Saturday, September 26, 2009

അന്‍പതാം പോസ്റ്റ് : ഒരു യാത്രാ മൊഴി

പ്രിയമുള്ള സുഹൃത്തുക്കളേ,
ഞാനീ ബൂലോകത്തേക്ക് വന്നിട്ട് ഏഴു മാസത്തോളമാകുന്നു.'വാഴക്കോടന്റെ പോഴത്തരങ്ങളില്‍' ഇത് അന്‍പതാമത്തെ പോസ്റ്റ്‌. ഈ ചുരുങ്ങിയ കാലയളവില്‍ വളരെയധികം  സുഹ്യദ് ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുകയും അതിലുപരിയായി ഒരു കുടുംബ ബന്ധത്തെക്കാള്‍ അടുപ്പമുള്ള സൌഹൃദങ്ങള്‍ ഉണ്ടാവുകയും ചെയ്തു എന്ന സന്തോഷം ഈ നിമിഷം എല്ലാവരുമായി പങ്കുവെക്കട്ടെ. തുടര്‍ന്നും ഈ സൌഹൃദങ്ങള്‍ നിലനിര്‍ത്താന്‍ സര്‍വ്വ ശക്തന്‍ അനുഗ്രഹിക്കട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.
ഓഫീസിലെ ജോലി കഴിഞ്ഞു വന്നു വീണു കിട്ടുന്ന സമയമാണ് ബ്ലോഗ്‌ ചെയ്യാനായി മാറ്റിവെയ്ക്കുന്നത്. ആ സമയത്ത് മനസ്സില്‍ തോന്നിയ കുസ്രുതികള്‍ എഴുതുക എന്നതില്‍ കവിഞ്ഞ്,അത് എപ്പോഴും ഉന്നത നിലവാരം പുലര്‍ത്തണം എന്നൊന്നും ചിന്തിക്കാറില്ല.ചിന്തിച്ചത് കൊണ്ട് മാത്രമായില്ലല്ലോ, എഴുതാനും കിട്ടണ്ടേ?
എപ്പോഴും ഒരേ നിലവാരത്തില്‍ എഴുതാന്‍ കഴിയുന്നവരുടെ കൂട്ടത്തില്‍ പെടുത്താവുന്ന രചനകളിലൊന്നും ഞാന്‍ ഉള്‍പ്പെടുന്നില്ല എന്ന് നല്ല ബോധ്യം എനിക്കുണ്ട്. അതു കൊണ്ട് ഇന്ന് വരെ ഒരു അവകാശ വാദവും എന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്നു തന്നെയാണ് എന്റെ വിശ്വാസം.
കഴിഞ്ഞ ഒരു പോസ്റ്റില്‍ ഒരു ‘അനോണി’എന്റെ പോസ്റ്റിന് നിലവാരമില്ല എന്ന രീതിയില്‍ പ്രതികരിച്ചത് കണ്ടപ്പോഴാണ് സത്യത്തില്‍ എനിക്കൊരു തിരിച്ചറിവുണ്ടായത്. എന്നാല്‍ എന്നെ ഇഷ്ടപ്പെടുന്ന ചിലര്‍ വന്ന് എനിക്കനുകൂലമായി പ്രതികരിക്കുകയും വീണ്ടും അതേ അനോണി വായനക്കാരെ ഒന്നടങ്കം ആക്ഷേപിക്കുന്ന രീതിയില്‍ പുതിയ കമന്റ് ഇടുകയും ചെയ്തു.
എന്റെ പോസ്റ്റ് വായിക്കുന്നവരെ അത്ര മോശക്കാരായി ചിത്രീകരിക്കാന്‍ ഇടവന്നത് ഞാന്‍ വിലകുറഞ്ഞ തമാശ എഴുതിയത് കൊണ്ടാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.പറഞ്ഞത് ഒരു അനോണിയാണെങ്കിലും അതിനു പിന്നില്‍ തീര്‍ച്ചയായും ഒരു വ്യക്തി ഉണ്ട് എന്നുള്ള തിരിച്ചറിവ്  എനിക്ക് വളരെയധികം വേദനയുണ്ടക്കുന്നു. എനിക്ക് വേണ്ടി പഴി കേള്‍ക്കേണ്ടി വന്ന വായനക്കാരോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. ഇനി ഒരിക്കലും എന്റെ പേരില്‍ ഒരു വായനക്കാരനും പഴി കേള്‍ക്കേണ്ടി വരില്ല എന്ന് ഞാന്‍ ഉറപ്പ് തരുന്നു, കാരണം ഞാന്‍ “വാഴക്കോടന്റെ പോഴത്തരങ്ങള്‍” എന്ന ഈ ബ്ലോഗ് അവസാനിപ്പിക്കാന്‍ ആലോചിക്കുന്നു.എന്റെ കഴിവ്കേടുകള്‍ മനസ്സിലാക്കിക്കൊണ്ട് തന്നെ!
ഇതിനെ ഭീരുത്വം എന്നോ ജാഡയെന്നോ നമ്പറെന്നോ എന്തും വിളിക്കാം.നല്ല രചനകള്‍ നടത്താന്‍ കഴിയും എന്നുള്ള ഒരു ആത്മ വിശ്വാസം വരുമ്പോള്‍ തീര്‍ച്ചയായും ഞാന്‍ തിരിച്ച് വരും.അതുവരെ ഒരു ചെറിയ ഇടവേള! മറ്റു ബ്ലോഗുകളില്‍ കഥയും കവിതയുമൊക്കെയായി ഞാന്‍ ഈ ബൂലോകത്ത് തന്നെയുണ്ടാകും.കാരണം എനിക്ക് ഈ ബൂലോകം അത്രയ്ക്കും പ്രിയപ്പെട്ടതാണ്. ഞാന്‍ എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കില്‍ അത് തീര്‍ച്ചയായും എന്റെ വായനക്കാര്‍ നല്‍കിയ പ്രോത്സാഹനം ഒന്നുകൊണ്ട് മാത്രമാണ്.അതു കൊണ്ട് അവരെ പഴികേള്‍പ്പിക്കേണ്ടി വന്ന ഒരു ഹതഭാഗ്യനായി മാറിനില്‍ക്കുന്നു എന്നുള്ള ദുഃഖം മനസ്സില്‍ ഒരു വേദനയായി അവശേഷിക്കുന്നു.
പിന്നെ അയ്യോ ചേട്ടാ പോകല്ലേ അയ്യോ ചേട്ടാ പോകല്ലേ എന്നൊക്കെ പറഞ്ഞ് ഒരു തമാശയ്ക്ക് തിരിച്ച് വിളിച്ചാലും ഒരു പക്ഷേ ഞാന്‍ കേട്ടെന്നു വരില്ല,കാരണം ഇതൊരു ഉറച്ച മനസ്സില്‍ നിന്നുമുള്ള തീരുമാനമാണ്.
വായനക്കാര്‍ എന്നോട് പൊറുക്കുമല്ലോ.
ഞാന്‍ വരുന്നതു വരെ എനിക്കിഷ്ടപ്പെട്ട എന്റെ പോസ്റ്റുകളില്‍ ചിലത് ഞാന്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. വായിക്കാത്തവര്‍ വായിക്കട്ടെ!
എല്ലാവര്‍ക്കും എന്റെ ഹ്രുദയം നിറഞ്ഞ നന്ദി.

ഈ ചുരുങ്ങിയ കാലയളവില്‍ എനിക്ക് രണ്ട് അഭിമുഖം തരപ്പെട്ടു. ഒന്ന് നമ്മുടെ ബൂലോകം ഓണ്‍ലൈനും മറ്റൊന്ന് ബൂലോകം ഓണ്‍ലൈനും.അത് കൂടാതെ എന്റെ അനിഷ്ടങ്ങളും പറയാന്‍ ബൂലോകം ഓണ്‍ലൈന്‍ സുഹ്രുത്തുക്കള്‍ അവസരം തന്നു. അവരെ ഏവരേയും വളരെ നന്ദിയോടെ ഈയവസരത്തില്‍ സ്മരിക്കുന്നു.

ആദ്യ ഇന്റ്റര്‍വ്യൂ ‘നമ്മുടെ ബൂലോകം ഓണ്‍ലൈന്‍‘ നടത്തിയത് ഇവിടെ:
പിന്നെ ബൂലോകം ഓണ്‍ലൈനിന്റെ ഇന്റര്‍വ്യൂ ദോ ലിവിടെ :
എന്റെ അനിഷ്ടങ്ങള്‍ ചോര്‍ത്തിയ ബൂലോകം ഓണ്‍ലൈന്‍ ദോ ലിവിടെ:
ഞാന്‍ ആദ്യം എഴുതിയ കുഞ്ഞീവിയുടെ പോസ്റ്റ് ഒബാമയ്ക്ക് എഴുതിയ കത്താണ്. അത് ഇവിടെ വായിക്കൂ
പിന്നീട് എനിക്ക് ഇഷ്ടപ്പെട്ട പോസ്റ്റുകളാണ് അയ്യപ്പ ബൈജുവിന്റേത്. ആദ്യത്തെ ബൈജു പോസ്റ്റ്.
അതുപോലെ ഇഷ്ടപ്പെട്ട ബൈജുവിന്റെ മറ്റൊരു പോസ്റ്റ്; കോര്‍ട്ടറ് വേണോ കോര്‍ട്ടറ്
ഒരു പ്രവാസിയുടെ ദുഃഖം പകര്‍ത്തിയ ഒരു പോസ്റ്റായിരുന്നു ‘സൌദിയില്‍ നിന്നും സ്നേഹപൂര്‍വ്വം’
എനിക്ക് ഏറെ വായനക്കാരെ തന്ന പോസ്റ്റായിരുന്നു ലിഫ്റ്റ് ടെക്നോളജി പഠിച്ചാല്‍...
ഈ പോസ്റ്റ് മറ്റുപലരുടേയും പേരില്‍ പ്രചരിച്ചപ്പോള്‍ അനിവാര്യമായ ഒരു രണ്ടാം ഭാഗം എഴുതി.
ന്യൂസ് ചാനലുകളെ കുറിച്ച് എഴുതിയത് സത്യമാണോ എന്ന് തോന്നിപ്പോകുന്ന ഒരു പോസ്റ്റ്:ന്യൂസ് ചാനല്‍
അക്ഷയത്ര്യതീയയെ കുറിച്ച് ഒരു ഹാസ്യ പോസ്റ്റ്, അതാണ് ബ്ലോഗയ ത്യതീയ
ഒരു നാടക രൂപത്തില്‍ എഴുതിയ ‘ബ്ലോഗ് ചെമ്മീന്‍’എനിക്ക് വളരെ ഇഷ്ടപ്പെട്ടതാണ്.
അതേപോലെ ഇഷ്ടപ്പെട്ടതാണ് ബ്ലോഗ് ചൊല്ലുകള്‍, നിങ്ങള്‍ക്കോ?
ചെറായി പോസ്റ്റില്‍ ഏറ്റവും ഇഷ്ടമായത് ചെറായിയുടെ സില്‍വര്‍ ജൂബിലി ആഘോഷ പോസ്റ്റായിരുന്നു.
“നര്‍മ്മാസ് മിമിക്സ് പരേഡ്’ സ്വ അനുഭവത്തിന്റെ വെളിച്ചത്തില്‍ അല്‍പ്പം മസാലയൊക്കെ ചേര്‍ത്ത് എഴുതുന്നതാണ്. അതില്‍ അന്ന് ഉപയോഗിച്ചിരുന്ന സംഭാഷണങ്ങളും,തമാശകളുമാണ് ഉള്‍ക്കൊള്ളിക്കുന്നത്.എന്നാലേ അതിനൊരു വിശ്വാസ്യത വരൂ എന്നത് കൊണ്ടാണ് അങ്ങിനെ ചെയ്യുന്നത്. അതു കൊണ്ട് പഴയ തമാശകളേ അതില്‍ ഉള്‍പ്പെടുത്താറുള്ളൂ.അതില്‍ എല്ലാം എനിക്ക് ഇഷ്ടപ്പെട്ട പോസ്റ്റുകള്‍ തന്നെയാണ്,അവസാനത്തെ പോസ്റ്റ് ഉള്‍പ്പടെ. ആദ്യം എഴുതിയ ഒരു പോസ്റ്റ് ഒന്ന് നോക്കൂ..
കുഞ്ഞീവിയുടെ എല്ലാ പോസ്റ്റുകളും എനിക്ക് പ്രിയപ്പെട്ടതാണ്. അതില്‍ മാപ്പിളപ്പാട്ട് രചയീതാവിനുള്ള അവാര്‍ഡ് നേടിയ കുഞ്ഞീവിയുമായുള്ള അഭിമുഖം നന്നായി എന്ന് ഞാനും വിശ്വസിക്കുന്നു.
എന്നെ ഏറ്റവും സങ്കടപ്പെടുത്തിയ രശ്മി എന്ന കൊച്ചു മിടുക്കിക്ക് എന്റെ ഈ ബ്ലോഗിലെ അന്‍പതാമത്തെ പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു.എന്നെ അതിശയിപ്പിച്ച എന്റെ രശ്മി മോള്‍ക്ക് വേണ്ടി:  

ഇനി ഈ ബ്ലോഗില്‍ എന്ന് ഒരു പോസ്റ്റിടും എന്ന് എനിക്കറിയില്ല.എങ്കിലും നാളിതുവരെ നിങ്ങള്‍ നല്‍കിയ സ്നേഹ വാത്സല്യങ്ങള്‍ക്ക് എന്റെ ഹ്യദയത്തില്‍ തൊട്ട് നന്ദി അറിയിക്കുന്നു. ഞാന്‍ എങ്ങും പോകുന്നില്ല,ഇവിടെയൊക്കെ ഉണ്ടാകും.ഈ ബൂലോകം എനിക്കത്ര പെട്ടെന്ന് മറക്കാന്‍ കഴിയില്ല.
അത് കൊണ്ട് യാത്ര ചോദിക്കുന്നില്ല.
സസ്നേഹം,
വാഴക്കോടന്‍

61 comments:

വാഴക്കോടന്‍ ‍// vazhakodan said...

നാളിതുവരെ നിങ്ങള്‍ നല്‍കിയ സ്നേഹ വാത്സല്യങ്ങള്‍ക്ക് എന്റെ ഹ്യദയത്തില്‍ തൊട്ട് നന്ദി അറിയിക്കുന്നു. ഞാന്‍ എങ്ങും പോകുന്നില്ല,ഇവിടെയൊക്കെ ഉണ്ടാകും.ഈ ബൂലോകം എനിക്കത്ര പെട്ടെന്ന് മറക്കാന്‍ കഴിയില്ല.

രഞ്ജിത് വിശ്വം I ranji said...

വാഴക്കോടാ വെറുതെ വ്രുത്തികേട് കാണിക്കരുത്..
ഇതെന്താദ്.. സ്വന്തമായി പേരു പറയാന്‍ പോലും ധൈര്യമില്ലാത്ത ആരോ എന്തോ പറഞ്ഞെന്നു കരുതി നിര്ത്തിപ്പോവുകയോ..
ഇതും നിങ്ങളുടെ ഒരു തമാശയാണെന്നു ഉറച്ചു വിശ്വസിക്കുന്നു.

തിരൂര്‍ക്കാരന്‍ said...

വഴക്കോടാ,
ഞാന്‍ എന്റെ ഒരു പോസ്റ്റ്‌ ഇട്ടതിനു ശേഷം ഒന്ന് നോകിയപ്പോഴാണ് അതിനു ശേഷം താങ്കളുടെ ഈ പോസ്റ്റ്‌ കണ്ടത്.. ഞാന്‍ പറയട്ടെ ഒരു അനോണിയുടെ മുന്നില്‍ ഈ കാണിക്കുന്നത് ഭീരുത്വമാണ്.. ഒത്തിരി വായനക്കാരുണ്ട് താങ്കള്‍ക്ക്.. അത് ഈ കമന്റിനു ശേഷം വരാന്‍ പോകുന്ന കമന്റുകള്‍ കാണുമ്പോള്‍ തന്നെ മനസിലാകും.. ഞാന്‍ ഇതുവരെ താങ്കളുടെ പോസ്റ്റില്‍ കമന്റ്‌ ചെയ്തിട്ടില്ല എന്നാണ് എന്റെ ഓര്മ..പക്ഷെ , ഒരു സ്ഥിരം വായനക്കാരനാണ്.. അതുകൊണ്ട് തന്നെ പറയട്ടെ... ഇനിയും വരട്ടെ ..."എന്റെ ആയിഷ" കുഞ്ഞീവി , കുവൈറ്റ്‌ അളിയന്‍.. ലിഫ്റ്റ്‌ ടെക്നോളജി അങ്ങിനെ പലതും.....

പാവപ്പെട്ടവൻ said...

അയ്യോ ചേട്ടാ പോകല്ലേ അയ്യോ ചേട്ടാ പോകല്ലേ....
അപ്പോള്‍ ഒരു അനോണി വിചാരിച്ചപ്പോള്‍ വാഴേ പാക് ചെയ്യാന്‍ പറ്റി
ലാല്‍ സലാം

ramanika said...

വീണ്ടും വരും എന്ന് ഉറച്ചു‌ വിശ്വസിക്കുന്നു
അതിനായി പ്രാര്‍ത്ഥിക്കുന്നു
എങ്ങനെ മറക്കാന്നവും ഈ ...വാഴക്കോടന്‍റെ മഹ ത്തരങ്ങള്‍...

Anonymous said...

അയ്യേ, പറ്റിച്ചേ എന്നും പറഞ്ഞ്‌ നാളെത്തന്നെ മടങ്ങിവരിക. നൂറുകണക്കിനു കപടബുദ്ധിജീവിപോസ്റ്റുകളുടെ ഇടയില്‍ സത്യസന്ധമമായി ഹാസ്യത്തിന്റെ മുഖവുരയോടെ വലിയസത്യങ്ങള്‍ വിളിച്ചുപറഞ്ഞ താങ്കള്‍ കേവലം ഒരു മുഖമില്ലാത്ത, ഏതോ ഒരുവന്റെ അഭിപ്രായത്തെ പിന്‍പറ്റി പിന്തിരിഞ്ഞാല്‍ അതു താങ്കളുടെ ബ്ലോഗില്‍ പുതുതായി പോസ്റ്റുവരുന്നതും കാത്തിരിക്കുന്ന എന്നെപ്പോലുള്ളവരെ നിരാശപ്പെടുത്തും. ആദ്യമായാണു ഞാന്‍ ഇബിടെ ഇങ്ങനെന്തേലും കുറിക്കുന്നത്‌.

കരീം മാഷ്‌ said...

കമന്‍റുകള്‍ ബ്ലോഗിംഗിന്‍റെ ജീവനാണു എന്നു തറ്റിദ്ധരിച്ചിരിക്കുന്നവര്‍ക്കൊക്കെ വരുന്ന രോഗമാഅണിത്.
കമന്‍റുകള്‍ കൂടുതല്‍ കിട്ടാന്‍ ഗ്രൂപ്പ് ബ്ലോഗുകളില്‍ ചെന്നു ചാടുക, അവിടന്നു കമന്‍റ്റ്റുകള്‍ക്കു പകരം കമന്‍റു കിട്ടാഞ്ഞാന്‍ തമ്മില്‍ തല്ലിപ്പിരിയുക.
ചാറ്റിലൂടെയും മെയിലിലൂടെയും കമന്‍റിനു അപേക്ഷിക്കുക.
സൌഹൃദങ്ങള്‍ കമന്‍റിനായി ഉപയോഗപ്പെടുത്തുക.
നിരന്തരമായി കമന്‍റിട്ടിരുന്നവര്‍ പെട്ടെന്നു കമന്‍റീടാതെ വരുമ്പോള്‍ അവരോടു പിണങ്ങുക
എന്നിവയൊക്കെ ഇതിന്‍റെ ഉപരോഗങ്ങളും.
എഴുത്തുകാരന്‍ എഴുതുക..
സ്വന്തമായി ഒരു ഐഡന്‍റിറ്റിയും ശൈലിയും ഉണ്ടാക്കുക. അത് ഇഷ്ടമുള്ളവര്‍ വന്നു വായിക്കും.
തീര്‍ച്ച (കമന്‍റിട്ടില്ലങ്കിലും)
പിന്നെ തന്‍റെ കമന്‍റു ആ പോസ്റ്റില്‍ ഇട്ടില്ലങ്കില്‍ തനിക്കെന്തോ കുറച്ചിലാണു എന്നു തോന്നുന്നിടത്തൊക്കെ വായനക്കാരന്‍ തന്‍റെ ഒപ്പു പതിപ്പിക്കാറും ഉണ്ട്.
അണോണി കമന്‍റു അപ്പപ്പോള്‍ ഡിലിറ്റാക്കുക. ബ്ലോഗര്‍ അതിനു അനുവദിക്കുന്നുണ്ടാല്ലോ! ആസനത്തിലൊരു ആലായി അതും കമന്‍റു എണ്ണം കൂട്ടാന്‍ കൊണ്ടു നടക്കുന്നവരെക്കുറിച്ചു സിമ്പതി മാത്രമേയുള്ളൂ.
എഴുത്തിനോടു നീതി കാണിക്കുക.
രചന നല്ലതല്ലന്നു നമുക്കു സ്വയംതോന്നുമ്പോഴും, വായനക്കാരന്‍ ചൂണ്ടിക്കാണിക്കുമ്പോഴും ആ രചന എഡിറ്റു ചെയ്തു നന്നാക്കാന്‍ ശ്രമിക്കുക.
അല്ലാതെ ബ്ലോഗു ചുട്ടു കരിക്കേണ്ടതില്ല.
തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അതൂ സഹിക്കാന്‍ കഴിയാത്തവരോടാണു ഉറ്റകൂട്ടുകാര്‍ “അണോണി”യായി വന്നു പറയുന്നത് എന്നും എനിക്കു എന്‍റെ ബ്ലോഗു ചരിത്രത്തില്‍ നിന്നറിയാം

ഹരീഷ് തൊടുപുഴ said...

സമയ പരിമിതി മൂലം കഴിഞ്ഞ നിന്റെ പോസ്റ്റ് നോക്കാൻ ഇതു വരെ കഴിഞ്ഞിരുന്നില്ല..
എന്തായാലും കരീം മാഷിന്റെ അഭിപ്രായമാണെനിക്കും.
അതുകൊണ്ട് ദയവായി ഇവിടെ തുടരൂ..
അനോണികൾ പറയുന്നതു കേൾക്കാൻ ധൈര്യമില്ലെങ്കിൽ ആ ഓപ്ഷൻ അടച്ചുവെയ്ക്കൂ..
എന്നുവച്ച് ബ്ലോഗ്പൂട്ടുകയോ, എഴുതാണ്ടിരിക്കുകയോ..അതൊന്നും വേണ്ടാ.
ഇനിയും എഴുത്തു തുടരൂ..

poor-me/പാവം-ഞാന്‍ said...

വാഴക്കോടന്‍ ജി,
നല്ല കഴിവുള്ളവരുടെ കൃതികള്‍ മാതൃഭൂമിയില്‍ വരും...
അല്ലാത്തവരുടെ കൃതികളാണ്‍ ഈ ബ്ളോഗിലൊക്കെ വരുന്നത്...
കഴിവ് കുറഞവര്‍ക്കു വേണ്ടി കഴിവു കുറഞവരാല്‍ നടത്തപ്പെടുന്ന
കഴിവു കുറഞവരുടെ പ്രസ്ഥാനം ആണു മലയാളം ബ്ളോഗ്
അതു കോണ്ടു വാഴക്കോടാ പോകല്ലെ ..
ലക്ഷം ലക്ഷം പിന്നാലെ

വാഴക്കോടന്‍ ഫാന്‍സ്‌ അസ്സോസ്സിയേഷന്‍ ഖജാന്‍ജി

Jikkumon - Thattukadablog.com said...

പഴമുള്ളോരു മാവേലേ കല്ലെറിയുണ്ടാവൂ സോ ഇതൊക്കെ സില്ലി.... അപ്പോള്‍ നാളത്തെ പോസ്റ്റ് എന്താണ്‌ ???? http://thattukadail.blogspot.com/

അരുണ്‍ കരിമുട്ടം said...

വാഴേ, പൂര്‍ണ്ണമായി പോകുന്നു എന്നല്ലല്ലോ തത്ക്കാലത്തേക്ക് ഈ ബ്ലോഗില്‍ പോസ്റ്റ് ഇല്ല എന്നല്ലേ?
അതായത് ഒരു ഇടവേള!!
ആയിക്കോട്ടെ, ഇടക്കിത് നല്ലതാ.(എല്ലാവരും പറയുന്ന പോലെ വേണ്ടാ എന്ന് ഞാന്‍ പറയില്ല)
പിന്നെ ഒരു അപേക്ഷ..
ഇടവേള പതിനഞ്ച് ദിവസത്തില്‍ കൂടരുത്!!
ഓ.ക്കെ!!
പെട്ടന്ന് തിരിച്ച് വാ..

Kvartha Test said...

വാഴക്കുലപാതകം ആണോ? :-)

Writer's Block ആണോ? അങ്ങനെയാണെങ്കില്‍ ഒരു താല്‍ക്കാലിക വിട നല്ല തീരുമാനം തന്നെ. :-)

അങ്ങനെയല്ലെങ്കില്‍, കമന്‍റില്‍ ബ്ലോഗ്‌ജീവിതം കണ്ടെങ്കില്‍ അത് വാഴയുടെ തെറ്റ് എന്നുകരുതാം. വാഴയുടെ വളര്‍ച്ചയ്ക്ക് ശല്യമാകാന്‍ ശ്രമിക്കുന്ന പേരില്ലാത്ത അത്തരം കൃമികീടങ്ങളെ ജൈവവളം ഉപയോഗിച്ചു തന്നെ നിയന്ത്രിക്കാനുള്ള ചുമതല വാഴക്കാണ്. കൃമികീടങ്ങള്‍ അവയുടെ പ്രവൃത്തി തുടരും; അതിലേയ്ക്ക് നോക്കാതെ വാഴ വളരുക, കുലയ്ക്കുക!

ആശംസകള്‍.

കണ്ണനുണ്ണി said...

സംഗീതം ജന്മനാ കിട്ടിയവരോട് പാടരുത് എന്ന് പറഞ്ഞാലും പാടാതിരിക്കുവാന്‍ അവര്‍ക്ക് കഴിയാറില്ല , ശ്വാസം മുട്ടും എന്ന് കേട്ടിട്ടില്ലേ..
അത് പോലെ തന്നെ ആണ് എഴുതാനുള്ള വാസന ജന്മനാ കിട്ടിയവര്‍ക്കും..
അത് കൊണ്ട് തന്നെ കുറച്ചു നാള്‍ ഇടവേള എന്നാ വാഴക്കൊടന്റെ വാക്കില്‍ എനിക്ക് വിഷമം തോനുന്നില്ല.. അധിക നാള്‍ എഴുതാതെ ഇരിക്കുവാന്‍ താങ്കല്‍ക്കവില്ല എന്നെനിക്കു ഉറപ്പുണ്ട്. ഒരു വെടിക്കെട്ട് പോസ്റ്റുമായി എത്രയും വേഗം തിരിച്ചു വരിക...
ചുമ്മാ പെണങ്ങി നിക്കാതെ ഇങ്ങട് വാ വാഴേ.. :)

ശ്രീ said...

അമ്പതാം പോസ്റ്റ് യാത്ര പറയാനോ? വൈകാതെ മനസ്സ് മാറി തിരിച്ചു വരാനാകട്ടെ.

ശ്രദ്ധേയന്‍ | shradheyan said...

കരീം മാഷുടെ കമന്റിനു താഴെ ഒരു വിരലടയാളം.

മറ്റു ചിന്തകളൊന്നും വേണ്ടെടോ....
അപ്പൊ, നല്ല മോനായി അടുത്ത പോസ്റ്റിട്..

മുരളി I Murali Mudra said...

അങ്ങനങ്ങ് പോകാന്‍ പറ്റുമോ വഴക്കോടന്‍ജി ? ചെറിയൊരു കിറ്റ്‌ കാറ്റ് ബ്രേക്ക്‌ ആവാം പക്ഷെ പെട്ടന്ന് തന്നെ ഇങ്ങു തിരിച്ചെത്തണം..

Husnu said...

No I can't believe this. Awaiting for the next post.

ഓട്ടകാലണ said...

ദേവാസുരം എന്ന സിനിമയാണ് എനിക്ക് ഓര്‍മ്മ വരുന്നത്. എന്തോ ഒരു ആവേശത്തിന് ഞാന്‍ എന്തൊക്കെയോ പറഞ്ഞു. “എന്താടോ നായരെ ഞാനിങ്ങനെ?“

വാഴക്കോടന്‍ എന്റെ കമന്റിലൂടെ എഴുത്ത് നിര്‍ത്തുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിട്ടില്ല. താല്‍ക്കാലികമായ പിന്മാറ്റമാണെന്ന് ഞാന്‍ ഉറപ്പിക്കട്ടെ. ബ്ലോഗില്‍ കഴിവുള്ള എഴുത്തുകാര്‍ ചവറെഴുത്തുകാരായി മാറരുതെന്ന ഒരു ആഗ്രഹമാണ് എന്നെ കൊണ്ട് ആ കമന്റ് ചെയ്യിച്ചത്. വാഴക്കോടന്റെ സ്യഷ്ടികളെയെല്ലാം അടച്ചാക്ഷേപിച്ചല്ല ഞാന്‍ ആ കമന്റ് എഴുതിയതെന്ന് ഒന്ന് കൂടി മനസിരുത്തി വായിച്ചാല്‍ മനസിലാകും. നല്ല എഴുത്തുകാരെ മൂഡസ്വര്‍ഗ്ഗത്തിലാക്കി മയക്കി കിടത്തുന്ന കമന്റുദാതാക്കളിലുള്ള അപകടം വാഴക്കോടനെ ബോധിപ്പിക്കാന്‍ ഞാന്‍ ആ കമന്റ് ഓപ്ഷന്‍ ഉപയോഗിച്ചു. അത് വാഴക്കോടന്‍ മനസിലാക്കിയെന്നും ഞാന്‍ തെറ്റിദ്ധരിക്കുകയും ചെയ്തു.
വ്യത്യസ്തതയുള്ള നല്ല നര്‍മ്മങ്ങള്‍ അവതരിപ്പിക്കാന്‍ വാഴക്കോടന് കഴിയുമെന്ന് അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് തെളിയിച്ചു. എന്നാല്‍ അശ്രദ്ധമായ എഴുത്ത് ചിലപ്പോഴെങ്കിലും അദ്ദേഹത്തില്‍ നിന്ന് ഉണ്ടാകുന്നത് ഒഴിവാക്കപെടേണ്ടതാണ്.

ഒരു പക്ഷേ നായ് കാല് പൊക്കി മൂത്രമൊഴിക്കുന്ന കാഴ്ച കണ്ടാലും, കണ്ടില്ലെ? നായ് എന്ത് വലിയ അഭ്യാസിയാണ്, ഒറ്റകാലില്‍ നിന്നല്ലേ അവന്‍ മൂത്രമൊഴിക്കുന്നതെന്ന് പറയുന്നതരത്തിലുള്ള കമന്റ് ദാതാക്കളെയായിരുന്നു ഓട്ടകാലണ അവിടെ വിമര്‍ശിക്കാന്‍ ശ്രമിച്ചതും അത്തരം “ഉപരിപ്ലവമായ സുഖിപ്പിക്കലില്‍ “ വാഴക്കോടന്‍ മയങ്ങരുതെന്നുമേ കഴിഞ്ഞ പോസ്റ്റിലെ ഓട്ടകാലണയുടെ കമന്റിന് ഉദ്ദേശമുണ്ടായിരുന്നുള്ളൂ.

എഴുത്തിന് പ്രോത്സാഹനമാവാം അത് അന്ധമായത് ആവരുത്.

എന്റെ കമന്റ് വാഴക്കോടനെ വേദനിപ്പിച്ചത് ആ സുഖിപ്പിക്കല്‍ കമന്റ് ദാതാക്കളെ ആക്ഷേപിച്ചത് കൊണ്ട് മാത്രമാണെങ്കില്‍ ഇതൊരു മാപ്പ് ചോദിക്കലായി കണക്കാക്കരുത്. മറിച്ചാണെല്‍ ഓട്ടകാലണ മാപ്പ് ചോദിക്കുന്നു.

ആളാവാന്‍ വേണ്ടിയാണ് ഈ കമന്റുകള്‍ എന്ന് ആക്ഷേപിക്കുന്നവര്‍ ഒന്നോര്‍ക്കണം മറഞ്ഞിരുന്ന് ആളായിട്ടെന്ത് എന്തു നേട്ടമാണ്. കമന്റിലും ചാറ്റിലും പെണ്‍ബ്ലോഗേഴ്സിന്റെ (മറിച്ചും) പോസ്റ്റിന്റെ ഇല്ലാത്ത അര്‍ത്ഥവിശാലത പറഞ്ഞ് സുഖിപ്പിക്കുന്ന ചിലരെ എനിക്ക് വ്യക്തിപരമായി അറിയാം. അവരെ വിമര്‍ശിക്കാന്‍ ഞാനൊരു അനോണിയാവേണ്ടത് എന്റെ ആവശ്യമാണ് . ഒരിക്കലും ആരെയും വ്യക്തിഹത്യ ചെയ്യാന്‍ ഓട്ടകാലണ മിനക്കെടില്ല തീര്‍ച്ച.

krish | കൃഷ് said...

പൊയിട്ട് വരുമ്പോള്‍ ലിഫ്റ്റ് ടെക്നോളജീയ്യൂടേയും ഓയില്‍ ലിഫ്റ്റ് ടെക്നോളജിയുടേയും പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സ് കഴിഞ്ഞേ വരാവൂ.
:)

പകല്‍കിനാവന്‍ | daYdreaMer said...

പ്രിയ സുഹൃത്തെ സഹതാപമുണ്ട്... കമെന്റിനും സുഖിപ്പിക്കലിനും മാത്രമായി എഴുതുന്ന ആളാകരുത്.. വിമര്‍ശനങ്ങളെ പോസിറ്റീവ് ആയി എടുക്കുക..ഭീരു ആകരുത്. താങ്കള്‍ക്കു ഇനിയും ഒരുപാട്‌ എഴുതുവാന്‍ കഴിയും..
Gud Luck..

Anil cheleri kumaran said...

നന്നായി ഓടക്കുഴലൂതുമായിരുന്നു....
പതിനാറായിരത്തിയെട്ടിന്റെ ഇടയനായിരുന്നു...
എന്നിട്ടും,
ഒരാട്ടിൻ കുട്ടി പിണങ്ങിയപ്പോ
പോയി തൂങ്ങിച്ചത്തു...
സത്യത്തിൽ നിങ്ങക്കെന്താ പറ്റിയേ...?
ഒരിക്കലും നിങ്ങൾക്കെ എഴുതാതിരിക്കാൻ പറ്റില്ല...

കനല്‍ said...

ഞാനിതോന്നും വിശ്വസിക്കൂലെന്റെ വാഴേ...

നീ എവിടെ പോവാനാ?
ബൂലോക പുലികളെ വരെ ചേറായി മീറ്റ് വിവാദത്തില്‍ ഞെട്ടിച്ച നീ? വെറും ഈ പീറ കമന്റിന്റെ പേരില്‍?


നോ അവിശ്വസനീയം... അടുത്ത പോസ്റ്റ് ലവനിട്ട് ഒരു കൊട്ട് കൊടുത്തോണ്ട് വരുമല്ലോ?


പഠിക്കട്ടെ ലവനൊക്കെ വാഴക്കോടന്‍ ആരാ മോനെന്ന്?

സജി said...

ഇന്നലെ രാത്രി, ഈ പോസ്റ്റ് ആദ്യം വായിച്ചതു ഞാനാണെന്നു തോന്നുന്നു.

പോസ്റ്റിനു നിദാനമായ കമെന്റ് വായിക്കാന്‍ പുറകോട്ടു പോയി, തിരിച്ചു വന്നാപ്പോഴേക്കും, രഞിത് വിശ്വത്തിന്റെ കമെന്റ് വന്നു കഴിഞ്ഞു. അതോടെ കമെന്റുവാനുള്ള ധൈര്യം ചോര്‍ന്നു പോയി.

സത്യം പറഞ്ഞാല്‍ ഏതൊക്കെയോ ചില അംശങ്ങളില്‍ ഞാന്‍ ഓട്ടക്കാലണയോടു യോചിക്കുക്കയാണ്. ആരും പിണങ്ങരുത്, എന്റെ നിലപാട് തെറ്റാണെങ്കില്‍ ഞാന്‍ തിരുത്താന്‍ തയ്യാറാണ്.

ചെറായിയില്‍, ഞാന്‍ കാണ്ട വാഴക്കോടന്‍ വളരെ വളരെ കഴിവുള്ള ഒരാളാണ്. സജ്ജീവേട്ടന്‍ കഴിഞ്ഞാല്‍, ഒരു പക്ഷേ, അവിടെ ഏറ്റവും നല്ല പ്രകടനം കാഴ്ച്ച വെച്ച, സദസ്സു കീഴടക്കിയ ആളാണ് വാഴക്കോടന്‍.

മലയാളം ബ്ലോഗ്ഗിന്റെ ആരംഭത്തില്‍, കൊടകരപുരാണവും മറ്റും ഉയര്‍ത്തിയ നര്‍മ്മ- ആക്ഷേപ-ഹാസ്യ സൃഷ്ടികള്‍ലുടെ പ്രേതം, നമ്മെ പിന്തുടരുന്നുണ്ടെന്നതു സത്യമല്ലേ?

കാര്യങ്ങള്‍ അല്പം കൂടി ഗൌവരമായി, എടുക്കേണ്ട് കാലമായിത്തുടങ്ങിയില്ലേ?

അതും വാഴക്കോടനെപ്പോള്ളവര്‍, ഇങ്ങനെ, ‘ടെപ്പു‘ സൃഷ്ടികളുമായി ഒതുങ്ങിക്കൂടാന്‍ പാടുണ്ടോ?. വളരെ ശ്രധേയമായ, രസിപ്പിച്ച, വാഴക്കോടന്റെ ചില പോസ്റ്റുകള്‍ലെ മറന്നിട്ടല്ല ഇപ്പറയുന്നത്.

സര്‍ഗ്ഗപരമായി കഴിവില്ലാത്തവര്‍ (including myself), അല്ലറചില്ലറ നര്‍മ്മവും, ചീഞ്ഞു തുടങ്ങിയ നൊസ്റ്റാള്‍ജിയായും കൊണ്ട് ബ്ലോഗു നിറയ്ക്കുമ്പോള്‍, വാഴക്കോടനേപ്പോള്ളവര്‍, ഓര്‍മ്മിക്കപ്പെടുന്ന സൃഷ്ടികളുമായി, മുന്നോട്ടു പോകുണമെന്നാണ് എന്റെ അഭിപ്രാ‍യം!

അല്പം കൂടി വിവരം ഉള്ളവര്‍ ഒരു അഭിപ്രായം പറഞ്ഞെങ്കില്‍ എന്നു ആഗ്രഹിച്ചു പോകുന്നു!

വാഷക്കോടാ: സൂഹൃത്തുക്കളേക്കാള്‍, പപ്പോഴും സത്യം സംസാരിക്കുന്നതു ശത്രുക്കളായിരിക്കും! (ഇതിനര്‍ത്ഥം,ഓട്ടക്കലണയോ, ഞാനോ ശത്രുക്കളാണെന്നല്ലല്ല്ലോഅല്ലേ?)

Patchikutty said...

അയ്യേ... ഇതെന്താ വാഴേ... എലിയെ പേടിച്ചില്ലോം ചുട്ടോണ്ട് ഏങ്ങോട്ടാ ഈ പോക്ക്‌... ഒരു അനോണിയെ കമന്റ്‌ കാരണം ബൂലോക ജീവിതം ബ്രേക്ക്‌ ചെയ്താല്‍ സഹോദരാ നിങ്ങള്‍ എന്‍റെ പ്രതീക്ഷയെ തകര്‍ക്കും തീര്‍ച്ച... അതല്ല സര്‍ഗ സൃഷ്ടിക്കുവേണ്ടിയുള്ള അടയിരിപ്പാണീ ഗാപ്‌ എങ്കില്‍ ഓക്കേ.

ബിനോയ്//HariNav said...

എന്തരൊക്കെയാണ് വാഴേ നീ പറയണത്! ബ്ലോഗ് പൂട്ടീട്ട് നീ ആക്രിക്കച്ചോടം തുടങ്ങാന്‍ പോവ്വാ? അതോ കമ്പ്യൂട്ടറ് കേടായത് ആഘോഷമാക്കണൂന്നേ ഉള്ളോ? എന്ത് പണ്ടാറായാലും ഒരു പത്ത് ദിവസം റെസ്റ്റെടുത്തിട്ട് ശ്ശടേന്ന് എഴുത്ത് തൊടങ്ങിക്കോളോ :))

Arun said...

പ്രിയപ്പെട്ട വാഴക്കോടന്‍,
താങ്കള്‍ ബ്ലോഗില്‍ ഒരു ഇടവേള ആവശ്യപ്പെടുന്നു, അത് അനുവദിച്ച് തന്നിരിക്കുന്നു.അതില്‍ കൂടുതലൊന്നും ഇപ്പോള്‍ പറയുന്നില്ല.
പിന്നെ സുഖിപ്പിക്കാനല്ല ഞാന്‍ ഇത് വരെ കമന്റ് ഇട്ടത് എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഒരു പ്രവാസിയാണ്. ജോലിയില്‍ വളരെയേറെ ടെന്‍ഷനുകള്‍ അനുഭവിക്കുന്ന ഒരു വ്യക്തിയാണ്.പലപ്പോഴും വാഴക്കൊടന്റെ ഒരു പോസ്റ്റ്‌ വായിച്ചാല്‍ ലഭിക്കുന്ന ഒരു മനസ്സമാധാനം പറഞ്ഞറിയിക്കാനാവാത്തതാണ്. അതിനു പകരമായി 'കൊള്ളാം, ഇനിയും എഴുതൂ' എന്നൊക്കെ പറഞ്ഞ് കമന്റ് ഇടുന്നത് അത്ര അപരാധമാണെന്നോ സുഖിപ്പിക്കലാണെന്നോ കരുതുന്നില്ല. എന്റെ കമന്റ് ഉണ്ടെങ്കിലേ വാഴക്കോടന്‍ അടുത്ത പോസ്റ്റ്‌ ഇടൂ എന്നും കരുതുന്നില്ല. ഇതൊരു സൗഹൃദം കൂടിയാണെന്ന് വിമര്‍ശകര്‍ അറിയുക. ഇത് വാഴക്കൊടന്റെ പോസ്റ്റില്‍ മാത്രം നടക്കുന്ന ഒരു കാര്യമായി പറഞ്ഞത് കൊണ്ട് പറഞ്ഞെന്നു മാത്രം.
വാഴക്കോടന്‍ ഉടന്‍ തിരിച്ച് വരും എന്നാ പ്രതീക്ഷയോടെ!

poor-me/പാവം-ഞാന്‍ said...

വാഴേട്ടാ
ഒരു കഥ കൂടി
ഒരിക്കല്‍ ഭാര്യയും ഭര്‍ത്തവും കൂടി കലഹം ആയി ...
ഒന്നു രണ്ടാഴ്ച മിണ്ടാതിരുന്നിട്ട് ഭാര്യ പറഞു എനിക്ക് വീട്ടില്‍ പോണം
എനിക്ക് ടിക്കട്ടെടുത്തു താ ഞാന്‍ പൊയിക്കൊള്ളം നിങളയിട്ടുള്ള ജീവിതം മടുത്തു ...
ടിക്കറ്റുമായി ഭര്‍ത്താവു വന്നപ്പോള്‍ ഭാര്യ ടിക്കറ്റ് എടുത്തു നല്ലവണ്ണം ഒന്നു വെരിഫൈ ചെയ്തിട്ട്.. കോപത്തോടെ അലറി " റിട്ടേണ്‍ ടിക്കറ്റ് എവിടെ ?

ചിന്തകന്‍ said...

എലിയെ തോല്പിക്കാന്‍ ആരെങ്കിലും ഇല്ലം ചുടുമോ...?

വാഴക്കോടന്‍ ആളത്ര സെന്‍സിറ്റീവ് ആണെന്ന് കരുതുന്നില്ല.

ഇതിലും വഴിയ പോഴത്തരങ്ങളുമായി ഇടവേളക്ക് ശേഷം തിരിച്ച് വരൂ.

Unknown said...

വാഴക്കോടാ ഒരു ഇടവേള നല്ലതാ അതിനു കുറച്ചുകൂടെ ഒരു നല്ല കാരണം പറയാമായിരുന്നു , ഒന്നൂല്ലേലും നമ്മൾ ത്രിശ്ശൂക്കാർ പുലികളല്ലെ :-)

സന്തോഷ്‌ പല്ലശ്ശന said...

വാഴേ...ഇതിത്തിരി കടുപ്പമായിപ്പോയി.... പക്ഷെ ഒരു കാര്യം ഞാന്‍ പറയാന്‍ ഇഷ്ടപ്പെടുന്നു. ഈ പോസ്റ്റ്‌ നിങ്ങളുടെ മനസ്സിന്‍റെ വലുപ്പത്തെയാണ്‌ കാണിക്കുന്നത്‌. തമാശകള്‍ എഴുതുകയും ചിരിപ്പിക്കുന്ന കമന്‍റുകളിലൂടേയും ഇന്‍റര്‍വ്യൂവിലൂടേയും ബൂലോകരെ ചിരിപ്പിക്കുന്ന ഈ വാഴക്കോടനില്‍ വളരെ പക്വമായ ഒരു മനസ്സുകൂടിയുണ്ടെന്ന്‌ ഇത്‌ ഒന്നുകൂടി ഉറപ്പിക്കുന്നു. നിങ്ങള്‍ക്കറിയുമൊ പാലക്കാട്ട്‌ ഞങ്ങള്‍ മുണ്ടകന്‍ കൃഷി കഴിഞ്ഞാല്‍ രണ്ടുമാസം വയലു പൂട്ടിയിടും (ഉഴുതിടും) കോടും വേനല്‍ ചൂടില്‍ മണ്ണുരുകി കിടക്കുമ്പോള്‍ ആ മണ്ണില്‍ നിന്ന്‌ ഒറ്റ മഴക്ക്‌ പൊട്ടി മുളക്കുന്ന പച്ചപ്പ്‌ - അതിന്‍റെ ജീവസ്സ്‌ - ആദ്യത്ത്‌ പൊടിപ്പിന്‍റെ (മുള) ഓജസ്സ്‌ ഒന്നു വേറെയാണ്‌. അതുകൊണ്ട്‌ ഈ ഇടവേള നല്ലൊരു സര്‍ഗ്ഗാത്മക മഴക്കു മുന്‍പുള്ള ഏകാന്ത വേനലാവട്ടെ...
വിജയാശംസകള്‍

രഞ്ജിത് വിശ്വം I ranji said...

സജീവേട്ടന്റെ കമന്റ് കണ്ടപ്പോള്‍ തോന്നിയത് പറയാതിരിക്കുവാനാവുന്നില്ല.
കൊടകര പുരാണം തൊട്ട് തുടങ്ങിയ ബ്ലോഗിലെ ചിരിയെഴുത്ത് ഒരു മഹാ അപരാധമായി എനിക്കു തോന്നുന്നില്ല. മലയാളം ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ളതും അതിനു തന്നെയാണ്. ബ്ലോഗില്‍ കമന്റിടുന്നവര്‍ പരസ്പരം സുഖിപ്പിക്കാനിടുന്ന ഒരിടപാടാണിതെന്ന് എന്റെ ഇതു വരെയുള്ള അനുഭവത്തില്‍ എനിക്കു തോന്നിയിട്ടില്ല. ബ്ലോഗുകളില്‍ ഞാനിട്ട കമന്റുകളൊന്നും ആരെയെങ്കിലും സുഖിപ്പിക്കണം എന്ന ഉദ്ദേശത്തോടെയല്ല താനും. ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലാത്ത ഒരു പക്ഷെ ഒരിക്കലും നേരില്‍ കണ്ടേക്കാനിടയില്ലാത്ത ആള്‍ക്കാരെ സുഖിപ്പിച്ചിട്ട് എന്തു കിട്ടാന്‍.
മറ്റു മാധ്യമങ്ങളില്‍ നിന്നും വ്യത്യസ്ഥമായി അഭിപ്രായം അപ്പോള്‍ തന്നെ അറിയിക്കാനുള്ള ഒരു സൌകര്യം ബ്ലോഗ് നമുക്ക് തരുന്നുണ്ട്. അതിനാല്‍ അഭിപ്രായം രേഖപ്പെടുത്തുന്നു എന്ന് മാത്രം.
മനുഷ്യരെ ചിരിപ്പിക്കുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമെന്നത് അനുഭവത്തില്‍ നിന്നും നിസ്സംശയം പറയാം. ഒരു സെന്റി ചട്ടക്കൂടിലെ കഥയെഴുത്തിനെക്കാള്‍ ഏറെ ബുദ്ധിമുട്ടാണത്.
അല്ലെങ്കില്‍ വിമര്‍ശകര്‍ ഒന്നെഴുതി നോക്കൂ ..അപ്പോഴറിയാം കാര്യം.
പിന്നെ ഓട്ടക്കാലണയുടെ കമന്റിനാധാരമായ പോസ്റ്റ് ബ്ലോഗില്‍ ഞാനിതു വരെ വായിച്ചിട്ടുള്ള എല്ലാ പോസ്റ്റില്‍ നിന്നും വ്യത്യസ്തമായതാണെന്നാണ് എനിക്കു തോന്നിയത്.
സംഭാഷണം മാത്രമുപയോഗിച്ച് ഒരു കഥയും പശ്ചാത്തലവും സ്രുഷ്ടിക്കുക എന്നത് ഒരു പുതുമ തന്നെയാണ്.. അത്യന്തം ബുദ്ധിമുട്ടുള്ളതും.
ആ കമന്റിട്ട ഓട്ടക്കാലണ എഴുതിയ ഒരു പോസ്റ്റ് പോലും ഞാന്‍ വായിച്ചിട്ടില്ല. അതു കൊണ്ട് അദ്ദേഹത്തിന്റെ ബ്ലോഗെഴുത്തിനെപറ്റി അറിയുകയുമില്ല.
ഇത്തരം വിമര്‍ശനങ്ങളെക്കാള്‍ പൊള്ളയെന്നു നിങ്ങളൊക്കെ പറയുന്ന പ്രോല്സാഹനങ്ങളാണ് നല്ലതെന്നാണ് എന്റെ വിനീതമായ അഭിപ്രായം

Anitha Madhav said...

ഇത് വരെ ഞാന്‍ വാഴക്കോടന്‍ എന്ന ബ്ലോഗറെ നേരില്‍ കണ്ടിട്ടില്ല.പക്ഷെ വാഴക്കോടന്‍ ഞങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ്. ഞങ്ങളുടെ വീട്ടിലെ സംസാരങ്ങള്‍ക്കിടയില്‍ പലപ്പോഴും വാഴക്കോടന്‍ കടന്നു വരാറുണ്ട്.അത് അദ്ദേഹത്തിന്‍റെ പോസ്റ്റുകള്‍ ഞങ്ങള്‍ക്കെല്ലാം ഇഷ്ടമായത് കൊണ്ടാണ്. അദ്ദേഹത്തിന്‍റെ പോസ്റ്റ്‌ നന്നായിരുന്നു എന്ന് പറയുന്നതില്‍ എന്താണ് തെറ്റ്?? അത് എങ്ങിനെയാണ് സുഖിപ്പിക്കലാകുന്നത്? കമന്റിലൂടെ സുഖം അനുഭവിക്കുന്ന പ്രത്യേക ജീവികളാണോ ബ്ലോഗര്‍മാര്‍? കമന്റ് ധാന്യം പുഴുങ്ങി തിന്നാണോ ബ്ലോഗര്‍മാര്‍ ജീവിക്കുന്നത്? ഇങ്ങനെയൊക്കെ പറയുന്നത് കഷ്ടമാണ്.
വാഴക്കൊടന്റെ പോസ്റ്റ്‌ ഇഷ്ടമാവാത്തവര്‍ അത് വായിക്കാന്‍ നില്‍ക്കണ്ട. ആരെയും കമന്റിടാന്‍ അദ്ദേഹം നിര്‍ബന്ധിക്കും എന്ന് ഞാന്‍ കരുതുന്നുമില്ല. പണം കൊടുത്ത വാങ്ങിയ പുസ്തകങ്ങള്‍ മോശമാണെങ്കില്‍ നമുക്കെന്ത്‌ ചെയ്യാന്‍ പറ്റും? ഇവിടെ വിമര്‍ശിക്കുന്നവര്‍ അതുപോലെ വല്ല പോസ്റ്റും ഇതിനു മുന്‍പ്‌ എഴുതിയവരാണെങ്കില്‍ മനസ്സിലാക്കാം. ഇതിനു മുന്‍പ്‌ ഒരു പോസ്റ്റ്‌ ഒരു വായനക്കാരന്റെ അഭിപ്രായത്തെ മാനിച്ച് എഡിറ്റ്‌ ചെയ്ത് വാഴക്കോടന്‍ റീ പോസ്റ്റ്‌ ചെയ്തത്‌ ഞാന്‍ ഓര്‍ക്കുന്നു. പിന്നീട് വാഴക്കോടന്‍ എഴുതിയ പോസ്റ്റുകള്‍ വിമര്‍ശനങ്ങള്‍ ഇല്ലാത്തതിനാല്‍ നന്നായില്ല എന്ന് പറയാന്‍ വിമര്‍ശകര്‍ക്കാവുമോ?
ഞാന്‍ വല്ലപ്പോഴും കവിത എഴുതാറുണ്ട്, എന്ന് കരുതി എന്നെ വിമര്‍ശിച്ചാല്‍ നന്നാവും എന്ന് ഞാന്‍ കരുതുന്നില്ല.അപ്പോഴും എനിക്കറിയുന്നത് പോലെ മാത്രമേ എഴുതാന്‍ കഴിയൂ.
ദയവായി അനാവശ്യ വിമര്‍ശനങ്ങളില്‍ നിന്നും വാഴക്കോടനെ ഒഴിവാക്കൂ. അദ്ദേഹത്തിന്‍റെ ശൈലിയില്‍ പോസ്റ്റുകള്‍ ഇടാന്‍ അദ്ദേഹത്തെ അനുവദിക്കൂ. നിങ്ങള്‍ക്കിഷ്ടപ്പെട്ടില്ലെങ്കില്‍ അത് മാത്രം പറയൂ, കമന്റ് ചെയ്യുന്നവരെ സുഖിപ്പീര് കാരാണെന്ന് പറയാതിരിക്കാനുള്ള മാന്യതയെങ്കിലും കാണിക്കൂ! പ്ലീസ്‌!

സജി said...

വാഴക്കോടന്റെ വായനക്കാരെ വേദനിപ്പിക്കുക എന്നൊരു ഉദ്ദേശം എനിക്കില്ലെന്നു എന്റെ കമെന്റ് വായിച്ചാല്‍ മനസിലാകും.

ചിരിബ്ലോഗുകള്‍ അപരാധമാണെന്നും സൂചനയില്ല!. പക്ഷേ വാഴക്കോടനെപ്പോലെയുള്ള ഒരാള്‍ ഇതില്‍ “ഒതുങ്ങി“പ്പോകരുതെന്നേ, ഞാന്‍ പറഞ്ഞതിനു അര്‍ത്ഥമുള്ളൂ.

“സുഖിപ്പിക്കുക“ എന്ന പ്രയോഗം എന്റേതല്ലാത്തതിനാല്‍, അതേപ്പറ്റിയുള്ള പ്രതികരണം എന്നോടല്ല എന്നു കരുതുന്നു.


ഒരിക്കല്‍ക്കൂടി ഓട്ടക്കാലണ എഴുതിയ കമെന്റ് ( ഈ പോസ്റ്റിലെ)വായിച്ചു നോക്കികയപ്പോള്‍ അതില്‍ കാര്യമായ ഒരു അപാകതയും എനിക്കു കാണാന്‍ കഴിഞ്ഞില്ല. മാത്രമല്ല, ഓട്ടക്കാലണ, വാഴക്കോടനോടു മാപ്പു ചോദിക്കുകയും ചയ്തു ( അദ്ദേഹത്തിനെ വേദനിപ്പിച്ചുവെങ്കില്‍).

നാളെ ഒരു വേള, മലയാള(ബ്ലോഗു) സാഹിത്യത്തിനു നിര്‍‍ണ്ണായകമായ സംഭാവനകള്‍ ചെയ്തിട്ടു വാഴക്കോടന്‍ തിരിഞ്ഞു നോക്കുമ്പോള്‍ , ഓട്ടക്കലണയെ ഓര്‍ക്കാന്‍ സാധ്യതയുണ്ടെന്നു പ്രവചിച്ചുകൊണ്ട് ഞാന്‍ നിര്‍‍ത്തുന്നു.

പള്ളിക്കുളം.. said...

വാഴക്കോടന്റെ ചില പോസ്റ്റുകൾ എനിക്കിഷ്ടപ്പെടാത്തവയുണ്ട്. ചില കമന്റുകൾ അങ്ങനെ തന്നെ ഇട്ടിട്ടുമുണ്ട്. അനോണീം കിനോണീം ഒന്നുമായിട്ടല്ല. സുനോണിയായിട്ടുതന്നെ. താങ്കൾ ഓണം പ്രമാണിച്ചെഴുതിയ ഒരമ്മയുടെ കഥ. എനിക്കു മാത്രമല്ല പലർക്കും അതു പിടിച്ചില്ല. കാരണം വായനക്കാർ താങ്കളിൽ നിന്നും മെച്ചപ്പെട്ടത് പ്രതീക്ഷിക്കുന്നു. കാരണം താങ്കൽ ഒരു മെച്ചപ്പെട്ട എഴുത്തുകാരനാകുന്നു. ഞാനൊരു വാഴക്കോടൻ ഫാനല്ല. പക്ഷെ വാഴക്കോടൻ ഏത് പോസ്റ്റ് ഇട്ടാലും വായിക്കാറുണ്ട്. വാഴക്കോടൻ വായിപ്പിക്കും.
അതാണ് വാഴക്കോടൻ.
ഇനി വാഴക്കോടൻ ആരാണെന്നു വാഴക്കോടന് അറിയാൻ മേലെങ്കിൽ വാഴക്കോടൻ എന്നോടു ചോയിക്ക് വാഴക്കോടൻ ആരാന്ന്.. അപ്പൊ ഞാൻ പറയും വാഴക്കോടൻ ആരാണെന്നും എന്താണെന്നും.
താങ്കളെപ്പോലെയുള്ള നല്ല ബ്ലോഗേഴ്സാണ് ബൂലോകത്തിനു വായനക്കാരെ ഉണ്ടാക്കുന്നത്. വായനക്കാരെക്കാളധികം എഴുത്തുകാരാണ് ഇപ്പോ ഈ ലോകത്തുള്ളത്. എഴുതുന്നവർ തന്നെ വായിക്കുന്നു. വായിക്കുന്നവർ തന്നെ എഴുതുന്നു. കൂടുതൽ വായനക്കാരെ ആകർഷിക്കുവാൻ താങ്കളെപ്പോലെയുള്ളർക്കേ സാധിക്കൂ. ഞാൻ എന്റെ സുഹ്രുത്തുക്കളെയൊക്കെ ക്ഷണിക്കുന്നത് നിങ്ങളുടെയൊക്കെ പേരു പറഞ്ഞാണ്. “ നീ ഇന്നലെ ഇ മെയിലിൽ വായിച്ച തമാശയില്ലേ.. അതു വാഴക്കോടൻ എന്ന ഒരാൾ എഴുതിയതാണ്, അല്ലെങ്കിൽ ബെർളി എഴുതിയതാണ്.. ബൂലോകത്ത് ഇനിയും എത്രയോ പുലികൾ കിടക്കുന്നു വരുവിൻ.. കാണുവിൻ.. എന്നൊക്കെ പറഞ്ഞാണ് ആളെ കൂട്ടുന്നത്. വായനക്കാരില്ലെങ്കിൽ പിന്നെ എന്തു ബൂലോകം?
ഒരു കാലത്തും ഒരു കലാകാരനും മുച്ചൂടും മൂല്യവത്തായവ പടച്ചു വിട്ടിട്ടില്ല. അതു കൊണ്ട് മടങ്ങി വരുന്നെങ്കിൽ വാ..
ദേ ഇത് അവസാനമായിട്ട് വിളിക്കുകയാ..
വരുന്നോ ഇല്യോ?...

ഇല്ലെങ്കി അവിടിരുന്നോ..
ഞങ്ങള് പഴയതൊക്കെ വായിച്ചു വായിച്ചിരുന്നോളാം..
ഹല്ല പിന്നെ!!

അനില്‍@ബ്ലോഗ് // anil said...

അയ്യോ വാഴേ പോകല്ലെ ..
അയ്യോ വാഴേ പോകല്ലെ ...
അയ്യോ വാഴേ പോകല്ലെ ....
(ചിന്താവിഷ്ടായായ ശ്യാമള സ്റ്റൈല്‍)
:)
ഇത്രായും തമാശ.

വാഴക്കോടാ,
കമന്റുകള്‍ പലരൂപത്തിലും വരും.അനോണിക്കമന്റാണെന്ന് കരുതി അത് അവഗണിക്കപ്പെടേണ്ടതാണെന്ന് എനിക്ക് അഭിപ്രായവുമില്ല. പക്ഷെ വിമര്‍ശനം, അത് അല്പം കടുത്തതാണെങ്കിലും സ്വയം ചിന്തക്ക് വഴിയൊരുക്കുമെങ്കില്‍ അത് നല്ലതല്ലെ. ബ്ലോഗിനെ വിമര്‍ശിക്കുന്നതിനു പകരം ബ്ലോഗ് വായനക്കാരെ പഴി പറയാനാരെങ്കിലും ശ്രമിച്ചാല്‍ അത് തടയപ്പെടേണ്ടതുമാണ്. പക്ഷെ അത് ബ്ലോഗ് എഴുതുന്നത് നിര്‍ത്തിയല്ല, പകരം അത് തടയുക എന്നതാണ് ചെയ്യേണ്ടത്. അത് ബ്ലോഗെഴുത്ത് മെച്ചപ്പെടുത്തി വേണമെങ്കില്‍ അങ്ങിനെ.

മുമ്പൊരിക്കല്‍ ഞാനും ഒരു കമന്റ് ഇട്ടിരുന്നു, കുഞ്ഞീവി / താത്ത ഒന്ന് മാറ്റിപ്പിടിക്ക് എന്ന്. മറ്റൊന്നുംകൊണ്ടല്ല, ടൈപ്പ് കഥാപാത്രങ്ങളില്‍ കിടന്ന് കറങ്ങേണ്ട ആളല്ല വാഴക്കോടന്‍ എന്ന് തോന്നലുണ്ടായതുകൊണ്ടാണ്. സ്വന്തം ശൈലി പ്രദര്‍ശിപ്പിക്കാന്‍ നിങ്ങള്‍ക്കാവും.അതാണ് കൂടുതല്‍ നന്നാവുക, ഒരു ചേഞ്ച് ആര്‍ക്കാണിഷ്ടമല്ലാത്തത്.
:)

വാഴക്കോടാ, കമന്റുകളെ വിട്ടുകള.
എഴുതണം എന്ന് തോന്നുന്നവ എഴുതുക, ഉപരിപ്ലവമായ സുഖിപ്പിക്കല്‍ കമന്റ് മാത്രം മതി എന്ന് കരുതാതിരിക്കുക.

വായനക്കാരെ മോശക്കാരനാക്കാന്‍ ശ്രമിക്കുന്നത് ഒരു ഗൂഢ തന്ത്രമാണ്, ഞങ്ങളാരുമതില്‍ വീഴാനും പോകുന്നില്ല.

അപ്പോ ഒന്നൂടെ,

അയ്യോ വാഴേ പോകല്ലെ.
അയ്യോ വാഴേ പോകല്ലെ...

Sabu Kottotty said...

:((???!!!

ഓട്ടകാലണ said...

ഓട്ടകാലണയുടെ അഭിപ്രായങ്ങളെ വാഴക്കോടന്റെ പോസ്റ്റില്‍ വായനക്കാര്‍ വളച്ചൊടിക്കുന്നതിന്റെ കാരണം മനസിലാകുന്നില്ല.

വാഴക്കോടന്റെ വായനക്കാരെ ഒന്നടങ്കം അടച്ചാക്ഷേപിച്ച് ഒരു കമന്റ് ഞാനിട്ടിട്ടില്ല എന്നത് എന്റെ കമന്റുകള്‍ വായിച്ചാല്‍ മനസിലാകും. ഞാനും വാഴക്കോടന്റെ പോസ്റ്റുകള്‍ വായിക്കുന്ന ഒരു വ്യക്തിയാണ്. ഒരു വായനക്കാരന്‍ എന്ന നിലയില്‍ തന്നെ ആയിരുന്നു എന്റെ ആദ്യകമന്റ്. അതില്‍ ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിച്ചിട്ടില്ല.

എന്റെ കമന്റിന് അദ്ദേഹത്തിന്റെ മറുപടിയെ ഞാന്‍ ബഹുമാനിക്കുന്നുവെന്ന് പറഞ്ഞു തന്നെയാണ് എന്റെ അടുത്ത കമന്റും. എന്നേപോലെ തന്നെയുള്ള വായനക്കാര്‍ എനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍, അതായത് വാഴക്കോടനെ വിമര്‍ശിക്കാന്‍ പാടില്ല എന്ന അര്‍ത്ഥത്തിലുള്ളതായിരുന്നു. അവര്‍ക്കു തന്നെയാണ് അന്ധമായ ആരാധന എന്ന അര്‍ത്ഥത്തില്‍ ഞാന്‍ മറുപടി കൊടുത്തതും.

വാഴക്കോടന്‍ പുതിയ പോസ്റ്റുമായി ഉടന്‍ വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഒരു വാഴക്കോടനോട് എനിക്ക് അസൂയ ഉണ്ടാകേണ്ട ആവശ്യമില്ല. അദ്ദേഹത്തിന്റെ എഴുത്തുകളിലൂടെ എന്നിലെ വായന അദ്ദേഹവുമായി അത്ര അടുപ്പിച്ചിട്ടുണ്ടാ‍യിരുന്നു, ആ സ്വാതന്ത്ര്യമായിരുന്നു എന്റെ ആദ്യ കമന്റ്.

നരിക്കുന്നൻ said...

വാഴക്കോടൻ എന്ന ബ്ലോഗ്ഗെറും അങ്ങനെ തൽകാല അവദിയിലേക്ക് പ്രവേശിക്കയാണ്. ഇനിയുമൊരു കൊടുങ്കാറ്റായി വാഴക്കോടെന്റെ തിരിച്ച് വരവിനുള്ള ചെറിയൊരു ഇടവേളയായി ഇതിനെ കാണുന്നു. മറ്റ് കാര്യങ്ങളെ കുറിച്ച് ആധികാരികമായും ആത്മാർത്ഥമായും വിവരമുള്ളവർ പ്രതികരിച്ചിട്ടുണ്ട്. ശരിയെന്തെന്നും സ്വീകരിക്കേണ്ടതേതെന്നും വ്യക്തമായി മനസ്സിലാക്കാൻ ശേഷിയുള്ള ആളാണ് വാഴക്കോടൻ എന്ന് മനസ്സിലാക്കുന്നു.

അത്മാർത്ഥമായി ആശംസകൾ നേർന്ന് കൊണ്ട്, സുഹൃത്ത്
നരി

പണ്യന്‍കുയ്യി said...

കാണണം

നാട്ടുകാരന്‍ said...
This comment has been removed by the author.
നാട്ടുകാരന്‍ said...

വാഴയാത്രേ ....വാഴ!
കഷ്ടം .... അപ്പോള്‍ വാഴ എഴുതിയിരുന്നത് കുറെ കമെന്റുകള്‍ക്ക് വേണ്ടിയായിരുന്നോ ?
അല്ല എന്ന് വിചാരിക്കാനാണ് എനിക്കിഷ്ടം .
ബ്ലോഗിന്റെ അടിസ്ഥാനം തന്നെ വിമര്‍ശകരുടെയും പ്രസാധകരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ നോക്കാതെ എനിക്കിഷ്ടമുള്ളതെന്തും (അത് ചിലപ്പോള്‍ ഹാസ്യമാവാം,ആക്ഷേപമാവാം അങ്ങനെ എന്തും ചിലപ്പോള്‍ അശ്ലീലവും തെറിയും വരെ ആവാം) പൊതുജനത്തിന്റെ മുന്‍പില്‍ പ്രസിദ്ധീകരിക്കുക എന്നതല്ലേ? താല്പര്യമുള്ളവര്‍ വായിക്കുന്നു,അല്ലാത്തവര്‍ വായിക്കുന്നില്ല. നമ്മള്‍ ആരെയും ഒന്നിനും നിര്‍ബന്ധിക്കുന്നില്ല. വാഴയുടെ പോസ്റ്റ്‌ വായിക്കാത്തവര്‍ ബ്ലോഗില്‍ വരാന്‍ പാടില്ല എന്നൊന്നുമില്ലല്ലോ ? അപ്പോള്‍ ചില കമെന്റുകള്‍ വന്നു എന്ന് കരുതി എഴുതി എഴുതുന്നില്ല എന്ന് പറയുന്നത് ബ്ലോഗിനെ യഥാര്‍ത്തത്തില്‍ മനസിലാക്കാത്തതുകൊണ്ടാനെന്നു മാത്രമേ ഞാന്‍ പറയൂ .... വാഴയെപ്പോലെ ധാരാളം വായനക്കാരുള്ള ഒരു എഴുത്തുകാരന്‍ ഒരു കമെന്റ് വന്നു എന്നാ കാരണത്താല്‍ എഴുത്ത് നിര്‍ത്തുന്നു എന്ന് പറയുന്നത് സ്വയം "പുപ്പുലി" ആണെന്ന് തോന്നുന്നത് കൊണ്ടാണെങ്കില്‍ മഹാകഷ്ടം. മിക്കപ്പോഴും ബ്ലോഗില്‍ സുഖിപ്പിക്കലുകള്‍ കൊണ്ട് ഇങ്ങനെ "പുപ്പുലി " സൃഷ്ടികള്‍ നടത്താറും നടത്തിക്കാരുമുണ്ട്. വിമര്‍ശനങ്ങള്‍ ഇഷ്ടമില്ലെങ്കില്‍ കമെന്റ് ഓപ്ഷന്‍ അടച്ചു വെക്കാനുള്ള സ്വാതന്ത്ര്യവും ബ്ലോഗ്‌ വാഴക്ക്‌ നല്‍കുന്നുണ്ട്. അല്ലെങ്കില്‍ കമെന്റ് മൊടറെഷന്‍ വെക്കുക. ഇഷ്ടമുള്ള കമെന്റുകള്‍ മാത്രം പ്രസിദ്ധീകരിക്കുക. അതൊകൊണ്ട് തന്നെ കരീം മാഷിന്റെയും ഓട്ടക്കാലനയുടെയും അഭിപ്രായങ്ങളോട് എനിക്ക് യോജിപ്പുണ്ട്.

ബ്ലോഗ്‌ എഴുത്ത് എപ്പോള്‍ വേണമെങ്കിലും നിര്‍ത്താനും തുടങ്ങാനും വാഴക്ക്‌ സ്വാതന്ത്ര്യമുണ്ട്. അതില്‍ കമെന്റ് ഓപ്ഷന്‍ ഉണ്ടെങ്കില്‍ ആര്‍ക്കും തോന്നുന്നതെന്തും അവരവരുടെ നിലവാരവും മനോധര്‍മ്മവുമാനുസരിച്ച് കമെന്റാനും ബ്ലോഗ്‌ അവസരം നല്‍കുന്നുണ്ട്. എല്ലാം വാഴക്ക്‌ തീരുമാനിക്കാം.

വാഴയുടെ പോസ്റ്റുകള്‍ വായിക്കുകയും അതിലെ ചില നര്‍മ്മങ്ങള്‍ ഇഷ്ടപ്പെടുകയും ചില നര്‍മ്മങ്ങള്‍ ഇഷ്ട്ടപ്പെടാതിരിക്കുകയും ‍ ചെയ്യുന്ന ഒരു വായനക്കാരന്‍ സുഹൃത്ത്‌ .

ഓട്ടകാലണ said...

ഒരു പുതു ബ്ലോഗാണെന്ന കാരണത്താല്‍
ബൂലോക പത്രങ്ങളൊന്നും ഓട്ടകാലണയെ ഇന്റര്‍വ്യൂ ചെയ്യാല്‍ സാധ്യതയില്ലാത്തതുകൊണ്ട്, ഓട്ടകാലണയുടെ അഭിമുഖം
സ്വന്തം ബ്ലോഗില്‍
പോസ്റ്റിയിട്ടുണ്ട്.

താല്‍പ്പര്യമുള്ളവര്‍ വായിക്കുമല്ലോ?

(ഈ പോസ്റ്റില്‍ ഓട്ടകാ‍ലണ പരസ്യം ചെയതത് അപരാധമായി പോയെങ്കില്‍ വാഴക്കോടന് ഈ കമന്റ് ഡിലീറ്റ് ചെയ്യാം. അതിന്റെ പേരില്‍ ഓട്ടകാലണയ്ക്ക് വാഴക്കോടനോടുള്ള സ്നേഹവും ബഹുമാനത്തിനും കുറവുണ്ടാകുകയുമില്ല. അഗ്രികളില്‍ കാണിക്കാത്തതുകൊണ്ടാണ് ഈ അവിവേകം)

സച്ചിന്‍ // SachiN said...

അപ്പോള്‍ ഓട്ടകാലണ എന്ന അനോണിയുടെ ഉദ്ദേശം എന്താണെന്ന് ഇപ്പോള്‍ മനസ്സിലായി. അതിന് ഈ വഴി സ്വീകരിക്കെണ്ടിയിരുന്നില്ല.വാഴക്കോടനെപ്പോലെ കൂടുതല്‍ വായനക്കാരുള്ള ബ്ലോഗില്‍ ഇത്തരത്തില്‍ അനാവശ്യ വിവാദം ഉണ്ടാക്കിയാലേ ശ്രദ്ധിക്കപ്പെടൂ എന്ന ഒറ്റ കാരണം കൊണ്ടാണ് ഇതൊക്കെ ചെയ്തത് എന്നു ഓട്ടക്കാലണയുടെ അത്രയും അനുഭവവും വിവരവും ഇല്ലാത്ത ഞാന്‍ മനസ്സിലാക്കുന്നു.

ഒരു അര്‍ത്ഥത്തില്‍ ഞാനും ഒരു അനോണിയാണ്. എന്നെ അറിയുന്നവര്‍ എന്റെ അടുത്ത സുഹ്രുത്തുക്കള്‍ മാത്രം.വാഴക്കോടന്റെ ഒരു പോസ്റ്റ് ഇ-മെയിലില്‍ കിട്ടിയപ്പോള്‍ അതിന്റെ ഉറവിടം അന്വേഷിച്ചാണ് ഞാന്‍ ഈ ബ്ലോഗില്‍ എത്തിപ്പെട്ടത്.
വൈവിധ്യമാര്‍ന്ന ശൈലിയില്‍ എഴുതുന്ന വാഴക്കോടന്റെ പോസ്റ്റുകള്‍ ഇഷ്ടമായി, കൊള്ളാം എന്നൊക്കെ പറയുന്നത് സുഖിപ്പിക്കലാകുന്നത് എങിനെയാണെന്ന് മനസ്സിലാകുന്നില്ല.

വാഴക്കോടന്റെ പോസ്റ്റില്‍ കമന്റിടുന്നവര്‍ “സെക്സി നടിമാര്‍ക്ക് പോലും അമ്പലം സ്ഥാപിച്ച് ആരാധിക്കുന്ന നിഷ്കളങ്കരായ തമിഴരും ഈ കമന്റ് ദാതാക്കളും തമ്മില്‍ വ്യത്യാസമില്ലെന്ന്“ പറയാന്‍ ഓട്ടകാലണയ്ക്ക് എന്താണ് അര്‍ഹത? മറ്റു ബ്ലോഗുകളിലൊന്നും ഇതൊക്കെ നടക്കുന്നില്ലെ? അതൊന്നും കാണാതെ ഇവിടെ വന്ന് പ്രതികരിച്ചത് ഓട്ടക്കാലണയുടെ മാര്‍ക്കറ്റിങ് തന്ത്രമാണെന്ന് മനസ്സിലാക്കിത്തന്നതില്‍ നന്ദി.

Koonanurumpu said...

ബ്ലോഗില്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞന്നു കരുതി നിര്‍ത്തേണ്ട ആവശ്യം ഒന്നും ഇല്ല . വലിയ കവിയോ സാഹിത്യകാരനോ ഒന്നും ആയതോകൊണ്ടാല്ലല്ലോ ഇത്രയും ബ്ലോഗര്‍മാര്‍ ഇവിടെ ഉള്ളത് . ആരോടും എന്റെ ബ്ലോഗ് വായിക്കട പട്ടികളെ എന്ന് നിങ്ങള്‍ പറയുന്നും ഇല്ല . അതല്ലെങ്കില്‍ തന്റെ ബ്ലോഗ് വായിച്ചില്ലെങ്കില്‍ ഗുണ്ടകളെ കൊണ്ടു തല്ലിക്കും എന്ന് പറയുന്നും ഇല്ല . പിന്നെ നിലവാരം അത് താങ്കളുടെ ഇഷ്ടം . ഞാന്‍ ഒരു ബ്ലോഗു തുടങ്ങിയിട്ട് മാസം രണ്ടായി കാര്യമായ വായനക്കാര്‍ ഒന്നും ഇല്ല കമന്റ്സും ഇല്ല . എഴുതാന്‍ നന്നായി അറിയുകയുമില്ല . അക്ഷര തെറ്റ് വേണ്ടുവോളം . എന്നിട്ടും ഞാന്‍ നിര്‍ത്ത്തുന്നില്ലല്ലോ . എഴുതുന്നത് നമ്മുടെ ഇഷ്ടം വായികുന്നത് വായനകാരന്റെ ഇഷ്ടം അത്രെയേ ഉള്ളു . ഏതായാലും തുടര്‍ന്ന് എഴുതുകയോ എഴുതാതിരിക്കുന്നതോ നിങ്ങളുടെ ഇഷ്ടം - താങ്ക്സ്

ഓട്ടകാലണ said...

പ്രിയ സച്ചിന്‍ എന്ന സുഹ്യത്തുക്കള്‍ക്ക് മാത്രം അറിയാവുന്ന അനോണീ,

ഓട്ടകാലണ ഇപ്പോഴിട്ട പോസ്റ്റ് എഴുതി വച്ചിട്ട് ഒരുപാട് നാളായി. എന്നാല്‍ വാഴക്കോടന്റെ പോസ്റ്റില്‍ കമന്റിട്ടതുമായ കാര്യങ്ങള്‍ അവിടെ ഇന്നലെ തിരുകി കയറ്റിയതാണ്. സുഹ്യത്തുക്കള്‍ക്ക് മാത്രം അറിയാവുന്ന അനോണിയാണ് താനെങ്കില്‍, ഞാന്‍ സുഹ്യത്തുക്കള്‍ക്ക് പോലുമറിയാത്ത അനോണിയാണ്. കാരണം എനിക്ക് പറയാനുള്ളത് പറയുകയും വേണം, എന്നാല്‍ അത് വഴി എന്റെ സുഹ്യത്ത് ബദ്ധങ്ങള്‍ക്ക് ഉലച്ചില്‍ സംഭവിക്കാനും പാടില്ല എന്ന ഉദ്ദേശം മാത്രമാണ് ഇതിനു പിന്നില്‍.

പിന്നെ ഞാന്‍ ഈ പോസ്റ്റില്‍ ഒരു വിവാദത്തിനായി അവതരിച്ചതല്ലെന്ന് എന്റെ ആദ്യ രണ്ട് കമന്റുകള്‍ വായിച്ചാല്‍ മനസിലാവും. വാഴക്കോടന്റെ ഒരു പോസ്റ്റില്‍ ഒരു വായനക്കാരന്‍ എന്ന നിലയില്‍ എന്റെ അഭിപ്രായം ഞാന്‍ പറഞ്ഞു. അതിനു വാഴക്കോടന്‍ മറുപടിയും പറഞ്ഞു. എന്നാല്‍ ലവനെ കൊല്ലണോ കൈവെട്ടണോ, ശ്രദ്ധ നേടാനാ ലവന്‍ അങ്ങനെ പറഞ്ഞത്, വാഴക്കോടാ വേദനിക്കല്ലേ. തുടങ്ങിയ ടൈപ്പ് കമന്റ് കണ്ടപ്പോഴാണ് ഞാനീ ആരാധകരുടെ കാര്യം പറഞ്ഞത്. അതായത് വാഴക്കോടന്റെ പോസ്റ്റില്‍ വിമര്‍ശിക്കുന്നവരെ ഞങ്ങള്‍ ഏറ്റെടുത്തോളാമെന്ന ഈ സമീപനത്തിന്, അമ്പലം ഉണ്ടാകുന്ന തമിഴരെ ക്കാള്‍ വലിയ ഒരു ഉപമ ഓട്ടക്കാലണയ്ക്ക് അപ്പോ തോന്നിയില്ല. ക്ഷമിക്ക്...

ഓട്ടകാലണ ഇതിനുമുമ്പും ഇത്തരം അഭിപ്രായങ്ങള്‍ പലരുടെയും പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. അവ ഡിലീറ്റ് ചെയ്തവര്‍ പോലുമുണ്ട്, അതിലൊന്നും ഓട്ടകാലണയ്ക്ക് പരിഭവവുമില്ല. ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് ഇനിയും വാഴക്കോടന്റെ പോസ്റ്റില്‍ പറയും , അത് നല്ലത് ആയാലും ചീത്തയായാലും . ഇനി ആ ടീമുകള്‍ക്ക് വാഴക്കോടന്‍ കൊട്ടേഷന്‍ കൊടുത്താലും ഓട്ടകാലണ നിസംശയം ഇത്തരം വെല്ലുവിളികള്‍ ഏറ്റെടുക്കും.

വാഴക്കോടന്റെ പ്രതിഭയെ വളര്‍ത്തേണ്ടത് ഇത്തരം വിമര്‍ശനങ്ങള്‍ കൂടി ചേര്‍ന്നാണ് എന്ന് കമന്റിട്ടരെ വിനയപൂര്‍വ്വം സ്മരിക്കുന്നു.

Unknown said...

ബൂലോകകത്തെ മൊത്തമായി നന്നാക്കാനിറങ്ങിയ ഓട്ടക്കാലണയുടെ പോസ്റ്റില്‍ ഞാനൊരു കമന്റിട്ടിരുന്നു. അത് ഇതു വരെ വെളിച്ചം കണ്ടില്ല.. അപ്പോ വിമര്‍ശനത്തിലേ ഉള്ളൂ ആവേശം വിമര്‍ശിക്കപ്പെടുമ്പോള്‍ ഇഷ്ടമാകുന്നില്ല അല്ലേ..

Unknown said...

ഞാന്‍ വല്ലപ്പൊഴുമൊക്കെ കയറി നോക്കുന്ന ഒരു ബ്ലോഗാണ് ഇത്, അതുകൊണ്ട് തന്നെ സംഭവവികാസങ്ങളുടെ പൂര്‍ണ്ണരൂപം അറിയില്ല. എങ്കിലും ഒരു കമന്റിന്റെ പേരില്‍ ബ്ലോഗെഴുത്ത് നിര്‍ത്തുന്നത് ശരിയായ ഒരു കാര്യമായി തോന്നുന്നില്ല. ആദ്യമേ, ഉപയോഗിക്കുന്നയാളുടെ സൃഷ്ടി ആരോടും ഒരു കടപ്പാടുമില്ലതെ അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം പ്രസിദ്ധീകരിക്കാമെന്നതാണ് ബ്ലോഗ് എന്ന മാധ്യമം തരുന്ന സ്വാതന്ത്ര്യം തന്നെ. ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അതിന്റെ പ്രസാധകരോട് കടപ്പാട് ഉണ്ടായിരിക്കും, ഉണ്ടായിരിക്കണം. അപ്പോള്‍ ബ്ലോഗില്‍ ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കുമ്പോള്‍, അതു വായിക്കന്‍ താങ്കള്‍ ആരെയെങ്കിലും നിര്‍ബന്ധിക്കാത്തിടത്തോളം, താങ്കള്‍ക്ക് വായനക്കരോട് പ്രത്യേകിച്ച് ഒരു കടപ്പാടിന്റേയും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അത് വായിച്ച് അഭിപ്രായം എഴുതാനും എഴുതാതിരിക്കനുമുള്ള സ്വാതന്ത്ര്യം അവര്‍ക്കുമുണ്ട്. അഭിപ്രായങ്ങള്‍ പോസ്റ്റിലെ വിഷയത്തെകുറിച്ചായിരിക്കണം, വ്യക്തിപരമാകരുതെന്നാണ് എന്റെ അഭിപ്രായം. ആ അഭിപ്രായം നല്ലതും ചീത്തയുമാകാം, അനോണിയുടേയോ സുനോണിയുടേതോ ആകാം, പക്ഷെ സഭ്യമായിരിക്കണമെന്നുമാത്രം. സഭ്യമല്ലാത്തവയും, വ്യക്തിപരമായി അധിക്ഷേപിക്കുന്നവയും നീക്കം ചെയ്യപ്പെടേണ്ടവയുമാകുന്നു. പിന്നെ ഒരു കമന്റിന്റെ പേരില്‍ എഴുത്ത് നിര്‍ത്തേണ്ട കാര്യം എന്താണെന്നു പിടികിട്ടുന്നില്ല. താങ്കള്‍ക്ക് സ്വയം വിരമിക്കാന്‍ തോന്നുന്നതുവരെ തുടരുമെന്നു പ്രതീക്ഷിക്കുന്നു...

കാട്ടിപ്പരുത്തി said...

എടാ പൊട്ടാ വാഴക്കോടാ-
ഇതാണു ജീവനുള്ള പോഴത്തരം- മറ്റതല്ലാം ഞങ്ങള്‍ക്കിഷ്ടമുള്ള പോഴത്തരം,
എല്ലാം അറിയാവുന്നവരെല്ലന്നും ഇത്രയൊക്കേ ഞാനുള്ളുവെന്നുമറിഞ്ഞുതന്നെയല്ലെ നാമെല്ലാമെഴുതുന്നത്, അല്ലെങ്കില്‍ നാം ചുല്ലിക്കാടും ചങ്ങമ്പുഴയും എംടിയുമെല്ലാമാവിപ്പൊവില്ലെ-

ഒരാള്‍ക്കിയാളെ പറ്റിയില്ല, അതിനെന്താ? എല്ലാവരെയും പറ്റാമെന്നു വാക്ക് കൊടുത്തിരുന്നൊ?
പോയിപ്പണിനോക്കാന്‍ പറഞ്ഞാസ്സലായി ഇനിയും പോഴത്തരം കാണിക്കടോ

സ്നേഹത്തോടെ

OAB/ഒഎബി said...

എഴുത്ത് നിർത്തുന്നതും നിർത്താത്തതുമൊക്കെ നിങ്ങടെ ഇഷ്ടം.
ഒരാൾ കമന്റിൽ അയാൾക്കിഷ്ടപ്പെട്ടത് പറഞ്ഞു. അപ്പറഞ്ഞത് ശരിയാണൊ എന്നൊന്ന് സ്വയം വിലയിരുത്തുക. ശരിയെങ്കിൽ തിരുത്തുക. അല്ലെങ്കിൽ പോകാൻ പറയുക. അതേയുള്ളു മരുന്ന്.

ഒരിക്കൽ എന്റെ ഒരു എഴുത്തിനും ഇതിലധികം പറഞ്ഞ് ഒരാൾ വന്നു.(അത് ഞാൻ ഡിലീറ്റ് ചെയ്തു) ഞാനും കരുതി ഈ എഴുത്ത് എനിക്ക് പറഞ്ഞ പണിയല്ല എന്ന്.പിന്നെ ഒന്ന് രണ്ട് സുഹൃത്തുക്കൾ പറഞ്ഞു. കുളത്തിനോട് മടിച്ച് ചന്തി കഴുകാതിരുന്നാൽ????

അതിന് ഒരു മറുപടിയായിട്ടാണ് എന്റെ “നന്നായി കൂവുക” എന്ന കഥയുണ്ടായത്. (സൌകര്യം ഉണ്ടാവുമ്പോൾ ഒന്ന് വായിക്കുക)
അതിലെ റോഡ് കമ്പ്യൂട്ടറായിട്ടും, കവല ബ്ലോഗായും, ജനം ബ്ലോഗ്ഗർമാരായും, സൈക്കിളിൽ നിന്നും വീണ ചെക്കൻ ഞാൻ ആയും മനസ്സിൽ കണ്ടാണ് അതെഴുതിയത്.

അങ്ങനെ വല്ലതുമൊക്കെ പറയാൻ വാഴക്കോടന് കഴിയും എന്നെനിക്ക് ഉത്തമ വിശ്വാസമുള്ളത് കൊണ്ടാണ് ഇത്രയും പറഞ്ഞത്.

OAB/ഒഎബി said...

ഒന്ന് പറയാൻ വിട്ടു പോയി. നിങ്ങളുടെ എല്ലാ പോസ്റ്റുകളും വായിക്കാത്ത(സമയം കിട്ടാത്ത)ഒരാളാണ് ഞാൻ വായിച്ചതിൽ ഹൃദയത്തിൽ സ്പർശിച്ച ഒന്നായിരുന്നു എന്നെ അതിശയിപ്പിച്ച പെൺകുട്ടി.

നിങ്ങൾക്ക് എഴുതാൻ നല്ല കഴിവ് ദൈവം തന്നിട്ടുണ്ട്. എഴുതാൻ അറിയാത്ത ഞാനൊക്കെ ഒരു നേരം പോക്കായെ ബ്ലോഗെഴുത്ത് കാണുന്നുള്ളു. നിങ്ങളങ്ങിനെ ആകരുത് കുറച്ചും കൂടെ ഗൌരവത്തിൽ എഴുത്തിനെ എടുത്താൽ നന്നായിരിക്കും എന്നും കൂടി ഇവിടെ പറഞ്ഞോട്ടെ.നല്ലതിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട്.....

വീകെ said...

ഇഷ്ടപ്പെടാത്ത കമന്റുകളുടെ പേരിൽ എഴുത്തു നിറുത്തുന്നത് എന്തിനെന്നു മനസ്സീലാകുന്നില്ല.

നമ്മളെഴുതുന്നത് എല്ലാവരും അംഗീകരിക്കണമെന്നു വാശി പിടിക്കുന്നതിൽ അർത്ഥമില്ലല്ലൊ...
ബഹുജനം പലവിധം...
അതുപോലെ ബ്ലോഗും.....

ദയവായി തുടരണമെന്നാൺ എനിക്കു സ്നേഹപൂർവ്വം പറയാനുള്ളത്..

Jijo said...

ഇന്നലെ റൌണ്ടില്‌ കുഞ്ഞീവി നയിക്കുന്ന ജാഥ കണ്ടപ്പോഴാണ്‌ ഞാന്‍ വിവരം അറിഞ്ഞത്‌. "ദീരാ ബായേ നേതാവേ, ദീരതയോടെ പോസ്റ്റിക്കോ... ബായക്കോടനെ തൊട്ട്‌ കളിച്ചാല്‍ അക്കളി തീക്കളി മാളോരേ..." എന്ന രീതിയിലുള്ള മുദ്രാവാക്യങ്ങള്‍ കേട്ടാണ്‌ നോക്കിയത്‌. കുഞ്ഞീവിയുടെ പിന്നില്‍ അല്‍പം നാണത്തോടെ നടക്കുന്ന സൂറാനെ കണ്ടതേ എണ്റ്റെ കണ്ട്രോള്‍ പോയി. ഇത്രക്ക്‌ സുന്ദരിയാനെന്നറിഞ്ഞില്ലായിരുന്നു. ഈ അയ്യപ്പ ബൈജു ആളത്ര ശരിയല്ല കേട്ടോ. കുടിച്ചിട്ടെന്ന പോലെ അവന്‍ സൂറാണ്റ്റെ ദേഹത്ത്‌ ആടിയാടി വന്നു മുട്ടുന്നു. രണ്ടെണ്ണം കൊടുത്താലോന്ന്‌ ആലോചിച്ചതാ. പിന്നെ സന്ദര്‍ഭത്തിണ്റ്റെ ഗൌരവം മനസ്സിലാക്കി ഞാനും ജാഥയില്‍ ചേര്‍ന്നു ബൈജുവിണ്റ്റേം സൂറാണ്റ്റേം ഇടയിലായി നടന്നു.

അല്‍പനേരം കൊണ്ട്‌ ഞാന്‍ തന്നെ ഉണ്ടാക്കി വിളിച്ച മുദ്രാവാക്യം ഇതാ പിടിച്ചോ... "വാഴക്കോടിണ്റ്റെ മൊഞ്ചാണേ... തീയി കുരുത്തൊരു വാഴ്‌യാണേ... ഓട്ടക്കാലണ വന്നാലും... എലചുരുട്ടിപുഴു വന്നാലും... എരിവൈയ്ലത്തും വാടില്ലാ... പൊരിവൈയ്ലത്തും വാടില്ല!" ഇതും വിളിച്ച്‌ പൊരിവെയിലില്‍ നടന്ന എനിക്കെന്തു കിട്ടി? എന്നെ തറപ്പിച്ചൊന്നു നോക്കിയിട്ട്‌ കുഞ്ഞീവി സൂറാനെ പിടിച്ച്‌ തണ്റ്റെ വലതു വശത്തേക്ക്‌ മാറ്റി നിറുത്തി. ഹയ്യ്‌! ഇങ്ങനൊണ്ടോ തള്ളാര്‌?!!!!

വാഴേ, ആ സൂറാനെ കുഞ്ഞീവീണ്റ്റെ അടുത്തു നിന്ന്‌ ബൈജു ആണെങ്കിലും കുഴപ്പമില്ല, ആരേലും അടിച്ചു കൊണ്ടു പോകുന്ന പോലൊരു പോസ്റ്റിട്ടിട്ട്‌ നിറുത്തിയാല്‍ മതി. തള്ളക്കത്‌ വേണം.

രഘുനാഥന്‍ said...

വാഴക്കോടാ...ഒരു പട്ടാളക്കാരന്‍ എന്ന അധികാരം വച്ച് പറയുകയാണ്‌...താങ്കള്‍ ബൂലോകത്ത് നിന്നും പോകരുത്... എഴുത്ത് നിര്‍ത്തരുത്...അനോണികള്‍ പറയട്ടെ!!...കമന്റുകള്‍ പോരട്ടെ!!...ധൈര്യമായി മുന്‍പോട്ടു പോവുക...വിജയാശംസകള്‍ .....

രാജീവ്‌ .എ . കുറുപ്പ് said...

വാഴക്കോടാ മര്യാദക്ക് ബ്ലോഗില്‍ കേറി പോടോ, എടാ കേറി പോയിരുന്നു പോസ്റ്റ്‌ എഴുതാന്‍ ആണ് പറയുന്നത്, നിന്റെ സുഹൃത്ത്‌ കുറുപ്പ് ആണ് പറയുന്നേ പോസ്റ്റ്‌ എഴുതാന്‍.
മച്ചൂ ബ്ലോഗ്‌ പൂട്ടല്ലേ, കാരണം താങ്കളെ ഞങ്ങള്‍ക്ക് ഇഷ്ടമാണ്.

ബിന്ദു കെ പി said...

അപ്പോ ശരി, സീ യൂ ആഫ്റ്റർ എ ഷോർട്ട് ബ്രേക്ക്....

ഷെരീഫ് കൊട്ടാരക്കര said...

മോനേ വാഴേ! ഇപ്പോ കാര്യം പുടി കിട്ടിയാ എത്ര എത്ര പേരു കൂടെ ഉണ്ടെന്നു. തന്റെ ഗൗരവം നിറഞ്ഞ പോസ്റ്റുകളേക്കാളും സ്നേഹിതർ ഇഷ്ടപ്പെടുന്നതു തന്റെ തമാശകളാണു. കുറച്ചു ഗൗരവവും പുട്ടിനു തേങ്ങാ ഇടുന്നതു പോലെ ഇടക്കിടക്കു കുറച്ചു തമാശയുമായി അങ്ങു കാലം കഴിച്ചു കൂട്ടടോ. അതല്ലേ ജീവിതം .അല്ലാതെ എപ്പോഴും ഗൗരവവുമായി ഇരുന്നാൾ വാഴക്കു ഒരു ശേലില്ലാ.

Areekkodan | അരീക്കോടന്‍ said...

അന്‍പതാം പോസ്റ്റിന് അഭിനന്ദനങള്‍(ഇതു വരെ ആരും പറഞില്ലല്ലോ?).തല്‍ക്കാലം താങ്കള്‍ ഇഷ്ടപ്പെടുന്നപോലെ ചെയ്യുക.പക്ഷേ ഈ ബ്ലോഗില്‍ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലുമായി വാഴയുടെ രചനാവൈവിദ്ധ്യം ബൂലോകര്‍ക്ക് ആസ്വദിക്കാനാവും എന്ന് ഞങള്‍ വിശ്വസിക്കുന്നു.(അമ്പത്തഞ്ച് ആണ് കേരള സര്‍ക്കാരിന്റെ റിട്ടയര്‍മെന്റ് പ്രായം,അമ്പത് അല്ല എന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു!!!)

Readers Dais said...

അയ്യയ്യോ.. എന്താ ഇത്? ബ്ലോഗ്‌ ലോകത്തും ഇങ്ങനെയും ചില കാര്യങ്ങള്‍ ഉണ്ടോ ,നമുക്ക് തോന്നുനത് എഴുതാനല്ലേ ഈ ബ്ലോഗ്‌ ,അത് കൊണ്ടല്ലേ അത് നമ്മള്‍ തുടങ്ങിയത് , be the owner of ur mind & ur blog,rest will rest in peace

ANITHA HARISH said...

thamaashayaanennu vishwasichotte

സച്ചിന്‍ // SachiN said...

വാഴേ ഒരാഴ്ച്ചയായി കെട്ടോ, അധികം നീണ്ട് പോകല്ലേ ഈ ഇടവേള.
ഒന്നുമില്ലേലും ഇ-മെയില്‍ ഫോര്‍വേഡുകാര്‍ക്കെങ്കിലും വേണ്ടി എഴുത്ത് തുടരൂ!

Unknown said...

it's ur call, i don't think u can caome back with anyone's pressure or compell, u have to decide on that, even u were enjoying ur blogs.

So pelase try to continue!!!!!!

all the best

 


Copyright http://www.vazhakkodan.com