Monday, June 29, 2009
മീറ്റ് ഗീതം പഠന ക്ലാസ്സ് കുഞ്ഞീവി ടീച്ചര്‍ വഹ:
കഴിഞ്ഞ മീറ്റു നടത്തിയ ഹാളിന്റെ വാടക കൊടുക്കാത്ത വാര്‍ത്ത ചോര്‍ന്നത് കൊണ്ടും വേറെ ആരും ഒരു ഹാള്‍ ഓസിക്കു തരാത്തത് കൊണ്ടും, നിരക്ഷരന്‍ ഏര്‍പ്പാടാക്കിയ ഒരു പള്ളിയുടെ മൂലയിലാണ് സംഗീത ക്ലാസ്സ് നടക്കുന്നത്. പള്ളിയുടെ കൂടുതല്‍ വിവരങ്ങള്‍ നിങ്ങള്‍ക്ക് ലിങ്ക് സഹിതം നീരുജീയുടെ ബ്ലോഗില്‍ നിന്നും കിട്ടുന്നതാണ്. പാട്ടെഴുതിയ കാവാലം ഗായകരില്‍ നിന്നുമുള്ള നേരിട്ടുള്ള അഭിപ്രായം കേള്‍ക്കാന്‍ ത്രാണിയില്ലാതെ ഹിമാലയത്തിലെ ഏതോ അജ്ഞാത ഐസ് ക്രീം പാര്‍ലറില്‍ ഒളിവില്‍ കഴിയുകയാണ് എന്നാണ് ആചാര്യന്‍ ഒരു കുറുക്കനെപോലെ കൂവി ബ്ലോഗിലൂടെ അറിയിച്ചത്.
ഇതാ ആ സംഗീത സദസ്സിലേക്ക് ഞാന്‍ നിങ്ങളെ ഏവരേയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു ക്ഷണിക്കുന്നു. ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അനോണികള്‍ക്ക് പ്രവേശനം ഇല്ല.
ഹരീഷ്: അല്ലാ ഞാന്‍ ഓര്‍ക്കായിരുന്നു. തൊടുപുഴ മീറ്റു കഴിഞ്ഞു ഓടിയ ഓട്ടം വല്ല ഒളിമ്പിക്സിലും ഓടിയിരുന്നെങ്കില്‍ ആ പടമെങ്കിലും ബ്ലോഗില്‍ ഇടാമായിരുന്നു.
നാട്ടുകാരന്‍: സത്യത്തില്‍ ഞാനന്ന് തികയാത്ത കാശെടുക്കാന്‍ ഓടിയതാ, ഏതോ ലവന്‍ അതും പിടിച്ചു.അല്ലെങ്കിലും ഈ പോട്ടം പിടിക്കണ ബ്ലോഗര്‍മാര്‍ ഇങ്ങനെ തന്നെയാ. ഒരു മൊട കണ്ടാ അപ്പൊ കേറി ക്യാമറ ഞെക്കും.
ഹരീഷ്: നീ ശിവനെക്കുറിച്ചാണോ പറഞ്ഞത്?
നാട്ടുകാരന്‍: അത് ... അത് ഞാന്‍ പിന്നെ പറയാം ആരോ വരുന്നുണ്ട്......ഹലോ ആരാ?
വന്നയാള്‍: ഇവിടെ സംഗീതത്തിന്റെ ആദ്യാക്ഷരി പഠിപ്പിക്കുന്നെന്നു കേട്ടൂ. സംഗീത ആദ്യാക്ഷരി ബ്ലോഗ് തുടങ്ങാന്‍ വല്ല സ്കോപ്പും ഉണ്ടോന്നറിയാന്‍ വെറുതെ...
ഹരീഷ്: നിങ്ങള്‍ ഉപ്പയല്ലേ ഛെ അപ്പുവല്ലേ? നിങ്ങള്‍ക്കിത്രേം ഗ്ലാമറുണ്ടെന്നു നിങ്ങടെ ആദ്യാക്ഷരി കണ്ടാ പറയില്ലാട്ടോ. പടം പിടുത്തോം ഉണ്ടല്ലേ.
അപ്പു: ഇല്ലാ വല്ലപ്പോഴും വല്ല പടം ഇടും, ജോലി ദുബായീലും വീട് ഷാര്‍ജേലും. ഇവിടെ രണ്ടു സ്ഥലത്തും ചിലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം കാറിലിരിക്കും. ബോറടിക്കുമ്പോ വെറുതെ ഫോട്ടോ എടുത്ത് പോകുന്നതാ..
നാട്ടുകാരന്‍: ഈ ഫോട്ടോ പിടുത്തക്കാരുടെ ഓരോ ബുദ്ധിമുട്ടുകളേ, കമന്റിടാത്ത കിഴങ്ങന്മാര് ഇത് വല്ലതുമറിയുന്നുണ്ടോ? അവിടെത്തന്നെ ഒരു പകല്‍ക്കിനാവന്‍ ഉണ്ടല്ലോ. അയാള് വന്നില്ലേ?
അപ്പു: ഞാനും അതാ നോക്കുന്നെ.ഇത്ര നേരം എന്റെ കൂടെ ഉണ്ടായിരുന്നതാ,ഇനി വല്ല പുഴയുടെ കരയിലും പോയി നില്‍പ്പുണ്ടാവും അവന് നീന്താന്‍ അറിയില്ലല്ലോ.
ഹരീഷ്: ദോ ആരോ അഡ്രെസ്സ് എഴുതിയ പ്ലക്കാര്‍ഡ് പിടിച്ച് വരുന്നത്? നല്ല പരിചയമുണ്ടല്ലോ? ഹല്ലാ അത് ചാണക്യനല്ലേ? എന്താ ചാണക്യോ അഡ്രസ്സൊക്കെ ഇങ്ങനെ എഴുതിപ്പിടിച്ചിരിക്കുന്നത്? വല്ല കുടുംബ സംഗമത്തിനും പോയി വരുവാണോ?
ചാണക്യന്‍: ഒന്നുമല്ല ഹരീഷേ, ചില പിതൃശൂന്യര്‍ വന്ന് മെക്കിട്ടു കേറാണ്ടിരിക്കാന്‍ അഡ്രസ്സുള്ള ബ്ലോഗറാ എന്ന് അറിഞ്ഞോട്ടെ എന്ന് വെച്ചു. എന്തെ കൊഴപ്പായോ?
അപ്പു: അല്ല ദൂരേന്നു കണ്ടപ്പോലൊരു പ്ലക്കാര്‍ഡ് പറന്ന് വര്വാ എന്നല്ലേ കരുതീത് അടുത്തെത്തിയപ്പോഴല്ലേ അതിന്റെ ചോട്ടില്‍ ആളുണ്ടെന്നു മനസ്സിലായത്!
ചാണക്യന്‍: ഒരു നിഴലായിട്ടു ആ കാപ്പിലാന്‍ വരാന്ന് പറഞ്ഞതാ.
ഹരീഷ്: അപ്പൊ ചാണൂന്റെ ഈ നിഴല് കാപ്പില്സിന്റെയാണോ?
ചാണക്യന്‍: അല്ലന്നേ അയാളുടെ നിഴല്‍ ചിത്രങ്ങള്‍ എന്ന ബുക്കുമായിട്ടു..
ഹരീഷ്: ഹമ്മേ.....(ഹരീഷ് നിലത്തു ബോധം കെട്ട് വീഴുന്നു)
അപ്പു: അയ്യോ എന്ത് പറ്റീ, ഹരീഷേ.....ബോധം കെട്ട് വീണവരെ രക്ഷിക്കാനുള്ള പോസ്റ്റ് ആരെങ്കിലും ഇട്ടിട്ടുണ്ടെങ്കില്‍ ഒരു ലിങ്ക് തരൂ...പ്ലീസ്...
നാട്ടുകാരന്‍: അത് പേടിക്കാനൊന്നുമില്ല. ശരിയായിക്കോളും, നിഴല്‍ചിത്രങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ ഹരീഷിനു ഒരു ബോധക്കേട് കഴിഞ്ഞ മീറ്റു കഴിഞ്ഞേ പിന്നെ പതിവാ.
(അല്‍പ്പ സമയത്തിനു ശേഷം ഹരീഷിനു ബോധം വന്ന്. അപ്പോഴേക്കും അവിടെ വേറെ കുറച്ചു ബ്ലോഗ്ഗര്‍മാരും സംഗീതം പഠിപ്പിക്കാന്‍ കുഞ്ഞീവി ടീച്ചറും എത്തി)
കുഞ്ഞീവി: അതേയ് സംഗീതം പഠിക്കണം എന്ന മോഹവുമായി ബന്നവര്‍ പള്ളീടെ ഉള്ളിലേക്ക് കേറി ഇരിക്കിന്‍. ഞമ്മക്ക് ക്ലാസ്സ് തുടങ്ങാം. വേഗം കേറി ഇരിക്കീന്‍..
ഏതാണ്ടാ രണ്ടു ഇണക്കുരുവികള് ആടിപ്പാടി വരുന്നതു? ഇങ്ങോട്ടാണാ?
സൂത്രന്‍: അത് നമ്മുടെ ഡോക്ടറും നാസും അല്ലെ?
കുഞ്ഞീവി: പടച്ചോനെ, ഓരെ കണ്ടാ പറയില്ലാട്ടാ ലാക്കിട്ടര്‍മാരാന്നു, ബ്ലോഗ്ഗര്മാരെന്നെ പറയൂ . ഇന്റെ സൂറാന്റെ മൊന്ജുള്ള പെണ്ണല്ലേ ഇത്. അല്ലെങ്കിലും ഇങ്ങടെ നടത്തം കണ്ടാ അറിയാ ഇങ്ങക്ക് ഒരു സംഗീതെടെ കുറവുണ്ടെന്ന്, ബരീം കേറി ഇരിക്കീന്‍.
അല്ല പുള്ളേ ആരാ ഓട്ടോ പിടിച്ചു ബരുന്നത് ? ബരീന്‍ കേറി ബരീന്‍, ആരാ?
ഞാന്‍ തറവാടി, ഇത് വല്യമ്മായി.
കുഞ്ഞി: ന്റെ റബ്ബേ ഈ വല്യമ്മായീന്നു കേട്ടപ്പോ ഞാന്‍ ബിജാരിച്ചു എന്നെപ്പോലെ സിസി അടഞ്ഞു തീരാറായ ആളാണെന്നു. ഇതിപ്പോ ഇങ്ങളൊരു ശുള്ളത്ത്യന്നെ ട്ടോ. ആട്ടെ എന്താ ഓട്ടോക്കാരനുമായി ഒരു കശ പിശ?
തറവാടി: അത് പിന്നെ ക്ഷമിക്കുന്നതിനുമില്ലേ ഒരതിര് ? അവന്‍ ആദ്യം വണ്ടി നിര്‍ത്തി ഫോണ്‍ ചെയ്തു, സഹിച്ചു, പിന്നേം നിര്‍ത്തി ഫോണ്‍ വിളിക്കാന്‍, ഇങ്ങനെ രണ്ടു മൂന്നു പ്രാവശ്യം നിര്‍ത്തീതും പോരാ അവന്‍ അതിന്റെയൊക്കെ വെയിറ്റിംഗ് ചാര്‍ജ്ജ് എന്റെന്ന് വാങ്ങി. ഇനി പറ ആരാ മണ്ടന്‍? ചെന്നിട്ടു വേണം അവനെക്കുറിച്ചൊരു പോസ്റ്റിടാന്‍.
കുഞ്ഞീവി: ഇങ്ങള് ബെജാറാവാണ്ട് ഇരിക്കീന്‍ , രണ്ടുര്‍പ്പിയ അധികം കൊടുത്തതിന് ഇനി പോസ്റ്റിട്ടു നാറ്റിക്കണോ? ഇങ്ങള് ഇഞ്ഞ് അത് പതപ്പിക്കണോ?
എന്താ വല്യമ്മായീ ഇങ്ങടെ കയ്യില് ഒരു കര്ലാസു്? പടച്ചോനെ രണ്ടു പൊറത്തും എയുതീട്ടുണ്ടല്ലോ?
വല്യമ്മായി:ഇത് ഞങ്ങടെ ഐ ഡി കാര്‍ഡാ, ദൈവം ഈ പേപ്പറിന്റെ ഇരു വശവും എതുതിത്തന്നതാ, ഇതാണ് ഞങ്ങള്‍.
കുഞ്ഞി:ഇജ്ജ് ബല്ലാത്തൊരു ബ്ലോഗ്ഗര്‍ തന്നെ, ഇങ്ങള് ഇരിക്കീന്‍, ദോ ആരോ ഓടി ബരുന്നുണ്ട് , ഹല്ലാ അത് നമ്മുടെ ബായക്കൊടനല്ലേ? എന്താണ്ടാ ബായെ ഓടി ബരണത് ,പിന്നാലെ വല്ല നാട്ടുകാരും സമൂഹ ഓട്ടം നടത്തണ്ണ്ടോ? അതോ ഇജ്ജ് വല്ല മിമിക്രീം കാട്ടിയാ?
വാഴ: അല്ല ടീച്ചറെ,അപ്പുറത്തെ വീട്ടിന്റെ ഗേറ്റിമ്മേ സംഗീത ക്ലാസ്സ് എടുക്കുന്നു എന്ന ബോര്‍ഡ് കണ്ടു കേറീതാ. നോക്കുമ്പോ അവിടെ സംഗീത ടീച്ചറുടെ ഡാന്‍സ് ക്ലാസാ. കുറെ അയ്യട ഹാവൂ ടീം. ഞാന്‍ ജീവനും കൊണ്ടു ഓടി വര്വാ..
കുഞ്ഞീവി: എന്താടാ അന്റെ പുറത്തു പതിപ്പിച്ചിരിക്കുന്നതു?
വാഴ: അത് ബ്ലോഗ് 'അഡ് 'പതിച്ചതാ. നാലാള് കണ്ടാ,അവരും 'അഡ് 'പതിച്ചാലോ?
കുഞ്ഞീവി: ഇജ്ജ് വല്ലാണ്ട് അഡ് പതപ്പിക്കാണ്ട് പോയി ഇരിക്കി.പടച്ച റബ്ബേ ആരാ ഈ ബരണത്? നിക്കിന്‍ അബടെ നിക്കീന്‍. ഇതിലിപ്പോ ആരാ പാട്ടു പഠിക്കണത്?
"ടീച്ചര്‍ ക്ഷമിക്കണം, ഇങ്ങോട്ട് പോരുന്ന വഴീലാണ് ഈ മുന്തിയ ഇനം ബ്രീഡ് എന്റെ ശ്രദ്ധയില്‍ പെട്ടത്. ഇത് ചുരുങ്ങിയ കക്ഷം ഛെ പക്ഷം ഒരു ജെര്‍മ്മന്‍ ഷെപ്പേര്‍ഡ് ആയിട്ടെങ്കിലും ഞാന്‍ മാറ്റും. ഇത്തിരി മെനക്കെടണം എന്നേ ഉള്ളൂ. നല്ല ഒന്നാന്തരം ഒരു പോസ്റ്റിനുള്ള വകയാ.
കുഞ്ഞീവി: നായ ഞമ്മക്ക് ഹറാമാ, ഇജ്ജതിനെ ആ മരത്തിമ്മേ കെട്ടിയിട്ടു ഇങ്ങട് കേറി ബാ. അല്ലെങ്കി വല്ല പേയുള്ള ബ്ലോഗ്ഗര്‍മാര്‍ അന്നെ പരേതനാക്കും ഏതു ?
ദീപക്: ശരി ഇത്താ, പട്ടി പറയണ പോലെ ഛെ ടീച്ചറ് പറയണ പോലെ....
കുഞ്ഞീവി: ഔ ന്റെ പഹയാ, അന്നേ എന്തേലും പറയാനും പേടി. ഇജ്ഞാ നായീനെ വിട്ടാ, അത് എന്റെ മയ്യത്താക്കും.പിന്നെ സൂറാനെ ആ സൂത്രന്‍ തട്ടികൊണ്ട് പോകൂല്ലേ...
അപ്പൊ ഞമ്മക്ക് തോടങ്ങുകയല്ലേ? ഇഞ്ഞ് ആരെങ്കിലും ബരാന്നു പറഞ്ഞു പറ്റിച്ചിട്ടുണ്ടോ?
പറഞ്ഞു തീര്‍ന്നില്ല ദേ ഒരുത്തന്‍ കേറി ബരുന്നു.
അല്ല മാനെ ഇജ്ജെന്താ അബടീം ഇബടീമൊക്കെ ബെറുതെ നിന്നു സമയം കളഞ്ഞത്. ഇങ്ങട് ബേഗം ബരണ്ടേ.. ? അനക്ക് പാട്ടു പഠിക്കണ്ടേ?
പഠിച്ചില്ലെങ്കില്‍ ഇവരെനിക്ക് ഇമ്പോസീഷന്‍ തന്നു പഠിപ്പിക്യോ??
"അത് ഇത്താ ഇത് എക്സ്പ്രെസ്സാണെങ്കിലും സകല പോസ്റ്റിലും നിര്‍ത്തണ്ടേ ഇതൊരു തീവണ്ടിയല്ലേ?"
അല്ലെങ്കില്‍ ഈ തള്ള എന്ത് ചെയ്യാനാ..??
കുഞ്ഞീവി: എന്താണ്ടാ ഇജ്ജ് പിറു പിരുക്കുന്നെ? എന്താ അന്റെ പേര്?
"എന്റെ പേര് അരുണ്‍, കായം കുളം കൊച്ചുണ്ണീ എന്ന് എല്ലാരും വിളിക്കും..ഛെ എക്സ്പ്രെസ്സ് എന്ന്.
രണ്ടും ഒന്നു തന്നെ!! ഈ തള്ളയ്ക്കിത് വല്ലതും അറിയോ??
എത്ര തള്ളാര് കാല് തെറ്റി ട്രയിനിനടിയില്‍ വീഴുന്നു.ഈ കാലന്‍ ആനുവല്‍ ലീവിലാണോ ...??
കുഞ്ഞി: അല്ലാ അനക്ക് പാടാനുള്ള വാസനയൊക്കെയുണ്ടോ?
അരുണ്‍: ഗായകന്‍ വിനീതിന് 'ശ്രീനിവാസന' ഉണ്ടെന്നു കരുതി എനിക്കും ആ വാസന ഉണ്ടാകുമോ ??
ഞാന്‍ ക്ലാസ്സില് കവിതയൊക്കെ ചൊല്ലീട്ടുണ്ട്, കേക്കണോ?
"നാട്യപ്രകാരം നഗരം ദരിദ്രം നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം" ഇനി വിശദീകരണം വേണോ?
എന്റെയൊരു കാര്യം, ഞാനാരാ മ്വോന്‍!!
കുഞ്ഞി: പടച്ചോനെ..ഇക്ക് അന്നെ പെരുത്തിസ്ടായി. അനക്ക് എന്നെ ഇഷ്ടായാ?
എനിക്ക് എന്നെ അല്ലെങ്കിലും വലിയ ഇഷ്ടാ !!
വയസ്സായോരെ നന്നങ്ങാടി വെക്കുന്ന പരിപാടി ഇപ്പൊ ഉണ്ടോ ആവോ??
എന്നാ ടീച്ചറെ ഞാന്‍ അങ്ങ് കേറി ഇരിക്കട്ടെ...
കുഞ്ഞി: ഇജ്ജ് പശ്റ്റ് ക്ലാസ്സിലെന്നെ കേറി ഇരിക്കീന്‍. ഇഞ്ഞ് ആരെങ്കിലും ബരാനുണ്ടോ? ന്നാ നമുക്കു തൊടങ്ങല്ലേ? എന്താ ഹരീഷേ?
ഹരീഷ്: തുടങ്ങാം ഇത്താ....
അയ്യോ തുടങ്ങാന്‍ വരട്ടെ......ആള് വരാനുണ്ടേ.......
തുടരും......
Wednesday, June 24, 2009
നര്‍മ്മാസ് മിമിക്സ് പരേഡ് : വേദി ഒന്ന്, തുടരുന്നു......
പാര്‍ളിക്കാട് ബസ്റ്റോപ്പില്‍ ഇറങ്ങി നേരെ റവറ് തോട്ടത്തിലെക്കുള്ള വഴിയേ ലക്ഷ്യമാക്കി ഞാന്‍ റെയില്‍ മുറിച്ചു കടന്നു. ഇണക്കുരുവികള്‍ കിന്നാരം ചൊല്ലി കൊക്കുരുമ്മി ചിണുങ്ങി കുണുങ്ങി പോകുന്ന ആ കാഴ്ച ആവശ്യത്തില്‍ കൂടുതല്‍ വെള്ളം വായിലൂടെ താഴേക്കിറക്കി ആസ്വദിക്കാനെ കഴിഞ്ഞുള്ളു. എങ്കിലും ഒരിക്കല്‍ ഞാനും ചെട്ടന്മാരെപ്പോലെ വളരും വലുതാവും എന്നുള്ള മുദ്രാവാക്യം മനസ്സില്‍ വിളിച്ചു കൊണ്ടു ആ റവര്‍ തോട്ടത്തിലൂടെ ഏന്തി വലിഞ്ഞു നടന്നു.
അപ്പാപ്പന്റെ പെട്ടിക്കടയില്‍ നിന്നും ഒരു നാരങ്ങാ വെള്ളം കുടിക്കണമെന്ന മോഹം ഉണ്ടായെങ്കിലും അവിടെ വെറ്റില മുറുക്കാന്‍ ഓര്‍ഡര്‍ കൊടുത്ത് കാത്തു നില്ക്കുന്ന സീനിയര്‍ ആഷിമോനെയും സുധീറിനെയും കണ്ടപ്പോള്‍ ആ മോഹം ഉപേക്ഷിച്ചു. റഫീക്കിന് വരെ എന്നെ കണ്ടപ്പോള്‍ കൈവെക്കണം എന്ന് തോന്നിയ സ്ഥിതിക്ക് അവര്‍ എപ്പോ തല്ലീ എന്ന് ചോദിച്ചാ മതിയല്ലോ. അവരെ കൂടാതെ പൂച്ചക്കണ്ണുള്ള കൃഷ്ണകുമാറും എന്റെ പേടിസ്വപ്നങ്ങളിലെ സ്ഥിരം വില്ലന്മാരായിരുന്നു.ഇവരോട് അടുത്ത ബന്ധമുള്ള യൂനസിന്റെയും ബന്ധുവായ നജീബിന്റെയും കരുണകടാക്ഷത്താല്‍ അവരുടെ പല ആക്രമണങ്ങളില്‍ നിന്നും ഞാന്‍ രക്ഷ പ്രാപിച്ചിട്ടുണ്ട്. സ്തോത്രം സ്തോത്രം!
കോളനിയിലെ കാര്‍ത്തു കല്യാണത്തിനു പോകാന്‍ മേക്കപ്പിട്ടത് പോലെ കോളേജ് ചെറുതായൊന്നു അലങ്കരിച്ചിട്ടുണ്ട്. ഉല്ലാസേട്ടന്റെ പുസ്തകക്കടയും കോളേജിന്റെ ഗേറ്റും കടന്നു ഞാന്‍ നേരെ വിജയേട്ടന്റെ ചായക്കടയിലേക്ക് കയറിച്ചെന്നു. ഇരുന്നൂറു പേജുള്ള പറ്റുപുസ്തകത്തില്‍ എഴുതി എഴുതി കയ്യക്ഷരം തെളിഞ്ഞ വിജയേട്ടന്‍ ചിന്താമഗ്നനായി ആ പുസ്തകത്തിലേക്ക് നോക്കിയുള്ള ആ ഇരിപ്പ് കണ്ടപ്പോള്‍ അന്ന് വെള്ളപ്പവും മുട്ടക്കറിയും മാത്രം പറ്റിയാല്‍ മതി എന്ന് ഞാന്‍ തീരുമാനിച്ചു. ഒഴിവുള്ള മേശനോക്കി ചെന്നു പെട്ടത് ദോശ മടക്കി മടക്കി അണ്ണാക്കിലേക്ക് തള്ളുന്ന രാജീവിന്റെ മുന്നിലും.
വാഴ: ഡാ നിനക്കു ഒറ്റയ്ക്ക് വന് പറ്റാന്‍ മാത്രം വിജയേട്ടന്‍ ഉദാരവല്‍ക്കരണം തുടങ്ങിയോ?
രാജീവ്: ഞാനൊറ്റയ്ക്കല്ലടാ നസിയുണ്ട് കൂടെ. നീ ഇരിക്ക് ഞാന്‍ ഇന്നലെ ഒരു ഉഗ്രന്‍ പടം കണ്ടെടാ.
വാഴ: മുള്ളൂര്‍ക്കര സി.എം എസ്സില്‍ ഇന്നലെ റിലീസായ "പായും പുലിയല്ലേ"?
രാജീവ്: അതേടാ മോനേ അതില് രജനീകാന്തിന്റെ ഒരു എന്ട്രിസീനുണ്ട് മോനേ,ഹൊ രോമാഞ്ചം വരും.
നസീര്‍: ഡാ വാഴക്കൊട്ടിലെന്താ ദുബായി സമയമാണോ? ഇപ്പൊ നേരം എത്രയായി. ഇത്തിരി നേരത്തെ വന്നാല്‍ ആ പായും പുലിയുടെ കഥ മൊത്തം കേള്‍ക്കായിരുന്നു. എനിക്ക് കേട്ട് കേട്ട് ബോറടിച്ചിട്ട് .അതോണ്ടാ അവന് ദോശ വാങ്ങിക്കൊടുത്തത്. അത്രേം നേരം ഒന്നു മിണ്ടാണ്ടിരിക്കുമല്ലോ.
വാഴ: റഫീം സുഭാഷും ഗോട്ടിയുമൊക്കെ എത്തിയില്ലേ?
നസീര്‍: അവരാ സൈലന്റ് വാലീക്കാണും.
രാജീവ്: ഡാ വാഴേ വേഗം കഴിക്കെടാ, പറ്റൊന്നിച്ചു നസിയുടെ പേരില്‍ എഴുതാം.
നസീര്‍: നക്കിക്കോ നക്കിക്കോ നന്ദീണ്ടായ മതി.
ഒരു ഉളുപ്പിമില്ലാതെ നസിയുടെ പറ്റില്‍ നന്നായി നക്കി ഞങ്ങള്‍ കോളേജിലേക്ക് നീങ്ങി. മെയിന്‍ ബ്ലോക്കിന്റെ ഇടത്തേ അറ്റത്തുള്ള ലൈബ്രറിയുടെ അടുത്ത് എത്തുമ്പോഴേക്കും റഫിയും സുഭാഷും ഗോട്ടിയും അവിടെക്കെത്തി.
ഗോട്ടി: ഡാ ഒരു പ്രസ്നമുണ്ട് , ഞാന്‍ പെണ്ണിന്റെ വേഷത്തിനുള്ള സാരി കൊണ്ടു വരാന്‍ മറന്നു, പകരം ദേ ആ ബിന്ദു ചക്കപ്പറമ്പിലിന്റെ ഷാള് അഴിച്ചു വാങ്ങി.ഇതു പോരെ?
നസീര്‍: അവള്‍ എവിടെ?
ഗോട്ടി: സൈലന്റ് വാലിയില്‍ ഉണ്ട്.
വാഴ: എടാ ഞാനിപ്പോ വരാം.
റഫി: നീയിതെങ്ങോട്ടാ? നമുക്കിത് ഒന്നു കൂടി റിഹേഴ്സല്‍ നോക്കണം.
വാഴ: എടാ ഞാന്‍ ആ ചക്കപ്പറമ്പൊന്നു കണ്ടിട്ട് ഇപ്പൊ വരാടാ ഗെടികളെ..
നസീ: ഡാ നീ ചക്കപ്പറമ്പേ കാണൂ പിന്നെ നിന്നെ ചുമന്നോണ്ട് പള്ളിപ്പറമ്പ് കാണുന്നത് ഞങ്ങളാ.വെറുതെ പണിയുണ്ടാക്കല്ലേ വാഴേ..
വാഴ: കൊല കേടാകുന്ന ഒരു കാര്യത്തിനും ഈ വാഴ ഇല്ലേ..വാ നമുക്കു സ്റ്റേജിന്റെ അടുത്തേക്ക് പോകാം.
ആണുങ്ങളുടെ മൂത്രപ്പുരയിലെക്കും സ്റ്റേജിലെ കാണികള്‍ ഇരിക്കുന്നിടത്തെക്കും ഒരേ വഴിയാണ്. വിശാലമായ പറമ്പിലേക്ക് മുഖം തിരിച്ചു വെച്ചിട്ടുള്ള സ്റ്റേജില്‍ പരിപാടികളൊന്നും ഇല്ലാത്ത ദിവസം കാലികള്‍ മേഞ്ഞു നടക്കുന്നത് ഒരു പതിവു കാഴ്ചയാണ്. സമയം പത്തുമണി കഴിഞ്ഞു . സ്റ്റേജിന്റെ മുന്നിലേക്ക് കുട്ടികള്‍ ഒറ്റയ്ക്കും കൂട്ടമായും വന്നു തുടങ്ങി. സ്റ്റേജില്‍ ആരൊക്കെയോ ലളിത ഗാനം പാടി തകര്‍ക്കുന്നുണ്ട്. ഞങ്ങള്‍ ഊഴം കാത്തു സ്റ്റേജിന്റെ പുറകില്‍ നിന്നു അവസാന വട്ട ചര്‍ച്ചകളിലായിരുന്നു. അപ്പോള്‍ എസ് എഫ് ഐ യുടെ യൂനിറ്റ് പ്രസിഡന്റ്റ് ഞങ്ങളുടെ അടുത്തേക്ക് ഒരു പയ്യനെയുംകൂട്ടി വന്നു.
പ്രസി: ഡാ റഫ്യേ, ഇവനേം നിങ്ങടെ മിമിക്രീല് എടുക്കെടാ. വരുന്ന ഇലക്ഷനില്‍ ആര്‍ട്സ് ക്ലബ് സെക്രട്ടറിയായി മത്സരിക്കുന്ന സഖാവാ.
റഫി: അതിന് പരിപാടിയൊക്കെ ഞങ്ങള്‍ റിഹേഴ്സല്‍ ചെയ്തു സെറ്റാക്കി വെച്ചിരിക്കുകയല്ലേ ഇനി ഇതിന്റെ ഇടയിലോന്നും പറ്റില്ല.
പ്രസി: നീ അത്ര വല്യേ റിസ്കൊന്നും ഈ പ്രായത്തില് എടുക്കണ്ടാടാ, അവനെ ചുമ്മാ പരിചയപ്പെടുത്തുന്ന കൂട്ടത്തില്‍ ഒന്നു പേരു വിളിച്ചാ മതി.കേട്ടോ.
രാജീവ്: എന്നാ പിന്നെ കോടതീലെ മൈസ്രെട്ടിന്റെ മുന്നില് പോയി നിന്നാ പോരെ? അവിടെ പേരു വിളിക്കൊലോ.
പ്രസി: ഡാ മിമിക്രി സ്റ്റേജിമ്മേ മതി.പിന്നെ വയ്കീട്ടു മീറ്റിങ്ങിനു അവടെ കാണണം, എല്ലാരോടും കൂടിയാ കേട്ടോടാ മിമിക്രി മക്കളെ.
ഗോട്ടി: ഹൊ അത് കേട്ടപ്പോ ആശ്വാസമായില്ലേ, വെറുതെ നൂറ്റിപ്പത്ത് കെവി ലൈനില് എര്‍ത്തിട്ടപോലെയായി!
റഫി: അത് സാരല്യ,അതെല്ലാം മറന്നേക്കൂ, നമുക്കു പരിചയപ്പെടുത്തല് കഴിഞ്ഞാ, ആടിന്റെ സ്കിറ്റ് ആദ്യം എടുക്കാം.
സുഭാഷ്:ഡാ എനിക്ക് വെള്ളം കുടിക്കാന്‍ ഇടയ്ക്കിടയ്ക്ക് ദാഹിക്കുന്നുണ്ടെടാ , ടെന്‍ഷന്‍ കാരണമാവോ?
ഗോട്ടി: ഏയ് അങ്ങിനെയാണെങ്കില്‍ എനിക്ക് ദാഹിക്കില്ലെ?
വാഴ: ഡാ കംബ്ലീറ്റു കളേഴ്സും എത്തീട്ടോ.ഞാന്‍ കേറി ഒരു പാട്ടു പാടിയാലോ? എനിക്ക് കൊതിയായിട്ട് പാടില്ലെടാ.
നസീര്‍: അത്യാവശ്യം തെറ്റില്ലാത്ത കൂവല് കിട്ടാനുള്ള നമ്പറൊക്കെ നീ മിമിക്സില് അവതരിപ്പിക്കുന്നില്ലേ? അത് പോരെ? ഇനി ബോണസും വേണോ?
റഫി: ഡാ പാട്വേ പാടാണ്ടിരിക്യെ എന്ത് പണ്ടാരമെങ്കിലും ആയിക്കോ ഈ മിമിക്സ് പരേഡ് ഒന്ന് കഴിഞ്ഞോട്ടെ. പെട്ടെന്ന് നിന്റെ നമ്പറൊക്കെ പഠിച്ചുഅവതരിപ്പിക്കാന്‍ ഒരാളെ ഈ നേരത്ത് തപ്പാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ട്.
രാജീവ്: ഇങ്ങനെ മൈക്കും സ്റ്റേജും കണ്ടാ കെട്ടിമറീണ ടീമിനെ എന്റെ ജന്മ്മത്തില് കണ്ടിട്ടില്ലാ ദേവ്യേ...
വാഴ: വേണ്ടെങ്കി വേണ്ടാ. ഒരു ഗായകനെ തളര്‍ത്താന്‍ ആര്‍ക്കും പറ്റും.ഞാന്‍ വല്ല കല്യാണ വീട്ടിലും പാടി തെളിഞ്ഞോളാടാ ഗ്രാസുകളെ..
ഗോട്ടി: ഡാ വാഴേ നീ സീലിങ്ങടിക്കാതെ നല്ല കട്ടകളുള്ള പാടത്ത് സ്റ്റേജ് കെട്ടി നിനക്കു പാടാന്‍ ഞാന്‍ അവസരം ഉണ്ടാക്കിത്തരാം എന്താ പോരെ?
വാഴ: ഡാ ഊതല്ലേ, ഇന്നത്തെ കണി ശരിയല്ലാ. ഡാ കെ എസ്യൂ നേതാവല്ലേ ഒരുത്തനുമായി വരുന്നതു ഇനി അവനേം പേരു വിളിക്കേണ്ടി വരുമോ?
ഡാ റഫീക്കെ, ഇവനെ നിങ്ങടെ മിമിക്രി ട്രൂപ്പിലെ അങ്കമായി പരിചയപ്പെടുത്തണം.
വാഴ: അടുത്ത ഇലക്ഷന് ആര്‍ട്സ് ക്ലബ് സെക്രട്ടറി സ്ഥാനാര്‍ത്ഥിയാകും അല്ലെ?
നീയേതാടാ, നീ ഫസ്റ്റ് ഇയറല്ലേ?ഏ ബേച്ചാ?
വാഴ: ഏ ബേച്ചാ.
കളിയക്കുന്നോടാ, ഏതാടാ നിന്റെ ബേച്ച്?
വാഴ: അതാ പറഞ്ഞതു 'ഏ' ബാച്ചിലാന്നു.
നിന്നെ ഞാന്‍ പിന്നെ എടുത്തോളാം, ഡാ ഇവനെ അപ്പൊ പറഞ്ഞ പോലെ പരിചയപ്പെടുത്ത് മനസ്സിലായില്ലേ?
റഫി: അത് ചെയ്യാം അതൊന്നും ഒരു വിഷയമല്ല, അപ്പൊ ശരി.
രാജീവ്: ഡാ വാഴേ നീ 'എഫ്' ബാച്ചല്ലേ?
വാഴ: എടാ നമ്മള്‍ ഇപ്പോഴും ബുദ്ധിപരമായി കാര്യങ്ങള്‍ നീക്കണം.ഇനി അവനെങ്ങാന്‍ ഒരു പത്തു മണിക്ക് എന്നെ തല്ലാന്‍ വേണ്ടി ആളെകൂട്ടി 'എ' ബാച്ചില്‍ വന്നെന്നിരിക്കട്ടെ. എനിക്ക് ഒരു പത്തെ അന്ചിനുള്ളില്‍ അടി കിട്ടില്ലേ? ഇതിപ്പോ അവന്‍ അന്വേഷിച്ചു പിടിച്ച് 'എഫ് ' ബാച്ചിലെത്തുമ്പോള്‍ ഒരു പതിനൊന്നു മണിയെങ്കിലും ആവില്ലേ? അപ്പൊ കിട്ടുന്നതും ഇത്തിരി ലേറ്റാവുമല്ലോ? എങ്ങിനെയുണ്ട് എന്റെ ബുദ്ധി?
സുഭാഷ്: ബെസ്റ്റ് , ഡാ നീയാ സൂവോളാജി ലാബിന്റെ പരിസരത്തു കൂടി പോകണ്ടാ ട്ടോ. വളര്‍ച്ച മുരടിച്ച ഒരു തലച്ചോറ് അന്വേഷിച്ച് അവര്‍ക്കിതുവരെ കിട്ടീട്ടില്ല. പറഞ്ഞേക്കാം.
വാഴ:ഡാ ഈ തമാശ നീ സ്റ്റേജില്‍ പറഞ്ഞാ ജോഡി ഒപ്പിച്ചെങ്കിലും ആളുകള്‍ എറിഞ്ഞേനെ.
നാസി: വാ അടുത്തത് നമ്മുടെ മിമിക്സാ, സ്റ്റേജിലേക്ക് വാ.
ഗോട്ടി: ഡാ ആകെ അഞ്ചു മൈക്കെയുള്ളൂ , നമ്മളാണെങ്കില്‍ എട്ടുപേരും. എനിക്കൊരു മൈക്ക് വേണം, ഒറ്റയ്ക്ക്.
നസീര്‍: കാക്ക കരയുന്ന ശബ്ദം എടുക്കുമ്പോള്‍ മൈക്കില്ലെങ്കില്‍ ശരിയാവില്ലാട്ടോ, പിന്നെ ശബ്ദം കൊളമായാ എന്നെ കുറ്റം പറയല്ലേ...
റഫി: അതൊക്കെ അഡ്‌ജസ്റ്റ് ചെയ്യടാ. എല്ലാവരും ഒന്നു നിരന്നു നിന്നേ.
വാഴ; അല്ല റഫ്യേ നമ്മക്കിത് വല്ല മിമിക്സ് ചങ്ങലാന്നോ മിമിക്സ് മതിലെന്നോ പേരു മാറ്റണോ? സ്റ്റേജു നിറച്ചും മിമിക്രിക്കാരല്ലേ.
രാജീവ്: അതുപരിചയപ്പെടുത്തുന്നത് വരെയല്ലെയുള്ളൂ. അത് കഴിഞ്ഞാ സോള്‍വാകില്ലേ?
റഫി: അപ്പൊ നോക്കാം എല്ലാരും റെഡിയല്ലേ? വാഴേ...രാജീവേ,മ്യൂസിക് ..കര്‍ട്ടന്‍ പൊക്കുവാണേ...
കര്‍ട്ടന്‍ പൊങ്ങി സ്റ്റേജു നിറയെ മിമിക്രിക്കരുമായി ഞങ്ങളുടെ കന്നി പരിപാടിയുടെ പരിചയപ്പെടുത്തല്‍ വരെ ഭംഗിയായി കഴിഞ്ഞു . ആദ്യത്തെ സ്കിറ്റ് റഫീക്ക് അനൌന്‍സ് ചെയ്തു.
റഫി: കൂട്ടുകാരെ, മൃഗങ്ങള്‍ സംസാരിക്കുന്നുണ്ടെങ്കിലും നമുക്കത് മനസ്സിലാകാറില്ല. എന്നാല്‍ ഇതാ ഇവിടെ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ആടിനെയാണ് ഞങ്ങള്‍ ആദ്യം അവതരിപ്പിക്കുന്നത്. അതെ ഇംഗ്ലീഷ് സംസാരിക്കുന്ന ആട്.
സ്റ്റേജില്‍ മൈക്ക് സെറ്റ് ചെയ്തു.ആടായി വാഴ മുട്ടുകാലില്‍ നിന്നു,ആടിന്റെ ഉടമസ്ഥനായി റഫീക്കും. ചോദ്യങ്ങള്‍ ചോദിക്കുന്ന ആളായി രാജീവും കൂടി നിന്നു സ്കിറ്റ് ആരംഭിച്ചു...
രാജീവ്: അപ്പോള്‍ നിങ്ങളാണോ ഇംഗ്ലീഷ് സംസാരിക്കുന്ന ആടിന്റെ ഓണര്‍?
റഫി: ഓണറ് ഇന്റെ കേട്യോള് ബിയ്യാത്തു ആണ്. ഞമ്മള് ഇതിനെ മേരേജു ചെയ്യുന്നു ന്നു മാത്രം.
രാജീവ്: എന്ത് ചെയ്യുന്നു?
റഫി: ബല്യ കളസ്രൊക്കെ ഇട്ടിട്ട് ഇംഗ്ലീഷ് ഒട്ടും അറിയില്ലാലെ? എന്റെ ആട് വരെ ഇംഗ്ലീഷ് പറയും, കേക്കണോ?
രാജീവ്: ശരി കേക്കട്ടെ. ആട് ഇംഗ്ലീഷ് പാറയെ..
റഫി: ശര്‍ദ്ദിച്ചു കേക്കണം, പിന്നെ കേട്ടില്ലാന്നു പറയരുത്. ഇന്നാ കേട്ടോ, ആടേ..ജനുവരി,ഫിബ്രവരി,മാര്‍ച്ച് ഏപ്രില്‍ കഴിഞ്ഞാല്‍ അടുത്ത മാസം ഇതാ ആടെ?
(വാഴ ഉടനെ 'മേയ്' എന്ന് ആടിന്റെ ശബ്ദത്തില്‍ കരയണം.പക്ഷെ വാഴ വേറെ എവിടെയോ ശ്രദ്ധിക്കുകയായിരുന്നു)
രാജീവ്: എന്താ കോയാക്കാ ഇങ്ങടെ ആട് മിണ്ടുന്നില്ലല്ലോ?
റഫി: അത് രാവിലെ ഇത്തിരി ജലദോഷം ഇണ്ടായിരുന്നു അതിന്റെയാ...
ദാ കേട്ടോ, ഏപ്രില്‍ കഴിഞ്ഞാല്‍ അടുത്ത മാസം ഇതാ ആടേ? എന്ന് ചോദിച്ചതും റഫി കുനിഞ്ഞു നില്ക്കുന്ന വാഴയെ ഒരു ചവിട്ടു കൊടുത്തതും ഒപ്പമായിരുന്നു.
വാഴ: "മ്മേയ്"
റഫി: കേട്ടാ അടുത്ത മാസം മേയ് ആണെന്ന്.
ചവിട്ടുകൊണ്ട വാഴയുടെ പ്രകടനം കൂടിയായപ്പോള്‍ നമ്പര്‍ ഏറ്റു.എല്ലാവരും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. നന്ദി പറഞ്ഞു കൊണ്ടു രാജീവ് അടുത്ത പരിപാടി അനൌന്‍സ് ചെയ്യാന്‍ തുടങ്ങി,ഞങ്ങള്‍ സൈഡ് കര്‍ട്ടന്റെ പിന്നിലേക്കു മാറി നിന്നു.
റഫി: ഡാ വാഴേ നീയെന്താ ആദ്യം ചോദിച്ചപ്പോള്‍ മിണ്ടാണ്ട് നിന്നത്? ഞാനാകെ പേടിച്ചു പോയി.
വാഴ: നസീ ഞാന്‍ കണ്ടെടാ?
സുഭാഷ് : എന്ത് ആനമൊട്ട കണ്ടെന്നാ?
വാഴ: എടാ രണ്ടാമത്തെ നിരയില് നമ്മുടെ ബിന്ദു ചക്കപ്പറമ്പില്‍ നില്‍ക്കുന്നെടാ..ഞാന്‍ ആ ചക്കപ്പറമ്പൊന്നു നോക്കിപ്പോയതാടാ...ഇപ്രാവശ്യത്തേക്ക് ക്ഷമീ..
നസി:കോലുംമ്മേ തുണി ചുറ്റിക്കണ്ടാലും വെറുതെ വിടരുത് കേട്ടോ
ഗോട്ടി: അതേയ് അടുത്ത സ്കിറ്റ് ഞാന്‍ പെണ്ണായി വേഷമിട്ടോണ്ട് വരുന്നതാ...വാഴേ പ്ലീസ് എന്നെ ഒഴിവാക്കണേ......
ഒരു ഇടവേളയ്ക്കു ശേഷം തുടരും.........
ഒന്നാം ഭാഗം ഇവിടെ വായിക്കാം.
Wednesday, June 17, 2009
നര്‍മ്മാസ് മിമിക്സ് പരേഡ് : വേദി ഒന്ന്
ഒരു മിമിക്സ് പരേഡിന്റെ പിന്നിലുള്ള രസകരങ്ങളായ കുറെ
സംഭവങ്ങളാണ് ഇവിടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്!
പ്രി ഡിഗ്രീ അത്ര മോശമുള്ള ഡിഗ്രിയെയല്ല എന്ന് സില്‍മാ നടന്‍ ശ്രീനി പറഞ്ഞ അന്ന് മുതലുള്ള ഒരാഗ്രഹമായിരുന്നു പ്രീ ഡിഗ്രീ പഠിക്കണം പ്രി ഡിഗ്രി പഠിക്കണം എന്നാ ആഗ്രഹം. അല്ലെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടമുള്ള വാസന ശ്രീനിവാസനാ.അങ്ങേരു ഒരു കാര്യം പറഞ്ഞാ ചെയ്യാണ്ടിരിക്കാന്‍ പറ്റുമോ. അങ്ങിനെ പ്രി ഡിഗ്രി പഠിക്കണം എന്നാ ആഗ്രഹവുമായിട്ടാണ് ഞാന്‍ വ്യാസാ കോളേജെന്ന മനോഹരമായ കാമ്പസ്സില്‍ എത്തിച്ചേര്‍ന്നത്. ബസ്സിറങ്ങി ഒരൊന്നൊന്നര കിലോമീറ്റര്‍ റവര്‍ തോട്ടത്തിലൂടെ നടക്കണം. ആദ്യ ഒന്ന് രണ്ടു ദിവസമാണ് ദൂരം ഒന്നര കിലോമീറ്ററോളം ഉണ്ടെന്നു തോന്നിയത്, പിന്നെ അതൊരു രണ്ടു മൂന്നു കിലോമീറ്റരെങ്കിലും ഉണ്ടായില്ലല്ലോ എന്നായിരുന്നു വിഷമം, ആ യാത്രയുടെ രസകരമായ കഥകള്‍ പിന്നീട് പറയാം. സത്യമായും കൊതിപ്പിച്ചതല്ല.
ഈ പറഞ്ഞ വ്യാസാ കോളേജില്‍ എന്റെ സീനിയറായി നേരത്തെ ഈ വഴികളൊക്കെ ആര്‍മാദിച്ചു നടക്കാറുള്ളവരായിരുന്നു "റഫീക്ക്,നസീര്‍,ഗോവിന്ദന്‍ കുട്ടി, രാജീവ്, സുഭാഷ്". അത്യാവശ്യം ചില ചുറ്റിക്കളികളും, തമാശ എന്താന്നു അറിയാതെ കോണ്‍വെന്റുകളിലെ സിസ്റ്റര്‍ പെട്രീഷ്യയും, സിസ്റ്റര്‍ പെട്രോളിയം ജെല്ലിയുമൊക്കെ പഠിപ്പിച്ചു പരുവക്കെടാക്കി വിട്ട ജൂനിയര്‍ പെണ്‍കുട്ടികളെ പുതിയ പുതിയ തമാശകള്‍ പറഞ്ഞു ആനന്ദ സാഗരത്തില്‍ ആറാടിക്കുകയും പിന്നെ എഴാടിക്കുകയും, ചില മനസ്സിലാകാത്ത തമാശകള്‍ പേപ്പറില്‍ എഴുതിക്കൊടുക്കുകയും, പല പെണ്‍കുട്ടികളോടും കോളേജില്‍ ഒരു മിമിക്സ് ട്രൂപ്പിന്റെ ആവശ്യകതയെ കുറിച്ച് വാ തോരാതെ സംസാരിക്കുകയും ചെയ്യുമായിരുന്ന ഈ കൂട്ടത്തിലേക്കാണ് ഞാന്‍ ഒരു നിയോഗം പോലെ എത്തിപ്പെടുന്നത്. ഒരു കാലന്‍ കുടയും ഒരു സാഹിത്യ സഞ്ചിയും പിന്നെ ഓട്ടൊറിക്ഷക്ക് ബസ്സിന്റെ ചില്ല് വെച്ചപോലെ മൂക്കത്തൊരു കണ്ണടയും വെച്ച് വരുന്ന ഞാന്‍ എന്നാ പരിഷ്കാരിയെ ആദ്യ നോട്ടത്തില്‍ കണ്ടപ്പോള്‍ തന്നെ അവര്‍ക്ക് ഒന്നു കൈവെക്കണം എന്ന് തോന്നിയതാത്രേ, ദുഷ്ടന്മാര്‍. എന്തോ നല്ലകാലം കൊണ്ടു തല്ലില്‍ നിന്നും ഒഴിവായി.
അത്യാവശ്യം പെണ്‍ പിള്ളാരെ വളക്കാനുള്ള നമ്പരുകള്‍ സ്വന്തമായി വികസിപ്പിചെടുത്തതിന്റെ പേറ്റന്റ്റ് കൈവശമുള്ള ഞാന്‍ സീനിയര്‍ ചേട്ടന്മാര്‍ കാണാതെ നമ്പരുകള്‍ ഇടാന്‍ തുടങ്ങി. കോളേജിന്റെ മെയിന്‍ ബ്ലോക്കിന്റെ തൂണുകളുടെ പിറകില്‍ എന്റെ തമാശ കേള്‍ക്കാനും പെണ്‍കുട്ടികള്‍ കൂട്ടമായി എത്താന്‍ തുടങ്ങിയപ്പോഴാണ് അവര്‍ എന്റെ വര്‍ദ്ധിച്ച പിന്തുണ മനസ്സിലാക്കുകയും,എന്ത് കൊണ്ടും അവരുടെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ കഴിയുന്ന യോഗ്യതകള്‍ ഉണ്ടെന്നു മനസ്സിലാക്കിയുമാണ് ഒരു സമാധാന ഉടമ്പടിക്ക് അവര്‍ തയ്യാറായത്.മിക്കവാറും ദിവസങ്ങളില്‍ ഒരു ഇളം നീല ഷര്‍ട്ടിട്ട് എപ്പോഴും, "ഹിസ് മാസ്റ്റെര്‍സ് വോയ്സിലെ" പട്ടിക്കുട്ടി കോളാംബിയിലേക്ക് നോക്കിയിരിക്കുന്നത് പോലെ പെണ്‍കുട്ടികള്‍ നോക്കിയിരിക്കാറുള്ള ഒരു കൊച്ചു പയ്യന്‍, മുഖത്ത് നോക്കിയാല്‍ "വര്‍ക്കി" എന്നൊക്കെ വിളിക്കാവുന്ന ഒരു മുഖഛായയുള്ള ആ താരം റഫീക്കാണ് എന്ന് പിന്നീട് മനസ്സിലാക്കി.ഒരു എതിരാളിയെപ്പോലെ എന്നെ തല്ലണം എന്ന് ആദ്യം ചിന്തയില്‍ തെളിഞ്ഞ അവന്‍ തന്നെ ആദ്യം എന്റെ സുഹൃത്തായി. എന്റെ ഭാഗ്യം. അങ്ങിനെ മിമിക്സ് ട്രൂപ്പിലേക്ക് സംഭാവന നല്‍കാമെന്നും പരിപാടി അവതരിപ്പിക്കാന്‍ എന്റെ കയ്യിലുള്ള നമ്പരുകള്‍ അടക്കം അവര്‍ എന്നെ ട്രൂപ്പിലേക്ക് എടുത്തു. ഏതാണ്ട് എല്ദൊനെ സില്മേല്‍ക്ക് എടുക്കണ പോലെ തന്നെ. അങ്ങിനെ കന്നി പരിപാടി കോളേജില്‍ വെച്ചു തന്നെ അവതരിപ്പിക്കാന്‍ സകലമാന സാറന്മാരുടെ കാലും പിച്ച് അനുമതി വാങ്ങി. മിമിക്സോക്കെ കളിച്ചോളൂ സാറന്മാരെ വല്ലവരെയും അനുകരിക്കുകയോ കളിയാക്കുകയോ ചെയ്യാന്‍ പാടില്ല എന്നാണു ഏകകണ്ഠമായി സാറന്മാര്‍ വെച്ച നിബന്ധന. എല്ലാം സമ്മതിച്ചു ഞങ്ങള്‍ റിഹേഴ്സലിനുള്ള ഒരുക്കങ്ങല്‍ക്കായുള്ള പദ്ധതികള്‍ തയ്യാറാക്കി.
ഒരു ഞായറാഴ്ച ഞങ്ങള്‍ വടക്കാഞ്ചേരി ബസ് സ്റ്റാന്റില്‍ ഒത്തുകൂടി. അവിടെ നിന്നും ഒരു സ്ഥലം തീരുമാനിച്ചു അങ്ങോട്ട് പോകുകയായിരുന്നു ലക്ഷ്യം.
"നമുക്കു നസിയുടെ വീട്ടില്‍ പോകാം,അവിടെയാകുമ്പോള്‍ നസിയുടെ മമ്മി മാത്രമല്ലേയുള്ളൂ. ഉച്ചയ്ക്ക് ഫുഡും അവിടുന്ന് തന്നെയാകാം എന്താ നസീ?" രാജീവാണ് ചോദിച്ചത്.
നസി: അത് ശരിയവില്ലട, തൊട്ടടുത്ത വീട്ടില്‍ ഒരപ്പൂപ്പനുണ്ട് ,സുഖമില്ലാത്തതാ.
റഫി: അതിന് നമ്മള്‍ അപ്പാപ്പന്റെ വീട്ടിലേക്ക് പോകുന്നില്ലല്ലോ. നമ്മള്‍ നിന്റെ വീട്ടില്‍ പ്രാക്ടീസ് ചെയ്യാം.
നസി: അത് ശരിയാവില്ല നമുക്കു വേറെ സ്ഥലം നോക്കാം.
ഗോട്ടി: എടാ ഞാന്‍ സ്പെസല്‍ ക്ലാസ്സ് ഉണ്ടെന്നു പറഞ്ഞു പോന്നതാ ഒരു തീരുമാനം പറ.
വാഴ: എന്ത് ക്ലാസ്സ് ?
ഗോട്ടി: ഡാ ഊതരുത്. "സാ" എന്ന് പറയുമ്പോള്‍ എനിക്ക് കാറ്റു ഇത്തിരി കൂടുതല്‍ പോകും നീ അത് വെച്ചു ഊതണ്ടാ, നീ ചിന്നപ്പയ്യന്‍, ശിശു കേട്ടാ...
വാഴ: ഈ ചേട്ടന്റെ ഒരു കാര്യം, ഞായറാഴ്ച ക്ലാസ്സ് ഉണ്ടെന്നു പറഞ്ഞപ്പോള്‍ വിശ്വസിച്ച നിന്റെ അമ്മയെ ഓര്‍ത്ത് ചോയിച്ചതാ,തെറ്റിധരിച്ചു അല്ലെ?
സുഭാഷ്: ഡാ നിങ്ങളൊരു സ്ഥലം പറ ഇതു കഴിഞ്ഞിട്ട് എനിക്ക് ചിറ്റാട്ടുകരയ്ക്ക് പോകണം ഇഷ്ടാ. ഡാ നസീ നിന്റെ വീട്ടിലിക്ക് തന്നെ പോകാടാ.
നസീ: എടാ ആ അപ്പാപ്പന്‍ ഏതോ മിമിക്രി കണ്ടു വട്ടായി ഇരിക്കുന്നതാ ഇനി നിന്റെയൊക്കെ മിമിക്രി കേട്ടാല്‍ വീട്ടിന്നു ഇറങ്ങി ഓടും! പിന്നെ നമുക്കു അയാളുടെ പിന്നാലെ ഓടാനെ നേരം കാണൂ അതോണ്ടാടാ ഗ്രാസ്സുകളെ...ഫുഡ് ഞാന്‍ മമ്മിയോടു പറഞ്ഞു ശരിയാക്കി തരാം.
നസീര്‍ നയം വ്യക്തമാക്കി. അങ്ങിനെ ആ ചര്‍ച്ചയും വഴിമുട്ടി. റഫിക്കറിയാവുന്ന സ്ഥലങ്ങള്‍ അവന്‍ ഓരോന്നോരോന്നായി പറഞ്ഞു, ശവക്കോട്ട, സെമിത്തേരി, ബോയ്സ് സ്കൂള്‍ ഗ്രൌണ്ട്, ഗേള്‍സ് സ്കൂളിന്റെ മൂത്രപ്പുര...
നസി:ഗേള്‍സ് സ്കൂളിന്റെ മുന്നില് അല്ലാന്ടെന്നെ വട്ടം കറങ്ങീട്ടു നാട്ടുകാരുടെ നോട്ടപ്പുള്ളികളാ, ആ വഴിക്കൊന്നും പോകാന്‍ പറ്റില്ല. നമുക്കാ പഴയ ടാങ്കിന്റെ മുകളില്‍ കേറാം. മദ്രസയുടെ പിന്നിലെ കുന്നിന്റെ മുകളിലെ വാട്ടര്‍ ടാങ്കിന്റെ മുകളില്‍.
വാഴ: നല്ല ബെസ്റ്റ് സ്ഥലം.
രാജീവ്: ടാങ്കെങ്കില്‍ ടാങ്ക് , ഉച്ചയ്ക്ക് കിടിലന്‍ ഫുഡ് വേണം.
റഫി: എന്നാല്‍ പിന്നെ ഫുഡ് അടിച്ചിട്ട് കേറാം.പിന്നെ റിഹേഴ്സല്‍ കഴിഞ്ഞു ഇറങ്ങിയാ മതിയല്ലോ.
നസി: നിങ്ങ ഫുഡ് അടിക്കാന്‍ വന്നതോ അതോ റിഹേഴ്സലിനു വന്നതോ? കോളേജിലാ ആദ്യ പരിപാടി, ചീമുട്ടയും തക്കാളിയും ചീറിപ്പാഞ്ഞു വരുമ്പോള്‍ അത് തടുക്കാനുള്ള ഒരു പ്രാക്ടീസായി ഇതിനെ കാണരുത്. ആദ്യം പരിപാടിയെക്കുറിച്ച് ഒരു ധാരനയുണ്ടാക്ക്.എന്നിട്ടാകാം ഫുഡ് അടി.
അങ്ങിനെ എല്ലാവരും കാര്യ ഗൌരവമായി ചര്‍ച്ചകള്‍ തുടങ്ങി.നസിയുടെ വീട്ടിലെ കോലായില്‍ ഡിസ്കഷന്‍ പൊടിപൊടിച്ചു. അടുപ്പത്ത് സാമ്പാര്‍ മിമിക്രിക്കാര്‍ക്ക് വേണ്ടി തിളച്ചു. ഫുഡ് റെഡിയായി എന്നാ സന്തോഷ വാര്‍ത്ത വരുന്നത് വരെ മിമിക്സ് ഒഴികെയുള്ള എല്ലാ കാര്യങ്ങളും ധാരണയായി. പല ലൈനുകളുടെയും ഷോക്ക് സാധ്യതകളും, പുതിയ ലൈന്‍ സാധ്യതകളും എന്ന് വേണ്ട കോളേജിലെ ഓരോ തൂണിന്റെ മറവിലും ഓരോ ലൈന്‍ എന്ന പദ്ധതിക്കുള്ള രൂപ രേഖ വരെ ഉണ്ടാക്കി. ടോപ്പിക്കിന്റെ രസത്തില്‍ എല്ലാവരും മിമിക്സ് മറന്നു.
അങ്ങിനെ സമൃദ്ധമായ ഫുഡ് അടി കഴിഞ്ഞു ഞങ്ങള്‍ കുന്നിന്റെ മുകളിലേക്ക് യാത്രയായി. കുത്തനെയുള്ള കയറ്റം ഞാനും ആദ്യമായാണ് കുറെ മിമിക്രിക്കാരോടൊപ്പം കേറുന്നത്. കയറ്റത്തിനിടയില്‍ ചില അപ ശബ്ദങ്ങള്‍ കേട്ടത് മിമിക്രി പ്രാക്ടീസാനെന്നു കരുതിയ എനിക്ക് തെറ്റി, മിമിക്രിക്കാര്‍ വായകൊണ്ട് മാത്രമല്ല ശബ്ദമുണ്ടാക്കുന്നത് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു . അങ്ങിനെ ഞങ്ങള്‍ വിശാലമായ ആ ടാങ്കിന്റെ മുകളില്‍ എത്തി. പട്ടി കിതയ്ക്കുന്ന പോലെ കിതച്ച എല്ലാവരും ആദ്യത്തെ അര മണിക്കൂര്‍ റസ്റ്റ് എടുത്തു. അല്ലെങ്കിലും ഈ മിമിക്രിക്കാര്‍ ഇത്തിരി സമയം കിട്ടിയാല്‍ റസ്റ്റ് എടുക്കും.
രാജീവ്: നമുക്കു ആദ്യം എന്താ ചെയ്യേണ്ടത്?
വാഴ: നമുക്കല്ല നീയാദ്യം പോയി വയറു ശുദ്ധിയാക്ക്.
രാജീവ്: ഡാ വേണ്ടാ..അതല്ല പരിപാടിക്ക് ആദ്യം എന്താ ചെയ്യേണ്ടതെന്ന്?
വാഴ: ആദ്യം കര്‍ട്ടന്‍ പൊക്കണം
രാജീവ്: ഡാ നിനക്കു പറ്റുന്ന പണിയല്ല ചോദിച്ചത്. നമ്മള്‍ കര്‍ട്ടന്‍ പൊങ്ങുമ്പോള്‍ മുസിക് ഇടണം കര്‍ട്ടന്‍ മ്യൂസിക്.
വാഴ: അത് ഞാനിടാം, കര കരാ കര കരാ കരാ കരാ.....
റഫി: ഡാ വാഴേ തമാശിക്കല്ലേ, രാജീവേ നിന്റെയാ ഫെവരൈറ്റ് മ്യൂസിക് ഇട് ഞങ്ങള്‍ സപ്പോര്ട്ട് ചെയ്യാം. ഓക്കേ. അതിന് ശേഷം നമ്മള്‍ പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തി, ജീവന്റെ തുടിപ്പുകള്‍ ഭൂമിയില്‍ ഉണ്ടായത് അങ്ങിനെ കേരളത്തിലെ നാടന്‍ കലകളിലൂടെയും മത സൌഹാര്ദ്ദത്തിലൂടെയും കൂട്ടിയിണക്കി ഒരു സാധനം വേണം അത് കഴിഞ്ഞിട്ട് മതി സ്കിറ്റുകള്‍..
രാജീവ്: ശരി.എന്നാല്‍ നോക്കാം, ആദിയില്‍ ഭൂമിയുണ്ടായി..
വാഴ: പിന്നെ ദൈവത്തിനു ആദി പിടിച്ചല്ലേ ഭൂമിയുണ്ടായത് എടാ അത് വേറെ എന്തോ ആണ് ഉണ്ടായത്.
ഗോട്ടി: അതെ ആദിയില്‍ വാഴയുണ്ടായി ഒന്നു പോടാപ്പാ.
സുഭാഷ്: എടാ അവന്‍ പറഞ്ഞതിലും കാര്യമുണ്ട് ആദിയില്‍ വചനമുണ്ടായി എന്ന് ചിറ്റാട്ടുകരയിലെ പിള്ളേര് ഒരു പരിപാടിയില്‍ അവതരിപ്പിച്ചത് ഞാന്‍ കേട്ടിട്ടുണ്ട്.
നസി: ആ വര്‍ഗ്ഗീസേട്ടനോട് ചോദിച്ചാ മതിയായിരുന്നു ആദിയില്‍ എന്താ ഉണ്ടായതെന്ന്.
വാഴ: വര്‍ഗീസേട്ടനല്ലേ, അയാള്‍ക്ക് മൂത്തത് രണ്ടും പെണ്‍ കുട്ടികളായപ്പോള്‍ ആദിപിടിച്ച് മൂന്നാമതും ഉണ്ടായത് പെണ്ണാ, അത് ചോദിക്കാനൊന്നും ഇല്ല..
അല്‍പ്പ നേരം നിശ്ശബ്ദത.എല്ലാവരും ഈര്‍ഷ്യയോടെ എന്നെ നോക്കി. സംഗതി പന്തിയല്ലാ എന്ന് എനിക്കും മനസ്സിലായി.
"ഓക്കേ. ഞാന്‍ മിണ്ടുന്നില്ല. ഞാന്‍ നന്നായിക്കോളാം. നമുക്കു പരിപാടിയിലേക്ക് കടക്കാം"
റഫി: ഭൂമി ഉണ്ടായി എന്ന് പറയുമ്പോള്‍ രാജീവ് ഘന ഗംഭീര ശബ്ദത്തില് നിന്റെ ആ നമ്പര്‍ ഇടണം, പിന്നെ പക്ഷി മൃഗാതികളുടെ ശബ്ദം, നസി നിനക്കു ഏതൊക്കെ പക്ഷികളുടെ ശബ്ദം അനുകരിക്കാന്‍ പറ്റും?
നസീ: കാക്ക എടുക്കാം, പിന്നെ വേറെ മറ്റൊരു കാക്ക.
റഫി: ഒന്നെടുത്തെ കാണട്ടെ..
നസി: ക്വാ ക്വാ
സുഭാഷ്; നീയെന്താ ബലിയിട്ടു കാക്കയെ വിളിക്കുന്ന പോലെ എടാ കാക്കയുടെ സൌണ്ട് വരട്ടെ.
നസി: ഹ്രാ ഹ്രാ
വാഴ: എടാ ഇതിലും ഭേതം നീയാ കോടതിയുടെ മുന്നിലെ കാക്കയുടെ ശബ്ദം എടുക്കുന്നതാ, അതാകുമ്പോ വൃത്തീല് നാല് തെറി പറയാന്‍ പഠിച്ചാ മതിയല്ലോ..
റഫി: ഡാ വാഴേ, നിനക്കു വല്ല ശബ്ദവും അറിയുമോ?
വാഴ: നേരത്തെ കുന്നു കേറുമ്പോള്‍ ഉണ്ടാക്കിയ ശബ്ദം മതിയോ? പക്ഷികളുടെ ശബ്ദമൊന്നും എന്റെ ഐറ്റം അല്ല.
രാജീവ്: പിന്നെ ഏതാടാ നിന്റെ ഐറ്റം?
വാഴ: സില്‍മാ നടന്മാരുടെ പട്ടി കുരക്കുന്നത്, സില്‍മാ നടന്മാരുടെ അമ്മ കരയുന്നത്,തുടങ്ങിയതൊക്കെ അനുകരിക്കും, പിന്നെ വേറെ കുറച്ചു നമ്പരുണ്ട്, സമയമാവട്ടെ ഞാന്‍ കാണിക്കാം,
ഗോട്ടി: അതേയ് പക്ഷീടെ ശ്ശ്സബ്ദം എനിക്ക് ബുദ്ധിമുട്ടാ, ചിലപ്പോള്‍ പക്ഷിക്ക് ശ് ശ് എന്ന് എക്കോ വരും.ഞാന്‍ വല്ല സ്കിറ്റിലും പങ്കെടുക്കാം.
സുഭാഷ്: ഞാനും അതുപോലെ ത്തന്നെ വല്ല സ്കിറ്റിലുമൊക്കെ നിന്നോളാം.നിങ്ങളൊന്നു വേഗം നോക്കിയേ എനിക്ക് ചിറ്റാട്ടുകരയ്ക്ക് പോകാനുള്ളതാ.
റഫി: അപ്പൊ നമുക്കു ഇനി സുപ്രഭാതം അവതരിപ്പിക്കാം, 'കൌസല്യാ സുപ്രഭാ' ഫീമെയില്‍ ശബ്ദത്തില്‍ രാജീവ് എടുക്കൂ, വാഴക്കോടന്‍ ബാങ്ക് വിളിക്കട്ടെ,ഞാന്‍ നരേഷന്‍ കൊടുക്കാം..പിന്നെ പള്ളി മണി ഗോട്ടി അടിക്കില്ലേ?
നസി: ഡാ ഗോട്യെ അതെങ്കിലും ചെയ്യടാ വെറുതെ നിരന്നു നിക്കണതല്ലേ..
ഗോട്ടി: അതേയ് നീ ആകെ ഒരു കാക്കയല്ലേ കരയുന്നുള്ളൂ അതിനിത്രേം ഗമ വേണോ?
റഫി:ഡാ മതി ഇനി നമുക്ക് നേരെ കേരളത്തിലെ നാടന്‍ കലകളിലേക്ക് കടക്കാം..
വാഴ: നാടന്‍ കൊല എന്ന് പറയുമ്പോ പാളയംകോടന്‍, ഞാലിപ്പൂവന്‍ ഇതൊക്കെയല്ലേ..
റഫി: വേറെ ഒന്നുകൂടിയുണ്ട് കാണണാ? ചുമ്മാ എന്നെക്കൊണ്ട് പരയിപ്പിക്കല്ലേ...എടാ കലാ
രാജീവ്: പുള്ളുവന്‍ പാട്ടും, വില്ലടിച്ചാന്‍ പാട്ടും ഞാന്‍ പാടാം,
വാഴ: ഭരണിപ്പാട്ടും പൂരപ്പാട്ടും ഞാന്‍ പാടാം.
സുഭാഷ്: അതേയ് നിങ്ങളിങ്ങനെ തമാശ പറഞ്ഞു നിന്നാ ചിറ്റാട്ട്രക്കുള്ള ബസ്സ് പോകും കേട്ടാ. ഡാ രാജീവേ നീയാ പുള്ളുവപ്പാട്ടൊന്നു എടുത്തെ...റഫീ നീ നരേഷന്‍ കൊടുത്തെ..
റഫി: നഗൂര് പാടുന്ന പുള്ളുവത്തിയുടെ പുള്ളുവപ്പാട്ടിലൂടെ.....
രാജീവ്: "കന്നീ മാസത്തിലെ......ആയില്യം നാളില്...."
റഫി: മലബാറിന്റെ തനതു കലയായ കോല്‍ക്കളിപ്പാട്ടിലൂടെ...
വാഴ: തകൃത തില്ലത്തെയ് താളം.......സുരലോക മണി ഹൂറുന്നിസാനീങ്ങളെ....
സുഖം നല്‍കാന്‍...പുരുഷര്‍ക്കുള്ളോരഹിലീങ്ങളെ......
റഫി: ഓക്കേ.ഇന്ട്രോഡക്ഷന്‍ ഇത്രമതി.അതിനു ശേഷം നമുക്ക് പരിചയപ്പെടുത്താം....പോരെ?
വാഴ: അത് വേണോ? അവസാനം പോരെ?
രാജീവ്: അത് പോരാ, ഞാന്‍ മ്യൂസിക്കിടാം, റഫി ഓരോരുത്തരെയായി പരിചയപ്പെടുത്തൂ...
റഫി: പരിചയപ്പെടുത്തല്‍ കഴിഞ്ഞിട്ട് മതി സ്കിറ്റുകള്‍ എന്താ.
വാഴ: മതിയെന്കി മതി, ഓടേണ്ടി വന്നാല് ആരുടേം പെരുമാറി ഇടികിട്ടി എന്ന് പരാതി ഉണ്ടാവണ്ട.......പരിചയപ്പെടുത്തല്‍ നടക്കട്ടെ!
"നര്‍മ്മാസിനെ പരിചയപ്പെടുന്നതിനു മുന്‍പ് ഒരു ചെറിയ ഇടവേള"
തുടരും........
Sunday, June 7, 2009
സ്നേഹപൂര്‍വ്വം വാഴക്കോടന്‍ അറിയുന്നതിന്ന്, സൌദിയില്‍ നിന്നും....
01/06/2009.
എത്രയും പ്രിയപ്പെട്ട വാഴക്കോടന്‍ അറിയുന്നത്തിന്ന് വേണ്ടി,
സൌദി അറേബ്യയിലെ റിയാദില്‍ നിന്നും അസീസ് എഴുതുന്നത്. താങ്കളുടെ പേരിലല്ലാതെയും പേരോട് കൂടിയുമൊക്കെയായി അന്തപ്പന്റെ കദന കഥ വായിക്കാന്‍ ഇടയായി. ഗള്‍ഫിലെ ജോലിയുടെ പേരും പറഞ്ഞു ഓരോരോ പേരില്‍ ഓരോ കോഴ്സുകള്‍ തട്ടിക്കൂട്ടുകയും അതാണ് അംഗീകാരമുള്ള ഒറിജിനല്‍ കോഴ്സ് എന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി മാദ്ധ്യമങ്ങളെ ഉപയോഗപ്പെടുത്തി പരസ്യങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍, അതിന്റെ നേര്‍ക്കാഴ്ച്ചയിലേക്ക് വെളിച്ചം വീശുന്ന ഒരു കത്തായിരുന്നു അന്തപ്പന്റെത് എന്ന് പറയാതെ വയ്യ. തൊഴിലെടുക്കാന്‍ താല്‍പര്യവും ആരോഗ്യവും ഉള്ളവന് കഷ്ടപ്പെട്ടാണെങ്കിലും ഇവിടെ സമ്പാദിക്കാന്‍ അവസരമുണ്ട്. ഒന്ന് നേടാന്‍ നമ്മള്‍ മറ്റു പലതും നഷ്ടപ്പെടുത്തണമെന്നാണല്ലോ പറയാറ്. ആ നിലയ്ക്ക് നോക്കുമ്പോള്‍ അന്തപ്പന്റെത് തികച്ചും സ്വാഭാവികമായ കാഴ്ചകള്‍ തന്നെയാണ്.
ഞാന്‍ ഈ പുണ്യ ഭൂമിയില്‍ വന്നിട്ട് പന്ത്രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നു.വിവാഹിതനും മൂന്നു പെണ്‍ മക്കളുടെ പിതാവുമാണ്. വിവാഹത്തിനു ശേഷം മൂന്നു തവണയാണ് ഞാന്‍ നാട്ടില്‍ ലീവിന് പോയത്. ദിവസങ്ങളെണ്ണി പറയുകയാണെങ്കില്‍ ഭാര്യയുമൊത്ത് നൂറ്റിത്തൊണ്ണൂറു ദിവസത്തെ ദാമ്പത്യം. കൂടുതല്‍ ദിവസം നാട്ടില്‍ നില്‍ക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. ജോലി പോകും എന്നുള്ള ഭയം. പിന്നീട് കത്തുകളിലും ഫോണുകളിലുമായി ഞങ്ങളുടെ ദാമ്പത്യം മുന്നോട്ടു പോകുന്നു. ചോര്‍ത്തപ്പെടുന്ന ഫോണ്‍ സംഭാഷണങ്ങള്‍, കൃത്യമായി എത്തിച്ചേരാത്ത കത്തുകള്‍. ഒന്‍പതു വര്‍ഷത്തെ ദാമ്പത്യ ജീവിതം കൊണ്ട് ഞാന്‍ എന്താണ് നേടിയത്? ഓരോ ലീവിലും നാട്ടില്‍ പോയപ്പോള്‍ എനിക്ക് പിറന്ന ഓരോ സന്താനങ്ങളോ? പിണക്കങ്ങളും പരിഭവങ്ങളും ദേഷ്യങ്ങളുമെല്ലാം രണ്ടു ധൃവങ്ങളിലിരുന്നു മാത്രം പങ്കുവെക്കാന്‍ വിധിക്കപ്പെട്ടവര്‍. വിരഹത്തിന്റെ നൊമ്പരങ്ങള്‍ ഉള്ളിലൊതുക്കി പ്രതീക്ഷകളോടെ നോന്‍പ് നോറ്റിരിക്കുന്ന എന്റെ ഭാര്യയുടെ ദുഃഖം ഒരു നിമിഷത്തേക്കെങ്കിലും ഒന്നു ചിന്തിച്ചു നോക്കൂ. ഗള്‍ഫുകാരന്റെ ഭാര്യ എന്നും നിറം പിടിച്ച കഥകളിലെ നായികയാണ്. അവള്‍ക്ക് സ്വന്തം ആവശ്യത്തിനു പോലും ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ കഴിയില്ല. വഴിയില്‍ വെച്ചു പരിചയമുള്ള പുരുഷന്മാരോട് മിണ്ടാന്‍ പറ്റില്ല. അങ്ങിനെയെങ്ങാന്‍ സംഭവിച്ചാല്‍ അവളെക്കുറിച്ച് കഥകളായി, കെട്ടിപ്പാട്ടുകളായി, 'അവള്‍ പിശകാണ്' എന്ന കമന്റുകളായി, പുറത്തിറങ്ങാന്‍ പറ്റാത്തത്ര അപവാദങ്ങളായി. ഒരു ഗള്‍ഫ് കാരന്റെ ഭാര്യയാകേണ്ടി വന്നു എന്ന ഒരൊറ്റ തെറ്റേ അവള്‍ ചെയ്തുള്ളൂ. ആര്‍ക്കാണ് ഈ ഗള്‍ഫുകാരന്റെ ഭാര്യമാരുടെ സ്വഭാവ ശുദ്ധിയില്‍ ഇത്ര വേവലാദി? അവരെ ഒരു പ്രത്യേക ചട്ടക്കൂടിലൂടെ നോക്കിക്കാണുന്നത് എന്തിനാണ്?അപവാദത്തിനു ഒന്നോ രണ്ടോ സംഭവങ്ങള്‍ ഉണ്ടായെങ്കില്‍ അതിനെ സാമാന്യവല്‍ക്കരിച്ച് കാണാന്‍ ആര്‍ക്കാണ് ഇത്ര തിടുക്കം?അന്യന്റെ ജീവിതത്തിലേയ്ക്ക് എത്തി നോക്കിയാല്‍ കിട്ടുന്ന ഒരു മാനസിക സംത്യപ്തിയാണോ ഇതിലൂടെ ഉണ്ടാകുന്നത്?അതോ ഇതും നമ്മൂടെ സമൂഹത്തിന്റെ ഒരു മാനസിക വൈകല്യമോ?
ഇത്രയും നാളത്തെ അദ്ധ്വാനത്തിനും സമ്പാദ്യത്തിനും ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ എന്താണ് ഇവയ്ക്കെല്ലാം പകരമായി ഞാന്‍ നേടിയത് എന്ന ചിന്ത എന്നെ വല്ലാതെ അലട്ടുന്നു. ഒരു കൊച്ചു വീടുവെച്ചതിന്റെ കടങ്ങള്‍ ഇപ്പോഴും ബാക്കി. സ്ഥലം വാങ്ങാന്‍ ഭാര്യയുടെ സ്വര്‍ണ്ണം മുഴുവന്‍ ഉരുക്കിത്തൂക്കി വിറ്റു. ഓരോ വര്‍ഷവും ചിലവിനയച്ചതിന്റെ ബാക്കി സ്വരുക്കൂട്ടി വെച്ച്, അതും കൊണ്ട് ഒരു ലീവിന് പോയി വന്നാല്‍ വീണ്ടും കടങ്ങള്‍ ബാക്കിയാവുന്നു.കടം വാങ്ങാന്‍ ഒരു മടിയും ഇല്ലാത്ത എന്നെപ്പോലുള്ളവര്‍ ഗള്‍ഫ് ജോലിയുടെ അഹംഗാരത്തിലാണ് കടം വാങ്ങിക്കൂട്ടുന്നത്. ഗല്‍ഫിലെ ജോലിക്ക് എന്താണ് ഒരു ഗ്യാരണ്ടിയുള്ളത്? ഒരു സുപ്രഭാതത്തില്‍ സ്പോണ്‍സര്‍ വന്ന് ഇന്നുമുതല്‍ നിനക്കിവിടെ പണിയില്ലെന്ന് പറഞ്ഞാല്‍ തീര്‍ന്നു.പിന്നെ സമരം ചെയ്യാനോ കൊടിപിടിക്കാനോ കഴിയില്ല. ഉണ്ടായിരുന്ന ഈ പണി പോയാല്‍ വേറെ എന്ത് പണിയെടുക്കാന്‍ പറ്റും? ആര് വേറെ ജോലി തരും? എങ്ങിനെ ജീവിക്കും? ഒരു പിടിയും ഇല്ല. ഈ ജോലി നാളേയും ഉണ്ടാകുമോ എന്ന് ഒരു ഉറപ്പും ഇല്ല.
ഷുഗറായും പ്രഷറായും കൊളസ്ട്രോളായും ഒരു വശത്ത് നിന്നും ശരീരത്തെ ആക്രമിക്കുമ്പോള്‍ ഉയര്‍ന്ന ചൂടും തണുപ്പ് കാലത്ത് മരം കോച്ചുന്ന തണുപ്പും മറുവശത്ത് സഹിച്ചു കൊണ്ട് നാളുകള്‍ എണ്ണി നീക്കുന്നു.. ഇനിയും എത്ര നാള്‍ ഈ പ്രവാസ ജീവിതം തുടരണം. ഒന്നും നേടാതെ ജീവിതം നഷ്ടപ്പെടുത്തി എന്തിന് വേണ്ടി കഷ്ടപ്പാടുകള്‍ സഹിച്ച് ഇവിടെ നില്‍ക്കുന്നു എന്ന് ചോദിക്കുമ്പോള്‍ ഒന്നേ എനിക്ക് പറയാനുള്ളൂ. നാട്ടിലുള്ള എന്റെ കുടുംബം അല്ലലില്ലാതെ കഴിയുന്നു. അവര്‍ നല്ല ഭക്ഷണം കഴിക്കുന്നു,നല്ല വസ്ത്രം ഉടുക്കുന്നു,പെങ്ങന്മാര്‍ നല്ല നിലയില്‍ കെട്ടിച്ചയക്കപ്പെട്ടിരിക്കുന്നു, അളിയന്മാര്‍ക്ക് വിസയ്ക്ക് പണം കൊടുത്തിരിക്കുന്നു, അങ്ങിനെ ആത്മ സംതൃപ്തി നല്കിയ ബില്ലുകള്‍ നീണ്ടു പോകുന്നു. അത് മാത്രം ബാക്കി. കണക്കു പുസ്തകങ്ങളിലോ കുടുംബ ബന്ധങ്ങളിലോ ഇടം നേടാതെ പോകുന്ന കണക്കുകള്‍.ഒടുവില്‍ പോരായ്മകളുടെയും കുറ്റപ്പെടുത്തലുകളുടെയും ഇല്ലായ്മയുടെയും കഥകള്‍, അപവാദങ്ങള്‍.
നിങ്ങള്‍ സംഘടിപ്പിക്കുന്ന ബ്ലോഗ് മീറ്റുകളില്‍ ഈ പ്രവാസികളെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും ഉണ്ടാവും എന്നും, നിങ്ങളുടെ ഈ കൂട്ടായ്മ അധികാര കേന്ദ്രങ്ങളില്‍ സമ്മര്‍ദം ചെലുത്താനുതകുന്ന ഒരു വലിയ കൂട്ടായ്മയായി വളരട്ടെ എന്നും ആശംസിക്കുന്നു.
സ്നേഹത്തോടെ
സ്വന്തം അസീസ്.
Saturday, June 6, 2009
നിങ്ങള്‍ ആവശ്യപ്പെട്ട മാപ്പിളപ്പാട്ടുകള്‍ അവതരിപ്പിക്കുന്നത് കുഞ്ഞീവി
നമസ്കാരം, 'നിങ്ങള്‍ ആവശ്യപ്പെട്ട മാപ്പിളപ്പാട്ടുകള്‍' എന്ന പരിപാടിയിലേക്ക് ഏവര്‍ക്കും സ്വാഗതം. ഞാന്‍ നൈലാ ഗേളി. ഇന്ന് ഈ പരിപാടിയില്‍ നമ്മോടൊപ്പം ഒരു വിശിഷ്ടാഥിതിയുണ്ട്. ഈവര്‍ഷത്തെ മാപ്പിളപ്പാട്ട് രചയീതാവിനുള്ള അവാര്‍ഡ് നേടിയ ബായക്കോട്ടെ കുഞ്ഞീവിയാണ് ഇന്നുനമ്മോടൊപ്പമുള്ളത്. ഈ പരിപാടിയിലേക്ക് എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി സ്വാഗതം.
നമുക്കു ആദ്യത്തെ കോള്‍ എടുത്ത്, ആരാന്നു നോക്കാം.
ഹലോ നിങ്ങള്‍ ആവശ്യപ്പെട്ട മാപ്പിളപ്പാട്ടുകള്‍ എന്ന പരിപാടിയിലേക്ക് സ്വാഗതം, ആരാണ്?
ഞാന്‍ അമേരിക്കയില്‍ നിന്നും കാപ്പിലാനാണ്.
അവതാരിക : ഓ മൈ ഗോഡ്, ഇന്നു ആദ്യത്തെ കോള്‍ തന്നെ അമേരിക്കയില്‍ നിന്നാണല്ലോ.അങ്കിള്‍സുഖമല്ലേ?
കാപ്പി: സുഖമാണ് മോളെ, മോള്‍ക്കും സുഖമല്ലേ? നിന്റെ തടി കൂടുന്നുണ്ടേ...
അവ: നോട്ടി അങ്കിള്‍...ഇന്ന് നമുക്കൊരു അഥിതിയുണ്ട്, കുഞ്ഞീവി സംസാരിച്ചോളൂ
കുഞ്ഞി: മാനെ കാപ്പിലാനെ ഞാന്‍ കുഞ്ഞീവിയാണ്. അവടെ ന്റെ സൂറാന്റെ മുത്തു ഹബീബായ പൊന്നുമൂപ്പര്ക്ക് സുഖം തന്നെയല്ലേ.?
കാപ്പി: അതാരാപ്പാ നിങ്ങടെ പൊന്നു മൂപ്പര്?
കുഞ്ഞി: ഞമ്മടെ ഹുസൈന്‍ ഒബാമ പൊന്നു മൂപ്പരെ, ഓനുക്ക് ഞമ്മളൊരു കത്തെയുതീണ്ടാരുന്നു. അതീ പിന്നെ ഓന്റെ ഒരു ബിവരവും ഇല്ല. ന്റെ മാളു സൂറ അന്വേഷിച്ചു ന്നു പറയണേ..അല്ലാ അനക്കെന്താ അവടെ പണി?
കാപ്പി: ഞാനൊരു ബ്ലോഗറാണ് ഇത്താ.
കുഞ്ഞി: ഇജ്ജ് അത്രയ്ക്ക് വൃത്തികെട്ടവനാണാ?
കാപ്പി: പിന്നെ കവിതകളുടെ ഒരു പുസ്തകം ഇറക്കീട്ടുണ്ട്.
കുഞ്ഞി:അന്നേ പോക്കിപ്പരയാന്നു വിജാരിക്കരുത്, അനക്കും ഞമ്മടെ ജോര്‍ജ്ജ് ബുഷിനും ഒരേസ്വഭാവാ അല്ലെ? ജനങ്ങളെ കൊല്ലാക്കൊല ശെയ്യാല്ലേ?
കാപ്പി: അതൊക്കെ അസൂയക്കാര് പറയുന്നതാ ഇത്താ.
കുഞ്ഞി: പിന്നെ ഇജ്ജ് അമേരിക്കയില് ഉള്ളതോണ്ട് ശോയിക്ക്യാന്നു കരുതരുത് അവിടെപന്നിപ്പനിയൊക്കെ ഇപ്പൊ എങ്ങനെയുണ്ട്?
കാപ്പി: ഇപ്പൊ കൊഴപ്പമില്ല ഇത്താ.സൂറാക്ക് സുഖം തന്നെയല്ലേ ?
കുഞ്ഞി: ഡാ ശേയ്താനെ കുറുക്കന്‍ ചത്താലും കണ്ണ് ഐസ്ക്രീം പാര്‍ലറിലാന്നു പറഞ്ഞ പോലെയാണല്ലാ കാര്യങ്ങള്. അനയ്ക്ക് ഏത് പാട്ടാ കേള്‍ക്കേണ്ടത്?
കാപ്പി: ഇത്താക്ക് ഇഷ്ടള്ള ഒരു പാട്ടു മതി.
കുഞ്ഞി: ഇന്നാ അനക്കൊരു അടിപൊളി പാട്ടു വെച്ച് തരാ.
"ബാപ്പ ഉമ്മാ വീട്ടിലില്ലാ, അയല്വക്കത്താരുമില്ലാ,വിളയാടാന്‍ വാടാ കുണ്ടാ..."
ആ പാട്ടു വെച്ചുതരാട്ടാ. അനക്കാവുമ്പോ അത് ശേരും..
അവ: അപ്പൊ അങ്കിളിനു വേണ്ടി ഒരു അടിപൊളി മാപ്പിളപ്പാട്ട് വരുന്നു. ഇനിയും വിളിക്കണേ....
ഡയറക്ടര്‍: ഓക്കേ കട്ട്. നൈലാ അടുത്ത കോള്‍ എടുക്കാം.
അവ: വെല്‍ക്കം ബേക്ക്. ഹലോ ആരാണ്?
ഞാന്‍ ദുബായീന്ന് പകല്‍കിനാവനാണ്.
അവ: ഓ വ്യത്യസ്തമായ പേരാണല്ലോ? അച്ഛനും അമ്മയും ഇട്ടതാണോ?
പകലന്‍: അല്ല ഞാന്‍ തന്നെ ഇട്ടതാ
അവ :ഓ തമാശക്കാരനാണല്ലോ?
പകലന്‍: അല്ല ബ്ലോഗിലെ ഫോട്ടം പിടിക്കണ ആളാ
അവ: എന്നാ കുഞ്ഞീവിത്താടു സംസാരിച്ചോളൂട്ടോ!
കുഞ്ഞീവി; ഹലോ പുകിലാ
പകലന്‍: പുകിലനല്ല ഇത്താ പകലന്‍, പകല്‍കിനാവന്‍ .
കുഞ്ഞി: എന്ത് ശൈതാനെങ്കിലും ആവട്ടെ , അന്റെ സൌണ്ട് കേട്ടാ ഇന്റെ ബീരാനിക്കാന്റെ അതേ സൌണ്ട്പോലെ ഉണ്ട് ട്ടാ.
പകലന്‍: ആരാനിത്താ ഈ ബീരാനിക്ക? വീട്ടിലെ പശുവാണാ?
കുഞ്ഞി: പ്ഫ ശൈത്താനെ വീട്ടിലെ പശൂന് ആരെങ്കിലും ബീരാനിക്കാന്നു പേരു ഇടോടാ പുള്ളെ? ഇയ്യാള്മോശല്ലല്ലോ? ബീരാനിക്കാ മയ്യത്തായ ഇന്റെ കേട്ടിയോനാടാ . ആട്ടെ ഇജ്ജ് കെട്ടീതാണാ?
പകലന്‍: ആ ദുരന്തം കഴിഞ്ഞൂ ഇത്താ..
കുഞ്ഞി: അപ്പൊ ഈ കിനാവത്തി എന്ന് പറേണതാണാ പുള്ളെ അന്റെ കെട്ടിയോള്? മൊത്തം കിനാവ്ഫാമിലി അല്ലേടാ പുള്ളെ?
പകലന്‍: ഇത്താ ഒരു പാട്ടു കേള്‍ക്കണല്ലോ?
കുഞ്ഞി: ഇജ്ജ് കേട്ടോ, അന്റെ കേള്‍ക്കണ സൂത്രം അന്‍റെരുത്തന്നല്ലേ? ആട്ടെ ഏത് പാട്ടാകേള്‍ക്കണ്ടത്?
പകലന്‍: നമ്മടെ വാഴക്കൊടന്റെ ഒരു മാപ്പിളപ്പാട്ട് തന്നെ ആയിക്കോട്ടെ?
കുഞ്ഞി: ഏത് വായക്കൊടനാ പുള്ളെ?
പകലന്‍: ഇത്താടെ നാട്ടുകാരന്‍ വാഴക്കോടന്‍.
കുഞ്ഞി: ബായക്കോടന്‍! അത് പറ. അള്ളാ ഓന്‍ പാട്ടുപാട്വേ? എന്താ റബ്ബേ ഈ കേള്‍ക്കണ്? ഓനെനാട്ടുകാരൊക്കെ കൂടി ഓടിച്ചിട്ട് പിടിച്ച് ഇനി പാട്ടു പാടില്ലാന്നു സത്യം ചെയ്യിപ്പിച്ചു വിട്ടതാണല്ലോ? വെളിക്കു ഇരിക്കുമ്പോള്‍ പോലും ഒരു മൂളിപ്പാട്ട് വരെ പാടില്ലാന്നു പറഞ്ഞു എഴുതി ഒപ്പിട്ടു കൊടുത്തോനാ. ഓന് പിന്നേം പാടാന്‍ തൊടങ്ങിയോ?
പകലന്‍:പിന്നില്ലേ, ഏതോ ചാനലീലെ പരിപാടീല് പാടാന്‍ പോകുന്നെന്നാ കേട്ടത്?
കുഞ്ഞി: ആ പര്പാടീടെ പ്രോഡ്യൂസര്‍ക്ക് വാര്‍പ്പിന്റെ പണി അറിയോ ആവോ?
പകലന്‍: എന്തിനാ ഇത്താ ?
കുഞ്ഞി: അല്ല ആ പാവത്തിന് പിന്നേം ജീവിച്ചു പോണോല്ലോ. കിയാമത്തു നാള് ആവാറായിന്നല്ലാണ്ട്എന്താ പറയാ. എന്നാ ശരി അനക്ക് പാട്ടു വെച്ചു തരാം കേട്ടാ..ഇജ്ജ് വിളിച്ചതിലും ഇന്റെ വീരാന്റെഓര്‍മ്മ വന്നതിലും അനക്ക് ഒരു സ്പെസല്‍ പാട്ട് ഓക്കേ.
അവ: അപ്പോള്‍ നമുക്കൊരു അടിപൊളി പാട്ട് കേള്ക്കാം!
ഡയരക്ടര്‍: കട്ട്, ഓക്കേ, നൈലാ ഇനി ഈ എപ്പിസോട് ക്ലോസിംഗ് ഡയലോഗ് ഷൂട്ട് ചെയ്യാം. ആദ്യംകുഞ്ഞീവിത്ത ക്ലോസിംഗ് ഡയലോഗ് പറയണം അത് കഴിഞ്ഞു നൈല പറഞ്ഞാ മതി ഓക്കേ.
ക്യാമറാ റെഡിയല്ലേ ? ഇത്താ ക്ലോസിംഗ് ഡയലോഗ്.
കുഞ്ഞി: കള്ള ഹിമാറെ ഒറ്റടിക്ക് അന്റെ മയ്യത്ത് ഞമ്മള് എടുക്കും.
ഡയ : കട്ട്. ഇത്താ എന്താ ഈ പറയുന്നേ?
കുഞ്ഞി: ഇജ്ജെല്ലടാ പുള്ളെ ക്ലോസാക്കണ ഡയലോഗ് പറയാന്‍ പറഞ്ഞതു.മയ്യത്താക്കലുംക്ലോസാക്കലുമൊക്കെ ഒന്നുതന്നെടാ പുള്ളെ.
അവ: ഇത്താ യൂ നോ ഈ എപ്പിസോട് ഇവിടെ അവസാനിക്കുന്നു. ഇനി അടുത്ത ആഴ്ച വീണ്ടും കാണാംഎന്നാണു പറയേണ്ടത്.
കുഞ്ഞി: അനക്ക് എല്ലാ ആഴ്ചയും ഇതാ പരിപാടീച്ചിട്ട് ഇക്കിന്റെ കുടുമത്തു ചോയിക്കാനും പറയാനുംആളുണ്ട്. അവളുടെ ഒരു യൂ നോ. അന്റെ പേര് എന്താന്നാ പറഞ്ഞതു?
അവ: നൈലാ ഗേളി എന്നാ എന്തെ?
കുഞ്ഞി: എടി സത്യം പറ ഇജ്ജാ കൊളനീലെ കാര്‍ത്തൂന്റെ മോള് നീലിപ്പെണ്ണല്ലെടീ? എന്നിട്ട്അവളുടെ ഒരു വേഷം കണ്ടില്ലേ? എടി അനക്കീ മാറ് മറക്കണ പോലെ ഒരു തുണീടെ കഷ്ണം ഇട്ടൂടെ? ഇതു ഒട്ടോറിക്ഷേടെ ഹെഡ് ലൈറ്റിന്റെ മൂട്ടിലിക്ക് നോക്ക്യ പോലെ ഇതിങ്ങനെ കാണിച്ചിട്ട് നിക്കണാ? നാണം കേട്ട അസത്തുകള്.
അപ്പൊ മക്കളെ, ഈ വക പുള്ളങ്ങളുടെ പരിപാടിയൊന്നും ഞമ്മക്ക് ശരിയാവില്ല. അപ്പൊ ഞമ്മള്പോണു. ഇങ്ങക്കെല്ലാവര്‍ക്കും ഇന്റെ സലാം.അസ്സലാമു അലൈകും .
ബായക്കോട്ടെ കുഞ്ഞീവിയോടാ കളി. ഹും ബേണ്ടാ ജ്ജ് അവളുടെ ഒരു നൈലാ ഗേളി...
(പിന്നീട് ഈ എപ്പിസോട് ടീവിയില്‍ കാണിച്ചില്ലാഎന്നാണ് ഏറ്റവും ഒടുവില്‍ കിട്ടിയ വിവരം)
{ദൂരദര്‍ശന്‍ കുന്ജീവിയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇവിടെ വായിക്കാം }
Wednesday, June 3, 2009
താരത്തിനൊപ്പം: അയ്യപ്പ ബൈജു ഫുള്‍ ലോഡഢ് II
താരത്തിനൊപ്പം എന്ന ഈ പംക്തിയില്‍ ഇന്ന് ഞാന്‍ പിന്തുടരുന്നത് ഏവര്‍ക്കും പ്രിയങ്കരനായ ശ്രീ അയ്യപ്പ ബൈജു എന്ന കഥാപാത്രത്തെത്തന്നെയാണ്. ഇതില്‍ "ഠോ" എന്ന ശബ്ദം ബൈജുവിന് കിട്ടുന്ന അടിയായും, ഇനിയെങ്ങാനും "ട്ടേ" എന്ന പ്രയോഗം കണ്ടാല്‍ ബൈജു അടിക്കുന്നതായും കണക്കാക്കുമല്ലോ.
താരത്തിനൊപ്പം എന്ന പരിപാടിയിലേക്ക് ഏവര്‍ക്കും സ്വാഗതം.
അടിച്ച് ഫിറ്റായി ഒരു കുട വാങ്ങാനായി പാട്ടു പാടിപ്പോകുന്ന ബൈജുവില്‍ നിന്നും നമ്മുടെ ഈ എപ്പിസോഡ് ആരംഭിക്കുന്നു.
"മഴ കൊണ്ടാല്‍ നനയുമെന്നു എന്റമ്മ പറഞ്ഞൂ ......
കൊട വാങ്ങാന്‍ കാശില്ലെന്നും എന്റമ്മ പറഞ്ഞൂ...
മഴ കൊണ്ടു ഞാന്‍....കുളിര്‍ കൊണ്ടു ഞാന്‍.... സത്യം"
ബൈജു കടയില്‍ കയറിയിട്ട്.
കടക്കാരോ....ഒരു കൊട വേണമല്ലോ.
കടക്കാരന്‍: ഇതാ ഇതെടുത്തോളൂ..
ബൈജു: ഓക്കേ കുപ്പിയെവിടെ?
കടക്കാരന്‍: കുപ്പിയോ? ഇവിടെ കുപ്പിയൊന്നും ഇല്ല പോടെ.
"ട്ടേ"
കുപ്പിയില്ലെങ്കില്‍ പിന്നെ ആളുകളെ പറ്റിക്കാന്‍ ചുമ്മാ പരസ്യം കാണിക്കുന്നോ? അവന്റെ ഒരു ഒരു കുപ്പീം കൊടയും, പ്ലീസ് നോട്ട് ദി പോയന്‍റ് എല്ലാം ചുമ്മാ കളിപ്പീരാ,ഞാന്‍ വെറുതെ മോഹിച്ചു പോയി..ബ്ലാടി ഫൂള്‍സ് ... കൊതിപ്പിച്ചു
ബൈജു അവിടെ നിന്നും നേരെ ബീവറേജസിന്റെ കടയിലേക്ക് പോകുന്ന വഴിയില്‍:
"എടാ ബൈജുവേ നിന്നെ ഇപ്പൊ കാണാനില്ലല്ലോ?"
"ട്ടേ"
കണ്ടാല്‍ അറിയാത്തവന്‍ കൊണ്ടാല്‍ അറിയും..നോട്ട് ദി പോയന്റ്.
"ഠോ ഠോ"
അവന്റെ ഒരു തമാശ പോടാ..
ബൈജു: ഹൂ, ഉപ്പില്ലാത്ത പേസ്റ്റ് കൊണ്ട് പല്ല് തേച്ച പോലെയായി..എന്തൊരു വേദന..കൊച്ചു പയ്യനാ..ഇല്ലെങ്കില്‍ അവനെ ചവിട്ടിക്കൂട്ടിയേനെ...സ്മാര്‍ട്ട് ബോയ്സ്.
ബൈജു ബീവറേജസിന്റെ മുന്നിലെ ക്യൂവിന്നിടയില്‍ കേറാന്‍ ശ്രമിച്ചപ്പോള്‍:
"ഡാ ഡാ പോയി ക്യൂവിന്റെ പിന്നില്‍ നില്‍ക്കെടാ...ഡാ"
ബൈജു: ഇവിടെ പിന്നെ നിന്റെ അപ്പന്‍ കേറി നിക്ക്വോ?
"ഠോ"
പോടാ പോടാ പോയി പിന്നില്‍ നില്ലെടാ"
ബൈജു: സത്യത്തില്‍ ഇപ്പഴാ ക്യൂ കണ്ടത് ദാങ്ക്സ്.ചുമ്മാ അവനെ ഒന്ന് പറ്റിച്ചതാ..
ബൈജു അവസാനം കൌണ്ടറില്‍ എത്തി.
എനിക്ക് രണ്ടു കോര്‍ട്ടറ് താ.
എന്നാല്‍ ഒരു പൈന്റ് എടുത്തൂടെ ചേട്ടാ?
ബൈജു: നോ നോ ഒരു കോര്‍ട്ടറ് എനിക്ക് ഒരു കോര്‍ട്ടറ് കേരളാ ടീമിന്.
കേരളാ ടീമിനോ?
ബൈജു: അപ്പൊ താന്‍ അറിഞ്ഞില്ലേ കേരളാ ടീം കോര്‍ട്ടറ് കാണാതെ പുറത്തായെന്ന്. പൂവര്‍ ബോയ്സ് അവര്‍ക്ക് ഈ കോര്‍ട്ടറ് ഒന്ന് കാണിച്ചു കൊടുക്കാനാ ഓക്കേ നോട്ട് ദി പോയിന്റ്.അപ്പൊ ബൈജു പോട്ടെ ഇനിയും വരാം കോര്‍ട്ടറ് കാണണോ കോര്‍ട്ടറ്
കോര്‍ട്ടറ് കാണണോ കോര്‍ട്ടറ്
ഫോട്ടോ കടപ്പാട്: ഗൂഗിള്‍
നന്ദി: പ്രശാന്ത്(അയ്യപ്പ ബൈജു)
എപ്പിസോഡ് ഡയരക്ട്ടര്‍: വാഴക്കോടന്‍
താരത്തിനൊപ്പം: അയ്യപ്പ ബൈജു ഫുള്‍ ലോഡഢ് ഒന്നാമത്തെ എപ്പിസോഡ് ഇവിടെ വായിക്കാം!