Tuesday, February 2, 2010

കേരള മക്കള്‍ വാദസേനയുടെ വാര്‍ത്താ കുറിപ്പ്!

കേരള മക്കള്‍ വാദസേനയുടെ പ്രസിഡന്റ് അണികള്‍ക്കായി തയ്യാറാക്കിയ വാര്‍ത്താ  കുറിപ്പ്!

പ്രിയമുള്ള കേരള മക്കളെ, 

കേരള മക്കളുടെ തലതൊട്ടപ്പനായ ഞാന്‍ പറയുന്ന കാര്യങ്ങള്‍ ഇന്നു മുതല്‍ നിങ്ങള്‍ അതീവ ശ്രദ്ധയോടും തല്പരതയോടും കൂടി നടപ്പില്‍ വരുത്തണമെന്ന് പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ ഉണര്‍ത്തുന്നു. ആദ്യമായി എനിക്ക് പറയാനുള്ളത് നമ്മള്‍ ഇനി മുതല്‍ ഒരിക്കലും ഭാരതീയര്‍ എന്ന് അറിയപ്പെടാന്‍ ആഗ്രഹിക്കരുത് നമ്മള്‍ ‘കേരളീയര്‍’ എന്ന പേരില്‍ മാത്രമേ അറിയപ്പെടാന്‍ പാടുള്ളൂ. നമ്മുടെ നാട്ടില്‍ കുടിയേറിപ്പാര്‍ക്കുന്ന അന്യസംസ്ഥാനക്കാരായ ആളുകളെ നമ്മള്‍ ശുദ്ധമായ മലയാളത്തില്‍ മാത്രം തെറി വിളിച്ച് എത്രയും വേഗം നാട് കടത്തണം. ഒരിക്കല്‍ പോലും നമ്മള്‍  അവരെ തെറി വിളിക്കാനായിട്ട് പോലും അന്യഭാഷ ഉപയോഗിക്കരുത്. നമ്മള്‍ സ്വന്തം ഭാഷയില്‍ വികസിപ്പിച്ചെടുത്ത തെറികള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് പ്രത്യേകം ഉറപ്പ് വരുത്തണം.അവര്‍ നമ്മുടെ ഭാഷയില്‍ നമ്മെ തെറി വിളിക്കുന്നതും നമ്മള്‍ തടയേണ്ടതുണ്ട്.

നമ്മുടെ കൊച്ചു കേരളം നമുക്ക് മാത്രം അവകാശപ്പെട്ടതാണ്. ഇക്കാര്യം ഉന്നയിച്ച് കൊണ്ട് നമ്മള്‍ ആദ്യം സമരം ചെയ്യേണ്ടതും ഉപരോധിക്കേണ്ടതും തമിഴ് നാട്ടുകാരെയാണ്. അഹംകാരികള്‍! അവര്‍ നമ്മുടെ നാട്ടില്‍, നമ്മുടെ മണ്ണില്‍  പണിയാന്‍ പോകുന്ന ‘മുല്ലപ്പെരിയാര്‍ ഡാമിന്റെ‘ അവകാശം വേണം പോലും.ഡാമിന്റെ അവകാശം അവര്‍ക്ക് നല്‍കിയാല്‍ പിന്നെ നമ്മള്‍ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ?നമ്മള്‍ വിടുന്ന വെള്ളത്തില്‍ അന്യ സംസ്ഥാനക്കാര്‍ ഒരു ക്യഷിയും ഇറക്കണ്ട! ഇനി അവര്‍ കറന്റ് ഉല്‍പ്പാദിപ്പിച്ച് നല്‍കാമെന്നു പറയുന്നു,പറയൂ മക്കളേ നമുക്കാ ‘തമിഴന്‍ കറന്റ് ‘ വേണോ? ആ തമിഴന്‍ കറന്റ് ഉപയോഗിച്ചിട്ട് വേണോ നമ്മുടെ കുട്ടികള്‍ക്ക് പഠിക്കാന്‍? നമുക്കിവിടെ അതിരപ്പിള്ളിയിലോ മറ്റോ നമുക്കിഷ്ടം പോലെ വൈദ്യുതിനിലയം പണിത് കൂടെ? ഇനി ആരുടെ അനുവാദത്തിനായും നമ്മള്‍ കാത്ത് നില്‍ക്കേണ്ടതില്ല. കാരണം നമ്മള്‍ കേരള മക്കളാണ്!നമ്മുടെ മണ്ണ് നമുക്ക് മാത്രമാണ്!

ഇവിടത്തെ സ്കൂളുകള്‍ നമ്മള്‍ ഉപരോധിക്കണം! ഇവിടത്തെ സ്കൂളുകളില്‍  മലയാളം മാത്രം പഠിപ്പിച്ചാല്‍ മതി. ഇംഗ്ലീഷും തമിഴുമൊന്നും ഇവിടെ കൊച്ചുപുസ്തകമായിട്ടു പോലും കണ്ട് പോകരുത്. ആധ്രപ്രദേശിന് തിരുപ്പതി എന്ന പോലെ തമിഴ് നാടിന് രാമേശ്വരം എന്ന പോലെ ഇനി മുതല്‍ ശബരിമലയും ശ്രീ അയ്യപ്പനും നമ്മള്‍ കേരളീയര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. മറ്റൊരു സംസ്ഥാനക്കാരനും എന്ത് ആപത്ത് വന്നാലും അയ്യപ്പ ഭഗവാനെ വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ നമ്മള്‍ അനുവദിക്കരുത്. അത് പോലെ അയ്യപ്പനും വാവരുമൊക്കെ കളിച്ച് വളര്‍ന്ന് നമ്മുടെ മലയാളി മണ്ണില്‍ മേലാല്‍ മറ്റൊരു സംസ്ഥാനക്കാരന്റ്റേയും കാലടി പെട്ടുപോകരുത്. ഇക്കാര്യത്തില്‍ നാം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ പോകുന്ന കേരള മുസ്ലീംകള്‍ കേരള പാസ്പോര്‍ട്ട് എന്ന സംവിധാനം ഉണ്ടാകുന്നത് വരെ ഹജ്ജ് യാത്ര മാറ്റി വെക്കണമെന്ന് ഈ അവസരത്തില്‍ ആവശ്യപ്പെടുന്നു.

നമ്മുടെ പ്രിയപ്പെട്ട ഒരു ക്രിക്കറ്റ് കളിക്കാരനുണ്ടല്ലോ ശ്രീശാന്ത്, അദ്ദേഹത്തെ ഇന്നു മുതല്‍ നാം കേരളത്തിന് പുറത്ത് പോയി കളിക്കാനനുവദിക്കുകയോ ഇന്ത്യാ മഹാരാജ്യത്തിനു വേണ്ടി കളിക്കാന്‍ അനുവദിക്കുകയോ ചെയ്യാന്‍ പാടില്ല എന്ന് പ്രതിജ്ഞയെടുക്കണം. ശ്രീശാന്ത് തല്‍ക്കാലം കേരളത്തിലെ കളിക്കാരോട് മാത്രം കളിച്ച് തന്റെ മിടുക്ക് തെളിയിച്ചാല്‍ മതി. അത് പോലെ അടിവാരം ജാനുവിനോടും ബസ് സ്റ്റാന്റ് അമ്മിണിയോടും ഇനി മേലാല്‍ ഒരു അന്യ സംസ്ഥാനത്തുകാരനും  വേണ്ടി പായ വിരിക്കരുതെന്നും നമ്മള്‍ പ്രത്യേകം  അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിന്റെ സാങ്കേതികവും സാമൂഹികവുമായ വശങ്ങളെക്കുറിച്ച്  അവര്‍ക്ക് പഠന ക്ലാസുകള്‍ എടുത്ത് കൊടുക്കേണ്ടതുണ്ട്. അത് പോലെ അന്യസംസ്ഥാനത്തെ സ്ത്രീകളെ തേടി പോകുന്നവരെ രഹസ്യമായി പിന്തുടര്‍ന്ന് കടുത്ത ശിക്ഷകള്‍ നല്‍കേണ്ടതുണ്ട്. നമ്മുടെ നാട്ടിലെ സ്ത്രീകളുടെ കൂടെയാണു യാത്ര ചെയ്യുന്നതെങ്കില്‍ അവരെ ഒരു പാതിരയ്ക്കും നമ്മള്‍  റെയ്ഡ് ചെയ്ത് പിടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.നമ്മുടെ സ്ത്രീകള്‍ നമ്മള്‍ക്കു മാത്രം!

ഇനി മുതല്‍ കേരളത്തിന്റെ ഓരോ മണല്‍ തരികളും നമുക്ക് മാത്രം അവകാശപ്പെട്ടതാണ്. നമ്മള്‍ ഈ കേരള മക്കള്‍ വാദം ഉന്നയിക്കും എന്ന് മുന്നില്‍ കണ്ടെന്നോണം  മൂന്നാര്‍ എന്ന സ്ഥലത്തുള്ള അന്യ സംസ്ഥാനക്കാരായ ‘റ്റാറ്റ‘യെ കെട്ടു കെട്ടിക്കാനും പാട്ടക്കരാര്‍ റദ്ദാക്കാനുള്ള നിയമ വഴികള്‍ ആരായാനും നമ്മുടെ സര്‍ക്കാര്‍ തയ്യാറായി എന്നത് നമ്മുടെ വാദത്തിന് ലഭിച്ച ഉറച്ച അംഗീകാരമാണ്. അത് പോലെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസും,കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയും കേരളത്തില്‍ ഉടനെ നിരോധിക്കണമെന്ന് നമ്മള്‍ ആവശ്യപ്പെടണം. ഇവിടെ കേരളാ കോണ്‍ഗ്രസ്സും, കേരളാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മാത്രം പ്രവര്‍ത്തിച്ചാല്‍ മതി.ഇവിടെ ഒരു ഹൈക്കമാന്റിന്റേയും പോളിറ്റ് ബ്യൂറോയുടേയും ആവശ്യമില്ല.ഹൈക്കമാന്റ് തീരുമാനത്തിനായി ആരും കാത്ത് നില്‍ക്കേണ്ട  ആവശ്യവുമില്ല!

ഈയടുത്ത കാലത്തായി അന്യഭാഷാ സിനിമകള്‍ വന്ന് കോടികളാണ് നമ്മുടെ നാട്ടില്‍ നിന്നും വാരുന്നത്. ഇത് മൂലം നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ പടങ്ങള്‍ പോലും നമ്മള്‍ മലയാളികള്‍ക്ക് കണ്ണില്‍ പിടിക്കാതായിരിക്കുന്നു.അവരുടെ സിനിമകളെ കുറ്റം പറയാമെന്നും പരസ്യമായി കൂതറ പടം എന്നൊക്കെ വിളിക്കാനുള്ള ധൈര്യം നാം കേരളീയര്‍ കാട്ടിത്തുടങ്ങിയിരിക്കുന്നു!ഇത് കൊടിയ  പാപത്തില്‍ പെടും! ഈ പ്രവണതയ്ക്കെതിരെ നാം കൂടുതല്‍ മലയാള ചിത്രങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു.നമ്മുടെ  സൂപ്പര്‍ താരങ്ങളുടെ കഥയില്ലായ്മയും പ്രായക്കൂടുതലുമൊക്കെ നമ്മള്‍ കേരള വാദത്തിന്റെ പേരില്‍  സഹിക്കണം . അതാണ് നിങ്ങളുടെ കേരള മക്കള്‍ വാദം തെളിയിക്കാനുള്ള ഒരു അവസരം.അല്ലാതെ കഥയുടെയോ സിനിമയുടേയോ കൊള്ളരുതായ്ക  നമ്മള്‍ ഒരിക്കലും അംഗീകരിക്കുന്നില്ല. അതിനാല്‍ ഇനി മുതല്‍ അന്യഭാഷാ ചിത്രങ്ങളും നമ്മള്‍ കേരള മക്കള്‍ തിരസ്കരിക്കണം എന്നാണ് ഞാന്‍ ഉണര്‍ത്തുന്നത്. നമുക്ക് കേരളത്തിന്റെ രജനീകാന്തിനേയും കമലാഹാസനേയും ഷാരൂഖ് ഖാനേയുമൊക്കെ ഇവിടെ വളര്‍ത്തിയെടുക്കണം.നമ്മുടെ നടികള്‍ അന്യ സംസ്ഥാനത്ത് പോയി ഇവിടെ ‘തുറന്ന് ‘ അഭിനയിക്കാത്തത് പലതും അവിടെപ്പോയി തുറന്ന് അഭിനയിക്കുന്നത് നമ്മള്‍ തടയണം. ഷക്കീല, രേഷ്മ,മമത തുടങ്ങിയ നടികള്‍ക്ക് നമ്മുടെ അതിര്‍ത്തി സംസ്ഥാനമായി നമ്മള്‍ പ്രഖ്യാപിക്കാന്‍ പോകുന്ന പാലക്കാട് വരെ പ്രവേശനം അനുവദിക്കും എന്ന് ഞാന്‍ ഉറപ്പ് തരുന്നു.

നമ്മുടെ നാട്ടില്‍ കക്കൂസ് കോരുകയും, ടെലിഫോണ്‍ കേബിളിന് ചാലു കീറുകയും മറ്റ് പണികള്‍ക്കുമായി വരുന്ന തമിഴരോട് ഒരു വിട്ടു വീഴ്ചയുമില്ലാതെ ഇവിടെ നിന്നും നാട് കടത്താന്‍  നമ്മള്‍ പ്രതിജ്ഞാ ബദ്ധരാകണം. ഇനി മലയാളം പറയുന്ന തമിഴനാണെങ്കില്‍ പോലും നാം അത് വക വെച്ച് കൊടുക്കരുത്. നമുക്ക്  ഒരു പക്ഷേ ഇനി നല്ല സിനിമകള്‍ കാണാന്‍ പറ്റി എന്നു വരില്ല. മണ്ണിന്റെ മക്കള്‍ വാദത്തിന്റെ പേരില്‍ നമ്മളത് സഹിക്കും! നമുക്ക് ഒരു പക്ഷേ അന്യ സംസ്ഥാനത് നിന്നും അരിയും പച്ചക്കറികളും കിട്ടിയെന്ന് വരില്ല, എന്നാലും നമ്മള്‍ കേരള മക്കള്‍ വാദം വിജയിപ്പിക്കണം. അത് പോലെ കേന്ദ്രത്തില്‍ നിന്നും തരുന്ന ഒരു സാധനങ്ങളും നമ്മള്‍ വേണ്ട എന്ന് വെക്കണം . വൈദ്യുതി ക്ഷാമവും മറ്റു പല വിധ ക്ഷാമങ്ങളും ഉണ്ടായേക്കാം എന്നാലും നമ്മള്‍ കേരളീയ മക്കള്‍ വാദത്തിന്റെ പേരില്‍ എല്ലാം സഹിക്കണം. എല്ലാം വേണ്ടെന്ന് വെച്ച് നമ്മള്‍ അവസാനം കേരളമെന്ന കൊച്ചു രാജ്യം ഉണ്ടാക്കണം. പട്ടിണിയായാലും പരിവട്ടമായാലും  ഇനി പണ്ടാരടങ്ങിപ്പോയാലും നമ്മുടെ കേരള മക്കള്‍ വാദം  പൂവണിയണം. അങ്ങിനെ എന്റെ സ്വപ്നം പൂവണിയുമ്പോള്‍  പ്രസിഡന്റ് എന്ന നിലയില്‍ ഈ നാടിനെ കുട്ടിച്ചോറാക്കണം എന്ന എന്റെ ആഗ്രഹവും പൂവണിയും. അതിനാല്‍ എന്റെ ആഗ്രഹ സഫലീകരണത്തിനു വേണ്ടി നിങ്ങള്‍ ഇന്നു മുതല്‍ കേരള മക്കള്‍ വാദം ശക്തിയായി പാലിക്കണം എന്ന് കേരള മക്കള്‍ക്ക് വേണ്ടി ഞാന്‍ ഓരോ കേരളീയനോടും അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ കേരളത്തെ സ്നേഹിക്കുന്നുവെങ്കില്‍, കേരളീയനെന്ന് അഭിമാനം കൊള്ളുന്നു എങ്കില്‍, നിങ്ങളുടെ ചോര കേരളത്തിനു വേണ്ടി തിളക്കുമങ്കില്‍, കേരള സ്നേഹിയാണെങ്കില്‍ നിങ്ങള്‍ ഈ കേരള മക്കള്‍ വാദത്തില്‍ അണി ചേരുക. നഷ്ടപ്പെടാന്‍ നമുക്ക് ഒരുപാട് കാര്യങ്ങളുണ്ടെങ്കിലും നേടാന്‍ നമുക്ക് കേരള മക്കള്‍ വാദം എന്ന മുദ്രാവാക്യമാണ്. 
“കേരളമെന്ന കേട്ടാലോ അഭിമാന പൂരിതമാകണമന്ത രംഗം, 
മണ്ണെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍ “
എന്ന നമ്മുടെ മുദ്രാവാക്യം പ്രാവര്‍ത്തികമാക്കാന്‍ എല്ലാ കേരളീയരും മുന്നോട്ട് വരിക. 

എന്ന് കേരള മക്കള്‍ വാദസേന 
പ്രസിഡന്റ് 
ഒപ്പ്

48 comments:

വാഴക്കോടന്‍ ‍// vazhakodan said...

“കേരളമെന്ന കേട്ടാലോ അഭിമാന പൂരിതമാകണമന്ത രംഗം,
മണ്ണെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍ “

ഒരു പോഴത്തരം കൂടി! അഭിപ്രായം അറിയിക്കുമല്ലോ!

Renjith Kumar CR said...

ഈ തേങ്ങ എന്റെ വക . ഇനി വായിക്കാം എന്നിട്ട് അഭിപ്രായം പറയാം

Renjith Kumar CR said...

നമ്മള്‍ സ്വന്തം ഭാഷയില്‍ വികസിപ്പിച്ചെടുത്ത തെറികള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് പ്രത്യേകം ഉറപ്പ് വരുത്തണം-- വഴേട്ടാ അതു മാത്രം നടക്കുമെന്ന് തോന്നുന്നില്ല :)

സച്ചിന്‍ // SachiN said...

ഇത് പോഴത്തരമല്ലല്ലോ വാഴേ, നല്ലകുറിക്ക്കൊള്ളുന്ന ആക്ഷേപഹാസ്യം!
ഗംഭീരമായിട്ടുണ്ട്. അഭിനന്ദനങ്ങള്‍....

noordheen said...

“പറയൂ മക്കളേ നമുക്കാ ‘തമിഴന്‍ കറന്റ് ‘ വേണോ? ആ തമിഴന്‍ കറന്റ് ഉപയോഗിച്ചിട്ട് വേണോ നമ്മുടെ കുട്ടികള്‍ക്ക് പഠിക്കാന്‍?“ :)
ഹ ഹ ഹ അത് കലക്കി മാഷേ.
നന്നായിട്ടുണ്ട് ആക്ഷേപ ഹാസ്യം.
ശരിക്കുള്ള വാദകാരു മെക്കിട്ട് കേറാണ്ട് സൂക്ഷിച്ചോളൂ :):)

ബോണ്‍സ് said...

പുതിയ വാദങ്ങളുമായി വാദസേന ഇറങ്ങി തുടങ്ങിയല്ലേ? വാദിച്ചു വാദിച്ചു ഉത്തരത്തില്‍ ഡാം പണിയുകയും ഇല്ല കക്ഷത്തില്‍ ഇരുന്നത് പൊളിയുകയും ചെയ്തു എന്ന അവസ്ഥ ആവുമോ? ഏതു?
എല്ലാം കഴിഞ്ഞു ഏതു എന്ന് ചോദിക്കുന്നത് ഒരു ഫാഷനാ..

Afsal said...

വഴക്കോടന്‍ അണ്ണാച്ചി.....!

മുരളി I Murali Mudra said...

“കേരളമെന്ന കേട്ടാലോ അഭിമാന പൂരിതമാകണമന്ത രംഗം,
മണ്ണെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍ “
അദന്നെ....!!!

പകല്‍കിനാവന്‍ | daYdreaMer said...

കേരള മദ്യവാദസേന. ഒപ്പ്. :)
ചാലക്കുടി.
കുടിച്ച് കുടിച്ച് മുടിഞ്ഞ കേരളം പി ഓ.

വാഴക്കോടന്‍ ‍// vazhakodan said...

ഹ ഹ ഹ പകലാ അത് കലക്കി!
ഇഷ്ടായി ഇഷ്ടായി!

അഭിപ്രായം അറിയിച്ച സുഹ്യത്തുക്കള്‍ക്കും ഇവിടെ വന്നെത്തിയവര്‍ക്കും എന്റെ നന്ദി.

mini//മിനി said...

അപ്പോൾ വെളിച്ചമില്ലാതെ, അരിയും പച്ചക്കറികളുമില്ലാതെ അങ്ങ് മരിക്കാൻ തന്നെയാണോ പുറപ്പാട്?

ramanika said...

ഇതിലേ ഹാസ്യം രസിച്ചു പക്ഷെ വിഷയം വിവാദമാകാന്‍ അധികം സമയം വേണ്ടാ എന്നൊരു തോന്നല്‍ ......

ഭായി said...

ഉം...
ഉദ്ദവ്ക്കോടന്‍!കേരള വാതം!വാഴസേന!
ജാനുവിനും അമ്മിണിക്കും ആര് ക്ലാസെടുക്കും?
പ്രസിഡന്റ് നേരിട്ടോ അതോ അണികളോ? ഹ..അല്ലെങ്കില്‍ തന്നെ അതൊരു വിഷയമല്ലല്ലോ!
നമ്മുടെ ഉണ്ണിയും കുഞിയും ജോസ്കുട്ടിയും ഒക്കെ ഉള്ളപ്പോള്‍, അല്ലേ?!

നല്ല വെട്ട്! സമ്മതിച്ചു!

അപ്പൂട്ടൻ said...

നേതാവേ.....
ഇടയ്ക്കിടെ ആംഗലേയപദങ്ങൾ കയറിവന്നത്‌ ഒഴിവാക്കണം.
താങ്കൾ ഉപയോഗിച്ച ആംഗലേയപദങ്ങൾ ഉപയോഗിക്കാൻ മടിയുണ്ട്‌, പക്ഷെ തെറ്റുതിരുത്താൻ അതേ വഴിയുള്ളു എന്നതിനാൽ മാത്രം എന്റെ കുറിപ്പിൽ അവ ഉപയോഗിച്ചിരിക്കുന്നു. എന്റെ നാട്‌, മാതാവ്‌ എന്നോട്‌ ക്ഷമിക്കുമായിരിക്കും (അല്ലേ)

1. ഡാം - അണക്കെട്ട്‌
2. കറന്റ്‌ - വൈദ്യുതി
3. സ്കൂൾ - വിദ്യാലയം
4. ഇംഗ്ലീഷ്‌ - ആംഗലേയം
5. റെയ്‌ഡ്‌ - ഔദ്യോഗികകയ്യേറ്റം (!!!)
6. സൂപ്പർസ്റ്റാർ - അടിപൊളിനക്ഷത്രം
7. ടെലിഫോൺ കേബിൾ - ദൂരഭാഷണാവശ്യക്കുഴൽ
8. പാസ്പോർട്ട്‌ - അന്താരാഷ്ട്രതിരിച്ചറിയൽശീട്ട്‌.
9. ക്രിക്കറ്റ്‌ - ആധുനികകാലകുട്ടിയുംകോലും
10.പ്രസിഡന്റ്‌ - അധ്യക്ഷൻ

ബസ്‌സ്റ്റാന്റ്‌, ഹൈക്കമാന്റ്‌, പോളിറ്റ്ബ്യൂറോ തുടങ്ങിയവയൊക്കെ ആ വ്യക്തികളെയോ സ്ഥാപനങ്ങളേയോ സൂചിപ്പിക്കാൻ പ്രയോഗിച്ചതാണെന്നതിനാൽ പരാതിയില്ല.

ബസ്‌സ്റ്റാന്റ്‌ അമ്മിണിയോട്‌ അടിയന്തരമായി പേരുമാറ്റാൻ കുറിപ്പയയ്ക്കണം. ബസ്‌സ്റ്റാന്റ്‌ എന്നതിനുപകരം ആറുചക്രമനുഷ്യഗതാഗതയന്ത്രവിശ്രമസ്ഥലം എന്നുപയോഗിക്കാൻ ആ മഹതിയോട്‌ ആവശ്യപ്പെടണം.

ആദരപൂർവ്വം
അധ്യക്ഷൻ
കേരളശവനിർമ്മാണസേന

അപ്പൂട്ടൻ said...

കേരളശവനിർമ്മാണസേനയുടെ പ്രമേയം
എന്നു പറയാനറിയാത്തവരേയും ക്ഷ എന്ന് എഴുതാനറിയാത്തവരേയും കേരളത്തിൽ നിന്നും പുകച്ചുപുറത്തുചാടിക്കുക.

വാഴക്കേടാ (ക്ഷമിക്കണം, വാഴക്കോടാ)
കേരളശവനിർമ്മാണസേനയുടെ പത്രമായ കേമനായിൽ പത്രാധിപരായി വരുവാൻ താൽപര്യമുണ്ടോ?

കാട്ടിപ്പരുത്തി said...

നമ്മുടെ നാട്ടില്‍ കക്കൂസ് കോരുകയും, ടെലിഫോണ്‍ കേബിളിന് ചാലു കീറുകയും മറ്റ് പണികള്‍ക്കുമായി വരുന്ന തമിഴരോട് ഒരു വിട്ടു വീഴ്ചയുമില്ലാതെ ഇവിടെ നിന്നും നാട് കടത്താന്‍ നമ്മള്‍ പ്രതിജ്ഞാ ബദ്ധരാകണം.

കേബിളു പോട്ടേന്നു വക്കാം- കക്കൂസു കോരലോ? വെവരമറിയും-

വാഴക്കോടന്‍ ‍// vazhakodan said...

അപ്പൂട്ടോ... എല്ലാം പരിഗണിച്ചിരിക്കുന്നു. തല്‍ക്കാലം പത്രാധിപരാകുന്നില്ലേ...:) അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.

ചാണ്ടിച്ചൻ said...

മഹാരാഷ്ട്ര മക്കള്‍ വാദത്തിന്റെ ഒരു കേരളീയ ആവിഷ്കരണം....നന്നായി....

ഹന്‍ല്ലലത്ത് Hanllalath said...

ഇവിടെ മുംബൈയിലെങ്ങാനുമാണ് വാഴയെങ്കില്‍ ഒരു തല കൊയ്യാമായിരുന്നു
:(
ഒരു ചാന്‍സ് പോയി

(ഞാനിപ്പോള്‍ മറാട്ടി സംസാരിക്കാന്‍ നോക്കുകയാ)

Unknown said...

കൊള്ളാം, നാട്ടില്‍ പോകുമ്പോള്‍ ബോംബെ വഴി പോകരുത്. അവര്‍ മറാത്തി പഠിപ്പിച്ചിട്ടെ വിടൂ.

Anitha Madhav said...

ഒളിയമ്പുകള്‍ കൊള്ളാം . നന്നായിട്ടുണ്ട്.

ആര്‍ബി said...

ബായേ...

കലക്കി..

പ്രസിഡന്റിനു വയ്യാതാവുമ്പോള്‍ വാഴകന്നിനെ( ലഡുകുട്ടന്റെ പേടിസ്വപ്നം) സാരഥ്യമേല്‍പിക്കാന്‍  മറക്കരുത്.... പിന്നെ രണ്ടാള്ക്കും തമ്മില്‍ തമ്മിലാവാമല്ലോ...ഏത്..!!

രാജീവ്‌ .എ . കുറുപ്പ് said...

അത് പോലെ അടിവാരം ജാനുവിനോടും ബസ് സ്റ്റാന്റ് അമ്മിണിയോടും ഇനി മേലാല്‍ ഒരു അന്യ സംസ്ഥാനത്തുകാരനും വേണ്ടി പായ വിരിക്കരുതെന്നും നമ്മള്‍ പ്രത്യേകം അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

ഡോണ്ട് വറി വാഴേ, ഇത് ഞാന്‍ ഏറ്റു.

(പിന്നെ മദ്യത്തിന്റെ കാര്യത്തില്‍ കേരള വാദം ഇല്ലല്ലോ അല്ലെ)

അരുണ്‍ കരിമുട്ടം said...

വാഴേ, ആക്ഷേപഹാസ്യത്തിലും ജ്ജ് ഉസ്താദ് തന്നെ :)

ഷൈജൻ കാക്കര said...

ഹിന്ദി തുമാരാ രാഷ്ട്രഭാഷ ഹെ!

Typist | എഴുത്തുകാരി said...

അടിവാരം ജാനുവിനേയും ബസ് സ്റ്റാന്‍ഡ് അമ്മിണിയേയും ബോധവല്‍ക്കരിക്കല്‍, അതു ചിലപ്പോ നടന്നെന്നുവരും,ബാക്കിയൊന്നുമില്ലെങ്കിലും!

ഒഴാക്കന്‍. said...

അപ്പൊ വാഴേ ഇനി സ്വയം കക്കൂസ് കൊരണ്ടിവരുമോ?

നന്നായി ഇരിക്കട്ടെ എന്‍റെ വക ഒരു കുഞ്ഞു മച്ചിങ്ങ ((( ടെ )))) തേങ്ങ മുഴുവന്‍ ഉടച്ചു തീര്‍ന്നു അതാ

ബഷീർ said...

ജാനുവിനും അമ്മിണിക്കും ക്ലാ‍സെടുക്കാൻ പ്രസിഡ‌ന്റിനെ തന്നെ ഏൽ‌പ്പിക്കാം.

പിന്നെ, വാ‍ഴക്കോടനിലെ ‘ഴ’ യും പോഴത്തരങ്ങളിലെ ‘ഴ’ യും കേൾക്കുമ്പോഴും കാണുമ്പോഴും ഒരു തമി’ഴ’നെ ഓർമ്മവരുന്നു. അത് മാറ്റണം. വേറെ ഏതെങ്കിലും അക്ഷരം മാറ്റി വെക്കുക.

ബഷീർ said...

എല്ലാവർക്കും നന്ദി എന്ന ഒഴുക്കൻ മറുപടിയിട്ട് മുങ്ങിയാൽ !!!!
ഒരു ഭീഷണിയോടെ തത്ക്കാലം നാടു വിടുന്നു. മാസലാമ.. :)

വാഴക്കോടന്‍ ‍// vazhakodan said...

ഹി ഹി ഹി തല്‍ക്കാലം ഴ മാറ്റാന്‍ പറ്റില്ല. ഴ യില്ലെങ്കില്‍ ഞാനില്ല :)
ബഷീര്‍ ഭായ് ഞാന്‍ പിന്നെ എടുത്തോളാം (ചുമ്മാ പേടിപ്പിക്കാന്‍)

അഭിപ്രായം അറിയിച്ച കൂട്ടുകാര്‍ക്ക് ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു.

വശംവദൻ said...

"കേരളമെന്ന കേട്ടാലോ അഭിമാന പൂരിതമാകണമന്ത രംഗം, മണ്ണെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍ "

:)

“പ്രസിഡന്റ് വാഴ്ക...”

ശ്രദ്ധേയന്‍ | shradheyan said...

യു ഫ്രം കേരള, മലബാരി എന്നൊക്കെ കേട്ട് മടുത്ത ഒരു ഫിലിപ്പീനി ഒരു നാള്‍ എന്നോട് ചോദിച്ചു "ശരിക്കും ഈ കേരളം ഇന്ത്യയിലാണോ, അതോ ഇന്ത്യ കേരളത്തിലോ..?" ഇനി ഞാന്‍ അവനോടു പറയും, കേരളത്തിലാണ് ഇന്ത്യ എന്ന്. ഹല്ല പിന്നെ!!

Arun said...

ആക്ഷേപഹാസ്യം വളരെ നന്നായി എന്ന് മാത്രമല്ല, ഈ അവസരത്തില്വളരെയേറെ പ്രസക്തിയേറിയതാണെന്നും അറിയിക്കുന്നു. അഭിനന്ദനങ്ങള്‍..

സുല്‍ |Sul said...

അംചി കേരളാ ബോല്‍ വാഴൈ

അനില്‍@ബ്ലോഗ് // anil said...

ശോ, അപ്പോ പല പദങ്ങള്‍ക്കും മലയാളം കണ്ടുപിടിക്കേണ്ടി വരുമല്ലോ.
:)

yousufpa said...

ജ്ജ്,ബായേ മുണ്ടാണ്ട്‌ര്ന്നോ..അനക്ക് പേര്‍സ്യക്കാരന്‍റെ കായിം ബേടിച്ചിട്ട് ദേസ സ്നേഹം..പുണ്ണാക്ക് ന്‍റെ ബായീന്നൊന്നൊം കേക്കണ്ട..

പാവപ്പെട്ടവൻ said...

അണ്ണേ.... വാളക്കോടന്‍ ...അണ്ണേ നാന്‍ നിനച്ചാല്‍ പുലിയെ പിടിപ്പേന്‍ ആന ഉയിര് പോയാലും നിനക്കമാട്ടെ ....ഇന്ന്ത മലയാളത്തിലെ പച്ചില കിച്ചില പാണ്ടി കുണ്ടിക്ക് പിടിക്കാത് ....അതിനാലെ കേരളാവിലെ വരമാട്ടെ

അപര്‍ണ്ണ II Appu said...

ആക്ഷേപഹാസ്യം കൊള്ളാം. :)

siva // ശിവ said...

വാഴക്കോടാ, മണ്ണിന്റെ മക്കള്‍വാദം നന്നായിരിക്കുന്നു.

ഓഫ്: ആ പകലനോട് ചോദിയ്ക്കണം കള്ള് തന്നയല്ലെ കുടിയ്ക്കുന്നത് എന്ന്. വിദേശമദ്യമാണെങ്കില്‍ പകലനെ കേരള മക്കള്‍ വാദസേനയില്‍ നിന്നു പുറത്താക്കണം :)

Sabu Kottotty said...

വെള്ളം തമിഴ്‌നാടിന്റെ, വൈദ്യുതി നമുക്കുതരും! തമിഴ്‌നാട് വെള്ളം ഉപയോഗിയ്ക്കാന്‍ അനുമതി തന്നില്ലെങ്കില്‍ നമുക്ക് വൈദ്യുതി ആരുതരും? അപ്പൊപ്പിന്നെ വൈദ്യുതിയും കൂടി അങ്ങു കൊടുത്തേക്കാം അല്ലേ....?

Martin Tom said...

vaayichappol orthatitanu http://mobycam.blogspot.com/2010/01/blog-post_19.html

NAZEER HASSAN said...

ആക്ഷേപ ഹാസ്യം നന്നായി. മണ്ണിന്റെ വാദവും മറ്റും പറഞ്ഞ് രാജ്യത്ത് വിഘടനവാദം സ്യഷ്ടിക്കുന്നവര്‍ ആരായാലും അത് നാടിന് ആപത്ത് തന്നെ.
കൊള്ളാം,നന്നായെടാ !

കണ്ണനുണ്ണി said...

NDTVയില്‍ താക്കറെയുടെ സച്ചിനും, ഷാരുഖിനും എതിരെ ഉള്ള ഡയലോഗ് കേട്ട് കലിപ്പില്‍ ഇങ്ങോട്ട് വന്നെയാ ഞാന്‍ .. അപ്പൊ ദെ ഇവിടേ ഇത്...അതൊന്ടെനിക്കന്ഗഡ് ഇഷ്ടപ്പെട്ടു വാഴേ

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി അറിയിക്കുന്നു.സ്നേഹത്തോടെ....

ഓട്ടകാലണ said...

മി. വാഴക്കോടന്‍
ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇതിന്റെ പേരില്‍
ഒരു ബ്ലോഗുണ്ടാക്കി
ഒരൊ ലോഗോയും ലിങ്കും കൂടി ഇടാമായിരുന്നു.

പ്രസിഡന്റ് എന്ന നിലയില്‍ താങ്കള്‍ ഉടന്‍ ഈ അഭിപ്രായം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അല്ലെങ്കിലും ഇതൊക്കെയല്ലേ നമ്മള്‍ ബ്ലോഗേഴ്സിന്റെ ഒരു സ്റ്റയില്‍?

OAB/ഒഎബി said...

‘....ശുദ്ധമായ മലയാളത്തില്‍ മാത്രം തെറി വിളിച്ച് എത്രയും വേഗം നാട് കടത്തണം‘

വിളിക്കാന്‍ പറ്റിയ ശുദ്ധമായ തെറി പ്രസിഡന്റ് തന്നെ എഴുതിയുണ്ടാക്കാതെ

പൂരത്തിന് ഹല്‍ വാ കഞ്ഞിയുണ്ടാക്കാന്‍ പോയി അല്ലെ?

തെക്കു said...

തമാശക്കാരന്‍.......അടി............

latha said...

ഞാന്‍ എന്റെ കെട്ടിയൊനെ കൊണ്ടുപോയി വീട്ടില്‍ വിടാന്‍ പൊകുകയാണ്..
ദേശസ്നെഹം തെളിയൈക്കണല്ലൊ... കെട്ടിയൊന്‍ തമിഴന്‍ ആണെ....
കൊച്ചിനെ എന്ത് ചെയ്യണം?.....

ഹൈദരബാദ് ഉള്ള ജൊലിഉം കളഞ്ഞെക്കാം അല്ലെ?.....
ഹൊ ഇതു ഞാന്‍ വായിക്കാന്‍ താമസിച്ച് പോയി.... സഹൊദര നന്ദി ..ദേശ സ്നേഹം എന്നില്‍ വളര്‍ത്തി എടുത്തതിനു.....

 


Copyright http://www.vazhakkodan.com