Sunday, June 7, 2009

സ്നേഹപൂര്‍വ്വം വാഴക്കോടന്‍ അറിയുന്നതിന്ന്, സൌദിയില്‍ നിന്നും....


റിയാദ്, സൌദി അറേബ്യ,
01/06/2009.

എത്രയും പ്രിയപ്പെട്ട വാഴക്കോടന്‍ അറിയുന്നത്തിന്ന് വേണ്ടി,
സൌദി അറേബ്യയിലെ റിയാദില്‍ നിന്നും അസീസ്‌ എഴുതുന്നത്‌. താങ്കളുടെ പേരിലല്ലാതെയും പേരോട് കൂടിയുമൊക്കെയായി അന്തപ്പന്റെ കദന കഥ വായിക്കാന്‍ ഇടയായി. ഗള്‍ഫിലെ ജോലിയുടെ പേരും പറഞ്ഞു ഓരോരോ പേരില്‍ ഓരോ കോഴ്സുകള്‍ തട്ടിക്കൂട്ടുകയും അതാണ്‌  അംഗീകാരമുള്ള ഒറിജിനല്‍ കോഴ്സ് എന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി മാദ്ധ്യമങ്ങളെ ഉപയോഗപ്പെടുത്തി പരസ്യങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍, അതിന്റെ നേര്‍ക്കാഴ്ച്ചയിലേക്ക് വെളിച്ചം വീശുന്ന ഒരു കത്തായിരുന്നു അന്തപ്പന്റെത് എന്ന് പറയാതെ വയ്യ. തൊഴിലെടുക്കാന്‍ താല്‍പര്യവും ആരോഗ്യവും ഉള്ളവന് കഷ്ടപ്പെട്ടാണെങ്കിലും ഇവിടെ സമ്പാദിക്കാന്‍ അവസരമുണ്ട്. ഒന്ന് നേടാന്‍ നമ്മള്‍ മറ്റു പലതും നഷ്ടപ്പെടുത്തണമെന്നാണല്ലോ പറയാറ്‌. ആ നിലയ്ക്ക് നോക്കുമ്പോള്‍ അന്തപ്പന്റെത് തികച്ചും സ്വാഭാവികമായ കാഴ്ചകള്‍ തന്നെയാണ്.

ഞാന്‍ താങ്കള്‍ക്കു ഈ കത്തെഴുതാന്‍ കാരണം, എന്നെപ്പോലുള്ള പാവം പ്രവാസികളുടെ ദയനീയമായ കഥകളും താങ്കളുടെ ബ്ലോഗില്‍ പരാമര്‍ശിക്കണം എന്നും പറയാന്‍ വേണ്ടിയാണ്. അത്തറിന്റെ സുഗന്ധം പരത്തി രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ നാട്ടില്‍ വരുന്ന ഗള്‍ഫ്‌കാരന് പൊങ്ങച്ചത്തിന്റെയും, ആര്‍ഭാടത്തിന്റെയും മുഖം നേടിക്കൊടുക്കാന്‍ ഗള്‍ഫുകാര്‍ തന്നെ കാരണമായിട്ടുണ്ട് എന്നുള്ള വസ്തുത തള്ളിക്കളയാനാവില്ല. എന്നാല്‍ ചുരുക്കം ചിലര്‍ അനുഭവിക്കുന്ന സുഖ സൌകര്യങ്ങള്‍ തങ്ങള്‍ക്കും ഉണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ നടത്തുന്ന കോപ്രായങ്ങള്‍ കൊണ്ടു മുഴുവന്‍ ഗള്‍ഫുകാരും തെറ്റിദ്ധരിക്കപ്പെടുന്നു. എല്ലാവരും ഇവിടെ സുഖ ലോലുപരായാണ് കഴിയുന്നതെന്ന് ബഹുഭൂരിപക്ഷവും തെറ്റിദ്ധരിപ്പിക്കപ്പെടുന്നു. എന്നാല്‍ ഈ ഗള്‍ഫിന്റെ ചിത്രം വളരെ ദയനീയമാണ്. ഇന്നു ചില ചാനലുകളില്‍ കൂടിയെങ്കിലും ഇവിടുത്തെ അവസ്ഥ ചിലരെങ്കിലും മനസ്സിലാക്കുന്നതില്‍ ഞങ്ങളെ പോലുള്ളവര്‍ ആശ്വസിക്കുന്നു. ഇനിയും ഈ സത്യങ്ങളൊക്കെ ഉള്‍ക്കൊള്ളാതെ ഗള്‍ഫ്‌ പണത്തിന്റെ അഹങ്കാരത്താല്‍ ദുര്‍വ്യയം നടത്തുന്ന നാട്ടിലെ ഗള്‍ഫുകാരുടെ ബന്ധുക്കളെ അറിയിക്കാന്‍ താങ്കളുടെ ബ്ലോഗിലൂടെ ഒരു എളിയ ശ്രമം നടത്തണം എന്ന് ആമുഖമായി ഉണര്‍ത്തട്ടെ.

ഞാന്‍ ഈ പുണ്യ ഭൂമിയില്‍ വന്നിട്ട് പന്ത്രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നു.വിവാഹിതനും മൂന്നു പെണ്‍ മക്കളുടെ പിതാവുമാണ്. വിവാഹത്തിനു ശേഷം മൂന്നു തവണയാണ് ഞാന്‍ നാട്ടില്‍ ലീവിന് പോയത്. ദിവസങ്ങളെണ്ണി പറയുകയാണെങ്കില്‍ ഭാര്യയുമൊത്ത് നൂറ്റിത്തൊണ്ണൂറു ദിവസത്തെ ദാമ്പത്യം. കൂടുതല്‍ ദിവസം നാട്ടില്‍ നില്‍ക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. ജോലി പോകും എന്നുള്ള ഭയം. പിന്നീട് കത്തുകളിലും ഫോണുകളിലുമായി ഞങ്ങളുടെ ദാമ്പത്യം മുന്നോട്ടു പോകുന്നു. ചോര്‍ത്തപ്പെടുന്ന ഫോണ്‍ സംഭാഷണങ്ങള്‍, കൃത്യമായി എത്തിച്ചേരാത്ത കത്തുകള്‍. ഒന്‍പതു വര്‍ഷത്തെ ദാമ്പത്യ ജീവിതം കൊണ്ട് ഞാന്‍ എന്താണ് നേടിയത്? ഓരോ ലീവിലും നാട്ടില്‍ പോയപ്പോള്‍ എനിക്ക് പിറന്ന ഓരോ സന്താനങ്ങളോ? പിണക്കങ്ങളും പരിഭവങ്ങളും ദേഷ്യങ്ങളുമെല്ലാം രണ്ടു ധൃവങ്ങളിലിരുന്നു മാത്രം പങ്കുവെക്കാന്‍ വിധിക്കപ്പെട്ടവര്‍. വിരഹത്തിന്റെ നൊമ്പരങ്ങള്‍ ഉള്ളിലൊതുക്കി പ്രതീക്ഷകളോടെ നോന്‍പ് നോറ്റിരിക്കുന്ന എന്റെ ഭാര്യയുടെ ദുഃഖം ഒരു നിമിഷത്തേക്കെങ്കിലും ഒന്നു ചിന്തിച്ചു നോക്കൂ. ഗള്‍ഫുകാരന്റെ ഭാര്യ എന്നും നിറം പിടിച്ച കഥകളിലെ നായികയാണ്. അവള്‍ക്ക് സ്വന്തം ആവശ്യത്തിനു പോലും  ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ കഴിയില്ല. വഴിയില്‍ വെച്ചു പരിചയമുള്ള പുരുഷന്മാരോട് മിണ്ടാന്‍ പറ്റില്ല. അങ്ങിനെയെങ്ങാന്‍ സംഭവിച്ചാല്‍ അവളെക്കുറിച്ച് കഥകളായി, കെട്ടിപ്പാട്ടുകളായി, 'അവള്‍ പിശകാണ്' എന്ന കമന്റുകളായി, പുറത്തിറങ്ങാന്‍ പറ്റാത്തത്ര അപവാദങ്ങളായി. ഒരു ഗള്‍ഫ് കാരന്റെ ഭാര്യയാകേണ്ടി വന്നു എന്ന ഒരൊറ്റ തെറ്റേ അവള്‍ ചെയ്തുള്ളൂ. ആര്‍ക്കാണ് ഈ ഗള്‍ഫുകാരന്റെ ഭാര്യമാരുടെ സ്വഭാവ ശുദ്ധിയില്‍ ഇത്ര വേവലാദി? അവരെ ഒരു പ്രത്യേക ചട്ടക്കൂടിലൂടെ നോക്കിക്കാണുന്നത് എന്തിനാണ്?അപവാദത്തിനു ഒന്നോ രണ്ടോ സംഭവങ്ങള്‍ ഉണ്ടായെങ്കില്‍ അതിനെ സാമാന്യവല്‍ക്കരിച്ച് കാണാന്‍ ആര്‍ക്കാണ് ഇത്ര തിടുക്കം?അന്യന്റെ ജീവിതത്തിലേയ്ക്ക് എത്തി നോക്കിയാല്‍ കിട്ടുന്ന ഒരു മാനസിക സംത്യപ്തിയാണോ ഇതിലൂടെ ഉണ്ടാകുന്നത്?അതോ ഇതും നമ്മൂടെ സമൂഹത്തിന്റെ ഒരു മാനസിക വൈകല്യമോ?

വാഴക്കോടന്‍, താങ്കള്‍ കുടുംബസമേതമാണല്ലോ ഗള്‍ഫില്‍ താമസിക്കുന്നത്. താങ്കള്‍ സമ്പന്നതയുടെ കളിത്തൊട്ടിലിലാണെന്നൊന്നും ഞാന്‍ കരുതുന്നില്ല. കുടുംബസമേതം ഗള്‍ഫില്‍ താമസിക്കാനുള്ള ചെലവ് എത്ര വരുമെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ. കെട്ടിട വാടകയും, കുട്ടികളുടെ സ്കൂള്‍ ഫീസും, ചിലവും കഴിഞ്ഞാല്‍ പിന്നെ ഒരു മാസം തികയ്ക്കാന്‍ ഇവിടെ ബാങ്കുകള്‍ ഉദാരമായി നല്‍കുന്ന ക്രെഡിറ്റ്‌ കാര്‍ഡ്‌ തന്നെ ആശ്രയമെന്നു ഞാന്‍ ഊഹിക്കുന്നു. എങ്കിലും കുടുംബം കൂടെയുണ്ടല്ലോ എന്ന ഒരു ആശ്വാസം താങ്കള്‍ അനുഭവിക്കുന്നുണ്ടാകും. താങ്കളുടെ മക്കളുടെ കളി ചിരികള്‍, അവരുടെ കുസൃതികള്‍,അവരുടെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ എല്ലാം താങ്കള്‍ നേരിട്ടു കാണുന്നില്ലേ? മൂന്നുമക്കളുടെ ബാപ്പയായ എനിക്ക് ഉറങ്ങാന്‍ കിടക്കുമ്പോള്‍ മക്കളുടെയും ഭാര്യയുടെയും ഫോട്ടോ മാറോട് ചേര്‍ത്ത് വെച്ച് കിടക്കാനെ എനിക്ക് വിധിയുള്ളൂ. എന്റെ മകള്‍ ആദ്യമായി സ്കൂളില്‍ പോകുന്നത് ഒരു നോക്ക് കാണാനോ അവളുടെ കൈ പിടിച്ചു ആ സ്കൂളിന്റെ പടി കടത്തി കൊണ്ടാക്കാനോ എനിക്കാവുന്നില്ല.വീട്ടിലെ  ഫോണുകളിലൂടെ മക്കളുടെ സംസാരം കേള്‍ക്കുമ്പോഴും ഫോണ്‍ ബില്ല് കൂടുമോ എന്ന് ഭയന്നു കൊഞ്ചാന്‍ പിശുക്ക് കാണിക്കുന്ന ഒരു ബാപ്പയായി ഞാന്‍ പരിണമിച്ചു കൊണ്ടിരിക്കുന്നു. മക്കളില്ലാത്ത കുടുംബമില്ലാത്ത ഒരു ലോകം, ഇതൊരു കാരാഗൃഹത്തിനു തുല്യമല്ലേ?ഇങ്ങനേയും ഇവിടെ കുറേ ജീവിതങ്ങള്‍.

ഇത്രയും നാളത്തെ അദ്ധ്വാനത്തിനും സമ്പാദ്യത്തിനും ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ എന്താണ് ഇവയ്ക്കെല്ലാം പകരമായി ഞാന്‍ നേടിയത് എന്ന ചിന്ത എന്നെ വല്ലാതെ അലട്ടുന്നു. ഒരു കൊച്ചു വീടുവെച്ചതിന്റെ കടങ്ങള്‍ ഇപ്പോഴും ബാക്കി. സ്ഥലം വാങ്ങാന്‍ ഭാര്യയുടെ സ്വര്‍ണ്ണം മുഴുവന്‍ ഉരുക്കിത്തൂക്കി വിറ്റു. ഓരോ വര്‍ഷവും ചിലവിനയച്ചതിന്റെ ബാക്കി സ്വരുക്കൂട്ടി വെച്ച്, അതും കൊണ്ട് ഒരു ലീവിന് പോയി വന്നാല്‍ വീണ്ടും കടങ്ങള്‍ ബാക്കിയാവുന്നു.കടം വാങ്ങാന്‍ ഒരു മടിയും ഇല്ലാത്ത എന്നെപ്പോലുള്ളവര്‍ ഗള്‍ഫ് ജോലിയുടെ അഹംഗാരത്തിലാണ് കടം വാങ്ങിക്കൂട്ടുന്നത്. ഗല്‍ഫിലെ ജോലിക്ക് എന്താണ് ഒരു ഗ്യാരണ്ടിയുള്ളത്? ഒരു സുപ്രഭാതത്തില്‍ സ്പോണ്‍‍സര്‍ വന്ന് ഇന്നുമുതല്‍ നിനക്കിവിടെ പണിയില്ലെന്ന് പറഞ്ഞാല്‍ തീര്‍ന്നു.പിന്നെ സമരം ചെയ്യാനോ കൊടിപിടിക്കാനോ കഴിയില്ല. ഉണ്ടായിരുന്ന ‍ഈ പണി പോയാല്‍ വേറെ എന്ത് പണിയെടുക്കാന്‍ പറ്റും? ആര് വേറെ ജോലി തരും? എങ്ങിനെ ജീവിക്കും? ഒരു പിടിയും ഇല്ല. ഈ ജോലി നാളേയും ഉണ്ടാകുമോ എന്ന് ഒരു ഉറപ്പും ഇല്ല.

ഷുഗറായും പ്രഷറായും കൊളസ്ട്രോളായും
ഒരു വശത്ത് നിന്നും ശരീരത്തെ ആക്രമിക്കുമ്പോള്‍ ഉയര്‍ന്ന ചൂടും തണുപ്പ് കാലത്ത് മരം കോച്ചുന്ന തണുപ്പും മറുവശത്ത്‌ സഹിച്ചു കൊണ്ട് നാളുകള്‍ എണ്ണി നീക്കുന്നു.. ഇനിയും എത്ര നാള്‍ ഈ പ്രവാസ ജീവിതം തുടരണം. ഒന്നും നേടാതെ ജീവിതം നഷ്ടപ്പെടുത്തി എന്തിന് വേണ്ടി കഷ്ടപ്പാടുകള്‍ സഹിച്ച് ഇവിടെ നില്‍ക്കുന്നു എന്ന് ചോദിക്കുമ്പോള്‍ ഒന്നേ എനിക്ക് പറയാനുള്ളൂ. നാട്ടിലുള്ള എന്റെ കുടുംബം അല്ലലില്ലാതെ കഴിയുന്നു. അവര്‍ നല്ല ഭക്ഷണം കഴിക്കുന്നു,നല്ല വസ്ത്രം ഉടുക്കുന്നു,പെങ്ങന്മാര്‍ നല്ല നിലയില്‍ കെട്ടിച്ചയക്കപ്പെട്ടിരിക്കുന്നു, അളിയന്മാര്‍ക്ക് വിസയ്ക്ക് പണം കൊടുത്തിരിക്കുന്നു, അങ്ങിനെ ആത്മ സംതൃപ്തി നല്കിയ ബില്ലുകള്‍ നീണ്ടു പോകുന്നു. അത് മാത്രം ബാക്കി. കണക്കു പുസ്തകങ്ങളിലോ കുടുംബ ബന്ധങ്ങളിലോ ഇടം നേടാതെ പോകുന്ന കണക്കുകള്‍.ഒടുവില്‍ പോരായ്മകളുടെയും കുറ്റപ്പെടുത്തലുകളുടെയും ഇല്ലായ്മയുടെയും കഥകള്‍, അപവാദങ്ങള്‍.
ഓരോ ദിവസം കഴിയും തോറും മനസിന്റെയും ശരീരത്തിന്റെയും ശക്തി കുറഞ്ഞു വരുന്നു. മക്കള്‍ ഒരു നിലയില്‍ എത്തുന്നത് വരെ ഇവിടെ തുടരണം, അതിനിടയില്‍ വല്ല അപകടങ്ങളിലോ ഹൃദയസ്തംഭനം കൊണ്ടോ ഈ ആയുസ്സൊടുങ്ങിയാല്‍ എന്റെ കുടുംബത്തിനു വേറെ ഒരു തണലും ഇല്ല എന്ന ദുഃഖം എന്നെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. ഇവിടുന്നുള്ള ഒരു തിരിച്ചു പോക്ക് ശീതികരിച്ച മയ്യിത്ത്‌ പെട്ടിയിലായിരിക്കല്ലേ എന്നാണു അഞ്ചു നേരവും ദൈവത്തോടുള്ള പ്രാര്‍ത്ഥന. അങ്ങിനെ ഒരു മരണം എനിക്ക് വന്നു ഭവിച്ചാല്‍, തീര്‍ച്ചയായും എന്‍റെ കണ്ണുകള്‍ അടഞ്ഞു പോകില്ലാ വാഴക്കോടാ,പറക്കമുറ്റാത്ത എന്റെ കുഞ്ഞുങ്ങളെ കണ്ടിട്ടെനിക്ക് കൊതി തീര്‍ന്നില്ലാ.എന്‍റെ ഭാര്യയോടൊത്ത്, എന്‍റെ ഉമ്മയോടോത്തു ഒരുമിച്ചു ജീവിച്ചു കൊതി തീര്‍ന്നില്ലല്ലോ കൂട്ടുകാരാ..നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഈ പാവം പ്രവാസിയേയും ഉള്‍പ്പെടുത്തണേ എന്ന ഒസ്യത്തോട് കൂടി തല്‍ക്കാലം നിര്‍ത്തട്ടെ.

നിങ്ങള്‍ സംഘടിപ്പിക്കുന്ന ബ്ലോഗ്‌ മീറ്റുകളില്‍ ഈ പ്രവാസികളെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും ഉണ്ടാവും എന്നും, നിങ്ങളുടെ ഈ കൂട്ടായ്മ അധികാര കേന്ദ്രങ്ങളില്‍ സമ്മര്‍ദം ചെലുത്താനുതകുന്ന ഒരു വലിയ കൂട്ടായ്മയായി വളരട്ടെ എന്നും ആശംസിക്കുന്നു.
എന്നെങ്കിലും താങ്കളെ കണ്ടുമുട്ടാന്‍ ദൈവം സഹായിക്കട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.

സ്നേഹത്തോടെ
സ്വന്തം അസീസ്‌.

53 comments:

വാഴക്കോടന്‍ ‍// vazhakodan said...

എന്റെ ഒരു പരിചയക്കാരന്‍ ഇന്നലെ ഷാര്‍ജ്ജയില്‍ വെച്ച് ഹൃദയ സ്തംഭനം മൂലം മരിച്ചു. അവനും ഇതുപോലെയൊക്കെ ആഗ്രഹിച്ചു കാണില്ലേ? നാട്ടിലെ അവന്റെ ഭാര്യയേയും മക്കളെയും എന്ത് പറഞ്ഞു സമാധാനിപ്പിക്കും. അറിയില്ല. പ്രവാസികളുടെ നമ്മള്‍ ശ്രദ്ധിക്കാത്ത മറ്റൊരു മുഖം ഇവിടെ കോറിയിടുന്നു.പോഴത്തരം പ്രതീക്ഷിച്ചവര്‍ ക്ഷമിക്കുമല്ലോ...

Sureshkumar Punjhayil said...

Vazhakkodan... Hats off...!!! Pranamikkunnu.. Enteyum jeevitham pankuvechathinu... Ashamsakal...!!!

Musthafa said...

ഇത് ഞങ്ങളുടെ ഒക്കെ ജീവിതത്തില്‍ നിന്നുള്ള ഒരു ഏടാന്നല്ലോ ബായക്കോടന്‍ മൊയലാളീ

നന്നായിട്ടുണ്ട്. ഇത് കണ്ടാലെങ്ങിലും നാട്ടില്‍ അവര്‍ക്ക് മനസിലാകട്ടെ ഞങ്ങളുടെ വിഷമങ്ങള്‍, വേദനകള്‍ ‍

Appu Adyakshari said...

വാഴക്കോടാ, ഇത് മലയാളിക്ക് തീരെ അപരിചിതമായ ഗള്‍ഫിന്റെ മുഖമാണെന്ന് എനിക്ക് അഭിപ്രായമില. പ്രത്യേകിച്ച് ഈ ടി.വി ചാനലുകളുടെ ഇന്നത്തെ വളര്‍ച്ചയ്ക്കു ശേഷം ഗള്‍ഫിന്റെ ഈ പോസ്റ്റില്‍ പറയുന്ന ദൃശ്യം കുറേപ്പേര്‍ക്കെങ്കിലും നാട്ടില്‍ പരിചിതമാണ്. എങ്കിലും ഇന്നും അവധിക്ക് നാട്ടിലെത്തുന്ന ഒരു സാധാരണപ്രവാസിയെ കണ്ടാല്‍ പിരിവിനെത്തുന്നവരും “അഞ്ഞൂറിന്റെ ഒരു കൂപ്പണ്‍” അങ്ങു പിടിപ്പിക്കാനാണ് നോക്കുന്നത്. ഗള്‍ഫെന്നാല്‍ ചുമ്മാ കാശുകിട്ടുന്ന സ്ഥലം എന്നൊരു തോന്നല്‍ - ഇതിനു കുറേയൊക്കെ ഉത്തരവാദികള്‍ നമ്മള്‍ പ്രവാസികള്‍ തന്നെയാണ്.

ഈ പോസ്റ്റില്‍ പറയുന്നതുപോലെ ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ ഇവിടെ കഷ്ടപ്പെടുന്നവന് ജീവിതത്തില്‍ പലതും നഷ്ടമാകുന്നു. സൌഭാഗ്യങ്ങള്‍ പലതും മറ്റുപല ഭാഗ്യങ്ങളും കൈവിട്ടുകിട്ടുന്നതായി മാറുന്നു. സത്യമാണ്.

ഇനി പോസ്റ്റിന്റെ അവസാന ഭാഗത്തു പറയുന്ന കാര്യം, “നിങ്ങള്‍ സംഘടിപ്പിക്കുന്ന ബ്ലോഗ്‌ മീറ്റുകളില്‍ ഈ പ്രവാസികളെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും ഉണ്ടാവും എന്നും, നിങ്ങളുടെ ഈ കൂട്ടായ്മ അധികാര കേന്ദ്രങ്ങളില്‍ സമ്മര്‍ദം ചെലുത്താനുതകുന്ന ഒരു വലിയ കൂട്ടായ്മയായി വളരട്ടെ എന്നും ആശംസിക്കുന്നു“ - ഇത് എത്രത്തോളം പ്രായോഗികമാണെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു... സഹായം അര്‍ഹിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ചെയ്യുവാന്‍ ഏതു കൂട്ടയ്മയിലെ അംഗങ്ങല്‍ വിചാരിച്ചാലും സാധിക്കും. പക്ഷേ അടുത്ത ആഗ്രഹം..... :-) എനിക്കറിയില്ല.

ആർപീയാർ | RPR said...

വാഴേ ...

പ്രവാസ ജീവിതത്തിന്റെ നേർക്കാഴ്ചയാണിത്. കാണാൻ മറന്നു പോയവരും കണ്ടിട്ടും കാണാതെ പോകുന്നവർക്കുമായി ഒരു നല്ല പോസ്റ്റ്.

ഇതുപോലുള്ള പോഴത്തരങ്ങൾ ഇനിയും വരട്ടേ..

Musthafa said...

കമന്‍ട്യപ്പോള്‍ ഒരു കാര്യം പറ്റെ വിട്ടുപോയ്‌ കേട്ടോ.

മരണപ്പെട്ട ആ സഹോദരന്നു വേണ്ടി പടച്ചവനോട് പ്രാര്‍ത്ഥന നടത്തുന്നു. ആ സഹോദരന്റെ കുടുംബത്തിന്നു ക്ഷമയും സമാധാനവും അവന്‍ നല്‍കട്ടെ

NAZEER HASSAN said...

പ്രിയാ വാഴകോട,
കണ്ണുകള്‍ നിറയാതെ ഇത് വായിച്ചു തീര്‍ക്കാന്‍ ആവില്ല ..ഇത്തരം പ്രവാസികളെ ഓര്‍കുമ്പോള്‍ നമ്മള്‍ക്ക് കിട്ടിയ അനുഗ്രഹങ്ങള്‍ക്ക് നാം ദൈവത്തോട് എത്രെ നന്ദി ചെയ്താലും മതിയാവുകയില്ല .. ബാങ്ക് ബാലന്‍സ് ഇല്ലെങ്കിലും..
നമ്മുടെ കുടുംബം നമ്മോടു കൂടെ ഉണ്ടല്ലോ ..അല്ഹമ്ദുലില്ലഹ്
സസ്നേഹം
നസി

അനില്‍@ബ്ലൊഗ് said...

മനുഷ്യന്റ്റെ കാര്യം ആര്‍ക്ക് പ്രവചിക്കാനാവും !

എന്തായാലും ഗള്‍ഫില്‍ കഷ്ടപ്പെടുന്നവന്റെ ദുഖങ്ങള്‍ ചെറിയൊരളവെങ്കിലും നാട്ടിലുള്ളവരും അറിഞ്ഞു തുടങ്ങിയിരിക്കുന്നു. അധികാരികളുടെ ഭാഗത്തുനിന്നും കൂടുതല്‍ ഈ വഴിക്ക് പദ്ധതികള്‍ വരും എന്ന് ആശിക്കാം.

കനല്‍ said...

ഭേദപ്പെട്ട ശമ്പളം, സ്നേഹിക്കാന്‍ ഒരു ഭാര്യ, കുടുംബം കുട്ടികള്‍, സന്തോഷത്തോടെ ജീവിക്കുന്ന മാതാപിതാക്കള്‍ ഇതൊക്കെ സ്വപ്നം കണ്ടാണ് പലരും ഗള്‍ഫ് ജീവിതത്തിലേക്ക് കാല്‍ വയ്ക്കുന്നത്.

എന്നിട്ട് ഇതൊക്കെ അവര്‍ക്ക് നേടാന്‍ കഴിയുന്നുണ്ടോ?

ഉചിതമായ പോസ്റ്റ്
നന്ദി വാഴക്കോടന്‍

ബഷീർ said...

വായിച്ചു സഹോദരാ താങ്കളുടെ കത്ത്..
ഒരു ശരാശരി പ്രവസിയുടെ ജീവിതം..
ആ‍ശ്വാസ വചനങ്ങൾക്കൊണ്ട് തണുപ്പിക്കാൻ ആവില്ല എന്നറിയാം എങ്കിലും . താങ്കളെക്കാൾ കഷ്ടപ്പാടും ദുരിതവും അനുഭവിക്കുന്നവർ ഈ ലോകത്ത് ..കണ്ണൊന്ന് തുറന്ന് നോക്കിയാൽ നമുക്ക് ചുറ്റും തന്നെ ഉണ്ടെന്ന് അറിയുക ..ആ അറിവിൽ ലോക രക്ഷിതാവിനോട് നന്ദിയുള്ളവനായിരിക്കാനും നമ്മുടെ കടമകളും ഉത്തരവാദിത്വങ്ങളും നിർവഹിക്കുന്നതിൽ ഉത്സുകരാവാനും നഷ്ടപ്പെടുന്നതിനെ കുറിച്ച് വേവലാതി പൂണ്ട് ആരോഗ്യം നശിപ്പിക്കാതിരിക്കാനും കഴിയുക.

ഒരു ആശുപത്രിയോ ജയിലോ സന്ദർശിക്കാൻ അവസരം ലഭിച്ചാൽ അവിടെ യുള്ള രോഗികളുടെ, ജയിലിൽ അകപ്പെട്ടവരുടെ ജീവിതം മനസ്സിലാക്കിയാൽ നാ‍ം എത്ര ഭാഗ്യവാന്മാർ എന്ന് മനസ്സിലാവും.

പ്രവാസിയുടെ ദു:ഖങ്ങളും നൊമ്പരങ്ങളും പ്രവാസിക്ക് മാത്രമേ ശരിയായി മനസ്സിലാക്കാൻ കഴിയുകയുള്ളൂ എന്നാണ് തോന്നുന്നത്.

ഇവിടെ എന്ത് പ്രശ്നമുണ്ടെങ്കിലും അതൊന്നും നാട്ടിൽ അറിയിക്കാതിരിക്കാനാണ് മിക്കവരും ശ്രമിക്കുക. എന്തിനു അവരെ കൂ‍ടി വിഷമിപ്പിക്കുന്നു എന്നായിരിക്കും .പക്ഷെ അത് പലപ്പോഴും അവനു വിപരീത ഫലമായിർക്കും നൽകുക.

ചുരുങ്ങിയ സമയം ഞാൻ സൌദിയിൽ ഉണ്ടയിരുന്നപ്പോഴത്തെ അനുഭവങ്ങളിൽ നിന്ന് ഒരു ഏട് “ഈദുൽ ഫിത്വറിന്റെ കണ്ണുനീർ “ ഇവിടെ വായിക്കുമല്ലോ

എഴുത്തിന്റെ അവസാനം സൂചിപ്പിച്ച കാര്യങ്ങളിൽ അപ്പു എഴുതിയ അതേ അഭിപ്രായം തന്നെ എനിക്കും

അനുഗ്രഹങ്ങൾക്കായി പ്രാർത്ഥിക്കുന്നു.

ബഷീർ said...

വാഴക്കോടൻ , ആ സുഹൃത്തിനു ബൂലോകത്തിന്റെ എല്ലാ പിന്തുണയും ഐക്യദാർഢ്യവും അറിയിക്കുക

പകല്‍കിനാവന്‍ | daYdreaMer said...

നിങ്ങള്‍ സംഘടിപ്പിക്കുന്ന ബ്ലോഗ്‌ മീറ്റുകളില്‍ ഈ പ്രവാസികളെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും ഉണ്ടാവും എന്നും, നിങ്ങളുടെ ഈ കൂട്ടായ്മ അധികാര കേന്ദ്രങ്ങളില്‍ സമ്മര്‍ദം ചെലുത്താനുതകുന്ന ഒരു വലിയ കൂട്ടായ്മയായി വളരട്ടെ എന്നും ആശംസിക്കുന്നു.
..........
എടാ.. നിന്‍റെ കമെന്റ് കൂടി വായിച്ചു കഴിഞ്ഞപ്പോള്‍ തകര്‍ന്നു...

നമ്മുടെ ഇങ്ങനെയുള്ള കൂട്ടായ്മകളില്‍ കൂടി അര്‍ഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും സഹായം ചെയ്യാന്‍ കഴിയും.. ആശംസകളോടെ..

Unknown said...

ഞാന്‍ ഇവിടേ വന്നിട്ട് 6 മാസം ആയുള്ളൂ .. എനിക്ക് നഷ്ടപെടുന്ന ജീവിതം ഞാന്‍ വേദനയോടായ്‌ നോക്കി കാണുകയാണ് ... ഇതു വായിച്ചപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു ...
ഇപ്പോഴത്തേ സാഹചര്യത്തില്‍ ഭാര്യ യും കുഞ്ഞും അടുത്ത് ഉണ്ടാകണം എന്ന് ഓര്‍ക്കാന്‍ പോലും
പറ്റുകയില്ല .. അത്രയ്ക്കു ചിലവേറിയതാണ് ഗള്‍ഫ്‌ ജീവിതം .... മതിയായി .. നമ്മള്‍ എല്ലാം നേടി തിരികേയ്‌ ചെല്ലുമ്പോള്‍ അവിടെ ഒന്നും ഇല്ലാത്ത അവസ്ഥ ഹൂ ചിന്തിക്കാന്‍ പോലും വയ്യ ..
വളരെ അതികം നന്ദി വാഴകോടന്‍

ദീപക് രാജ്|Deepak Raj said...

നന്നായി വാഴക്കോടന്‍. ആദ്യ കുറെ കാലങ്ങള്‍ വേദനയുടെയും ഗൃഹാതുരത്വത്തിന്റെയും ആണെങ്കില്‍ പിന്നീട് മരവിപ്പും ഭാവിയില്‍ നഷ്ടബോധങ്ങളും ആയി മാറും. എന്നാല്‍ ഏതാവസ്ഥയില്‍ നാട്ടില്‍ വന്നാലും പണം കായ്ക്കുന്ന മരങ്ങള്‍ ആയി മാറുന്ന പ്രവാസികളെ ചൂഷണം ചെയ്യാന്‍ നില്‍ക്കുന്നവര്‍ പക്ഷെ സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് ജോലിനഷ്ടപ്പെട്ടവരെ തള്ളിപ്പറയാന്‍ തുടങ്ങിയതും ചരിത്രമാണ്. മിച്ചം വയ്ക്കാന്‍ കഴിയുന്ന പ്രവാസികള്‍ സാമ്പത്തിക അച്ചടക്കം ശീലിച്ചാല്‍ ഒരു പക്ഷെ ഇത്തരം ഒരു അവസ്ഥ ഭാവിയില്‍ ഉണ്ടായാല്‍ പ്രശ്നമില്ലാതെ അതിനെ നേരിടാന്‍ കഴിഞ്ഞെന്നു വരും.

പാവപ്പെട്ടവൻ said...

വളരെ ഹൃദയ ഭേദകമായ ഒരു പ്രവാസ ജീവിതത്തിന്റെ നേര്‍ചിത്രമാണ് ആസിസ് എഴുതിയതായി ഇവിടെ പോസ്റ്റ് ചെയ്തത് .

ഗള്‍ഫ്ജീവിതത്തിലെ ഭീമ ശതമാനത്തിന്റെയും അവസ്ഥയാണ് ഇത് .
വാഴക്കോടന് അഭിനന്ദനങ്ങള്‍

കാപ്പിലാന്‍ said...

വാഴക്കോടാ ,വായിച്ചു .ഗള്‍ഫുകാരന്റെ മുഖം നന്നായി വരച്ചിരിക്കുന്നു .മാധ്യമങ്ങള്‍ കുറെയൊക്കെ ഗള്‍ഫ്‌ കാഴ്ചകള്‍ കാണിക്കുന്നുണ്ടെങ്കിലും അതെത്രത്തോളം ജനങ്ങളില്‍ എത്തും എന്നറിയില്ല .കാരണം ഗള്‍ഫുകാര്‍ തന്നെ പുറം മോടിയില്‍ തന്റെ ഉള്ളിലെ ദുഃഖങ്ങള്‍ പലപ്പോഴും അകറ്റുകയാണ് സാധാരണ.എത്രയൊക്കെ വിഷമങ്ങള്‍ ഉണ്ടെന്നു പറഞ്ഞാലും ഗള്‍ഫുകാര്‍ക്ക് ഇപ്പോഴും നാട്ടില്‍ നല്ലൊരു സ്ഥാനമുണ്ട് .കാരണം ഇവിടെയും സാധാരണക്കാരന്റെ ശബ്ദം പുറത്തു കേള്‍ക്കില്ല എന്നത് തന്നെ .ആശംസകള്‍ .

Typist | എഴുത്തുകാരി said...

ഈ കത്തിലൂടെ ശരിയായ ഒരുചിത്രം വരച്ചിരിക്കുന്നു.

പക്ഷേ ഒരു കാര്യത്തോട് എനിക്കു യോജിക്കാനാവുന്നില്ല. ഗള്‍ഫുകാരന്റെ ഭാര്യ പുറത്തിറങ്ങിയാല്‍, മറ്റൊരു പുരുഷനോട് സംസാരിച്ചാല്‍ മോശമായി ആളുകള്‍ പറയും എ‍ന്നതിനോട്. എത്ര ഗള്‍ഫ് ഭാര്യമാരോട് ഇടപെടേണ്ടിവന്നിരിക്കുന്നു, അവരുടെ ഭര്‍ത്താക്കന്മാര്‍ ഇവിടെ ഇല്ലാത്തതുകൊണ്ട് അവര്‍ എത്ര ബുദ്ധിമുട്ടുന്നു, അല്ലെങ്കില്‍ അവര്‍ ഇവിടെ ഇല്ലാതിരുന്നിട്ടുകൂടി ഈ ഭാര്യമാര്‍ തന്നെ എന്തു ഭംഗിയായി കാര്യങ്ങള്‍ ചെയ്യുന്നു എന്ന തോന്നലേയുള്ളൂ.വീട് പണി, അതിനു് ലോണ്‍ എടുക്കല്‍, അതുമായി ബന്ധപ്പെട്ട എത്രയോ ജോലികള്‍, അതൊക്കെ അവരു തന്നെയല്ലേ ചെയ്യുന്നതു്. അതിനൊരു മോശമായ പെരുമാറ്റം ആരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നതായി തോന്നിയിട്ടില്ല. അപവാദം ആരെങ്കിലും ഉണ്ടായിരിക്കാം. ഇല്ലെന്നല്ല. പക്ഷേ അവരെപ്പറ്റി ഒരു മോശമായ അഭിപ്രായമൊന്നും നാട്ടിലില്ല.

Sabu Kottotty said...
This comment has been removed by the author.
പ്രയാണ്‍ said...

വാഴക്കോടാ വായിച്ചപ്പോള്‍ വല്ലാതെ വിഷമം തോന്നി....ദുഖത്തില്‍ ഞാനും പങ്കുചേരുന്നു.

Sabu Kottotty said...

കേട്ടിട്ടില്ലേ, പണ്ട്‌ എസ്‌. എ ജമീല്‍ പാടിയത്‌ ? ലോക പ്രവാസികളെ ആകെ, വിശേഷിച്ച്‌ ഗള്‍ഫുനാടുകളില്‍ പണിയെടുക്കുന്ന ശരാശരി മനുഷ്യരെക്കുറിച്ച്‌, അവരുടെ വീടരെയും വീട്ടുകാരെയും കുറിച്ച്‌.
കൊട്ടോട്ടിക്കാരന്‍ ഗള്‍ഫില്‍ പോയിട്ടില്ല.കിട്ടിയ അറിവുകള്‍ കൂട്ടിവായിക്കുമ്പോള്‍ വാഴക്കോടന്‍ പറഞ്ഞത്‌ അക്ഷരം പ്രതി ശരിയാണെന്നു മനസ്സിലാവുന്നുണ്ട്‌.

പക്ഷേ ബൂലോകരേ,
ജോലിചെയ്യാന്‍ വിദേശത്തുതന്നെ പോകണമെന്ന വാശി എന്തിനാണ്‌ ? പണീയെടുക്കാന്‍ തയ്യാറുണ്ടെങ്കില്‍ ഈ ഇന്ത്യാമഹാരാജ്യത്തു തന്നെ നല്ല തൊഴില്‍ കിട്ടുമല്ലോ. അവനവന്‍റെ ആവശ്യമുള്ള വരുമാനം കിട്ടുന്ന തൊഴില്‍ കിട്ടാത്തതല്ല മറിച്ച്‌ കാണാത്തതാണ്‌, കേള്‍ക്കാന്‍ ശ്രമിക്കാത്തതാണ്‌, ചെയ്യാന്‍ മടിച്ചിട്ടാണ്‌ എന്നാണ്‌ എനിക്കു എടുത്തു പറയാനുള്ളത്‌. കൊട്ടോട്ടിക്കാരന്‍ മെച്ചപ്പെട്ട വരുമാനം നേടിയെടുക്കുന്നുണ്ട്‌. ഒന്നും രണ്ടും ലക്ഷങ്ങള്‍ കടമാക്കി ഗള്‍ഫില്‍ കുടിയേറുന്നവര്‍ക്ക്‌ അത്രതന്നെ മുടക്കില്ലാതെ നല്ല വരുമാനം ഇവിടെയും ഉണ്ടാക്കാന്‍ കഴിയും.ഇനി അല്‍പ്പം കുറഞ്ഞാല്‍ത്തന്നെ കുടുംബത്തോടൊന്നിച്ച്‌ കഴിയാന്‍ സാധിക്കും.

Ashly said...

Very touchee!!

അരുണ്‍ കരിമുട്ടം said...

ഇത് പോഴത്തരമല്ല വാഴക്കോടാ പച്ചയായ സത്യം മാത്രം
ആശംസകള്‍

കാസിം തങ്ങള്‍ said...

പ്രവാസിയുടെ ആകുലതകളും മന:സ്സം‌ഘര്‍ഷങ്ങളും നിറഞ്ഞ് നില്‍ക്കുന്നു ഈ കത്തില്‍. ജീവിതത്തില്‍ ഒന്നും നേടാന്‍ കഴിയാതെ പോകുന്ന തന്റെ സങ്കടക്കണ്ണീര്‍ കാണാന്‍ അവനല്ലാതെ മറ്റാരുമില്ല. വിലപ്പെട്ടതെല്ലാം നാട്ടില്‍ ഉപേക്ഷിച്ച് കടല്‍ കടന്നെത്തുന്നവന്‍, കടങ്ങളും അസുഖങ്ങളും മാത്രം സമ്പാദ്യമായി നേടി യാന്ത്രികമായി മരുഭൂമിയില്‍ ജീവിച്ച് തീര്‍ക്കുന്നു. എങ്കിലും ഒന്നോര്‍ത്ത് സമാധാനിക്കാം. കുടുംബത്തെ പുലര്‍ത്താനുള്ള ഈ സാഹസങ്ങള്‍‌ക്കും കഷ്ടപ്പാടുകള്‍ക്കും അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍‌കാതിരിക്കില്ല, തീര്‍ച്ച.
കണ്ണുകളെ നനയിച്ചു ഈ കത്ത് വാഴക്കോടാ.

വശംവദൻ said...

ഒരു ശരാശരി ഗൾഫ് മലയാളിയുടെ ജീവിതമെന്തെന്നു
വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു.
അഭിനന്ദനങ്ങൾ

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പൊള്ളിക്കുന്ന അനുഭവം. പക്ഷെ, എത്ര കേട്ടാലും കണ്ടാലും ആരും പഠിക്കാത്തതെന്താ?

ചെറിയ ഒരു അനുഭവം പറയട്ടെ?

ഞാന്‍ അബുദാബിയില്‍ വന്ന സമയത്ത് ഹോട്ടലിലായിരുന്നു താമസം. അതില്‍ പതിനാലോളം ഡാന്‍സ് ബാറുകള്‍ ഉണ്ട് (!) ദോഹയില്‍ ഇല്ലാത്തതു കൊണ്ടുള്ള കൌതുകത്തിന് ആദ്യ രണ്ടാഴ്ചകള്‍ അതിലെല്ലാം കറങ്ങി നടന്നു. അവിടെയൊക്കെ സ്ഥിരമായ ചില മുഖങ്ങളെ കണ്ടിരുന്നു, മാലയിടല്‍, കിരീടം ചാര്‍ത്തല്‍ പരിപാടികളുമായി.
കൌതുകങ്ങള്‍ തീര്‍ന്നപ്പോള്‍ ഇതിന്റെ ഒച്ച കാരണം ഉറക്കം വരാതായി. അങ്ങനത്തെ ഒരു ദിവസം പുലര്‍ച്ചെ 2.30ന് (അപ്പോഴാണ് ഷോ തീരുന്നത്!) ഞാന്‍ വട്ട് പിടിച്ച് റിസ്പ്ഷനില്‍ ചെന്നു. അപ്പോള്‍ അവിടെ രണ്ട് മലയാളികള്‍ നിന്ന് കരയുന്നു. ചോദിച്ചപ്പോള്‍ അവര്‍ ഇതു പോലൊരു ഡാന്‍സ് ബാറില്‍ വന്നതാണെന്നും അവിടെ വെച്ച് സി ഐ ഡി കളാണെന്ന് പറഞ്ഞ് രണ്ട് പേര്‍ ഐ ഡി കാര്‍ഡും പേഴ്സും പിടിച്ചു വാങ്ങി, പിന്നെ തിരിച്ചു കൊടുത്തില്ല എന്ന്. ഞാനവരൊട് ചോദിച്ചു എത്ര കാശ് പോയെന്ന്. നലായിരത്തിലധികം ദിര്‍ഹം! (അമ്പ്തിനായിരത്തിലധികം രൂപ) ഉണ്ടായിരുന്നത്രെ. ഞാ‍നവരുടെ ജോലി തിരക്കി. മീന്‍ പിടിക്കാന്‍ പോകുന്നവര്‍, ശമ്പളം മാസം 800 ദിര്‍ഹം! എന്ത് പറയണം? വല്ലപ്പോഴും ഒന്ന് ആഘോഷിക്കാന്‍ പോകുന്നതില്‍ തെറ്റില്ല, പക്ഷെ, കുറച്ച് ഉത്തരവാദിത്തം വേണ്ടേ? വീട്ടില്‍ ഇരിക്കുന്നവരേകൂടി ആലോചിക്കണ്ടേ?

ഇതിനൊന്നും പോകാതെ ശരിക്കും കഷ്ടപ്പെടുന്നവര്‍ ഉണ്ട്. അതേ പോലെ തന്നെ ആയ കാലത്ത് തോന്നിയ പോലെ നടന്ന് അവസാനം നിലവിളിക്കുന്നവരും, നേരം വെളുക്കുമ്പോള്‍ കുളിച്ച് കുറിയിട്ട് ആ‍രെ പറ്റിക്കണം എന്ന് ചിന്തിച്ച് പുറത്തേക്കിറങ്ങുന്ന പ്രവാസി മലയാളികളും ഇവിടെയൊക്കെ ഉണ്ട്.

സഹായിക്കണം, അതര്‍ഹിക്കുന്നവനെ, അതിന് നമ്മുടെ കൂട്ടായ്മകള്‍ക്ക് സാധ്യമാവട്ടെ.

ധൃഷ്ടദ്യുമ്നന്‍ said...

പറഞ്ഞതത്രയും സത്യമാണ്‌..ജീവിതത്തിന്റെ നേർ രേഖ..അവസാന നാളുകളിൽ തിരിഞ്ഞു നോക്കുമ്പൊ കുറ്റപ്പെടുത്തലുകളും വേദനകളും മാത്രം...മനസ്സിൽ തട്ടി..

Arun said...

വാഴക്കോടന്‍,
താങ്കള്‍ വീണ്ടും സങ്കടപ്പെടുത്തുന്നു. ചിരിപ്പിക്കാന്‍ മാത്രമല്ല താങ്കളുടെ പോസ്റ്റുകള്‍ എന്ന് വീണ്ടും തെളിയിക്കുന്നു. ആശംസകള്‍.
ഒരു പ്രവാസിയുടെ ജീവിതം ഇത്ര മനോഹരമായി അവതരിപ്പിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞതില്‍ എന്റെ അഭിനന്ദനം അറിയിക്കട്ടെ. മറ്റുള്ളവര്‍ക്ക് പ്രകാശം നല്‍കി സ്വയം ഉരുകിത്തീരുന്ന ഒരു മെഴുകുതിരിയാണ് ഒരു പ്രവാസി എന്ന് ഹൃദയഹാരിയായി പറഞ്ഞിരിക്കുന്നു. വായിച്ചു കഴിഞ്ഞ് ഒന്ന് പൊട്ടിക്കരയാതിരിക്കാന്‍ കഴിഞ്ഞില്ല.മനസ്സിലെ കുറെ ദുഃഖങ്ങള്‍ ഒഴിഞ്ഞ പോലെ തോന്നി.കാരണം ഇത് എന്റെ കൂടി അനുഭവമാണ്......സത്യം.

ഹന്‍ല്ലലത്ത് Hanllalath said...

...അങ്ങിനെ ഒരു മരണം എനിക്ക് വന്നു ഭവിച്ചാല്‍, തീര്‍ച്ചയായും എന്‍റെ കണ്ണുകള്‍ അടഞ്ഞു പോകില്ലാ വാഴക്കോടാ....


...കണ്ണുകള്‍ നനയുന്നു സുഹൃത്തെ...

ഞാന്‍ ആചാര്യന്‍ said...

കമന്‍റ് എഴുതുന്നില്ല

ഞാന്‍ ആചാര്യന്‍ said...

സൂത്രന്‍റെ ബ്ലോഗ് പ്രൊഫൈലില്‍ എഴുതിയിട്ടുള്ളത് ഒരിക്കല്‍ കൂടി വായിക്കുന്നു:

"...ജീവിക്കാനും മറ്റുള്ളവരെ ജീവിപ്പിക്കാനും പാടുപെടുന്ന ഒരു പാവം പ്രവാസി.മഴ കാണാന്‍ കൊതിക്കുന്ന,പുഴയില്‍ കുളീകാന്‍ കൊതിക്കുന്ന ,കൂട്ട്കാരൊടപ്പം വെടിപറഞിരിക്കാന്‍ കൊതിക്കുന്ന ഒരു പ്രവാസി..പ്രവാസിയുടെ ഊര്‍ജ്ജമാണ് മറ്റുള്ളവരുടെ ചെക്ക് ലീഫ്....... “നിങ്ങള്‍ സന്തൊഷിക്കുവിന്‍,ഞങ്ങള്‍ വേദനിക്കാം"

Rejeesh Sanathanan said...

വന്നു .........വായിച്ചു ......ഒന്നും പറയാനില്ല........അല്ലെങ്കില്‍ തന്നെ എന്താ പറയുക....പ്രിയപ്പെട്ടവരോടൊപ്പം നാട്ടില്‍ കഴിയാന്‍ സാധിക്കുന്ന ഞാന്‍ ഒരുപാട് ഭാഗ്യവാനാണ് എന്നൊരു തോന്നല്‍

ബിനോയ്//HariNav said...

ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ല വാഴക്കോടാ. പറയേണ്ടതെല്ലാം താങ്കള്‍ ഭം‌ഗിയായി പറഞ്ഞുകഴിഞ്ഞു.
ആശംസകള്‍ :)

കാട്ടിപ്പരുത്തി said...

ഒന്നും സഹായിച്ചില്ലെങ്കിലും പ്രവാസിയുടെ ഭാര്യമാരെന്ന രീതിയിലെഴുതുന്ന പോസ്റ്റുകളെങ്കിലും ഇല്ലാതായിരുന്നെങ്കില്‍

നീര്‍വിളാകന്‍ said...

ശരിയാണ് വാഴക്കോടാ.... ഇതു നേര്‍ക്കാഴ്ച്ച തനെയാണ്...പ്രത്യേകിച്ച് സൌദിയില്‍.... ലക്ഷക്കണക്കിന് പ്രവാസികള്‍ വര്‍ഷങ്ങളോളം നാട്ടില്‍ പോകാതെ ഇവിടെ കഴിയുന്നു.... ഞാന്‍ എന്റെ 13 വര്‍ഷത്തെ സൌദി ജീവിതത്തില്‍ കുറഞ്ഞത് 20 പേഎ എങ്കിലും പരിചയപ്പെട്ടിട്ടുണ്ട് 10 വര്‍ഷത്തിനു മേലെ നാട്ടില്‍ പോകാത്തവരായി.... ചോദിച്ചാല്‍ 100 കൂട്ടം പ്രാരാബ്ദങ്ങള്‍!!!... അപ്പോള്‍ നിങ്ങളുടെ ജീവിതം? എന്നു മറു ചോദ്യം ചോദിച്ചാല്‍ നിര്‍വ്വികാരമായ നോട്ടം... 13 വര്‍ഷമായി നാട്ടില്‍ പോകാതെ തന്റെ അറുപതാം വയസില്‍ ഹാര്‍ട്ട് അറ്റാക്ക് വന്നു മരിച്ച ഗോപാലന്‍ എന്ന തമിഴന്റെ മൃതദേഹം അയക്കേണ്ടത് ഏത് അഡ്രസ്സില്‍ ആണെന്നറിയാനായി വീട്ടിലേക്ക് വിളിച്ചപ്പോള്‍ ആദ്യത്തെ നിശബ്ദതക്കു ശേഷം മൂത്തമകന്‍ ചോദിച്ചത് അവിടെ അടക്കാന്‍ കഴിയില്ലേ എന്നാണ്.... എല്ലുകള്‍ മരവിച്ച ചോദ്യം!!! സംയമനം വീണ്ടെടുത്ത്, പറ്റില്ല മുസ്ലീം ആണെങ്കില്‍ ഇവിടെ അടക്കാമായിരുന്നു എന്നു പറഞ്ഞപ്പോള്‍ ഉദാസീനതയോടെ അഡ്രസ്സ് പറഞ്ഞു തന്നു... ഞാന്‍ പലപ്പോഴും ആലൊചിക്കാറുണ്ട്..എന്തിനു വേണ്ടി, ആര്‍ക്ക് വേണ്ടി ഇവര്‍ കഷ്ടപ്പെടുന്നു....? നേട്ടം ആര്‍ക്ക്, കോട്ടം ആര്‍ക്ക്....?

Anitha Madhav said...

അങ്ങിനെ ഒരു മരണം എനിക്ക് വന്നു ഭവിച്ചാല്‍, തീര്‍ച്ചയായും എന്‍റെ കണ്ണുകള്‍ അടഞ്ഞു പോകില്ലാ വാഴക്കോടാ....

ഈ വാക്കുകള്‍ വായിച്ചിട്ട് എത്ര നിയന്ത്രിച്ചിട്ടും എനിക്ക് കരയാതിരിക്കാന്‍ കഴിഞ്ഞില്ലാ വാഴക്കോടാ. ഒരു കത്തിലൂടെ എല്ലാ കാര്യങ്ങളും വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. പ്രവാസികളെ കുറിച്ച് അവരുടെ പ്രയാസങ്ങളെകുറിച്ചു വളരെ മനോഹരമായി അവതരിപ്പിച്ച താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഈ കത്തുകളൊക്കെ ഒരു പുസ്തകമായി ഇറക്കിക്കൂടെ? താങ്കള്‍ ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തിപ്പെടട്ടെ എന്ന് ആശംസിക്കുന്നു....

സൂത്രന്‍..!! said...

വഴകൊട എന്താ പറയാ നമ്മുടെ എല്ലാം ജീവിതം .. തന്നെ ഈ കത്ത് എന്‍റെ ..ചിന്തകള്‍ കടുകയരുന്നു

വാഴക്കോടന്‍ ‍// vazhakodan said...

പ്രിയമുള്ള കൂട്ടുകാരെ,
ഈ വിഷയത്തെ പ്രശംസിച്ചു കൊണ്ട് ഹൃദയത്തില്‍ തട്ടി എഴുതിയ ഒരുപാട് മെയിലുകള്‍ എനിക്ക് ലഭിച്ചു.എല്ലാവരും ഇത് അവരവരുടെ തന്നെ അനുഭവമാണെന്ന് പറഞ്ഞു കൊണ്ടാണ് എഴുതിയിരിക്കുന്നത്. പലരും ഈ കത്ത് വായിച്ചു നിയന്ത്രിക്കാനാവാതെ കരഞ്ഞു പോയി എന്നും എഴുതിക്കണ്ടു. പ്രവാസികളുടെ ജീവിതം ഇങ്ങനെയൊക്കെയാണ് എന്ന് എന്നെക്കൊണ്ടാവും വിധം ഇവിടെ കോറിയിട്ടതാണ്. അത് നിങ്ങള്‍ക്ക് ഇഷ്ടമായത്തിലും, നിങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും അറിയിച്ചതിലും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
പിന്നെ എഴുത്തുകാരിയുടെ മനസ്സിന്റെ നിഷ്കളങ്കത കൊണ്ടാവാം ഗള്‍ഫുകാരന്റെ ഭാര്യമാരെ കുറിച്ച് നാട്ടുകാര്‍ അങ്ങിനെയൊന്നും കരുതുന്നില്ല എന്ന് പറഞ്ഞത്. അത് അങ്ങിനെ തന്നെ ആവണേ എന്നാണു എന്റെയും പ്രാര്‍ത്ഥന.പക്ഷെ സ്ഥിതി മറിച്ചാണ്. അതിനെക്കുറിച്ച് ഞാന്‍ കൂടുതല്‍ എഴുതുന്നില്ല.ആവശ്യമെങ്കില്‍ പിന്നീട് ഒരവസരത്തില്‍ പറയാം.
പിന്നെ ബ്ലോഗ്‌ മീറ്റുകളില്‍ കൂടി ഈ സൗഹൃദം വളരട്ടെ എന്നാണു എന്റെയും ആഗ്രഹം. ബ്ലോഗ്‌ മീറ്റിനു എന്റെ എല്ലാ വിധ ആശംസകളും നേരുന്നു.
ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
സസ്നേഹം,
വാഴക്കോടന്‍

Unknown said...

വാഴക്കോടാ..കരഞ്ഞു കൊണ്ടു ഞാനിതിനു കമന്റിടുന്നു. പറയാനൊന്നുമില്ല. എല്ലാം നിങ്ങളു പറഞ്ഞു കഴിഞ്ഞു. എന്റെ കണ്ണിപ്പൊഴും നിറഞ്ഞിരിക്കുകയാണു.

മുക്കുവന്‍ said...

പ്രവസിയുടെ ജീവിതം...

sometimes back Kuruman started a charity.. It run for sometime. I dont know whats the state now.

when there is three malayalee, we will have ten ideas.

Typist | എഴുത്തുകാരി said...

വാഴക്കോടന്‍, ശരിയായിരിക്കാം. എനിക്കത്രയധികം ഗള്‍ഫ് ഭാര്യമാരുമായി അടുപ്പമോ പരിചയമോ ഒന്നുമില്ല. ഗള്‍ഫ് ഭാര്യമാര്‍ അത്രയൊന്നുമില്ല ഈ ചുറ്റുവട്ടത്തു്. ഞാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ വന്നു കണ്ടുള്ള പരിചയമായിരുന്നു കൂടുതല്‍.അങ്ങിനെയൊന്നും ഉള്ളതായി തോന്നിയുമില്ല. എന്നാലും അങ്ങിനെയൊക്കെ ഉണ്ടാവുമോ ഇക്കാലത്തു് എന്നു കരുതി.

ഗള്‍‍ഫുകാര്‍ കൂടുതലുള്ള മേഖലകളിലെ സ്ഥിതി ഇതായിരിക്കില്ല.അനുഭവമുള്ള നിങ്ങളൊക്കെ പറയുമ്പോള്‍ എനിക്കതില്‍ സംശയമില്ല.പക്ഷേ സങ്കടമുണ്ട്‌. എന്തു ചെയ്യാം?

siva // ശിവ said...

ദുരിതം ഓരോരുത്തര്‍ക്കും ഓരോ തരത്തില്‍, പ്രവാസികള്‍ക്ക് മാത്രമല്ല, സ്വന്തം മണ്ണില്‍ താംസിക്കുന്നവര്‍ക്കും കഷ്ടപ്പാടുകള്‍ ഉണ്ട്....

Sham said...

ഏറ്റവും മികച്ചത് ..
പലരും മനസ്സിലാക്കാതെ പോയ കാര്യങ്ങള്

പ്രവാസികള് അല്ല ഇത് വായിക്കേണ്ടത്
നമ്മുടെ നാട്ടുകാ൪ ആണ് ..

മലയാളത്തിലെഴുതാ൯ ഈ ലിങ്ക് നോക്കു

https://addons.mozilla.org/en-US/firefox/addon/7850

ഫയ൪ഫോക്സില് ഉപയോഗിക്കാം ...

http://www.orkut.co.in/Main#Community.aspx?cmm=49369972

ഓ൪ക്കുട്ട് കമ്മ്യൂണിറ്റി

വീകെ said...

ഇതു വായിച്ചിട്ട് ഒന്നും പറയാനില്ല...
വർഷങ്ങളാ‍യി ഞാനും അനുഭവിക്കുന്നു...
ആരും നിർബന്ധിച്ച് കയറ്റിവിട്ടതല്ല...
സ്വയം തിരഞ്ഞെടുത്തത്....
ഈ ജീവിതം ഇങ്ങനെയങ്ങ് തീരട്ടെ...
ആരോടും പരാതിയില്ല...
പരിഭവമില്ല..

ചാണക്യന്‍ said...

വാഴക്കോടാ,
ഇത് കാണാന്‍ വൈകി...ക്ഷമ..

കണ്ണ് നനയിച്ചു സുഹൃത്തെ....
എന്റെ വീട്ടിലെ രണ്ട് പേര്‍ പ്രവാസികളാണ്..
കൂടുതലൊന്നും പറയുന്നില്ല....

പാവത്താൻ said...

:-(:-(:-(

ജിജ സുബ്രഹ്മണ്യൻ said...

ഭർത്താവ് പ്രവാസിയായും ഭാര്യ നാട്ടിലും കഴിയുന്ന ആയിരങ്ങളിലൊരു പ്രതിനിധിയാണു ഞാൻ.പലപ്പോഴും പല പല പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അദ്ദേഹം അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയിട്ടുണ്ട്.വീട്ടിലെ സകല ജോലികളും ഒറ്റയ്ക്ക് കൈകാര്യം ചെയ്യുമ്പോൾ ഒരു താങ്ങ് ആഗ്രഹിച്ചിട്ടുണ്ട്.മക്കളുടെ വിദ്യാഭ്യാസം,അസുഖങ്ങൾ വരുമ്പോൾ ഉള്ള ബദ്ധപ്പാട് എല്ലാം എല്ലാം ഒറ്റയ്ക്ക് കൈകാര്യം ചെയ്യണ്ടേ.
നല്ല പോസ്റ്റ് വാഴേ.ഈ പോസ്റ്റ് കാണാൻ ഞാൻ വൈകിപ്പോയി

Rafeek Wadakanchery said...

ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു ചെറിയ വിങ്ങല്‍ ..ഇനിയും എത്ര എത്ര അസീസുമാര്‍ .
എഴുത്തിന്റെ ലോകത്തിലെ ഈ വേറിട്ട ശ്രമം തുടരുക.

ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor said...

എത്താ​‍ാന്‍ വൈകി....! കരളു കൊണ്ടെഴുതുന്നവ വായിക്കുമ്പോള്‍ നമ്മുടെ കേവല ഭാഷയ്ക്കു നോക്കി നില്‍ക്കാനല്ലേ പറ്റൂ.....!

മുറിവാല്‍:- വാഴയും ബിനോയും കൂടി നിങ്ങളുടെ പോസ്റ്റുകള്‍ പുസ്തകമാക്കി കേരളത്തിനു വിട്ടു കൊടുക്കൂ....! ഇന്റെര്‍നെറ്റില്ലാത്തവര്‍ കൂടി വായിച്ച് നിങ്ങളുടെ പ്രതിഭയ്ക്കു ഒരു സലാം തരട്ടന്നേ...!

അഭിനന്ദിക്കുന്നില്ല...കാരണം...കാലമതു ചെയ്യുന്നുണ്ടല്ലോ....! ആ കൂട്ടത്തില്‍ കേറി നിന്നോളാം..!

sidiq katalur said...

oru sadharana gulfukaarante pachayaaya jeevitham varachu kaatiya vaazhakodanu ente abhinandangal

by nandikaran

അപര്‍ണ്ണ II Appu said...

Very touching letter.
This is a fact.
Congrats for a wonderful letter.

Mujeeb Rahman said...

ഗള്ഫുകാരന് എങ്ങിനെ കിട്ടി "ഗള്‍ഫുകാരന്‍" എന്നാ നാമം ?? . ഇവിടെ ( ഗള്‍ഫില്‍) ഉള്ളിക്കറിയും ഉണക്ക കുബ്ബുസും തിന്നു നടക്കുന്നവന് നാട്ടില്‍ പോയാല്‍ ഫാസ്റ്റ് ഫുഡുകള്‍ മാത്രമേ പിടികുന്നുള്ളൂ .. എന്ത് കൊണ്ട് ? ഇവിടെ കിലോമീറ്റെരുകളോളം കാല്‍ നടയായി താണ്ടി സുഹുര്തിനെ കാണാന്‍ പോവുന്നവന്‍, നാട്ടില്‍ എത്തിയാല്‍ അയല്‍വാസിയെ കാണാന്‍ കാറില്‍ പോവുന്നു... എന്ത് കൊണ്ട് ?? ... ഗള്ഫുകാരന് നാട്ടില്‍ എത്തുമ്പോള്‍ കിബിറ് കൂടുന്നു ... പണ്ടെന്നോ അറബിയെ കൊള്ളയടിച്ചു നാട്ടില്‍ വന്നു പണക്കെട്ടുകള്‍ കൊണ്ട് അമ്മാനമാടിയ തെമ്മാടി ഗള്‍ഫുകാര്‍ ഉണ്ടാക്കിയെടുത്ത പേര്... "ഗള്‍ഫുകാരന്‍".... അതേ പേര് ഇന്നും.... ; ഉടുതുണിക്ക് മറുതുണിയില്ലാതെ .. കിടക്കാന്‍ കിടപ്പാടമില്ലാതെ ... കൊടും ചൂടില്‍ വെയിലത്തിരുന്നു പണിയെടുത്ത്‌ തൊണ്ട വരളുമ്പോള്‍ ഒരു തുള്ളി വെള്ളം പോലും കിട്ടാതെ കഷ്ട്ടപെട്ടു, യഥാര്‍ത്ഥ ഗള്‍ഫിന്റെ വേദനകള്‍ നെഞ്ഞിലേട്ടി തന്‍റെ ഉറ്റവരെയും ഉടയവരെയും ഒരു നോക്ക് കാണാന്‍ .. ഒരു മാസം തെന്നെയെന്കിലും തന്‍റെ ഭാര്യയോടും കുട്ടികളോടും ഒപ്പം താമസിക്കാന്‍ വേണ്ടി നാട്ടില്‍ കാല് കുത്തിയാല്‍... ...നാട്ടുകാര്‍ അവന്‍റെ പെട്ടിയുടെ എണ്ണവും വലുപ്പവും നോക്കും... അവന്‍റെ പേരും ഗള്‍ഫുകാരന്‍ .... പോരത്തത് അവനെതിരെ കുറെ കഥകള്‍ ഉണ്ടാക്കുന്നു ... അവനു മറുപടി പറയാന്‍ കഷ്ട്ടപ്പാടിന്റെ കദന കഥകള്‍ മാത്രം ബാക്കി .... പിന്നെ, നമുക്ക്‌ നന്ദി പറയാം ഒരു കൂട്ടരോട് ... കഷ്ട്ടപ്പാടിന്റെ കണ്ണീര്‍ തുള്ളികള്‍ ഒപ്പിയെടുക്കാന്‍ ക്യാമറ കണ്ണുകളുമായി നമ്മുടെ അടുത്തെത്തുന്ന വാര്‍ത്താ മാധ്യമങ്ങളോട് .... അല്പം വൈകി ആണെങ്കിലും ചിലര്കെങ്കിലും കഷ്ട്ടപ്പാടുകള്‍ എന്തെന്ന് മനസ്സിലാക്കന്‍ കഴിയുന്നു ...

nishi said...

nammude naattil oru pani cheyyanum theyyaravathethu kondanu ee prasnam anubhavikkendi varunnathu.namukku durabhimanam venda abhimanam mathi.

Mizhiyoram said...

വര്‍ഷങ്ങളോളമായി, ദിനം പ്രതി കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഒരവസ്ഥ. പക്ഷെ ഇത് വായിച്ചു തീര്‍ന്നപ്പോള്‍, ഇനിയെങ്കിലും ഒരു തീരുമാനം എടുത്തു കൂടെ എന്നൊരു തോന്നല്‍.

 


Copyright http://www.vazhakkodan.com