Sunday, May 31, 2009

വീരാന്‍കുട്ടിയെ പ്രോസിക്യൂട്ട് ചെയ്യണം: തെളിവില്ല; സി.ഐ.ഡി കുഞ്ഞിമൂസ സി.ബി.ഐ


കേസിന്നാസ്പതമായ സംഭവം.

ഉമ്മറത്തുപടി വീട്ടില്‍ കരിവീട്ടി വീരാന്‍കുട്ടി വര്‍ഷങ്ങള്‍ക്കു മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ ആയിരത്തി ത്തോള്ളായിരത്തി കുറച്ചു കാലം മുന്‍പ്‌, ഉന്നത കുല ജാതയും സമ്പന്നയുമായ കുഞ്ഞൈസൂനെ കെട്ടിയത്. കെട്ടിയതിന്റെ മൂന്നാംപക്കം കുഞ്ഞൈസു ഓക്കാനിച്ചു കാണിച്ച് പാരമ്പര്യം തെളിയിക്കുമെന്ന് രഹസ്യമായും പരസ്യമായും പറഞ്ഞ നാട്ടുകാര്‍ക്ക് ഇരുട്ടടി പോലെയായിരുന്നു ആ വാര്‍ത്ത. മാസം മൂന്നു കഴിഞ്ഞിട്ടും കുഞ്ഞൈസു പേറിന്റെ ഒരു ലക്ഷണം പോലും കാണിച്ചില്ല. കരിമുട്ടി വീരാന്‍കുട്ടി പക്ഷെ തോല്‍ക്കാന്‍ തയ്യാറായിരുന്നില്ല. കുഞ്ഞൈസു ഒന്ന് ഓക്കാനിച്ചു കാണാന്‍ വീരാന്‍കുട്ടി പണി പലതും നടത്തി. പക്ഷെ കുഞ്ഞൈസു കുലുങ്ങിയില്ല. പല കരക്കാരും പല വിധ ഉപദേശങ്ങളും അടവ് മുറകള്‍, ഒളി പ്രയോഗം,മര്‍മ്മാണി പ്രയോഗം എന്ന് വേണ്ടാ നാട്ടിലെ സകലമാന വിശാല ഹൃദയരും ഉപദേശ നിര്‍ദ്ദേശങ്ങളാല്‍ വീരാന്‍കുട്ടിയെ സഹായിക്കാനായി മുന്നോട്ടു വന്നു. അതില്‍ ചിലര്‍ ഇനി കുഞ്ഞൈസൂന്റെ പ്രൊഡക്ഷന്‍ യൂനിറ്റ് കാര്യക്ഷമമാണോ എന്ന് വരെ സംശയിച്ചു. എന്നാല്‍ അക്കാര്യത്തില്‍ ബ്രോക്കര്‍ അന്ത്രുമാന്‍ തൊള്ളായിരത്തി പതിനാറ് തനിത്തങ്കത്തിന്റെ പരിപൂര്‍ണ്ണ ഉറപ്പാണ് തെളിവ് സഹിതം കൊടുത്തത് എന്നതിനാല്‍ വീരാന്‍കുട്ടിക്ക് ആ വക സംശയം ലെവ ലേശം ഉണ്ടായില്ല.

എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുകയാണോ എന്ന് ഒരു കൊല്ലം കഴിഞ്ഞപ്പോ വീരാന്‍കുട്ടിക്കും തോന്നിത്തുടങ്ങി.ഈ പ്രശ്നത്തിന് യുദ്ധകാലാടിസ്ഥാനത്തില്‍ ഒരു തീരുമാനമുണ്ടാക്കണമെന്ന് വീരാന്‍കുട്ടി തീരുമാനിച്ചു. അതിനുള്ള സാധ്യമായ എല്ലാ വഴികളും ആലോചിച്ചു. തന്നെ ഞെക്കിയും പിഴിഞ്ഞും കിടത്തിയും ഉരുട്ടിയുമൊക്കെ പരിശോധിച്ച ഡോക്ടര്‍മാരെ ഇനി കുടിക്കുന്ന വെള്ളത്തില്‍ പോലും വിശ്വാസമില്ല എന്ന് വീരാന്‍കുട്ടി പ്രഖ്യാപിച്ചു. തനിക്കും തന്റെ കെട്ട്യോള്‍ കുഞ്ഞൈസാക്കും ഒരു കുഴപ്പവുമില്ലെന്നു പല ഡോക്ടര്‍മാരും പല കടലാസില്‍ പല തവണ എഴുതിക്കൊടുത്തെങ്കിലും കുഞ്ഞൈസാക്ക് ദഹനക്കേട് കൊണ്ടുപോലും ഒരു ഓക്കാനം ഉണ്ടായില്ല.

എന്നാല്‍ ഇനി അല്‍പ ആത്മീയ ചികിത്സയാകാം എന്ന് കരുതിയ വീരാന്‍കുട്ടി കുഞ്ഞൈസാനെയും കൂട്ടി വെള്ളം മന്ത്രിച്ചൂതി അതില്‍ തുപ്പി കുടിക്കാന്‍ കൊടുത്ത് ഫല സിദ്ധിയുണ്ടാക്കി പ്രശസ്തിയാര്‍ജ്ജിച്ച സിദ്ധന്‍ "മുത്തു ഹബീബ് പച്ചക്കുപ്പായം" അവര്‍കളുടെ തിരു സന്നിധിയിലെത്തി സങ്കടം ബോതിപ്പിച്ചു. കുഞ്ഞൈസൂനെ കണ്ടു വായില്‍ കണക്കില്‍ കൂടുതല്‍ വെള്ളം വന്ന സിദ്ധന്‍ കുഞ്ഞൈസൂനു മന്ത്രിച്ചു തുപ്പിയ വെള്ളത്തിനു പുറമേ അരയിലെക്ക് ഒരു ഏലസും നെയ്യത്താക്കി. അത് കെട്ടാനായി മഹാ സിദ്ധന്‍ പച്ചക്കുപ്പായം കുഞ്ഞൈസൂനെ തന്റെ ചികിത്സാ മുറിയിലേക്ക് തനിച്ചു വിളിപ്പിച്ചു.മുറിക്കു പുറത്തു കാത്തു നിന്ന വീരാന്‍കുട്ടി അകത്ത് ഏലസ് കെട്ടുന്നത് ഒരു ഗദ്ഗദത്തോടെ ചിന്തിച്ചു നിക്കുമ്പോള്‍ അകത്തു നിന്നും ഒരടിയുടെ ശബ്ദവും "ന്റെ ശൈഹേ" എന്നൊരു വിളിയും കേട്ടു. അല്‍പ്പം കഴിഞ്ഞ് കുഞ്ഞൈസു ഒരു പുഞ്ചിരിയോടെയും പച്ചക്കുപ്പായം ഒരു ഇളിഞ്ഞ ചിരിയോടെയും പുറത്തേക്ക് വന്നു. വീരാന്‍കുട്ടി വളരെ ഭവ്യതയോടെ ചോദിച്ചു." എന്താ ഹബീബെ ചികിത്സ ഇപ്പോഴേ ഫലിച്ചോ?
സിദ്ധന്‍: "അത് അത് ഞമ്മള് കടുത്തൊരു പ്രയോഗം നടത്തീതാ,ഉടനെ വിവരം കിട്ടി, ഫലംണ്ടാവും പോയ്ക്കൊളീന്‍ ബെക്കം പൊയ്ക്കോളീ"
സിദ്ധന്‍ മുഖം തടവിക്കൊണ്ട് അടുത്ത വെള്ളം കൊടുക്കാന്‍ പോയി,വീരാന്‍കുട്ടീം കെട്യോളും വീട്ടിലേക്കും!

പച്ചക്കുപ്പായത്തിന്റെ വെള്ളത്തിനും ഏലസിനും ഒരു ഫലവും ഉണ്ടായില്ല. അങ്ങിനെ വിഷമിച്ചു ഇരിക്കുമ്പോഴാണ് കാനഡേല് ഒരു പേ & പേറ് സ്പെഷലിസ്റ്റ്‌ ആശുപത്ത്രിയുള്ള വിവരം നമ്മുടെ വീരാന്‍കുട്ടിക്ക് അറിയിപ്പ് കിട്ടുന്നത്. പിക്കപ്പില്ലാത്തവര്‍ക്ക് പിക്കപ്പും, ശേഷിക്കുറവുള്ളവര്‍ക്ക് ശേഷിയും, ഇനി പെറാനുള്ള സാങ്കേതിക പ്രശ്നങ്ങളില്‍ എന്തെങ്കിലും ശേഷിക്കുറവുണ്ടെങ്കില്‍ അതും തീര്‍ത്തു ഉത്തമ ഉത്പാതന ശേഷി പ്രധാനം ചെയ്യുന്ന ഉത്തമമായ ആ ആശുപത്രിയെ സമീപിക്കാന്‍ വീരാന്‍കുട്ടി തത്വത്തില്‍ തീരുമാനിച്ചു. എന്നാല്‍ വലിയ തുക ചിലവുള്ള ഏര്‍പ്പാടായതിനാല്‍ കുഞ്ഞൈസൂന്റെ ബാപ്പാട് ഇതൊരു പ്രൊജക്ടായി രൂപാന്തരപ്പെടുത്തി വീരാന്‍കുട്ടി അനുമതിയ്ക്കായി സമര്‍പ്പിച്ചു. വീരാന്‍കുട്ടിയുടെ അമ്മായിയപ്പനും അളിയന്മാരും ഈ പ്രോജക്ടിന്റെ മേല്‍ ചര്‍ച്ചയും ഉപ ചര്‍ച്ചയും നടത്തി. വീരാന്‍കുട്ടിയുടെ ഇക്കാര്യത്തിലുള്ള അമിത താല്‍പര്യത്തില്‍ അവര്‍ അതീവ സന്തുഷ്ടരായത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രോജക്ടിന് ബാപ്പയറിയാതെ അളിയന്മ്മാര്‍ വഴിവിട്ട സഹായങ്ങള്‍ പ്രഖ്യാപിച്ചു. അങ്ങിനെ ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞൈസൂന്റെ ബാപ്പ വീരാന്‍കുട്ടിക്കു സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചു. കരാറില്‍ പ്രധാന നിബന്ധനകള്‍ കുഞ്ഞൈസൂന്റെ ബാപ്പ വെച്ചത് ഇപ്രകാരമായിരുന്നു.

കരാറിന്റെ കരട്‌ രൂപം:
1) ചികില്‍സക്ക് ശേഷം കുഞ്ഞൈസൂന്റെ പ്രസവ ശേഷി നൂറു ശതമാനം വര്‍ദ്ധിക്കണം.
2) ചികില്‍സക്ക് ആവശ്യമായി വരുന്ന മരുന്നുകള്‍ ആശുപത്രിയില്‍ നിന്ന് തന്നെ വാങ്ങണം പുറത്തെ മരുന്ന് ഷാപ്പില്‍ നിന്നും വാങ്ങി വാറ്റടക്കമുള്ള ബില്‍ കൊണ്ടുവന്നാലും കുറഞ്ഞ വിലയായാല്‍ പോലും അംഗീകരിക്കില്ല.
3) ഈ ചികിത്സ കൊണ്ടും കുഞ്ഞൈസു പുനരുദ്ധരിക്കപ്പെടാതെ പ്രവര്‍ത്തന ശേഷി വര്‍ദ്ധിപ്പിക്കാതെ പോയാല്‍ ഈ കരാര്‍ പ്രകാരം നല്‍കിയ പണം നഷ്ടമായി കണക്കാക്കുകയും അഞ്ചു ശതമാനം പലിശ സഹിതം വീരാന്കുട്ടിയില്‍ നിന്നും ഈടാക്കുകയും ചെയ്യുന്നതായിരിക്കും.

അനുബന്ധ കരാര്‍:
1)വീരാന്‍കുട്ടിക്കു പിക്കപ്പ് കൂട്ടാനുള്ള ചികില്‍സക്ക് നൂറു ശതമാനം ചിലവും ഫ്രീ.
2) വീരാന്‍കുട്ടിയുറെ വായ്നാറ്റം മാറ്റാന്‍ പ്രത്യേക ചികിത്സാ പാക്കേജ്.
3) വീരാന്‍കുട്ടിക്കു ആശുപത്രി ചിലവിനു മാസം തോറും നൂറ്റിപ്പത്ത് രൂപാ വീതം കുഞ്ഞൈസു ബാപ്പാ കുടുംബ അലവന്‍സ്‌!

അങ്ങിനെ ഈ കരാര്‍ അംഗീകരിച്ചു കൊണ്ട് വീരാന്‍കുട്ടി കുഞ്ഞൈസൂനെയും കൊണ്ട് കാനഡായിലേക്ക് പ്രത്യുല്‍പ്പാതന ശേഷി കൂട്ടാനുള്ള ചികിത്സ തേടിപ്പോയി.
ഇതാണ് കേസിനാസ്പതമായ സംഭവം!

പ്രോസിക്യൂഷന്‍ കേസ്:
കാനഡായിലെ ഇത്ര വിലയേറിയ ചികിത്സ നടത്തിയിട്ടും കുഞ്ഞൈസൂന്റെ ശേഷി കൂട്ടാനോ പ്രസവ സാധ്യത കൂട്ടാനോ ചികില്‍ത്സക്ക് കഴിഞ്ഞില്ല എന്ന് കുഞ്ഞൈസൂന്റെ ബാപ്പ നിയോഗിച്ച ഡോക്ടര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ തനിക്കു ചിലവായ മുഴുവന്‍ പണവും വീരാന്‍കുട്ടിയില്‍ നിന്നും ഈടാക്കണം എന്നും, വീരാന്‍കുട്ടിയെ പ്രോസിക്യൂട്ട് ചെയ്ത് ജയിലിലടച്ചു തന്റെ മകളുമായുള്ള ബന്ധം ഒഴിവാക്കിക്കിട്ടണം എന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ കേസ്.

കോടതി വിധി:
ഈ കേസില്‍ പ്രഥമ ദൃഷ്ട്യാ കാനഡയിലെ ആശുപത്രി കുറ്റക്കാരാണെന്നും, വീരാന്‍കുട്ടിക്കു ഈ ചികില്‍ത്സയില്‍ ഉള്ള അവിഹിത ഇടപെടലുകളുടെ പങ്കും വിശദമായി അന്വേഷിക്കുന്നതിനായി ഈ കേസ് സി. ബി. ഐ യെ കൊണ്ട് അന്വേഷിക്കാന്‍ ഉത്തരവായി. അന്വേഷണ ചുമതല സി.ഐ.ഡി. കുഞ്ഞിമൂസാക്ക് നല്‍കി എത്രയും വേഗം പ്രതികള്‍ക്കെതിരെയുള്ള ആരോപണം അന്വേഷിച്ചു കുറ്റക്കാരാണെങ്കില്‍ കുറ്റപത്രം സമര്‍പ്പിച്ചു, പ്രോസിക്യൂഷന്‍ നടപടികള്‍ കൈക്കൊള്ളാനും കോടതി ഉത്തരവായി.

സി.ഐ.ഡി.കുഞ്ഞിമൂസ തയ്യാറാക്കിയ കുറ്റപത്രം!
സി.ബി.ഐ വളരെ ആത്മാര്‍ത്തതയോടും, തികഞ്ഞ ഉത്തരവാദിത്വത്തോടും കൂടിയാണ് ഈ കുറ്റാന്വേഷണം ഏറ്റെടുത്തത്. മുകളില്‍ നിന്നും ഐ മീന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും കടുത്ത സമ്മര്‍ദ്ദങ്ങള്‍ ഈ കേസിനെ വഴിതെറ്റിക്കാന്‍ നടത്തിയെങ്കിലും ആരെയും പിണക്കാന്‍ ഈ കുഞ്ഞിമൂസക്ക് കഴിയില്ല എന്ന് ഇതിനോടകം എല്ലാവരും മനസ്സിലാക്കിയിട്ടുണ്ടല്ലോ. കഴിഞ്ഞ പത്തു വര്‍ഷക്കാലം ക്ഷമിക്കണം വേനല്‍ക്കാലം ഉള്‍പ്പടെയുള്ള കാലയളവില്‍ ഈ കേസ് തെളിയിക്കാനായി ഒരുലക്ഷത്തില്‍ പരം ആളുകളില്‍ നിന്നും തെളിവുകള്‍ ശേഖരിക്കുകയും ആയിരത്തില്‍പരം ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കുകയും നൂറില്‍ പരം വിദേശ യാത്രകള്‍ നടത്തുകയും,റിപ്പോര്‍ട്ട് തയ്യാറാക്കാനായി പല പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കുകയും ചെയ്താണ് ഒരു കോടിയില്‍ പരം പേജുള്ള ഈ കുറ്റപത്രം സമര്‍പ്പിക്കുന്നത്.

അന്വേഷണത്തില്‍ നിന്നും ചികില്‍ത്സ അതിന്റെ ശരിയായ നിലയില്‍ നടക്കുകയും നവീകരണ ചികിത്സാ പ്രക്രിയക്ക് ശേഷം കുഞ്ഞൈസു പൂര്‍ണ്ണ ശേഷിയുന്ടെന്നു തെളിയിക്കാനും കുഞ്ഞൈസൂവില്‍ നടത്തിയ പല തെളിവെടുപ്പുകളുടെയും വെളിച്ചത്തില്‍ ഞങ്ങള്‍ക്ക് ബോധ്യമായി എന്ന സത്യം അറിയിക്കുന്നു. എന്നാല്‍ ഈ ശേഷി പൂര്‍ണ്ണ രീതിയില്‍ വീരാന്‍കുട്ടിക്കു തെളിയിക്കാന്‍ കഴിയാഞ്ഞത് അനുബന്ധ കരാര്‍ പ്രകാരമുള്ള നടപടികള്‍ നടപ്പിലാക്കാനുണ്ടായ അലംഭാവമാണെന്നാണ് ഈ അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നത്. ചികിത്സക്ക് ശേഷം കുഞ്ഞൈസു പൂര്‍ണ്ണ ഉത്പാതന ശേഷി കൈവരിച്ചെങ്കിലും വീരാന്‍കുട്ടിയുടെ പിക്കപ്പ്‌ കുറഞ്ഞതിനാല്‍ പോസിറ്റീവും നെഗറ്റിവും തമ്മില്‍ ചേര്‍ന്നപ്പോള്‍ സംഖ്യാ ശാസ്ത്രപ്രകാരം റിസല്‍റ്റ്‌ നെഗറ്റീവ് ആയതെന്നാണ്‌ ഈ അന്വേഷണത്തില്‍ നിന്നും മനസ്സിലാകുന്നത്‌. ആയതിനാല്‍ ഈ കേസില്‍ കുറ്റാരോപിതനായ വീരാന്‍കുട്ടി തികച്ചും നിരപരാധിയാണെന്നു ഈ കുഞ്ഞിമൂസ തെളിവ് സഹിതം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. അനുബന്ധ കരാര്‍ നടപ്പിലാകാതിരിക്കാനുള്ള ചില കൈകടത്തലുകള്‍ ഏതു ഭാഗത്ത് നിന്നാണ് ഉണ്ടായതെന്ന് മറ്റൊരു ദീര്‍ഘമായ അന്വേഷണത്തിലൂടെ തെളിയിക്കാവുന്നതാണ്. എന്തായാലും ഇ കേസില്‍ വീരാന്‍കുട്ടിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ യാതൊരു വിധ തെളിവുകളും ഇല്ല എന്ന് ഈ സി. ഐ. ഡി കുഞ്ഞിമൂസ സംശയലേശമന്യേ പ്രസ്താവിക്കുന്നു. പിക്കപ്പ്‌ നഷ്ട്ടപ്പെട്ട വീരാന്‍കുട്ടിക്കു പകരം സുമുഖനും സുന്ദരനും ഉയര്‍ന്ന ഉദ്യോഗസ്ഥനും സര്‍വ്വോപരി സി.ബി.ഐ യുടെ കണ്ണിലുണ്ണിയുമായ മറ്റൊരാളെ കുഞ്ഞൈസൂനു വിവാഹം ചെയ്യാന്‍ ഈ കോടതി ഉത്തരവുണ്ടാകണമെന്നും കുഞ്ഞിമൂസ ഈ കോടതി മുമ്പാകെ താഴ്മയായി അപേക്ഷിക്കുന്നു.
എന്ന് സി.ബി.ഐ യ്ക്ക് വേണ്ടി,

സി.ഐ.ഡി.കുഞ്ഞിമൂസ.
(ഒപ്പ്‌)

ജാമ്യം: ഈ കഥയും കഥാപാത്രങ്ങളും തികച്ചും അന്ധരും മൂകരും ബധിരരുമായതിനാല്‍ പ്രത്യക്ഷത്തില്‍ ആരുമായും സാമ്യമോ സാദൃശ്യമോ ഉണ്ടാവില്ല എന്ന് കരുതുന്നു. ഇനി അങ്ങിനെയെങ്ങാന്‍ തോന്നിയാല്‍ ആ തോന്നലുകള്‍ക്ക് ഞാന്‍ ഉത്തരവാദിയായിരിക്കില്ല എന്ന് മുന്‍‌കൂര്‍ ജാമ്യം എടുത്ത്‌ കൊള്ളുന്നു.

Saturday, May 30, 2009

മാപ്പിളപ്പാട്ട് രചയീതാവിനുള്ള അവാര്‍ഡ്‌ നേടിയ കുഞ്ഞീവിയുമായി നടത്തിയ അഭിമുഖം.

ഈ വര്‍ഷത്തെ മാപ്പിളപ്പാട്ട് രചയീതാവിനുള്ള അവാര്‍ഡ്‌ നേടിയ ബായക്കോട്ടെ കുഞ്ഞീവിയുമായിദൂരദര്‍ശന്റെ പ്രതിനിധി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളില്‍ നിന്നും.....
സ്ഥലം: ബായക്കോട്ടെ കുഞ്ഞീവിയുടെ രണ്ടു നില വീടിനടുത്തുള്ള ഒരു കൊച്ചു വീട്.

"ഇവിടെ ആളില്ലേ...പൂയ്‌, കുഞ്ഞീവിത്താത്താ...."

വീടിന്റെ അകത്ത് നിന്നും: മാനെ ഇന്ന് മീന്‍ ബെന്ടാ...കോയീനെ അറുത്തു,

" മീങ്കാരനല്ലാ ഇത്താ, ഞങ്ങള്‍ ദൂരദര്‍ശനീന്നാ... "

കുഞ്ഞീവി പുറത്തേക്ക് വന്നു.

അതാണോ ഇങ്ങളിത്ര ദൂരത്തു നിക്കണത് ഇങ്ങട് കേറി ബരീന്‍, അള്ളാ അബ്ബോക്കര് ദുബായീന്നു വന്നപോലെ വല്യ പെട്ടിയൊക്കെ ഉണ്ടല്ലോ..

"അത് ദൂരദര്‍ശന്റെ ക്യാമറയാ ഇത്താ.."

എന്നാ അതിത്തിരി ദൂരത്തു മാറ്റി വെച്ചോളീന്‍ .. ഇങ്ങക്ക് ഇപ്പൊ കുടിക്കാന്‍ ഒന്നും ബെന്ടല്ലോ അല്ലെ?

"ഇത്ത ഇത്തിരി വെള്ളം വേണം"

കീടനാശിനി കലക്കിയ ബെള്ളം എടുക്കട്ടെ? നാരങ്ങയോക്കെ പീഞ്ഞിട്ട്‌?

"വേണ്ട ഇത്ത, പച്ച വെള്ളം മതി!"

പേടിക്കെണ്ടാടാ, ഈ കോഷി കലക്കിയ ബെള്ളം ഇല്ലേ അതാ, ചെലോരു സര്‍ബത്ത്‌ ന്നു പറയും, മോളെ സൂറാ ഇജ്ജാ കലക്ക്യേ ബെള്ളം ഇങ്ങട്ടെടുത്തോ.. പുള്ളങ്ങള് കുടിക്കട്ടെ!
സൂറാനെ ബിളിച്ചപ്പോ അന്റെ ക്യാമറമേനോന്റെ ബായിലെന്താണ്ടാ ഒരു കപ്പലോടിക്കാള്ള ബെള്ളം ഉണ്ടല്ലോ.ഡാ ശേയ്ത്താനെ ഒരു കാര്യം ഞമ്മള് പറഞ്ഞേക്കാം ഇജ്ജാ ഒറ്റക്കണ്ണടച്ച് അന്റെ ക്യാമറെക്കൂടെ നോക്കണ പോലെ ഇന്റെ സൂറാനെ നോക്കിയാ...പടച്ചോനാണ് അന്റെ ഓതിക്കലും അടിയന്തരോം ഞാന്‍ കയിക്കും..ഹാ

" ഇത്താ ചൂടാവല്ലേ അയാളൊരു പാവാ, അപ്പൊ ഞങ്ങള്‍ വന്നത് ഇത്താനെ ഒന്നു ഇന്റര്‍വ്യൂ ചെയ്യാനാ "

പ്ഫാ ശേയ്ത്താന്മാരെ, ഇന്റെ കെട്ടിയോന്‍ മയ്യത്തായീന്നു വെച്ചു ഇങ്ങള് ഇന്നേ എന്ത് തോന്ന്യാസവുംചെയ്യൂന്നോ? അതും ഈ പട്ടാപ്പകല്. എണിക്കീന്‍...

അപ്പോഴേക്കും സൂറ സോഫ്റ്റ്‌ ഡ്രിങ്കുമായി വന്നു

സൂറ: ഉമ്മാ അവര് ഉമ്മാനോട് ചോദ്യങ്ങള്‍ ചോദിച്ചു അത് ടീവീ കാണിക്കാന്‍ വന്നതാ.

കുഞ്ഞി: അള്ളോ ഞമ്മള് ആകെ ബേജാറായി.എന്നാ ബെക്കം ബെള്ളം മോന്തീട്ടു തോടങ്ങിക്കൊളീന്‍.

കുഞ്ഞീവി അല്‍പ്പം മേക്കപ്പൊക്കെ ചെയ്ത് ക്യാമറക്ക്‌ മുന്നില്‍ ഇരുന്നു.

ആ കദീസൂന്റെ മുക്കിന്റെ പണ്ടങ്ങള് ഒന്നു വാങ്ങായിരുന്നു ഒരു ഗമ ഉണ്ടായെനീം. എന്നെ കാണാന്‍ നല്ല ചൊങ്കില്ലെടാ ആയിലൂടെ നോക്കുമ്പോ ക്യാമറ മേനോനെ"

ക്യാ.മേ : ഉണ്ട് ഇത്താ

കുഞ്ഞി: അന്നേ ഇപ്പൊ കൊറെശ്ശെ ഇഷ്ടാവണ്ണ്ട് കേട്ടാ, ന്നാ ഇങ്ങള് ശോയിചോളീന്‍

ചോ: മാപ്പിളപ്പാട്ട് രചനയിലേക്ക് തിരിയാനുള്ള സാഹചര്യം ഒന്ന് വിവരിക്കാമോ?

കുഞ്ഞി: സാച്ചരത പഠിച്ചത് മുതല്‍ എന്തെങ്കിലുമൊക്കെ എയുതണം എന്ന് ഞമ്മക്ക്‌ ബയങ്കരമോഹമായിരുന്നു. അങ്ങിനെ ഞമ്മടെ എയുത്തിന്റെ ശേല് കണ്ടിട്ട് ഞമ്മളെ ആധാരം എയുതാന്‍ബിളിച്ച്. അപ്പണി പറ്റാത്തോണ്ട് പിന്നെ ഏറ്റവും എളുപ്പമുള്ള ഈ മാപ്പിളപ്പാട്ട് എഴുതണ പണി അങ്ങട്തൊടങ്ങി.

ചോ: ഈ മാപ്പിളപ്പാട്ട് രചന അത്രയ്ക്കും എളുപ്പമുള്ളതാണോ?

കുഞ്ഞി: പിന്നല്ലേ. ഇന്നാളു ഇന്‍റെ മാളു സൂറ എന്നോട് പിണങ്ങീട്ടു ലോഹ്യായതിനു ശേഷം ഇങ്ങള്ഇന്‍റെല്ലേ, ഞാന്‍ ഇങ്ങടല്ലേ, ഞമ്മള് ഒന്നല്ലേ എന്നൊക്കെ പറഞ്ഞു കരഞ്ഞപ്പോ ആ സങ്കടത്തില്‍ഞമ്മളൊരു പാട്ടെഴുതി, അതാണ്‌."നീ എന്‍റെ തള്ളേ..ഞാന്‍ നിന്‍റെ തള്ളേ...നമ്മളെന്നും തല്ലെല്ലടീസൂറാ...നമുക്കൊരു മണമല്ലെടീ....." എന്നാ പാട്ട്.

ചോ: അത് വളരെ നല്ല പാട്ടാണ്. പക്ഷെ അതിത്താ "നീ എന്റേതല്ലേ ഞാന്‍ നിന്റെതല്ലേ" എന്നല്ലേ?
അതേടാ മോനേ ഞമ്മള് എഴുതീത് ഇങ്ങനേണെങ്കിലും അവര് പാടീത് അങ്ങിനെ എന്ന് മാത്രം.

ചോ: ഇത്താ ഈ മാപ്പിളപ്പാട്ടെഴുതാന്‍ വല്ല ഫോര്‍മുലയും ഉണ്ടോ?


ഇതെന്താണ്ടാ ഇബിലീസേ ഇജ്ജ്‌ ഇതൊക്കെ പച്ചക്ക് ചോയിക്കണ്?അനക്ക് എന്തുംചോയിക്കാന്നായാ?

ചോ: ഇത്താ തെറ്റിദ്ധരിച്ചതാ, ഈ മാപ്പിളപ്പാട്ടെഴുതാന്‍ വല്ല സൂത്രപ്പണീം ഉണ്ടോന്ന് ചോദിച്ചതാ?

പിന്നില്ലേ..മൊഞ്ചത്തി ഒരന്ചെണ്ണം, ഖല്‍ബ് ഒരു നാലെണ്ണം, മുഹബ്ബത്ത്‌ ഒരു മൂന്നെണ്ണം, പിന്നെകരളേ, കുളിരെ, മുത്തെ, സ്വത്തെ എന്നൊക്കെ ആവശ്യത്തിന് ചേര്‍ത്താല്‍ നല്ലൊരു മാപ്പിളപ്പാട്ട്എളുപ്പം ഉണ്ടാക്കാം. അതല്ലേ അതിന്റെ ഗുട്ടന്‍സ്‌.

ചോ: ഈ മാപ്പിളപ്പാട്ട് ആചാര്യന്മാരെ കുറിച്ചു എന്താണ് അഭിപ്രായം?

കുഞ്ഞി: ആശാരിമാര് പാട്ടെഴുതിയതായി അള്ളാണ്‌ ഞമ്മക്ക്‌ അറിവില്ല, പിന്നെ ഏതോ വൈദ്യര്പാട്ടെഴുതീന്നു കേട്ടിട്ടുണ്ട്. മോയീന്‍കുട്ടി വൈദ്യര് ,ബാലന്‍ വൈദ്യര് അങ്ങിനെയുള്ള വൈദ്യന്മാര്, അല്ലാണ്ട് ആശാരിമാര് എഴുതീട്ടില്ല.

ചോ: ഇത്താക്ക് അവാര്‍ഡ്‌ കിട്ടിയത് ഏത് പാട്ടു എഴുതീട്ടാണ്? അതെഴുതാനുള്ള പ്രചോദനം?

കുഞ്ഞി: അത് മോനേ എന്‍റെ കെട്ടിയോന്‍ ബീരാന്റെ ഓര്‍മ്മക്കായി കണ്ണീരില്‍ മുങ്ങി എഴുതിയ പാട്ടിനാഅവാര്‍ഡ്‌ തന്നത്. അതിന്‍റെ വരികള്....

"ബദറിലിറങ്ങിയ ഇബലീസ്,
ദാജ്ജാലിന്‍റെ മൊഹബ്ബത്ത്,
ബീരാന്‍ എന്നൊരു ഹാജത്ത്,
മുത്തെ ഖല്ബിന്‍ മുഹബ്ബത്ത്....."

ഈ പാട്ടു എഴുതിയേ പിന്നെ ബീരാനിക്കാനെ ഓര്‍മ്മിക്കാത്ത ഒരു നേരം പോലും ഉണ്ടായിട്ടില്ലാ.(കുഞ്ഞീവി കണ്ണുകള്‍ മുണ്ടിന്റെ തല കൊണ്ടു തുടയ്ക്കുന്നു)

"ഓക്കേ കട്ട്, ലൈറ്റ്സ്‌ ഓഫ്‌, ഇത്താ വളരെ നന്നായിരുന്നു. ഇനി സൂറാനോട് കുറച്ചു ചോദ്യങ്ങള്‍ ചോദിക്കട്ടെ?

അത് മേണ്ടാ, ശോദ്യവും ഉത്തരവുമൊക്കെ ഇവിടെ. ഓള് കോളേജില്‍ പോണ പെണ്ണാ, വല്ലോരും ഓളെ ടീവീല് കണ്ടാ പിന്നെ ഇന്‍റെ മനസ്സമാധാനം പോകും, ആ കളി ബെന്ടാ.

ചോ: അല്ല ഇത്താ സൂറ നന്നായി പാടും എന്ന് അറിഞ്ഞു ഞങ്ങക്ക് വേണ്ടി ഒരു പാട്ടു പാടിക്കാമോ?

അങ്ങനെ സ്വിച്ച് ഞെക്കിയാല്‍ പാടണ സാധനമല്ല സൂറ. ഓള് കൊച്ചീ പാടിയാ അങ്ങ് പറൂര് ബരെ കേള്‍ക്കും, കൂട്ടപ്പാട്ടൊക്കെ ഓള് ഒറ്റയ്ക്ക് പാടും. പിന്നെ ഇപ്പൊ ഓള്ക്ക് പാടുമ്പോ സംഗതികളൊന്നും തികച്ചു ബരണില്ല അതിനെക്കൊണ്ടു ഇഞ്ഞ് ബരുമ്പോ പാടാം. എന്തേ

ചോ: ഇത്താ ഈ അവാര്‍ഡ്‌ ഒരു കുവൈറ്റ്‌ അളിയന്‍ കാശ് കൊടുത്ത് വാങ്ങിത്തന്നതാണ് എന്ന് കേള്‍ക്കുന്നല്ലോ.അതില്‍ വല്ല സത്യവുമുണ്ടോ?

ഇന്റെ ബദരീങ്ങളെ ഞമ്മളത് പബ്ലിക്കാക്കി ബെച്ച കാര്യായിരുന്നല്ലോ അതും ഇജ്ജ്‌ അറിഞ്ഞാ. എല്ലാവരും ഇങ്ങനെ അവാര്‍ഡ്‌ മാങ്ങിക്കുമ്പോ ഞമ്മക്കൊരു പൂതി. അത് ഓനോട്‌ പറഞ്ഞപ്പോ ഓന്ഒരൊറ്റ ശോദ്യാണ്‌ സൂറാനെ ഇക്ക് കേട്ടിച്ചേരോന്നു.കേട്ടിച്ചേരാന്നു ഞമ്മളും. ഞമ്മളൊരു ബെറുംബാക്ക് പറഞ്ഞതാ ഓനതു കാര്യാക്കി.അനക്കറിയൊ ഓന്റെ കയ്യില് പൂത്ത സാധനം ഇണ്ട്ന്നാ കേട്ടത്?
(ഇത് കേട്ട് ലേഖകനും ക്യമാറാ മേനും ചിരിച്ചു)
ബെടക്കുകളെ പൂത്ത കായീണ്ട് ന്നാ ഉദ്ദേശിച്ചത് , അപ്പൊ ഇങ്ങള് പോവല്ലേ?

അല്ല ഇത്ത കോഴിയെ അറുത്ത സ്ഥിതിക്ക് അത് കഴിച്ചിട്ട് പോയാ പോരെ?

അത് ഞമ്മള് മീങ്കാരനെ പറ്റിക്കാന്‍ പറഞ്ഞതല്ലേ മക്കളെ, ഇന്നിവിടെ കഞ്ഞീം ചമ്മന്തിയുമാ ഏത്‌.

അത് ഇത്ത ഞങ്ങളെ പറ്റിക്കാന്‍ വേണ്ടി പറഞ്ഞതല്ലേ? ഏത്‌?

ഹമ്പട ശെയ്താന്മാരെ, ഇങ്ങളെ ഇക്ക് പെരുത്ത് ഇഷ്ടായെക്കണ് ! ഇങ്ങള് ബരീന്‍

ഞങ്ങക്കും പെരുത്ത് ഇഷ്ട്ടായി ഇങ്ങളീം ഇങ്ങടെ സൂറാനീം!

ബെന്ടാ ബെന്ടാ സൂറാനെ തൊട്ടുള്ള കളി ബെന്ടാ ഹാ.......
(പിന്നീട് വിഭവ സമൃദ്ധമായ ഒരു സദ്യ തന്നെ കൊടുത്തതിനു ശേഷമാണ് കുഞ്ഞീവി അവരെയാത്രയാക്കിയത്)


Saturday, May 23, 2009

ലിഫ്റ്റ്‌ ടെക്നോളജിക്കാര്‍ ഭീഷണിപ്പെടുത്തി : അന്തപ്പന്‍റെ പണി പോയി!


ദുബായ്
24/05/2009

പ്രിയപ്പെട്ട അപ്പാ,
അപ്പന്‍ എന്നാ കോപ്പിലെ പണിയാണപ്പാ കാണിച്ചത്? അപ്പന്‍ ആ കത്ത് വേറെ ആര്‍ക്കെങ്കിലും കൊടുത്തോ? ഇവിടെ പല കായംകുളം കൊച്ചുണ്ണിമാരും ആ കത്തെടുത്തു അപ്പന്റെ പേരില്‍ അയച്ചു എന്നാണു അറിഞ്ഞത്. എന്നെ പഠിപ്പിച്ച കോളെജ് കാരും ഈ വിവരം അറിഞ്ഞു അപ്പാ. അവര്‍ നാട്ടിലെത്തിയാല്‍ എന്നെ അങ്ങ് മേലോട്ട് "ലിഫ്റ്റ്‌" ചെയ്യും എന്ന് ഭീഷണിപ്പെടുത്തുക മാത്രമല്ല ഇപ്പോഴുള്ള മുക്കാ ചക്രത്തിന്റെ പണി കളയിക്കുകയും, താമസിച്ചിരുന്ന കമ്പാര്‍ട്ടുമെന്റില്‍ നിന്നും കമ്പനിക്കാര്‍ എന്നെ പുറത്താക്കുകയും ചെയ്തു. ഇപ്പൊ അപ്പന്റെ അന്തപ്പന്‍ അങ്ങിനെ ലിഫ്റ്റ്‌ ടെക്നോളജി പഠിച്ച് പെരുവഴിയിലും ആയി.

ഇത് കേട്ട് അപ്പന്‍ വിഷമിക്കുകയൊന്നും വേണ്ട. ഞാന്‍ വേറെ പല സൈഡ് ബിസിനെസ്സുകളും ചെയ്യുന്നുണ്ട്. ഇപ്പൊ തോന്നുന്നു ഇത് ഇത്തിരി നേരത്തെ ആകാമായിരുന്നെന്ന്. എങ്കിലും ചെക്കിങ്ങിനു ആള് വരുമ്പോള്‍ മുങ്ങണം. പിടികൊടുത്താ എന്‍റെ കാര്യം പോക്കാ. എന്നാലും വേണ്ടില്ല കടങ്ങള് വീടിയാല്‍ ഏതെങ്കിലും പൊതുമാപ്പ് വരുമ്പോള്‍ കേറിയങ്ങ് നാട്ടില്‍ വരാം. അപ്പന്‍ അച്ഛനോട് എനിക്ക് വേണ്ടി മുട്ടിപ്പായി പ്രര്‍ത്ഥിക്കാന്‍ പറയണം.


ഇനിയിപ്പോ കത്തൊന്നും എഴുതാന്‍ പറ്റുമോന്നു തോന്നുന്നില്ല അപ്പാ. ഒന്നിനും സമയം തികയുന്നില്ല. അപ്പന് മരുന്ന് വാങ്ങാനുള്ള പൈസയും പീടികയിലെ പറ്റ് തീര്‍ക്കാനുള്ള പൈസയും പണയപ്പാടിന്‍റെ പലിശക്കുള്ള പൈസയും മാത്രമേ അയക്കുന്നുള്ളൂ. അതെ ഉള്ളൂ കയ്യില്‍. പണിയില്ലാത്തത് കൊണ്ട് ആരും കടം തരില്ല അപ്പ. കമ്പനിക്കാര് വിസ ക്യാന്‍സല്‍ ചെയ്തിട്ടില്ല.അവര്‍ക്ക് നഷ്ടപരിഹാരമായി ഒരു തുക കൊടുത്താലെ അവര്‍ വിസ ക്യാന്‍സല്‍ ചെയ്യൂ എന്നാണു പറഞ്ഞത്. ഇവിടെ വല്യ വല്യ സംഘടനക്കാരുടെ അടുത്ത്‌ പോയിട്ടും ആരും ഒരു സഹായവും ചെയ്തില്ല അപ്പാ. അവര്‍ക്ക് ഒരു സാധാ തൊഴിലാളിയായ എന്നെ കണ്ണില്‍ പിടിച്ചില്ലെന്നു തോന്നുന്നു.ആരും ഇല്ലാത്തോര്‍ക്ക് ദൈവം തുണയുണ്ടാകും എന്ന് സമാധാനിക്കുന്നു. രാത്രി ഇവിടത്തെ ഒരു പാര്‍ക്കിലാണ് കിടക്കുന്നത്. ഇനി അതും പറ്റുമോന്നു തോന്നുന്നില്ല. ചൂട് കൂടിക്കൂടി വരികയാണ്. പള്ളികളില്‍ കേറിക്കിടക്കാന്‍ കുഴപ്പമൊന്നുമില്ലെങ്കിലും പരിചയമുള്ള മലയാളികള്‍ കണ്ടാല്‍ അവര്‍ കുഴപ്പമുണ്ടാക്കും. അത് കൊണ്ട് വേറെ നല്ലൊരു പണി കിട്ടുന്നത് വരെ സഹിക്കുക തന്നെ.


ഇപ്പോള്‍ രാവിലെ നേരത്തെ ഒരു സുഹൃത്തിന്റെ പരിചയത്തില്‍ ന്യൂസ്‌ പേപ്പര്‍ വിതരണം ചെയ്യാന്‍ പോകുന്നുണ്ട്. അത് കഴിഞ്ഞാല്‍ ഒരു മലയാളി ഡോക്ടറുടെ വീട്ടില്‍ ഒരു മണിക്കൂര്‍ നേരത്തെ ക്ലീനിംഗ് പണി ശരിയായിട്ടുണ്ട്.മാസം ഇരുന്നൂറ് ദിര്‍ഹം കിട്ടും. അത് കഴിഞ്ഞു ഒരു കഫ്ടീരിയയില്‍ പൊറാട്ട അടിക്കാന്‍ രാവിലെയും വൈകീട്ടും ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്. രാവിലെ രണ്ട് കിലോ മാവിന്റെ പൊറാട്ടയും വൈകീട്ടു നാല് കിലോ മാവിന്റെ പൊറാട്ടയും അടിച്ചു കൊടുക്കണം. പൊറാട്ടപ്പണി പഠിച്ചു വരുന്നു. എന്നാലും അടുപ്പിലെ തീയിന്റെ ചൂടും പുറത്തെ ചൂടും സഹിക്കുന്നില്ല അപ്പാ. രാവിലത്തെ പൊറാട്ടപ്പണി കഴിഞ്ഞാല്‍ ഞാന്‍ കൊക്കക്കോളയുടെയും പെപ്സിയുടെയും ഒഴിഞ്ഞ കാനുകള്‍ പെറുക്കാന്‍ പോകാറുണ്ട്. അത് തൂക്കി വിറ്റാല്‍ കുറച്ചു പണം കിട്ടും. കൂട്ടത്തില്‍ ഒഴിഞ്ഞ അട്ടപ്പെട്ടികളും പെറുക്കാറുണ്ട്. എല്ലാം ഇപ്പോള്‍ പണിയെടുക്കുന്ന കഫ്ടീരിയയുടെ സ്റ്റോറിന്‍റെ പിന്നിലാണ് സൂക്ഷിക്കുന്നത്. ഒന്നിച്ചു കൊടുത്താലെ കാര്യമായി എന്തെങ്കിലും കിട്ടൂ. എല്ലാം കൂടി പഴയ കമ്പനിയില്‍ നിന്നും കിട്ടുന്നതിലും കൂടുതല്‍ കിട്ടുമെന്ന് ഉറപ്പാണ് അപ്പാ. പക്ഷെ ഇത് കയ്യാലപ്പുറത്തെ തേങ്ങാ പോലെ എപ്പോള്‍ വേണമെങ്കിലും പിടിക്കപ്പെടാം അപ്പാ. ഇപ്പോള്‍ ഇതല്ലാതെ വേറെ ഒരു നിവൃത്തിയുമില്ല. പിന്നെ പെട്ടന്ന് പണക്കാരനാകാന്‍ കള്ള് കച്ചോടം നടത്തണം. കള്ള് ആവശ്യക്കാര്‍ക്ക് റൂമില്‍ എത്തിക്കുന്നതിനും വ്യാജ സിഡികള്‍ വില്‍ക്കുന്നതിനും പലരും ഉപദേശിച്ചെങ്കിലും അതിനൊന്നും ഈ അന്തപ്പന്‍ നില്‍ക്കില്ല എന്ന് അപ്പനറിയാമല്ലോ.

ഇപ്പോള്‍ ഒരു ദിര്‍ഹത്തിനു പതിമൂന്നു രൂപയുടെ അടുത്ത്‌ കിട്ടുന്നുണ്ട്‌. അത് കൊണ്ട് നമ്മുടെ എല്ലാ കടങ്ങളും ഉടനെ വീട്ടാന്‍ കഴിയും എന്ന് കരുതുന്നു.കൃത്യമായി ഒരു അഡ്രസ്‌ വെക്കാനില്ലാത്തതിനാല്‍ മറുപടിയൊന്നും അയക്കണ്ട. മാസത്തില്‍ ഒരു തവണ ഞാന്‍ അലവിക്കാടെ വീട്ടിലേക്കു ഫോണ്‍ വിളിക്കാം.ഇത്രമാത്രം. ഈ കത്തെങ്കിലും ആരും എടുത്ത്‌ പോകാതെ നോക്കണം.

സസ്നേഹം,

അപ്പന്‍റെ അന്തപ്പന്‍

Friday, May 22, 2009

ചാനലുകളെ കുറിച്ചു മുഖ്യമന്ത്രി പറഞ്ഞതും വാഴക്കോടന്‍ ദിവസങ്ങള്‍ക്കു മുന്പേ പോസ്റ്റിയതും!



വാര്‍ത്താ ചാനലുകള്‍ പക്വത കാട്ടണം: മുഖ്യമന്ത്രി


കൊച്ചി : അവധാനതയോടെ വേണം വാര്‍ത്തകള്‍ കൈകാര്യം ചെയ്യാനും സംഭവങ്ങളെ സമീപിക്കാനുമെന്നു ചാനലുകളോട് പറഞ്ഞാല്‍ തമാശയായിട്ടേ കണക്കാക്കൂ എന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. ഫ്ലാഷ്‌ ന്യൂസിന്റെയും തത്സമയ വാര്‍ത്താ സംപ്രേഷണത്തിന്റെയും കാലമാണ് ഇത്. ചാനലുകള്‍ തമ്മില്‍ കടുത്ത മത്സരമായതിനാല്‍ കിട്ടുന്നതെന്തും അപ്പപ്പോള്‍ ചൂടോടെ വിതരണം ചെയ്യുകയാണ് പലപ്പോഴും. രണ്ടാമതൊരു പരിശോധനയ്ക്ക് കാത്തു നിന്നാല്‍ മറ്റുള്ളവര്‍ പറ്റിച്ചു കളയും എന്ന ഭയമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ടെലിവിഷന്‍ അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേട്ടുകേള്‍വികള്‍ പോലും വലിയ വാര്‍ത്തയായി,ഫ്ലാഷ്‌ ന്യൂസ്‌ വരുന്നുണ്ട്. നിസ്സാര കാര്യങ്ങള്‍ അമിത പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെടുന്നുണ്ട്.തെറ്റായ വാര്‍ത്തകളും ദുര്‍വ്യാഖ്യാനങ്ങളും വായനക്കാരന്റെ കയ്യില്‍ അത് രേഖയായി നില്‍ക്കും.എന്നാല്‍ ചാനലില്‍ വാര്‍ത്തകള്‍ തെറ്റി വന്നാല്‍ അതിനു രേഖയുണ്ടാകില്ല.പിന്നീട് ആവര്‍ത്തിക്കാതിരുന്നാല്‍ എല്ലാമായി എന്ന തോന്നലുമുണ്ടാകാം.ഇങ്ങനെയൊരു സൌകര്യമുള്ളതിനാല്‍ നിരുത്തരവാദപരമായ സമീപനം പല ചാനലുകളുടെ ഭാഗത്ത് നിന്നും ചിലപ്പോഴെങ്കിലും ഉണ്ടാകാറുണ്ട്.സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം സമര്‍ത്ഥമായ വ്യാഖ്യാനത്തിലൂടെ സംഭവങ്ങള്‍ക്ക് തിരി കൊളുത്താനും കഴിയുന്നു.ഇങ്ങനെയുള്ള ചടുലമായ വാര്‍ത്തകള്‍ കൊണ്ട് കുറെ ഗുനങ്ങളുണ്ടാകുന്നുണ്ട്. എന്നാല്‍ ഏറെ ദോഷങ്ങളും ഉണ്ടാകുന്നുണ്ട്.--മുഖ്യമന്ത്രി പറഞ്ഞു. (വാര്‍ത്ത കടപ്പാട്, മനോരമ ഓണ്‍ലൈന്‍)



പ്രിയപ്പെട്ട കൂട്ടുകാരെ,

മുഖ്യമന്ത്രിയുടെ ഈ കാഴ്ചപ്പാട് തന്നെയാണ് നര്‍മ്മത്തില്‍ ചാലിച്ച് ഞാന്‍ പറഞ്ഞത്. ഇനി മുഖ്യമന്ത്രിയെങ്ങാനും എന്റെ ബ്ലോഗ് വായിച്ചിരിക്കുമോ? എനിക്ക് വയ്യ. എന്നെയങ്ങട്‌ കൊല്ല്. എന്തായാലും ഞാന്‍ പോസ്റ്റിയ ആ സാധനം വായിക്കാത്തവര്‍ ഇവിടെ ഞെക്കി വായിക്കുക.

ഒരു ന്യൂസ് ചാനല്‍ നടത്താന്‍ പെടുന്ന പാടേ!


സസ്നേഹം,
വാഴക്കോടന്‍.

Wednesday, May 13, 2009

ലിഫ്റ്റ്‌ ടെക്നോളജി പഠിച്ചാ ഇതല്ല ഇതിലും വലുത്‌ നേടാം!

ദുബായ്,
12/05/2009


പ്രിയപ്പെട്ട അപ്പാ,
എനിക്കിവിടെ അത്ര വല്യ സുഖമൊന്നുമല്ല . വന്ന അന്ന് മുതല്‍ പണിക്കു നിന്നതാ. ഒരു ഒഴിവും കിട്ടണില്ല. ഈ കുപ്പീന്ന് വന്ന ഭൂതം പോലെ പണി തന്നെ പണി. ഇപ്പൊ ദുബായീലാണെങ്കില്‍ ഒടുക്കത്തെ ചൂടും.ആ ഇന്‍സ്റ്റിട്യൂട്ട് കാര് പരസ്യം ചെയ്യണ പോലെയൊന്നുമല്ല കാര്യങ്ങള്‍. അവര്‍ പറഞ്ഞ ശമ്പളം മൂന്നു മാസം കൂടുമ്പോള്‍ കിട്ടുന്ന തുകയാണ്. അല്ലാതെ മാസാമാസം കിട്ടുന്നതല്ല. ഈ ശമ്പളത്തിന് ഒരു നാല് കൊല്ലം നിന്നാല്‍ കടങ്ങള്‍ തീര്‍ന്നെങ്കിലായി. വീടിന്റെ ആധാരം എന്ന് പണയത്തില്‍ നിന്നും എടുക്കാന്‍ പറ്റുമോ എന്തോ. ഇവിടെ ഭക്ഷണത്തിന്റെ കാര്യാ കഷ്ടം! മൂന്നു നേരവും ഒരു മാതിരി റവറിന്റെ ഏതോ ഷീറ്റാണ് തിന്നാന്‍ കിട്ടുന്നത്. അതിനെന്തോ "കുബ്ബൂസ്" എന്നാണത്രേ പറയുന്നത്.ഇത് കണ്ടാ വീട്ടിലെ പശു പോലും സഹിക്കില്ല അപ്പാ.


പിന്നെ പണിയുടെ കാര്യം പറയാണ്ടിരിക്യാ നല്ലത്. റൂമില്‍ പത്തിരുപതു പേരുണ്ട്. കണ്ണൂര്‍ എക്സ്പ്രസിന്റെ ബെര്‍ത്ത് പോലെ മൂന്നു നിലയുള്ള കട്ടിലിലാണ് കിടത്തം. റൂമിലുള്ള ഇരുപതില്‍ പത്തു പേരും എന്നെപ്പോലെ ലിഫ്റ്റ്‌ ടെക്നോളജി പഠിച്ചതാ. ബാക്കി പത്തു പേര്‍ ഏതോ സേഫ്റ്റി ടെക്നോളജി പഠിച്ചവരും. എല്ലാവര്‍ക്കും ഒരേ കമ്പനിയില്‍ തന്നെയാണ് പണി. ഞങ്ങള്‍ ലിഫ്റ്റ്‌ ടെക്നോളജി പഠിച്ചവര്‍ക്ക് കമ്പനിയുടെ ഉള്ളിലാണ് പണിയെങ്കില്‍ ഈ സേഫ്റ്റി ടെക്നോളജിക്കാര്‍ക്ക് പുറത്തെ വെയിലത്താണ് പണി. ഇവിടെ ഇപ്പൊ ഒരു ഒന്നൊന്നര വെയിലും ചൂടുമാണ്. ഈ നരകത്തിലെ കോഴി തീയില്‍ കിടന്ന് തിരിയുന്ന പോലെ ഒരു അവസ്ഥയാണ് എന്റെ അപ്പാ.


ഞങ്ങളുടെ മാനേജര്‍ തടിച്ചു കൊഴുത്ത ഒരു പാകിസ്ഥാനിയാണ്. നല്ല ചന്ദനത്തിന്റെ സുഗന്ദവും കസ്തൂരി മഞ്ഞളിന്റെ കാന്തിയും ഒത്തിണങ്ങിയ ഒരു പ്രകൃതിയുടെ ദുരന്തം. ആ മനുഷ്യന്റെ ആട്ടും തുപ്പും സഹിക്കുകേലാ അപ്പാ. അത് കൊണ്ട് തല്‍ക്കാലം നമ്മുടെ വീടിന്റെ കടമെന്കിലും തീരുന്നതുവരെ ഞാനിവിടെ പിടിച്ചു നില്‍ക്കാം. പിന്നെ നാട്ടില്‍ നിന്നും വരുമ്പോള്‍ വാങ്ങിയ സ്യൂട്ടും ടൈകളും കല്യാണം കഴിക്കാന്‍ പോകുന്ന അടുത്ത റൂമിലെ ഒരു സുഹൃത്തിന് കൊടുത്തു. അത് തല്‍ക്കാലമൊന്നും എനിക്ക് ഉപയോഗിക്കാന്‍ പറ്റില്ല എന്നാണു മനസ്സിലായത്‌. ജോര്‍ജ്ജേട്ടന്റെ മകന്‍ ലൂയി എന്റെ കമ്പനിയില്‍ തന്നെയാണ് പണിയെടുക്കുന്നത്. അവന്‍ സേഫ്റ്റി ടെക്നോളജി ആയതു കൊണ്ട് ഇവിടെ വരുന്ന വാഹനങ്ങളുടെ കണക്കെടുപ്പും അതിലെ ടയറില്‍ കാറ്റുണ്ടോ, സേഫ്റ്റി ബെല്റ്റ് ഉണ്ടോ?, ലയിറ്റുകളൊക്കെ കത്തുന്നുണ്ടോ ഇത്യാദി കാര്യങ്ങള്‍ നോക്കലാണ് സേഫ്റ്റി ഓഫീസറായ അവന്റെ പണി. അവന്‍ വന്നത് ഈ പണിക്കല്ല എന്നും, ഇങ്ങനെ വെയിലുകൊണ്ട് ചെയ്യാവുന്ന ടെക്നൊളജിയല്ല അവന്‍ പഠിച്ചതെന്നും പറഞ്ഞതിന് അവനെ രണ്ടു ദിവസം ആ പാകിസ്ഥാനി വണ്ടികളുടെ ടയറിന്റെ പഞ്ചര്‍ ഒട്ടിക്കാന്‍ നിര്‍ത്തി. ഈ കമ്പനിയിലെ സേഫ്റ്റി ഓഫീസറുടെ പണി ഇതാണത്രേ. അത് ഈ കമ്പനി ഉള്ളിടത്തോളം കാലം ഈ പണിയും ഉണ്ടാകും എന്നാ കമ്പനിക്കാര് പറയുന്നത്.ഇത് തന്നെയാണത്രേ അവന്‍ പഠിച്ച ഇന്‍സ്റ്റിട്യൂട്ട് കാരും പരസ്യം ചെയ്തതെന്നും അവന്‍ പറഞ്ഞത്. ആ പരസ്യത്തില്‍ വിശ്വസിച്ച അവന്റെ കാശും ഭാവിയും പോയി. രക്ഷപ്പെട്ടത് ആ ഇന്‍സ്റ്റിട്യൂട്ടുകാരാ. പാവം ലൂയി അവനു ഒരു സേഫ്ടിയും ഇല്ലാണ്ടായി.


എന്തായാലും അപ്പന്‍ എന്നെ എക്സ്റേ വെല്‍ഡിംഗ് പഠിക്കാന്‍ വിടാഞ്ഞത് ഭാഗ്യമായി . എക്സ്റേ വെല്‍ഡിംഗ് പഠിച്ച സുരേഷും റോയിയും ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ വാര്‍പ്പിന് കെട്ടുകമ്പി "എക്സ്‌" ആകൃതിയില്‍ കെട്ടിക്കൊണ്ടിരിക്കുവാ. ഈ കമ്പനിയില്‍ "എക്സ്റേ വെല്‍ഡിംഗ്" കൊണ്ട് ഇതാത്രേ ഉദ്ദേശിച്ചത്. വല്ല ഹോട്ടല്‍ മാനെജുമേന്റും പഠിച്ചാ മതിയായിരുന്നു എന്ന് ഇപ്പൊ തോന്നുകയാ. അതാകുമ്പോള്‍ വല്ല പാത്രവും കഴുകാന്‍ നിന്നാലും സമയത്തിനു ഭക്ഷണം കിട്ടിയേനെ! ഇനിയിപ്പോ അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. പഠിച്ചത് 'ലിഫ്റ്റ്‌ ടെക്നോളജി' ആയതു കൊണ്ട് കമ്പനിയിലേക്ക് വരുന്ന വണ്ടികളില്‍ സാധനങ്ങള്‍ ലിഫ്റ്റ്‌ ചെയ്തു കയറ്റിവെക്കുകയും ലിഫ്റ്റ്‌ ചെയ്തു ഇറക്കുകയുമാണ് അപ്പാ എന്റെ പണി. ഈ കമ്പനിയില്‍ ഇതാണപ്പാ "ലിഫ്റ്റ്‌ ടെക്നോളജി"! എന്തായാലും ലിഫ്റ്റ്‌ ടെക്നോളജി പഠിച്ചാല്‍ എല്ലാം നടക്കും എന്ന് എനിക്ക് മനസ്സിലായി എന്റെ അപ്പാ!

ഈ കത്ത് കിട്ടിയാല്‍ മറുപടിയൊന്നും അയക്കണ്ട. ഏത് സമയവും ഈ പണിയും പോകുമെന്നാ കേള്‍ക്കുന്നത്. നാട്ടില്‍ ഒരു യൂണിയന്‍ പണി കിട്ടാനുണ്ടോ എന്ന് അപ്പന്‍ അന്വേഷിക്കുമല്ലോ. "ലിഫ്റ്റ്‌ ടെക്നോളജി" പഠിച്ചത് കാരണം യൂണിയന്‍ പണി ചെയ്താണെങ്കിലും ഞാന്‍ രക്ഷപ്പെടും അപ്പാ.

സസ്നേഹം,

അപ്പന്റെ അന്തപ്പന്‍.

Monday, May 11, 2009

എന്റെ ജസീറാ.....ഈ കൊലച്ചതി വേണ്ടായിരുന്നൂ.

ജസീറ എന്ന കൊച്ചു ഗള്ളി വാഴക്കോടന്‍ എന്ന കൊച്ചു ഗള്ളനെ വഞ്ചിച്ച കഥയാണ്‌ എന്ന് കരുതിയവരോട് മാപ്പ്, ഇതു അതിലും വലിയ ഒരു കൊലച്ചതിയുടെ കഥയാണ്‌. ഈ കഥയിലെ കഥയും കഥാ പാത്രങ്ങളും സാങ്കല്‍പ്പികമല്ല തികച്ചും ഒറിജിനല്‍ തന്നെ. ഒരു പത്തു മുപ്പതു ക്യാരറ്റ് ശുദ്ധ തങ്കപ്പെട്ട പ്രവാസികള്‍.
ഇനി കഥയിലേക്ക് കടക്കാം.
കുവൈറ്റ്‌ അളിയന്റെ നാട്ടിലെ പ്രമുഖ ഗണനീയയായ നമ്മുടെ കഥാപാത്രം "ജസീറ" ദുബായിയില്‍ നിന്നും പാവപ്പെട്ട പ്രവാസികളെ തുച്ഛമായ കൂലിക്ക് നാടു കടത്തിക്കൊള്ളാമെന്നു അവളുടെ ബര്‍ത്തഡേ ആഘോഷ വേളയില്‍ കണ്ണും പൂട്ടി പ്രസ്താവിക്കുകയും ആ വിവരം ട്രിപ്പില്‍ ഡബ്ലിയൂ വഴി ലോകത്തെ അറിയിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ യു എ ഇ നിവാസികള്‍ കൂട്ടം കൂട്ടമായി പോയി പ്രസ്ത്ഥുത സേവനം ഉപയോഗപ്പെടുത്തി നിറഞ്ഞ മനസോടെയും അതിരറ്റ ഉത്സാഹത്തോടെയുമാണ് അവരവരുടെ ഫ്ലാറ്റുകളിലേക്ക് മടങ്ങിയത്. ജസീറ കടത്ത് കൂലി കുറച്ച വിവരം അങ്ങിനെ എല്ലാവരും അറിഞ്ഞു. അറിയാത്തവര്‍ ചോദിച്ചറിഞ്ഞും അറിയാത്തവരെ ഫോണ്‍ വിളിച്ചും എസ്‌ എം എസ് അയച്ചും അറിയിച്ചു ആത്മസംതൃപ്തി അടഞ്ഞ പ്രവാസികളെ തട്ടി ആ ദിവസങ്ങളില്‍ നടക്കാന്‍ വയ്യാത്ത അവസ്ഥവരെയുണ്ടായി എന്നാണു പല ഹൈടെക്‌ രോഗമുള്ള പ്രവാസികള്‍ വരെ പറഞ്ഞു ചിരിച്ചിരുന്നത്.
എന്നാല്‍ എല്ലാ പ്രവാസികളെയും ദുരിതക്കയത്തില്‍ തള്ളിക്കൊണ്ട് ഒരു വെള്ളിടിപോലെ ജസീറ ആ സത്യം ഒരു ഉളുപ്പിമില്ലാതെ വിളിച്ചു പറഞ്ഞു. ജസീറ കടത്ത് നിര്‍ത്തി. കടത്തിന് അപേക്ഷ തന്നവര്‍ വേറെ വല്ല വഴിയും കണ്ടെത്തുക. മുന്‍‌കൂര്‍ കൊടുത്ത കടത്ത് കൂലി തിരികെ ലഭിക്കാന്‍ ജസീറാക്ക് ഒരു ലേഖനം കൊടുക്കുകയോ നേരിട്ടു സമീപിക്കുകയോ ചെയ്യണമെന്ന് ട്രിപ്പിള്‍ ഡബ്ലിയൂവില്‍ കൂടി അവള്‍ ഒരു കണ്ണീ ചോരയുമില്ലാതെ തീര്‍ത്ത്‌ പറഞ്ഞു.
ഒരു മാസം ഉണ്ടിഫോണിനു ചിലവാക്കിയിരുന്ന കായിക്ക് നാട്ടില്‍ പോയി വരാമെന്ന് സ്വപ്നം കണ്ട സകല പ്രവാസികളും പ്രഷറും ഷുഗറും കൂട്ടി എന്നല്ലാതെ ഒരു സാന്ത്വന വാക്കു പോലും പറയാന്‍ ഒരു കൂട്ടായ്മയും വന്നില്ല. ഒരു വരി പ്രതിഷേധക്കുറിപ്പ് ഏതെങ്കിലും ഒരു പ്രവാസ സംഘടന നല്‍കുമെന്ന് കരുതിയവര്‍ അവരുടെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ഇരുന്നുള്ള ചര്‍ച്ചയുടെ ടോപ്പിക്ക്‌ കേട്ട് ഞെട്ടി. വരുന്ന ഓണ സദ്യക്ക് വല്യപപ്പടം വേണോ അതോ ചെറിയപപ്പടം മതിയോ അതല്ല രണ്ടും വേണോ എന്നതിനെക്കുറിച്ചുള്ള മാരത്തോണ്‍ ചര്‍ച്ചകള്‍ . അവരോടു ദൈവം ചോദിക്കുമത്രേ! (പിന്നെ ദൈവം പപ്പടം കാണാതെ കിടക്കുകയാണല്ലോ)

ഇതെല്ലാം കണ്ടു ആദ്യമായി മനം മടുക്കുകയല്ലെങ്കിലും ഈ ചതിയില്‍ നിന്നും മുക്തി നേടാന്‍ പ്രവാസികള്‍ കടത്തുകാരെ തേടി നെട്ടോട്ടമോടി.എന്നാല്‍ മറുകര പറ്റാന്‍ ഒരു വഴി തേടി മറ്റു കടത്തുകാരെ സമീപിച്ചപ്പോഴാണ് ഒരു തോണിയിലും ഇനി അല്‍പ്പം പോലും ഒഴിവില്ല എന്ന സത്യം പാവം പ്രവാസികള്‍ അറിയുന്നത്. എങ്കിലും ചില കടത്തുകാര്‍ അല്‍പ്പം ഔദാര്യമൊക്കെ കാണിക്കുന്നുണ്ട്. ഇപ്പോള്‍ കയ്യിലുള്ള പോയിവരാനുള്ള കടത്തുകൂലിയുടെ കൂടെ അത്രയും കൂട്ടിയാന്‍ ഒരു വഴിക്ക് ആക്കിത്തരാമെന്നും തിരിച്ചു വരാന്‍ അത്രയും തുക കടത്ത് കൂലി വേണമെന്നുമാണ് ആ ഔദാര്യം!
ഈ പട്ടാപ്പകല്‍ നടന്ന കൊലച്ചതിയെ കണ്ട ഭാവം പോലും ഒരു പ്രവാസ കാര്യ വകുപ്പോ,കടത്ത് മന്ത്രിയോ, ഇവുടുത്തെ കൊളസ്ട്രോളടിഞ്ഞു വീര്‍ത്ത സംഘടനകളോ തയ്യാറായില്ല എന്ന സത്യം അസൂയക്കാര്‍ ഒരു പാണപ്പാട്ട് പോലെ പാടി നടക്കുന്നു എന്നാണു ഒടുവില്‍ കിട്ടിയ വാര്‍ത്ത. ബജറ്റ് കടത്തുകാര്‍ വരെ അവസരം മുതലാക്കി ഒരു വന്‍ പകല്‍ കൊള്ളക്ക് ഇറങ്ങിയിരിക്കുകയാണ് എന്നും അറിയുന്നു.കാറ്റുള്ളപ്പോള്‍ തൂറ്റുക എന്ന കര്‍മ്മം അവര്‍ നിര്‍വഹിക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്യാനും ഒരാളും ഇല്ല. ദീപസ്തംപം മഹാശ്ചര്യം.....

പണ്ടേ ദുര്‍ബ്ബല ഇപ്പോള്‍ ഗര്‍ഭിണിയും എന്ന് പറഞ്ഞത് പോലെയുള്ള അവസ്ഥയിലുള്ള തുച്ഛ വരുമാനക്കാരായ പാവം പ്രവാസികളെയോര്‍ത്ത് ഒരു തൃശ്ശൂര്‍ ബ്ലോഗ്ഗര്‍ എന്ന നിലയിലും അതിലുപരി ഒരു പ്രവാസി എന്ന നിലയിലും എന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. തൃശ്ശൂര്‍ ബ്ലോഗ്ഗര്‍മാര്‍ക്ക് ഈയിടെയായി ഭയങ്കര മാര്‍ക്കെറ്റാണെന്നാണ് പൊതുവേയുള്ള ബൂലോക സംസാരം! ഇനി ഈ പോസ്റ്റെങ്ങാന്‍ പ്രധാന മന്ത്രിയോ, മുഖ്യ മന്ത്രിയോ കാണാന്‍ ഇടയായാല്‍ ആ പാവങ്ങളെങ്കിലും രക്ഷപ്പെടുമല്ലോ! പകരം വെക്കാന്‍ മറ്റൊരു വാഗ്ദാനങ്ങളും ഇല്ലാത്തതില്‍ ഖേദം അറിയിക്കട്ടെ!

Saturday, May 2, 2009

ഒരു ന്യൂസ് ചാനല്‍ നടത്താന്‍ പെടുന്ന പാടേ!

ഒരു ന്യൂസ് ചാനലിന്റെ ഒരു ദിവസത്തെ പ്രവര്‍ത്തനത്തിന്റെ ഒരു നേര്‍ക്കാഴ്ച്ചയാണ് ഇവിടെ വിവരിക്കുന്നത്. ഓരോ ദിവസത്തെ വാര്‍ത്താ ശേഖരണങ്ങളും അത് ചൂടോടെ ജനങ്ങളിലേക്ക് എത്തിക്കാനുമുള്ള അവരുടെ ഈ തന്ത്രപ്പാടുകള്‍ ആരറിഞ്ഞു! എന്നാല്‍ അവരുടെ ഒരു ദിവസത്തെ വാര്‍ത്ത പ്രക്ഷേപണങ്ങളുടെ പിന്നാമ്പുറത്തെക്കാണ് ഇന്നു ഞാന്‍ നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നത്. ഇന്നത്തെ ദിവസം നമുക്കു ഈ ചാനലിലെ എല്ലാ വാര്‍ത്തകളും സംഭവങ്ങളും നിയന്ത്രിക്കുന്ന ചാനല്‍ ഡയരക്ടരെ തന്നെ വീക്ഷിക്കാം. എന്താ റെഡിയല്ലേ?
vazhakodan
സമയം രാവിലെ ഒന്‍പതു മണി.

സ്ഥലം: ഡയരക്ടര്‍ കാബിന്‍.

ഡയരക്ടര്‍ ഒരു ന്യൂസ് റീഡറെ കാബിനിലേക്ക്‌ വിളിക്കുന്നു.

ഡയ : രാവിലത്തെ ന്യൂസ് പോയില്ലേ?

റീഡര്‍: ഇപ്പൊ തീര്‍ന്നെയുള്ളൂ സാര്‍.

ഡയ: ഇപ്പൊ എന്താ കേറിപ്പോകുന്നതു.

റീഡര്‍: ഒരു സൈക്കിള് കടക്കാരന്‍ അതിന്റെ പുതിയ പാര്‍ട്സ്കളെക്കുറിച്ച്‌ വിവരിക്കുന്ന "എന്‍സൈക്കിളോ പീഡിക" എന്ന സാധനമാണ്‌ പോകുന്നത്. പരസ്യം അടക്കം ഒരു മുപ്പതു മിനിട്ടുണ്ടാവും സാര്‍, അത് കഴിഞ്ഞ് 'ഈശ്ശോ" എന്ന പരിപാടി.സംസാരിക്കുമ്പോള്‍ എപ്പോഴും "ശോ, ശോ" എന്ന് പറയുന്നവരെപ്പറ്റി ചര്‍ച്ച.

ഡയ : ഓക്കേ ഗുഡ്‌.അതിന് സ്പോന്‍സറെ കിട്ടിയിരുണോ?

റീഡര്‍: നമ്മുടെ കൊട്ടേഷന്‍ സംഘം ആരെക്കൊണ്ടോക്കെയോ സമ്മതിപ്പിച്ചു സാര്‍ .

ഡയ: അതിന്റെ ആവശ്യമില്ലായിരുന്നല്ലോ. ആ ജ്വല്ലറിക്കാരുടെ ടാഗിന്റെ പരസ്യം ഒരു രണ്ടു തവണ ഫ്രീയായി ഇട്ടു കൊടുത്താല്‍ മറ്റേ ഗ്രൂപ്പുകാര്‍ താനേ വരില്ലേ? ആട്ടെ ന്യൂസ്‌ ഫ്ലാഷ്‌ വല്ലതും സ്ക്രോള്‍ പോകുന്നുണ്ടോ?

റീഡര്‍: ഇല്ല സാര്‍ ഒന്നും ഇത് വരെ കിട്ടിയില്ല.

ഡയ: വാട്ട്? ഒരു സ്ക്രോളും കിട്ടിയില്ലെന്നോ? നാണക്കേട്‌. നിങ്ങളെയൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഒരു കാര്യം ചെയ്യ് നമ്മുടെ കാവ്യയുടെ കല്യാണം കഴിഞ്ഞിട്ടിപ്പോ അതിനുള്ള സമയമൊക്കെ ആയില്ലേ?

റീഡര്‍: എന്ത് സാര്‍ ഡൈവേര്‍സാണോ?

ഡയ: നോ നോ അത് നമുക്ക് എസ്ക്ലൂസ്സായിട്ട് കിട്ടാനുള്ള അഡ്വാന്‍സ്‌ വരെ കൊടുത്തിട്ടുണ്ട്, അതല്ല കാവ്യ ഗര്‍ഭിണിയാണെന്ന് ഒരു ഫ്ലാഷ്‌ ന്യൂസ്‌ പോട്ടെ.
റീഡര് : ശരി സാര്‍, പിന്നെ മാസക്കണക്ക് വല്ലതും വെക്കണോ സാര്‍?
ഡയ: നോ നോ ഏതെങ്കിലും ഒരു ആശുപത്രിയെ ഉദ്ധരിച്ചു ഒരു സ്ക്രോള്‍ പോകട്ടെ. ബാക്കിയൊക്കെ പിന്നെ നോക്കാം! എന്നാ വേഗം പോയി അതിനുള്ള ഏര്‍പ്പാട് ചെയ്യൂ.

അയാള്‍ പുറത്തു പോയ ശേഷം ഡയരക്ടര്‍ ഫോണ്‍ എടുത്ത് ഒരു റിപ്പോര്ട്ടറെ വിളിക്കുന്നു.

ഡയ:എടൊ സണ്ണീ താന്‍ ഫുള്‍ ടൈം തണ്ണിയാണോടോ?

സണ്ണി: അല്ല സാര്‍, ഇവിടെ ഇപ്പൊ ഭയങ്കര തണുപ്പാ, അത് കൊണ്ടാ...

ഡയ: ഈയിടെയായി ഒരു സെന്‍സേഷന്‍ റിപ്പോര്‍ട്ടും ഇല്ലല്ലോടോ.

സണ്ണി: അത് പിന്നെ സാര്‍ ഇപ്രാവശ്യവും ഒരു സെന്‍സേഷന്‍ ന്യൂസിന് വേണ്ടി ഒരു ആദിവാസി കോളനിയില്‍ അവിഹിത അമ്മമാരെപ്പറ്റി ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പോയതാണ് സാര്‍. പിന്നെ...

ഡയ:പിന്നെ എന്തുണ്ടായടോ വല്ല ന്യൂസും കിട്ടിയോ?

സണ്ണി: ഇല്ല സാര്‍ അവര്‍ക്ക് ഇപ്പോള്‍ നല്ല തിരിച്ചരിവായിരിക്കുന്നു സാര്‍

ഡയ:എന്നിട്ട് റിപ്പോര്‍ട്ട് എവിടെ?

സണ്ണി: അതിനു സമയം കിട്ടിയില്ല ,അവരെല്ലാവരും കൂടി എന്നെ കല്യാണം കഴിപ്പിച്ചു സാര്‍.

ഡയ:വാട്ട്?

സണ്ണി: കഴിഞ്ഞ വര്‍ഷം ഇതേ റിപ്പോര്‍ട്ടിങ്ങിന് ഞാന്‍ അവിടെ പോയിരുന്നു സാര്‍.

ഡയ: ബ്ലടീ ഫൂള്‍ (ഫോണ്‍ കട്ട് ചെയ്യുന്നു)

ന്യൂസ്‌ റീഡര്‍ കാബിനിലേക്ക്‌ കടന്നു വരുന്നു.

റീഡര്‍: സാര്‍ കുവൈറ്റീന്നു അളിയന്‍ വിളിച്ചിരുന്നു.

ഡയ: അതിനു എന്റെ അളിയന്‍ കുവൈറ്റീലില്ലല്ലോ.

റീഡര്‍; അതല്ല സാര്‍ നമ്മുടെ കാവ്യയുടെ ഹസ്സ്

ഡയ: എന്നിട്ടവര്‍ എന്ത് പറഞ്ഞു? വാര്‍ത്ത സത്യമായോ?

റീഡര്‍ : അതല്ല സാര്‍ അവരിപ്പോഴും പാട്ട് സീന്‍ ആയിട്ടെ ഉള്ളൊന്നു. അതിനൊക്കെ ഇനിയും സമയമെടുക്കും എന്നും പറയാന്‍ പറഞ്ഞു.

ഡയ: അളിയന്റെ ഒരു കാര്യം എന്തായാലും ന്യൂസ്‌ ഫ്ലാഷ്‌ അങ്ങ് നിര്‍ത്തിയേര്. രാവിലെ തന്നെ നല്ല ഒരു മൈലേജ് ഉണ്ടാക്കാന്‍ പറ്റി.

എടൊ ആ പുതിയ പെണ്ണ് വാര്‍ത്ത വായിക്കാന്‍ എത്തിയില്ലേ?

റീഡര്‍: എത്തി സാര്‍. vazhakodan

ഡയ: എടൊ ആ മേക്കപ്പ് മേനോട് അവരുടെ നുണക്കുഴികളൊക്കെ വ്യക്തമായി കാണുന്ന രീതിയില്‍ മേക്കപ്പിടാന്‍ പറ കേട്ടോ. പിന്നെ അവരോടു അബദ്ധത്തില്‍ പോലും അവര്‍ക്കിടാന്‍ കൊടുക്കുന്ന കോട്ട് എടുത്ത്‌ മണത്തു നോക്കരുത്‌ എന്ന് പ്രത്യേകം പറയണം,വല്ല ബോധക്കേടും വന്നാല്‍ ഇന്ന് ഡോക്ടര്‍മാര്‍ പണിമുടക്കിലാണ്..മനസ്സിലായോ?

റീഡര്‍: ഉവ്വ സാര്‍

ഡയ: ഓക്കേ താന്‍ ആ സ്പോര്‍ട്സ് ലേഖകന് ഒരു മിസ്സ്ട് കോള്‍ കൊടുക്കൂ.അല്ലെങ്കില്‍ അയാള് ഇവിടുത്തെ സ്ടാഫാണെന്ന് മറന്നു പോകും! പിന്നെ ഇന്നത്തെ എസ് എം എസ് ചോദ്യം എന്താടോ?എസ് എം എസ്സോന്നും പഴയത് പോലെ വരുന്നില്ലല്ലോ?

റീഡര്‍:ഇന്നും ഏത് പാര്‍ട്ടിക്ക് ഏതൊക്കെ സീറ്റ്‌ കിട്ടും എന്നാ എസ് എം എസ് ചോദ്യം!

ഡയ:ചുമ്മാതല്ല ഈ കുറവ്. ഒരു കാര്യം ചെയ്യ്. ചോദ്യം മാറ്റി, "നടി ഭാവനയുടെ വിവാഹം എങ്ങിനെ? നിങ്ങള്‍ പറയൂ! എന്ന് ചോദിക്ക്, എന്നിട്ട് ഓപ്ഷന്‍സ്‌ എ) ഒളിച്ചോട്ടം ബി) രഹസ്യക്കല്യാണം സി) രജിസ്റ്റര്‍ വിവാഹം ഡി) അമേരിക്കന്‍/അറബിക്കല്യാണം. എന്നിട്ട് എസ് എം എസ് അയക്കാനുള്ള ആ ഫോര്‍മാറ്റും പറഞ്ഞു കൊട് ഓക്കേ.

ഫോണ്‍ അടിക്കുന്നു.

ഡയ : എന്നാ ഒരു സെക്കന്ഡ് താനൊന്നു നില്ല് , ഇത് വല്ല സെന്‍സേഷന്‍ സാധനമാണെങ്കില്‍ കയ്യോടെ കാച്ചാലോ.

ഹലോ ഡയരക്ടര്‍ സ്പീക്കിംഗ്.

ഫോണില്‍: സാര്‍ ഇവിടെ പുലികള്‍ ഇറങ്ങിയിരിക്കുന്നു, ഒരു പത്തു പതിനഞ്ചു പേര്‍ വരും. അതില്‍ അവരുടെ നേതാവും ഉണ്ട്. ഇപ്പോള്‍ വന്നാല്‍ കയ്യോടെ ഫോട്ടോയും എടുക്കാം വാര്‍ത്തെം കൊടുക്കാം.

ഡയ: മൈ ഗോഡ്. ഇതു സത്യമാണെങ്കില്‍ നമ്മള്‍ ഇന്നു കലക്കും. ഒരു എക്സ്ക്ലൂസീവ് വാര്‍ത്തയ്ക്കുള്ള വകയായി. താങ്ക്യു മിസ്റ്റര്‍ അവിടെ വേറെ വല്ല ചാനലുകാരും എത്തിയിട്ടുണ്ടോ?

ഫോണില്‍: ഇല്ല ഇവിടെ വേറെ ഒരു ചാനല്കാരും ഇല്ല.

ഡയ: ഓക്കേ . താങ്കള്‍ ആരാണെന്ന് പറയൂ.

ഫോണില്‍: ഞാനൊരു സൈക്കോ ഫൈവ് റിപ്പോര്ട്ടറാ.

ഡയ; എന്തൂട്ട്‌?

ഫോണില്‍: ത്രിശ്ശൂര്‍ത്തെ ഒരു സിറ്റിസണ്‍ റിപ്പോര്ട്ടറാ സാര്‍.

(ഫോണ്‍ കട് ചെയ്ത ശേഷം, റീഡരോട്)

ഡയ: എടൊ ഹറി അപ്, വേഗം ന്യൂസ്‌ ഫ്ലാഷ്‌ കൊടുക്കൂ. "പതിനഞ്ച് അങ്ക പുലി സംഘം തൃശ്ശൂരില്‍! കൂട്ടത്തില്‍ പുലി പ്രഭാകരനും ഉണ്ടെന്നുസൂചന! കൂടുതല്‍ വിവരങ്ങള്‍ അടുത്ത ബുള്ളറ്റിനില്‍" !
എന്നിട്ട് താനാ തൃശ്ശൂര്‍ ബ്യൂറോയിലെ ബിന്ദു ചന്ദ്രകുമാരിനെ ലൈനില്‍ കിട്ടുമോ എന്ന് നോക്ക്!

റീഡര്‍:സാര്‍ ഇന്നു ബിന്ദു ലീവാണ് അവരെ ഇന്നു പെണ്ണുകാണാന്‍ വരുന്ന ദിവസമാണെന്ന്.

ഡയ:അവര്‍ക്ക് ലീവെടുക്കാന്‍ കണ്ട ദിവസം, എന്നാ നമ്മുടെ ക്യാമറാ മേനോട് ന്യൂസ് കവര്‍ ചെയ്യാന്‍വിളിച്ചു പറ! വേഗമാവട്ടെ!
റീഡര്‍: അത് സാര്‍... അത് പിന്നെ...
ഡയ: അത് പിന്നെ ? എന്താടോ പ്രശ്നം!
റീഡര്‍: അത് സാര്‍ നമ്മുടെ ബിന്ദുവിനെ പെണ്ണ് കാണാന്‍ പോകുന്നത് നമ്മുടെ ക്യാമറാ മേന്‍ ആണ്സാര്‍!
ഡയ: ബ്ലാടി ഫൂള്‍സ്‌! താന്‍ പോയി ഫ്ലാഷ്‌ ന്യൂസ് കൊടുക്ക്‌.അപ്പോഴേക്കും ഞാന്‍ആരെയെങ്കിലുമൊക്കെ വിളിക്കട്ടെ!
(അല്‍പ്പ സമയത്തിനു ശേഷം ഡയരക്ടര്‍ക്ക് ഒരു ഫോണ്‍ വന്നു)
"ഹലോ , ഡയരക്ടര്‍ സാറാണോ?
ഡയ: അതെ പറയൂ ആരാണ്!
ഫോണ്‍: എടൊ തനിക്കൊന്നും വേറെ പനിയില്ലെടോ? പൂരത്തിന് കൊടിയേറിയത് താന്‍അറിഞ്ഞില്ലേ? ഇതു പിരിവിന് ഇറങ്ങിയ പുലിക്കളി സംഘമാണ് അല്ലാതെ തമിഴ്‌ പുലീംപ്രഭാകരനോന്നുമല്ലടാ കൊച്ചു @#%@#@$% മോനേ!
(ഡയരക്ടര്‍ ദേഷ്യത്തോടെ ഫോണ്‍ കട്ട് ചെയ്യുന്നു)
ഡയ: ബ്ലാടീ ഫൂള്‍, മര്യാദയ്ക്ക് തെറി പറയാന്‍ പോലും അറിയില്ല!വല്ല കൊടുങ്ങല്ലൂര്കാരായിരുന്നെങ്കില്‍നല്ല ഭരണിപ്പാട്ട് കെട്ടേനെ! എടൊ സ്ക്രോല്‍ സ്റ്റോപ്പ്‌ ചെയ്യടോ.

കാബിനിലേക്ക്‌ റീഡര് ഓടി വരുന്നു.

റീഡര്‍: സാര്‍ എല്ലാ ഫോണ്‍ ലൈനിലും പുളിച്ച തെറി പറയുന്നു സാര്‍.

ഡയ: കുറച്ചു നേരത്തിനു ഫോണ്‍ എടുക്കേണ്ടാ പിന്നെ ഫ്ലാഷ്‌ ന്യൂസ് നിര്‍ത്തിയല്ലോ അല്ലെ? പകരം ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ വേറൊരു ഫ്ലാഷ്‌ ന്യൂസ് കൊടുക്കൂ,

റീഡര്‍: എന്താണ് സാര്‍?

ഡയ: "പ്രശസ്ത സിനിമാനടി മീരാ ജാസ്മിന്‍ സംവിധായകനോടൊപ്പം ഒളിച്ചോടി!കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല!"
ഇതാകുമ്പോള്‍ നമ്മുടെ തടി കേടാവുകയുമില്ല, സംഗതി ഒരു മൈലേജ് കിട്ടേം ചെയ്യും!ഇനിയെങ്ങാന്‍മീര വിളിച്ചാല്‍ നിഷേധിക്കുകയും ചെയ്യാം! ഓക്കേ, ദെന്‍ ഹറി അപ്പ് മൈ ബോയ്‌!

കുറിപ്പ്: വാര്‍ത്തകള്‍ സൃഷ്ട്ടിക്കുന്ന ഡയരക്ടര്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ഇപ്പോള്‍ജോലിയിലുള്ളതോ വിരമിച്ചവരോ ആയി അണ.പൈ.ബന്ധമില്ലാ എന്ന് അറിയിച്ചു കൊള്ളുന്നു.
 


Copyright http://www.vazhakkodan.com