Tuesday, April 14, 2009

അപ്പന്റെ ഊതിക്കാച്ചിയ പൊന്നിനെ തേടി



അപ്പന്റെ "ഊതിക്കാച്ചിയ പൊന്ന് " എന്ന സാമൂഹിക പൈതൃക നോവലിലെ "മറിയാമ്മ"എന്ന കഥാപാത്രത്തെ തേടിയാണ് എന്റെ യാത്ര. മനസ്സില്‍ എന്നും ഒരു ഭീകര ചിത്രമായി ഈസ്റ്മാന്‍ കളര്‍ സ്വപ്നങ്ങളില്‍ പോലും വന്ന് മറിയാമ്മ എന്റെ സ്ഥാനത്തും അസ്ഥാനത്തുമുള്ള ചിന്തകളിലെ വിങ്ങലുകളായി നിലകൊണ്ടു. അപ്പന്റെ ആ കഥാപാത്രത്തെ ഒരു നോക്ക് കാണുക എന്നാ ഒരൊറ്റ ദുരുദ്ദേശം മാത്രമെ എന്റെ ഈ യാത്രക്ക് ഉള്ളൂ. ആരാണീ മറിയാമ്മ? അതറിയുന്നതിനു മുമ്പ് ആദ്യം നിങ്ങള്‍ എന്റെ അപ്പനാരെന്നു അറിയണം, അപ്പന്റെ കയ്യിലിരിപ്പ് അറിയണം, അപ്പന്റെ നീക്കിയിരിപ്പ് അറിയണം!"കണ്ടക്കുഴി പത്രോസ്" അതായിരുന്നു അപ്പന്റെ പേര് ‍. അപ്പന്‍ ചുമര്മ്മേല്‍ പടമായി കേറീട്ട് കൊല്ലം നാലായി.ഈ ദിവസം വരെ അപ്പന്റെ പടത്തിലെ മാലയൊന്നു മാറ്റിയിടാന്‍ വരെ അപ്പന്റെ ഈ പ്രസ്സീന്നു കാലണ കിട്ടീട്ടില്ല. അപ്പനപ്പൂപ്പന്മാരായി തുടങ്ങിയ ഒരു സായാഹ്ന പത്രമുണ്ടായിരുന്നു. ദൈവ കൃപയാല്‍ അത് എന്റെ കയ്യോണ്ട് പൂട്ടേണ്ടി വരുമോന്ന് ആലോചിച്ച് കൊണ്ടിരിക്കുമ്പോളാണ് അപ്പനായിട്ട്‌ തന്നെ അത് പൂട്ടിയത്. അപ്പന്റെ വെടി തീര്‍ന്നപ്പോള്‍ ആ പ്രസ്സ് നടത്താനുള്ള എന്റെ ശ്രമം ആദ്യത്തെ കല്യാണക്കുറി അടിച്ച് കൊടുത്തപ്പോള്‍ തന്നെ ഗോപി! കഷ്ട്ടകാലം എന്നോന്നുന്ടെന്നു മനസ്സിലാക്കിയ ആ നാളില്‍, കല്യാണക്കുറിയില്‍ വധുവിന്റെ അച്ഛന്റെ സ്ഥാനത്ത് നാദസ്വരക്കാരുടെ പേര് അടിച്ചു വിട്ടത് തികച്ചും സ്വാഭാവികം!അവരതു മനസ്സിലാക്കിയതേ ഇല്ല. ഞാനിത്തിരി നക്ഷത്രം എണ്ണിയത് ഒഴിച്ചാല്‍, പ്രസ്സിലേക്ക് പിന്നെ കാലെടുത്തു കുത്തിയില്ല.

ജീവിതം വഴിമുട്ടിയ നേരങ്ങളില്‍ അപ്പനെഴുതിയ കവിത വിറ്റാ ജീവിച്ചത്. അപ്പനെയോര്‍ത്തു വീണ്ടും അഭിമാനം!പല കടപ്പുറങ്ങളിലും ചൂടപ്പം പോലെ വിറ്റുപോയ ആ താളുകളിലെ അപ്പന്റെ ദീന രോദനങ്ങള്‍ എത്ര പേര്‍ ശ്രദ്ധിച്ചോ ആവോ? അപ്പന്‍ ഭയങ്കര കലയുള്ള ആളായിരുന്നു. അപ്പന്റെ "ഇടിവെട്ട് പത്രത്തില്‍" ഓരോ വ്യാജ വാര്‍ത്ത വരുമ്പോഴും അപ്പന് കണക്കിന് ഇരുട്ടടി കിട്ടാറുണ്ട്‌. അങ്ങിനെ ഓരോ ഇരുട്ടടി കിട്ടുമ്പോളും അപ്പന്‍ ഓരോ കവിതകള്‍ എഴുതുമായിരുന്നു.അവസാനം ഒരു നോവല്‍ എഴുതാന്‍ അപ്പന്റെ ഒരു കാല് തന്നെ ഇരുട്ടടിയില്‍ അപ്പന് കൊടുക്കേണ്ടി വന്നു. ആ ഹൃദയ വേദനയില്‍ മുക്കിയാണ് അപ്പന്‍ "ഊതിക്കാച്ചിയ പൊന്ന്" എഴുതുന്നത്. അതിലെ കേന്ദ്ര കഥാപാത്രമാണ് ഞാന്‍ മേല്‍ പറഞ്ഞ മറിയാമ്മ. മറിയാമ്മയെ കുറിച്ച് വര്‍ണ്ണിക്കുന്നിടത്തൊക്കെ അപ്പന്‍ ലെവ ലേശം പിശുക്ക് കാണിച്ചിട്ടില്ല. ഒരു മാതിരി ഗ്രഹിണി പിടിച്ച പിള്ളാര് ചിക്കന്‍ ചില്ലി കണ്ട പോലെയുള്ള ഒരു ആക്രാന്ത വിവരണമാണ്.

മറിയാമ്മയെ കുറിച്ചുള്ള വരികള്‍ പലപ്പോഴും എന്റെ യാത്രയില്‍ പുളിച്ചു തേട്ടിക്കൊണ്ടിരുന്നു. എന്റെ അപ്പനായതോണ്ട് പറയുകയല്ല മറിയാമ്മയെ കുറിച്ചുള്ള അംഗ ലാവണ്യ വര്‍ണ്ണന കേട്ടാല്‍ അപ്പന്റെ പൊറുതി മറിയാമ്മേടെ കൂടെയായിരുന്നോ എന്ന് പോലും സംശയിച്ചു പോകും. അല്ലെങ്കില്‍ പിന്നെ മറിയാമ്മയുടെ വസ്ത്ര ധാരണത്തിന്റെ സ്വകാര്യത വരെ അപ്പനിത്ര നിശ്ചയംഉണ്ടാവുമോ? തികച്ചും ന്യായമായ സംശയമല്ലേ? എന്നാലും അപ്പന്റെ ഒരു ഒടുക്കത്തെ ഭാവന! അക്കാര്യം ഓര്‍ക്കുമ്പോഴൊക്കെ ഞാന്‍ അപ്പനെയോര്‍ത്ത് വീണ്ടും അഭിമാനം കൊണ്ടു.നോവലിലെ വിവരണമനുസരിച്ചു മറിയാമ്മയുടെ അഡ്രസ്സ് തപ്പിയെടുക്കാന്‍ ഒത്തിരി പാടു പെട്ടു. എങ്കിലും അപ്പന്റെ ജീവാത്മാവും പരാത്മാവുമായ വാറുണ്ണിഏട്ടന്റെ ചില സൂചനകള്‍ എനിക്ക് ഉപകാരപ്പെട്ടു.മറിയാമ്മയെ അന്വേഷിച്ചു പോകയാണെന്നു പറഞ്ഞപ്പോള്‍ ആ കിളവന്റെ വായില്‍ വെള്ളമൂറിയതിന്റെ കാരണം അയാള്‍ ഊതിക്കാച്ചിയ പൊന്ന് വായിച്ചത് കൊണ്ടാണെന്ന് ഞാന്‍ മനസ്സിലാക്കി. വീണ്ടും അപ്പനെക്കുറിച്ച് എനിക്ക് അഭിമാനം വന്നു. അപ്പന്റെ ഒരു കാര്യം!

പുലര്‍ച്ചയോടെ ടൌണില്‍ എത്തി. നഗരത്തില്‍ നിന്നും അകലെയല്ലാത്ത അപ്രശസ്തമായ ഒരു തീവണ്ടിയാപ്പീസ്. രാവിലെയായതിനാല്‍ ജനങ്ങള്‍ കുറവാണ്. എനിക്കുള്ള ട്രെയിന്‍ വരാന്‍ ഇനിയും സമയമുണ്ട്. പ്ലാറ്റുഫോം ഇത്ര വൃത്തികേടാക്കി വെക്കാന്‍ ഇവിടത്തുകാര്‍ സദാ ജഗരൂകരാന്. തീവണ്ടി വന്നു ഞാന്‍ ബോഗിയിലേക്കു കയറി. നല്ല അസഹ്യമായ നാറ്റം.ആരും മൂക്ക് പൊത്തുന്നില്ല, എല്ലാവരും ആ മണം ശീലിച്ചിരിക്കുന്നതായി ഞാന്‍ മനസ്സിലാക്കി. പുറം കാഴ്ചകള്‍ കാണാനായി ഞാന്‍ ജനലിന്റെ അടുത്ത്‌ തന്നെ ഇരുന്നു. തീവണ്ടിയിലെ യാത്രക്കാര്‍ എല്ലാവരും സന്തോഷത്തിലാണ്. കാര്യമന്വേഷിച്ചപ്പോഴാണ് ആ സത്യം ഞാന്‍ മനസ്സിലാക്കിയത്. ഇന്നലെ കടന്നു പോകേണ്ട ട്രെയിന്‍ ആയിരുന്നത്രെ അത്. ഇന്നെങ്കിലും യാത്ര തുടരാനായതിലാണ് അവര്‍ക്ക് സന്തോഷം. അത് ചിലര്‍ ആഘോഷിക്കുന്നു. ചരിത്രം ഉറങ്ങുന്ന പല സ്ഥലത്ത് കൂടിയാണ് ഞാന്‍ പോകുന്നതെന്ന് എനിക്ക് ആ പോക്ക് കണ്ടിട്ട് മനസ്സിലായി.ഒടുവില്‍ എനിക്ക് ഇറങ്ങാനുള്ള സ്ഥലമായി. ഞാന്‍ സ്റ്റേഷന്റെ പുറത്തേക്ക് വന്നു.

പ്രതീക്ഷിച്ചതുപോലെ ആരും കാത്തു നില്‍ക്കാന്‍ ഉണ്ടായില്ല. ഒരു ടാക്സിക്കാരനുമായി കുറെ നേരം പകുതി വാടകയ്ക്ക് പോകാന്‍ തര്‍ക്കിച്ചെങ്കിലും അയാള്‍ വരാന്‍ തയ്യാറായില്ല.അവസാനം ഒരു ഓട്ടോ തന്നെ പിടിച്ചു. റോഡിന്റെ ഇരു വശവും അന്നാട്ടുകാര്‍ അലങ്കരിച്ചിരിക്കുന്നു, എന്റെ വരവിനെ എതിരേല്‍ക്കുകയായിരുന്നെന്നു ഞാന്‍ വെറുതേ മോഹിച്ചു. ഒരു നടപ്പാതയുടെ അടുത്ത്‌ നിര്‍ത്തിയിട്ടു ഓട്ടോ കാരന്‍ പറഞ്ഞതിലും അധികം പണം വാങ്ങി തിരിച്ചു പോയി. പിന്നീടുള്ള എന്റെ യാത്ര നടന്നിട്ടായിരുന്നു. ഞാന്‍ വീണ്ടും മറിയാമ്മയെ ഓര്‍ത്തു.മറിയാമ്മ സുന്ദരിയായിരുന്നു. അപ്പനെ അവള്‍ ആദ്യമായി കാണുന്നത് അപ്പന്റെ ഒളിവു കാല ജീവിതത്തിലാണ്. അപ്പന്‍ ഒരു നേതാവിനെ കുറിച്ച് വ്യാജ വാര്‍ത്ത എഴുതിയപ്പോള്‍,തടികേടാകുമെന്നു വീട്ടുകാരും നാട്ടുകാരും ഒന്നടങ്കം പറഞ്ഞപ്പോള്‍ അപ്പന്‍ ഒളിവില്‍ പോയി. അന്ന് നാട്ടില്‍ മുങ്ങിയ അപ്പന്‍ പൊങ്ങിയത് ഈ മറിയാമ്മയുടെ തൊഴുത്തില്‍. അപ്പനെയും എരുമയെയും കണ്ടപ്പോള്‍ ആദ്യം മറിയാമ്മക്ക് തിരിച്ചറിയാന്‍ പറ്റിയില്ലെങ്കിലും, അപ്പന്റെ ദയനീയമായ വിളി കേട്ടപ്പോള്‍ മറിയാമ്മ അപ്പനെ തിരിച്ചറിഞ്ഞു. പിന്നീട് മറിയാമ്മ ഏര്‍പ്പാടാക്കിയ ഒരു കൊച്ചു വാടക വീട്ടിലാണ് അപ്പനെ കുടിയിരുത്തിയത് എന്നാണ് നോവലില്‍ അപ്പന്‍ വിവരിക്കണത്. ആദ്യമൊക്കെ മറിയാമ്മ അപ്പന് കഞ്ഞീം കപ്പയുമൊക്കെ കൊടുത്തിരുന്നു. പിന്നീട് അതൊരു താപ്പായി അപ്പന്‍ കണ്ടപ്പോള്‍ മറിയാമ്മ ആ പരിപാടി നിര്‍ത്തി. അപ്പന്‍ അവിടത്തെ അണ്ടര്‍ഗ്രൌണ്ട് ജീവിതം അവസാനിപ്പിച്ചു വരുമ്പോള്‍ മറിയാമ്മ യുടെ കുളി തെറ്റി എന്ന് മാത്രമേ അപ്പന്‍ എഴുതി വെച്ചിട്ടുണ്ടായിരുന്നുള്ളൂ. അതിന്റെ ഉത്തരവും ഈ യാത്രയില്‍ അറിയാമല്ലോ എന്നും ഞാനോര്‍ത്തു. പിന്നീടുള്ള മറിയാമ്മയുടെ ജീവിത കഥയാണ്,അപ്പന്റെ "ഊതിക്കാച്ചിയ പൊന്ന്".

ഞാന്‍ ആ കുന്നിന്‍ മുകളിലൂടെ മറിയാമ്മയെ അന്വേഷിച്ചു നടന്നു. ദൂരെ ഒരു കൊച്ചു കുടില്‍ കണ്ടു ഞാന്‍ ആ കുടിലിന്റെ അടുത്തേക്ക്‌ ചെന്നു.
"മറിയാമ്മചേടത്തീടെ വീട് ഇതാണോ?" എന്റെ ശബ്ദം കേട്ട് ഒരു പേക്കോലം കണക്കെ ഒരു സ്ത്രീ പുറത്തേക്ക് വന്നു.
"ആരാടാ ഈ പ്രായത്തിലും മറിയാമ്മയെ തിരക്കുന്നത്? ഞാനാ മറിയാമ്മ"
ഞാന്‍ അപ്പന്റെ ആ പഴയ സുന്ദരിയെ അടിമുടി നോക്കി.ഇതാണോ അപ്പന്റെ സുന്ദരിയായ മറിയാമ്മ. ഇതില്‍ അപ്പന്‍ ഊതിയതെവിടെ കാച്ചിയതെവിടെ പൊന്നെവിടെ? അങ്ങിനെ അന്തം വിട്ടു നില്‍ക്കുമ്പോള്‍ അവര്‍ അടുത്ത്‌ വന്നു.
"നല്ല പരിചയമുള്ള ശബ്ദം! ഈ ശബ്ദം ഞാന്‍ ഇതിനു മുന്‍പ് കേട്ടിട്ടുണ്ട്.സത്യം പറ നീ ആരാ?" മറിയാമ്മ എന്റെ അടുത്ത്‌ വന്നു ആകാംഷയോടെ ചോദിച്ചു.
"ഞാന്‍, ഊതിക്കാച്ചിയ പൊന്നെഴുതിയ കണ്ടക്കുഴി പത്രോസിന്റെ മകന്‍" ഞാന്‍ അഭിമാനത്തോടെ ഞെളിഞ്ഞു നിന്നു.
"ഫാ! ആര് ഊതിക്കാച്ചിയെടാ?" മരിയാമ്മചേടത്തിയുടെ ഒരു ഒന്നൊന്നര ആട്ട്.
ഞാന്‍ വിനയത്തോടെ " എന്റപ്പന്‍ പണ്ട് ഇവിടെ ഒളിച്ചു താമസിച്ചപ്പോള്‍ മരിയാമ്മേടത്തി സഹായിച്ചതൊക്കെ മറന്നോ?"
"നിന്റെ അപ്പന്റെ പേര് വാറുണ്ണി എന്നാണോടാ?" മരിയാമ്മേടത്തി ചോദിച്ചു.
"അല്ല, കണ്ടക്കുഴി പത്രോസ് എന്നാ, വാറുണ്ണി അപ്പന്റെ വളരെ അടുത്ത ഒരു ഗെടിയാ" ഇനി വാറുണ്ണിഏട്ടനും ഒളിവില്‍ പോയോന്നൊരു ശങ്ക ഉണ്ടായെങ്കിലും അതിന് ഒരു സാധ്യതയും ഇല്ല എന്ന് ഞാന്‍ വാറുണ്ണിചരിതം ഓര്‍ത്ത്‌ മനസ്സിലാക്കി.
"ഗടിയായാലും വേണ്ടില്ല വടിയായാലും വേണ്ടില്ല, ആ എരണം കെട്ടവന്‍ എന്റെ കുളി തെറ്റിച്ചിട്ടു ഒരു പത്തു പതിനഞ്ചു കൊല്ലം മുന്പ് മുങ്ങിയതാ, കാലമാടന്‍ പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല" മറിയാമ്മ സെന്റിയടിക്കാന്‍ തുടങ്ങി "ആ യൂദാസ് പാല് കൊടുത്ത കൈക്ക് തന്നെ കൊത്തിയെടാ, പൂവമ്പഴം പോലത്തെ പെണ്ണായിരുന്നു! ഇപ്പോ മുഖത്ത്‌ നോക്കിയോന്‍ നിലത്തു തുപ്പ്വോ ? എല്ലാം ആ കാലമാടന്റെ വിത്ത് കാരണം നശിച്ചില്ലെടാ...." മറിയാമ്മ ഏങ്ങലടിച്ചു കരഞ്ഞു തുടങ്ങി.

അപ്പന്റെ നോവലിലെ നായികയെ, മറിയാമ്മയെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു! അപ്പന്‍ വാറുണ്ണിഏട്ടന്റെ പേരില്‍ വിത്തിറക്കിയ അതേ മറിയാമ്മ! അപ്പനാരാ മ്വോന്‍‍? സ്വന്തം പേരിലല്ലാതെ ബിനാമി പേരില്‍ വിത്തിറക്കിയ അപ്പന്റെ ആ കൌശലം ഓര്‍ത്ത്‌ ഞാന്‍ വീണ്ടും അപ്പനെയോര്‍ത്തു അഭിമാനം കൊണ്ടു. അപ്പന്റെ മറ്റൊരു പ്രൊടക്ട് കാണാന്‍ ഞാന്‍ ആ കൂരയിലേക്ക്‌ വെറുതെ ഒന്നു പാളി നോക്കി.തിരിച്ചുള്ള യാത്രയില്‍ ഞാന്‍ അപ്പനെയോര്‍ത്തു വീണ്ടും വീണ്ടും അഭിമാനം കൊണ്ടു!അതിന് വലിയ ചിലവൊന്നും ഇല്ലല്ലോ! എങ്കിലും എന്റെ അപ്പാ!

19 comments:

വാഴക്കോടന്‍ ‍// vazhakodan said...

എന്റെ പ്രിയ സുഹൃത്ത് ജിതിന്‍ പറഞ്ഞത് പ്രകാരം ഞാന്‍ ചെറിയൊരു എഡിറ്റിംഗ് നടത്തി വീണ്ടും പബ്ലിഷ് ചെയ്യുന്നു. നിങ്ങളുടെ ഏതു ഉപദേശങ്ങളും എന്നിലെ രചനാ രീതിയെ നല്ലതാക്കാന്‍ സഹായിക്കുന്നു എന്ന് എനിക്ക് ബോധ്യമാണ്.തുടര്‍ന്നും നിങ്ങള്‍ അഭിപ്രായം പറയുമല്ലോ! ഈ പോസ്റ്റിനു പ്രചോദനമായ സാജുവേട്ടനെ ഈ നിമിഷം ഓര്‍ക്കുന്നു....സസ്നേഹം.....വാഴക്കോടന്‍!

saju john said...

ഇത്തരം വെടിക്കെട്ടുകള്‍ക്ക് തീ കൊളുത്തുന്ന തീപ്പെട്ടിക്കോള്ളിയാവുന്നത് തന്നെ വളരെ സന്തോഷകരം.......

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

അപ്പനാളു കൊള്ളാമല്ലോ

NAZEER HASSAN said...

ജീവിതം വഴിമുട്ടിയ നേരങ്ങളില്‍ അപ്പനെഴുതിയ കവിത വിറ്റാ ജീവിച്ചത്. അപ്പനെയോര്‍ത്തു വീണ്ടും അഭിമാനം!പല കടപ്പുറങ്ങളിലും ചൂടപ്പം പോലെ വിറ്റുപോയ ആ താളുകളിലെ അപ്പന്റെ ദീന രോദനങ്ങള്‍ എത്ര പേര്‍ ശ്രദ്ധിച്ചോ ആവോ?
നല്ല ഫലിതം ..ഒരു പാട് സന്ദര്‍ഭങ്ങള്‍ ഉണ്ട് ഇങ്ങിനെ ഓര്‍ത്തു ചിരിക്കാന്‍ ..ഇനിയും എഴുതുക..
സസ്നേഹം
നസി

ശ്രീക്കുട്ടന്‍ | Sreekuttan said...

എന്താ കഥ.. അപ്പനാരാ മോൻ, ബിനാമി, എല്ലാം രസകരമായിരിക്കുന്നു..

മനസറിയാതെ said...

താങ്കള്‍ എന്റെ അഭിപ്രായം മാനിച്ച് . പോസ്റ്റ് ഒന്നു കൂടി എഡിറ്റ് ചെയ്ത് പബ്ലിഷ് ചെയ്തത് കണ്ടപ്പോള്‍ ഒത്തിരി സന്തോഷംതോന്നി .

വാഴക്കോടന്‍ ‍// vazhakodan said...

ഒന്ന് കൊണദോഷിക്കാത്തതിന്റെ കുറവ് എനിക്ക് ഇത്തിരി ഉണ്ട് എന്ന് തോന്നുന്നു. നിങ്ങളൊക്കെ ഉള്ളത് കൊണ്ട് നന്നാവും എന്നുള്ള ഒരു പ്രതീക്ഷയും. അഭിപ്രായങ്ങള്‍ പങ്കുവെച്ച, സാജുവേട്ടനും,മോഹനേട്ടനും,നസീറിനും, ശ്രീക്കും ജിതിനും നന്ദി അറിയിക്കട്ടെ.ഇനിയും ഈ വഴി വരുമല്ലോ! ജിതിന്‍, അഭിപ്രായങ്ങള്‍ നല്ലതാണെങ്കില്‍ സ്വീകരിക്കാന്‍ എനിക്ക് ഒരു മടിയും ഇല്ല. ഇതുപോലുള്ള തുറന്ന അഭിപ്രായങ്ങള്‍ ഇനിയും ഉണ്ടാവണം. സസ്നേഹം.....വാഴക്കോടന്‍

പാവപ്പെട്ടവൻ said...

നന്നായിട്ടുണ്ടു മനോഹരം
അഭിനന്ദനങ്ങള്‍

വാഴക്കോടന്‍ ‍// vazhakodan said...

പാവപ്പെട്ടവന്റെ അഭിനന്ദനങ്ങള്‍ ഒരു പൊന്‍തൂവല്‍ പോലെ സൂക്ഷിക്കുന്നു. ഇനിയും ഈ വഴി വരണം.നന്ദിയോടെ,
സസ്നേഹം .....വാഴക്കോടന്‍.

Patchikutty said...

വഴക്കൊടോ:- ഇതിപ്പോ അപ്പനാര മോന്‍ എന്നതിനെക്കാളും "മോന്‍ ആരാ മോന്‍? " കൊള്ളാല്ലോ!
പോരട്ടങ്ങിനെ പോരട്ടെ...
വിരയട്ടങ്ങിനെ വിരിയട്ടെ
സര്‍ഗവാസനകള്‍ വിരിയട്ടെ
വാഴകോടന്‍ കീ...... ജയ്! കുറെ നാള്‍ മുന്‍പ് വരെ ഒത്തിരി കേട്ടിട്ടുള്ള തിരഞ്ഞെടുപ്പ് പ്രചാരണം ഓര്‍ത്തു പറഞ്ഞു പോയതാ... പെണ്ണായത് കൊണ്ട് മുദ്രാവാക്യം വിളിക്കരുത് എന്ന് ബുലോകത്ത് നിയമം ഒന്നുമില്ലല്ലോ അല്ലെ.പണ്ട് പറമ്പില്‍ കൂടി ഇതുപോലൊന്ന് കൂവി നടന്നപ്പോ കിട്ടിയ അടിയും ചീത്തയും ഓര്‍ത്തു പോയി.

വരവൂരാൻ said...

വാഴക്കോടൻ തകർക്കുന്നുണ്ട്‌ എല്ലാം വായിച്ചു മനോഹരമായിരിക്കുന്നു

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ പങ്കുവെച്ച എല്ലാവര്ക്കും നന്ദി! പാച്ചിക്കുട്ടി തകര്‍ത്തല്ലോ! ഇനിയും ഈ വഴി വരണേ!
സ്നേഹത്തോടെ.....വാഴക്കോടന്‍.

കാപ്പിലാന്‍ said...

:)

Arun said...

ഹ ഹ ഹ അടി പൊളി കഥ. വിഷു വിഭവവും അടിപൊളി.സമ്മതിച്ചു വാഴക്കോടാ.. സമ്മതിച്ചു....
എന്റെ വിഷു ആശംസകള്‍ നേരുന്നു.

പകല്‍കിനാവന്‍ | daYdreaMer said...

വാഴക്കോടാ..ടാ..ടാ..ടാ..ടാ..ടാ....
വിഷു ആശംസകള്‍ :)

നരിക്കുന്നൻ said...

കലക്കി കെട്ടോ.. ഈ വിഷു ദിനത്തിൽ മായമില്ലാതെ ചിരിപ്പിച്ചു. മനോഹരം. അപ്പന്റെ മോനാകാൻ കഴിഞ്ഞ താങ്കളോട് അസൂയതോന്നുന്നു.
വിഷു ദിനാശംസകൾ!

ബോണ്‍സ് said...

വാഴക്കോടാ..നന്നായിട്ടുണ്ടു!!

പണ്യന്‍കുയ്യി said...

പുതിയതിനെ അഭിപ്രായം പറയൂ

വാഴക്കോടന്‍ ‍// vazhakodan said...

ഈ വഴി വന്നു എന്നോട് പായാരം പറഞ്ഞവരെ എന്റെ നന്ദി അറിയിക്കുന്നു. ഇനിയും ഇവിടെയൊക്കെ വരണം! ഞാന്‍ ഇടയ്ക്കു ഇങ്ങനെയൊക്കെ വിളമ്പാം ഓക്കേ.
കാപ്പിലാന്‍
പകലന്‍,
അരുണ്‍,
നരിക്കുന്നന്‍,
ബോണ്‍സ്
പന്ന്യന്കുയ്യി
നന്ദി നല്ല നമസ്കാരം.

 


Copyright http://www.vazhakkodan.com