Showing posts with label പ്രവാസ ചിന്തകള്‍. Show all posts
Showing posts with label പ്രവാസ ചിന്തകള്‍. Show all posts

Sunday, June 7, 2009

സ്നേഹപൂര്‍വ്വം വാഴക്കോടന്‍ അറിയുന്നതിന്ന്, സൌദിയില്‍ നിന്നും....


റിയാദ്, സൌദി അറേബ്യ,
01/06/2009.

എത്രയും പ്രിയപ്പെട്ട വാഴക്കോടന്‍ അറിയുന്നത്തിന്ന് വേണ്ടി,
സൌദി അറേബ്യയിലെ റിയാദില്‍ നിന്നും അസീസ്‌ എഴുതുന്നത്‌. താങ്കളുടെ പേരിലല്ലാതെയും പേരോട് കൂടിയുമൊക്കെയായി അന്തപ്പന്റെ കദന കഥ വായിക്കാന്‍ ഇടയായി. ഗള്‍ഫിലെ ജോലിയുടെ പേരും പറഞ്ഞു ഓരോരോ പേരില്‍ ഓരോ കോഴ്സുകള്‍ തട്ടിക്കൂട്ടുകയും അതാണ്‌  അംഗീകാരമുള്ള ഒറിജിനല്‍ കോഴ്സ് എന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി മാദ്ധ്യമങ്ങളെ ഉപയോഗപ്പെടുത്തി പരസ്യങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍, അതിന്റെ നേര്‍ക്കാഴ്ച്ചയിലേക്ക് വെളിച്ചം വീശുന്ന ഒരു കത്തായിരുന്നു അന്തപ്പന്റെത് എന്ന് പറയാതെ വയ്യ. തൊഴിലെടുക്കാന്‍ താല്‍പര്യവും ആരോഗ്യവും ഉള്ളവന് കഷ്ടപ്പെട്ടാണെങ്കിലും ഇവിടെ സമ്പാദിക്കാന്‍ അവസരമുണ്ട്. ഒന്ന് നേടാന്‍ നമ്മള്‍ മറ്റു പലതും നഷ്ടപ്പെടുത്തണമെന്നാണല്ലോ പറയാറ്‌. ആ നിലയ്ക്ക് നോക്കുമ്പോള്‍ അന്തപ്പന്റെത് തികച്ചും സ്വാഭാവികമായ കാഴ്ചകള്‍ തന്നെയാണ്.

ഞാന്‍ താങ്കള്‍ക്കു ഈ കത്തെഴുതാന്‍ കാരണം, എന്നെപ്പോലുള്ള പാവം പ്രവാസികളുടെ ദയനീയമായ കഥകളും താങ്കളുടെ ബ്ലോഗില്‍ പരാമര്‍ശിക്കണം എന്നും പറയാന്‍ വേണ്ടിയാണ്. അത്തറിന്റെ സുഗന്ധം പരത്തി രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ നാട്ടില്‍ വരുന്ന ഗള്‍ഫ്‌കാരന് പൊങ്ങച്ചത്തിന്റെയും, ആര്‍ഭാടത്തിന്റെയും മുഖം നേടിക്കൊടുക്കാന്‍ ഗള്‍ഫുകാര്‍ തന്നെ കാരണമായിട്ടുണ്ട് എന്നുള്ള വസ്തുത തള്ളിക്കളയാനാവില്ല. എന്നാല്‍ ചുരുക്കം ചിലര്‍ അനുഭവിക്കുന്ന സുഖ സൌകര്യങ്ങള്‍ തങ്ങള്‍ക്കും ഉണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ നടത്തുന്ന കോപ്രായങ്ങള്‍ കൊണ്ടു മുഴുവന്‍ ഗള്‍ഫുകാരും തെറ്റിദ്ധരിക്കപ്പെടുന്നു. എല്ലാവരും ഇവിടെ സുഖ ലോലുപരായാണ് കഴിയുന്നതെന്ന് ബഹുഭൂരിപക്ഷവും തെറ്റിദ്ധരിപ്പിക്കപ്പെടുന്നു. എന്നാല്‍ ഈ ഗള്‍ഫിന്റെ ചിത്രം വളരെ ദയനീയമാണ്. ഇന്നു ചില ചാനലുകളില്‍ കൂടിയെങ്കിലും ഇവിടുത്തെ അവസ്ഥ ചിലരെങ്കിലും മനസ്സിലാക്കുന്നതില്‍ ഞങ്ങളെ പോലുള്ളവര്‍ ആശ്വസിക്കുന്നു. ഇനിയും ഈ സത്യങ്ങളൊക്കെ ഉള്‍ക്കൊള്ളാതെ ഗള്‍ഫ്‌ പണത്തിന്റെ അഹങ്കാരത്താല്‍ ദുര്‍വ്യയം നടത്തുന്ന നാട്ടിലെ ഗള്‍ഫുകാരുടെ ബന്ധുക്കളെ അറിയിക്കാന്‍ താങ്കളുടെ ബ്ലോഗിലൂടെ ഒരു എളിയ ശ്രമം നടത്തണം എന്ന് ആമുഖമായി ഉണര്‍ത്തട്ടെ.

ഞാന്‍ ഈ പുണ്യ ഭൂമിയില്‍ വന്നിട്ട് പന്ത്രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നു.വിവാഹിതനും മൂന്നു പെണ്‍ മക്കളുടെ പിതാവുമാണ്. വിവാഹത്തിനു ശേഷം മൂന്നു തവണയാണ് ഞാന്‍ നാട്ടില്‍ ലീവിന് പോയത്. ദിവസങ്ങളെണ്ണി പറയുകയാണെങ്കില്‍ ഭാര്യയുമൊത്ത് നൂറ്റിത്തൊണ്ണൂറു ദിവസത്തെ ദാമ്പത്യം. കൂടുതല്‍ ദിവസം നാട്ടില്‍ നില്‍ക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. ജോലി പോകും എന്നുള്ള ഭയം. പിന്നീട് കത്തുകളിലും ഫോണുകളിലുമായി ഞങ്ങളുടെ ദാമ്പത്യം മുന്നോട്ടു പോകുന്നു. ചോര്‍ത്തപ്പെടുന്ന ഫോണ്‍ സംഭാഷണങ്ങള്‍, കൃത്യമായി എത്തിച്ചേരാത്ത കത്തുകള്‍. ഒന്‍പതു വര്‍ഷത്തെ ദാമ്പത്യ ജീവിതം കൊണ്ട് ഞാന്‍ എന്താണ് നേടിയത്? ഓരോ ലീവിലും നാട്ടില്‍ പോയപ്പോള്‍ എനിക്ക് പിറന്ന ഓരോ സന്താനങ്ങളോ? പിണക്കങ്ങളും പരിഭവങ്ങളും ദേഷ്യങ്ങളുമെല്ലാം രണ്ടു ധൃവങ്ങളിലിരുന്നു മാത്രം പങ്കുവെക്കാന്‍ വിധിക്കപ്പെട്ടവര്‍. വിരഹത്തിന്റെ നൊമ്പരങ്ങള്‍ ഉള്ളിലൊതുക്കി പ്രതീക്ഷകളോടെ നോന്‍പ് നോറ്റിരിക്കുന്ന എന്റെ ഭാര്യയുടെ ദുഃഖം ഒരു നിമിഷത്തേക്കെങ്കിലും ഒന്നു ചിന്തിച്ചു നോക്കൂ. ഗള്‍ഫുകാരന്റെ ഭാര്യ എന്നും നിറം പിടിച്ച കഥകളിലെ നായികയാണ്. അവള്‍ക്ക് സ്വന്തം ആവശ്യത്തിനു പോലും  ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ കഴിയില്ല. വഴിയില്‍ വെച്ചു പരിചയമുള്ള പുരുഷന്മാരോട് മിണ്ടാന്‍ പറ്റില്ല. അങ്ങിനെയെങ്ങാന്‍ സംഭവിച്ചാല്‍ അവളെക്കുറിച്ച് കഥകളായി, കെട്ടിപ്പാട്ടുകളായി, 'അവള്‍ പിശകാണ്' എന്ന കമന്റുകളായി, പുറത്തിറങ്ങാന്‍ പറ്റാത്തത്ര അപവാദങ്ങളായി. ഒരു ഗള്‍ഫ് കാരന്റെ ഭാര്യയാകേണ്ടി വന്നു എന്ന ഒരൊറ്റ തെറ്റേ അവള്‍ ചെയ്തുള്ളൂ. ആര്‍ക്കാണ് ഈ ഗള്‍ഫുകാരന്റെ ഭാര്യമാരുടെ സ്വഭാവ ശുദ്ധിയില്‍ ഇത്ര വേവലാദി? അവരെ ഒരു പ്രത്യേക ചട്ടക്കൂടിലൂടെ നോക്കിക്കാണുന്നത് എന്തിനാണ്?അപവാദത്തിനു ഒന്നോ രണ്ടോ സംഭവങ്ങള്‍ ഉണ്ടായെങ്കില്‍ അതിനെ സാമാന്യവല്‍ക്കരിച്ച് കാണാന്‍ ആര്‍ക്കാണ് ഇത്ര തിടുക്കം?അന്യന്റെ ജീവിതത്തിലേയ്ക്ക് എത്തി നോക്കിയാല്‍ കിട്ടുന്ന ഒരു മാനസിക സംത്യപ്തിയാണോ ഇതിലൂടെ ഉണ്ടാകുന്നത്?അതോ ഇതും നമ്മൂടെ സമൂഹത്തിന്റെ ഒരു മാനസിക വൈകല്യമോ?

വാഴക്കോടന്‍, താങ്കള്‍ കുടുംബസമേതമാണല്ലോ ഗള്‍ഫില്‍ താമസിക്കുന്നത്. താങ്കള്‍ സമ്പന്നതയുടെ കളിത്തൊട്ടിലിലാണെന്നൊന്നും ഞാന്‍ കരുതുന്നില്ല. കുടുംബസമേതം ഗള്‍ഫില്‍ താമസിക്കാനുള്ള ചെലവ് എത്ര വരുമെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ. കെട്ടിട വാടകയും, കുട്ടികളുടെ സ്കൂള്‍ ഫീസും, ചിലവും കഴിഞ്ഞാല്‍ പിന്നെ ഒരു മാസം തികയ്ക്കാന്‍ ഇവിടെ ബാങ്കുകള്‍ ഉദാരമായി നല്‍കുന്ന ക്രെഡിറ്റ്‌ കാര്‍ഡ്‌ തന്നെ ആശ്രയമെന്നു ഞാന്‍ ഊഹിക്കുന്നു. എങ്കിലും കുടുംബം കൂടെയുണ്ടല്ലോ എന്ന ഒരു ആശ്വാസം താങ്കള്‍ അനുഭവിക്കുന്നുണ്ടാകും. താങ്കളുടെ മക്കളുടെ കളി ചിരികള്‍, അവരുടെ കുസൃതികള്‍,അവരുടെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ എല്ലാം താങ്കള്‍ നേരിട്ടു കാണുന്നില്ലേ? മൂന്നുമക്കളുടെ ബാപ്പയായ എനിക്ക് ഉറങ്ങാന്‍ കിടക്കുമ്പോള്‍ മക്കളുടെയും ഭാര്യയുടെയും ഫോട്ടോ മാറോട് ചേര്‍ത്ത് വെച്ച് കിടക്കാനെ എനിക്ക് വിധിയുള്ളൂ. എന്റെ മകള്‍ ആദ്യമായി സ്കൂളില്‍ പോകുന്നത് ഒരു നോക്ക് കാണാനോ അവളുടെ കൈ പിടിച്ചു ആ സ്കൂളിന്റെ പടി കടത്തി കൊണ്ടാക്കാനോ എനിക്കാവുന്നില്ല.വീട്ടിലെ  ഫോണുകളിലൂടെ മക്കളുടെ സംസാരം കേള്‍ക്കുമ്പോഴും ഫോണ്‍ ബില്ല് കൂടുമോ എന്ന് ഭയന്നു കൊഞ്ചാന്‍ പിശുക്ക് കാണിക്കുന്ന ഒരു ബാപ്പയായി ഞാന്‍ പരിണമിച്ചു കൊണ്ടിരിക്കുന്നു. മക്കളില്ലാത്ത കുടുംബമില്ലാത്ത ഒരു ലോകം, ഇതൊരു കാരാഗൃഹത്തിനു തുല്യമല്ലേ?ഇങ്ങനേയും ഇവിടെ കുറേ ജീവിതങ്ങള്‍.

ഇത്രയും നാളത്തെ അദ്ധ്വാനത്തിനും സമ്പാദ്യത്തിനും ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ എന്താണ് ഇവയ്ക്കെല്ലാം പകരമായി ഞാന്‍ നേടിയത് എന്ന ചിന്ത എന്നെ വല്ലാതെ അലട്ടുന്നു. ഒരു കൊച്ചു വീടുവെച്ചതിന്റെ കടങ്ങള്‍ ഇപ്പോഴും ബാക്കി. സ്ഥലം വാങ്ങാന്‍ ഭാര്യയുടെ സ്വര്‍ണ്ണം മുഴുവന്‍ ഉരുക്കിത്തൂക്കി വിറ്റു. ഓരോ വര്‍ഷവും ചിലവിനയച്ചതിന്റെ ബാക്കി സ്വരുക്കൂട്ടി വെച്ച്, അതും കൊണ്ട് ഒരു ലീവിന് പോയി വന്നാല്‍ വീണ്ടും കടങ്ങള്‍ ബാക്കിയാവുന്നു.കടം വാങ്ങാന്‍ ഒരു മടിയും ഇല്ലാത്ത എന്നെപ്പോലുള്ളവര്‍ ഗള്‍ഫ് ജോലിയുടെ അഹംഗാരത്തിലാണ് കടം വാങ്ങിക്കൂട്ടുന്നത്. ഗല്‍ഫിലെ ജോലിക്ക് എന്താണ് ഒരു ഗ്യാരണ്ടിയുള്ളത്? ഒരു സുപ്രഭാതത്തില്‍ സ്പോണ്‍‍സര്‍ വന്ന് ഇന്നുമുതല്‍ നിനക്കിവിടെ പണിയില്ലെന്ന് പറഞ്ഞാല്‍ തീര്‍ന്നു.പിന്നെ സമരം ചെയ്യാനോ കൊടിപിടിക്കാനോ കഴിയില്ല. ഉണ്ടായിരുന്ന ‍ഈ പണി പോയാല്‍ വേറെ എന്ത് പണിയെടുക്കാന്‍ പറ്റും? ആര് വേറെ ജോലി തരും? എങ്ങിനെ ജീവിക്കും? ഒരു പിടിയും ഇല്ല. ഈ ജോലി നാളേയും ഉണ്ടാകുമോ എന്ന് ഒരു ഉറപ്പും ഇല്ല.

ഷുഗറായും പ്രഷറായും കൊളസ്ട്രോളായും
ഒരു വശത്ത് നിന്നും ശരീരത്തെ ആക്രമിക്കുമ്പോള്‍ ഉയര്‍ന്ന ചൂടും തണുപ്പ് കാലത്ത് മരം കോച്ചുന്ന തണുപ്പും മറുവശത്ത്‌ സഹിച്ചു കൊണ്ട് നാളുകള്‍ എണ്ണി നീക്കുന്നു.. ഇനിയും എത്ര നാള്‍ ഈ പ്രവാസ ജീവിതം തുടരണം. ഒന്നും നേടാതെ ജീവിതം നഷ്ടപ്പെടുത്തി എന്തിന് വേണ്ടി കഷ്ടപ്പാടുകള്‍ സഹിച്ച് ഇവിടെ നില്‍ക്കുന്നു എന്ന് ചോദിക്കുമ്പോള്‍ ഒന്നേ എനിക്ക് പറയാനുള്ളൂ. നാട്ടിലുള്ള എന്റെ കുടുംബം അല്ലലില്ലാതെ കഴിയുന്നു. അവര്‍ നല്ല ഭക്ഷണം കഴിക്കുന്നു,നല്ല വസ്ത്രം ഉടുക്കുന്നു,പെങ്ങന്മാര്‍ നല്ല നിലയില്‍ കെട്ടിച്ചയക്കപ്പെട്ടിരിക്കുന്നു, അളിയന്മാര്‍ക്ക് വിസയ്ക്ക് പണം കൊടുത്തിരിക്കുന്നു, അങ്ങിനെ ആത്മ സംതൃപ്തി നല്കിയ ബില്ലുകള്‍ നീണ്ടു പോകുന്നു. അത് മാത്രം ബാക്കി. കണക്കു പുസ്തകങ്ങളിലോ കുടുംബ ബന്ധങ്ങളിലോ ഇടം നേടാതെ പോകുന്ന കണക്കുകള്‍.ഒടുവില്‍ പോരായ്മകളുടെയും കുറ്റപ്പെടുത്തലുകളുടെയും ഇല്ലായ്മയുടെയും കഥകള്‍, അപവാദങ്ങള്‍.
ഓരോ ദിവസം കഴിയും തോറും മനസിന്റെയും ശരീരത്തിന്റെയും ശക്തി കുറഞ്ഞു വരുന്നു. മക്കള്‍ ഒരു നിലയില്‍ എത്തുന്നത് വരെ ഇവിടെ തുടരണം, അതിനിടയില്‍ വല്ല അപകടങ്ങളിലോ ഹൃദയസ്തംഭനം കൊണ്ടോ ഈ ആയുസ്സൊടുങ്ങിയാല്‍ എന്റെ കുടുംബത്തിനു വേറെ ഒരു തണലും ഇല്ല എന്ന ദുഃഖം എന്നെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. ഇവിടുന്നുള്ള ഒരു തിരിച്ചു പോക്ക് ശീതികരിച്ച മയ്യിത്ത്‌ പെട്ടിയിലായിരിക്കല്ലേ എന്നാണു അഞ്ചു നേരവും ദൈവത്തോടുള്ള പ്രാര്‍ത്ഥന. അങ്ങിനെ ഒരു മരണം എനിക്ക് വന്നു ഭവിച്ചാല്‍, തീര്‍ച്ചയായും എന്‍റെ കണ്ണുകള്‍ അടഞ്ഞു പോകില്ലാ വാഴക്കോടാ,പറക്കമുറ്റാത്ത എന്റെ കുഞ്ഞുങ്ങളെ കണ്ടിട്ടെനിക്ക് കൊതി തീര്‍ന്നില്ലാ.എന്‍റെ ഭാര്യയോടൊത്ത്, എന്‍റെ ഉമ്മയോടോത്തു ഒരുമിച്ചു ജീവിച്ചു കൊതി തീര്‍ന്നില്ലല്ലോ കൂട്ടുകാരാ..നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഈ പാവം പ്രവാസിയേയും ഉള്‍പ്പെടുത്തണേ എന്ന ഒസ്യത്തോട് കൂടി തല്‍ക്കാലം നിര്‍ത്തട്ടെ.

നിങ്ങള്‍ സംഘടിപ്പിക്കുന്ന ബ്ലോഗ്‌ മീറ്റുകളില്‍ ഈ പ്രവാസികളെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും ഉണ്ടാവും എന്നും, നിങ്ങളുടെ ഈ കൂട്ടായ്മ അധികാര കേന്ദ്രങ്ങളില്‍ സമ്മര്‍ദം ചെലുത്താനുതകുന്ന ഒരു വലിയ കൂട്ടായ്മയായി വളരട്ടെ എന്നും ആശംസിക്കുന്നു.
എന്നെങ്കിലും താങ്കളെ കണ്ടുമുട്ടാന്‍ ദൈവം സഹായിക്കട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.

സ്നേഹത്തോടെ
സ്വന്തം അസീസ്‌.
 


Copyright http://www.vazhakkodan.com