സംഭവഭഹുലമായ ഒരു പുരാണത്തിന്റെ ചുരുള്‍ ഇവിടെ നിവരുന്നു...നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ!

സ്നേഹത്തോടെ...

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

തുടരുന്നത് കാത്തിരിക്കയാണ്..!പോസ്റ്റ്‌ വായിക്കാനും..പിന്നെ പഞ്ചകര്‍മ്മയിലെ പഞ്ചായത്ത് കേള്‍ക്കാനും...
സുഖത്തിന്‌ നേര്‍ന്നുകൊണ്ട്..!

ramanika said...

തുടരട്ടെ പഞ്ചകര്‍മ്മ പുരാണം
തുടക്കം കിടിലന്‍ !!!!

noordheen said...

ഹ ഹ ഹ പോരട്ടെ വെക്കം വെക്കം ഇങ്ങ് പോരട്ടെ...
കലക്കീണ്ട് ട്ട ഗെഡീ :)

jayanEvoor said...

ഉം...
വരട്ടെ വരട്ടെ.
വാഴ വീണ്ടും കുലയ്ക്കട്ടെ, കായ്ക്കട്ടെ!

അപര്‍ണ്ണ II Appu said...

എനിക്കാശ്വാസമായി എക്സ് റേ എടുത്ത കാശ് മുതലായി!:)
വീണ്ടും ചിരിപ്പിക്കാനെത്തി അല്ലേ?
വേഗം അടുത്ത ഭാഗം പോന്നോട്ടെ!

കണ്ണനുണ്ണി said...

ബാക്കി പോരട്ടെ..
പഞ്ച കര്‍മ്മ എന്താവുംന്നു അറിയാലോ

Unknown said...

Vayikkan kaathu erunnathaanu Ekkayude anubhavanagal..Thudakkam kalakki..Bakky udan thanne post cheyyane..

sumitha said...

തുടക്കം ഗംഭീരം. ഇനി ബാക്കിയുള്ളത് എത്രയും വേഗം പോന്നോട്ടെ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ക്ക് ഹ്യദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.ബാക്കി ഭാഗങ്ങളധികം വൈകില്ല :)

സ്നേഹത്തോടെ

കൂതറHashimܓ said...

ആഹാ നല്ലത്
പോരട്ടെ എല്ലാം
ഞാനും ഉണ്ടായിരുന്നു ഒന്നര മാസം ചെറുതുരുത്തിയിലെ പഞ്ചകര്‍മയില്‍. അവിടെ നിന്ന് ചാടി പോയി പൊങ്ങിയത് ഇടപള്ളി മീറ്റിലാണ്. വീണ്ടും തിരിച്ച് ‘കര്‍മ’ത്തിനായി തന്നെ എത്തി.
(അന്ന് എന്റെ ബെഡ് നമ്പര്‍ 22)
പോരട്ടെ ട്ടാ പൊളപ്പനായി എല്ലാം (നുണ എഴുതിയാ പിടിക്കപ്പെടും :)

(ആയുര്‍വേദത്തിലെ എല്ലാ ചികിത്സയും പഞ്ചകര്‍മയില്‍ ഇല്ലാ, ആയുര്‍വേദത്തിന്റെ ഒരു ഭാഗം മത്രാ പഞ്ചകര്‍മ ട്രീറ്റ്മെന്റ് എന്നതാണ് എന്റെ അറിവ്)

വാഴക്കോടന്‍ ‍// vazhakodan said...

നീ കവലപ്പെടാതെ എല്ലാം ഞാന്‍ വഴിപോലെ പറഞ്ഞ് മനസ്സിലാക്കിത്തരാം!നീ അടങ്ങ് മോനേ ഹാഷിമേ..
കാണാന്‍ പോണ പൂരം ഇപ്പഴേ പറയേണ്ടല്ലൊ :)

Muralee Mukundan , ബിലാത്തിപട്ടണം said...

പഞ്ചാരപുരട്ടി പഞ്ചവാദ്യം മുഴക്കി പഞ്ചകർമ്മപുരാണ ഖാണ്ഡങ്ങൾക്ക് കാഞ്ചി വലിച്ച് വെടിപൊട്ടിച്ച് തുടക്കം കുറിച്ചത് നാന്നായി

പിന്നെ മേട്രൊയിലെ ഓർത്തോകളിൽ ആരാ ഗ്യാ‍പ് കണ്ടുപിടിച്ചത്..രാമേട്ടനോ അതോ പിള്ളേട്ടനോ..?

kARNOr(കാര്‍ന്നോര്) said...

ഒന്നും പറയാറായിട്ടില്ല. അഡ്മിറ്റ് ആവുന്നല്ലേയുള്ളു. വെയിറ്റ് ചെയ്യൂ. ഡോക്ടർ അകത്തുണ്ട്

എയ്യാല്‍ക്കാരന്‍ said...

പിന്നെ എന്തുണ്ടായി...? അറിയാന്‍ കാത്തിരിക്കുന്നു...

krish | കൃഷ് said...

വേഗം ശരിയായി വാ.. എന്നിട്ടുവേണം ഫുട്ബാൾ കളിക്കാൻ!!
:)

Unknown said...

മുഴുവന്‍ കേട്ടിട്ടു വേണം എനിക്കും അവടെ ഒരു അഡ്മിഷന്‍ എടുക്കാന്‍

ഏ.ആര്‍. നജീം said...

ഹ ഹാ.... എന്നിട്ട് പിന്നെന്തുണ്ടായീന്ന് വേഗം പറ.. ചിരിച്ചാ ഗ്ലാമറ് കൂടും എന്ന് ഇന്നലേയും ഒരു മെയിൽ കണ്ടതാ... അത് കൊണ്ടാ.. :)

Junaiths said...

"ഞാന്‍ റെസ്റ്റിലാണെന്ന് കരുതി വിരുന്നു വിളിക്കാന്‍ മറന്നവരെ അങ്ങോട്ട്‌ വിളിച്ചു വിരുന്നിനു വരാമെന്ന് അറിയിച്ചു"
ബൈ ദി ബൈ ഇപ്പോഴും വല്യ വത്യാസമൊന്നുമില്ലല്ലോ മി: വാഴേ...

നികു കേച്ചേരി said...

കല്യാണം കഴിച്ച് പൊണ്ടാട്ടിയില്ലാതെ ഗൾഫിൽ വരുന്നവർക്കെല്ലാം പെട്ടന്ന് ഒരു വലിയ രോഗം പിടിപെടും,അത് നാട്ടുനടപ്പാ. എനിക്ക് നെഞ്ഞുവേദനയാ വന്നത്,ഈ ഭാഗത്തേക്കുവന്നാൽ ഡൈവോഴ്സ് ചെയ്യുമെന്ന ഭീഷണിയെ മാനിച്ചു ഞാൻ പോയ്യില്ലാ.സത്യം.

Unknown said...

പഞ്ചകര്‍മ്മ പുരാണം കിടിലന്‍

ആളവന്‍താന്‍ said...

നല്ല ഉശിരന്‍ പോസ്റ്റ്‌ മാഷേ.... തുടര്‍ന്നാലും...!

സച്ചിന്‍ // SachiN said...

അവസാനമാ‍യി ലീവിന് വന്ന് പോകുമ്പോള്‍ ഞാന്‍ ഭാര്യക്ക് കൊടുത്ത ഒരു അപ്ലിക്കേഷന്‍ അവള്‍ ഫയലില്‍ സ്വീകരിച്ച് സത്വര നടപടിയെന്നൊണം അന്നേയ്ക്ക് ആറ് മാസം പഴക്കമുള്ള ഗര്‍ഭിണിയായിരുന്നു :)

ആറ് മാസം പഴക്കമുള്ള ഹി ഹി ഹി
ചിരിച്ച് ഇടങ്ങേറായി മാഷേ...
ബാക്കി വേഗം പോരട്ടെ

sumayya said...

പെണ്ണുമ്പിള്ള കുനിച്ച് നിര്‍ത്തി മുതുകത്ത് പഞ്ചാരിമേളം കൊട്ടിയിട്ടുണ്ടോ എന്നാണോ ചോദിക്കുന്നതെന്ന് ഞാന്‍ ഒരു നിമിഷം ചിന്തിച്ചു!:)

ഉണ്ണിയെ കണ്ടാല്‍ അറിയാം....:):)

ബാക്കി ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ക്ക് ഹ്യദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. അധികം വൈകാതെ തുടര്‍ഭാഗങ്ങളും പ്രതീക്ഷിക്കാം.

നന്ദിയോടെ....

Unknown said...

പുരാണം സംഭാവഭഹുലമായി തുടരട്ടെ.

എക്സ്റേ കയ്യില്‍ കിട്ടിയാല്‍ ഒന്നും മനസ്സിലായില്ലെങ്കിലും ഒന്ന് നോക്കല്‍ എല്ലാവരിലും ഉണ്ട് അല്ലെ?!!

ബഷീർ said...

നട്ടെല്ലോ ? ആരു പറഞ്ഞു ഇത് നട്ടെല്ലാണെന്ന് ! എന്ന ചോദ്യമായിരുന്നു പ്രതീക്ഷിച്ചത് :)

കൊള്ളാ‍ാം തുടക്കം.

ഷബീര്‍ - തിരിച്ചിലാന്‍ said...

വായേടെ ഡിസ്ക് തെറ്റിയതോണ്ട് ഞമ്മക്കിതൊക്കെ വായിക്കാനായി വായേ...
ഇവിടെ വന്നാല്‍ ഒരു കൊയിക്കോടന്‍ ബിരിയാണി സല്‍ക്കാരം തരാം....
http://shabeerdxb.blogspot.com

hi said...

ബാക്കി പോരട്ടെ.. വെയിറ്റിംഗ് ...

Naushu said...

തുടക്കം നന്നായി.....

Hashiq said...

എനിക്ക് സമാധാനമായി.നടു വേദന ഉള്ള ഓരോരുത്തരെ കാണുമ്പോളും പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമാ..നിങ്ങള്‍ക്കില്ലാത്ത വേദന എനിക്ക് മാത്രമായിട്ട് എന്തിനാ? എന്റെ കയ്യിലുമുണ്ട് മെട്രോ പോളിറ്റന്‍ ഹോസ്പിറ്റലിലെ ഡോ.രാംകുമാര്‍ എടുത്ത എന്റെ നടുവിന്റെ ആദ്യകാല ബ്ലാക്ക്‌ & വൈറ്റ് ചിത്രം..അതിനൊരു ഗുമ്മില്ലാഞ്ഞിട്ട് പിന്നെ അമലയില്‍ പോയി കളര്‍ സ്കാന്‍ എടുത്തു..മുഴുവന്‍ പറയ്‌..പഞ്ചകര്‍മ്മം എങ്ങനെയുണ്ടെന്ന് നോക്കട്ടെ..പറ്റിയാല്‍ വാഴക്കോടന് അവിടെ നിന്ന് 'കമ്മീഷന്‍' അടിക്കാമല്ലോ..

വാഴക്കോടന്‍ ‍// vazhakodan said...

ഹ ഹ ഹ ഹാഷിക്കേ,
കമ്മീഷനൊന്നും വേണ്ടാ! ഇതൊന്നു മുഴുവന്‍ കേള്‍ക്ക് എന്നിട്ട് നീ തീരുമാനിക്ക് പഞ്ചകര്‍മ്മ വേണോ എന്ന്!:)

അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി!

Anitha Madhav said...

എന്തെങ്കിലും കുഴപ്പം കണ്ടെത്തിയില്ലെങ്കില്‍ എക്സ് റേ എടുക്കാന്‍ ചിലവാ‍യ പണം വ്യഥാവിലാകുമല്ലോ എന്ന് ഞാനും കരുതി :)

രസകരമായി എഴുതി.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു!അധികം വൈകല്ലേ...

Hashim said...

ആദ്യമായാണ് ഇവിടെ വരുന്നത്.തകര്‍പ്പന്‍ ബ്ലോഗ് തന്നെ മാഷേ. ഡിസ്ക് ഇളകിയ കഥ വായിച്ച് ചിരിച്ച് പണ്ടാരമടങ്ങി.
ഇതിന്റെ ബാക്കി കൂടെ വേഗം പോരട്ടെ

ആശംസകളോടെ..

Afsal said...
This comment has been removed by the author.
Afsal said...

ജന്മനാ ഗ്യാപ്പന്‍! ശരിയാണ് ജന്മനാ ഉള്ളതിനെയുന്നും പേടിച്ചിട്ടു കാര്യമില്ല. എന്തായാലും ബാക്കി പോരട്ടെ മസാല നന്നായിട്ടുണ്ട്.by the by ഇത് എവിടെയാണ് അവസാനിപ്പിക്കേണ്ടത് എന്ന് ഇപ്പോഴേ തീരുമാനിക്കുക അല്ലെങ്കില്‍ പാരിജാതം സീരിയല്‍ മാതിരി അവസാനിപ്പിക്കാന്‍ ബുദ്ധി മുട്ടും.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

അപ്പൊ ഗ്യാപ്പൊരു പ്രശ്നമേ അല്ല എന്ന്!

പിന്നെ

എനിക്കാശ്വാസമായി എക്സ് റേ എടുത്ത കാശ് മുതലായി!:)

ഈ ഒരു ഫീലിങ്ങ് എനിക്കും പലപ്പൊഴും തോന്നിയതാ..

ഭായി said...

കുറുപ്പിന്റെ ഉഴിച്ചിലിനേക്കാളും വഷക്കേടാകുമോ ഈ പഞ്ചകർമ്മം ?? :)

Arun said...

ആര്‍മ്മാദിപ്പിന്‍ ആര്‍മ്മാദിപ്പിന്‍ വാഴക്കോടന്‍ വീണ്ടും പഴയ ഫോമിലെത്തി.
വേഗം അടുത്ത ഭാഗം പോന്നോട്ടെ...

കനല്‍ said...

നീ ഒന്ന് പെട്ടെന്ന് തുടരുമോ?

പിന്നെ ആ എക്സ് റേ പടത്തില്‍ നട്ടെല്ലിന് പകരമായിരുന്നോ ആ ഗ്യാപ്പ്?

നട്ടെല്ലില്ലാത്തവനാണ് നീയെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെടാ? അതുകൊണ്ടാ ഈ സംശയം

കനല്‍ said...

അല്ലെങ്കില്‍ നീ നട്ടെല്ലുള്ളവനാണെങ്കില്‍ ഉടന്‍ അടുത്ത ഭാഗം ഇട്

വാഴക്കോടന്‍ ‍// vazhakodan said...

മോനേ കനലേ...
പൂതി കയ്യിലിരിക്കട്ടെ! അത്ര പെട്ടെന്ന് നീ അടുത്ത ഭാഗം വായിക്കണ്ട :) അതിനൊക്കെ ഒരു നേരോം കാലോം ഉണ്ട് മോനേ...നീ ക്ഷമി!

അഭിപ്രായങ്ങള്‍ക്ക് എന്റെ നന്ദി അറിയിക്കുന്നു.
സ്നേഹത്തോടേ..

yousufpa said...

ഓം.പഞ്ചകർമ്മായ സ്വാഹ:...
അപ്പൊ ബാക്കീള്ളത് ങ്ങട്ട് പോരട്ടെ കോയാ..

Anonymous said...

നല്ലോണം വായിച്ചു വരികയായിരുന്നു ഗ്യാപ്പുവർണ്ണന എത്തിയപ്പോൾ പിന്നെ ചിരിയായി.. അതു കേട്ടു ദേഷ്യം തോന്നണ്ട ഇപ്പം മനസ്സിൽ പറഞ്ഞത് (നിങ്ങൾക്ക് ചിരിക്കാം ഞാനല്ലെ അനുഭവിച്ചത് എന്നല്ലെ!!!) ഏതായാലും വളരെ നന്നായി എഴുതി.. ഉഴിച്ചിലും പിഴിച്ചിലും ഉണ്ടായിരുന്നോ (കീശ പിഴിച്ചിൽ) തുടരട്ടെ കുറച്ചു കഴിയുമ്പോൾ രോഗം മാറി ആരോഗ്യവനായി എന്നെഴുതാൻ കഴിയട്ടെ..പ്രാർഥനയോടെ..

sumitha said...

ഇപ്പോള്‍ വീട്ടില്‍ എല്ലാവരും കൂട്ടത്തോ‍ടെ ഫുഡ്ബോളിനെ വെറുത്തു,പിന്നെ ശപിച്ചു.:)
ഇപ്പോള്‍ ഞങ്ങള്‍ എല്ലാവരും കൂട്ടത്തോടെ ചിരിച്ചു :)

വേഗം പോരട്ടെ അടുത്ത ഭാഗം...Waiting..

തരികിട വാസു said...

ആ പോരട്ടെ പോരട്ടെ...എന്താവുന്ന് കാണാല്ലോ..ഏത്?

വര്‍ഷിണി* വിനോദിനി said...

എല്ലാരേം രസിപ്പിച്ച് ഇങ്ങനേ നിര്‍ത്തിയിരിയ്ക്കല്ലേ അടുത്ത ലക്കത്തിനായിട്ട്...
കൊതിയോടെ കാത്തിരിയ്ക്കണ വായനക്കാര്‍ ഉണ്ടാവണത് അനുഗ്രഹാണ്‍ ട്ടൊ..
അഭിനന്ദനങ്ങള്‍.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പഞ്ചകർമ്മയിലെ വിശേഷങ്ങൾ തുരരട്ടെ!.......

സുല്‍ |Sul said...

"തുടര്‍ന്ന് ഒരഞ്ച് വര്‍ഷക്കാലം ഒരു സാധാ ഗള്‍ഫ്കാരനെപ്പോലെ മുന്നോട്ട് നീങ്ങി.കുറുപ്പിന്റെ ചികിത്സയുടെ ഗ്യാരണ്ടി പതിയെ തീര്‍ന്ന് വരുന്ന പോലെ എനിക്ക് തോന്നി."
ഈ വാ‍ഴപിണ്ടികണക്കെയുള്ള നട്ടെല്ലിന് 5 വര്‍ഷം ഗ്യാരണ്ടി തന്നില്ലേ കുറുപ്പ്. എന്നിട്ട് ഇപ്പോള്‍ അയാള്‍ക് കുറ്റവും.
ബാക്കി പോരട്ട്...
-സുല്‍

പാവത്താൻ said...

കര്‍മ്മകാണ്ഢം തുടരട്ടെ....
ഏതായാലും പോയതല്ലേ.. ഒരു മാസം തുറ്റര്‍ച്ചയായി ചികിത്സയ്ക്കു വിധെയമാവുന്നവര്‍ക്ക് നെല്ലിക്കാത്തളം ഫ്രീ യായിട്ടുണ്ടെന്നു കേല്‍ക്കുന്നു. ശരിയാണോ?

പാവപ്പെട്ടവൻ said...

അപ്പോൾ അതായിരുന്നു സംഭവം അല്ലെ നട്ടല്ലു ഇല്ലതെയാണ് നാട്ടിലേക്കു മടങ്ങിയതു .
അല്ല മാഷേ...
ഞാന്‍ ഭാര്യക്ക് കൊടുത്ത ഒരു അപ്ലിക്കേഷന്‍ അവള്‍ ഫയലില്‍ സ്വീകരിച്ച്
ഹാ..ഹാ അതുകലക്കി നട്ടെല്ലു വയ്യാങ്കിലെന്തു..!! ഭാഗ്യവാൻ അല്ല എന്തിനു ഭാഗ്യാവാനക്കണം ഭാഗ്യ ലോറിത്തന്നെ ആയിക്കോട്ടേ

Irshad said...

തുടക്കം കിടിലം.

ഒടുവില്‍ തടവാനിരുന്നവര്‍ ചിരിച്ചു ചിരിച്ചു നടുവുളുക്കിയതും, ചിരിപ്പിക്കല്‍ കഥയെഴുതി വായനക്കാരനെ പഞ്ചകര്‍മ്മക്കെത്തിക്കാനായി വാഴേ പഞ്ചകര്‍മ്മയുടെ അംബാസഡറാക്കി അയച്ചതും കൂടിയാവുമ്പോള്‍ കേമമാകും. (അങ്ങനല്ലേ എഴുതി വെച്ച കഥ. ഇനി മാറ്റണ്ടാട്ടോ) :)

Anonymous said...

ഇഷ്ടത്തോടെ വായിച്ചു. പറയാന്‍ പലതും വായില്‍ വന്നെങ്കിലും അപ്പാടെ വിഴുങ്ങി... അടുത്ത ഭാഗങ്ങള്‍ കൂടി വായിച്ചിട്ട് വിശദമായി അഭിപ്രായം പറയാം :))

Typist | എഴുത്തുകാരി said...

സംഭവബഹുലമായ പുരാണത്തിന്റെ തുടക്കം ഗംഭീരം. ബാക്കി നോക്കട്ടെ.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

കയ്യിലിരിപ്പു വെച്ച് നോക്കുമ്പം ഇതു പഞ്ചകര്‍മ ചികില്‍സയിലും അവസാനിക്കുന്ന ലക്ഷണമില്ലല്ലോ ഭായ്...എന്തായാലും ബാക്കിയുള്ള ഭാഗങ്ങള്‍ വേഗം പോന്നോട്ടന്നേയ്...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...
This comment has been removed by the author.
വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ക്ക് നന്ദി!
ആരും ഉള്ളില്‍ സംശയമായി ഇരിക്കണ്ട എല്ലാം ഞാന്‍ ഇപ്പൊ ശരിയാക്കിത്തരാം!!
അടുത്ത ഭാഗം അടുപ്പത്ത് തിളച്ച് കൊണ്ടിരിക്കുകയാണ്...ഉടനെ വിളമ്പുന്നതാണ് :):)

നന്ദിയോടെ.....

NAZEER HASSAN said...

ബാക്കി വേഗം പോരട്ടടാ ഗെഡീ..
ഇതെവിടെ പോഒയി അവസാനിക്കും ന്ന് കാണാല്ലോ :)

നന്നായിണ്ട്രാ!!!

ചാണ്ടിച്ചൻ said...

ഡിസ്കില്ലെങ്കിലും അപ്ലിക്കേഷന്‍ കൊടുക്കുന്നതിനൊരു കുറവുമില്ല അല്ലേ...പിന്നെങ്ങനെ നന്നാവും....

വാഴക്കോടന്‍ ‍// vazhakodan said...

ഹി ഹി ഹി ചാണ്ടിച്ചോ അപ്ലിക്കേഷന്‍ കൊടുക്കലൊക്കെ കഴിഞ്ഞ് പിന്നേം കൊറെ കഴിഞ്ഞല്ലേ വെവരം അറിഞ്ഞത് :)അല്ലെങ്കിലും....വേണ്ട ഞാനൊന്നും പറയുന്നില്ലേ..:):)

അഭിപ്രായങ്ങള്‍ക്ക് നന്ദി!

mayflowers said...

അധികം 'ഗ്യാപ് "കൊടുക്കാതെ അടുത്ത ഭാഗം കൂടി പോരട്ടെ..
പുറം വേദനയ്ക്കിടയിലും വായനക്കാരെ ചിരിപ്പിച്ചു..

Jikkumon - Thattukadablog.com said...

അത് പിന്നെ പറയണോ സ്വാമീ സ്വാമി കഴിഞ്ഞേ ഉള്ളു എനിക്ക് സേവ

ചിതല്‍/chithal said...

കൊള്ളാം! ആദ്യഭാഗം കലക്കി. ഇനി ബാക്കി കൂടി വരട്ടെ

Areekkodan | അരീക്കോടന്‍ said...

അപ്പോള്‍ ഇനിയാണ് ഒറിജിനല്‍ പഞ്ച കര്‍മ്മം..

Unknown said...

നന്നായി
ഞാന്‍ ഇപ്പോഴാ ഈ പോസ്റ്റു കണ്ടത്
വൈകിയതില്‍ ക്ഷമിക്കണം

ദേവന്‍ said...

കമെന്റാന്‍ വാക്കുകളില്ല തോടുപുഴക്കുവന്നാല്‍ എന്റ്റെ ചിരി കാണാം പൊട്ടിച്ചിരി !!!

madhav said...

naalu partum otta pravashyam vayichu teerthu

nOufal sHa... said...

kalkkittundttaaa vazhakkodan chetta....parijayapettathil nan krithanjanayi...

അഭി said...

വായിച്ചു തുടങ്ങുന്നു പഞ്ചകര്‍മ പുരാണം

സുധി അറയ്ക്കൽ said...

വയിക്കാൻ തുടങ്ങുകയാണു.

 


Copyright http://www.vazhakkodan.com