ചിറകുകൾ അരിഞ്ഞ് പറക്കാൻ വിട്ട ഒരു കിളിയെപ്പോലെ നിസ്സഹായമായ ഒരു അവസ്ഥയിലേക്ക് വളരെ പെട്ടെന്ന് ഞാൻ പറിച്ചെറിയപ്പെട്ടു.ഒരു ചെറിയ ഓഫീസിൽ ചെറിയൊരു ജോലി, അതിലും ചെറിയ ഒരു ശമ്പളം. അങ്ങിനെയായിരുന്നു തുടക്കം. ഒരു മാസം പിന്നിട്ടപ്പോൾ എന്റെ ജീവിതത്തിലെ ആദ്യത്തെ അദ്ധ്വാനത്തിന്റെ പ്രതിഫലം ശമ്പളം എന്ന പേരിൽ എന്റെ കൈകളിൽ വന്നു വീണു. സത്യത്തിൽ എന്റെ കണ്ണുകൾ നിറഞ്ഞ് പോയി. വികാരഭരിതമായ ആ ഒരു നിമിഷത്തെ ഓർത്തല്ല കണ്ണുകൾ നിറഞ്ഞത്,മറിച്ച് ഇതിലും കൂടുതൽ പൈസയാണല്ലോ നാട്ടിലെ കണാരേട്ടൻ വെറും നോക്ക് കൂലിയായി മാത്രം വാങ്ങുന്നതെന്ന സത്യം എന്നെ വല്ലാതെ തളർത്തി.എങ്കിലും പെട്ടെന്നൊരു തിരിച്ച് പോക്ക് സാധ്യമല്ലെന്ന് നാട്ടിലെ കടങ്ങളെക്കുറിച്ചോർത്തപ്പോൾ എനിക്ക് ബോധ്യമായി.അങ്ങിനെ നീണ്ട നാലു വർഷങ്ങൾക്ക് ശേഷം നാട്ടിലൊന്ന് പോയി വരാനും ഒത്താൽ ഒരു കല്യാണം കഴിക്കാനുമൊക്കെ തീരുമാനിച്ച് ഞാൻ ലീവിന് പോകാൻ തീരുമാനിച്ചു.
നാട്ടിലെത്തിയതിന്റെ പിറ്റേ ദിവസം തന്നെ കല്യാണാലോചനകൾ പലരുടേയും നേത്യത്വത്തിൽ തക്യതിയായി നടന്നു.പക്ഷേ എന്റെ ചിന്തകൾ മുഴുവൻ ഷാഹിനയെക്കുറിച്ചായിരുന്നു. തലയിൽ തട്ടമിട്ട്, ചന്തത്തിൽ കണ്ണെഴുതി, വളരെ സൌമ്യമായി സംസാരിക്കാറുള്ള ഷാഹിന ഡിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ് ഞങ്ങളുടെ ക്ലാസിൽ വന്നത്.എനിക്കേറെ ഇഷ്ടം തോന്നിയ അവളോട് അതൊന്ന് തുറന്ന് പറയാൻ ശ്രമിക്കാഞ്ഞത് അന്നത്തെ എന്റെ പരിതാപകരമായ അവസ്ഥ ഒന്നുകൊണ്ട് മാത്രമായിരുന്നു.അവൾക്കും എന്നെ ഏറെ ഇഷ്ടമായിരുന്നെന്ന് ഞാൻ മനസ്സിലാക്കി. ഞങ്ങളുടെ നിശബ്ദ പ്രണയം കോളേജ് അവസാനിച്ചപ്പോൾ സ്വാഭാവികമായി അസ്തമിച്ചു. പിന്നീട് ഗൾഫിൽ നിന്നും അവൾക്കൊരു കത്തയച്ചെങ്കിലും അതിന് മറുപടിയൊന്നും കിട്ടിയില്ല. അവളെക്കുറിച്ചൊന്ന് അന്വേഷിക്കാൻ മനസ്സെന്നെ വല്ലാതെ പ്രേരിപ്പിച്ചു. ഒരു പക്ഷെ ഞാൻ കത്തിൽ ആവശ്യപ്പെട്ട പോലെ എനിക്കായി അവൾ കാത്തിരിക്കുന്നുണ്ടെങ്കിലോ? എന്തായാലും അവളുടെ വീട് വരെ ഒന്ന് പോയി നേരിട്ട് അന്വേഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
രാവിലെ ഒരു പതിനൊന്ന് മണിയോടെ ഞാൻ ഷാഹിനാടെ വീട്ടിലെത്തി.വീടിന്റെ മുന്നിലെ അരവാതിലിനപ്പുറത്ത് പുറത്തേയ്ക്ക് നോക്കി നിൽക്കുകയായിരുന്നു ഷാഹിനാടെ ഉമ്മ. ഞാൻ അവരുടെ അടുത്തെത്തിയ ശേഷം അവരോട് ചോദിച്ചു,
“ഷാഹിനാടെ വീടല്ലേ ഇത്?”
"അതേ"
“ഷാഹിന ഉണ്ടോ ഇവിടെ?
"അവള് തൂറാൻ പോയിരിക്യാടാ!"
അമ്പലപ്പുഴ പാൽപ്പായസം ഒരു കൊളാമ്പിയിൽ വിളമ്പി കുടിക്കാൻ തന്നപോലെ എന്റെ മുഖമൊന്നു ചുളിഞ്ഞു.ഈ തള്ളയ്ക്ക് ഇത്തിരി നല്ല ഭാഷയിൽ കക്കൂസിൽ പൊയിരിക്കയാണ് എന്ന് പറഞ്ഞൂടെ എന്ന് മനസ്സിൽ കരുതി നിൽക്കുമ്പോൾ അവർ അൽപ്പം ഗൌരവത്തോടെ വീണ്ടും ചോദിച്ചു,
“എന്താ കാര്യം?”
“ഒന്നു കാണാനായിരുന്നു”
"എന്ത് അവള് തൂറണതോ?"
രാവിലെത്തന്നെ വ്യത്തിയായി ചമ്മിയതിന്റെ ജാള്യതയിൽ ഞാൻ ആ തള്ളയയേയും രാവിലെ കണികണ്ടവനേയും മനസ്സിൽ പ്രാവിക്കൊണ്ട് ഞാൻ വളരെ വിനയാന്വിതനായി ഉമ്മയോട് പറഞ്ഞു,
“ഞങ്ങൾ കോളേജിൽ ഒരുമിച്ച് പഠിച്ചതാ.ഞാൻ ഗൾഫിലായിരുന്നു.വന്നപ്പോൾ ഒന്ന് കാണാൻ വന്നതാ”
"എന്നാ ഇങ്ങോട്ട് കയറിയിരിക്ക്.എന്താ നിന്റെ പേര്?"
“മജീദ്”
"എവിടുന്നാ ഇജ്ജ് വരണത്?
“ഞാൻ വാഴക്കോട്ടിന്ന് വരുകയാ”
എന്താന്നറിയില്ല വാഴക്കോട് എന്ന് കേട്ടപ്പോൾ അവർ അൽപ്പം മയപ്പെട്ടു.പക്ഷേ മട്ടും ഭാവവും കണ്ടപ്പോൾ ഒരു സിനിമയിൽ ഫിലോമിന തറവാടേതാന്ന് അന്വേഷിച്ച് കുടിക്കാൻ കൊടുക്കുന്ന സോഫ്റ്റ് ഡ്രിങ്കിൽ ജഗതിയ്ക്ക് ‘വിം’കലക്കിക്കൊടുക്കുന്ന ഒരു രംഗം ഒരു കൊള്ളിമീൻ കണക്കേ മനസ്സിലൂടെ ഒന്ന് മിന്നി.അങ്ങിനേയൊന്നും സംഭവിക്കില്ലാ എന്ന് കരുതി ഞാൻ അവരോട് വീണ്ടും ചോദിച്ചു,
“അല്ലാ ഷാഹിന താമസിക്യോ?
"എന്ത് പോഴത്തരാ ഇയ്യ് പറയണത്? കക്കൂസിലാരെങ്കിലും താമസിക്യോ? അവളടെ തൂറലും പാത്തലും കഴിഞ്ഞാ അവളിങ്ങ് വരും”
ഒരു ബൊഫോർസ് തോക്ക് കിട്ടിയിരുന്നെങ്കിൽ ഒറ്റ വെടിയ്ക്ക് ആ തള്ളയെ മയ്യത്താക്കിയേനെ എന്ന് മനസ്സിൽ കരുതിയതും അവർ അതീവ ഗൌരവത്തോടെ എന്നെ നോക്കിക്കൊണ്ട് ചോദിച്ചു,
“നീയാണോടാ ഷാഹിനാക്ക് പ്രേമലേഖനം അയച്ചത്?”
ഞാനൊന്ന് ഞെട്ടി!പടച്ചോനെ കത്ത് അയച്ചത് ഇനി ഇവർക്കാണോ കിട്ടിയിട്ടുണ്ടാവുക?പറ്റ് കൊടുക്കാതെ മുങ്ങി നടന്ന് ഒടുവിൽ കാന്റീൻ കാരന്റെ മുന്നിൽ ചെന്ന് പെട്ടപ്പോഴും ഇത്രയും ഭീകരമായ ഒരു അവസ്ഥയുണ്ടായിട്ടില്ല.പെട്ടെന്നേന്തേങ്കിലും പറഞ്ഞ് ഇവരുടെ ശ്രദ്ധ മാറ്റാൻ ഞാനൊരു ശ്രമം നടത്താൻ തീരുമാനിച്ചു.ഞാൻ അവരുടെ ചോദ്യത്തിന് ഉത്തരമൊന്നും പറയാതെ അവരോട് അങ്ങോട്ട് ഒരു ചോദ്യം ചോദിച്ചു,
“ ഷാഹിനാടെ ബാപ്പ ഇവിടില്ലേ? പുറത്തേയ്ക്കൊന്നും കണ്ടില്ല!“
അത് കേട്ടതും അവരുടെ ഭാവം മാറി,കണ്ണുകൾ നിറഞ്ഞു,പിന്നീടതൊരു പൊട്ടിക്കരച്ചിലായി.അവർ കരഞ്ഞ് കൊണ്ട് അകത്തേയ്ക്ക് പോയി.ഷാഹിനാടെ ബാപ്പ മരിച്ചിട്ടുണ്ടാകുമെന്ന് ഞാൻ മനസ്സിലാക്കി.ചോദിക്കേണ്ടിയിരുന്നില്ല എന്ന് മനസ്സിൽ തോന്നിയെങ്കിലും മകൻ മരിച്ചാലും മരുമകളുടെ കണ്ണീർ കാണാൻ പറ്റിയല്ലോ എന്നാശ്വസിക്കുന്ന പോലെ അവരുടെ ചോദ്യത്തിൽ നിന്നും രക്ഷപ്പെട്ട ആശ്വാസത്തിൽ ഞാനിരുന്നു.അൽപ്പം കഴിഞ്ഞപ്പോൾ ഷാഹിന ഉമ്മറത്തേയ്ക്ക് വന്നു.
“മജീദേ, നീയായിരുന്നോ? എന്നാടാ നീ വന്നത്? നീ വല്ലാതെ തടിച്ചു ട്ടോ, എത്ര ലീവുണ്ടെടാ?”
“മൂന്ന് മാസം ലീവുണ്ട്, നീയും വല്ലാതെ തടിച്ചിട്ടുണ്ട് ട്ടോ”
“നിന്റെ പാട്ടൊക്കെ ഇപ്പോഴും ഉണ്ടോ? കോളേജ് ഡേയ്ക്ക് നീ പാടിയ ആ പാട്ട് ഞാൻ എപ്പോഴും ഓർക്കും”
“പാട്ടൊക്കെ ഗൾഫിൽ പോയതോടെ തീർന്നു. ബാത്ത് റൂമിൽ പോലും ഒന്ന് മൂളാൻ പറ്റില്ല.അപ്പോ കൊട്ടാൻ തുടങ്ങും കൂട്ടുകാർ”
“ആഹാ പ്രോത്സാഹിപ്പിക്കാൻ കൂട്ടുകാരുണ്ടായിട്ടാണോ പാട്ടൊക്കെ ഉപേക്ഷിച്ചത്?”
“കൂട്ടുകാർ കൊട്ടുന്നത് പ്രോത്സാഹിപ്പിക്കാനല്ല, ബാത്രൂമിന്ന് പെട്ടെന്ന് ഇറങ്ങാനാ,ഒരു റൂമിൽ തന്നെ എട്ടും ഒൻപതും പേരല്ലേ,എല്ലാവർക്കും ജോലിക്ക് പോകാനുള്ളതല്ലേ.അതൊക്കെ പറയുകയാണെങ്കിൽ ഒത്തിരിയുണ്ട്, അതൊക്കെ പോട്ടെ ഞാൻ നിനക്കൊരു കത്തയച്ചിരുന്നു. മറുപടിയൊന്നും കണ്ടില്ല”
“ഹും കത്തൊക്കെ കിട്ടി. നിനക്ക് അങ്ങിനെയൊരു മോഹമുണ്ടായിരുന്നെന്ന് പഠിക്കുന്ന കാലത്ത് ഒരിക്കൽ പോലും നീ പറഞ്ഞില്ലല്ലോടാ.നിന്റെ കത്ത് കിട്ടുമ്പോൾ വല്ലാതെ വൈകിപ്പോയിരുന്നു. ഉമ്മാടെ കയ്യിലാണ് കത്ത് കിട്ടിയത്,പിന്നെ ബാപ്പയറിഞ്ഞു, മേലാൽ ഒരു കത്തിടപാടും ഉണ്ടാവരുതെന്ന് സത്യം ചെയ്യിപ്പിച്ചു.അതോണ്ടാണ് നിനക്കൊരു മറുപടി പോലും അയക്കാഞ്ഞത്. പിന്നെ അപ്പോഴേക്കും കല്യാണം ഉറപ്പിച്ചിരുന്നു.വിധിച്ചതല്ലേ നടക്കൂ കൊതിച്ചത് നടക്കാറില്ലല്ലോ.ഇപ്പോൾ എല്ലാം തീർന്നു”
“നീ എന്താ എല്ലാം തീർന്നു എന്ന് പറഞ്ഞത്?”
“കല്യാണവും കഴിഞ്ഞു, ഇടവാടും തീർത്തു. ആറ് മാസം മാത്രം നീണ്ട ഒരു ദാമ്പത്യം.”
“നീ സത്യമാണോ പറയുന്നത് ഷാഹിനാ? എന്താടാ സംഭവിച്ചത്?’
“വളരെ സുമുഖനായ ഒരു ചെറുപ്പക്കാരൻ! അവൻ ഞങ്ങളെ വഞ്ചിക്കുകയായിരുന്നു.ആറ് മാസം കൊണ്ട് സ്വർണ്ണവും പണവുമൊക്കെ അവൻ ബുദ്ധിപൂർവ്വം കൈക്കലാക്കി.അവന് വേറേയും ഭാര്യമാർ ഉണ്ടായിരുന്നത്രേ. എല്ലാം അറിഞ്ഞപ്പോഴേക്കും ഞങ്ങൾക്ക് നഷ്ടപ്പെടാനുള്ളതെല്ലാം നഷ്ടപ്പെട്ടിരുന്നു”
അൽപ്പ നേരം അവിടെ മൌനം തളം കെട്ടി നിന്നു. മൌനം ഭംഞ്ജിച്ച് കൊണ്ട് അകത്ത് നിന്നും അവളുടെ ഉമ്മ ഉമ്മറത്തേയ്ക്ക് വന്നുകൊണ്ട് എന്നോട് വളരെ ഗൌരവത്തിൽ ചോദിച്ചു,
“ടാ നീ ഷാഹിനാനെ പെണ്ണ് കാണാൻ വന്നതാ? നിനക്കവളെ കെട്ടിക്കൂടേടാ?”
ഞാൻ എന്ത് പറയണമെന്നറിയാതെ വിഷമിച്ചു.ഞാൻ ഷാഹിനായെ നോക്കി.അവൾ ദ്വേഷ്യത്തോടെ ഉമ്മയുടെ നേർക്ക് തിരിഞ്ഞു ,
“ഉമ്മാ, അകത്തേയ്ക്ക് പോ, ആ റൂമിൽ പോയി ഇരിക്ക് ഹും പോ”
അവളുടെ ആജ്ഞ ഒരു കൊച്ചു കുട്ടിയെപ്പോലെ അവളുടെ ഉമ്മ അനുസരിച്ച് അകത്തേയ്ക്ക് പോയി. ഷാഹിന എന്നെ നോക്കി,
“സോറി ടാ,നീ ഒന്നും കാര്യമാക്കേണ്ട.എല്ലാം കൊണ്ടും പടച്ചവൻ എന്നെ പരീക്ഷിച്ച് കൊണ്ടിരിക്കയാണ്. എന്റെ ജീവിതം നശിച്ചതിന്റെ വിഷമത്തിൽ ബാപ്പ ഏറെ ദുഃഖത്തിലായിരുന്നു. ഡൈവേർസ് കഴിഞ്ഞ് അധികം കഴിയുന്നതിന് മുമ്പ് ബാപ്പ എന്റെ കാര്യം ഓർത്ത് ഹ്യദയം തകർന്നാണ് മരിച്ചത്.ബാപ്പാടെ മരണം ഉമ്മാനെ ആകെ തളർത്തി. അതിന് ശേഷം ഉമ്മാക്ക് മാനസികമായി സുഖമില്ലാതെയായി. കുറേ ചികിത്സിച്ചു. ഒന്നും ഫലം കണ്ടില്ല. പിന്നെ സാമ്പത്തികമായി ബുദ്ധിമുട്ടായപ്പോൾ ചികിത്സയൊക്കെ നിർത്തി.ആ കഥകളൊന്നും പറഞ്ഞാൽ തീരില്ല”
“കൂടെ പഠിച്ചിരുന്നവരിൽ ആരേയും പിന്നെ കണ്ടില്ലേ?”
“ആരേയും ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി.എന്റെ വിധി ഞാൻ തന്നെയല്ലേ അനുഭവിച്ച് തീർക്കേണ്ടത്. അതൊന്നും പറഞ്ഞിട്ട് കാര്യമില്ലെടാ. സംസാരിച്ചിരുന്ന് നിനക്കൊരു ചായ പോലും തന്നില്ലല്ലോ. പാലില്ലെടാ,ഒരു കട്ടനെടുക്കട്ടെ?
“വേണ്ട, ഞാൻ ഇറങ്ങട്ടെ ഷാഹിനാ,നിനക്ക് പണം വല്ലതും വേണോടാ?ഞാൻ കുറച്ച് പണം തരട്ടെ?”
“വേണ്ടടാ,ഒന്നും വേണ്ടാ, നിന്നെ കണ്ടത് തന്നെ മനസ്സിന് വലിയ സന്തോഷം, നീ ഇറങ്ങാൻ വരട്ടേടാ, നീ എന്റെ മോളെ കണ്ടില്ലല്ലോ? നീ ഇരിക്ക് ഞാൻ അവളെ എടുത്തിട്ട് വരാം.ഇന്ന് നേഴ്സറി ഇല്ലാത്തോണ്ട് അവൾ എഴുനേറ്റിട്ടില്ല”
അവൾ അകത്ത് പോയി രണ്ട് വയസ് പ്രായം തോന്നിക്കുന്ന ഒരു പെൺകുഞ്ഞുമായി എന്റെ മുന്നിലേക്ക് വന്നിട്ട് പറഞ്ഞു,
“ഇതാടാ എന്റെ മോൾ, ഫാത്തിമ!“
“മോൾക്ക് കൊടുക്കാൻ ഒരു മിഠായി പോലും വാങ്ങിയില്ലല്ലോ”
“സാരമില്ല,അവൾക്കതൊന്നും ശീലമില്ല”
ആ കൊച്ചു മിടുക്കി ഉറക്കച്ചടവിൽ കണ്ണുകൾ തിരുമ്മിക്കൊണ്ട് എന്നെ നോക്കിക്കൊണ്ട് ഷാഹിനാട് ചോദിച്ചു,“ ഉമ്മച്ചീ ഇതാണോ എന്റെ വാപ്പച്ചി?”
ആ ചോദ്യത്തിനു മുന്നിൽ ഞങ്ങളുടെ ചിരി മങ്ങി,എങ്കിലും ഒരു ക്യത്രിമ ചിരി വരുത്തിക്കൊണ്ട് ഷാഹിന, “ഇത് ഉമ്മച്ചീടെ ഫ്രന്റാ, മോൾടെ വാപ്പച്ചി ഗൾഫിലല്ലേ? മോൾടെ വാപ്പച്ചിയോട് വേഗം വരാൻ ഉമ്മച്ചി ഈ ഫ്രന്റിനോട് പറഞ്ഞിട്ടുണ്ട് ട്ടോ!മോൾടെ വാപ്പച്ചി വേഗം വരും. എന്ന് അവളെ സമാധാനിപ്പിച്ച് കൊണ്ട് അവളുടെ കവിളിൽ ഷാഹിന മെല്ലെ ചുംബിച്ചു.
ഞാൻ യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം ഷാഹിന എന്റെ അടുത്ത് വന്ന് കൊണ്ട് ചോദിച്ചു,
“നീയായത് കൊണ്ട് ചോദിക്യാ,ഗൾഫില് വല്ല അറബികളുടെ വീട്ടില് അടുക്കളപ്പണിക്കുള്ള വല്ല വിസയും തരപ്പെടുത്തിത്തരാൻ നിനക്ക് പറ്റുമോടാ?ബുദ്ധിമുട്ടാവില്ലെങ്കിൽ നിനക്കൊന്ന് ശ്രമിക്കാമോ?
അതിനുത്തരമായി ഞാനൊന്ന് മൂളി. അവളോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.ഒരു മഴ പെയ്തെങ്കിലെന്ന് ഞാൻ വല്ലാതെ ആഗ്രഹിച്ചു,കാരണം ആ മഴയത്ത് മനസ്സിലെ സങ്കടം മാറുന്നത് വരെ ഒന്ന് പൊട്ടിക്കരഞ്ഞ് നടന്നാലും എന്റെ കണ്ണുനീർ ആരും കാണില്ലല്ലോ എന്ന് സമാധാനിച്ചു.അൽപ്പം കഴിഞ്ഞില്ല,എന്നെ ആശ്വസിപ്പിക്കുമാറ് ഒരു മഴത്തുള്ളി എന്റെ നെറുകിൽ വന്ന് ചുംബിച്ചു, പിന്നീടതൊരു പെരുമഴയായി മാറി. ഞാനാമഴയിൽ ഏറെ നേരം നനഞ്ഞു!മനസ്സിലെ സങ്കടം മുഴുവൻ മഴത്തുള്ളികൾ ഏറ്റ്വാങ്ങി ഭൂമിയിലേക്ക് അലിഞ്ഞ് ചേർന്നു!