ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഞാന്‍ കുഞ്ഞീവിയുമായി വീണ്ടും എത്തുകയാണ്. കുഞ്ഞീവിയേയും മകള്‍ സൂറയെയും ആരും മറന്നിട്ടില്ലല്ലോ അല്ലെ? ഇത്തവണ കുഞ്ഞീവിത്താടെ ചെറിയ ചെറിയ തമാശകളാണ് എഴുതുന്നത്. നിങ്ങള്‍ക്ക് ഇഷ്ടമാകും എന്നാണ് പ്രതീക്ഷ. ഇഷ്ടമായാലും ഇല്ലെങ്കിലും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.
തുടര്‍ന്നും ഇവിടെയൊക്കെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ...
സസ്നേഹം,
വാഴക്കോടന്‍
കുഞ്ഞീവിയും റേഷന്‍ കടയും!
"അല്ല കുഞ്ഞീവിത്താതാ നിങ്ങളീ റേഷന്‍ കടയുടെ മുന്നിലെത്തിയാല്‍ ഒരു മിനിറ്റ് തലകുനിച്ച് പ്രാര്‍ത്ഥിക്കുന്നതെന്തിനാ ?"
"അത് മോനേ, ന്‍റെ ബാപ്പാന്റെ ഓപ്പറേഷന്‍ സമയത്ത് ബോധം കെടുത്താനുള്ള മരുന്ന്‍ തീര്‍ന്നപ്പോ അടുത്തുള്ള റേഷന്‍ കടേന്നു അരി കൊണ്ടോന്ന്‍ മണപ്പിച്ചല്ലേ ബോധം കേടുത്തീത്! ദോഷം പറയരുതല്ലോ അതോടെ ബാപ്പ ബോധം കെട്ടൂന്നു മാത്രല്ല അങ്ങനെ കെടന്ന് മയ്യത്തായി!ഇപ്പഴും റേഷന്‍ കട കണ്ടാല്‍ ,അപ്പൊ ഞമ്മക്ക് ബാപ്പാനെ ഓര്‍മ്മ വരും ! അതാ !!
കുഞ്ഞീവിയും നീലത്താമാരയും !
"കുഞ്ഞീവിത്താ ക്ഷേത്രപ്പടിയില്‍ പൈസ വെച്ച് പ്രാര്‍ത്ഥിച്ചാല്‍ കുളത്തില് നീലത്താമര വിരിയും എന്നൊരു ഐതീഹ്യം ഉള്ള പോലെ ഇത്താടെ ചായക്കടയ്ക്ക് വല്ല ഐതീഹ്യവും ഉണ്ടോ?"
"പിന്നില്ലേ, ന്‍റെ ചായക്കടെന്നു ചായ കുടിച്ച് പൈസ പെട്ടീമെ വെക്കാണ്ട് കടം പറഞ്ഞാ ഓന്‍റെ തലേല് ചോന്ന താമര വിരിയും, അത്രന്നെ !"
കുഞ്ഞീവിയും നായയും !
"കുഞ്ഞീവിത്താ ഈ കൊച്ചമ്മമാരും ചില പരിഷ്കാരി പെണ്ണുങ്ങളും നായയെ വളര്‍ത്തുകയും, എവിടെ പോകുമ്പോഴും ഒപ്പം കൊണ്ട് നടക്കുകയും ചെയ്യുന്നത് പോലെ കുഞ്ഞീവിത്താക്കും ഒരു നായേനെ വളര്‍ത്തിക്കൂടെ?
"പടച്ചോനാണേ നായ ഞമ്മക്ക് ഹറാമാ, അതോണ്ടല്ലേ ഞമ്മള് വീരാനിക്കാനെ നിക്കാഹ് കയിച്ചത്! ഹല്ല പിന്നെ!
കുഞ്ഞീവിയും യക്ഷിയും !
"കുഞ്ഞീവിത്താ, നിങ്ങടെ മതത്തില് ഈ പിശാചും യക്ഷികളൊന്നും ഇല്ലേ?"
"പിന്നില്ലേ , ഞമ്മടെ മതത്തില് അതിന് ജിന്നും ശെയ്ത്താനുമൊക്കെയല്ലേ പേര്!"
"അല്ല, ഇന്നുവരെ ഒരു പെണ്‍ ജിന്നിനെ ആരും കണ്ടതായി കേട്ടിട്ടില്ലല്ലോ ഇത്താ ?"
"ചിലപ്പോ നേരായിരിക്കും, കാരണം ഈ യക്ഷികളെപ്പോലെ വെള്ള സാരിയുടുത്ത് ജിന്നുകള്‍ക്ക് നടക്കാന്‍ പറ്റില്ലാല്ലോ, വല്ല വധ ഭീഷണിയും വന്നാലോ ന്ന്‍ കരുതി, അവര് വല്ല കറുത്ത പര്‍ദ്ദയും മക്കനയുമൊക്കെയിട്ട് ഇരുട്ടത്ത് നടന്നാ പിന്നെ ആര് കാണാനാ?"
കുഞ്ഞീവിയും സ്വര്‍ഗ്ഗവും നരകവും !
"കുഞ്ഞീവിത്താ, നിങ്ങള് മരിച്ചു പോയാല്‍ സ്വര്‍ഗ്ഗത്തില്‍ പോകാനാണോ ഇഷ്ടം അതോ നരകത്തില്‍ പോകാനാണോ ഇഷ്ടം?"
"സത്യം പറഞ്ഞാ, സ്വര്‍ഗ്ഗത്തില്‍ പോയാല് അവിടെ കമ്പ്ലീറ്റ് വയസായ മുക്രി, മുസ്ലിയാക്കന്മാര് , മോല്ലാക്കാ തുടങ്ങീ ടീമുകളാവും! അവരുടെ ഇടയില്‍ കിടന്ന്‍ ബോറടിക്കുന്നതിലും നല്ലത് നരകത്തില്‍ പോകുന്നതാ!ഹല്ല പിന്നെ"
കുഞ്ഞീവിയും പരസ്യവും !
കുഞ്ഞീവിയും പരസ്യവും !
"അല്ല ഇത്ത, ഇത്താടെ ചായക്കടയ്ക്ക് ഈ ജ്വല്ലറിക്കാര് പരസ്യം ചെയ്യണ പോലെ പരസ്യം കൊടുത്തൂടെ? നല്ല വരുമാനം കിട്ടും ഇത്താ?"
"ഞാനും ഇന്‍റെ മോള് സൂറയും കൂടി നടത്തുന്ന ഈ ചായക്കട 'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്നും പറഞ്ഞു പരസ്യം കൊടുത്താല്‍... ജനങ്ങള്‍ എന്ത് വിജാരിക്കുമെടാ ഹമുക്കേ !
കുഞ്ഞീവിയും പേറ്റന്റും !
"കുഞ്ഞീവിത്താ, ഇത്താടെയും മോള് സൂറാടെയും 'പേറ്റന്റ്' ആ വാഴക്കോടന് സ്വന്തമാണെന്ന്‍ പറഞ്ഞു കേട്ടത് സത്യമാണോ? നാട്ടില്‍ അങ്ങിനെ ഒരു സംസാരം ഉണ്ടേ...!"
"പ്ഫ ശേയ്താനെ ആരാണ്ടാ അത് പറഞ്ഞത്? ഇന്‍റെ കെട്യോന്‍ വീരാന്‍ മയ്യാത്തായി ന്ന്‍ ബിജാരിച്ചിട്ടു എന്ത് തോന്യാസവും പറയാന്നോ? അറക്കും ഞാന്‍ ഹാ!!!
